ടി. പത്മനാഭന്റെ പ്രശസ്ത കഥയായ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' യ്ക്ക് സിനിമാഭാഷ്യം നല്‍കുകയാണ് സംവിധായകന്‍ ജയരാജ്. തന്റെ കഥകള്‍ തിരക്കഥകളാവുന്നതിനെക്കുറിച്ച് ടി. പത്മനാഭന്‍ സംസാരിക്കുന്നു.

ഴിഞ്ഞ ദിവസം സംവിധായകന്‍ ജയരാജും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി അഭിനയിക്കുന്ന മീനാക്ഷിയും മറ്റു സിനിമാപ്രവര്‍ത്തകരുമെല്ലാം കാണാന്‍ വന്നു. സന്തോഷം. പെണ്‍കുട്ടികളോട് എപ്പോഴും എനിക്കൊരു സ്‌നേഹവും വാത്സല്യവും ഉണ്ട്. മീനാക്ഷിയെ കണ്ടപ്പോള്‍ എന്റെ കഥയിലെ പെണ്‍കുട്ടി തന്നെയാണെന്ന് തോന്നി. തിരക്കഥയും സംവിധാനവുമെല്ലാം ജയരാജിന്റെ ഇഷ്ടമാണ്. തിരക്കഥ എഴുതിയത് കാണിക്കാന്‍ അദ്ദേഹം മുതിര്‍ന്നപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. ഞാനദ്ദേഹത്തോടു ചോദിച്ചു നിങ്ങള്‍ക്ക് തൃപ്തിയായാല്‍ എനിക്ക് വളരെ തൃപ്തിയാണ്. എനിക്ക് കാണേണ്ടതില്ല. കാരണം എനിക്ക് ജയരാജില്‍ വിശ്വാസമുണ്ട്. 

യാത്രയും സിനിമയും പുസ്തകവും ഞാന്‍ ധാരാളം ആസ്വദിക്കുന്നവയാണ്. പക്ഷേ എന്റെ കഥകള്‍ സിനിമയായി മാറിയിരുന്നെങ്കില്‍ എന്ന് ഒരുകാലത്തും ആഗ്രഹം ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. തിരക്കഥ എന്റെ മാധ്യമവുമല്ല. സിനിമാമേഖലയില്‍ ഉള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട് ഞാന്‍. അതുകൊണ്ടു തന്ന പല കഥകളും അന്വേഷിച്ചുകൊണ്ട് ആളുകള്‍ വരുമായിരുന്നു. അവര്‍ ചോദിക്കുന്ന കഥകള്‍ കൊടുക്കാന്‍ എനിക്ക് ചിലപ്പോള്‍ മനസ്സുണ്ടാവില്ല. അതിനു വിപരീതമായി കഥ കൊടുത്തത് എനിക്കു വളരേ വേണ്ടപ്പെട്ട ഒരാള്‍ക്കാണ്; ഷാജി.എന്‍.കരുണ്‍. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന, സ്‌നേഹിക്കുന്ന കഥയാണ് ഷാജിക്ക് കൊടുത്തത്-'കടല്‍'. ആ കഥ എന്റെ ജീവിതത്തിന്റെ അംശമാണ്. ഷാജിയുമായി അത്രമാത്രം സ്‌നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നതിനാല്‍ കഥ ചോദിച്ചപ്പോള്‍ എനിക്ക് കൊടുക്കാതിരിക്കാന്‍ തോന്നിയില്ല. പക്ഷേ ആ കഥയുടെ കഷ്ടകാലം നിമിത്തം അത് സിനിമയായില്ല. 

T Padmanabhan ang Director Jayaraj with Meenakshi
സംവിധായകന്‍ ജയരാജും സിനിമാപ്രവര്‍ത്തകരും ടി. പത്മനാഭനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍

ഷാജിയുടെ പ്രയത്‌നം ഫലം കാണാതെ വന്നപ്പോള്‍ ഒരു നടി ഈ കഥയില്‍ താല്‍പര്യം ഉണ്ടെന്നറിയിച്ച് മുന്നോട്ടുവന്നു. ഇപ്പോള്‍ ലഭിച്ച പ്രതിഫലത്തിലും അധികം തരാം എന്നൊക്കെ പറഞ്ഞായിരുന്നു അവര്‍ സമീപിച്ചത്. പക്ഷേ അവര്‍ക്കും പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇനിയാരുതന്നെ ആ കഥ അന്വേഷിച്ചുവന്നാലും ഞാന്‍ കൊടുക്കാനും പോകുന്നില്ല. 'കടലും' 'ഗൗരി'യും വളരേയധികം ബന്ധപ്പെട്ടുകിടക്കുന്ന കഥകളാണ്. 'കടലി'ലെ അമ്മ ഗൗരി തന്നെയാണല്ലോ. 'ഗൗരി' ഒരാള്‍ സിനിമയാക്കിയതാണ്. ഇന്ത്യന്‍ പനോരമയില്‍ ഒക്കെ പുരസ്‌കാരം നേടിയിട്ടുണ്ട് ആ സിനിമ. കമേഴ്‌സ്യല്‍ റിലീസ് നടന്നിട്ടില്ല, ഞാന്‍ കണ്ടിട്ടുമില്ല.  ജയരാജിനെ വ്യക്തിപരമായി എനിക്കറിയാം. അദ്ദേഹം കഥയെറ്റി സംസാരിച്ചു, ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഇനി സിനിമയാകുമ്പോള്‍ കാണാം. 

Content Highlights: T Padmanabhan reacts on the upcoming movie based on the story Prakasham parathunna oru penkutty