രാജ്യം മുഴുവന്‍ അടച്ചുപൂട്ടുന്നതിന് വളരെക്കാലം മുമ്പേ അഴിക്കുള്ളില്‍ കഴിയുന്നവരുടെ അവസ്ഥയെക്കുറിച്ചാണ് തിഹാര്‍ ജയില്‍ സൂപ്രണ്ടായിരുന്ന സുനില്‍ ഗുപ്ത ചിന്തിക്കുന്നത്. 'ബ്ലാക്ക്‌ വാറണ്ട്' എന്ന പുസ്തകത്തിലൂടെ ജയില്‍ ജീവിതം അത്ര സുഖകരമല്ല ജയിലര്‍ക്കും തടവുകാര്‍ക്കും എന്ന് അദ്ദേഹം പറഞ്ഞതാണ്. ലോകമെമ്പാടും മാനുഷികത കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ 'അകത്തുള്ള' മനുഷ്യരെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

 ഏഴുവര്‍ഷത്തെ ശിക്ഷാകാലാവധി തികച്ചവരെ ജയിലില്‍ നിന്നും വിടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതാണ്. എല്ലാ സെല്ലുകളും ഏതാണ്ട് നിറഞ്ഞതാണ്. അല്ലാത്ത കുറ്റവാളികള്‍ക്ക് അനുവദനീയമായ പരോളുകള്‍ കൊടുക്കാനും ഉത്തരവുണ്ട്. ജയില്‍ ജീവനക്കാരും അകത്തായിരിക്കുകയാണ്. അവര്‍ പുറത്തുപോയി മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍, വൈറസ് ബാധയുണ്ടായാല്‍ അത് തിഹാറിനെ സാരമായി ബാധിക്കും. ജയില്‍ കോംപ്ളക്സില്‍ നിന്നും ആര്‍ക്കു പിന്നെ രക്ഷപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ശ്രദ്ധിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്.

സന്ദര്‍ശകരെ തീര്‍ത്തും വിലക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിന്നെ വൈറസ് വാഹകരായി മാറാന്‍ സാധ്യതയുള്ളത് ജയില്‍ ജീവനക്കാര്‍ തന്നെയാണ്. എങ്ങാനും തിഹാര്‍ ജയിലില്‍ വൈറസ് ബാധയുണ്ടായാല്‍ ഒരു തീപ്പിടുത്തം പോലെ അത് നിയന്ത്രണാതീതമാകും. ഒരുപാട് ജയില്‍ ജീവനക്കാര്‍ തടവുകാരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. അതവരുടെ ജോലിയുടെ ഭാഗമാണ്. സീസണലായിട്ടു വരുന്ന പകര്‍ച്ചവ്യാധികള്‍ പോലും ജയില്‍പ്പുള്ളികളിലേക്കെത്താതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുള്ളതാണ്.

ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണ് സുപ്രീം കോടതി ഏഴുവര്‍ഷം വരെ കഠിനതടവിനു വിധേയരായവരെ കാലാവധി കഴിഞ്ഞെങ്കില്‍ ജയില്‍ മോചിതരാക്കണം എന്നു പറയുന്നത്. പക്ഷേ നമ്മുടെ ഉദ്യോഗസ്ഥഭരണത്തിന്റെ അലംഭാവം നിമിത്തം അത് നടപ്പായിട്ടില്ല. ഓരോ ജീവനും വിലപ്പെട്ടതാണ് എന്നാണ് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

Content Highlights: Sunil Gupta speaks about what will happen if CoronaVirus hits Tihar Jail