ളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട് കഥാസമാഹാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ കഥകളില്‍ കൂടി സമകാലിക മലയാള സാഹിത്യലോകത്തില്‍ തന്റെ പേര് അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ ആദ്യ നോവല്‍ 'മീശ' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉടന്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര നിറവില്‍ നില്‍ക്കുന്ന അദ്ദേഹം തന്റെ ആദ്യ നോവലിനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു. 

ഒരു നോവല്‍ എഴുതാന്‍ എന്തുകൊണ്ട് ഇത്രയും താമസിച്ചു ? 

നോവല്‍ എഴുതണം എന്ന് പണ്ടുമുതലേ ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. കഥകളാണ് എഴുതിക്കൊണ്ടിരുന്നതെങ്കിലും അധികവും വായിക്കുന്നത് നോവലാണ്. നോവലിന്റേത് കുറച്ചുകൂടി വിശാലമായ ക്യാന്‍വാസാണ്. വലിയ ജീവിതങ്ങള്‍ പറയാം. വലിയ കഥകള്‍ പറയാം. കഥയില്‍ ലഭിക്കാത്ത ഒരു സ്വാതന്ത്ര്യം നമുക്ക് നോവലില്‍ ലഭിക്കും. 

നേരത്തെ പന്ത്രണ്ട് അധ്യായങ്ങളുള്ള ഒരു നോവല്‍ ഞാന്‍ എഴുതിയിരുന്നു. ആത്മവിശ്വാസത്തോടെയാണ് ഞാനത് പൂര്‍ത്തിയാക്കിയത്. എഴുതിയ ശേഷം അത് സുഹൃത്തും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായിരുന്ന അന്തരിച്ച കഥാകൃത്ത് കെ.വി. അനൂപിന് വായിക്കാന്‍ നല്‍കി. എന്നാല്‍ അനൂപിനത് ഇഷ്ടപ്പെട്ടില്ല. അതിനെ തുടര്‍ന്ന് നോവല്‍ മാറ്റിയെഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചില്ല. ഒരു നോവല്‍ എഴുതാനുള്ള ധൈര്യം വന്നത് അടുത്ത കാലത്താണ്. 

നോവല്‍ എഴുതാന്‍ എന്തായിരുന്നു പ്രതിബന്ധം ? 

ഞാന്‍ എഴുതിയ കഥകളില്‍ പലതും നീണ്ട കഥകളായിരുന്നു. പലതും ഞാന്‍ നോവലായി ആലോചിച്ച് തുടങ്ങിയതാണ്. എന്നാല്‍ അത് നോവലായി എഴുതാനുള്ള ധൈര്യമില്ലാതിനാല്‍ കഥയായി പോയതാണ്. ലോകസാഹിത്യത്തിലെ ഒരുപാട് സൃഷ്ടികള്‍ വായിക്കുന്നയാള്‍ എന്ന നിലയില്‍ ഒരു ആത്മവിശ്വാസക്കുറവുണ്ട്. അതാണ് നോവല്‍ എഴുതാന്‍ താമസിച്ചു പോയത് എന്നാണ് ഞാന്‍ കരുതുന്നത്. എഴുതാനിരിക്കുമ്പോള്‍ വലിയ നോവലുകളെക്കുറിച്ചുള്ള ചിന്തവരും. അതിനെ മറികടക്കുക എന്നത് ഒരു വലിയ പ്രശ്‌നമായിരുന്നു.

ഏത് തരത്തിലുള്ള പുസ്തകങ്ങളാണ് വായിക്കാന്‍ താല്പര്യം ? 
 
വായനയില്‍ അധികവും കടന്നു വരുന്നത് വിദേശ നോവലുകളാണ്. മലയാളത്തിലാണെങ്കില്‍ എം.മുകുന്ദന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും നോവലുകള്‍ ഇഷ്ടമാണ്. ഇതിനെക്കാളെല്ലാം എന്നെ സ്വാധീനിച്ചത് ഇന്ത്യന്‍-ഏഷ്യന്‍ കഥ പറച്ചിലിന്റെ രീതിയാണ്. മഹാഭാരതം, അറബിക്കഥകള്‍, കഥാസരിത് സാഗരം തുടങ്ങിയവയെല്ലാം പിന്തുടര്‍ന്നത് ഒരു തുറന്ന കഥപറച്ചില്‍ രീതിയാണ്. യൂറോപ്പിന്റേത് കുറച്ചുകൂടി കെട്ടുറപ്പുള്ള കഥപറച്ചിലാണെങ്കില്‍ നമ്മുടേത് കുറച്ചുകൂടി അയഞ്ഞതാണ്. ഷെഹര്‍സാദ് പറയുന്നത് ഒരു നോവലാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. മഹാഭാരതത്തെയും അത്തരത്തില്‍ വിലയിരുത്താവുന്നതാണ്. ആ ഒരു കഥപറച്ചില്‍ ശൈലിയാണ് എന്നെ ആകര്‍ഷിച്ചിരുന്നത്. 

'മീശ' എന്ന നോവല്‍ എന്താണ് വായനക്കാരനോട് സംവദിക്കുന്നത് ? 

ഞാന്‍ ജീവിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലാണ്. ഒരുപാട് മിത്തുകള്‍, കഥകളൊക്കെയുള്ള പ്രദേശമാണ് കുട്ടനാടന്‍ മേഖല. ലോകത്തു തന്നെ അപൂര്‍വമായ സ്ഥലമാണിത്. ചതുപ്പില്‍ നിന്നും കായലില്‍ നിന്നും മനുഷ്യന്‍ കുത്തിയെടുത്തുണ്ടാക്കിയ സ്ഥലം. അവിടുത്തെ കഥകള്‍ പറയണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന ഒരുപാട് കഥകളുണ്ട്. അതില്‍ നിന്ന് ഉണ്ടായ നോവലാണ് മീശ.

എന്നാല്‍ എന്റെ അനുഭവങ്ങള്‍ വിവരിക്കുകയല്ല നോവലില്‍. ചെറുപ്പം മുതല്‍ ഞാന്‍ കേട്ട കഥകളുണ്ട്. കേട്ട പാട്ടുകളുണ്ട്. കണ്ട മനുഷ്യരുണ്ട്. അവയെല്ലാമാണ് 'മീശ' പറയുന്നത്. ഞാന്‍ ആദ്യമായി ഒരു നോവല്‍ എഴുതുമ്പോള്‍ അത് എന്റെ നാട്ടില്‍നിന്നേ ആരംഭിക്കാന്‍ സാധിക്കുകയുള്ളായിരുന്നു. കാരണം എനിക്കതേ പറയാന്‍ കഴിയൂ. 

അപ്പോള്‍ സ്ഥലത്തിന് തന്നെയാണോ 'മീശ'യില്‍ പ്രാധാന്യം? 

സ്ഥലം പല നോവലുകളിലും പറയുന്നുണ്ടെങ്കിലും അതീവ പ്രാധാന്യത്തോടെ വരുന്ന സൃഷ്ടികള്‍ കുറവാണ്. ഇവിടെ കുട്ടനാട് തന്നെ ഒരു കഥാപാത്രമാണ്. ലോകത്തിലെ തന്നെ അതീവ സവിശേഷമായ ഒരു സ്ഥലമായതിനാല്‍  നോവലില്‍ അതിനൊത്ത പ്രാധാന്യം നല്‍കണം എന്ന് തോന്നി. സ്ഥലം അതോടൊപ്പം അതില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന കഥാപാത്രങ്ങള്‍. സ്ഥലത്തോടുള്ള ആഗ്രഹത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും എഴുതിയ ഒരു നോവലാണിത്.

'മീശ' ആരാണ്  ?

'മീശ' ഒരു കഥാപാത്രമാണ്. അയാളുടെ കഥയാണ് നോവല്‍ പറയുന്നത്. അയാളില്‍ കൂടിയാണ് ഈ നാടിന്റെ കഥ പറയുന്നത്. മറ്റൊരു പേരുണ്ടെങ്കിലും 'മീശ' എന്ന പേരിലാണ് അയാള്‍ അറിയപ്പെടുന്നത്.

എന്തുകൊണ്ടാണ് സാഹിത്യസൃഷ്ടികള്‍ കുറഞ്ഞു പോയത് ? 

ആദ്യ കാലത്ത് കുറച്ച് കഥകള്‍ എഴുതി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കഥകള്‍ വീണ്ടും എഴുതിയത്. നോവലെഴുത്തിന്റെ പണിപ്പുരയിലായിരുന്നതിനാല്‍ പിന്നെയും കഥകള്‍ കുറഞ്ഞു. രണ്ടുമൂന്ന് വര്‍ഷം അതിന്റെ പിന്നാലെയായിരുന്നു. അതിനിടയില്‍ ഒന്നോ രണ്ടോ കഥകള്‍ മാത്രമാണ് ഇറങ്ങിയത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് - എന്തു തോന്നുന്നു ?

പുരസ്‌കാരങ്ങള്‍ എഴുത്തിന്റെ മാനദണ്ഡമാണെന്ന് കരുതുന്നില്ല. നമ്മള്‍ ഒരു നല്ല എഴുത്തുകാരനാണോ എന്ന് നിശ്ചയിക്കേണ്ടത് കാലമാണ്. അര്‍ഹതയുള്ള ഒരുപാട് പേര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടില്ല. അര്‍ഹതയില്ലാത്ത പലര്‍ക്കും കിട്ടിയിട്ടുണ്ട്. കുറേ കാലത്തിന് ശേഷം മാത്രമേ നമുക്ക് അര്‍ഹതയുണ്ടോയെന്ന് മനസിലാകുകയുള്ളു. എങ്കിലും പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. 

Content Highlights : S Hareesh, meesa novel, meesha