• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Books
More
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

'ഈ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരാമോ?', ' ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്!'

Oct 16, 2020, 02:14 PM IST
A A A

മലയാള നിരൂപണഗോദയിലെ പ്രമുഖഗുസ്തിവിദഗ്ധനായിരുന്ന നമ്മുടെ കുട്ടികൃഷ്ണമാരാരു പോലും, ഒറ്റയ്ക്കിരിക്കുമ്പോള്‍ തന്റെ പഴയ നിരൂപണ വിക്രിയകളെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കുന്നതായി ആരോ പറഞ്ഞു കേള്‍ക്കുകയുണ്ടായി.

P Kunhiraman Nair and Akkitham
X

മഹാകവി പി.കുഞ്ഞിരാമന്‍ നായരും അക്കിത്തവും

അക്കിത്തത്തിന്റെ ആകാശവാണിക്കാലം പ്രതിഭാസൗഹൃദങ്ങളാല്‍ സമ്പന്നമായിരുന്നു. 
വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം ആകാശവാണിയ്ക്കുവേണ്ടി നടത്തിയ അഭിമുഖമാണിത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മലയാളിയുടെ പാരമ്പര്യം' എന്ന പുസ്‌കത്തിലാണ് അഭിമുഖം അച്ചടിച്ചു വന്നത്. പിയുടെ കാവ്യവിചാരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള സ്നേഹപൂര്‍ണമായ കടന്നുപോകലിനൊപ്പം രണ്ട് വലിയ കവികളുടെ കൂടിച്ചേരലിന്റെ അത്യപൂര്‍വത കൂടിയുണ്ട് ഈ മുഖാമുഖത്തിന്. 

അക്കിത്തം: നമസ്‌കാരം. വല്ലപ്പോഴുമൊരിക്കലേ കണ്ടുകിട്ടാറുള്ളു. കണ്ടാല്‍ത്തന്നെ രണ്ടാമത്തെ നോട്ടത്തിനുമുമ്പ് അങ്ങ് അപ്രത്യക്ഷനാകും. ഇന്നേതായാലും വിടാന്‍ ഭാവമില്ല. എന്റെ കൈയില്‍ ഏതാനും ചോദ്യങ്ങളുണ്ട്. കുഞ്ഞിരാമന്‍നായര്‍ ആ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരേണമെന്ന അപേക്ഷയുണ്ട്.

കുഞ്ഞിരാമന്‍നായര്‍: നമസ്‌കാരം. ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്. എങ്കിലും ചോദിച്ചോളൂ.

കുഞ്ഞിരാമന്‍നായര്‍ക്ക് കവിതാരചന സുഖമാണോ?

ഈ ചോദ്യം ഞാന്‍ പലവട്ടം പനിനീര്‍മൊട്ടിനോട് ചോദിച്ചതാണ്. ധനുമാസത്തിലെ കുയിലിനോടു ചോദിച്ചതാണ്. ചന്ദ്രോത്സവത്തിലെ കടലിനോട് ചോദിച്ചതാണ്. ഈ വികാരം സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ പ്രേമവായ്പിന്റെ വേലിയേറ്റം സുഖമാണോ? അവരുടെ മറുപടി ഞാന്‍ ആവര്‍ത്തിക്കാം- ഇതു സുഖമാണ്. ഇതു മാത്രമാണ് സുഖം- ഈ സുഖം നേടാനുള്ള ദുഃഖവും സുഖമാണ്.

എന്നു തുടങ്ങി ഈ സുഖാന്വേഷണം എന്നറിഞ്ഞാല്‍ കൊള്ളാം

ഒന്നുമറിയാത്ത, എല്ലാമറിയുന്ന, ശൈശവത്തില്‍. പന്ത്രണ്ടാം വയസ്സില്‍. ഇരുട്ടു കുത്തി, തോരാത്ത കര്‍ക്കടകപ്പേമാരിയുടെ ശ്രുതി. മുത്തശ്ശന്റെ രാമായണഭാരത പാരായണം. രാമചരിതം പാട്ട്. എന്നെ അലിയിച്ചു. മധുരം നിറച്ച ആ ശീലുകള്‍ മറ്റൊരു ലോകത്തിലെത്തിച്ചു. കവിത-സംഗീതം-കേള്‍ക്കുമ്പോള്‍ സ്വയം മറന്ന് അതില്‍ മുങ്ങാന്‍ മനസ്സാശിച്ചു. പിന്നീട്, പതിന്നാലാമത്തെ വയസ്സില്‍ പട്ടാമ്പി പരിസരത്തുവെച്ച്-കവിതയുടെ ഉറവു കിനിഞ്ഞു.

പന്ത്രണ്ടാമത്തെ വയസ്സെന്നു പറഞ്ഞുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?

വളരെയൊന്നും ഓര്‍മയില്ല. എങ്കിലും ഒന്നോര്‍ക്കുന്നു. കണക്കു പീര്യഡ് അന്നെനിക്കൊരു പേടിസ്വപ്നമായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ നീട്ടിപ്പാടി സ്വയം മറക്കാറുണ്ടായിരുന്നു. അതൊരു ആവേശം തന്നെയായിരുന്നു.

കുഞ്ഞിരാമന്‍നായരുടെ ആദ്യത്തെ കവിത ഏതാണ്? അതെഴുതിയത് എവിടെ വച്ചായിരുന്നു?

'പ്രകൃതിഗീതം!' അതാണെന്റെ ആദ്യത്തെ കവിത. അതെഴുതുകയല്ല ഉണ്ടായത്. ഏറെനാള്‍ അതിലെ ഈരടികള്‍ മൂളിപ്പാടി തന്നത്താന്‍ രസിച്ചുകൊണ്ടു നടന്നു. പിന്നീട് എത്രയോ കഴിഞ്ഞ്, കുറുവന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം ഒരു കടലാസ്സില്‍ പകര്‍ത്തി, അദ്ദേഹം നടത്തിവന്നിരുന്ന 'പൈങ്കിളി' മാസികയില്‍ ചേര്‍ത്തു.

പട്ടാമ്പി പരിസരവും ഭാരതപ്പുഴയും അങ്ങയുടെ മിക്ക കവിതകളുടെയും പശ്ചാത്തലമായി വര്‍ത്തിച്ചതെന്തുകൊണ്ടാണ്? ഒന്നു വിശദീകരിക്കാമോ?

എന്തോ! പട്ടാമ്പി-പുന്നശ്ശേരി പരിസരം ഉറങ്ങുന്ന കവിതയെ തട്ടിയുണര്‍ത്തിവിട്ടു. ഭാരതപ്പുഴയും വെണ്‍മണല്‍ത്തിട്ടും ചെറുതോണികള്‍, പച്ച പുതച്ച ഈങ്ങയൂര്‍ കുന്ന്. സന്ധ്യയ്ക്ക് ഇത്തിരി നേരം അന്തിത്തിരി മിന്നിമറയുന്ന ആ ശിവക്ഷേത്രം, നിശ്ശബ്ദമായി കാലുവച്ചു വരുന്ന പ്രഭാതങ്ങള്‍, നീണ്ട പാത, പലതരം യാത്രക്കാര്‍ - എല്ലാം ഒരു മഹാകാവ്യത്തിലെ വരികളായി തോന്നി. അന്നത്തെ അനുഭൂതിയെക്കുറിച്ച് 'പുലരിയെന്നവളോട്' എന്ന കവിതയില്‍ കാണാം. ആ കവിത നഷ്ടപ്പെട്ടു.

ഒരു വിദ്യാര്‍ഥിയായി അങ്ങ് പട്ടാമ്പിയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ പറഞ്ഞത്. അന്ന് അങ്ങ് നേടിയ വിദ്യാഭ്യാസത്തിന്റെ സ്വഭാവം ഒന്നു വിവരിച്ചുതന്നാല്‍ തരക്കേടില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്തെല്ലാം നേടി?

ഒരു വ്യാഴവട്ടക്കാലത്തിലധികം സംസ്‌കൃതപഠനത്തിന്നായി ചെലവഴിച്ചിട്ടുണ്ട്. ആദ്യം പട്ടാമ്പിയില്‍, പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ വച്ച്, സാക്ഷാല്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുനാഥന്റെ കീഴിലായിരുന്നു. കാവ്യങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ പഠിച്ചു. ഏഴര വെളുപ്പിന് ഉറക്കം തൂങ്ങിക്കൊണ്ടുള്ള ആ ശ്ലോകം ചൊല്ലലും, ഗുരുനാഥന്റെ ഇടയ്ക്കുള്ള 'കുഞ്ഞിരാമാ' എന്നുള്ള വിളിയും 'ഉറങ്ങുകയാണോ?' എന്ന ചോദ്യവും ഇപ്പോഴും കാതിലുണ്ട്.

Malayaliyude parambaryam
പുസ്തകം വാങ്ങാം

സാക്ഷാല്‍ പുന്നശ്ശേരി നമ്പിയെക്കുറിച്ച് അങ്ങ് പ്രസ്താവിച്ചുവല്ലോ. ആ പുണ്യശ്ലോകനെക്കുറിച്ച് അല്‍പ്പം കൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. അതും ഒരാപ്തശിഷ്യന്റെ മുഖത്തുനിന്നും.

ഭസ്മരുദ്രാക്ഷമാലകളണിഞ്ഞ ആ തേജോരൂപം, ഇപ്പോഴും ചുമര്‍ച്ചിത്രമായി ഉള്ളറയിലുണ്ട്. കാലത്തു മൂന്നുമണി തൊട്ട് എട്ടു മണിവരെയും വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടുമണിവരെയും അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയുടെ ക്ഷേത്രത്തിലായിരിക്കും. അതു കഴിഞ്ഞ് മറ്റു സമയങ്ങളിലാണ് അധ്യാപനം. ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍-പഠിപ്പിച്ചിരുന്നു.

തഞ്ചാവൂര്‍ പരിസരം അങ്ങയെ എത്ര കണ്ടു സ്വാധീനിച്ചിട്ടുണ്ട്?

ഇവിടെ ഭാരതപ്പുഴ എന്നപോലെ അവിടെയും എന്നെ പിടികൂടാന്‍ ഒരുത്തിയുണ്ടായിരുന്നു. ഇളം നീലച്ചേലയുടുത്ത കാവേരി! കരിമ്പുതോട്ടങ്ങളില്‍ക്കൂടി മെല്ലെ മെല്ലെ അടിവച്ചടിവച്ച് ത്യാഗരാജകീര്‍ത്തനങ്ങളുടെ മധുരമൊഴുക്കി എങ്ങോ നടന്നകലുന്ന കാവേരി! കാവേരിയിലെ പ്രഭാതം! പാതിരാവിലെ ചന്ദ്രോദയം - കാവേരീനദിയിലേക്ക് കെട്ടിയിറക്കിയ ആ കൂറ്റന്‍ കെട്ടിടത്തിന്റെ, ഓളങ്ങളുരുമ്മുന്ന ഒരു മുറിയിലാണ് രണ്ടു കൊല്ലം ഞാന്‍ ജീവിച്ചിരുന്നത്. അവളെക്കുറിച്ച് മൂന്നാലു കവിതകള്‍ അന്നു മനസ്സിലെഴുതിവച്ചു.

അപ്പോള്‍ ഒരു ചോദ്യം - കവിതകള്‍ മനസ്സിലെഴുതിവെച്ചുവെന്ന് പറഞ്ഞല്ലോ. ആ ഏര്‍പ്പാട് ഇന്നുമുണ്ടോ?

ചങ്ങാതീ, ഇന്നത് സാധ്യമല്ല. കടലാസ്സും പേനയും എന്നും തുണയ്ക്കു വേണം എന്ന മട്ടാണിന്ന്: കിഴവന്നു വടിപോലെ.

തികച്ചും ബോധപൂര്‍വമായ ഒരു പ്രക്രിയയാണോ, ഈ കവിതാരചന?

ഓരോരുത്തരുടെയും കവിതാരചന ഓരോ മട്ടിലായിരിക്കും. എന്നെ സംബന്ധിച്ച് തുറന്നുപറയാം. തികച്ചും ബോധപൂര്‍വമല്ല ആ പ്രക്രിയ. ആകാശത്ത് പെട്ടെന്ന് എങ്ങുനിന്നോ മേഘമാലകള്‍ അടിഞ്ഞുകൂടുന്നു. പൂവില്‍ തനിയെ തേന്‍ കിനിയുന്നു. എട്ടുകാലി അവനറിയാതെ മനോഹരമായ വല നെയ്യുന്നു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ ഇരുട്ടില്‍വെച്ച് ആ സര്‍ഗപ്രക്രിയ നടക്കുന്നു.

സാഹിത്യം-കവിത. ജീവിതഗന്ധിയാവണമെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍, കവി തനിക്കു ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കേണ്ടതല്ലേ? അതങ്ങനെത്തന്നെ പകര്‍ത്തിവെച്ചാല്‍ കവിതയാകുമോ?

വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മണ്‍കുടമാകുന്നു. പരുത്തി വെണ്മയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്. കവിയുടെ മൂലധനം ഭാവനാവിലാസംതന്നെ. ഉണക്കുവൈക്കോല്‍ തിന്നുന്ന പശു നറുംപാല്‍ ചുരത്തുന്നു. ഈ പ്രപഞ്ചം ഈ ഭാവനാശില്‍പ്പത്തില്‍ക്കൂടി, നിത്യസുന്ദരമായ ഭാവനാകാവ്യമായി ഉരുത്തിരിയുന്നു.

കവിയുടെ നിത്യനൂതനമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അങ്ങ് ഭംഗിയായി അപഗ്രഥിച്ചു. ഒരു കാര്യം കൂടി. ഈ സൃഷ്ടി നടത്തുന്ന കവിയുടെ ആന്തരാനുഭവങ്ങളെക്കുറിച്ച് വല്ലതും പറയാന്‍ പറ്റുമോ?

വെളിച്ചപ്പാടിന്റെ കാര്യം ഞാന്‍ പലതവണ പറഞ്ഞതാണ്. പോസ്റ്റുമേന്റെ കാര്യവും അതേപോലെതന്നെ. തന്നെ മറക്കുക എന്നതാണ് സുഖരഹസ്യം. കലാരഹസ്യവും അതുതന്നെ. സ്വന്തം മേല്‍വിലാസം നഷ്ടപ്പെടുമ്പോഴാണ് നേട്ടമുണ്ടാകുന്നത്. ഈ 'അഹ'ത്തില്‍നിന്ന് എത്രയ്ക്ക് അകന്നുപോകുന്നുവോ, അത്രയ്ക്ക് അവനുയരുന്നു. ആ നിമിഷങ്ങളില്‍ കവി വ്യക്തിയല്ല, മഹാശക്തിയാണ്. അനശ്വരമായ മഹാകാവ്യമാണ്. ശരിയായ നിയോഗം വരുമ്പോള്‍ അത് വെളിച്ചപ്പാടിന്റെ ശബ്ദമല്ല. മറ്റേതോ ശബ്ദമായിരിക്കും. അവന്‍ ഒരോടക്കുഴലായി മാറും. അനശ്വരമായ തൂലികയായി മാറും. ആദ്യം താങ്കള്‍ ചോദിച്ച ചോദ്യത്തിന്ന് ഇവിടെയാണ് ശരിയായ ഉത്തരം വരുന്നത്. കവിതാരചന സുഖമാണോ, എന്നു ചോദിച്ചുവല്ലോ - ഈ നിമിഷങ്ങളില്‍ കവിതാരചന സുഖമാണ്. ഫോട്ടോഗ്രാഫറുടെ ഡാര്‍ക്ക് റൂമാണ് കവിയുടെ പണിപ്പുര.

അപ്പോള്‍ കവിയുടെ അലൗകികാനുഭൂതികളില്‍ അങ്ങ് വിശ്വസിക്കുന്നു. അല്ലേ?

സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില അലൗകികാനുഭൂതി വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണല്ലോ അവനെ കവിയെന്നു വിളിക്കുന്നത്. അവന്റെ ജീവിതവീക്ഷണം - ലോക വീക്ഷണം - ജീവിതവ്യാപാരം - ഇരിപ്പ്, നടപ്പ്, കിടപ്പ് - പോരാ, ഓരോ ചലനംപോലും വ്യത്യസ്തമായിരിക്കും. പ്രത്യേകതകള്‍ ഉള്ളതായിരിക്കും. ഈ അസാധാരണത്വം - അലൗകികത്വം - അവന്റെ മുദ്രയാണ്. അതു നിലനില്ക്കുമ്പോഴേ, അവന്നു കവിത എഴുതാന്‍ പറ്റൂ. ആര്‍ഷകാവ്യങ്ങള്‍ അതിനു തെളിവാണല്ലോ. കാളിദാസകാവ്യങ്ങള്‍ ഉള്‍പ്പെടെ. ഓരോ നിമിഷവും കവിതയ്ക്കുള്ള തപസ്യയായി മാറ്റാന്‍ വെമ്പുന്നു. ക്ഷണികവും നശ്വരവുമായ ഈ പ്രപഞ്ചജീവിതം അയാള്‍ അനശ്വരമായ കവിതയാക്കി മാറ്റുന്നു.

ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം മറ്റൊരു സ്വരത്തില്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണിവിടെ. സമകാലിക ജീവിതത്തിന്റെ ആശകളും നിരാശകളുമെല്ലാം ഒരു കവിക്കു കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? കവിയും സമൂഹത്തിലൊരു ഭാഗമല്ലേ? അത്തരം പ്രശ്നങ്ങളെ കവി നേരിട്ടില്ലെങ്കില്‍, കാലഘട്ടത്തിന്റെ ശബ്ദം ചെവിക്കൊള്ളാതിരിക്കലെന്ന മട്ടാവില്ലേ?

ഉത്തരം മുമ്പ് പറഞ്ഞതാണ്. കവി വ്യക്തിയല്ല, ശക്തിയാണെന്ന്. കവിയുടെ ആത്മാവ് വിശ്വാത്മാവാണെന്ന്, വിശ്വപ്രേമമാണെന്ന്. കവിയുടെ രൂപം - സത്യം പറയട്ടെ ചങ്ങാതീ! വിശ്വരൂപമാണെന്ന്! കവിയുടെ ഹൃദയസ്പന്ദനം വിശ്വത്തിന്റെ ഹൃദയസ്പന്ദനമാണെന്ന്. സര്‍വചരാചരങ്ങളുടെയും ഹൃദയസ്പന്ദനമാണെന്ന്. മര്‍ദനമേല്‍ക്കുന്ന തൊഴിലാളിയും ഭാരം വലിച്ച്, ചാട്ടയടിയേല്‍ക്കുന്ന വണ്ടിക്കാളയും - അയാളെ വേദനിപ്പിക്കുന്നു. പുഴ അറിയാതെ, പരിസരം അതില്‍ ബിംബിക്കുന്നു. ചുറ്റുമുള്ളതെല്ലാം അതില്‍ പ്രതിബിംബിക്കുന്നു. അത് അകൃത്രിമമാകണം. ആത്മാര്‍ഥമാകണം. അപ്പോഴതിന്ന് അഴകുണ്ട്. അനുഭൂതിയുണ്ട്. മറിച്ചാവുമ്പോള്‍ വിരൂപവും.

കവിതയ്ക്ക് - അല്ലെങ്കില്‍ കവിക്ക് എന്തെങ്കിലും ഒരു ലക്ഷ്യം വേണ്ടതുണ്ടെന്ന് കുഞ്ഞിരാമന്‍ നായര്‍ക്ക് അഭിപ്രായമുണ്ടോ?

ഒറ്റ വാക്കില്‍ പറയാം. ആരും സ്വീകരിച്ചുകൊള്ളണമെന്നില്ല. ജീവിതത്തിനെന്നപോലെ, കവിതയ്ക്കും ഒരു ലക്ഷ്യമുണ്ട്. അതിതാണ്:
പൊട്ടിത്തകരാന്‍ മുഹൂര്‍ത്തമടുത്തൊരീ-
മൃത്യുപാത്രത്തിലമൃതു മോന്തുക,
ലോകത്തിന് മോന്താന്‍ കൊടുക്കുക.

കവി ഉപദേഷ്ടാവാകേണ്ടതുണ്ടോ? എന്ത് പറയുന്നു?

നേരിട്ട് ഉപദേശത്തിനൊരുങ്ങുമ്പോള്‍, കവി കവിയല്ലാതാകുന്നു. ആ പഴയ വരിയാണ് ഇതിനു പ്രമാണമെന്ന് എനിക്കു തോന്നുന്നു:
കാന്താസമ്മിതതയോ ഉപദേശയുജേ. 
(സ്നേഹമുള്ള, സുന്ദരിയായ ഭാര്യയെപ്പോലെ പറയാതെ പറയുക).

പല കവികളും ഈ പ്രപഞ്ചത്തെ എങ്ങനെ വീക്ഷിക്കണമെന്നു പറഞ്ഞുവെച്ചു പോയിട്ടുണ്ട്. കുഞ്ഞിരാമന്‍നായര്‍ ഏത് നിലയ്ക്കാണ് ഈ ലോകത്തെ വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

ആശ മുഴുവന്‍ ഫലിക്കാറില്ലല്ലോ. ഞാന്‍ ആശിക്കുന്നതിതാണ്. അജ്ഞാത രഹസ്യം - അജ്ഞാതസത്യം തിരയുന്ന ഒറ്റപ്പറവയായി, കണ്ണീരില്‍ക്കുതിര്‍ന്ന അലസ മേഘശകലമായി, വിദൂരനക്ഷത്രമായി, നിസ്സംഗനായി, നിര്‍ല്ലോപനായി പ്രകൃതിയെ വീക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

അങ്ങയുടെ അഭിപ്രായത്തില്‍ സാക്ഷാല്‍ കവി ആരാണ്?

'കവി പുരാണം അനുശാസിതാരം' എന്ന് ഉപനിഷത്ത് വാഴ്ത്തുന്ന കവി തന്നെ സാക്ഷാല്‍ കവി. കണ്ടെഴുതുന്നവനല്ല, കാണേണ്ടതെഴുതുന്നവനാണ് കവി.

ഉത്തമ കവിതയോ?

ഈ പ്രപഞ്ചത്തേക്കാള്‍ വലിയ ഉത്തമകവിത മറ്റെന്തുണ്ട്? രസാത്മകമായ ഉത്തമകവിത! ഇതിന്റെ നിര്‍ജീവമായ വിവര്‍ത്തനമല്ല മനുഷ്യസാഹിത്യം. പ്രഭാതവും പ്രഭാതത്തിന്റെ കടലാസു ചിത്രവും ഒന്ന് ഒത്തുനോക്കൂ!

അങ്ങേയ്ക്കു പ്രത്യേക ശീലങ്ങളുണ്ടോ?

ദുശ്ശീലങ്ങളാണേറെ! നല്ലതും ചിലത് ഉണ്ടെന്നു തോന്നുന്നു. അതിലൊന്ന് ഇതാണ്. താങ്കള്‍ എന്തു പറയും എന്നറിഞ്ഞുകൂടാ. പറയാം. എല്ലാവരും ഉറക്കമായാല്‍, വിളക്കണച്ച് തുറന്ന സ്ഥലത്ത്, ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് നക്ഷത്രം നിറഞ്ഞ നീലാകാശം നോക്കിയിരിക്കുക. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥപാരായണമാണത്. മനുഷ്യനെ ഒറ്റയ്ക്കും ഒറ്റയായും പെരുപ്പിച്ചും കാണാനിഷ്ടമില്ല. പ്രപഞ്ചകുടുംബത്തിലെ ഒരംഗമായി, മഹാസമുദ്രത്തിലെ നുരയായി മനുഷ്യനെ കാണാനിഷ്ടപ്പെടുന്നു. പുറംകണ്ണടച്ച്, ഭാവന-ദൃഷ്ടി-ദിവ്യദൃഷ്ടി-യില്‍ക്കൂടി എല്ലാം കാണാനാശിക്കുന്നു. കുട്ടിയുടെ ലോകം ഭാവനാലോകമാണ്. കവിയുടേതും ഭാവനാലോകം തന്നെ. ഒരു ഇളംപൈതലിന്റെ കണ്ണില്‍ എല്ലാം സുന്ദരമാണ്, അത്ഭുതമാണ്. മുറ്റത്തെ പുല്‍ക്കൊടി, ഒരു ഉരുളന്‍കല്ല്, മണല്‍ത്തരി, കൊഴിഞ്ഞുവീണ പക്ഷിത്തൂവല്‍ - എല്ലാം അദ്ഭുതമാണ്. ഒരു ഇളംപൈതലിന്റെ ജിജ്ഞാസ - അടങ്ങാത്ത ജിജ്ഞാസ, അത്ഭുതം, ആനന്ദം - ഈ ഹൃദയമുള്ളവനേ കവിയാവാന്‍ കഴിയുള്ളൂ. അവന്‍ കല്ല് കല്‍ക്കണ്ടമാക്കുന്നു. തെങ്ങിന്‍മടലിനെ കാളയാക്കുന്നു, പൂച്ചക്കുട്ടിയെ ഉമ്മവെക്കുന്നു, തീക്കനല്‍ കടന്നെടുക്കുന്നു, പാമ്പിനെ വാരിയെടുക്കുന്നു - ഈ ഭാവനാവിലാസം നിലനിര്‍ത്തുന്നവന്‍ ആജീവനാന്തം കവിയാവുന്നു.

കുഞ്ഞിരാമന്‍നായരുടെ ലോകവീക്ഷണത്തെപ്പറ്റി മനസ്സിലായി. ഇത്തരമൊരു വീക്ഷണമുണ്ടായിത്തീരാന്‍ ഇതിഹാസങ്ങളും ഉപനിഷത്തുകളും ഏറെ സ്വാധീനം ചെലുത്തിയിരിക്കണമല്ലോ.

പുത്രരക്തത്തില്‍ പിതൃരക്തബിന്ദുക്കള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടോ, എന്നാണല്ലോ ചോദ്യം. താങ്കള്‍ക്കറിയാവുന്ന സംഗതിയല്ലേ അത്. ഏതു കവിയുടെയും പ്രാണവായുവില്‍ അതാതു നാട്ടിലെ ഇതിഹാസവും സംസ്‌കാരവും ചരിത്രവും അവനറിയാതെ കൈ ചെലുത്തുന്നുണ്ട്.

കൂട്ടത്തില്‍ ഒരു ചോദ്യം -കുഞ്ഞിരാമന്‍നായര്‍ ആദ്യകാലത്ത്, ബംഗാളി നാടകങ്ങള്‍ ഒന്നാന്തരമായി തര്‍ജമ ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകിച്ചും ദ്വിജേന്ദ്രലാല്‍ റോയിയുടെ. അങ്ങേയ്ക്ക് ബംഗാളി വശമുണ്ടോ? അറിയാവുന്ന, അവഗാഹമുള്ള മറ്റു ഭാഷകളേതെല്ലാമാണ്?

എന്റെ ജന്മദേശം കാഞ്ഞങ്ങാടാണെന്ന് അറിയുമല്ലോ. സ്‌കൂളില്‍ പഠിച്ചതു കര്‍ണാടകമാണ്. ബംഗാളി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ, കര്‍ണാടകത്തില്‍നിന്നാണ് പ്രശസ്ത നാടകങ്ങള്‍ ഞാന്‍ മലയാണ്മയ്ക്കു കാഴ്ചവെച്ചത്.

അതു ശരി. ജന്മദേശം വിട്ട് മധ്യമലയാളത്തില്‍ത്തന്നെ ഏതാണ്ട് സ്ഥിരവാസമായത് എന്തുകാരണത്താലാണ്?

ഒരു സാഹിത്യകാരന് പറ്റിയ അന്തരീക്ഷമല്ല വടക്കുള്ളത് എന്നെനിക്കു തോന്നി. കാഞ്ഞങ്ങാട്ട് കൃഷിയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ്. നല്ല പത്രമാസികകളോ പ്രസിദ്ധീകരണശാലകളോ ഇന്നും വടക്കില്ല. ഒരുദാഹരണം പറയട്ടെ. ഓണക്കാലത്തെപ്പറ്റി ഒട്ടേറെ കവിതകളുണ്ടല്ലോ? ഇതിന്റെയെല്ലാം പശ്ചാത്തലം മധ്യകേരളമാണ്. ഓണാഘോഷം മധ്യകേരളത്തിലാണ്. അതു നടന്നുകണ്ടാണ് കവിതയെഴുതിയത്. മധ്യകേരളത്തിലെ തിരുവാതിരയെപ്പറ്റിയും ഒട്ടേറെ കവിതയുണ്ട്. തിരുവാതിരയും കണ്ട് അനുഭവിച്ചതാണ്. ഒന്നിനുവേണ്ടി ജനിച്ച്, ഒന്നിനുവേണ്ടി ജീവിച്ചു മരിക്കണമെന്നു ഞാന്‍ പണ്ടേ ആശിച്ചു. ഇന്നും ആശിക്കുന്നു. മധ്യകേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായ ബന്ധങ്ങള്‍പോലും ഗ്രാമീണജീവിതം നേരില്‍ക്കണ്ടു കവിതയില്‍ പകര്‍ത്തുക എന്ന സ്വപ്നം വച്ചായിരുന്നു. സത്യം പറയട്ടെ ചങ്ങാതി! ഞാന്‍ ജീവിതത്തില്‍ ഒരു സ്ത്രീയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ആത്മാര്‍ഥമായി! അവളുടെ പേരിതാണ് - കവിത!

സാഹിത്യജീവിതംകൊണ്ട് അങ്ങേക്കെന്തു നേട്ടമുണ്ടായി?

സാഹിത്യജീവിതത്തിനുവേണ്ടി, ഭൗതികമായതെല്ലാം നഷ്ടപ്പെടുത്തിയവനാണ് ഞാന്‍. അതെല്ലാം നീണ്ട കഥകളാണ്. അതിന്റെ ലാഭനഷ്ടങ്ങള്‍ നോക്കിയിട്ടില്ല.

പല വ്യാഖ്യാതാക്കളും നിരൂപകരും അങ്ങയുടെ കവിതകളുടെ അന്തര്‍ധാരയായി ഒഴുകുന്ന വിഷാദഭാവത്തെ, വ്യക്തിപരമായ വിഷാദമായി വിലയിരുത്തിയിട്ടുണ്ട്. അതേക്കുറിച്ച് വല്ലതും പറയാനുണ്ടോ?

ഏവര്‍ക്കും വ്യക്തിപരമായ വിഷാദങ്ങള്‍ കാണും. എന്നാല്‍ എന്റെ കവിതയില്‍ കാണുന്ന ആ വിഷാദം ഒട്ടും തന്നെ വ്യക്തിപരമല്ല. അതു സ്വതന്ത്രഭാരതത്തിന്റെ വിഷാദവും നിരാശയുമാണ്. ആത്മാവ് നഷ്ടപ്പെട്ട സ്വതന്ത്ര ഭാരതത്തിന്റെ... അതിന്റെ സ്വരൂപം വിഷാദമാണെന്ന് ചിലരെങ്കിലും അറിയും.

അപ്പോള്‍ ഒരു ചോദ്യം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒട്ടനവധി കവിതകളിലൂടെ പോരാടിയ ഒരു കവിയാണല്ലൊ അങ്ങ്. സ്വാതന്ത്ര്യാനന്തര ഭാരതത്തെപ്പറ്റി എന്തു തോന്നുന്നു? ആശയോ, നിരാശയോ?

അതിനുത്തരം 'നരബലി', 'മാതൃചരണങ്ങളില്‍' തുടങ്ങിയ കവിതകള്‍ പറയും.

മലയാള കവിതാരംഗത്തെ പരീക്ഷണങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക കവിതകളെക്കുറിച്ച്, പുതിയ എഴുത്തുകാരെപ്പറ്റി അങ്ങേയ്ക്കുള്ള അഭിപ്രായമെന്താണ്?

കവിത എന്നും കവിത തന്നെ. ഇന്നലെയുടെ തുടര്‍ച്ചയാണ് ഇന്നെന്ന പൂമൊട്ട്. അതിന്റെ തുടര്‍ച്ചയാണ് നാളെയെന്ന പൂവ്. ഒരു ചങ്ങലക്കണ്ണിയുടെ തുടര്‍ച്ച. മാറ്റമാണ് പ്രകൃതി. സ്വാഭാവികമായ വളര്‍ച്ച സുഖമാണ്. കരുത്തന്മാര്‍ എന്നുമുണ്ടാകും. ഒരിക്കലും പൂക്കളവസാനിക്കുന്നില്ല. എന്നാലൊന്നുണ്ട്. ഏതു കലയുടെയും ആത്മാവ് രസമാണ്. ഉടല്‍ സൗന്ദര്യവും.

അടുത്ത കാലത്തായി വളരെയധികം വിലയിരുത്തപ്പെട്ടിട്ടുള്ള ഒരു മലയാള കവിയാണ് അങ്ങ്. നിരൂപകര്‍ വിവിധ വീക്ഷണകോണുകളിലൂടെ അങ്ങയുടെ കവിതയെ നോക്കിക്കണ്ടിട്ടുണ്ട്. ഒരേ ഒരു ചോദ്യം- മലയാളത്തിലെ നിരൂപണത്തെക്കുറിച്ച് എന്താണഭിപ്രായം?

മലയാള നിരൂപണഗോദയിലെ പ്രമുഖഗുസ്തിവിദഗ്ധനായിരുന്ന നമ്മുടെ കുട്ടികൃഷ്ണമാരാരു പോലും, ഒറ്റയ്ക്കിരിക്കുമ്പോള്‍ തന്റെ പഴയ നിരൂപണ വിക്രിയകളെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കുന്നതായി ആരോ പറഞ്ഞു കേള്‍ക്കുകയുണ്ടായി. പലരും പശ്ചാത്തപിക്കുവാന്‍ ഇനിയും ബാക്കിയാണ്- മനസ്സാക്ഷിയുടെ കുത്തേറ്റ്.

ഭാവി പരിപാടിയെന്താണ്?

ഭാവി പരിപാടി ഇതു മാത്രമാണ്. മരണം! അവള്‍ക്കു വേണ്ടി- അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണം!

Content Highlights: The Text of Interview between Akkitham and P Kinhiraman Nair at All India Radio

PRINT
EMAIL
COMMENT
Next Story

കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍

ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോർ സർവീസിന്റെ ഉടമസ്ഥതയിലുള്ള 'റെഡീമർ' ബോട്ട് .. 

Read More
 

Related Articles

'തൂവല്‍ കൊഴിയും.. അരയന്നങ്ങള്‍ തിരിഞ്ഞുനോക്കാറില്ല... എനിക്കത്രേയുള്ളൂ'
Books |
Books |
അക്കിത്തത്തിന് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി
Books |
ഭാഗവതവിവര്‍ത്തകന്റെ വിവര്‍ത്തകനാവുകയെന്ന നിയോഗമാണെന്റെ സൗഭാഗ്യം-ഡോ.ആര്‍സു
Books |
ഞാനരിച്ചേടത്തെല്ലാം അക്ഷരങ്ങളെ കാണ്മൂ...
 
  • Tags :
    • Akkitham
    • P Kunhiraman Nair
More from this section
മഹാകവി കുമാരനാശാനും പത്‌നി ഭാനുമതിയമ്മയും
കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍
ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മുതലാളി ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കണം; ഇല്ലേല്‍ പിന്നെയൊരുകാലത്തും ഇരിക്കാനാവില്ല- ഒരു പ്രേംനസീര്‍ തത്വം
KP Balachandran
വിവര്‍ത്തകന്റെ ഷെര്‍ലക് ഹോംസ്
M Nandakumar
ചെമ്പോലയിലെ ചരിത്രത്തിന്റെ ചിരികള്‍
EK Nayanar
'എന്ത് പിറന്നാള്‍, എന്താഘോഷം'...ഇന്നും സഖാവ് അങ്ങനെയേ പറയൂ!-ശാരദ ടീച്ചര്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.