രു ജനാധിപത്യ രാജ്യത്ത് പുസ്തകങ്ങളും സിനിമകളുമെല്ലാം നിരോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിന്‍. ജനാധിപത്യം അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. പിന്നെ എങ്ങനെ സര്‍ഗസൃഷ്ടികള്‍ നിരോധിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നും അവര്‍ ചോദിച്ചു. കൊച്ചിയില്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തസ്ലീമയുടെ വാക്കുകളിലുടെ:

'ലജ്ജ'

എന്റെ സ്വന്തം നാട്ടില്‍ 'ലജ്ജ' നിരോധിച്ചിരിക്കുകയാണ്. അതിനെതിരേയുള്ള നിയമ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ പോലും അവിടെ ആരും തയ്യാറല്ല. ഇവിടെ ആ പുസ്തകത്തിന്റെ 20-ാം പതിപ്പ് പുറത്തിറങ്ങുമ്പോള്‍ സന്തോഷമുണ്ട്. സത്യങ്ങള്‍ മാത്രമാണ് ഞാന്‍ എഴുതിയത്. സത്യത്തെ പേടിക്കുന്നവരാണ് പുസ്തകത്തിനെതിരേ രംഗത്തിറങ്ങുന്നത്. 

മതനിരപേക്ഷതയിലും ദേശീയതയിലും മാനവികതയിലുമെല്ലാം ഞാന്‍ വിശ്വസിക്കുന്നു. ന്യൂനപക്ഷമെന്ന പേരില്‍ പലയിടത്തും മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നു. എന്തിന്റെ പേരിലായാലും മനുഷ്യര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണരുത്. (ലജ്ജയുടെ 20-ാം പതിപ്പും ബ്രഹ്മപുത്ര നദിക്കരയില്‍ എന്ന പുസ്തകവും ഗ്രീന്‍ ബുക്സ് പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു)

ലജ്ജ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ എന്റെ നാട്

ഇന്ത്യ എനിക്ക് സ്വന്തം നാടാണ്. വിദേശത്തുള്‍പ്പെടെ താമസിച്ചിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലാകുമ്പോള്‍ ജന്മനാട്ടില്‍ എത്തിയതുപോലെയാണ്. ഇവിടെ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമോയെന്ന ഭയമുണ്ട്. ഞാന്‍ ഔദ്യോഗികമായി ഇന്ത്യക്കാരിയല്ലല്ലോ... ഇവിടെ തുടര്‍ന്ന് ജീവിക്കാനും എഴുതാനും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

സ്നേഹം മുന്നോട്ടു നയിക്കുന്നു

ജന്മനാട്ടില്‍നിന്നുള്ള എതിര്‍പ്പുകള്‍ തളര്‍ത്തുമ്പോഴും എന്നെ മുന്നോട്ടു നയിക്കുന്നത് സ്നേഹമാണ്. എഴുതുന്നതിനുള്ള ഊര്‍ജവും അതുതന്നെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നെ സ്നേഹിക്കുന്നവര്‍. അവര്‍ നല്‍കുന്ന പ്രചോദനവും സ്നേഹവും വിലമതിക്കാനാവാത്തതാണ്.

തസ്ലീമ നസ്‌റിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പോരാട്ടം തുടരും 

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും. സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനങ്ങളോടും പ്രതികരിക്കും. ശക്തിയുള്ളൊരു തൂലിക എനിക്കൊപ്പമുണ്ടല്ലോ...

Content Highlights: taslima nasreen lajja book