കാവ്യജീവിതംപോലെത്തന്നെ പ്രസിദ്ധമാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കുടുംബജീവിതവും. അതെപ്പോഴും ഉലഞ്ഞും വഴിതെറ്റിയും തുടര്‍ന്ന ഒരു തോണിയാത്രയായിരുന്നു. മഹാകവിയുടെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മയോട് സംസാരിക്കുമ്പോള്‍ മറ്റൊരു കവി മുന്നില്‍ തെളിയുന്നു; 'കണ്ണീര്‍പ്പാടം' എന്ന പ്രസിദ്ധമായ അദ്ദേഹത്തിന്റെ കവിത വേറൊരു വെളിച്ചത്തില്‍ വായിക്കാന്‍ സാധിക്കുന്നു

സന്ദര്‍ശകരോട് വൈലോപ്പിള്ളി പരുക്കന്‍ സ്വഭാവമാണ് പുലര്‍ത്താറുണ്ടായിരുന്നതെന്ന ആക്ഷേപത്തില്‍ വല്ല കഴമ്പുമുണ്ടോ?

പൊതുവേ പ്രത്യേക സ്വഭാവം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആളുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാവണം പരുക്കനെന്ന് ചിലര്‍ പറയുന്ന സ്വഭാവരീതി അദ്ദേഹം സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇതിനുമറുവശത്ത്, വിടാതെ പിടികൂടുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്ന സ്വഭാവവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. ആര്‍ക്കും അത്ര പെട്ടെന്ന് കയറി ഇടപെടാനാവില്ലെന്നുമാത്രം.

മഹാകവി ഒരു നിരീശ്വരവാദിയായിരുന്നോ...

ആദ്യകാലത്ത് നിരീശ്വരപ്രവണത അദ്ദേഹത്തില്‍ കണ്ടിരുന്നു. വിവാഹം നടത്തേണ്ടതിന് ജാതകത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'എനിക്ക് ജാതകത്തിലൊന്നും വിശ്വാസമില്ല' എന്ന പ്രതികരണമാണുണ്ടായത്. നിര്‍ബന്ധപൂര്‍വം അയച്ചുതന്ന തലക്കുറിയില്‍ തെറ്റുണ്ടായിരുന്നു. വലിയ കാര്യങ്ങളില്‍പ്പോലും നിസ്സംഗനായ ആളോടൊപ്പമുള്ള ജീവിതം എങ്ങനെ ശരിയാകുമെന്ന് നേരിയ സംശയംപോലും എനിക്ക് അപ്പോള്‍ തോന്നി. 

പിന്നീട് ജീവിതത്തില്‍ വൈരുധ്യങ്ങളും പൊരുത്തക്കേടുകളും കണ്ടുതുടങ്ങിയപ്പോള്‍ തന്റെ മനസ്സിലെ ധാരണകള്‍ തെറ്റായിരുന്നെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നും മറ്റേതോ ശക്തിയാണ് അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മനസ്സിലാക്കി. അങ്ങനെ മതവിശ്വാസങ്ങളിലേക്ക് കടന്നു.

ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് ചെറിയ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ മതിയായിരുന്നില്ലേ?

വിവാഹത്തിനുശേഷം കുറച്ചുകാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. പിന്നീട് വേര്‍പെട്ട് താമസിച്ചെങ്കിലും അദ്ദേഹം എന്നെക്കാണാന്‍ ഇവിടെ വരുമായിരുന്നു. ഞാന്‍ അങ്ങോട്ടും പോയിരുന്നു. വഴിയിലൂടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നടന്നുപോകാറുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ സുഹൃത്തുക്കള്‍ അദ്ഭുതത്തോടെ ചോദിക്കും, 'നിങ്ങള്‍ തമ്മിലാണോ വഴക്കെന്ന് പറയുന്നത്? എന്തുവിഷമമാണുള്ളതിപ്പോള്‍? 

ഞങ്ങളെ അനുരഞ്ജിപ്പിക്കാന്‍ കെ.പി. കേശവമേനോന്‍, മഹാകവി ജി. ശങ്കരക്കുറുപ്പ് എന്നിവര്‍പോലും ശ്രമിച്ചതാണ്. എന്നിട്ടും വഴങ്ങാത്ത അദ്ദേഹം, മക്കള്‍ പറയുന്നത് അനുസരിക്കുമെന്ന് തോന്നുന്നുണ്ടോ? അല്പം മുതിര്‍ന്നപ്പോള്‍ അച്ഛനെ സമീപിച്ച മൂത്തമകനോട്, 'നിങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട' എന്നാണ് പറഞ്ഞത്.

സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ ടീച്ചറോടുണ്ടായ മനോഭാവം എന്തായിരുന്നു?

അവര്‍ക്ക് എന്നോട് ഒരുതരം സഹതാപവും മമതയുമാണുണ്ടായിരുന്നത്. അവര്‍ എന്നെ കുറ്റപ്പെടുത്താറില്ല. എന്നെ കുറ്റപ്പെടുത്തുന്നവര്‍ എന്നെ അറിയാത്തവരാണ്. അല്ലെങ്കിലും സ്ത്രീകളിലാണല്ലോ എല്ലാവരും കുറ്റം കണ്ടെത്തുക.

അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുണ്ടായിട്ടും ഒന്നിച്ചുതാമസിക്കുന്നതിന് വിഘാതമായിരുന്നത് എന്തായിരുന്നു?

ഞാന്‍ പരമാവധി അഡ്ജസ്റ്റ് ചെയ്തിരുന്നു. വിട്ടുവീഴ്ചചെയ്തിരുന്നു. ദുരഭിമാനത്തിന്റെ പ്രശ്‌നമായിരിക്കണം അദ്ദേഹത്തിനുണ്ടായിരുന്നത്. 'ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണുണ്ടായിരിക്കുക' എന്ന രീതിയിലുള്ള  വര്‍ത്തമാനങ്ങള്‍ മരിക്കുന്നതിനുമുമ്പുള്ള അവസരങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു. 

ഇവിടെ വരുമ്പോള്‍പോലും എന്തെങ്കിലും ഉണ്ടാക്കിക്കൊടുത്താല്‍ അദ്ദേഹം കഴിക്കാറില്ല. 'എനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അങ്ങോട്ട് പറയും' എന്നാണ് അപ്പോള്‍ പറയുക. അങ്ങനെയുള്ള അദ്ദേഹത്തെ ഞാനെങ്ങനെ വീട്ടിലേക്ക് വിളിക്കും?  അബോധാവസ്ഥയില്‍ കിടന്നിരുന്നതിനാല്‍ അവസാനമായിട്ട് ഒന്ന് സ്വതന്ത്രമായി സംസാരിക്കാന്‍പോലും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ദേവസ്വം ക്വാര്‍ട്ടേഴ്സിലെ ഏകാന്തവാസംകൊണ്ട് കുറേ നല്ല കവിതകള്‍ എഴുതാന്‍ വൈലോപ്പിള്ളിക്ക് സാധിച്ചു എന്നുപറയാന്‍ കഴിയുമോ?

ശരിയായ കുടുംബജീവിതം നയിച്ചിരുന്നെങ്കില്‍ ഇതിലും നല്ല കവിതകള്‍ ഉണ്ടാകുമായിരുന്നു എന്നാണെന്റെ വിശ്വാസം. തനിക്കൊരു മഹാകാവ്യം രചിക്കാന്‍ ആഗ്രഹമുണ്ടെന്നുപോലും അദ്ദേഹം അക്കാലത്ത് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാം എനിക്കിഷ്ടമാണ്. പിന്നെ, ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട 'കണ്ണീര്‍പ്പാടം' പോലുള്ള കവിതകള്‍ കൂടുതലിഷ്ടപ്പെടുന്നു. ഞാന്‍ ഒരു സംഭവം ഇപ്പോള്‍ ഓര്‍മിക്കുകയാണ്. 

അദ്ദേഹത്തിന്റെ ഒരു പുതിയ പുസ്തകം ഇറങ്ങിയപ്പോള്‍ ഞാന്‍ അതിന്റെ ഒരു കോപ്പി വേണമെന്ന് മകനോട് പറഞ്ഞയച്ചു. അതിന് ഇതായിരുന്നു മറുപടി: 'വേണമെന്നുണ്ടെങ്കില്‍ പൈസ കൊടുത്ത് വാങ്ങിക്കട്ടെ.' 'പൈസകൊടുത്ത് വാങ്ങാനാണെങ്കില്‍ വേറെ അനവധി ആളുകളുടെ പുസ്തകങ്ങളുണ്ടല്ലോ. ഇതുഞാന്‍ പൈസ കൊടുത്തുവാങ്ങില്ല' എന്നായി ഞാന്‍. പക്ഷേ, അവസാനകാലത്ത് ഒരു പുസ്തകത്തിനുപകരം അഞ്ചുപുസ്തകം പ്രസാധകരില്‍നിന്ന് ഒപ്പിട്ടുവാങ്ങിയത് ഞാനായിരുന്നു.

ഇങ്ങനെ ജീവിക്കേണ്ടിവന്നതില്‍ മഹാകവിക്ക് കുറ്റബോധം തോന്നിയിരുന്നോ ?

പൂര്‍ണമായി അറിയില്ല. തോന്നിയിരിക്കാം. അവസാന നാളുകളില്‍ ശുശ്രൂഷിക്കാനെത്തിയ എന്നെ നോക്കി 'പാട്ട്... പാട്ട്...' എന്ന ശബ്ദത്തില്‍ എന്തോ പറയുന്നുണ്ടായിരുന്നു. ഡോക്ടര്‍ ഒരു യഥാര്‍ഥ ഗായകനെക്കൊണ്ടുതന്നെ പാടിപ്പിച്ചു. പക്ഷേ, ഇപ്പോള്‍ എനിക്കുതോന്നുന്നത് 'പോട്ടെ... പോട്ടെ...' എന്ന് എന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്നാണ്. ഞാന്‍ പലപ്പോഴും സ്വയം സമാധാനിക്കും 'ഞാനൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ. പിന്നെന്തിന് വിഷമിക്കണം?'

വൈലോപ്പിള്ളി ഒരു കഠിനഹൃദയനായിരുന്നു എന്ന് കരുതാമോ ?

അങ്ങനെ പറയാനാവില്ല. അദ്ദേഹം ലോലഹൃദയനായിരുന്നു. മൂത്തമകന് നാല് ഓപ്പറേഷനുകള്‍ വന്നിട്ടുണ്ട്. അപ്പോഴൊക്കെ ആ രംഗത്തിന് സാക്ഷ്യംവഹിക്കാന്‍ മനക്കരുത്തില്ലാത്തതുകൊണ്ട് എന്നെ കുറ്റപ്പെടുത്തി അദ്ദേഹം അവിടെനിന്ന് ഒഴിഞ്ഞുമാറുമായിരുന്നു. അദ്ദേഹത്തിനത് സഹിക്കാനുള്ള ശക്തിയില്ലായിരുന്നു. എന്നാല്‍, അതിനുശേഷം തിരിച്ചുവരികയും ചെയ്യും.

മക്കള്‍... രണ്ടുപേര്‍. മൂത്തമകന്‍ ഡോ. ശ്രീകുമാര്‍ ആയുര്‍വ്വേദ ഡോക്ടറാണ്. ഇളയമകന്‍ വിജയകുമാര്‍ ഹോമിയോ ഡോക്ടറുമാണ്.