'പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു...'കെ.ജി.എസ്സിന്റെ വരികള്‍ ദിവസം നൂറുവണയെങ്കിലും ഓര്‍ത്തുപോകുന്നുണ്ട് എന്‍.ശശിധരന്‍. എഴുത്ത്,വായന, നിരൂപണം, വിവര്‍ത്തനം, നാടകം, സിനിമ തുടങ്ങി സര്‍ഗാത്മകതയുടെ എല്ലാമേഖലകളും ഭദ്രമാണ് ആ കൈകകളില്‍. ബാലസാഹിത്യം വായിച്ചുവളരേണ്ട പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പം മുതിര്‍ന്ന വായന തുടങ്ങിയ അദ്ദേഹത്തിന്റെ എഴുത്തുജീവിതം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാവ്യസനങ്ങളുടെ നദി എന്ന ആത്മകഥയില്‍ എത്തിനില്‍ക്കുകയാണ്. ആത്മകഥയെ ആധാരമാക്കി വി. സുരേഷ് കുമാര്‍ നടത്തിയ അഭിമുഖം വായിക്കാം. 

മഹാവ്യസനങ്ങളുടെ നദി എന്നു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും മനസ്സിലേക്ക് അനേകം പ്രവാചകന്മാരും,എഴുത്തുകാരും വന്നു നില്‍ക്കുന്നു.തന്റേതല്ലാത്ത കാരണങ്ങളാല്‍ എപ്പോഴും അലച്ചിലും വേദനകളും കൊണ്ട് ജീവിക്കേണ്ടി വന്ന മനുഷ്യര്‍ അതില്‍ യേശുവും ബുദ്ധനും ഡെസ്റ്റോയ്വ്‌സക്കിയും എം.ടി യും വരെ നിറയുന്നുണ്ട്. മഹാവ്യസനങ്ങളുടെ നദി എന്ന ഈ മാഷുടെ തന്നെ വാക്ക്  സ്വന്തംജീവിതവുമായി എങ്ങനെ വന്നുനിന്നു?

മഹാവ്യസനങ്ങളുടെ നദി ആത്മകഥാപരമായ ഓര്‍മകളുടെ ഒരു സമാഹാരമാണ്. ആ പേരിലുള്ള ലേഖനം 2018- ലെ പ്രളയ 'ത്തിനു ഒരു മാസം മുമ്പ് ഞാന്‍ കണ്ട ഒരു സ്വപ്നത്തെപ്പറ്റിയാണ്. സ്വപനത്തില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ ഒന്നര മാസത്തിന് ശേഷം ജീവിതത്തിലും ലോകത്തിലും യാഥാര്‍ത്ഥ്യമായി. പുസ്തകത്തിന്റെ പേര് എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തിന് ഇണങ്ങുന്ന ഒരു രൂപക മാണ്. നാലോ അഞ്ചോ വയസ്സ് മുതലുള്ള വ്യക്തമായ ഓര്‍മ്മകള്‍ തുടങ്ങുന്നത് മുതല്‍ എവിടെയും വലിയ സന്തോഷത്തിന്റെയോ  ആത്മവിശ്വാസത്തിന്റെയോ  അനുഭവങ്ങള്‍ എനിക്കില്ല.

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മാത്രമേ ചെറിയ പ്രായം മുതല്‍ ഞാന്‍ സന്തോഷിച്ചിട്ടുള്ളൂ 'മനുഷ്യ പുരുഷ ജീവിതാനുഭവങ്ങളുടെ പല അടരുകളും നിത്യജീവിതത്തില്‍ എനിക്കിപ്പോഴും അന്യമാണ്. ആ ഒരു അര്‍ത്ഥത്തില്‍ സ്വയമൊരു മഹാ വ്യസനങ്ങളുടെ നദി ആയി തന്നെയാണ് ഞാന്‍ എന്നെ കാണുന്നത്.

കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ ആണ് മാഷുടെ ജന്മദേശം എല്ലാ മനുഷ്യരെയും വളരെ ആഴത്തില്‍ സ്വാധീനിക്കുന്ന രൂപപ്പെടുത്തുന്ന ഒന്നാണ്. കുറ്റിയാട്ടൂര്‍ പുറമെ നിന്നും കേള്‍ക്കുന്ന നോക്കുന്ന ഒരാള്‍ക്ക് മധുരമുള്ള മാങ്ങകളുടെ ഒരു ദേശം ആണ്. പക്ഷേ മാഷുടെ ഓര്‍മകളിലും എഴുത്തുകളിലും മരങ്ങളില്‍ മാവിനെക്കാളും കൂടുതല്‍ പ്ലാവ് ആണ് നിറഞ്ഞു നില്‍ക്കുന്നത്. ദേശവും അവിടുത്തെ ഓര്‍മകളും എങ്ങനെയാണ്?

കുറ്റിയാട്ടൂര്‍ എന്റെ ജന്മദേശമാണ്. എന്റെ ഓര്‍മ്മയില്‍ കൂറ്റിയാട്ടൂരിന്റെ ഒരു ഭാഗവും ചോലയും കുളവും കോവൂരും നായാട്ടു പാറയും ഉള്‍പ്പെട്ട പ്രദേശം ഒരു കൊടുംകാടായിരുന്നു. പട്ടാന്നൂര്‍ യുപി സ്‌ക്കൂളിലേക്ക് 5 കിലോമീറ്ററോളം നടന്നു പോകണം. ആ വഴിയില്‍ പുലിയെ പിടിക്കാനുള്ള മഞ്ചകള്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു. ആദിമവും അനിര്‍വ്വചനീയവുമായ ഒരു ഭയം ആയിരുന്നു അക്കാലത്തെ എന്റെ സ്ഥായീഭാവം. നാല് വയസ്സിന് മുമ്പ് എഴുതാനും വായിക്കാനും ഞാന്‍ പഠിച്ചിരുന്നു. അച്ഛന് ദേശാഭിമാനി ദിനപത്രം വായിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. ലോകത്തിന്റെ തുറസ്സുകളിലേക്കുള്ള വാതിലായിരുന്നു എനിക്കത്. ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും നാളുകള്‍. ടീച്ചറുടെ മകനായിരുന്നിട്ടും നല്ല ഭക്ഷണത്തിന് വേണ്ടി ഓണത്തിനും വിഷുവിനും കര്‍ക്കിടക വാവിനുമായി കാത്തിരിക്കേണ്ടിയിരുന്നു' അക്കാലത്തെ മറക്കവയ്യാത്ത ഓര്‍മ്മ ചടയന്‍ ഗോവിന്ദന്‍ സി.പി മൂസാന്‍ കുട്ടിയും പി.പി. കോരനും ചേര്‍ന്നുള്ള വീട്ടിലേക്കുള്ള വരവായിരുന്നു. അര്‍ദ്ധരാത്രി കഴിയുംവരെ അവര്‍ സോവിയറ്റ് യൂനിയനെയും ആഗോള രാഷ്ട്രീയത്തേയും കുറിച്ച് ചര്‍ച്ചചെയ്യും. അയല്‍വീട്ടില്‍ താമസിക്കുന്ന ഒരാളെപ്പോലെ ചിരപരിചിതനായിരുന്നു അന്നെനിക്ക് ക്രൂഷ്‌ചേവ് ' ചടയനെപ്പോലെ സ്‌നേഹവും സമസൃഷ്ടി ബോധവുമുള്ള ഒരു കമ്യൂണിസ്റ്റുകാരനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് വ്യക്തിഗതമായ ഓര്‍മ്മകള്‍ എനിക്കുണ്ട്.മുതിര്‍ന്ന മനുഷ്യരോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്.
ശശീ എന്ന് അദ്ദേഹം വിളിക്കുമ്പോള്‍ ആ ശബ്ദത്തില്‍ തെളിഞ്ഞുകേട്ട വാസല്യവും സ്‌നേഹവും ഇപ്പോഴും എന്റെ കാതുകളിലുണ്ട്.ഒരു പക്ഷേ എന്റെ അച്ഛനൊഴിച്ച് മറ്റാരും എന്നെ അത്രമേല്‍ സ്‌നേഹിച്ചിട്ടുണ്ടാവില്ല. നമ്പ്യാര്‍ മാങ്ങ എന്ന് ഞങ്ങള്‍ വിളിക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ മധുരം കുട്ടിക്കാലത്തെ എന്റെ ഓര്‍മ്മകളിലോ അനുഭവങ്ങളിലോ എവിടെയുമില്ല. അന്നും ഇന്നും എന്റെ പ്രിയ വിഭവം ചക്കയാണ്. ഞാന്‍ താമസിച്ചിരുന്ന വാരച്ചാലിലെ വീട്ടില്‍ ഇരുപതിലേറെ പ്ലാവുകളുണ്ടായിരുന്നു. അമ്മ എന്നെ കളിയാക്കി വിളിച്ചിരുന്നത് ചക്കക്കൂളി എന്നായിരുന്നു. മലയാളികള്‍ക്ക് പ്രകൃതി നല്‍കിയ മറ്റൊരു കല്പവൃക്ഷമാണ് പ്ലാവ്. അതുകൊണ്ട് തന്നെ എന്റെ ഓര്‍മകളില്‍ ഏറ്റവും പച്ചപ്പോടെയും സ്‌നേഹത്തോടെയും നിറഞ്ഞുനില്‍ക്കുന്നത് മാവിനെക്കാളും പ്ലാവും ചക്കയും തന്നെ ആണ് 

നാടകകൃത്ത്, കഥാനിരൂപകന്‍, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് ഇങ്ങനെ അനേകം മേഖലകളില്‍ വ്യാപരിക്കുന്ന ആളാണ് താങ്കള്‍.  ഏറ്റവും ഇഷ്ടവും സംതൃപ്തിയും എന്തിലാണ്?

ഞാന്‍ എഴുത്തുകാരനായ ഒരു വായനക്കാരനല്ല മറിച്ചാണ്. എഴുത്തില്‍ നിന്ന് അസംതൃപ്തിയും ആത്മനിന്ദയും വേദനയും മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളൂ. എഴുത്തിന്റെ പേരില്‍ എനിക്ക് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം വേറൊരു തരത്തില്‍ എന്നെ ദു:ഖിപ്പിക്കുകയും അസ്വസ്ഥനാക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് സത്യമാണെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ എനിക്കാവില്ല.
നാടകവും നിരൂപണവും തിരക്കഥയും വിവര്‍ത്തനവുമെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു പ്രതിഭാസമായി ആഘോഷിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പക്ഷേ ഇവയത്രയും ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചതില്‍ നാടകത്തിന് വലിയ പങ്കുണ്ടാവണം. നാടകം പച്ചമനുഷ്യരുടെ കലയാണ്. മഹത്തായ ആ കലയുടെ അരങ്ങില്‍ ഇരിക്കാന്‍ ഒരിലക്കീറ് കിട്ടിയാല്‍ ഞാന്‍ സംതൃപ്തനായി. ഒരു മനുഷ്യന്‍ എന്നുള്ള നിലയില്‍ എന്നെ ജീവിപ്പിച്ചതും ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും നാടകങ്ങള്‍ ആണ്.

Book Cover
പുസ്തകം വാങ്ങാം

നദിപോലെ ഒഴുകിയ ജീവിതം ആയിരുന്നു താങ്കളുടേതും കുറ്റിയാട്ടൂരില്‍ നിന്നും കാസര്‍കോടെ കാടകം. ശേഷം തലശ്ശേരി. ഇതില്‍ ജീവിതത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ദേശം ഏതാണ്?വേറെ ഏതെങ്കിലും ഒരു ദേശം മനസ്സില്‍ ഉണ്ടോ?

കാടകം എനിക്ക് ജന്മം തന്ന മറുദേശമാണ് എന്ന് ഞാന്‍ പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാന്‍ ഭവിച്ചത് കാടകത്ത് എത്തിപ്പെട്ട ശേഷമാണ്. എന്റെ ജീവിതത്തെ സംബന്ധിച്ച ഒരു സത്യം ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞതും അവിടെ വച്ചാണ് അതു സാധാരണ മനുഷ്യരെയും, അവരുടെ ജീവിതത്തെ സംബന്ധിച്ചതും ആണ്.
പല കാലങ്ങളിലായി കേരളത്തില്‍ ജീവിച്ച അനേകം  കലാകാരന്മാരെ അടുത്തറിയാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അവര്‍ ഏറ്റവും ചുരുങ്ങിയത് 500 പേരെങ്കിലും വരും. പക്ഷേ ഏറ്റവും സാധാരണക്കാരായ മനുഷ്യരുമായി എനിക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ ആത്മബന്ധമാണ് അതിനേക്കാള്‍ മഹത്തരമായി ഞാന്‍ കാണുന്നത്. വന്യവും ജീവിതോന്മുഖത ഒട്ടുമില്ലാത്തതുമായ അന്നത്തെ കാടകത്തിന്റെ ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ഞാന്‍ എന്ന മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചു. ലോകത്തെക്കുറിച്ചുള്ള എന്റെ ബോധം വളരെ പരിമിതമാണ്. പക്ഷേ, സാധാരണ മനുഷ്യരെക്കുറിച്ചുള്ള എന്റെ ബോധ്യം തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആ അറിവിന്റെ തെളിച്ചം എന്നില്‍ സൃഷ്ടിച്ചത് കാടകമാണ്. സ്വപ്നത്തിലല്ല യാഥാര്‍ത്ഥ്യത്തില്‍ തന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരിടം കാടകമാണ്. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വയസ്സായി. ഞാനും മരിച്ചു പോകില്ലേ...

ഏറ്റവും മഹാന്മാരായ എഴുത്തുകാരോടൊപ്പം തന്നെ ഏറ്റവും പുതിയ തലമുറയെയും താങ്കള്‍ ആവേശത്തോടെ വായിക്കുകയും അവരെ വായനക്കാരുടെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ച് എഴുതിയത്് വായിക്കുന്നത് മറ്റൊരു ഫിക്ഷന്‍ വായിക്കുന്ന അനുഭവവും ആണ്.  ഈ കാലത്തിനിടയില്‍ ഒരിക്കലെങ്കിലും നോവലെഴുത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

സ്വന്തം ജീവിതാനുഭവങ്ങളുടെയും ഓര്‍മ്മകളടുടെയും വെളിച്ചത്തിലാണ് ഞാന്‍ എക്കാലത്തും ഫിക്ഷന്‍ വായിച്ചു പോന്നത്. ആ നിലയ്ക്ക് ഞാന്‍ വായിച്ച ഫിക്ഷന്‍ മുഴുവന്‍ ഞാന്‍ കൂടി എഴുതിയതാണെന്ന് എനിക്ക് തോന്നാറുണ്ട്. തകഴിയും ഉറൂബും പൊറ്റക്കാടും കെ.സുരേന്ദ്രനും എം. ടിയും എന്‍.പ്രഭാകരനും ഉള്‍പ്പെട്ട മലയാളത്തിലെ എല്ലാ നോവലിസ്റ്റുകളും, കാരൂരും മാധവിക്കുട്ടിയും സക്കറിയയും ഇ സന്തോഷ് കുമാറും ഉള്‍പ്പെട്ട എല്ലാ കഥാകൃത്തുകളും എന്റെ എഴുത്തിനെയും വായനയെയും ഭാവനയെയും സ്വാധീനിച്ചിട്ടുണ്ട്. സ്വന്തമായി ഒരു നോവല്‍ എന്ന ആഗ്രഹം അഞ്ചാറ് വയസ്സു മുതലേയുള്ള ആഗ്രഹമാണ്. ആ ആഗ്രഹം അത്രമേല്‍ തീവ്രമായി എന്നില്‍ ആവേശിപ്പിച്ചത് മുട്ടത്തു വര്‍ക്കിയാണ്.
നായാട്ടു പാറ - The Hunting Rock _ എന്ന പേരില്‍ ഒരു നോവലെഴുതുമെന്ന് മുമ്പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. ഇനി അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. ശരീരത്തിന് പ്രായമായെങ്കിലും മനസ്സിന് ചെറുപ്പമാണ് എന്ന തോന്നല്‍ ഇത്രകാലവും ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ശരീരത്തിനും മനസ്സിനും ഒരു പോലെ പ്രായമായി. 60-65 വയസ്സു കഴിഞ്ഞാല്‍ മാത്രം മനസ്സിലാവുന്ന ജീവിതത്തെക്കുറിച്ചുള്ള ചില തിരിച്ചറിവുകളുണ്ട്. അവ ആരോടും പറയരുത് ' പറഞ്ഞാല്‍ നിങ്ങള്‍ അപഹാസ്യനാകും. പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു എന്ന കെ. ജി. എസ്സിന്റെ വരികള്‍ ദിവസം നൂറ് തവണയെങ്കിലും ഞാന്‍ ഓര്‍ത്തു പോകും. തെറി വാക്കുകള്‍ മാത്രമല്ല, നല്ല വാക്കുകളും. 

Content Highlights :V Sureshkumar Interviews Writer N Sasidharan