''ടിബറ്റ് നിശ്ശബ്ദദമാണെന്നു കരുതി അവിടെയുള്ളവര്‍ സന്തോഷത്തിലാണെന്ന് കരുതരുത്. അവര്‍ അതീവദുഃഖിതരാണ്. നിലവിലെ സാഹചര്യവുമായി ടിബറ്റുകാര്‍ പൊരുത്തപ്പെട്ട് പോകുന്നു. ദുഃഖങ്ങള്‍ എല്ലാം ഉള്ളില്‍ ഒളിപ്പിച്ചു ജീവിക്കുന്നു. ഒരിക്കല്‍ ടിബറ്റ് സ്വാതന്ത്ര്യം നേടുകതന്നെ ചെയ്യുമെന്ന വിശ്വാസത്തോടെ'' കവിയും ആക്ടിവിസ്റ്റുമായ ടെന്‍സിന്‍ സുണ്‍ഡു പറയുന്നു. തിരുവനന്തപുരം ഗവ. വനിതാ കോളേജില്‍ അന്താരാഷ്ട്ര കവിതാ ഫെസ്റ്റിവലിനെത്തിയപ്പോഴാണ് ടെന്‍സിന്‍ സുണ്‍ഡു തന്റെ പോരാട്ടവും സ്വപ്നവും എല്ലാം ഓര്‍ത്തെടുത്തത്.

ഈ റെഡ് ബന്ദാന അഴിക്കില്ല, സ്വാതന്ത്ര്യം കിട്ടുംവരെയും

ജനിച്ച രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല. അഭയാര്‍ഥിയായി ജീവിക്കുന്നു. ടിബറ്റില്‍ നിന്നു ഇന്ത്യയിലേക്ക് പലായനം ചെയ്ത മുഴുവന്‍ പേരും അഭയാര്‍ഥികളാണ്. അവര്‍ ഇപ്പോഴും പോരാട്ടത്തിലാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ അടുക്കുകതന്നെ ചെയ്യും. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തലയില്‍ കെട്ടിയതാണ് ഈ ചുവന്ന റിബണ്‍. അതെന്റെ പ്രതിജ്ഞയാണ്. ഞാന്‍ മാതാപിതാക്കള്‍ക്കും എന്റെ ടിബറ്റന്‍ സഹോദരങ്ങള്‍ക്കും വേണ്ടി ചെയ്തത്. സ്വാതന്ത്ര്യപോരാട്ടം സ്വയം തിരഞ്ഞെടുത്തതാണ്. ടിബറ്റ് സ്വതന്ത്രമാകുംവരെ ഞാന്‍ എന്റെ ഓരോ നിമിഷവും പോരാട്ടം തുടരും. സ്വാതന്ത്ര്യം എന്താണെന്ന് അനുഭവിച്ച് അറിയുന്ന ആ നിമിഷം മാത്രമേ ഞാന്‍ ഈ ചുവന്ന ബന്ദാന അഴിച്ച് മാറ്റുകയുള്ളൂ. സന്ദര്‍ശിക്കുന്ന എല്ലായിടത്തും ടിബറ്റുകാരുടെ പോരാട്ടത്തിനോട് ഒപ്പം നില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കും. എന്നെ അറിയുന്നവര്‍ക്ക് ഇപ്പോള്‍ ഈ ബന്ദാനയുടെ കഥയും എന്റെ അഭയാര്‍ഥി എന്ന കവിതയും മനഃപാഠമാണ്.

ഇന്ത്യ അഭിപ്രായം മാറ്റണം

ടിബറ്റിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മാറണം. ഞങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന് ശക്തമായ പിന്തുണ നല്‍കണം. ജമ്മു, കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ പിന്തുണ നേടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും ചൈന അതിനെ അംഗീകരിക്കുന്നില്ല. അതേസമയം വിവിധ വിഷയങ്ങളില്‍ ചൈനയ്ക്ക് ഇന്ത്യ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി.

എന്നിട്ടും കശ്മീരിന്റെ കാര്യത്തില്‍ പിന്തുണ നല്‍കാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചൈന ചെയ്യുന്നത്. അതിനാല്‍ ചൈന ടിബറ്റില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ താമസിക്കുന്ന ടെന്‍സിന്‍ സുണ്‍ഡു പറയുന്നു.

ലോകത്തെ ഒരു രാജ്യവും ടിബറ്റിനായി സംസാരിക്കുന്നില്ല. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യയ്ക്കും അറിയില്ല. ഞങ്ങള്‍ നിശ്ശബ്ദരായിരുന്ന് സഹിക്കുകയാണ്. എന്നിരുന്നാലും ഭാവിയില്‍ എല്ലാം മാറും. ഏത് വന്‍ശക്തിയും ഒരിക്കല്‍ തകരും. അതിനായി ടിബറ്റുകാര്‍ കാത്തിരിക്കുന്നു.

16 പ്രാവശ്യം ജയിലില്‍, അതും പോരാട്ടഭാഗമാണ്

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ചൈനീസ് പ്രസിഡന്റ് ഷൂ റോങ്ജിയുടെ മുംബൈ സന്ദര്‍ശനത്തിനിടെയാണ് ടെന്‍സിന്റെ പ്രതിഷേധസമരം ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് താമസിച്ച ഹോട്ടലിന്റെ മച്ചില്‍ 'ടിബറ്റിന് സ്വാതന്ത്ര്യം നല്‍കൂ: ചൈന പുറത്ത് പോകൂ' എന്നെഴുതിയ ബാനറുമായായിരുന്നു പ്രതിഷേധം. ഇതിനകം 16 പ്രാവശ്യം ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. എന്റെ സഹോദരന്മാര്‍ക്കായി ജയിലില്‍ പോകുന്നതിന് ഒരു മടിയും ഇല്ല. പ്രതിഷേധം സമരഭാഗമാണ്. ചൈനീസ് അധികാരികള്‍ ഇന്ത്യയില്‍ വരുമ്പോള്‍ എല്ലാം പ്രതിഷേധിക്കും. അതുവഴി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ടിബറ്റിലേക്ക് കൊണ്ടുവരാനാകും.

അടുത്തിടെ ഷീ ജിന്‍ പിങ് വന്നപ്പോഴും പ്രതിഷേധിച്ചതിന് ചെന്നൈ പോലീസ് അകത്താക്കിയിരുന്നു. ഏതു പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് ലഭിച്ചത് ജയിലില്‍ നിന്നുള്ള അനുഭവപാഠങ്ങളാണ്.

ദലൈലാമ ഹൃദയത്തില്‍, ഗാന്ധിജി തലയില്‍

ആത്മീയ നേതാവ് ദലൈലാമയെ ഞാന്‍ എന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗാന്ധിജിയെ എന്റെ തലയിലും. ആശയപരമായും സമാധാനപരമായും തന്ത്രപരമായും സ്വാതന്ത്ര്യപോരാട്ടം നടത്താമെന്ന് പഠിച്ചത് ഗാന്ധിജിയില്‍ നിന്നാണ്. ലളിതമായ ജീവിതത്തിലൂടെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സമരം ചെയ്യാമെന്ന് മഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ നിന്നും മനസിലാക്കാനായി. ഞാന്‍ ഗാന്ധിജിയെ പിന്തുടരുന്നു. അതുപോലെ, സമൂഹത്തെ നന്നായി നിരീക്ഷിക്കുന്നവനും അടുത്തറിയുന്നവനുമാണ് മികച്ച എഴുത്തുകാരന്‍. ആക്ടിവിസ്റ്റും അങ്ങനെയാണ്. രണ്ടും ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് കഴിവ് കിട്ടിയതും അനുഗ്രഹമായി കരുതുന്നു.

അങ്കമാലി ഡയറീസ് സിനിമയെപ്പോലൊക്കെ സംഭവിക്കുമോ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് സിനിമ ധര്‍മശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ സിനിമ കണ്ടപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പരസ്പരം കൊല്ലുമോ, അക്രമം നടത്തുമോയെന്നൊക്കെ അവിടെയുള്ളവര്‍ പരസ്പരം ചോദിച്ചു. ഞങ്ങള്‍ക്ക് കേരളത്തെ ഒരുപാട് ഇഷ്ടമാണ്. ഇവിടെ വേര്‍തിരിവുകളില്ല. ജാതിമതവ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ കാണും. നല്ല വിദ്യാഭ്യാസമുള്ളവരാണ് കേരളീയര്‍. അവരുടെ ജീവിതത്തിലും അതിന്റേതായ മാറ്റങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ പോലല്ല. ഇവിടെ എല്ലാ വിഭാഗം ആളുകള്‍ക്കും ജീവിക്കാം. ഭക്ഷണം ചെറിയ വിലയില്‍ നല്ല വൃത്തിയായി ലഭിക്കും. മനസില്‍ കളങ്കമില്ലാത്തവരാണ് കേരളീയര്‍. ഇവിടെ നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ട്. ജെല്ലിക്കെട്ട് സിനിമയും ഒരുപാട് ഇഷ്ടമായി.

Content Highlights: Tenzin Tsundue is a poet, writer and Tibetan activist.