നാഥാലയത്തില്‍ നിന്ന് വിശ്വവിദ്യാലയത്തിലേക്ക് വളര്‍ന്ന സ്വര്‍ണത്തിളക്കം. ദേവനാഗരിയുടേത് തങ്കത്തിളക്കമുള്ള ലിപികളാണെന്ന് ഭാഷാന്തരങ്ങള്‍ക്കപ്പുറം അറിഞ്ഞും അറിയിച്ചും മാറ്റുരച്ച പാണ്ഡിത്യം. എല്ലാ ഭാരതീയഭാഷകളിലും നന്മയുടെ നല്ലക്ഷരമാണ് 'സു'. ഇത് പേരിനോടു ചേര്‍ത്തു െവച്ചപ്പോള്‍ കോഴിക്കോട് കണ്ടമ്പലത്ത് രാമന്‍ സുരേന്ദ്രന്‍, ആര്‍സു എന്ന രണ്ടക്ഷരത്തിലേക്ക് ഒതുങ്ങിപ്പോവുകയായിരുന്നില്ല. അറിവില്‍ വളരുകയായിരുന്നു

മൂന്നുമാസം പ്രായമായപ്പോള്‍ സ്വര്‍ണപ്പണിക്കാരനായിരുന്ന അച്ഛന്‍ മരിച്ചു. ഏഴുമക്കളില്‍ ഇളയവനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ പെറ്റമ്മ പകച്ചു. മീതല്‍ ചെമ്പോട്ടി അമ്മുവമ്മ ചിരിക്കുന്നത് ഒരിക്കലും ഈ മകന്‍ കണ്ടിട്ടില്ല. ഭാഷകള്‍ പൊന്നുപോലെ ഉരുക്കിപ്പണിതാല്‍ തിളക്കമേറിയ ആഭരണങ്ങളാവുമെന്നോ താന്‍ ഭാഷയുടെ ആചാര്യനാവുമെന്നോ ഒന്നും കുട്ടിമനസ്സ് ചിന്തിച്ചിട്ടു കൂടിയില്ല.

വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വിനോദയാത്രയാണെന്നാണ് ആ ബാലന്‍ കരുതിയത്. സഹോദരങ്ങളെ വിട്ടുപോന്നെങ്കിലും ഒട്ടേറെ കൂട്ടുകാരെ കിട്ടിയതിലെ ആഹ്ലാദമായിരുന്നു മനസ്സില്‍-മുപ്പത്തിമൂന്നാണ്ട് അധ്യാപകനായി സേവനമനുഷ്ഠിച്ച, മലയാളത്തിന്റെ മധുരത്തിലേക്ക് മൊഴിമാറ്റത്തിന്റെ മുത്തുമണിത്തിളക്കം കൊണ്ടുവന്ന, പുഴയായൊഴുകിയ മിഴിനീരിന്റെ നനവില്‍ ഒന്നുമില്ലായ്മയില്‍ തുടങ്ങി 83 ഈടുറ്റ പുസ്തകങ്ങളെഴുതിയ, ഗാന്ധിമാര്‍ഗം ഈ ഊഷരകാലത്ത് തെളിനീരുറവയാണെന്ന് സ്വയംതിരിച്ചറിഞ്ഞ, ഡോ.ആര്‍. സുരേന്ദ്രന്‍ എന്ന ആര്‍സു എഴുപതില്‍.

ആഘോഷങ്ങളില്ല. കൃത്യമായ ജന്മദിനം പോലുമറിയാത്തൊരാള്‍ക്ക് എന്തു ജന്മദിനാഘോഷം. 15-ന് രണ്ട് അനാഥമന്ദിരങ്ങളില്‍ അന്നദാനമുണ്ട്. അമ്മ പാര്‍ത്ത സ്ത്രീമന്ദിരത്തില്‍ അതേമുറിയില്‍ ജ്ഞാനവയോധികനായ മകനെത്തും. വലതുകൈയില്‍ ഊന്നുവടിയുമേന്തി. മൗനം കൊണ്ടൊരു മണിക്കൂര്‍ ചെലവഴിച്ച് കണ്ണീര്‍പുഷ്പങ്ങളര്‍പ്പിക്കും. വെസ്റ്റ്ഹില്‍ അനാഥാലയത്തില്‍ പലകാലങ്ങളില്‍ വളര്‍ന്ന്, പഠിച്ച് ജീവിതത്തിന്റെ ഔന്നത്യങ്ങളിലേക്ക് നടന്നുകയറിയ മറ്റു മൂന്നുപേര്‍ക്കൊപ്പം ആദരമേറ്റുവാങ്ങും.

r su
ഡോ. ആര്‍ സു രചിച്ച മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകം ലോകസമാധാനവര്‍ഷാചരണത്തിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന ചടങ്ങില്‍ ദലൈലാമ സ്വീകരിക്കുന്നു (ഫയല്‍ ഫോട്ടോ)

ഗുരുവായി വളര്‍ത്തിയ ഗുരുകൃപാവരം

ഇന്ന് അച്ഛനമ്മമാര്‍ മക്കള്‍ക്ക് വിദ്യ പകരാന്‍ പെടാപ്പാടുപെടുന്ന കാലം. എന്നാല്‍ കൊച്ചുസുരേന്ദ്രന്‍ നാം കാണുന്ന രണ്ടക്ഷരങ്ങളിലെ വലിയ ഭാഷാപണ്ഡിതനാവുന്നത് ബാല്യം മുതലുള്ള ഗുരുക്കന്മാരുടെ കൃപയാലാണ്. അതുകൊണ്ടുമാത്രം. വെസ്റ്റ്ഹില്‍ അനാഥ മന്ദിരത്തിലേക്ക് കൊണ്ടുപോയ ടീച്ചര്‍ മാലാഖയായി മുന്നിലെത്തിയ ആദ്യഗുരു. അഞ്ചുവയസ്സുമുതല്‍ 16 വയസ്സുവരെ വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തിലാണ് വളര്‍ന്നത്.

തുടര്‍ന്ന് പഠനത്തിന് സഹോദരങ്ങള്‍ സഹായിച്ചു. ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം കോഴിക്കോട് ആര്‍ട്സ് കോളേജിലെത്തി. ഭാഷാഗ്രൂപ്പില്‍ ചേര്‍ന്നു. പ്രകാശഗോപുരമായി അധ്യാപകര്‍. ഇവരെപ്പോലെ ആകാന്‍ പറ്റുമോ എന്ന് മനസ്സ് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു.

പ്രൊഫസര്‍മാരായ കുഞ്ഞുലക്ഷ്മീദേവി, മേരി ഹെന്റി, എ.കെ.പ്രേമജം, പി.പി.സുധാകരന്‍, ഹിന്ദി ക്ലാസ് നാടകം പോലെ മനോഹരമാക്കുന്ന പ്രൊഫ. ടി.എം.രാജഗോപാല്‍, ബനാറസില്‍പോയി ഹിന്ദി പഠിച്ച രതീദേവി അമ്മ, മലയാളത്തിന്റെ പ്രൊഫ.കരിമ്പുഴ രാമകൃഷ്ണന്‍, ഡോ. സുകുമാര്‍ അഴീക്കോട് ,എന്‍.ശ്രീധരമേനോന്‍, ടി.വി.ഈച്ചരവാരിയര്‍ ... അറിവിന്റെ മഹാസാഗരമായ അധ്യാപകര്‍.

അധ്യാപകരെ ഇത്രമേല്‍ സ്‌നേഹിക്കുന്ന ഡോ.ആര്‍സു ജീവിതസഖിയാക്കിയതും അധ്യാപികയെയാണ്. ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ ഹിന്ദി അധ്യാപികയായിരുന്ന എം.കെ.പ്രീതയെ.

സര്‍വകലാശാലയില്‍

ബി.എ.പാസായ ശേഷം എം.എ. പഠനത്തിന് അവസരം. സര്‍വകലാശാലയില്‍ പഠിക്കണമെന്ന മോഹത്തിനും സാഫല്യം. കലിക്കറ്റ് സര്‍വകലാശാലയുടെ ഉത്ഭവകാലം. വിദ്യാന്വേഷിക്ക് ഉത്കര്‍ഷകാലം. അനേകം ഹിന്ദി ജേണലുകള്‍, ഇടയ്ക്കിടെ എത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാര്‍, ഡോ.മലിക് മുഹമ്മദ് എന്ന വകുപ്പ് അധ്യക്ഷന്‍, അനേകം പുസ്തകങ്ങള്‍...ഈ സാഹചര്യം തന്നെ വളര്‍ത്തിയെന്ന് നിറകണ്‍ചിരിയോടെ ഭാഷാസ്‌നേഹി.

ഹിന്ദി പഠിച്ചാല്‍ ഏഴു ഭാരതീയ ഭാഷകളിലേക്ക് വാതായനം തുറന്നുകിട്ടുമെന്ന് ആദ്യം പറഞ്ഞുകൊടുത്തത് എന്‍.വി. കൃഷ്ണവാരിയര്‍. പഞ്ചാബി, കന്നഡ, മറാഠി ,ഗുജറാത്തി, ബംഗാളി, ഉര്‍ദു, അസമീസ് ഭാഷകളില്‍ നിന്ന് അനേകം കൃതികള്‍ക്ക് ഹിന്ദിയില്‍ തര്‍ജമയുണ്ട്. മേരാ ഭാരത് മഹാന്‍ എന്ന് മനസ്സ് തനിയെ മന്ത്രിക്കാന്‍ തുടങ്ങി. എം.എ. പാസായശേഷം അലഹബാദ് സര്‍വകലാശാലയില്‍ ഗവേഷണം. പ്രൊഫ. ലക്ഷ്മീസാഗര്‍ വാഷ്നേയ്, മലയാളിയായ ഡോ.ജി.ഗോപിനാഥ് തുടങ്ങിയ ഹിന്ദിഭാഷാ പണ്ഡിതന്മാരുടെ ശിക്ഷണം.

'ഹിന്ദി നോവലുകളിലെ വിദേശ ചിന്തകളുടെയും സംസ്‌കാരത്തിന്റെയും സ്വാധീനം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍' എന്നതായിരുന്നു ഗവേഷണ വിഷയം. ഭഗവത് സ്വരൂപ് ചതുര്‍വേദിയെഴുതിയ 'ഹിരോഷിമ കീ ഛായാ മേം' എന്ന നോവല്‍ ചെലുത്തിയ സ്വാധീനം മനസ്സിലെ ഭാരതീയബോധത്തിന് വിശ്വബോധത്തിന്റെ കൂടി വെളിച്ചമേകി. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും മറ്റും എഴുതുമ്പോള്‍ പുതിയ സംവേദനങ്ങളും സാധ്യതകളും തുറന്നുകിട്ടി. ഭാരതീയ വികാരം ഭാരതീയ വിവേകത്തിന് ഒപ്പം എപ്പോഴും വേണമെന്ന ബോധ്യവുമുണ്ടായി.

ഭാഷയില്‍ നിന്ന് ഗാന്ധിമാര്‍ഗത്തിലേക്ക്

മൈഥിലി ശരണ്‍ ഗുപ്തയുടെ 'ദധീചി സേ ഗാന്ധിജി തക്' എന്ന കവിത വായിച്ചത് നിമിത്തമായി. ദധീചി മഹര്‍ഷിയുടെ നട്ടെല്ലുകൊണ്ട് ആയിരം അസുരന്മാരെ കൊല്ലാവുന്ന ആയുധമുണ്ടാക്കാമെന്നതില്‍ തുടങ്ങി സഹനവും അഹിംസയും ആയുധമാക്കിയ കര്‍മയോഗിയുടെ ജീവിതം വരെ. ഹിന്ദി കവിതയിലൂടെ അങ്ങനെ ഗാന്ധിചിന്തയിലെത്തി.

ഗാന്ധിമാര്‍ഗ രചനകള്‍ പതിവായി. 2000-ത്തിനു ശേഷം ഗാന്ധിജിയെക്കുറിച്ച് ഏറ്റവും കൂടുതല്‍ മലയാളപുസ്തകങ്ങള്‍ എഴുതിയതിനുള്ള ദേശീയപുരസ്‌കാരം ലഭിക്കുന്നതുവരെ അതെത്തി. പിഎച്ച്.ഡി. ഓപ്പണ്‍ ഡിഫന്‍സില്‍ വച്ച് 'ഗുരുജി' എന്ന് എല്ലാവരും വിളിക്കുന്ന ബനാറസിലെ പ്രൊഫസര്‍ 'ഇവന്‍ വലിയ വിവര്‍ത്തകനാവു'മെന്ന് അനുഗ്രഹവചസ്സേകിയത് യാഥാര്‍ഥ്യമായി. രണ്ട് രാഷ്ട്രപതിമാര്‍ പുരസ്‌കാരം നല്‍കി മികച്ച ഹിന്ദിവിവര്‍ത്തകന്. ദലൈലാമ മികച്ച ഗാന്ധിമാര്‍ഗ ഗ്രന്ഥത്തിന് യു.എന്‍.സമാധാനവര്‍ഷത്തില്‍ സമ്മാനം നല്‍കി.

ഹിന്ദി ഭാഷയുടെ കുലീനത മാറ്റിനിര്‍ത്തി ജനകീയത കൊണ്ട് സാധാരണമനുഷ്യരോട് സംവദിച്ചതാണ് ഗാന്ധിജി ഭാഷയ്ക്ക് നല്‍കിയ വലിയ സംഭാവനയെന്ന് ഡോ.ആര്‍സു പറയുന്നു. മഹാത്മാഗാന്ധി ഹിന്ദി സാഹിത്യത്തില്‍ എന്ന പുസ്തകം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

'അനാഥാലയമാണ് ഈ ജീവിതത്തില്‍ കാണുന്ന ആദ്യത്തെ ആകാശവും ഭൂമിയും. വിവര്‍ത്തനത്തിന്റെ സാധ്യതകളില്‍ വ്യത്യസ്ത ഭാഷകളിലൂടെ ഇത്രയോളം നടത്തിയ പരംപൊരുളിന് സ്തുതി. സാഹിത്യത്തിന്റെ അനേകം ആകാശഭൂമികകളടങ്ങിയ പ്രപഞ്ചം കാണിച്ചുതന്നതിന്.' - ഡോ.ആര്‍സു പറഞ്ഞുനിര്‍ത്തുമ്പോള്‍ പുറത്ത് മഴമാറി വെളിച്ചം പരക്കുന്ന ജാലകക്കാഴ്ച.

പരിഭാഷകനും അധ്യാപകനും ഗാന്ധിമാര്‍ഗ ചിന്തകനുമായ ഡോ.ആര്‍സുവിന് സപ്തതിനിറവ്