''സഖാവിന് ഇന്ന് നൂറ്റിയൊന്ന് തികഞ്ഞു. സ്വര്‍ഗം, നരകം എന്നതിനെക്കുറിച്ചൊക്കെ കടുത്ത വിരോധമായിരുന്നല്ലോ വച്ചുപുലര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ എവിടെയിരുന്ന് അദ്ദേഹം പിറന്നാളാഘോഷിക്കുന്നുണ്ടാവും എന്നൊന്നും പറയാന്‍ തന്നെ പാടില്ല. 'വിഡ്ഢിത്തം പറയല്ലേ ശാരദേ' എന്നെന്നെ ശാസിച്ചുകളയും''- ഇ.കെ നായനാരുടെ നൂറ്റിയൊന്നാം ജന്മദിനമാണിന്ന്. തന്റെ സഖാവിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശാരദടീച്ചര്‍
സഖാവിന് പിറന്നാളൊന്നും ഒരു വിഷയമേ അല്ലായിരുന്നു. വൃശ്ചികത്തിലെ ചതയം എന്ന് സഖാവിന്റെ ഏട്ടത്തിയമ്മ ഓര്‍ത്തോര്‍ത്ത് പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു. പായസമൊക്കെ ഉണ്ടാക്കും. സഖാവിന് അങ്ങനൊരു ദിവസം തന്നെ ഓര്‍മയുണ്ടായിരുന്നോ എന്നറിയില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയ കമ്യൂണിസ്റ്റ് വിപ്‌ളവവീര്യം തലയ്ക്കുകൊണ്ടുപിടിച്ച കാലത്തൊക്കെ പ്രവര്‍ത്തനവും കിടപ്പും തീറ്റയുമൊക്കെ നാലുകാലുള്ള ഏതെങ്കിലും ചായ്പിലാണ്. സഖാവ് അന്തിയുറങ്ങാനുണ്ടാവുമെന്ന് അറിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് കിടക്കാനൊരുക്കിയിട്ട് അടുപ്പുമൂട്ടുന്നിടത്ത് കിടന്നുറങ്ങുന്ന ധാരാളം തൊഴിലാളി ദമ്പതിമാരെപ്പറ്റി വൈകാരികതയോടെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്. 'അതൊക്കെയാ ശാരദേ പിറന്നാള്‍' എന്നദ്ദേഹം പറയുമായിരുന്നു. പാത്രത്തിന്നടിയിലുള്ള നാലഞ്ച് മണി വറ്റ് ചവച്ചുതിന്നാനായി മുകളിലെ വെള്ളം മുഴുവന്‍ ക്ഷമയോടെ ഊറ്റിക്കുടിക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ മക്കളോടൊപ്പം കുടിച്ച കഞ്ഞിയിലാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ രുചികള്‍ നിറഞ്ഞിരിക്കുന്നത്.
ഞാനും സഖാവും തമ്മില്‍ പതിനാറ് വയസ്സിന്റെ വ്യത്യാസമുണ്ട്. എന്റെ ശീലമനുസരിച്ച് ഭഗവദ് ഗീതയൊക്കെ വായിക്കുമായിരുന്നു. എല്ലാം മിണ്ടാതെ കേട്ടിരുന്ന് എന്റെ വായന കഴിഞ്ഞാല്‍ എന്താണ് വായിച്ചതെന്ന് ചോദിക്കും. അതങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ഞാന്‍ എങ്ങും തൊടാതെ നിന്നുകൊടുത്താല്‍ മതി. തികഞ്ഞ അക്ഷരസ്ഫുടതയോടെ, അണുവിട തെറ്റാതെ ഗീതയങ്ങനെ സഖാവിന്റെ ശബ്ദത്തിലൂടെ ഒഴുകി വരും. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ അമ്മ പഠിപ്പിച്ചുകൊടുത്തതാണ്, അമ്മയുടെ കുഞ്ഞികൃഷ്ണനായിരുന്നല്ലോ. ഗീതയിലെ ശ്‌ളോകങ്ങളുടെ അര്‍ഥവും വര്‍ത്തമാനകാല പ്രസക്തിയും കൂടെ കമ്യൂണിസവും ചേര്‍ത്തുവച്ചിട്ടേ എന്നോടുള്ള വിശദീകരണം അവസാനിപ്പിക്കുകയുള്ളൂ. ഏറെയിഷ്ടം ജ്ഞാനപ്പാനയായിരുന്നു. പൂന്താനത്തെയായിരുന്നു ഇഷ്ടം. ലോകസഭയില്‍ വരെ ജ്ഞാനപ്പാന ചൊല്ലിക്കളഞ്ഞിരുന്നല്ലോ.
മക്കള്‍ക്ക് അറിവായതിനുശേഷം സഖാവിന്റെ പിറന്നാള്‍ അവര്‍ ആഘോഷിക്കുമായിരുന്നു. വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കിയാലും അദ്ദേഹം കഴിക്കാന്‍ വന്നെങ്കിലായി. മിക്കപ്പോഴും ഇല്ല എന്നു തന്നെ പറയാം. സഖാവിന്റെ എണ്‍പതാം പിറന്നാള്‍ ദിനത്തിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. അന്ന് വന്നവര്‍ക്കെല്ലാം ഭക്ഷണമൊക്കെ കൊടുത്തു. വലിയ സന്താഷമായിരുന്നു സഖാവിന്. 'എന്തു പിറന്നാളെടോ' എന്നുള്ള ചോദ്യം ആ വര്‍ഷം മാത്രം ഉണ്ടായില്ല. ഓണവും വിഷുവും തുടങ്ങിയ വിശേഷദിവസങ്ങളെല്ലാം അദ്ദേഹത്തിന് എല്ലാ ദിവസങ്ങളെയുംപോലെതന്നെയായിരുന്നു. അന്നും പറയും; 'എന്തോണം, എന്ത് വിഷു, നിങ്ങക്കൊക്കെ പ്രാന്താണ്.'
വൃശ്ചികമാസത്തിലെ അവിട്ടം, ചതയം എന്നീ അടുത്തടുത്ത നക്ഷത്രങ്ങളിലാണ് ഞാനും സഖാവും ജനിച്ചത്. തലേന്ന് എന്റെ പിറന്നാളും പിറ്റേന്ന് അദ്ദേഹത്തിന്റെതുമാണ്. ഞാന്‍ ക്ഷേത്രത്തിലൊക്കെ പോയി വഴിപാടുകളൊക്കെ കഴിപ്പിക്കും. സഖാവിന് അതൊന്നും കേള്‍ക്കുക തന്നെ വേണ്ടാത്ത കാര്യങ്ങളാണല്ലോ. അദ്ദേഹം അന്ന് പട്ടിണിയായിരിക്കും എന്നറിയാമെങ്കിലും പരിപ്പ് പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഞാന്‍ മക്കള്‍ക്കായി തയ്യാറാക്കിക്കൊടുക്കുമായിരുന്നു.
ഞങ്ങളുടെ യൗവനകാലത്ത്, എന്റെ ഓര്‍മയില്‍ അദ്ദേഹം പിറന്നാളുണ്ണാന്‍ വീട്ടിലെത്തിയിട്ടില്ല അബദ്ധത്തില്‍ ഒരിക്കല്‍ വന്നുപെട്ടതല്ലാതെ. അന്നും എന്നും വിപ്‌ളവവും പ്രസ്ഥാനവും മാത്രമേ ഊണിലും ഉറക്കത്തിലും ഉണ്ടായിരുന്നുള്ളൂ. ഒരിക്കല്‍ തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിനായി ധൃതിയില്‍ വീട്ടിലേക്ക് കയറിവന്നപ്പോള്‍ ഏട്ടത്തിയമ്മ ഇലയിട്ട് ചോറ് വിളമ്പി. പതിവില്‍ കൂടുതല്‍ വിഭവങ്ങള്‍ കണ്ടപ്പോള്‍ ഇന്നെന്താ എന്ന് ചോദിച്ചു. അമ്മ മരിച്ചതില്‍ പിന്നെ ഏട്ടത്തിയമ്മയാണ് അമ്മയുടെ സ്ഥാനക്കാരി. വല്യസ്‌നേഹവും ബഹുമാനവുമായിരുന്നു സഖാവിന് അവരോട്. ഏട്ടത്തിയമ്മ പറഞ്ഞു. വൃശ്ചികത്തിലെ ചതയം, നിന്റെ പിറന്നാളാ. അബദ്ധത്തില്‍ പങ്കെടുത്തുപോയ സദ്യ എന്ന മുഖഭാവമായിരുന്നു സഖാവിന് അപ്പോള്‍, ആകെ പെട്ടുപോയ അവസ്ഥ.
തുറന്ന സ്‌നേഹമായിരുന്നു സഖാവിന്. സ്‌നേഹിക്കാന്‍ വല്യ ഇഷ്ടമായിരുന്നു;സ്‌നേഹിക്കപ്പെടാനും. സഖാവും അനിയത്തി ലക്ഷ്മിക്കുട്ടിയും തമ്മില്‍ പതിമൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അനിയത്തിയോട് അതിരറ്റ വാത്സല്യമായിരുന്നു അദ്ദേഹത്തിന്. ലക്ഷ്മിക്കുട്ടിയുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസമായില്ല, ഒരു പനി വന്നു മരിച്ചുപോയി. അനിയത്തി മരണപ്പെട്ടത് സഖാവ് അറിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയുകയായിരുന്നല്ലോ. വിവാഹത്തിനും പങ്കെടുത്തിട്ടില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് അനിയത്തി മരിച്ചത് അറിയുന്നത്. സഖാവ് അന്നനുഭവിച്ച ദു:ഖം അദ്ദേഹം മരണം വരെ കൊണ്ടുനടന്നിരുന്നു. പത്രക്കാര്‍ വരുമ്പോള്‍, കുടുംബകാര്യങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍, ലക്ഷ്മിക്കുട്ടിയുടെ കാര്യം പറയേണ്ടത് എന്റെ ചുമതലയായിരുന്നു. 'ഇനി ശാരദയോട് ചോദിച്ചാല്‍ മതി' എന്നു പറയും. അവളെക്കുറിച്ച് പറയാന്‍ സങ്കടം അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ലക്ഷ്മിക്കുട്ടി എന്റെയും കളിക്കൂട്ടുകാരിയായിരുന്നു. സഖാവിന്റെ ഓര്‍മയിലെ ദിനങ്ങള്‍ ഒരു പക്ഷേ പ്രിയപ്പെട്ടവരുടെ വിയോഗദിനങ്ങളായിരിക്കും.
സ്‌നേഹം ആഗ്രഹിച്ച കാലത്ത് സഖാവിന് പ്രിയപ്പെട്ടവരെ ഒന്നൊന്നായി നഷ്ടപ്പെട്ടു. സ്‌നേഹിക്കാന്‍ മക്കളുള്‍പ്പെടെയുള്ളവര്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തിന് സമയം തികയാതെയും വന്നു. എങ്കിലും ആരോടും സഖാവിന് ഒരു പരാതിയോ പരിഭവമോ ഇല്ലായിരുന്നു, തിരിച്ചും ആരും പരിഭവിച്ചില്ല. എന്താ സഖാവേ ഒരു സന്തോഷമില്ലാത്തത് എന്ന് ചോദിച്ചാല്‍, അധികം സന്തോഷിക്കുന്നവരാണ് അധികം ദു:ഖിക്കുക എന്നായിരുന്നു മറുപടി. സഖാവിന് എല്ലാം നിസ്സാരമായിരുന്നു, പാര്‍ട്ടിയൊഴികെ. ഇന്ന് നൂറ്റൊന്ന് തികഞ്ഞിരിക്കുന്നു, എക്കാലവും പറയുന്ന വാക്കുകളാണ് ഓര്‍മയിലെത്തുന്നത്: 'എന്ത് പിറന്നാള്‍, എന്താഘോഷം!'
Content Highlights: Sarada teacher wife of EK Nayanar shares the memory on his 101 birth Anniversary