നെൽസൺ മണ്ഡേല, മിഖായേൽ ഗോർബച്ചേവ്, ഫിദൽ കാസ്‌ട്രോ, കേണൽ ഗദ്ദാഫി, ഡാനിയൽ ഒർട്ടേഗ, ഹെന്റി കിസ്സിഞ്ജർ... 
അഭിമുഖത്തിനായി  സയീദ് നഖ്‌വിയെന്ന പത്രപ്രവർത്തകനു മുന്നിലിരുന്നിട്ടുള്ള ലോകനേതാക്കൾ ചില്ലറയല്ല. ‘റിഫ്ളക്‌ഷൻസ് ഓഫ് ആൻ ഇന്ത്യൻ മുസ്‌ലിം’, ‘ദി ലാസ്റ്റ് ബ്രാഹ്മിൻ പ്രൈംമിനിസ്റ്റർ’, ‘ബീയിങ് ദ അദർ: ദി മുസ്‌ലിം ഇൻ ഇന്ത്യ’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവെന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. കേരളത്തെ ഏറെ സ്നേഹിക്കുന്ന സയീദ് നഖ്‌വി കോഴിക്കോട്ടെത്തിയപ്പോൾ രാഷ്ട്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ആശയങ്ങൾ മാതൃഭൂമിയുമായി പങ്കുവയ്ക്കുന്നു

പാകിസ്താനുണ്ടാക്കിയപ്പോൾ നാം  ഹിന്ദുസ്ഥാൻ സൃഷ്ടിക്കുകയായിരുന്നു...

ഹിന്ദുക്കളായും മുസ്‌ലിങ്ങളായും ജനങ്ങളെ വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയം സ്വാതന്ത്ര്യംനേടിയ അർധരാത്രിക്കുമുമ്പുതന്നെ തീരുമാനിക്കപ്പെട്ടതാണ്. വിഭജനത്തിന്റെ വാർഷികമാണ് ഓഗസ്റ്റ്‌ പതിനഞ്ചിന് നാം ആഘോഷിക്കുന്നത്. ആയിരംവർഷത്തോളം മുസ്‌ലിങ്ങളും രണ്ടുനൂറ്റാണ്ടോളം ബ്രിട്ടീഷുകാരും നമ്മെ ഭരിച്ചു. അന്നൊന്നും ജനങ്ങൾക്കിടയിലില്ലാത്ത ഹിന്ദു, മുസ്‌ലിം ബോധമാണ് രാഷ്ട്രവിഭജനത്തോടെ ഉണ്ടായത്. പാകിസ്താൻ ഉണ്ടാക്കുമ്പോൾ ജനങ്ങളിൽ വർഗീയത കുത്തിവയ്ക്കുകയായിരുന്നു നാം. ഒരിക്കൽ പാകിസ്താൻ സൃഷ്ടിക്കാൻ തീരുമാനിക്കുന്നതോടെ നാം സ്വയം ഹിന്ദുസ്ഥാനായിത്തീരുകയാണ് ചെയ്യുന്നത്.

മതമല്ല ഐക്യമുണ്ടാക്കുന്നത്

ഇന്ത്യയിലുടനീളം ഏകശിലാരൂപത്തിലുള്ള മുസ്‌ലിം സ്വത്വമുണ്ടെന്നും അത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നുമൊക്കെ പ്രചാരണമുണ്ട്. വാസ്തവത്തിൽ ജനങ്ങളെ കൂട്ടിയിണക്കുന്നത് മതമല്ല. ഭാഷയും സംസ്കാരവുമാണ് അതു ചെയ്യുന്നത്. അവ മതത്തെ അസാധുവാക്കുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിലെയും ഉത്തരേന്ത്യയിലെയും മുസ്‌ലിങ്ങളുടെ അവസ്ഥ ഒരുപോലെയല്ല. മതമാണ് ഐക്യമുണ്ടാക്കുന്നതെങ്കിൽ ബംഗ്ലാദേശ് ഉണ്ടാകില്ലായിരുന്നു. ഭാഷയും സംസ്കാരവുമാണ് ആ രാഷ്ട്രത്തെ ഉണ്ടാക്കിയത്. മതവർഗീയ കാർഡ് ഉപയോഗിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും 

തമ്മിലുള്ള വ്യത്യാസം നിസ്സാരം

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മതവർഗീയത ഉപയോഗിക്കുന്നതിൽ കോൺഗ്രസ് ഒട്ടും മോശമായിരുന്നില്ല. ന്യൂനപക്ഷാഭിമുഖ്യവും മതേതരനിലപാടുമുണ്ടെന്നുപറഞ്ഞ് നെഹ്രു നമ്മെ വിഡ്ഢികളാക്കുകയാണ് ചെയ്തത്. രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽബഹാദൂർ ശാസ്ത്രിയാവട്ടെ, യുദ്ധവേളയിൽ ഗുരു ഗോൾവാൾക്കറോട് ആർ.എസ്.എസ്. വൊളന്റിയർമാരുടെ സേവനം ആവശ്യപ്പെടുകയാണ് ചെയ്തത്.

1962-ലാണ് ഗുജറാത്തിലെ ആദ്യകലാപം. അതിൽ 532  മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടു. അയോധ്യയിലേത് രാമക്ഷേത്രമാണെന്നു പ്രഖ്യാപിച്ച് ആരാധനയ്ക്കു തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയാണ്. പി.വി. നരസിംഹറാവു ഭരിക്കുമ്പോഴാണ് പള്ളി പൊളിച്ചത്. കേന്ദ്രഭരണം ബി.ജെ.പി.ക്ക് കിട്ടിയശേഷം വർഗീയവിഭജനം കുറെക്കൂടി ശക്തമായി, വേഗത്തിലായി എന്നുപറയാം. കോൺഗ്രസ് വളരെ സാവധാനത്തിലും മൃദുവായും ചെയ്തത് ബി.ജെ.പി. ശക്തമായും വേഗത്തിലും ചെയ്യുന്നുവെന്നതാണ് വ്യത്യാസം.

ഹിന്ദു ഏകീകരണം ആർ.എസ്.എസിന്റെ സ്വപ്നംമാത്രം

രാജ്യമെങ്ങും ഹിന്ദുക്കളെ ഏകീകരിക്കുകയെന്നത് ആർ.എസ്.എസിന്റെ സ്വപ്നം മാത്രമാണ്. ഇന്ത്യയിൽ ഏറെ വില്പനസാധ്യതയുള്ളതാണ് പശുരാഷ്ട്രീയം. ഗാന്ധിജി തന്നെ അത് ഉപയോഗിച്ചിരിക്കുന്നു. ഇത്തരം പ്രശ്നങ്ങളൊന്നും കേരളത്തെ ബാധിച്ചിട്ടില്ലെന്നാണ് എന്റെ അഭിപ്രായം. ഇത് മനോഹരദേശമാണ്. ദൈവത്തിന്റെ സ്വന്തം നാട്. സിനിമയിൽ പ്രേംനസീറിനെയും കഥകളിയിൽ ഹൈദരലിയെയും ഇവിടെയുള്ളവരെല്ലാവരും അംഗീകരിച്ചത് അവരുടെ മതം നോക്കാതെയാണ്. 

രാഷ്ട്രീയക്കൊലകൾ ദുഃഖകരം

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയക്കൊലകൾ ദുഃഖകരമാണ്. ചേരിതിരിഞ്ഞുള്ള കൂട്ടക്കൊലകളാണത്. കുടിപ്പകയുള്ളവ. ഇതിലൊക്കെ രാഷ്ട്രീയമെത്രത്തോളമെന്നത് അന്വേഷിക്കേണ്ടതാണ്. പലപ്പോഴും ആരോപണങ്ങളാണ് വാർത്തകളായി വരുന്നത്. തീരേ ക്ഷമയില്ലാത്ത മാധ്യമമാണ് ടെലിവിഷൻ. അവ മാധ്യമപ്രവർത്തനത്തിന്റെ സകലനിയമങ്ങളും ലംഘിക്കുന്നു. ഇത്തരം കൊലപാതകങ്ങളിൽ മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഓരോ മാധ്യമവും അവരവരുടെ വീക്ഷണകോണിൽനിന്നാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.

ദേശീയമാധ്യമങ്ങളെക്കുറിച്ച്...

പ്രതിപക്ഷത്തിന്റെ സ്ഥാനത്തുനിൽക്കേണ്ട മാധ്യമങ്ങളെല്ലാം അധികാരസ്ഥാനത്തുള്ളവരുടെ താത്പര്യസംരക്ഷണമാണ് നിർവഹിക്കുന്നത്. സർക്കാരിന്റെ ഉച്ചഭാഷിണിയായാണ് അവ പ്രവർത്തിക്കുന്നത്. ഭരണത്തിന്റെ ഗുണമാസ്വദിക്കുന്ന കോർപ്പറേറ്റുകളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്.

സർക്കാരിനെതിരായ അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നുവെന്നു തോന്നിക്കാൻ അവർക്കു ചിലരെ വേണം. അതിനുവേണ്ടി മാധ്യമങ്ങൾ കണ്ടുവെച്ചിരിക്കുന്ന ഇരട്ടകളാണ് രാഹുൽഗാന്ധിയും സോണിയാ ഗാന്ധിയും. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്‌ രാഹുൽ. പ്രതിപക്ഷം എന്നൊന്നില്ലാത്ത സ്ഥിതിയാണ് ഇതുമൂലമുണ്ടാകുന്നത്. എന്തിനാണ് രാജ്യത്തോട് ഈ അമ്മയും മകനും ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നൽകാൻപോലുമാവുന്നില്ല പ്രതിപക്ഷത്തിന്. 

വി.പി.സിങ്ങിന്റെ മണ്ഡൽ, അദ്വാനിയുടെ കമണ്ഡലു

ചരിത്രത്തെക്കാൾ നമുക്ക് താത്പര്യം കെട്ടുകഥകളിലാണ്. സമീപകാലചരിത്രംപോലും നമ്മൾ മറന്നുപോകുന്നു. വി.പി. സിങ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചപ്പോഴാണ് എൽ.കെ. അദ്വാനി കമണ്ഡലുവുമായി പുറപ്പെട്ടത്. രഥയാത്രയും ശിലകൾ കൊണ്ടുപോകലും കലാപങ്ങളുമൊക്കെയുണ്ടായി. കേരളത്തിലെ കാര്യം എനിക്കറിയില്ല, ഉത്തരേന്ത്യയിൽനിന്നൊക്കെ ഓരോ ഗ്രാമങ്ങളിൽനിന്നും ശിലകൾ അയോധ്യയിലേക്കു കൊണ്ടുപോയി. 

ബാബ്‌റി മസ്ജിദ് റാവു തകർത്തു, മസ്ജിദ് റാവുവിനെയും

കോൺഗ്രസിന്റെ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ് ബാബരി മസ്ജിദ് തകർത്തത്. അതിനുശേഷം, 2009-ൽ ഒഴികെയൊരിക്കലും കോൺഗ്രസിന് മികവു കാട്ടാനായില്ല. 2009-ൽ എന്തോ ദുരൂഹകാരണങ്ങളാലാണ് അവർക്ക് സീറ്റ് കൂടുതൽ കിട്ടിയത്. പള്ളി പൊളിച്ചശേഷമുള്ള തിരഞ്ഞെടുപ്പിൽ റാവുവിന്റെ നേതൃത്വത്തിൽ 140 സീറ്റാണ് കോൺഗ്രസ് നേടിയത്. പിന്നെ അവർ സീതാറം കേസരിയെ പ്രസിഡന്റാക്കി. 141 സീറ്റാണ് അപ്പോൾ കിട്ടിയത്. അതിൽ ലഹളകൂട്ടിയാണ് സോണിയാ ഗാന്ധിയെ പ്രസിഡന്റാക്കിയത്. അപ്പോൾ സീറ്റിന്റെ എണ്ണം 114 ആയി കുറയുകയാണ് ചെയ്തത്.

ഇടതുപക്ഷം പരാജയം

ഇന്ത്യൻ സമൂഹത്തിനുമേലും അധികാരവ്യവസ്ഥയിലും ചെറിയതോതിലെങ്കിലും സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് തീരേ ദുർബലമായി. അവർ പരാജയപ്പെട്ടിരിക്കുന്നു. ദർശനമോ ലക്ഷ്യമോ പിന്തുണയ്ക്കുള്ള സംവിധാനങ്ങളോ ഇല്ലാതായിരിക്കുന്നു. ആശയദാർഢ്യമില്ലാത്ത സംഘടനയ്ക്ക് ഫലമുണ്ടാക്കാനാവില്ല. യാന്ത്രികസമീപനം കാരണമാണ് ഇടതുപക്ഷത്തിന് അവരുടെ സ്ഥാനം നഷ്ടമായത്. ബംഗാളിൽ മമതയ്ക്കു മനസ്സിലായ കാര്യങ്ങൾ ഇടതുപക്ഷത്തിനു മനസ്സിലാക്കാനായില്ല.

1996-ൽ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാൻ ലഭിച്ച അവസരം കളഞ്ഞുകുളിച്ചത് പരമമണ്ടത്തരമാണ്. കേന്ദ്രഭരണം നിയന്ത്രിക്കാൻമാത്രമുള്ള പ്രാപ്തി നമുക്കില്ലെന്നു പറഞ്ഞാണ് പ്രകാശ് കാരാട്ടും സംഘവും ആ മണ്ടത്തരം ചെയ്തത്. എപ്പോഴാണാവോ പ്രാപ്തി കൈവരിക? 2015-ൽ ബംഗാളിൽ കോൺഗ്രസിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഞാൻ സീതാറാംയെച്ചൂരിയോട് ചോദിച്ചു, ഇതെങ്ങനെ ശരിയാകുമെന്ന്. കേരളത്തിൽ മുഖ്യഎതിരാളി കോൺഗ്രസായിരിക്കുമ്പോൾ ബംഗാളിൽ അവരുമായി കൂട്ടുചേരുന്നതിൽ എന്ത് വിശ്വാസ്യതയാണുള്ളത്?

സമത്വസുന്ദരഭാരതം അംബാനി സൃഷ്ടിക്കില്ല

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ  ആഗോളതലത്തിൽ ഇടതുപക്ഷം ദുർബലമായി. ചൈന, ക്യൂബ, വിയറ്റ്‌നാം തുടങ്ങിയ ചില തുരുത്തുകൾമാത്രമാണ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയിൽ ഫലപ്രദമായി ഒന്നുംചെയ്യാൻ ഇടതുപക്ഷത്തിനാവുന്നില്ല. അടിസ്ഥാനവർഗമെന്നത് ഇപ്പോൾ മധ്യവർഗമായിരിക്കുന്നു. ഇടതുപക്ഷം ദുർബലമായത് പല രാഷ്ട്രങ്ങളുടെയും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെയും വിപരീതമായി ബാധിച്ചു. ദേശീയസമരനായകന്മാരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുകയാണ്. ഇടതുപക്ഷം ദുർബലമാകുമ്പോൾ അംബാനി ഇന്ത്യയിൽ സമത്വസുന്ദരസമൂഹം സൃഷ്ടിക്കുമെന്നു കരുതുന്നത് ഏതായാലും അസംബന്ധമാണ്.