Sanyalറക്കംതൂങ്ങാതെ, ചുരുങ്ങിയപക്ഷം ഒന്ന് കോട്ടുവായിടാതെ പാഠ്യപദ്ധതിയിലെ ഭൂമിശാസ്ത്രം ക്ലാസുകളിലൂടെ ആരും കടന്നുപോന്നിട്ടുണ്ടാവില്ല. അച്ചുതണ്ടും അക്ഷാംശരേഖകളും ഭൗമപാളികളും വേലിയേറ്റ വേലിയിറക്കങ്ങളും നിറഞ്ഞ പാഠഭാഗങ്ങൾ നനവിന്റെയോ പച്ചപ്പിന്റെയോ പൊട്ടുപോലും കാണാത്ത മരുഭൂമി മുറിച്ചുകടക്കുംപോലെ. എന്നാൽ, പഠിക്കേണ്ടതുപോലെ പഠിച്ചാൽ, പഠിപ്പിക്കേണ്ടതുപോലെ പഠിപ്പിച്ചാൽ ഇത്രത്തോളം അറിവും ആവേശവും നിറയ്ക്കുന്ന ഒരു പാഠ്യവിഷയം വേറെയില്ല എന്നതാണ് വാസ്തവം.

അതറിയാൻ  കൊൽക്കത്തയിൽ പിറന്ന് മുംെബെയിലും സിംഗപ്പൂരിലുമായി പഠിച്ചുവളർന്ന്, സാമ്പത്തികവിദഗ്ധനും ഡ്യൂഷെ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ഇപ്പോൾ ഇന്ത്യൻ ധനകാര്യവകുപ്പിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമെല്ലാമായ സഞ്ജീവ് സന്യാൽ എന്ന യുവാവിനെ പരിചയപ്പെട്ടാൽ മതി. അദ്ദേഹം എഴുതിയ The Incredible History of India's Geography, A brief history of India's geography, The land of seven Rivers, Indian ocean shaped human history എന്നീ പുസ്തകങ്ങൾ വായിച്ചാൽ മതി. 

സഞ്ജീവ് സന്യാലിന്റെ പുസ്തകങ്ങൾ വായിക്കുമ്പോൾ, ഭൂമിശാസ്ത്രം മനുഷ്യരെയും നാഗരികതകളെയും ചരിത്രത്തെയും പ്രാദേശിക സമൂഹങ്ങളെയുംവരെ എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് അദ്‌ഭുതത്തോടെ നാം തിരിച്ചറിയുന്നു. മനുഷ്യന്റെയും സമൂഹത്തിന്റെയും രൂപപ്പെടലിന്റെ മൂശ ഭൂമിശാസ്ത്രമാണെന്ന് ബോധ്യമാവുന്നു; അത് പഠിക്കാതെ മനുഷ്യനെ പൂർണമായും മനസ്സിലാക്കാൻ സാധിക്കില്ല എന്നും. 

‘സ്ഥലകാലബദ്ധമല്ലാത്ത മഹത്ത്വങ്ങളില്ല’ എന്ന് മലയാളി എഴുത്തുകാരനായ പി.കെ. ബാലകൃഷ്ണൻ വർഷങ്ങൾക്കുമുമ്പ്‌ എഴുതിയതിനെ സഞ്ജീവ് സന്യാലിന്റെ കൃതികളും സമ്മതിക്കുന്നുണ്ട്. പണ്ട് മറ്റൊരു സന്യാൽ (പ്രബോധ് കുമാർ സന്യാൽ) ഹിമാലയത്തിന്റെ ഉയരത്തിലേക്ക്‌ നടന്നുപോയി ‘യാത്രിക്’ എന്ന ഗംഭീരൻ പുസ്തകം എഴുതി. ഇവിടെ പുതിയ കാലത്തെ സന്യാൽ പുഴകളുടെയും കടലിന്റെയും വഴികളിലൂടെ നടന്ന്, ഭൂമിശാസ്ത്രവും ചരിത്രവും സന്ധിക്കുന്ന ഇടങ്ങളിൽ ചെന്നുനിന്ന് വ്യത്യസ്തമായ വെളിച്ചങ്ങൾ പകരുന്നു.
സഞ്ജീവ് സന്യാലുമായി ജയ്‌പുർ സാഹിത്യോത്സവത്തിൽ​െവച്ച് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ...

? സാമ്പത്തികമേഖലയുടെ ഉന്നതങ്ങളിൽ വിഹരിക്കുന്ന താങ്കളിൽ എങ്ങനെയാണ് താരതമ്യേന വിരസമെന്ന് മുദ്രകുത്തപ്പെട്ട ഭൂമിശാസ്ത്രം താത്‌പര്യം ജനിപ്പിച്ചത്

അതൊരിക്കലും നമ്മുടെ ക്ലാസ്‌മുറികളുടെ സംഭാവനയല്ല. ഞാൻ ജനിച്ചത് കൊൽക്കത്തയിലാണ്. വളർന്നത് മുംെബെയിലും സിംഗപ്പൂരിലും. എന്റെ വായനയിൽനിന്നും യാത്രകളിൽനിന്നുമാണ് ഭൂമിശാസ്ത്രത്തിൽ എനിക്ക് കമ്പം കേറിയത്. ഭൂമിശാസ്ത്രത്തെ വെറും ഭൂമിശാസ്ത്രമായി കാണുകയല്ല വേണ്ടതെന്ന് ബോധ്യംവന്നതാണ് വഴിത്തിരിവായത്. ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും തമ്മിൽ അഴിച്ചുമാറ്റാനാവാത്തതരത്തിൽ ദൃഢമായ ബന്ധമുണ്ട്- സ്ഥലകാലങ്ങൾ എന്നപോലെ. ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്താതെ ചരിത്രം പഠിച്ചാൽ അതൊരിക്കലും പൂർണമാവില്ല.  എന്റെ പഠനങ്ങളും യാത്രകളും എഴുത്തുകളുമെല്ലാം ഈ ബോധ്യത്തെ ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

? എങ്ങനെയാണ് ചരിത്രം ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുന്നത്...

കാലാവസ്ഥയും ഭൂമിശാസ്ത്രവും മാനവചരിത്രത്തെ നിർമിക്കുകയും മാറ്റിമറിക്കുകയും ചെയ്ത ഘടകങ്ങളാണല്ലോ. മൺസൂണിനെ മനസ്സിലാക്കാതെ ഇന്ത്യൻ ചരിത്രം പൂർണമായി മനസ്സിലാക്കാൻ സാധിക്കില്ല. കാരണം, മൺസൂണാണ് ഈ രാജ്യത്തെ കൃഷിയെയും സമുദ്രവ്യാപാരങ്ങളെയും നിയന്ത്രിച്ചിരുന്നത്. സരസ്വതീനദിയുടെ വരൾച്ചയും അപ്രത്യക്ഷമാകലും ആദ്യകാല ഇന്ത്യൻ ചരിത്രത്തെ നിർണായകമായി ബാധിച്ച ഘടകമാണ്. ഇത്തരം കാര്യങ്ങളെയും ബന്ധങ്ങളെയും മനസ്സിലാക്കാതെ നമ്മളിപ്പോഴും ചരിത്രപുസ്തകങ്ങൾ യുദ്ധങ്ങളും രാജകഥകളുംകൊണ്ട്‌ നിറയ്ക്കുന്നു.

? ഭൂമിശാസ്ത്രം ഒരു വ്യക്തിയുടെ ജീവിതത്തെയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്നാണോ...

ഭൂമിയിലെ ഭൗതിക സാഹചര്യങ്ങളിലാണ് നാം ജീവിക്കുന്നത്. പക്ഷേ, ഭൂമിശാസ്ത്രപഠനമെന്നാൽ നമുക്ക് പുഴകളെയും പർവതങ്ങളെയും കുറിച്ചുള്ള പഠനം മാത്രമാണ്. അതിലപ്പുറം ഒരു മനുഷ്യനെ ഭൂമിശാസ്ത്രം എങ്ങനെ ബാധിക്കുന്നുവെന്ന് പ്രത്യേകമായെടുത്ത് പഠിക്കാറേയില്ല. പണ്ട് മനുഷ്യർ നദീതടങ്ങളിൽ പാർത്തു, താഴ്‌വരകളിൽ പാർത്തു, കൃഷിക്കളങ്ങളുടെ ചുറ്റും പാർത്തു. എന്നാൽ, ഇന്ന് മനുഷ്യൻ വൻനഗരങ്ങളിലും താമസിക്കുന്നു. കാളവണ്ടിക്കുപകരം കാർ ഉപയോഗിക്കുന്നു. ട്രാഫിക് ജാമുകളിൽപ്പെടുന്നു.

നഗരം മനുഷ്യനെ വിഴുങ്ങുന്നു. സിന്ധുനദീതീരത്ത് കൃഷിചെയ്ത് ജീവിച്ച മനുഷ്യനല്ല മുംബൈ മഹാനഗരത്തിൽ സബർബൻ ട്രെയിനിൽ വൈകുന്നേരം വീടെത്താൻ കുതിക്കുന്നത്. രണ്ടുപേരും മനുഷ്യരാണ്; അതേസമയം, എല്ലാതരത്തിലും വ്യത്യസ്തരും. എന്താണ് അടിസ്ഥാനകാരണം? ജീവിക്കുന്ന സ്ഥലവും ചുറ്റുപാടുകളും. ഇങ്ങനെയാണ് ഭൂമിശാസ്ത്രം വ്യക്തിയെ ബാധിക്കുന്നത്.

? ഇത് പലായനങ്ങളുടെ കാലമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും മനുഷ്യരുടെ പലായനങ്ങൾ നടക്കുന്നു. ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേകസ്ഥലത്ത് ജീവിച്ച മനുഷ്യർ തീർത്തും വ്യത്യസ്തമായ മറ്റൊരിടത്തേക്ക്‌ പറിച്ചുനടപ്പെടുകയാണ്. ഇത് എങ്ങനെയാണ് അവരുടെ ജീവിതത്തെ ബാധിക്കുക

പലായനങ്ങൾ എല്ലാ കാലത്തുമുണ്ടായിരുന്നു. ആഫ്രിക്കയിൽനിന്ന്‌ തുടങ്ങിയതല്ലേ മനുഷ്യന്റെ അലച്ചിൽ. മറ്റുതരത്തിൽ, വ്യത്യസ്തമായ കാരണങ്ങളാൽ ഇപ്പോഴുമത്‌ തുടരുന്നു. ഇത്തരം പലായനങ്ങൾ സങ്കരമായ മനുഷ്യരെയും ജീവിതത്തെയും സമൂഹത്തെയും സമുദായത്തെയുമെല്ലാം സൃഷ്ടിക്കും. അത് എത്രത്തോളം നല്ലതാണ്, പുതിയ കാലത്ത് അതിന്റെ ആത്യന്തികഫലമെന്തായിരിക്കും എന്നെല്ലാം ഇപ്പോൾ പ്രവചിക്കുക സാധ്യമല്ല.

? 44 നദികളുടെ ദേശമാണ് കേരളം. ഇപ്പോൾ മിക്കതും വരണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറ്റത്തിന്റെ ഈ ഭൂമിശാസ്ത്രം മലയാളിയെയും ബാധിക്കില്ലേ... 

ദൂരവ്യാപകമായ ദോഷങ്ങളാണ് നദികളുടെ വരൾച്ചകാരണം സംഭവിക്കുക. ഈ വിഷയത്തെ മതിയായ ഗൗരവത്തോടെ നേരിടാത്ത എല്ലാ സമൂഹങ്ങളും തങ്ങളുടെ അവഗണനയ്ക്ക് വലിയ വിലനൽകേണ്ടിവന്നിട്ടുണ്ട്. സരസ്വതീനദിയുടെ വരണ്ട മൺതിട്ടകളിലാണ് ഹാരപ്പൻ സംസ്കാരം മരിച്ചടിഞ്ഞത്. ഇതൊരു യാഥാർഥ്യമാണ്. ചരിത്രത്തിൽനിന്ന് മാത്രമല്ല ഭൂമിശാസ്ത്രത്തിൽനിന്നും കാലാവസ്ഥാപരിണാമങ്ങളിൽനിന്നുമെല്ലാം നമുക്ക് പഠിക്കാനുണ്ട്. വരണ്ടില്ലാതാവുന്ന നദികളിൽനിന്ന് ഭാവിയിലെ നാശം കേരളം മുൻകൂട്ടിക്കാണണം. പരിഹാരങ്ങളും മറികടക്കാനുള്ള വഴികളും അന്വേഷിക്കണം.

? എങ്ങനെയാണ് താങ്കളുടെ രചനാരീതി...

ഞാനൊരു മുഴുവൻസമയ എഴുത്തുകാരനോ പ്രൊഫഷണൽ എഴുത്തുകാനോ അല്ല. എന്റെ താത്‌പര്യമാണ് എന്നെ എഴുതിക്കുന്നത്. എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും ഞാൻ ചെന്നുകാണാറുണ്ട്. സ്ഥലം കാണാതെ ഭൂമിശാസ്ത്രമോ ചരിത്രമോ എഴുതരുത് എന്നാണ് എന്റെ അഭിപ്രായം. പിന്നെ വായനയും എഴുത്ത് എന്ന അത്യധ്വാനവും. എല്ലാ എഴുത്തുകാരെയുംപോലെ അപ്പോൾ ഞാൻ തനിച്ചാവുന്നു.

? താങ്കളുടെ ഏറ്റവും പുതിയ പുസ്തകമായ ‘THE OCEAN OF CHURN’ മനുഷ്യചരിത്രത്തെ ഇന്ത്യൻ മഹാസമുദ്രം സ്വാധീനിച്ചതെങ്ങനെയെന്നാണ് പറയുന്നത്. ഈ പുസ്തകത്തിലേക്ക് എത്തിയതെങ്ങനെയാണ്..

കൊൽക്കത്തയിലാണ് ജനിച്ചതെന്നും മുംബൈയിലും സിംഗപ്പൂരിലുമാണ് വളർന്നതെന്നും ഞാൻ പറഞ്ഞല്ലോ. പതുക്കെപ്പതുക്കെ ഞാൻ ആ ദേശങ്ങളുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്രചെയ്തുതുടങ്ങി. കടലോരങ്ങളിലേക്ക് ചെന്നു. അതുമായി ബന്ധപ്പെട്ട സമൂഹങ്ങളിലേക്കും സമുദായങ്ങളിലേക്കും ചെന്നു. അപ്പോൾ ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻമഹാസമുദ്രം വ്യത്യസ്തമായ ദേശങ്ങളെയും അവിടത്തെ ചരിത്രത്തെയും ജീവിതത്തെയുമൊക്കെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്ന് ബോധ്യമായി.

നമ്മുടെ പുസ്തകങ്ങളിൽ പോർച്ചുഗീസുകാരുടെ വരവിനുശേഷമുള്ള സമുദ്രചരിത്രമേയുള്ളൂ. അതിനുമുമ്പുള്ള പുരാതന ഇന്ത്യൻ കടൽവ്യാപാരികളും അറബ് വ്യാപാരികളും ഇൻഡൊനീഷ്യയിലെ കടൽസാമ്രാജ്യങ്ങളുമെല്ലാം പുസ്തകങ്ങളിൽനിന്ന്‌ പുറന്തള്ളപ്പെട്ടിരിക്കുന്നു. വിശേഷപ്പെട്ട സുഗന്ധദ്രവ്യങ്ങളുടെ വിതരണക്കാർ മാത്രമായി നാം ചിത്രീകരിക്കപ്പെട്ടു. അതിലപ്പുറം ഒന്നുമില്ല. വിശാലകാഴ്ചപ്പാടിൽ ഒരു  സമുദ്രചരിത്രമില്ല. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധപ്പെട്ട എല്ലായിടത്തും സന്ദർശിച്ചാണ് ഈ പുസ്തകം എഴുതിയത്. അപ്പോൾ സമുദ്രത്തിന്റെ കഥ വെറും ഭൂമിശാസ്ത്രമായി ഒതുങ്ങാതെ നാഗരികതകളുടെകൂടെ കഥയായി, ചരിത്രമായി.

? ചരിത്രവും ഭൂമിശാസ്ത്രവും പഠിക്കുന്ന വിദ്യാർഥികൾക്ക് ഏതൊക്കെ പുസ്തകങ്ങളാണ് താങ്കൾ നിർദേശിക്കുക

പുസ്തകങ്ങളല്ല, യാത്രകൾ ചെയ്യാനാണ് അവരോട് ഞാൻ പറയുക. യാത്ര അവർക്ക് ഭൂമിശാസ്ത്രവും ചരിത്രവുമെല്ലാം വെളിപ്പെടുത്തിക്കൊടുക്കും. കണ്ണുകളും ബുദ്ധിയും തുറന്നുെവച്ച് യാത്രചെയ്യുക.


 sreekanthsmile@gmail.com