മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി നില കൊണ്ട പോരാളി, ഉപേക്ഷിക്കപ്പെട്ട വനിതകള്‍ക്കും കുട്ടികള്‍ക്കും അത്താണി, നിരാലംബരുടെ അമ്മ. ഹൃദയത്തില്‍ നിന്നും പുഷ്പ്പിച്ച കവിതകള്‍ കൊണ്ട് മലയാണ്മയെ സുഗന്ധം നിറപ്പിച്ച പ്രിയങ്കരിയായ സുഗതകുമാരി. സുഗതകുമാരി ടീച്ചറുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും.
സ്വന്തം കാവ്യജീവിതത്തെയും വീക്ഷണത്തേയും വിലയിരുത്താറുണ്ടോ?
കവിത എനിക്ക് പ്രാണവായുവാണ്. ഞാന്‍ കുടിക്കുന്ന വെള്ളമാണ്. ഞാന്‍ കഴിക്കുന്ന അന്നമാണ്. എന്റെ അമ്മയുടെ സ്‌നേഹമാണ്. കാരുണ്യമാണ്. ഈ ഭൂമിയുടെ അനുഗ്രഹമാണ്. നിലയവും വെയിലും മഴയും ഒരുപാട് കണ്ണീരും, കണ്ണുനീരിന്റെ ഉപ്പും സ്‌നേഹത്തിന്റെ മാധുര്യവും ചേര്‍ന്നതാണ് കവിത. ഇതിനൊക്കെ അപ്പുറം ഒരു നിര്‍വചനം എനിക്കറിയില്ല. എന്റെ അമ്മയാണ് എനിക്ക് ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്നത്. വായനയുടെയും എഴുത്തിന്റെയും ലോകം കാണിച്ചു തന്നത് എന്റെ അമ്മയാണ്.
വായനയിലും എഴുത്തിലും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കി തന്നത് അമ്മയാണല്ലോ. അമ്മയെയും അച്ഛനേയും കുറിച്ചുള്ള ഓര്‍മ്മകള്‍?
അച്ഛന്‍ ബോധേശ്വരന്‍, പഴയ കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നു. ഒരുപാടു കഷ്ടപ്പാടനുഭവിച്ചയാള്‍, സ്വാതന്ത്ര്യ സമരത്തിന്റെ ആദര്‍ശങ്ങള്‍, ലോക ഗുരുക്കന്മാരെ പറ്റിയുള്ള വിശ്വാസങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത് അച്ഛനാണ്. അമ്മ കെ.വി കാര്‍ത്യായനി, ആറന്മുള എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആദ്യമായി മദ്രാസ്സില്‍ പോയി ബിരുദം നേടി തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ നിന്നും അധ്യാപികയായി വിരമിച്ചു. അമ്മയാണ് വിശ്വസാഹിത്യത്തിലേക്കുള്ള കവാടം തുറന്നു തന്നത്. അച്ഛന്‍ കവിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പാട്ടുക്കാരനായിരുന്നു. അച്ഛന്‍ ചൊല്ലുന്നത് സ്വന്തം കവിതകള്‍ മാത്രമായിരുന്നില്ല. രാമായണം തൊട്ടു കുമാരനാശാന്റെ കവിതകള്‍ അടക്കം ഇഷ്ടത്തോടെ ചൊല്ലുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്.
ജാതിക്കും മതത്തിനും ഒന്നും യാതൊരു വിധത്തിലുള്ള പ്രാധാന്യവും കൊടുക്കാന്‍ ഉള്ളതല്ലെന്നും എല്ലാവരും ഈശ്വരന്റെ മക്കളാണെന്നും 'ഏകം സത് വിപ്രാബഹുദാവതന്തി 'എന്ന് പറഞ്ഞു തന്നത് അമ്മയും അച്ഛനുമാണ്. സത്യം ഒന്നേയുള്ളൂ ആ സത്യത്തെ പല പേരിട്ട് വിളിക്കും, എല്ലാം ഒന്നാണ് എന്ന അടിസ്ഥാന സത്യം അമ്മ എന്നെ പഠിപ്പിച്ചു. ഭാഷയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു തന്നതും എന്റെ 'അമ്മ തന്നെയാണ്. ജീവിതത്തില്‍ വലിയ വലിയ ആദര്‍ശങ്ങള്‍ എനിക്ക് പകര്‍ന്നു തന്നതും എന്റെ അച്ഛനമ്മമാര്‍ തന്നെയാണ്. അവര്‍ക്കു മുന്‍പില്‍ നമസ്‌ക്കരിക്കുക മാത്രമേ ചെയ്യാനുള്ളൂ
കുട്ടികാലത്തെ വീട്ടിലുള്ള അന്തരീക്ഷം എങ്ങനെയായിരുന്നു?
എന്റെ ചേച്ചി ഹൃദയകുമാരിയായിരുന്നു ഏറ്റവും വലിയ പഠിത്തകാരി. പഠനത്തില്‍ മുഴുവന്‍ ശ്രദ്ധയും അര്‍പ്പിക്കുന്നത് ചേച്ചിയായിരുന്നു. ഞാന്‍ കളിച്ചു നടക്കും. അല്ലെങ്കില്‍ പശുക്കളെ വളര്‍ത്തുന്നതില്‍ സഹായിക്കും. അല്ലെങ്കില്‍ വീട് ജോലികള്‍ ചെയ്യും. ഇതൊക്കെയായിരുന്നു അന്നത്തെ എന്റെ ഇഷ്ടങ്ങള്‍. എന്റെ അലസത കണ്ടു ഒരിക്കല്‍ അമ്മാവന്‍ പറഞ്ഞു 'ഇവളെ പത്താം ക്ലാസ്സുവരെ പറഞ്ഞയച്ചാല്‍ മതി എന്നിട്ടു കല്യാണം കഴിപ്പിച്ചയാക്കാം. വല്ല വീട്ടിലും പോയി അടുക്കള പണിയൊക്കെ ചെയ്തും ചാണകം വാരിയും ജീവിക്കട്ടെ. അത് കേട്ടപ്പോള്‍ എന്റെ 'അമ്മ ചിരിച്ചതെ ഉള്ളൂ. അമ്മയുടെ ആ ചിരി ഇന്നും എന്റെ മനസ്സില്‍ മായാതെ ഉണ്ട്. ഞങ്ങളെയൊക്കെ ഇത്രയധികം പഠിപ്പിക്കാന്‍ എന്റെ 'അമ്മ മുന്നില്‍ നിന്ന് കൊണ്ട് താല്പര്യമെടുത്തു. അതു കൊണ്ടാണ് എത്രയൊക്കെ എത്തിയത്.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ടീച്ചറുടെ പ്രാര്‍ത്ഥന എന്താണ്?
പെണ്‍കുട്ടികള്‍ക്ക് തന്റേടം ഉണ്ടായിരിക്കണം. അഭിമാനമുണ്ടായിരിക്കണം. തിരിഞ്ഞു നില്‍ക്കാന്‍ ഉള്ള പ്രാപ്തി വേണം. ഒരുപാട് കാശു എണ്ണിക്കൊടുത്തു ഒരുത്തനെ കല്യാണം കഴിക്കുക എന്ന് പറയുന്നതല്ല അവളുടെ ജീവിതത്തിലെ ലക്ഷ്യം. സ്വന്തം കാലില്‍ നിന്നും പണിയെടുത്തു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉതകുന്നവളായി ജീവിക്കണം.'അഭിമാനിനി 'എന്ന വാക്കാണ് ഞാന്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്.
'നല്ല മക്കളെ പെറ്റ വയറെ തണുക്കൂ 'ഈ വരികള്‍ ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തമാണോ?
തീര്‍ച്ചയായിട്ടും എന്നും പ്രസക്തമാണ്. ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ പ്രസക്തം. ഇല്ലെങ്കില്‍ ഭൂമി തപിച്ചു കൊണ്ടേയിരിക്കും. ദുഷ്ടരായ മക്കളെ പ്രസവിച്ചാല്‍ ഭൂമിക്ക് ആപത്താണ്. അതാണ് ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭൂമിയുടെ വിഭവങ്ങള്‍ എല്ലാം അസ്തമിച്ചു കൊണ്ടിരിക്കുന്നു. മാറാവ്യാധികള്‍ പിടിപ്പെടുന്നു. കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നു. ഇതില്‍ പകുതിയിലധികം മനുഷ്യന്‍ ഉണ്ടാക്കി തീര്‍ക്കുന്നതാണ്. മനുഷ്യനു എപ്പോഴും വേണ്ടത് വലിയ വലിയ ബാര്‍ ഹോട്ടലുകളും അപ്പാര്‍ട്‌മെന്റുകളും മാണ്. കൃഷി എന്ന് പറഞ്ഞാല്‍ പുച്ഛമാണ്. പ്രകൃതിയെ നശിപ്പിച്ചതിന്റെ ദുരിതമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ഇനി വരുന്ന തലമുയ്ക്ക് ഇതിലും കൂടുതല്‍ അനുഭവിക്കേണ്ടി വരും. അതോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. വളരെ മലീമസമാക്കിയ ഭൂമിയാണ് അടുത്ത തലമുറയ്ക്ക് കൊടുത്തിട്ടു പോകുന്നത്. നമ്മള്‍ക്ക് കിട്ടിയ തറവാട് മുടിപ്പിച്ചാണ് നമ്മള്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നത്. ഈശ്വരന്‍ അവരെ രക്ഷിക്കട്ടെ.
മാതൃഭൂമി വായനക്കാരോട്
കുട്ടിയായിരുന്നപ്പോള്‍ അച്ഛനും അമ്മയും മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാന്‍ തരുമായിരുന്നു. സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പറ്റിയൊക്കെ ഒരുപാട് പരിചയപ്പെട്ടത് അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍നിന്ന് മാത്രമല്ല, മാതൃഭൂമിയില്‍ നിന്നുകൂടിയാണ്. അന്നുതൊട്ടുള്ള ബന്ധം ഇന്നും തുടരുന്നു. ഞാന്‍ വേറെയൊന്നിലും കവിത എഴുതാറില്ല. എന്‍.വി. കൃഷ്ണവാരിയര്‍ മാതൃഭൂമി വിട്ടിറങ്ങിയപ്പോള്‍ എന്നോടുപറഞ്ഞു: ''എന്തെഴുതിയാലും മാതൃഭൂമിക്ക് കൊടുക്കണം.'' എന്‍.വി എന്റെ ഗുരുവാണ്. അന്നുതൊട്ട് ഇന്നുവരെ മാതൃഭൂമിക്കേ കവിത കൊടുക്കാറുള്ളൂ.
Content Highlights: Sugathakumari Malayalam Interview Mathrubhumi