പതിവുപോലെ ടി.പത്മനാഭന്‍ വായനയുടെ ലോകത്ത് തന്നെയാണ്. 'ത്യാഗത്തിന്റെ രൂപങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കഥ കോളറ എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിന്നും പിറവി കൊണ്ടതാണ്. സുഖമായിരിക്കുന്നോ എന്ന അന്വേഷണം ഒരു സംഭാഷണമാകുകയാണ്. സംഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം.

ന്റെ മാത്രമല്ല, ലോകത്തെ എല്ലാവരുടെയും ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണിത്. അനുഭവം എന്നതിനേക്കാള്‍ പ്രതിസന്ധി എന്നുപറയുന്നതാവും ഉചിതം. പണ്ടത്തെ കാലത്ത് പരമാവധി അഭിമുഖീകരിക്കേണ്ടി വന്നത് വസൂരിയും കോളറയുമൊക്കെയല്ലേ. അതൊക്കെ ഏതെങ്കിലും ഒരു സ്ഥലത്തോ പ്രദേശത്തോ മാത്രം
ഒതുങ്ങുന്നതായിരുന്നല്ലോ. ഇതിപ്പോള്‍ ഉറവിടവും കഴിഞ്ഞ് ലോകമൊട്ടാകെ വിഴുങ്ങിക്കൊണ്ടിരിക്കുകയല്ലേ.

തലമുറ വ്യത്യാസമില്ലാത്ത ആശങ്കയാണ് എവിടെയും. ജീവിതാനുഭവവും ലോകപരിചയമൊന്നും അതിജീവനത്തിന്റെ മാനദണ്ഡങ്ങളേയല്ലാതായിരിക്കുന്നു.

ഞാനെന്റെ പതിവുപരിപാടികളുമായിട്ടങ്ങനെ കഴിയുന്നു. പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച് മിര്‍സാ ബഷീറുദ്ദീന്‍ മഹമൂദ് അഹമ്മദ് എഴുതിയ  'ലൈഫ് ഓഫ് മുഹമ്മദ്' എന്ന പുസ്തകമാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. അഹമ്മദീയരുടെ നേതാവായിരുന്നല്ലോ മിര്‍സ.  പ്രവാചകന്റെ ജീവചരിത്രവും വീക്ഷണങ്ങളും സാമൂഹിക പ്രതിബദ്ധതകളുമെല്ലാം അതീവ താല്പര്യമുണര്‍ത്തുന്ന രീതിയിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. വളരെ പ്രസിദ്ധമായ പുസ്തകമാണ്.

കൊറോണയായതുകൊണ്ട് വീട്ടിലിരിക്കുന്നതുമൂലം തിരക്കിട്ട ജീവിതത്തിനിടയില്‍ നിന്നും വായിക്കാന്‍ സമയം കണ്ടെത്തി എന്നൊക്കെ പറയുന്നതിനെ വെറും ബഡായിയായിട്ടേ ഞാന്‍ കാണുകയുള്ളൂ. വായിക്കാന്‍ താല്പര്യമുള്ളവന്‍ ഏതു സാഹചര്യത്തിലും വായനയ്ക്കായി സമയം കണ്ടെത്തും. അവന്‍ അതിനായി സമയമുണ്ടാക്കും. സോക്രട്ടീസ് കൊല്ലപ്പെടുന്നതിന്റെ തലേന്ന് രാത്രിയും പുസ്തകം വായിച്ചിരുന്നു. പിറ്റേന്ന് കാലത്ത് ഹെംലോക്ക് വിഷം കുടിച്ച് അദ്ദേഹം മരിക്കണം, അതാണ് ഭരണകൂടം ഉത്തരവിട്ടത്. സോക്രട്ടീസ് ചെയ്ത കുറ്റം ചെറുപ്പക്കാരെ വഴിപിഴപ്പിച്ചു എന്നതായിരുന്നു. മാറിചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അന്നത്തെ വ്യവസ്ഥാപിത ഭരണകൂടത്തിനത് ഇഷ്ടമായിരുന്നില്ല. വിചാരണയെന്ന പ്രഹസനത്തിലൂടെ അദ്ദേഹത്തെ കൊല്ലാന്‍ വിധിച്ചു. മരണം നാളെ കാലത്തുനടക്കുമെന്നറിഞ്ഞിട്ടും രാത്രി അദ്ദേഹം പുസ്തകം വായിച്ചുതീര്‍ത്തതെന്തിനാണ്? ആരെയും ബോധിപ്പിക്കാനുള്ളതല്ല വായന. എന്നും വായിച്ചിരുന്ന ആളാണ് അദ്ദേഹം. വായിച്ചിരുന്ന പുസ്തകത്തിലെ അറിവുകള്‍ ചെറുപ്പക്കാരുമായി പങ്കുവെച്ചിരുന്നു. അതുകൊണ്ടദ്ദേഹം അത് തുടര്‍ന്നു. മരണത്തിനുപോലും ആ ദൃഢതയെ ചെറുക്കാനായില്ല.
 
കൊറോണപോലുള്ള ഒരു പ്രതിസന്ധിക്കാലത്ത് വായനയെ കൊട്ടിഘോഷിക്കുന്നവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ കുത്തിയിരുന്ന് നാട്ടിലെ പുസ്തകങ്ങളൊക്കെയങ്ങ് വായിച്ചു തീര്‍ത്തുകളയുമെന്ന്. വെറുതെ പറയുന്നതാ. ആത്മാര്‍ഥമായ വായനയുള്ളവര്‍ ഈ അവസരം ഗുണപരമായി കാണും.

എന്തൊക്കെ പറഞ്ഞാലും ഇത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. ലോകത്തിന്റെ ഒരുമാതിരിപ്പെട്ട സ്ഥലങ്ങളൊക്കെ ഞാന്‍ സന്ദര്‍ശിച്ചതാണ്. ന്യൂയോര്‍ക്ക് നഗരം ലോകത്തിന്റെ തന്നെ ഒരു കേന്ദ്രമാണ്. പ്രത്യേകിച്ചും പ്രസിദ്ധീകരണങ്ങളുടെയും പത്രങ്ങളുടെയയും. ആ ന്യൂയോര്‍ക്ക് നഗരം ഏതാണ്ട് ശ്മശാനമായിരിക്കുന്നു. ഇതിനെപ്പറ്റി ആലോചിക്കുമ്പോള്‍ ഒന്നേയുള്ളൂ, മനുഷ്യന്റെ ധിക്കാരം, എനിക്ക് എല്ലാം അറിയാം ഞാന്‍ സര്‍വശക്തനാണ് എന്ന ധിക്കാരം സഹിക്കാതാവുമ്പോള്‍ ചിലപ്പോള്‍ പ്രകൃതി ഒരു തിരിച്ചടിയടിക്കും. രണ്ടുകൊല്ലം ഇവിടെ തുടര്‍ച്ചയായി വെള്ളപ്പൊക്കം വന്നില്ലേ. നമുക്ക് എന്തുചെയ്യാന്‍ കഴിഞ്ഞു? പ്രകൃതിയെ നമ്മള്‍ അത്രമാത്രം ചൂഷണം ചെയ്തിട്ടുണ്ട്,ദ്രോഹിച്ചിട്ടുണ്ട്.

വള്ളത്തോള്‍ പാടിയിട്ടുണ്ട്. ബുദ്ധികൊണ്ട് ചിറകുകള്‍ സമ്പാദിക്കെത്രമേലോട്ട് കേറിപ്പറന്നാലും മാനവന്ന് മുന്‍മട്ടിലേ ദൂരസ്തം ജ്ഞാനദേവതേ നിന്നധോമണ്ഡലം...ബുദ്ധിയുടെ ചിറകുകള്‍ നേടിയിട്ട് നീയെത്ര ഉയര്‍ന്നു പറന്നാലും അറിവിന്റെ മണ്ഡലം ഇപ്പോളും ദൂരത്താണ്. നമ്മള്‍ എന്തെല്ലാം പഠിച്ചു, ചന്ദ്രനില്‍ പോയി നടക്കാന്‍ പഠിച്ചു. കോവിഡിന് മരുന്ന് കണ്ടുപിടിക്കാന്‍ പഠിച്ചോ? ഇല്ല.

നാല്പതുകളില്‍ കോളറ ബാധിച്ചു എന്നു പറയാറില്ലേ. കോളറ ബാധിച്ച ഒരുത്തനാണ് ഞാന്‍. ഹൈസ്‌കൂളില്‍ ഫോര്‍ത്ഫോമില്‍ പഠിക്കുമ്പോളായിരുന്നു. അന്നെന്റെ ശരീരം പതുക്കെപതുക്കെ തണുത്തുപോകുമ്പോള്‍ അമ്മയും പെങ്ങന്മാരും സഹോദരനുമൊക്കെ ചുറ്റും നിന്ന് കരഞ്ഞു. മരണത്തിന്റെ തണുപ്പ് കാലിനടിയില്‍ നിന്നും പതുക്കെ അരിച്ചുകയറുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റാവു എന്നുപേരായ ഡോക്ടര്‍ ഉണ്ടായിരുന്നു. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു ഇതിന് പെട്ടെന്നുള്ള ചികിത്സയൊന്നുമില്ല. കശുമാങ്ങയിട്ട് വാറ്റിയ റാക്ക് കിട്ടുമെങ്കില്‍ കൊടുത്തുനോക്ക് ഫലം കാണിക്കും. ഉടന്‍ തന്നെ എന്റെ മച്ചൂനന്‍മാരിലൊരാള്‍ ഞങ്ങളുടെ നാട്ടിലുള്ള അബ്കാരി കോണ്‍ട്രാക്ടറുടെ അടുത്തേക്കോടി. അയാള്‍ ഞങ്ങളുടെ വീടുമായി നല്ല ബന്ധമാണ്. ഭാഗ്യത്തിന് സാധനം അയാളുടെ കയ്യിലുണ്ടായിരുന്നു. അതുംകൊണ്ട് മച്ചൂനന്‍ ഇങ്ങോട്ടും ഓടി. വന്ന ഉടനെ എനിക്കൊരു ടീസ്പൂണ്‍ വായിലൊഴിച്ചു തന്നു. കുറച്ചുകഴിഞ്ഞ് വീണ്ടും ഒരു സ്പൂണ്‍ കൂടി. അത്ഭുതകരമായിരുന്നു ഫലം. തണുത്തുപോയ കാലുകളൊക്കെ പതുക്കെ തണുപ്പുവിട്ടുതുടങ്ങി. ഇതെന്റെ അനുഭവമാണ്.
 
അതിനുശേഷം ഞാന്‍ മദ്യപിച്ചിച്ചുണ്ടോ എന്നുചോദിച്ചാല്‍ ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും വിലകൂടിയതുള്‍പ്പെടെയുള്ള സകലമദ്യവും രണ്ടോമൂന്നോ സ്പൂണ്‍ വായില്‍ വച്ച് നോക്കിയിട്ടുണ്ട്. വെറുതെ, രുചിയറിയാന്‍ മാത്രം. പറയട്ടെ മാംഗോ ജ്യൂസാണ് ഇതിലുമൊക്കെ നല്ലത്. ഒരു സിപ്പോടുകൂടി എന്റെ കുടി കഴിഞ്ഞു.

കോളറ വന്നാല്‍ പിന്നെ പോലീസുകാരുടെ ജലപീരങ്കിപോലെ വയറ്റില്‍ നിന്നും ഇടതടവില്ലാതെ പോയ്ക്കൊണ്ടിരിക്കും. ഒരു നിവൃത്തിയുമില്ല. 1950-ല്‍ മംഗലാപുരത്ത് ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ അത്യുഗ്രമുഖവുമായി മംഗലാപുരമൊന്നാകെ കോളറ നടമാടി. വഴിയോരങ്ങളില്‍ ആളുകള്‍ മരിച്ചുകിടക്കുന്നുണ്ടാകും. രാത്രികളില്‍ മുനിസിപ്പാലിറ്റി വണ്ടിവന്ന് ശവശരീരങ്ങള്‍ നീക്കം ചെയ്യും.

ഞാനും മൂന്നുസ്നേഹിതന്മാരും വീട് വാടകയ്ക്കെടുത്തിട്ട് താമസിക്കുകയാണ്. എനിക്കും കോളറയുടെ ആരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മംഗലാപുരം ടൗണില്‍ നിന്നും അഞ്ചെട്ടുകിലോമീറ്റര്‍ അകലെ കടല്‍ക്കരയ്ക്കടുത്ത് ഉറുവ എന്ന സ്ഥലത്താണ് ഐസൊലേഷന്‍ ആശുപത്രി ഉള്ളത്.  

'ത്യാഗത്തിന്റെ രൂപങ്ങള്‍' എന്ന എന്റെ ആദ്യത്തെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരാനുണ്ടായ പശ്ചാത്തലമതാണ്. ആശുപത്രിയിലെ കമ്പോണ്ടറുടെ ഭാര്യയും മക്കളുമാണ് ഈ ത്യാഗത്തിന്റെ രൂപങ്ങളായി ഞാന്‍ എഴുതിയിട്ടുള്ളത്. അന്ന്. കെ. ദാമോദരമേനോനായിരുന്നു പത്രാധിപര്‍.

അങ്ങനെ രണ്ടുതവണ കോളറയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍, അതും വൈദ്യശാസ്ത്രം വേണ്ടത്ര പുരോഗതി കൈവരിക്കാത്ത കാലത്ത്, ഇന്ന് കൊറോണയെക്കുറിച്ചുകേള്‍ക്കുമ്പോള്‍ ഭയപ്പെടുന്നത് അതിവേഗ വ്യാപ്തിയോര്‍ത്താണ്.

Content Highlights: T. Padmanabhan interview during Covid 19