രണത്തിന്റെ കുറിമാനമാണ് ബ്ലാക്ക് വാറണ്ട്. അഴിക്കുള്ളില്‍ നിന്നും തൂക്കുകയറിലേയ്ക്കുള്ള ദൂരമളക്കുന്ന തടവറകളുടെ കാവല്‍ക്കാരന്‍ ആത്മകഥയെഴുതുമ്പോള്‍ അതിന് മറ്റെന്ത് പേരു നല്‍കും. തിന്മയുടെ താവളമായി നമ്മള്‍ കണ്ടുശീലിച്ച തിഹാറില്‍ വര്‍ഷങ്ങളോളം ജയിലറായിരുന്ന സുനില്‍ ഗുപ്തയുടെ ആത്മകഥയ്ക്ക് പക്ഷേ, ബ്ലാക്ക് വാറണ്ടിന്റെ മരണഗന്ധം മാത്രമല്ല, ഉദ്വേഗഭരിതമായൊരു ത്രില്ലറിനെ കടത്തിവെട്ടുന്ന അഴിക്കുള്ളിലെ അഴിഞ്ഞാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥയുടെ താപം കൂടിയുണ്ട്. വാക്കുകളില്‍ വരച്ചിട്ടതിലേറെയാണ് തിഹാറിലെ തന്റെ സര്‍വീസ് കാലമെന്ന് നേരില്‍ കാണുമ്പോള്‍ സുനില്‍ ഗുപ്ത സാക്ഷ്യപ്പെടുത്തുന്നു. സംശയത്തിന്റെ മറനീങ്ങാത്ത രാംസിങ്ങിന്റെ മരണം, ഞെട്ടല്‍ വിട്ടൊഴിയാത്ത അഫ്സല്‍ ഗുരുവിന്റെ തൂക്കിക്കൊല, കാതില്‍ നിന്നു മായാത്ത അഫ്സലിന്റെ പാട്ട്, ജീവനുനേരെയുയര്‍ന്ന ഭീഷണികള്‍..... സംഭവബഹുലമായ അഴിക്കകത്തും പുറത്തുമുള്ള അറിയാകഥകളുടെ കെട്ടഴിക്കുകയാണ് സുനില്‍ ഗുപ്ത.

ബ്ലാക്ക് വാറണ്ടിന് നല്ല സ്വീകരണമാണ് വായനക്കാരില്‍ നിന്നും ലഭിക്കുന്നത്.
 
ബ്ലാക്ക് വാറണ്ട് എന്ന പുസ്തകം ലോകമെമ്പാടുമുള്ള വായനക്കാര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ബ്ലാക്ക്  വാറണ്ട് വായിച്ച് ഒരുപാട്‌പേര്‍ വിളിക്കുന്നു. ബെസ്റ്റ്സെല്ലര്‍ പട്ടികയില്‍ ഇടം തേടി എന്നറിഞ്ഞതില്‍ ആഹ്‌ളാദമുണ്ട്.

തിഹാര്‍ ജയിലിലെ സത്യങ്ങള്‍ എഴുതിയപ്പോള്‍ നിഷേധിക്കാനായി ആരും രംഗത്തെത്തിയില്ലേ?

ഇല്ല. ഞാനെഴുതിയ ഓരോ സത്യവും നിരാകരിക്കാന്‍ പറ്റാത്തവിധത്തിലുള്ള തെളിവുകളാല്‍ നിരത്തപ്പെട്ടതായിരുന്നു.

രാംസിങ്ങിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ചുപറയാന്‍ കാരണമെന്താണ്?

രാംസിങ്ങ് കൊല്ലപ്പെട്ടതാണ്. താഴെപ്പറയുന്ന കാരണങ്ങള്‍ ആ തെളിവിലേക്കായി ഞാന്‍ നിരത്തുന്നു.
1) രാംസിങ്ങിനെ പാര്‍പ്പിച്ചിരുന്നത് അതീവസുരക്ഷയുള്ള വാര്‍ഡിലായിരുന്നില്ല. മറ്റു തടവുപുള്ളികളില്‍ നിന്നും ഭീഷണിയുള്ള കുറ്റവാളികളെ പ്രത്യേകം സുരക്ഷാസംവിധാനത്തോടുകൂടി പാര്‍പ്പിക്കേണ്ടതാണ്. രാംസിങ്ങിന്റെ കാര്യത്തില്‍ അതുണ്ടായില്ല.
2) 16*10 അടിയുള്ള സെല്ലിലാണ് മറ്റ് മൂന്നുതടവുകാരോടൊപ്പം രാംസിങ്ങ് കഴിഞ്ഞിരുന്നത്. രാത്രിയില്‍ രാംസിങ്ങിന്റെ ആത്മഹത്യാനീക്കം അവര്‍ അറിഞ്ഞിരുന്നില്ല എന്നത് വിശ്വാസയോഗ്യമല്ല.
3) സ്വയം തൂങ്ങിയതാണെന്ന് പറയപ്പെടുന്ന ഗ്രില്ലിന് ഏകദേശം ഉയരം പത്ത് പന്ത്രണ്ടടി കാണും. കൂടാതെ രണ്ടടി ഉയരമുള്ള ഒരു പ്ലാസ്റ്റിക്‌ ബക്കറ്റുമാണ് അവിടെയുണ്ടായിരുന്നത്. അഞ്ചരയടി ഉയരമുള്ള രാംസിങ് എങ്ങനെ പരിശ്രമിച്ചാലും അത്ര ഉയരത്തില്‍ തൂങ്ങാനാവില്ല.
4) ആത്മഹത്യാശ്രമത്തില്‍ നിന്നും എന്തുകൊണ്ട് രാംസിങ്ങിനെ രക്ഷിച്ചില്ല എന്ന് സഹതടവുകാരോട് ചോദിച്ചപ്പോള്‍ അവര്‍ മറുപടിപറയാതെ പരുങ്ങുകയും ഒഴിഞ്ഞുമാറുകയുമാണുണ്ടായത്.
5) പോസ്റ്റുമോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ റിപ്പോര്‍ട്ടില്‍ രാംസിങ്ങിന്റെ കുടലില്‍ മദ്യത്തിന്റെ അംശവും കണ്ടെത്താനായി. അതെങ്ങനെ സംഭവിച്ചു എന്നത് വിശദീകരിക്കാനാവാതെയായി.
ഇതെല്ലാം ചേര്‍ത്തുവായിച്ചപ്പോള്‍ എനിക്കുമനസ്സിലായി ജയില്‍ ഉദ്യോഗസ്ഥന്റെ മൗനാനുവാദത്തോടെ രാംസിങ്ങിനെ സഹതടവുകാര്‍ തീര്‍ത്തുകളഞ്ഞതാണെന്ന്.

അഫ്‌സല്‍ഗുരുവിനെ കഴുവിലേറ്റാന്‍ കാണിച്ച ധൃതിയൊന്നും നിര്‍ഭയകേസിലെ കുറ്റവാളികളോട് ഇല്ലാത്തതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

അതീവരഹസ്യമായിട്ടും അഫ്‌സല്‍ഗുരുവിന്റെ ബന്ധുക്കളെ സമയമെടുത്ത് അറിയിക്കാതെയുമായിരുന്നു വധശിക്ഷ നടപ്പാക്കിയത്. തികച്ചും ധൃതിപിടിച്ചുള്ള ഒന്നായിരുന്നു അത്.

നിര്‍ഭയകേസിലെ കുറ്റവാളികളെ സംബന്ധിച്ചിടത്തോളം പറയട്ടെ, ശത്രുഘ്‌നന്‍ ചൗഹാന്‍ vs യൂണിയന്‍ ഓഫ് ഇന്ത്യ കേസ് ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ വിസ്തരിക്കപ്പെട്ടപ്പോള്‍ (2014AD(S.C)697) വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് സുപ്രീംകോടതി ധാരാളം രക്ഷോപായങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിന്റെയും കസബിന്റെയും വധശിക്ഷ ധൃതി പിടിച്ചുനടപ്പാക്കിയതിനുശേഷം നിലവില്‍ വന്നതാണ് ഇതെല്ലാം.

രക്ഷോപായങ്ങള്‍ ഇവയൊക്കെയാണ്: ബ്ലാക്ക് വാറണ്ട് പ്രഖ്യാപിക്കുന്നതിന്റെയോ തൂക്കിലേറ്റുന്നതിന്റെയോ പതിനാലു ദിവസം മുമ്പ് വാറണ്ട് കോപ്പി കുറ്റവാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നിര്‍ബന്ധമായും എത്തിച്ചിരിക്കണം. ദയാഹരജികള്‍ എന്തുകൊണ്ടാണ് തള്ളിയതെന്ന് ബഹുമാനപ്പെട്ട പ്രസിഡണ്ട് കാര്യകാരണങ്ങള്‍ സഹിതം സുപ്രീം കോടതിയ്ക്കു മുമ്പാകെ വ്യക്തമാക്കിയിരിക്കണം. കഴുവിലേറ്റുന്നതിന് മുമ്പ് കുറ്റവാളിയ്ക്ക് തന്റെ സുഹൃത്തിനെയോ ബന്ധുക്കളെയോ കാണാനുള്ള അനുവാദമുണ്ടായിരിക്കണം.
 
മേല്‍പ്പറഞ്ഞ രക്ഷോപായങ്ങളുടെ കാരണത്താല്‍ നിര്‍ഭയകേസിലെ കുറ്റവാളികളെ തൂക്കിലേറ്റാന്‍ കഴിഞ്ഞിട്ടില്ല.

mbifl
സുനില്‍ ഗുപ്ത എം.ബി.എഫ്.എല്‍ വേദിയില്‍

തിഹാര്‍ ജയില്‍ എന്ന പേര് ഭീതിയോടെയാണ് എല്ലാവരും കേള്‍ക്കുന്നതും പറയുന്നതും.

ഡല്‍ഹിയിലെ ജയിലുകളില്‍ ഏറ്റവും വലുതും ഒമ്പത് സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടുന്നതുമാണ് തിഹാര്‍ ജയില്‍ കോമ്പൗണ്ട്. തിഹാറിലെ മൂന്നാം നമ്പര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ പാര്‍പ്പിക്കുന്നത്. ഡല്‍ഹിയിലെ വടക്ക്-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന രോഹിണി ജയില്‍, വടക്ക്-കിഴക്കുള്ള മന്ദോളി ജയില്‍ എന്നിവയാണ് തിഹാര്‍ കഴിഞ്ഞാല്‍ അടുത്തുള്ളത്.

വനിതാ തടവുകാരെയും പുരുഷതടവുകാരെയും വേറെ വേറെ കെട്ടിടങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഞാന്‍ പിരിയുമ്പോള്‍ അവിടെ ഒരു വനിതാജയിലാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടെണ്ണമുണ്ട്. വനിതാ ഓഫീസര്‍മാര്‍ മാത്രം നിയന്ത്രിക്കുന്നതാണ് തിഹാറിലെ വനിതാജയില്‍. അവിടെ ഒരു വനിതാ ഡോക്ടറുമുണ്ട്. 

അച്ചാര്‍, പപ്പടം തുടങ്ങിയവയുടെ നിര്‍മാണമാണ് പ്രധാനമായും സമയം പോകാനായി വനിതാ ജയിലുകളില്‍ നടക്കുന്നത്. വളരെ നല്ല ഒരു ലൈബ്രറിയും അവിടെയുണ്ട്. ആഴ്ചയിലൊരിക്കല്‍ വനിതകളെ അവരുടെ ഭര്‍ത്താക്കന്മാരെ കാണാന്‍ അനുവദിക്കും. വനിതാ വാര്‍ഡില്‍വന്നാണ് അവര്‍ കാണുക. മുപ്പത് ശതമാനം വനിതാ തടവുകാരും കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. പിന്നെ വിശ്വാസവഞ്ചന, ലൈംഗികാതിക്രമം, ഗാര്‍ഹിക പീഡനങ്ങള്‍ അങ്ങനെയുള്ള ചാര്‍ജുകളും ഉണ്ടാവും. എന്നിരുന്നാലും പുരുഷതടവുകാരെ അപേക്ഷിച്ചുനോക്കുമ്പോള്‍ വനിതാതടവുകാരുടെ കുറ്റങ്ങള്‍ നിസ്സാരമാണ്. അഞ്ചുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ അമ്മയോടൊപ്പം ജയിലില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കാറുണ്ട്. അവിടെ കുട്ടികള്‍ക്കായി നല്ലൊരു പ്ലേ സ്‌കൂളും ഉണ്ട്. ഡല്‍ഹിയിലെ എന്‍.ജി.ഓയുടെ സഹായത്തോടെയാണ് കുഞ്ഞുങ്ങള്‍ക്കായി അത്തരമൊരു സംരംഭം തുടങ്ങാനായത്. അതിന് സുപ്രീംകോടതിയുടെ പ്രശംസയും തിഹാര്‍ ജയിലിന് ലഭിച്ചു.

 വനിതാ തടവുകാരുടെ ക്ഷേമത്തിനായും അവര്‍ കുടുംബത്തില്‍ നിന്നും മാറിനില്‍ക്കുമ്പോളുണ്ടവുന്ന മാനസികപിരിമുറുക്കം കുറയ്ക്കാനുമൊക്കെ കൗണ്‍സിലിംഗുകള്‍ കൊടുക്കാറുണ്ട്. ഒരു സ്ത്രീ അകത്താവുമ്പോള്‍ ഒരു സമൂഹം തന്നെയാണ് പ്രതിന്ധിയിലാവുന്നത്.  ഭൗതികസാഹചര്യങ്ങള്‍ വളരെ കുറഞ്ഞതും അനുവദിക്കപ്പെട്ടതിലും 35 ശതമാനം ജീവനക്കാര്‍ കുറവുളളതുമായ അവസ്ഥയാണ് തിഹാറിലിപ്പോള്‍. മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും സഹായമെന്നവണ്ണം സേവനം ചെയ്യുന്നവരാണ് തിഹാറിലെ സൂപ്രവൈസറി ഉദ്യോഗസ്ഥര്‍.
 
ക്രിക്കറ്റ് താരം ശ്രീശാന്തും തിഹാറിലെ തടവുകാരനായിരുന്നു.

തികച്ചും ശാന്തനായിരുന്നു ശ്രീശാന്ത് തിഹാറില്‍. നല്ല വിനയത്തോടെയുള്ള പെരുമാറ്റം. കേരളത്തില്‍ നിന്നുതന്നെയുള്ള ഒരു പുരോഹിതനുമായി അദ്ദേഹം സ്ഥിരമായി സംസാരിക്കുമായിരുന്നു. മറ്റു തടവുകാരോടും നല്ല പെരുമാറ്റമായിരുന്നു ശ്രീശാന്തിന്. മധുരമായി സംസാരിക്കും. മിക്ക മാധ്യമപ്രവര്‍ത്തകരും അഭിമുഖത്തിനായി വരും. എല്ലാവരോടും മാന്യതയോടെ പെരുമാറും. തികഞ്ഞ അച്ചടക്കവും പക്വതയും അയാള്‍ പുലര്‍ത്തിയിരുന്നു.

ആരാച്ചാര്‍ ആണ് ഇപ്പോള്‍ താരം. നിര്‍ഭയ കേസിലെ കുറ്റവാളികളെ തൂക്കാന്‍ ആരാച്ചാര്‍ തയ്യാറെടുത്തിരിക്കുമ്പോള്‍ നിയമം തയ്യാറെടുത്തിട്ടില്ല.

ആരാച്ചാര്‍ എന്നൊരു തസ്തികയൊന്നും തിഹാറിലില്ല. വല്ലപ്പോഴുമേ വധശിക്ഷകള്‍ ഉണ്ടാവാറുള്ളൂ. അതുകൊണ്ടുതന്നെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് താത്ക്കാലികമായി ആരാച്ചാരെ ഏര്‍പ്പാടു ചെയ്യുകയാണ് പതിവ്.

അപ്‌നേലിയേ ജിയേ തോ ക്യാ ജിയേ ഖുശീ യേ ദില്‍ ജമാനേ കേ ലിയേ.. ബാദല്‍ എന്ന സിനിമയിലെ ഈ ഗാനം താങ്കളെ കുറേക്കാലം പിന്തുടര്‍ന്നിരുന്നല്ലോ.

നിങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി നിര്‍ബന്ധമായും ജീവിച്ചിരിക്കണം എന്നര്‍ഥമുള്ള ഈ ഗാനം അഫ്‌സല്‍ ഗുരു അവസാനമായി എന്നെ പാടിക്കേള്‍പ്പിച്ചതാണ്. പ്രസന്നത വരുത്തിയ മുഖവുമായി അയാള്‍ പാടുന്നതും നോക്കി ഞാനിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ തവണ യൂട്യൂബില്‍ തിരഞ്ഞതും കണ്ടതും ഈ ഗാനമാണ്. ഈ ഗാനം ഇപ്പോഴും എന്നെ അസ്വസ്ഥമാക്കാറുണ്ട്. ആ ചെറുപ്പക്കാരന്റെ മുഖം ഓര്‍മിപ്പിക്കാറുണ്ട്.

ഇത്രയും കാലത്തെ തിഹാര്‍ സേവനത്തില്‍, കൊടുംകുറ്റവാളികളോടൊപ്പമുള്ള ഔദ്യോഗികജീവിതത്തില്‍ ഭീഷണികള്‍ ഇല്ലാതിരിക്കില്ലല്ലോ.

തിഹാര്‍ പോലുള്ള ഒരു ജയിലില്‍ ജോലിചെയ്യുമ്പോള്‍ ഭീഷണി സ്വാഭാവികമാണല്ലോ. പക്ഷപാതമില്ലാതെയും മുഖംനോക്കാതെയും നിങ്ങള്‍ നടപടിയെടുക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഭീഷണിയും അഭിമുഖീകരിക്കേണ്ടി വരും. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. വധഭീഷണി ഉള്‍പ്പെടെ. ഏറ്റവും അവസാനമായി ഭീഷണി നേരിട്ടത് ഛോട്ടാ ഷക്കീലില്‍ നിന്നാണ്. അതൊക്കെ ജോലിയുടെ ഭാഗം മാത്രം.

 Black Warrantകുടുംബം, കുട്ടികള്‍... ഇവരെയൊക്കെ എങ്ങനെയാണ് ഈ ജോലിയുമായി സമരസപ്പെടുത്തിയത്.

എന്റെ കുട്ടികള്‍ നേരാംവണ്ണം വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ഉള്ളതുകൊണ്ടാണ്. അവര്‍ ഞങ്ങളോടൊപ്പം ജയിലിനടുത്തുതന്നെ താമസിച്ചു. എന്നിരുന്നാലും പറയട്ടെ ഒരു ഉത്തരവാദിത്തപ്പെട്ട ജയിലറെ സംബന്ധിച്ചിടത്തോളം കുടുംബബന്ധങ്ങളുമായി മുന്നോട്ടുപോവുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്റെ കുടുംബബന്ധങ്ങള്‍ വളരെയധികം സംഘര്‍ഷങ്ങള്‍  നിറഞ്ഞിരുന്നതിനാലാണ് ഇങ്ങനെയൊരു പുസ്തകം ഞാന്‍ എഴുതിയതുതന്നെ.

എന്റെ ഭാര്യ ഡല്‍ഹിയിലെ ഒരു സിഖ് സ്‌കൂളില്‍ അധ്യാപികയാണ്. രണ്ടുമക്കള്‍. മകള്‍ ബയോടെക്‌നോളജിയില്‍ എം.ടെക് കഴിഞ്ഞു അമേരിക്കയില്‍ സെറ്റില്‍ ചെയ്തു. മകന്‍ ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നു. രണ്ടുപേരും അമേരിക്കന്‍ കമ്പനിയിലാണ് ഇപ്പോഴുള്ളത്‌.

Content Highlights: Sunil Gupta Malayalam Interview MBIFL 2020