ദ കൈറ്റ് റണ്ണര്‍, തൗസന്റ് സ്പ്‌ളെന്റിഡ് സണ്‍സ്, ആന്‍ഡ് ദ മൗണ്ടെയ്ന്‍സ് എക്കോഡ്, സീ പ്രെയര്‍...അഫ്ഗാനിസ്താൻ ജീവിതങ്ങളെ ലോകം തൊട്ടറിഞ്ഞത് വിഖ്യാത എഴുത്തുകാര്‍ ഖാലിദ് ഹൊസ്സേനിയിലൂടെയാണ്. ഇരുപത് വര്‍ഷത്തെ അമേരിക്കന്‍ സ്വാധീന അഫ്ഗാനിസ്താനെ താലിബാന്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ എഴുത്തുകാരനുമായി CNN നടത്തിയ അഭിമുഖം. 

താങ്കളുടെ മാതൃരാജ്യം ഒടുക്കം താലിബാന് കീഴടങ്ങിയിരിക്കുന്നു. എങ്ങനെ നിരീക്ഷിക്കുന്നു ഈ സംഭവത്തെ?

എന്റെ രാഷ്ട്രത്തിന്റെ കുടല്‍മാല കീറിയെടുത്തിരിക്കുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഫോണ്‍ തുറന്നപ്പോള്‍ കണ്ടത് കാബൂള്‍ നിലംപതിച്ച വാര്‍ത്തയാണ്. അമേരിക്കന്‍ സൈന്യാധീന അഫ്ഗാനിസ്താനിൽ ഞാന്‍ പലതവണ പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എന്റെ രാജ്യത്തിന്റെ കുടല്‍മാല അവര്‍ പറിച്ചെടുത്ത് പുറത്തിട്ടിരിക്കുകയാണ്. 

അഫ്ഗാനിസ്താനോട് എനിക്ക് അതിതീവ്രമായ വൈകാരികതയാണുള്ളത്. കാബൂളും അവിടത്തെ ജനങ്ങളും അത്രമേല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. 1976 മുതല്‍ അഫ്ഗാനിസ്താനിൽ ഞാന്‍ സ്ഥിരതാമസമില്ല. പക്ഷേ എന്നെ ഞാനാക്കിയ എന്റെ വ്യക്തിത്വരൂപവത്ക്കരണം നടന്ന വര്‍ഷങ്ങള്‍ കഴിഞ്ഞുപോയത് എന്റെ പ്രിയപ്പെട്ട നഗരമായ കാബൂളില്‍ നിന്നാണ്. താലിബാന്‍പതാക ആ നഗരത്തില്‍ പറക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ കാഴ്ചയാണ്. ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒന്ന്.

താങ്കളുടെ കാബൂള്‍ക്കാലത്തെക്കുറിച്ച് പറയാമോ?

നിങ്ങള്‍ക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നതിലും മനോഹരമായിരുന്നു കാബൂളിലെ എന്റെ കുട്ടിക്കാലം. അവിടെ ഹിപ്പികള്‍ ചായക്കടകളില്‍ തമ്പടിക്കുകയും മുട്ടറ്റമുള്ള പാവാടകളും ധരിച്ച് സ്ത്രീകള്‍ പൊതുവിടങ്ങളില്‍ പുകവലിച്ചൂതിക്കൊണ്ട് നടന്നുപോകുകയും കാറോടിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാരായും അഭിഭാഷകരായും മറ്റു സര്‍ക്കാര്‍ ജോലിക്കാരായും സ്ത്രീകള്‍ വളരെ വിശാലമായ പൊതുജീവിതം നയിച്ചവരായിരുന്നു. തികച്ചും വ്യത്യസ്തമായ സ്ത്രീസമൂഹമായിരുന്നു അവിടെയുണ്ടായിരുന്നത്. അനുദിനം അഭിവൃദ്ധി പ്രാപിച്ചിരുന്ന നഗരമായിരുന്നു കാബൂള്‍. ഒരു യാഥാസ്ഥിതിക മതരാജ്യത്തിന്റെ നിലവാരമനുസരിച്ച് തികച്ചും ഉദാത്തമായ ഒന്ന്. പൂര്‍ണ സ്വതന്ത്രമായ തലസ്ഥാനനഗരിയായ കാബൂള്‍ ആണ് എന്റെ അനുഭവത്തിലുള്ളത്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഒരു കുഞ്ഞിന് വളരാന്‍ ഏറ്റവും ദുര്‍ഘടമായ സ്ഥലമായി ഭൂഗ്രഹത്തില്‍ ലോകം അടയാളപ്പെടുത്തുന്നത് ഈ നഗരത്തെയാണ്, എന്റെ രാജ്യത്തെയാണ് എന്നത് എനിക്കേറെ അസ്വസ്ഥതയുണ്ടാക്കുന്നു. അതേസമയം അവിടെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ബാല്യം ഞാന്‍ ചെലവഴിച്ചിരുന്നത് എന്നോര്‍ക്കണം. ആ കാലഘട്ടത്തിലെ അഫ്ഗാനിസ്താനിൽ ജനിച്ചുവളരാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ സൗഭാഗ്യം., അതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. സോവിയറ്റ് അധിനിവേശത്തിനു മുമ്പുള്ള അഫ്ഗാനിസ്താനിലെ സമാധാനവും സ്‌നേഹവും സൗന്ദര്യവും; അഫ്ഗാനിസ്താന്റെ അവസാനത്തെ നല്ലകാലവും എനിക്കനുഭവിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്ന അഫ്ഗാനിസ്താൻ എല്ലാ സൗഭാഗ്യങ്ങളുടെയും കലാശമാണ്. 

അഫ്ഗാനിസ്താ​നിലുള്ള താങ്കളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എന്താണ് ഇതേപ്പറ്റി പറയുന്നത് ?

നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ. അവരുടെ സുരക്ഷയെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും അന്യമതസുഹൃത്തുക്കളുടെ സുരക്ഷയെക്കുറിച്ചും തന്നെയാണ് അവര്‍ക്ക് ആശങ്ക. താലിബാന്റെ ഈ പിടിച്ചടക്കല്‍ അവകാശങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് അവര്‍ക്കറിയില്ല, ഊഹിക്കാന്‍ കഴിയുന്നില്ല. വളരെയധികം ആശങ്കാകുലരാണ് അവര്‍. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ പ്രയത്‌നങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്തവയെല്ലാം, നേടിയ നേട്ടങ്ങളെല്ലാം, തോക്കിന്‍കുഴലില്‍ അവസാനിക്കുന്നതിനെക്കുറിച്ച് ആര്‍ക്കാണ് ഓര്‍ക്കാന്‍ കഴിയുക? 

2001-ല്‍ താലിബാനെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിനുശേഷം അഫ്ഗാനിസ്താന്റെ ഗ്രാഫ് എങ്ങോട്ടായിരുന്നു ദിശചൂണ്ടിയത്? 

ദശലക്ഷക്കണക്കിന് അഫ്ഗാന്‍കാരോടൊപ്പം എന്റെ വികാരങ്ങളും അന്ന് പ്രതിധ്വനിച്ചു- താലിബാന്‍ പോയി. നല്ലൊരു ഭാവിക്കായി ഒരു തുറന്ന അവസരമായിരുന്നു അന്ന് അഫ്ഗാന്റെ മുമ്പിലുണ്ടായിരുന്നത്- കൂടുതല്‍ സുസ്ഥിരവും സമ്പന്നവും സമാധാനപരവുമായ ഒരു രാജ്യം മുന്നോട്ടുപോകാനൊരുങ്ങുകയായിരുന്നു. 2003-ല്‍ ഞാന്‍ കാബൂള്‍ സന്ദര്‍ശിച്ചു. 27 വര്‍ഷത്തിനിടെ ആദ്യമായി അഫ്ഗാനിസ്താനിലേയ്ക്ക് മടങ്ങുകയാണ്. വളരെ ഭയാനകമായ അന്തരീക്ഷമായിരുന്നു അത്. അന്നത്തെ സാഹചര്യത്തെ ഭയപ്പാടോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. അന്ന് അഫ്ഗാനിസ്താൻ തന്റെ ജനതയ്ക്കു മുമ്പില്‍ തുറന്നിട്ട സാധ്യതകളെ അസ്വസ്ഥതയോടെയായിരുന്ന ഒരു വിഭാഗം ജനത നോക്കിക്കണ്ടിരുന്നത്. പതുക്കെ അവസ്ഥ മാറിത്തുടങ്ങി. കലാപം പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. പ്രതീക്ഷ നിറഞ്ഞതായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ഇന്നത്തെ അവസ്ഥയുടെ നേര്‍വിപരീതം. 1992-96 നും ഇടയില്‍ നടന്ന ആഭ്യന്തരകലാപമൊഴിച്ചാല്‍ ഏറ്റവും ദുരിതപൂര്‍ണമായ ദിവസങ്ങളാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. അഫ്ഗാനിസ്താന്റെ ഭാവി; ഇനിയെന്താണെന്നെനിക്കറിയില്ല. 

Evocuation
അഫ്ഘാന്‍പലായന ദൃശ്യം/ഫോട്ടോ: എ.പി
 

താലിബാന്‍ വീണ്ടും അഫ്ഗാനിസ്താന്‍ പിടിച്ചെടുക്കുമെന്ന് താങ്കള്‍ എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

ഞാന്‍ അവിടെ പോയപ്പോഴെല്ലാം തദ്ദേശവാസികളോട് സംസാരിക്കാറുണ്ടായിരുന്നു ഇതേപ്പറ്റി. എല്ലാവരുടെയും അഭിപ്രായങ്ങളിലും പ്രതിധ്വനിച്ചിരുന്നത് ഒരേയൊരു കാര്യമായിരുന്നു- അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ അഫ്ഗാൻ ഭരണകൂടത്തിന് അവരുടെ ജനതയെ സംരക്ഷിക്കാനും രാജ്യത്തെ നിലനിര്‍ത്താനും കഴിയുമെന്ന് അവര്‍ക്ക് വിശ്വാസമില്ലായിരുന്നു. അത് സത്യമാണെന്ന് വര്‍ഷങ്ങള്‍കൊണ്ട് തെളിഞ്ഞു. അന്താരാഷ്ട്രസൈന്യത്തിന്റെ സാന്നിധ്യം രാജ്യത്തില്ലെങ്കില്‍ താലിബാന്‍ പോലുള്ള വിമതഗ്രൂപ്പുകളുടെ കൈകളില്‍ അകപ്പെടുമെന്ന് ഭൂരിഭാഗം അഫ്ഘാനികളും ആശങ്കപ്പെട്ടിരുന്നു. ഇത്രപെട്ടെന്നുതന്നെ അതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. സംഘര്‍ഷം തുടങ്ങി പതിനൊന്നാം നാള്‍ രാജ്യം അവരുടെ കൈകളിലെത്തി എന്നത് തികച്ചും അതിശയകരമാണ്.

മറ്റ് വിദേശശക്തികളെല്ലാം തന്നെ അഫ്ഗാനിസ്താനിലേക്ക് കടന്നുകയറിയപ്പോള്‍ പരാജയമറിഞ്ഞവരാണ്. ഇപ്പോള്‍ യു.എസ് സൈന്യവും അതേ രീതിയില്‍ അവസാനിക്കുന്ന കാഴ്ചയാണുള്ളത്. ഇത് അനിവാര്യമായിരുന്നോ? സര്‍വസജ്ജമായ ഒരു അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്താനില്‍ അര്‍ഥവത്തായ മാറ്റം വരുത്തുമോ?

അഫ്ഗാനിസ്താനിലെ  അമേരിക്കന്‍ ഓപ്പറേഷന്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ഞാനും പിന്തുണച്ചതാണ്; ദശലക്ഷക്കണക്കിന് അഫ്ഗാൻകാരെപ്പോലെ. അഅഫ്ഗാനിസ്താനില്‍ അമേരിക്കക്കാര്‍ വ്യാപാരം ചെയ്യുന്ന രീതിയെക്കുറിച്ച് തികച്ചും ന്യായമായ പരാതികള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്താനിലെ ചില നല്ല മനസ്സുകളും അമേരിക്കയുടെ ആത്മവിശ്വാസവും ഇല്ലാതാക്കുന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി അവിടെ നടന്നുവന്നിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ അമേരിക്കന്‍ സാന്നിധ്യം വിമതരുടെ കൈകളില്‍ അകപ്പെടുന്നതിനെതിരായ ഒരു 'ബഫര്‍' ആണെന്ന് ഒട്ടുമിക്ക അഫ്ഘാനികളും തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഒരു പ്രസംഗം നടത്തി. ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്: എന്താണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പാരമ്പര്യം, എന്തിനുവേണ്ടിയായിരുന്നു? അമേരിക്കയെ സംബന്ധിച്ചിടത്തോളം അവര്‍ സൈന്യത്തെ തങ്ങളുടെ രാജ്യക്ഷേമത്തിനായി ഉപയോഗിക്കുന്നു, പകരം ഞങ്ങളെ പാടേ വലിച്ചെറിയുകയാണോ? അഫ്ഘാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പതിനായിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെടുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നു. നിരവധി ഗ്രാമങ്ങള്‍ ബോംബിട്ടുനശിപ്പിക്കുന്നു. രാജ്യത്തിന്റെ മികച്ച ഭാവിക്കായി നിരവധിയാളുകള്‍ കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയതെല്ലാം വൃഥാവിലായി. 

തൊണ്ണൂറുകളുടെ മധ്യത്തില്‍ അഫ്ഗാൻ ജനതയുടെ മേല്‍ അതിഭീകരഭരണം നടപ്പിലാക്കുകയും രാജ്യത്തെ തീവ്രവാദസംഘടനകള്‍ക്കായുള്ള സുരക്ഷിത താവളമാക്കി മാറ്റിയ, അമേരിക്ക തന്നെ ഒരു തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച ഒരു സംഘടനയുടെ കാരുണ്യത്തിലാണ് അഫ്ഗാനിസ്താന്‍. വിഴുങ്ങാന്‍ വളരേ കയ്പ്പുള്ള ഒരു ഗുളികതന്നെയാണിത്. രക്ഷകര്‍ തന്നെ തങ്ങളെ ഒറ്റിക്കൊടുത്തതായി അഫ്ഗാനികൾ കരുതുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. 

അന്താരാഷ്ട്രസമൂഹത്തിന് എന്തുതരത്തിലുള്ള ഉത്തരവാദിത്തമാണ് അഫ്ഗാൻ  ജനതയ്ക്കുമേല്‍ ഉള്ളതെന്നാണ് താങ്കള്‍ പറയുന്നത് ? 

വരും ദിവസങ്ങളിലും ആഴ്ചകളിലും മാസങ്ങളിലും അഫ്ഘാനികളുടെ പലായനം തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു മാനുഷികപ്രതിസന്ധിയാണ് അവിടെ നിലനില്‍ക്കുന്നത്. വളരെ നേരത്തേ തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്കും UNCHR, UN Refugee Agency തുടങ്ങിയ സംഘടനകള്‍ക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും സേവനങ്ങളും നല്‍കാന്‍ ആളുകള്‍ക്ക് പ്രവേശനം ലഭിക്കുക എന്നതാണ് വളരെ അത്യാവശ്യമായിട്ടുള്ളത്. 

എല്ലാ രാജ്യങ്ങളോടും അവരുടെ അതിര്‍ത്തികള്‍ തുറക്കാനും നാല്‍പത് വര്‍ഷത്തെ അക്രമത്തില്‍ നിന്നും പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഫ്ഗാൻ അഭയാര്‍ഥികളെ സ്വാഗതം ചെയ്യാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. അഫ്ഗാനിസ്താനെ ഉപേക്ഷിക്കാനുള്ള സമയമല്ല ഇത്. അഭയാര്‍ഥികള്‍ക്കുനേരെ പുറം തിരിഞ്ഞുനില്‍ക്കാനുളള സമയവുമല്ല. അമേരിക്കയ്ക്ക് അഫ്ഗാനിസ്താനോട് കടമയുണ്ട്. യു.എസ് ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുപ്രവര്‍ത്തിച്ചവരാണവര്‍. യു.എസ് സംരംഭങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവരാണവര്‍. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഞങ്ങളോടും മറ്റ് വിദേശസൈനികരോടും അവരും പ്രവര്‍ത്തിച്ചു. നമ്മള്‍ പരസ്പരം മുഖം തിരിക്കരുത്.

ഇത്തവണ താലിബാന്റെ ഭരണം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണല്ലോ അവര്‍ പറയുന്നത്?

ഇതേക്കുറിച്ചുള്ള എന്റെ വികാരം അഫ്ഗാനികളുടെ പ്രതിധ്വനിയായി കണ്ടാല്‍ മതി. ഈ പ്രസ്താവനയില്‍ എനിക്ക് വളരെ ആഴത്തിലുള്ള ആശങ്ക തന്നെയുണ്ട്. വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് താലിബാന്‍ അത് തെളിയിക്കേണ്ടത്. ലോകശ്രദ്ധ ഇപ്പോള്‍ താലിബാനിലായതിനാല്‍ അവര്‍ മനുഷ്യാവകാശങ്ങളെ മാനിക്കുന്നുവെന്നും സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുന്നുവെന്നും പറയുന്നതില്‍ അതിശയിക്കാനൊന്നുമില്ല. ഇസ്ലാമിക നിമയത്തിന്റെ പരിധിക്കുള്ളില്‍ എന്ന് പറയാന്‍ അവര്‍ വളരെ ശ്രദ്ധാലുക്കളാണ്. എല്ലാത്തരം വ്യാഖ്യാനങ്ങളും അതോടെ തീരുന്നു. 

Taliban
താലിബാന്‍ അനുയായി/ഫോട്ടോ: എ.പി

ദ കൈറ്റ് റണ്ണര്‍, തൗസന്റ് സ്പ്‌ളെന്റിഡ് സണ്‍സ്, ആന്‍ഡ് ദ മൗണ്ടെയ്ന്‍സ് എക്കോഡ്, സീ പ്രെയര്‍... അഫ്ഗാനിസ്താന്‍ ജീവിതങ്ങളെ ലോകം തൊട്ടറിഞ്ഞത് താങ്കളുടെ നോവലുകളിലൂടെയാണ്. ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും ഒരു ധാരണ വളര്‍ത്താന്‍ സാഹിത്യത്തിന് എത്രത്തോളം കഴിയും?

സാഹിത്യം ഒരു ജാലകമാണ്; ഒരു വ്യക്തിയുടെ അനുഭവമാണ്. ആളുകള്‍ എന്റെ നോവലുകള്‍ വായിക്കുകയും അഫ്ഗാനിസ്താന്റെ അവസ്ഥയുമായും രാജ്യവുമായും വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ വളരെ അനുഗ്രഹീതനാണ്. കാരണം വര്‍ഷങ്ങളായി അഫ്ഗാനിസ്താന്‍ താലിബാനുമായും യുദ്ധങ്ങളുമായും ബന്ധപ്പെട്ടുകിടക്കുകയാണ്. പോരാത്തതിന് തീവ്രവാദവും മയക്കുമരുന്ന് വ്യാപാരവും. രാജ്യത്തെക്കുറിച്ച് കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണവുമായ ധാരണകളുമായി ആളുകള്‍ എന്റെ നോവലുകളില്‍ നിന്നും അകന്നുപോകുന്നുവെന്ന് ഞാന്‍ ആശങ്കപ്പെടുന്നു. അഫ്ഗാനിസ്താന്റെ പ്രതിനിധിയായി ഞാന്‍ എന്നെ കാണുന്നില്ല. പക്ഷേ അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പറയുന്നതില്‍ എനിക്ക് അഗാധമായ പങ്കുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. വളരെക്കാലമായി ഞാന്‍ പ്രവാസത്തിലാണ്. അഫ്ഗാനിസ്താനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനുള്ള പ്രവേശനകവാടം മാത്രമാണ് എന്റെ നോവലുകള്‍ എന്നു ഞാന്‍ കരുതുന്നു; അതല്ല അവസാനമെന്നും. 

അഫ്ഗാനിസ്താ​നിലെ ഏത് എഴുത്തുകാരെയാണ് ഇപ്പോള്‍ നമ്മള്‍ വായിക്കേണ്ടത്?

'കറുപ്പ് രാജ്യം: കുഞ്ഞുമക്കള്‍, മയക്കുമരുന്ന് പ്രഭുക്കള്‍, അഫ്ഗാനിസ്താനിലൂടെയുള്ള ഒരു സ്ത്രീയാത്ര' (Opium Nation: Child Brides, Drug Lords, and One Woman's Journey Through Afghanistan.'') വിഖ്യാത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഫരീബ നവ തന്റെ രാജ്യത്തെ അടയാളപ്പെടുത്തിയത് ഈ പുസ്തകത്തിലൂടെയാണ്. അഫ്ഗാനിസ്താന്റെ കഴിഞ്ഞ മുപ്പത് വര്‍ഷത്തെയാണ് ഈ പുസ്തകം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ ചരിത്രം മാത്രമല്ല, തദ്ദേശീയരുടെ അനുഭവവും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞാന്‍ തമീം അന്‍സാരിയുടെ 'വെസ്റ്റ് ഓഫ് കാബൂള്‍, ഈസ്റ്റ് ഓഫ് ന്യൂയോര്‍ക്ക്്' എന്ന പുസ്തകം ശുപാര്‍ശ ചെയ്യുന്നു. 

അഫ്ഗാനിസ്താനിലെ ഓരോ ശബ്ദങ്ങളും അവഗണിക്കപ്പെടുകയാണ്

അവഗണിക്കപ്പെടാന്‍ പോകുന്ന ശബ്ദങ്ങളില്‍ ആദ്യത്തേത് സ്ത്രീകളുടേതാണ് എന്നതാണ് എന്റെ ഭയങ്ങളില്‍ ആദ്യത്തേത്. തൊണ്ണൂറുകളില്‍ താലിബാന്‍ ഭരണം സാമൂഹികജീവിതത്തിലെ അര്‍ഥവത്തായ പല പങ്കാളിത്തങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കി. സ്ത്രീകള്‍ക്ക്  ഈ ഗ്രഹത്തിലെ ഏറ്റവും മോശം സ്ഥലമാണ് എന്റെ രാജ്യം. എന്റെ രാജ്യത്തെ സ്ത്രീകളുടെ ശബ്ദം നിശബ്ദമാക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറയുന്ന പല സഹഅഫ്ഗാനികളെയും ഞാന്‍ വിശ്വസിക്കട്ടെ. ഏറ്റവും ധൈര്യശാലികളും പ്രതിരോധശേഷിയുള്ളവരും മാനവവിഭവസമൃദ്ധിയുള്ളവരുമാണ് എന്റെ രാജ്യത്തെ സ്ത്രീകള്‍. അവരെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. 

അഫ്ഗാനിസ്താനെക്കുറിച്ചാണ് കൂടുതലായും ആളുകള്‍ മനസ്സിലാക്കിയിരിക്കേണ്ടത് എന്ന് താങ്കള്‍ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? 

യുദ്ധത്താല്‍ മടുത്ത ഒരു ജനതയാണവര്‍. അവര്‍ ക്ഷീണിതരാണ്. കടുത്ത അസ്വസ്ഥതകളിലൂടെയും സ്ഥാനചലനങ്ങളിലൂടെയും ഒന്നിനുപിറകേ ഒന്നായിവന്നുചേര്‍ന്ന പ്രതിസന്ധികളിലൂടെയും അവര്‍ കഷ്ടപ്പെട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്. അഫ്ഗാൻ അഭയാര്‍ഥികളെ എങ്ങനെ സഹായിക്കും? ലോകം ശ്രദ്ധതിരിക്കുമ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും; എന്റെ ജനതയെ ഉപേക്ഷിക്കരുതെന്ന്. 
ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും അവിടെയുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദമായി അമേരിക്ക അവരുടെ 'പാര്‍ട്ണര്‍' എന്നാണ് അഫ്ഗാനിസ്താനെ അഭിസംബോധന ചെയ്തിരുന്നത്. ഇരുപത് വര്‍ഷത്തോളം വളരെ ആസൂത്രിതമായി രാജ്യത്തെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു സംഘടനയുടെ കാരുണ്യത്തിലാണ് ദശലക്ഷക്കണക്കിന് അഫ്ഘാനികള്‍ ഇപ്പോഴുള്ളത്. അക്രമത്തില്‍ നിന്ന് ഓടിപ്പോകുന്ന, അതിര്‍ത്തിയിലേക്കൊടുന്ന അഫ്ഗാനികളുടെ വലിയ ഒഴുക്കാണ്  നമ്മള്‍ കാണുന്നത്. അവര്‍ക്ക് അഭയാര്‍ഥി നടപടിക്രമങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുംവണ്ണം അന്താരാഷ്ട്രസമൂഹം അണിചേരുകതന്നെ വേണം. അതിനാല്‍ അഭയാര്‍ഥികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന സംഘടനകളെ ദയവായി പിന്തുണയ്ക്കുക.

Content Highlights : Taliban Conqured Afghanistan CNN Interviews Afghan American Writer Kahled Khosseini