ലയാളത്തിലെ ശ്രദ്ധേയനായ ഉത്തരാധുനിക ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് ഉണ്ണി. ആര്‍. ഒഴിവുദിവസത്തെ കളി, കാളിനാടകം, കോട്ടയം-17, ലീല എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചെറുകഥകളാണ്. ബിഗ് ബി, അന്‍വര്‍, ചാപ്പാ കുരിശ്, മുന്നറിയിപ്പ്,ചാര്‍ലി, ലീല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥകളും അദ്ദേഹം രചിച്ചു. സാഹിത്യത്തെയും സിനിമയെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

വാക്കുകളെ വെള്ളിത്തിരയിലെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ?   

സിനിമയും സാഹിത്യവും രണ്ട് വ്യത്യസ്തമായ മാധ്യമങ്ങളാണ്. വാക്കുകളെ ദൃശ്യത്തിലേക്ക് പരിഭാഷപ്പെടുത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് നമ്മള്‍ വിചാരിക്കുന്നപോലെ വിജയമാകണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ, കോര്‍ത്തോസാറിന്റെ 'ബ്ലോ അപ്പ്' പോലെയുള്ള പ്രശസ്തമായ കഥകള്‍ അന്തോനിയോണിയെപ്പോലെയുള്ളവര്‍ സിനിമയാക്കിയിട്ടുണ്ട്. 

കഥകള്‍ അതേപടി സിനിമയാക്കുക എന്നാണ് നമ്മള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഒരു സംവിധായകന്റെ പൂര്‍ണമായ സ്വാതന്ത്ര്യത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. 

സിനിമയാണോ സാഹിത്യമാണോ കൂടുതല്‍ സംതൃപ്തി നല്‍കുന്നത് ? 

സിനിമയിലും സാഹിത്യത്തിലും ഞാന്‍ എഴുത്തുകാരന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് എഴുത്ത് എന്നത് ഒരു പ്രവൃത്തിയാണ്. എനിക്ക് ആനന്ദം നല്‍കുന്നതിനാലാണ് ഞാന്‍ എഴുതുന്നത്.

കോട്ടയം -17ന്റെ സിനിമ സാധ്യത ? 

കോട്ടയം -17 സിനിമയാക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. സിനിമയ്ക്ക് പുറത്താണ് അതിന്റെ വഴി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാല്‍ മറ്റൊരാള്‍ക്ക് അതില്‍ ഒരു സിനിമയുടെ സാധ്യത കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിനെ കുറ്റംപറയാന്‍ സാധിക്കില്ല. പക്ഷേ എനിക്കത് സിനിമയായി കാണാന്‍ സാധിക്കുന്നില്ല. 

താങ്കളുടെ കഥകളിലെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ ? 

നിലവിലുള്ള ആണ്‍-പെണ്‍ ബന്ധങ്ങളെക്കുറിച്ച് നമ്മുടെ കാലം രൂപപ്പെടുത്തിയെടുത്തിരിക്കുന്ന കുറേ മൂല്യങ്ങളുണ്ട്. മതാധിഷ്ഠിതമോ രാഷ്ട്രീയ പ്രേരിതമോ ആയ  സോ- കോള്‍ഡ് മൂല്യങ്ങളാണവ. അതൊരു നല്ല സമൂഹത്തിന്, അല്ലെങ്കില്‍ പുരോഗമന ചിന്താഗതിയുള്ള, ജീവിതത്തെ സ്വാതന്ത്ര്യത്തോടെ കാണാന്‍ കഴിയുന്നവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ എന്റെ കഥകളിലെ ആണ്‍-പെണ്‍ ബന്ധങ്ങള്‍, ആണുങ്ങളും ആണുങ്ങളും തമ്മിലുള്ള അല്ലെങ്കില്‍ പെണ്ണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലായും ആലോചിക്കുന്നത് ആ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയാണ്. അത് നിലവിലുള്ള സദാചാര മൂല്യങ്ങള്‍ക്കെതിരാണ്. മതാധിഷ്ഠിതമായ അല്ലെങ്കില്‍ അധികാരവുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കെതിരായി തന്നെയാണ് എന്റെ കഥയിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. 

ഒഴിവുദിവസത്തെ കളി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

താങ്കളുടെ കഥകളില്‍ തുടര്‍ച്ചകള്‍ അവശേഷിക്കുന്നതെന്തുകൊണ്ട്​

ഒരു കഥാകൃത്ത് അവന്റെ എഴുത്തില്‍ എല്ലാം നിറച്ചുകഴിഞ്ഞാല്‍ വായനക്കാരന് പിന്നീടൊന്നും ചെയ്യാനില്ല. വായനക്കാരിലൂടെയാണ് എഴുത്ത് പൂര്‍ത്തീകരിക്കപ്പെടുന്നത്. പലതരം വായനയുടെ സാധ്യതകള്‍ ഒരു കഥയ്ക്ക് കൊടുക്കണം. അതല്ലെങ്കില്‍ അത് മുദ്രാവാക്യമായിപ്പോകും. അത് തീര്‍പ്പുകളായി മാറും. തീര്‍പ്പുകളല്ല കഥകള്‍. അത് തീര്‍ക്കാതിരിക്കലുകളാണ്. അതുകൊണ്ടാണ് എന്റെ കഥകളില്‍ അതിന്റെ ഒഴിഞ്ഞ ഇടങ്ങള്‍ ഞാന്‍ അവശേഷിപ്പിക്കുന്നത്. 

എഴുത്ത് ചെറുകഥകളില്‍ ഒതുക്കുകയാണോ? 

അത് നമ്മുടെ നാട്ടിലെ ഒരു പ്രധാന ചോദ്യമാണ്. ഒരു മുപ്പത് കഴിഞ്ഞ ഒരാളോട് എന്താണ് കല്യാണം കഴിക്കാത്തത്, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയോട് നിങ്ങള്‍ കല്യാണം കഴിക്കാത്തതെന്ത്, കല്യാണം കഴിഞ്ഞാല്‍ കുട്ടികളില്ലേ, കുട്ടികള്‍ വേണ്ടന്നുവെച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലെയാണ് 'നോവല്‍ എഴുതുന്നില്ലേ' എന്ന ചോദ്യവും. അത് ആ എഴുത്തുകാരന് വിട്ടുകൊടുക്കുക. അത് അയാളുടെ സ്വാതന്ത്ര്യം മാത്രമാണ്.

Content highlights : Unni R, leela, oru bhayankara kamukan, ozhivudivasathe kali, charlie