അന്തരിച്ച ഗാനരചയിതാവ് ബിച്ചുതിരുമലയെ അനുസ്മരിച്ച് സംസാരിക്കുകയാണ് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി.

ബിച്ചു തിരുമല അധികം കവിതകള്‍ എഴുതിയിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ ആ കവിത്വം എപ്പോഴും മുറ്റി നിന്നിരുന്നു. തെരുവുഗീതം എന്ന സിനിമയിലെ ഹൃദയം ദേവാലയം... എന്നു തുടങ്ങുന്ന പാട്ട് തന്ന എടുത്തുപറയേണ്ടതാണ്. 'ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട് നടത്താറുണ്ടിവിടെ'', മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന് കഥകളിയാടാറുണ്ട് ഇവിടെ, ചിന്തകള്‍ സപ്താഹം നടത്താറുണ്ടിവിടെ എന്ന വരികളില്‍ കവിത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്.  ജയവിജയന്‍മാര്‍ ഈണം പകര്‍ന്നതാണ്. അതിന്റെ കാവ്യശില്പചാരുത നോക്കൂ. അതുപോലെ തന്ന പ്രണയസരോവരതീരം കണ്ടൊരു പ്രദോഷസന്ധ്യാനേരം എന്നു തുടങ്ങുന്ന പാട്ട്. ബിച്ചുവിലെ കാല്‍പനികനെയാണ് പ്രതിനിധീകരിക്കുന്നത്. ദേവരാജന്‍ മാഷാണ് അതിന് ഈണം പകര്‍ന്നത്. ബിച്ചുവിന്റെ പാട്ടുകള്‍ ഓര്‍ക്കുമ്പോള്‍ കാവ്യഭംഗിയില്ലാത്തത് ഏതിലാണ്? 'ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ...' എന്ന പാട്ട്, അതിനെ കവിത എന്നാണ് വിളിക്കേണ്ടത്.

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍...ബിച്ചുവിന്റെ വരികളുടെ, ഭാവനയുടെ, കവിത്വത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ഗാനം. ഭാസ്‌കരന്‍ മാസ്റ്ററുടെ ഒറ്റക്കമ്പിയുള്ള തംബുരു എന്നൊരു കവിതാസമാഹാരമുണ്ട്. അതില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ്  ആ പാട്ടുണ്ടായത് എന്ന് ബിച്ചു എന്നോട് പറഞ്ഞിട്ടുണ്ട്. ഒറ്റക്കമ്പിയുള്ള തംബുരു ഭാസ്‌കരന്‍ മാസ്റ്ററുടെ വളരെ പ്രശസ്തമായ കവിതയാണ്. ആ ഒറ്റക്കമ്പിയുള്ള തംബുരുവും കൊണ്ട് ബിച്ചു തന്റേതായ ഭാവനാലോകത്തേക്ക് പോയി. തികച്ചും വ്യത്യസ്തമായൊരു പാട്ടോടുകൂടി മടങ്ങിവന്നു. ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം എന്നുപറയുമ്പോള്‍ ഓര്‍ക്കണ്ടേത് ഒറ്റക്കമ്പിയുള്ള വീണ സത്യത്തില്‍ ഇല്ല എന്നതാണ്. ഒരു കമ്പി മാത്രമുള്ള വീണ സങ്കല്പമാണ്. വീണയില്‍ കമ്പികള്‍ മീട്ടിക്കൊണ്ട് ഒരു പാട്ട് വായിക്കാന്‍ പറ്റും. തംബുരുവില്‍ ശ്രുതി മാത്രമേ വരികയുള്ളൂ. ബിച്ചുവിന്റെ ഭാവന ഒറ്റക്കമ്പിവീണയില്‍ പാട്ട് വായിക്കുകയാണ്. അതിനര്‍ഥം ഒരുപാട് തലങ്ങളില്ലാത്ത ഏകാന്തജീവിതം നയിക്കുന്നു എന്നാണ്.

'നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍ നീര്‍പ്പോളകളുടെ ലാളനയേറ്റൊരു നീലത്താമര വിരിഞ്ഞു' എന്നുതുടങ്ങുന്ന ഗാനം കവിതയാണ്. വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളില്‍ വാടകയ്‌ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍ എന്ന പാട്ട് എഴുതിയത് വായിക്കുമ്പോള്‍ അത് കവിതയാണ്. ബിച്ചുവിന്റെ പാട്ടുകളെല്ലാം തന്നെ കവിതയാണ്. അത് സമാഹാരിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിച്ചില്ല, കവിയായി സ്വയം അവരോധിക്കപ്പെട്ടിട്ടില്ല എന്നുമാത്രം. ഗാനരചയിതാവായാണ് ബിച്ചു തന്റെ കരിയര്‍ തുടങ്ങിയത്. ആ ഗാനങ്ങളിലൂടെ വേണം ബിച്ചുവിലെ കവിത്വത്തെ തിരിച്ചറിയാന്‍. അതേ ബിച്ചു തന്നെയാണ് യോദ്ധയിലെ പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതിയും ഏയ് ഓട്ടോയിലെ സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ തുടങ്ങിയ പാട്ടുകളും എഴുതിയിരിക്കുന്നത്. 

ബിച്ചു നല്ലൊരു പാട്ടുകാരന്‍ കൂടിയായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. സാഹിത്യപരമായും സംഗീതപരമായും നല്ല അറിവും ആഴവുമുള്ള കുടുംബപശ്ചാത്തലമാണ് ബിച്ചുവിന്റേത്. ദര്‍ശന്‍ രാമന്‍ എന്ന സംഗീത സംവിധായകന്‍ ബിച്ചുവിന്റെ അനിയനാണ്. മൂക്കില്ലാ രാജ്യത്തെ രാജാവിന് മൂക്കിന്റെ തുമ്പത്ത് കോപം എന്ന പാട്ടിന് യേശുദാസിനൊപ്പം ഡ്യുയറ്റ് പാടിയ സുശീലാദേവി ബിച്ചുവിന്റെ സഹോദരിയാണ്. ഞാനെഴുതി ബാബുരാജ് സംഗീതം നിര്‍വഹിച്ച ഗാനമാണത്. തിരുവനന്തപുരത്തെ ഏറ്റവും വലിയ നൃത്തവിദ്യാലയങ്ങളിലൊന്നായ റിഗാറ്റ നൃത്തവിദ്യാലയം നടത്തുന്ന ഗിരിജ ബിച്ചുവിന്റെ മറ്റൊരു സഹോദരിയാണ്. മലയാളത്തിലെ മഹാപണ്ഡിതനായിരുന്ന പ്രൊഫ. ടി.എ. ഗോപാലപിള്ളയുടെ കൊച്ചുമകനാണ് ബിച്ചു. പുസ്തകങ്ങളുടെ ലോകം കണ്ടാണ് അദ്ദേഹം വളര്‍ന്നത്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. ചിത്രീകരണവേളയില്‍ പ്രൊഡ്യൂസര്‍ ആവശ്യപ്പെട്ടതു പ്രകാരം പാട്ടെഴുതിക്കൊടുത്തതാണ് ബിച്ചുവിന്റെ രാശി തെളിഞ്ഞത്. 

പതിനഞ്ച് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍പെട്ടിരുന്നു അദ്ദേഹം. ആ സമയത്ത് പൂര്‍ണമായും സിനിമയില്‍നിന്നു വിട്ടുനിന്നു. സംവിധായകന്‍ ഫാസിലാണ് ബിച്ചുവിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയത്. ധാരാളം പാട്ടുകള്‍ ഫാസിലിനു വേണ്ടി എഴുതി. ഐ.വി. ശശിയുടെ സ്ഥിരം പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു. ഐ.വി. ശശി-ബിച്ചുതിരുമല നല്ല കോംപിനേഷനായിരുന്നു. വാണിജ്യസിനിമകളുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ് ഐ.വി. ശശി. ആ പള്‍സ് തന്റെ ഗാനങ്ങളിലും കൊണ്ടുവരാന്‍ ബിച്ചുവിന് കഴിഞ്ഞിരുന്നു. കവിത്വമാര്‍ന്ന ഗാനങ്ങളോടൊപ്പം തന്നെ സാധാരണക്കാരന്റെ നാവിനെ ചടുലമാക്കുന്ന പാട്ടുകളും ബിച്ചു സൃഷ്ടിച്ചു. ഏതുരീതിയിലും വാക്കുകളെ കരഗതമാക്കാനുള്ള ആ കഴിവ് അപാരം തന്നെയായിരുന്നു. 

ഒരു എഴുത്തുകാരന്‍ പത്തു പതിനഞ്ച് വര്‍ഷം നിലനിന്നു എന്നു പറയുകയാണെങ്കില്‍ അയാള്‍ വിമര്‍ശനാതീതനാണ്. സിനിമപോലുള്ള ക്ഷണപ്രഭാചഞ്ചലമായ വേദി കൂടിയാവുമ്പോള്‍ പത്തു വര്‍ഷം തികക്കുന്നയാള്‍ ലെജന്റ് തന്നെയാണ്. കഴിവ് മാത്രമാണ് ആ നിലനില്‍പ്പിനാധാരം. പ്രതിഭയില്ലാത്ത ഒരാള്‍ക്കും അങ്ങനെ പിടിച്ചുനില്‍ക്കാനാവില്ല. നാനൂറോളം സിനിമകളിലായി അയ്യായിരത്തോളം പാട്ടുകളാണ് ബിച്ചുവിന്റെ ക്രെഡിറ്റിലുള്ളത്. എത്ര മനോഹരമായി രാജ്യം ഭരിച്ചാലും കുറേക്കാലം കഴിയുമ്പോള്‍ ജനങ്ങള്‍ പറയും ഈ രാജാവിനെ വേണ്ട എന്ന്. അത് കാലത്തിന്റെ മാറ്റമാണ്. ആ മാറ്റമാണ് വയലാറും ദേവരാജന്‍ മാഷും ജ്വലിച്ചുനില്‍ക്കുമ്പോള്‍ ഞാനും ഞാന്‍ നിലനില്‍ക്കുമ്പോള്‍ ബിച്ചുതിരുമലയും ഗാനരചനാ മേഖലയിലേക്ക് കടന്നുവന്നതും മുദ്ര പതിപ്പിച്ചതും. ആ കാലത്തെയാണ് ബിച്ചുവെന്ന പാട്ടെഴുത്തുകാരന്‍ അതിജീവിച്ചത്. ബിച്ചു തിരുമല അനശ്വരനാണ്. അക്ഷരങ്ങള്‍ കൊണ്ട് ജീവിതത്തെ അനശ്വരമാക്കിയ പ്രതിഭ. 

Content Highlights : sreekumaran thampi pays homage to Lyricist  poet bichu thirumala