തിനാറാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് എത്യോപ്യയിൽ ജനിച്ച ചാപ്പു എന്ന കുട്ടിയെ വളരെച്ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ അടിമയായി വിറ്റു. അവൻ ആദ്യം എത്തിയത് ഇറാഖിന്റെ ഹൃദയമായ ബാഗ്ദാദിൽ. അവിടെവച്ച് അവൻ ഇസ്‌ലാമിലേക്ക്‌ മതംമാറ്റപ്പെട്ടു. ചാപ്പുവിന് പുതിയൊരു പേരുകിട്ടി: ‘മാലിക് അംബർ’. ബുദ്ധിമാനായ അവൻ തന്റെ യജമാനന്റെ കാൽക്കീഴിലിരുന്ന് വ്യാപാരത്തിന്റെ ധനതത്ത്വങ്ങളും ഭരണത്തിന്റെ സൂത്രവാക്യങ്ങളും അറബിയും പഠിച്ചു.

യജമാനൻ മരിച്ചപ്പോൾ മാലിക് അംബർ വിൽക്കപ്പെട്ടു, ഒരുതവണയല്ല പലതവണ. കൈമാറിക്കൈമാറിയുള്ള യാത്രയിൽ അയാൾ ഇറാനിലെത്തി. അടിമപ്പണിചെയ്യുന്നതിനൊപ്പം ഇറാനിയൻ ജലസേചനവിദ്യകൾ അഭ്യസിച്ചു. പിന്നെയും ഏതൊക്കെയോ ദേശങ്ങൾ, ഏതൊക്കെയോ യജമാനന്മാർ... ഒടുവിൽ അറബ് സമുദ്രം കടന്ന് ഡക്കാനിലെ കൊങ്കണദേശത്തെത്തി; അടിമയായിത്തന്നെ. പതനമാരംഭിച്ച നിസാം ഷാഹി സാമ്രാജ്യത്തിലെ മുഖ്യസചിവൻ ചെങ്കിസ് ഖാന്റെ അടിമയായി അവിടെ അംബർ.

1575-ൽ ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അംബറിന് പ്രായം ഇരുപതിനും മുപ്പതിനുമിടയിലാണ്. ഊർജസ്വലൻ, ഉത്‌കർഷേച്ഛയുള്ളവൻ, കഴിവുള്ളവൻ ‍-ഇപ്പോൾ സ്വതന്ത്രനും. പിന്നീട് ചരിത്രത്തിൽ മാലിക് അംബറിനെ കാണുന്നത് മഹാരാഷ്ട്രയിൽനിന്ന്‌ ഡക്കാനിലേക്ക്‌ കടന്ന അക്ബറിന്റെ സൈന്യത്തെ ചെറുക്കുന്ന സേനാധിപനായിട്ടാണ്. ഏഴായിരം പടയാളികളുമായി അയാൾ അഹമ്മദ്‌നഗർ കോട്ടകാത്തു. ആ പോരാട്ടം മൂന്നു പതിറ്റാണ്ടുകൾ നീണ്ടുനിന്നു, മുഗളർക്കെതിരേ അജയ്യമായി. മാലിക് അംബറിന്റെ ‘ബാർഗി ഗിരി’ എന്ന ഗറില്ലാ യുദ്ധമുറ പിന്നീട് ഛത്രപതി ശിവജിക്കുപോലും മാതൃകയായി...

എഴുതപ്പെട്ട ഇന്ത്യാ ചരിത്രങ്ങളിലൊന്നും തെളിഞ്ഞുകാണാത്ത മാലിക് അംബറിന്റെ ജീവിതം സുനിൽ ഖിൽനാനി എന്ന എഴുത്തുകാരൻ തന്റെ ‘INCARNATIONS: INDIA IN 50 LIVES’ എന്ന മനോഹരമായ പുസ്തകത്തിൽ എഴുതിത്തുടങ്ങുന്നത് ഇങ്ങനെ:‘‘വർഷങ്ങൾക്കുമുമ്പ് അഹമ്മദാബാദിൽവെച്ച് നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ടിക്കറ്റ് ലഭിക്കാൻ പണിപ്പെട്ടത്‌ ഞാൻ ഓർക്കുന്നു. സമാനതകളില്ലാത്ത കളിക്കാരനായ വിവ് റിച്ചാർഡ്‌സ് നയിക്കുന്ന വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ...

‘‘വെസ്റ്റിൻഡീസ് ടീമിലെ ആഫിക്കൻ വംശജരായ കളിക്കാരെ കുപ്പിയും കല്ലുമെറിയുന്ന ഇന്ത്യൻ രംഗങ്ങളിലൂടെ സുനിൽ ആഫ്രിക്കൻ വംശത്തോടുള്ള വർണവെറിയിലേക്കും ആഫ്രിക്കയിൽനിന്ന്‌ ഇന്ത്യയിലേക്ക് കയറ്റിക്കൊണ്ടുവന്ന ‘ഹാബ്ഷി’ എന്നു വിളിക്കപ്പെട്ട അടിമകളിലേക്കും കടക്കുന്നു. അതിലൊരാളായാണ് മാലിക് അംബർ നിൽക്കുന്നത്. 2500 വർഷത്തെ ഇന്ത്യാചരിത്രത്തെ 50 വ്യക്തികളിലൂടെ അവതരിപ്പിക്കുന്ന പുസ്തകത്തിൽ ഗൗതമബുദ്ധൻ മുതൽ ധീരുബായി അംബാനിവരെയുണ്ട്. ലണ്ടനിലെ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് അറ്റ് കിങ്‌സ് കോളേജിലെ ഡയറക്ടർ കൂടിയായ സുനിൽ ഖിൽനാനി തന്റെ പുസ്തകത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും സംസാരിക്കുന്നു.

ഈ മഹാരാജ്യത്തിന്റെ 2500 വർഷത്തെ 50 വ്യക്തികളിലേക്ക്‌ ഒതുക്കിയതെന്തേ...

ഈ അമ്പതു പേർ മാത്രമാണ് ഇന്ത്യൻ ചരിത്രത്തെ സൃഷ്ടിച്ചതെന്നോ മുന്നോട്ടുനയിച്ചതെന്നോ ഞാൻ വാശിപിടിക്കുന്നില്ല. ചരിത്രപരമായോ പുരാവസ്തുശാസ്ത്രപരമായോ എന്തെങ്കിലും തെളിവുകളില്ലാത്ത ഒരാളെയും ഞാൻ തിരഞ്ഞെടുത്തിട്ടില്ല. എന്നാൽ, ഈ പുസ്തകത്തിൽ ഇടംപിടിച്ച അമ്പതു വ്യക്തികളും ‘മരണാനന്തരജീവിത’മുള്ളവരാണ്. ഈ വ്യക്തികളുടെ പേരും ജീവിതവും ഏതൊക്കെയോ മേഖലകളിൽ ഏതൊക്കെയോ തരത്തിൽ ശരിയായും തെറ്റായും ഈ രാജ്യത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഈ വ്യക്തികളുടെ തിരഞ്ഞെടുപ്പിനുള്ള ന്യായീകരണം, പ്രസക്തിയും.

വ്യത്യസ്തമായ രീതിയിലാണ് താങ്കൾ ‘INCARNATIONS’ എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് കൗടില്യനെക്കുറിച്ച് എഴുതിത്തുടങ്ങുന്നത് മൈസൂർ സർക്കാർ ഓറിയന്റൽ ലൈബ്രറിയിലെ ലൈബ്രേറിയനായിരുന്ന രുദ്രപട്ടണം ശ്യാമശാസ്ത്രിയെക്കുറിച്ച്‌ പറഞ്ഞാണ്. ഇത്തരം ഒരു ശൈലി സ്വീകരിച്ചതെങ്ങനെ... 

ഗവേഷണങ്ങൾക്കുപുറമേ ഈ അമ്പത് വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം ഞാൻ സന്ദർശിച്ചിരുന്നു. അവിടെ ഇപ്പോൾ ജീവിക്കുന്നവരുമായും ഈ വിഷയത്തിൽ പണ്ഡിതരുമായും സംസാരിച്ചു. ഭൂമിശാസ്ത്രം പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് എഴുത്തിലേക്ക്‌ കടന്നത്. സാധാരണ ചരിത്രപുസ്തകമോ സ്കൂൾ ടെക്‌സ്റ്റ് 
പുസ്തകമോ ആവരുത് എന്ന് നിർബന്ധമുണ്ടായിരുന്നു.

1905-ൽ തഞ്ചാവൂരിൽനിന്നുവന്ന അജ്ഞാതനായ ഒരു ബ്രാഹ്മണൻ പനയോലക്കീറിൽ എഴുതിയ ഒരു പുരാതന സംസ്കൃതഗ്രന്ഥം മൈസൂരിലെ ലൈബ്രേറിയൻ ശ്യാമശാസ്ത്രിയെ ഏൽപ്പിച്ചു. അർഥശാസ്ത്രത്തിന്റെ ആദ്യപ്രതിയായിരുന്നു അത്. ഇപ്പോഴും അത് അവിടെയുണ്ട്. കൗടില്യനെക്കുറിച്ച് എഴുതുമ്പോൾ ഇതു വരണം. അല്ലെങ്കിൽ വിരസമായ വിജ്ഞാനംവിളമ്പൽ മാത്രമാവും. 

പുസ്തകത്തിൽ ആറു  സ്ത്രീകളേയുള്ളൂ: മീരാബായി, റാണി ലക്ഷ്മീഭായി, ആനിബസന്റ്, അമൃതഷെർഗിൽ, എം.എസ്. സുബ്ബുലക്ഷ്മി, ഇന്ദിരാഗാന്ധി. പുരുഷന്മാരാണോ അധികവും ഇന്ത്യയുടെ ചരിത്രം സൃഷ്ടിച്ചത്... 

ഈ പുസ്തകം എഴുതിയതിനുശേഷം ഞാൻ ഏറ്റവുമധികം നേരിട്ട ചോദ്യമാണ് ഇത്. പുതിയ കാലത്ത് ഈ ചോദ്യം പ്രസക്തവുമാണ്. നേരത്തേ പറഞ്ഞതുപോലെ ചരിത്രപരമായോ പുരാവസ്തുശാസ്ത്രപരമായോ എന്തെങ്കിലും തെളിവുകളുള്ള വ്യക്തികളെ മാത്രമേ ഞാൻ ഈ പുസ്തകത്തിലേക്ക്‌ സ്വീകരിച്ചിട്ടുള്ളൂ. നിർഭാഗ്യകരമെന്നു പറയട്ടെ ഇന്ത്യാചരിത്രത്തിൽ സ്ത്രീകളും അവരുടെ പ്രതിഭയും സംഭാവനകളും വളരെക്കുറച്ചേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. ചരിത്രത്തിന്റെ പ്രാഥമികസ്രോതസ്സുകളിലൊന്നും സ്ത്രീകളില്ല; മീരാബായിയെപ്പറ്റിപ്പോലും ചിതറിയ ചില രേഖകൾ മാത്രമാണുള്ളത്.

റസിയ സുൽത്താന എന്ന അസാധാരണയായ സാമ്രാജ്യാധിപയെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ, വിശ്വസിക്കാവുന്ന രേഖകളൊന്നും കണ്ടുകിട്ടിയില്ല. അപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു: മറ്റുവ്യക്തിത്വങ്ങൾക്കൊപ്പം അവർ സ്ത്രീകൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾകൂടി എഴുതുക. തന്റെ സംഘത്തിലേക്ക്‌ സ്ത്രീകളെ സ്വീകരിച്ച ബുദ്ധൻ, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ പെരിയാർ ഇ.വി. രാമസ്വാമി നായ്‌ക്കർ, സ്ത്രീകൾക്ക് പ്രണയസ്വാതന്ത്ര്യം നൽകണമെന്നു വാദിച്ച രബീന്ദ്രനാഥ ടാഗോർ എന്നിവരെല്ലാം പുസ്തകത്തിലുണ്ട്. സ്ത്രീകളേക്കാൾ കഷ്ടമാണ് ആദിവാസിവിഭാഗങ്ങളുടെ കാര്യം. അവർ ചരിത്രത്തിന്റെ വെളിമ്പുറങ്ങളിൽപ്പോലുമില്ല. സ്ത്രീകളോടും ആദിവാസികളോടും നമ്മുടെ ചരിത്രം എങ്ങനെ പെരുമാറി എന്നതിന്റെ ഉദാഹരണംകൂടിയാണ് ഈ പുസ്തകം.

ദാര ഷുക്കോവിനെ ഔറംഗസീബ് തലയറുത്തുകൊന്നത് ചരിത്രത്തിലെ ഭയാനകമായ ഒരു സംഭവമാണ്. എന്നാൽ, താങ്കളുടെ പുസ്തകത്തിലെ ദാരയെക്കുറിച്ചുള്ള അധ്യായം വായിക്കുമ്പോൾ അയാൾ ഭരിക്കാൻ പ്രാപ്തനല്ല എന്ന് ബോധ്യമാവും...

എപ്പോഴും സത്യത്തിന് വ്യത്യസ്തമായ മുഖങ്ങളുണ്ടാവും, മുൻവിധികളില്ലാതെ നോക്കിയാൽ. സഹോദരനായ ദാരയോട് ഔറംഗസീബ് ചെയ്തത് മാപ്പർഹിക്കാത്ത ക്രൂരതതന്നെയാണ്. എന്നാൽ, ദാരയുടെ കൈയിലാണ് മുഗൾസാമ്രാജ്യം എങ്കിൽ അത് എന്നേ തകർന്നേനെ എന്നാണ് ഔറംഗസീബ് പറയുന്നത്. കാരണം ദാര വായിച്ചും ചിന്തിച്ചും ജീവിക്കുന്ന ഒരു സ്വപ്നജീവിയാണ്. പിതാവായ ഷാജഹാൻ പ്രിയപുത്രനായ ദാരയ്ക്ക് വായിക്കാനായി പണിതുകൊടുത്ത ഗ്രന്ഥശാലയുടെ അവശിഷ്ടങ്ങൾ ദാരയുടെ തലയില്ലാത്ത ശരീരം മറവുചെയ്ത ഹുമയൂൺ ടൂംബിന്റെയടുത്ത് ഇപ്പോഴും കാണാം, ഡൽഹിയിൽ.

ദാര വായിക്കുകയും ഉപനിഷത്തുക്കൾ പേഴ്‌സ്യനിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോൾ ഔറംഗസീബ് ഡക്കാൻ പ്രദേശത്ത് സാമ്രാജ്യം നിലനിർത്താൻ പോരാടുകയായിരുന്നു. ഷാജഹാൻ മരിക്കാറായപ്പോൾ ദാര അശിക്ഷിതരായ സേനയുമായി ആഗ്രയിലേക്കുപോയി. അറവുകാരും സ്വർണപ്പണിക്കാരും മുടിവെട്ടുകാരുമൊക്കെയായിരുന്നു സൈനികരുടെ വേഷത്തിലെത്തിയത്. ഔറംഗസീബിന്റേത് പോരാടി പരിശീലനം സിദ്ധിച്ച സേനയും.

സ്വാഭാവികമായും ദാര തോറ്റു. ചരിത്രത്തിൽ ‘എങ്കിൽ’ എന്ന വാക്കിന് പ്രസക്തിയില്ല എന്നറിയാമെങ്കിലും പറയട്ടെ: പാണ്ഡിത്യത്തിന്റെ ലോകത്തല്ലായിരുന്നെങ്കിൽ ദാര സാമ്രാജ്യാധിപൻ ആവുമായിരുന്നിരിക്കാം. എന്നാൽ, അയാൾ  വായിച്ചിരുന്നില്ലെങ്കിൽ നമ്മുടെയെല്ലാം മനസ്സുകൾ ഇപ്പോഴത്തേതിനേക്കാൾ കൂടുതൽ ഇടുങ്ങിയതാവുമായിരുന്നു. കാരണം, അദ്ദേഹം സൃഷ്ടിച്ച പരിഭാഷകളും ചിന്തകളുംകൊണ്ടാണ് ലോകം ഇത്രമേൽ പ്രകാശഭരിതമായത്.

ഇന്നത്തെ ഇന്ത്യയോട് താങ്കളുടെ പുതിയ പുസ്തകം പറയുന്നത് എന്താണ്...

വ്യത്യസ്തതകളാണ് ഇന്ത്യ എന്നതാണ് പ്രധാനം. ഈ പുസ്തകത്തിലെ 50 വ്യക്തിത്വങ്ങളും എത്രമേൽ വ്യത്യസ്തരാണ്! എല്ലാം ചേർന്നാണ് ഇന്ത്യക്ക്‌ രൂപംകൊടുക്കുന്നത്. ആയിരക്കണക്കിന് വ്യത്യസ്തതകളാണ് ഇന്ത്യയുടെ ജീവവായു. ഏകശിലാരൂപത്തിലേക്ക്‌ ഈ രാജ്യത്തെ ആർക്കും മാറ്റിയെടുക്കാനാവില്ല. അതു മനസ്സിലാക്കുക എന്നതാണ് ഇന്ത്യയെ മനസ്സിലാക്കുന്നതിന്റെ ആദ്യപാഠം.

നരേന്ദ്രമോദിയെ എങ്ങനെയാണ് വിലയിരുത്തുന്നത്...

ഈ ചോദ്യം രാഷ്ട്രീയപ്രേരിതമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഉത്തരത്തിൽ തീരേ രാഷ്ട്രീയമില്ല. മോദി വലിയ നേതാവുതന്നെയാണ്, തർക്കമില്ല. പ്രശ്നം അതല്ല: പക്വമായ ഒരു ജനാധിപത്യത്തിൽ സ്ഥാപനങ്ങൾക്കാവണം പ്രധാന്യം. ഒരു നേതാവ് വേണം, തീർച്ച. എന്നാൽ, ഒരു നേതാവിൽ എല്ലാം കേന്ദ്രീകരിക്കപ്പെടുന്നത് ശരിയല്ല. ഗാന്ധിയും നെഹ്രുവുമെല്ലാം സ്ഥാപനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, സ്വയം സ്ഥാപനങ്ങളായിട്ടില്ല. ഞാനീപ്പറയുന്നത് അവസാനവാക്കല്ല. മോദിയെക്കുറിച്ച് അങ്ങനെ പറയാൻ സമയവുമായിട്ടില്ല.