നേപ്പാളിലെ രാജകൊട്ടാരത്തില്‍ നടന്ന കൂട്ടക്കൊല, കശ്മീരിലെയും പാകിസ്താനിലെയും അസ്വസ്ഥതകള്‍, ഇറാഖ് യുദ്ധം, യൂഗോസ്‌ളാവിയയിലെ നാറ്റോ ബോംബാക്രമണം, അഫ്ഗാനിസ്താനില്‍ ബാമിയന്‍ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്ത സംഭവം... ഇത്തരം സുപ്രധാന വാര്‍ത്തകള്‍ നാം അറിഞ്ഞത് സിദ്ധാര്‍ഥ് വരദരാജന്‍ എന്ന പത്രപ്രവര്‍ത്തകനിലൂടെയാണ്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു. അമേരിക്കന്‍ പൗരനായ സിദ്ധാര്‍ഥിന്റെ വേരുകള്‍ തമിഴ്നാട്ടിലാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ദേശീയ ബ്യൂറോ ഡെപ്യൂട്ടി ചീഫ് ആയി ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം തുടങ്ങി. പിന്നീട് 'ദ ഹിന്ദു'വിന്റെ ദേശീയ ബ്യൂറോ ചീഫ്, എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി അക്കാദമിക ലേഖനങ്ങളുടെ രചയിതാവാണ്. 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയെക്കുറിച്ച് ലഭ്യമായ ഏറ്റവും സമഗ്രമായ രേഖയാണ് അദ്ദേഹം എഡിറ്റു ചെയ്ത Gujarat: The Making of a Tragedy (പെന്‍ഗ്വിന്‍, 2002). 

ഇന്ത്യന്‍ വര്‍ഗീയ-വിഘടനവാദങ്ങളുടെ ചരിത്രത്തെക്കുറിച്ച് പറയാമോ?

നാം എപ്പോഴും മുസ്ലിം വിഘടനവാദത്തെക്കുറിച്ചാണ് പറയുക. പക്ഷേ, സ്വാതന്ത്ര്യസമരകാലം മുതല്‍ക്കേ ഇന്ത്യയില്‍ ഹിന്ദു വിഘടനവാദവും ഉണ്ടായിരുന്നു. ഇന്ത്യയെന്നാല്‍ ചില അവകാശങ്ങളൊക്കെയുള്ള പൗരന്മാരുടെ വാസസ്ഥലമാണ് എന്ന ആശയത്തിനുപകരം വിവിധ സമുദായങ്ങളില്‍പ്പെട്ട മനുഷ്യര്‍ അടങ്ങുന്ന രാജ്യമാണ് എന്ന തത്ത്വത്തിന് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുണ്ട്. എന്നാല്‍, ഒരു മതരാഷ്ട്രമാണ് വേണ്ടതെന്ന് ഉറച്ചുവിശ്വസിക്കുന്ന വലിയൊരു സംഘം ആളുകളും ഇവിടെയുണ്ട്.

സംഘപരിവാറിന്റെ മുന്‍ഗാമി സംഘടനകള്‍ ഹിന്ദുരാഷ്ട്രസങ്കല്പമാണ് ഉയര്‍ത്തിപ്പിടിച്ചത്. അതോടെ രാഷ്ട്രസങ്കല്പംതന്നെ വിഭജിക്കപ്പെട്ടു. ഇതിന് ഹിന്ദുസംഘടനകളെയോ അവയുടെ പ്രാതിനിധ്യം കൊണ്ടുനടക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയെയോമാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഇടവിട്ട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും ഉത്തരവാദികളാണ്.

1980-കളില്‍ വര്‍ഗീയതയുടെ രാഷ്ട്രീയവത്കരണം മൂര്‍ച്ഛിക്കുന്നത് കാണാം. 1984-ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊലയില്‍ ഡല്‍ഹിയില്‍മാത്രം 3000 പേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടവും വര്‍ഗീയവിദ്വേഷികളും രാഷ്ട്രീയപ്രത്യയശാസ്ത്രവും ഒന്നിച്ചുചേരുന്നതിന്റെ അപകടകരമായ തുടക്കമായി ആ കാലഘട്ടത്തെ കണക്കാക്കാം. 

പക്ഷേ, വര്‍ഗീയതയെ ഒരു മോശം കാര്യമായി കാണുകയായിരുന്നു ഭൂരിപക്ഷംവരുന്ന സാധാരണ പൗരന്മാര്‍. ഇന്നതല്ല സ്ഥിതി. വര്‍ഗീയതയ്ക്ക് കൂടുതല്‍ നീതിവത്കരണം നേടിയെടുക്കാന്‍ ഭരണകൂടത്തിനും പോലീസ്, നീതിവ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, മാധ്യമങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയടക്കമുള്ള സഹകാരി സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന കോര്‍പ്പറേറ്റ്വത്കരണത്തെക്കുറിച്ച് പറയൂ...

വര്‍ഗീയതയും കോര്‍പ്പറേറ്റ് ആധിപത്യവും കൂടിച്ചേര്‍ന്നാല്‍ അതീവഗുരുതരമായ, ജനവിരുദ്ധമായ ഒരവസ്ഥയാണ് ഉണ്ടാവുക. ഇന്ന് രാജ്യത്തെ സ്ഥിതി അതാണ്. യു.എസിലേതില്‍ നിന്ന് ഭിന്നമായി ഇവിടത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് പ്രത്യയശാസ്ത്രപരമായ അധീശത്വം കൂടുതലാണ്. അവിടെ അകമേനിന്നുള്ള വിമര്‍ശം (insider critique) ശക്തമാണ്. ഇക്കാര്യത്തിലും ഇന്നത്തെ ബി.ജെ.പി. സര്‍ക്കാരിനെ മാത്രം പഴി പറഞ്ഞിട്ടുകാര്യമില്ല. രാജ്യം ഭരിച്ച എല്ലാ സര്‍ക്കാരുകളും ഇതിന് ഉത്തരവാദികളാണ്. 

ഇന്ത്യയിലെ ട്രേഡ്യൂണിയനുകള്‍ക്ക് ഒരു ദിശാമാറ്റം സംഭവിച്ചിട്ടുണ്ടെന്നു പറയാമോ ? 

തൊഴിലാളിവര്‍ഗത്തിലെ പ്രഭുവര്‍ഗത്തെപ്പറ്റി (labour aristocracy) ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ സംഘടിത തൊഴിലാളിവര്‍ഗത്തില്‍ അത്തരമൊരുകൂട്ടര്‍ ഉണ്ടെന്നു പറഞ്ഞാല്‍ അതിത്തിരി ക്രൂരമാകും.  പക്ഷേ, വര്‍ഗതാത്പര്യത്തിനുപിന്നില്‍ അണിനിരക്കേണ്ട തൊഴിലാളികള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നതയുണ്ട്. അത് അവരുടെ പ്രതിഷേധത്തെ ദുര്‍ബലമാക്കുന്നു. 

രാജ്യത്തുടനീളം പല രൂപത്തില്‍ അരങ്ങേറുന്ന അക്രമങ്ങള്‍-ജാതിയുടെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, പേരിന്റെ പേരില്‍പ്പോലും ഇനിയും വര്‍ധിച്ചുവരും. ഇത് 2019-ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കി ഭരണത്തിലിരിക്കുന്നവരുടെ അനുഗ്രഹത്തോടെ ആസൂത്രിതമായി ചെയ്യുന്നതാണെന്നു കരുതണം.  ഭരണാധിപരുടെ ഏകാധിപത്യത്തിന് വെല്ലുവിളിയിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ തുരങ്കംവയ്ക്കുക എന്ന ഫാസിസത്തിന്റെ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ട പരിപാടി ഇപ്പോള്‍ ഇന്ത്യയില്‍ കൃത്യമായും നടക്കുന്നുണ്ട്.

ആത്യന്തികമായ രാഷ്ട്രീയപ്രശ്‌നമാണിത്. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ത്തന്നെവേണം പ്രതിരോധത്തിന്റെ മുന്നണിയില്‍. നമുക്കൊക്കെ അവരോടൊപ്പം നില്‍ക്കാം. നിലപാടെടുത്തും നിലപാടില്‍ ഉറച്ചും.