എസ്.ഗോപാലകൃഷ്ണന്‍ ചരിത്രകാരന്‍ രാമചന്ദ്രഗുഹയുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.

എസ്. ഗോപാലകൃഷ്ണന്‍: ഇനി താങ്കളുടെ എഴുത്തിന്റെ രീതിയിലേക്ക് ഒന്നുകൂടി ഞാന്‍ പോകട്ടെ, എന്റെ ധാരണ ശരിയാണെങ്കില്‍ ഏതാണ്ട് ഇരുപത്തിയേഴു പുസ്തകങ്ങള്‍ ഇതിനോടകം താങ്കളുടേതായി വന്നിട്ടുണ്ട് . ഇതെങ്ങനെ സാധിക്കുന്നു എന്നോര്‍ത്ത് വിസ്മയിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ചരിത്രപുസ്തകത്തെ, അല്ലെങ്കില്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെ ഒരു സവിശേഷകാലത്തിന്റെ ചരിത്രത്തെ എങ്ങനെയാണ് മനസ്സില്‍ രൂപപ്പെടുത്തുന്നത്? പ്രമേയവും ഊന്നലും ആദ്യമേ തീരുമാനിക്കുകയാണോ? അതോ, ഗവേഷണം ചെയ്ത്, എഴുതിമുന്നോട്ടുപോകുമ്പോള്‍ രൂപപ്പെടുന്നതാണോ?

രാമചന്ദ്ര ഗുഹ: അത് ഏത് പുസ്തകം എന്നതുപോലിരിക്കും. എന്റെ എഴുത്തുജീവിതത്തില്‍ പ്രധാനമായും മൂന്നു ശ്രേണികളില്‍പ്പെട്ട പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. എനിക്കേറ്റവും സന്തോഷം ലഭിക്കുന്നത് ഗൗരവതരമായ ഗവേഷണങ്ങള്‍ക്കുശേഷം ചരിത്രരചനകളെഴുതുമ്പോഴാണ്. പുരാരേഖകളിലുള്ള തിരയല്‍ അത്യാഹ്ലാദകരമാണ്. ആശയം മനസ്സില്‍ വെച്ച് ഞാനെഴുതാനിരിക്കില്ല. ലഭിക്കുന്ന സാമഗ്രികള്‍ ആണ് എഴുത്തിന്റെ പോക്കിനെ രൂപപ്പെടുത്തുന്നത്. പുതുതായി കണ്ടെത്തിയ വിവരങ്ങളെ കോര്‍ത്തിണക്കുമ്പോള്‍ നിങ്ങള്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാകും. എഴുത്തുമേശയില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ ചിന്താരീതി മാറും. പെട്ടെന്നു മുന്നില്‍ വന്നുനില്‍ക്കുന്ന പുതിയ ഒരു തെളിവ് എഴുത്തിന്റെ ദിശയെ മാറ്റുന്നു. അതാണ് ഒരുതരം പുസ്തകം. മറ്റൊരുതരം പുസ്തകം ആശയപ്രചാരണത്തിനുള്ളതാണ്. അവ ഉപന്യാസങ്ങളായിരിക്കും. മാധവ് ഗാഡ്ഗിലുമായി ചേര്‍ന്ന് ഞാനെഴുതിയ 'Ecology and Equity: The Use and Abuse of Nature in Contemporary India' എന്ന പുസ്തകം ഇന്ത്യയിലെ പരിസ്ഥിതിനയങ്ങളെക്കുറിച്ചാണ്. അവ വീക്ഷണങ്ങളാണ്. ഞാനെഴുതിയ മൂന്നാമത്തെ തരം പുസ്തകങ്ങള്‍ ആത്മകഥാംശം ഉള്ളവയാണ്. അടുത്തകാലത്തിറങ്ങിയ 'The Commonwealth Of Cricket' എന്ന പുസ്തകം എന്റെ കഥയാണ്. എന്റെ ജീവിതത്തില്‍ എഴുത്തിലൂടെ ഞാന്‍ ഇടപെടുന്നതാണത്. അത് അറിവിന്റെയോ ഗവേഷണത്തിന്റെയോ ഫലമല്ല. എന്നാല്‍, ചരിത്രമെഴുതുമ്പോള്‍ അങ്ങനെയല്ല. ഒരു പുരാശേഖരത്തില്‍ ഇരിക്കുമ്പോള്‍ ഒരു ചെറിയ തെളിവ് കാര്യങ്ങള്‍ വലിയ തോതില്‍ മാറ്റിമറിച്ചേക്കാം. അതായത് എനിക്കുപറയാം ഞാന്‍ ഗാന്ധിയെക്കുറിച്ചാണ് എഴുതുന്നതെന്ന്, പക്ഷേ, എന്താണ് എഴുതാന്‍ പോകുന്നതെന്ന് പറയാന്‍ കഴിയില്ല. ഗാന്ധിജിയും ജാതിയും തമ്മിലുള്ള ബന്ധം, ഗാന്ധിജിയും വംശീയതയും തമ്മിലുള്ള ബന്ധം, ഗാന്ധിജിയും ദേശീയതയും തമ്മിലുള്ള ബന്ധം, ഗാന്ധിജിയും നെഹ്രുവും തമ്മിലുള്ള ബന്ധം, ഗാന്ധിജിയും പട്ടേലും തമ്മിലുള്ള ബന്ധം ഇവയൊക്കെ ഗവേഷണങ്ങള്‍ ചെയ്യുന്തോറും നവംനവങ്ങളായ രൂപങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കും. ഒരു രാഷ്ട്രീയപ്രചാരണരേഖയാണ് നിങ്ങള്‍ എഴുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് അറിയാം എന്തുപറയാനാണ് നിങ്ങള്‍ നിയുക്തരായിരിക്കുന്നതെന്ന്. എന്നാല്‍, ചരിത്രവിജ്ഞാനം ഗവേഷണലൈബ്രറിയില്‍ പൂര്‍ണമായും തീരുമാനിക്കപ്പെടുന്നതാണ്.

 താങ്കളുടെ ഗാന്ധി പരമ്പരയ്ക്ക് ഏറ്റവും സഹായകമായത് ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ലൈബ്രറിയാണോ?

ഗാന്ധിജിയുടെ സ്വന്തം രചനകള്‍തന്നെ തൊണ്ണൂറ്റിയേഴു വാല്യങ്ങളാണ്. ഒട്ടുമിക്കയാളുകളും ഗാന്ധിജിയെക്കുറിച്ചുള്ള എഴുത്തുകള്‍ക്കായി ആ പുസ്തകങ്ങളെ മാത്രം ആശ്രയിച്ചുപോരുന്നു. ഞാന്‍ നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു അവയെ അത്യാവശ്യസ്രോതസ്സായി കരുതുമെങ്കിലും അതിനപ്പുറത്തേക്ക് പോകുമെന്ന്. ഗാന്ധിജിക്കു വന്ന കത്തുകള്‍, ഗാന്ധിജി അയച്ച കത്തുകള്‍, ഗാന്ധിജി പ്രത്യക്ഷപ്പെടുന്ന പത്രവാര്‍ത്തകള്‍, ബ്രിട്ടീഷ് രാജിന്റെ കാലത്തെ രഹസ്യപ്പോലീസ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ പല ആര്‍കൈവ്സുകളിലാണ് കിടക്കുന്നത്. ഇതൊന്നും ഓണ്‍ലൈനില്‍ നമുക്ക് ലഭ്യമല്ല. പുസ്തകരൂപത്തിലും ലഭ്യമല്ല. ഗാന്ധി പരമ്പരയ്ക്കായി ഞാന്‍ പ്രധാനമായും ആശ്രയിച്ചത് ഇനി പറയുന്ന പുരാജ്ഞാനശേഖരങ്ങളാണ്.

ഗ്രാമീണ പെന്‍സില്‍വേനിയയിലെ ഒരു ചെറിയ നഗരത്തിലെ ലൈബ്രറിയിലാണ് ഗാന്ധിജി ബ്രഹ്മചര്യപരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കത്തിടപാടുകള്‍ ഉള്ളത്. പക്ഷേ, എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ലൈബ്രറിയും ലണ്ടനിലെ ബ്രിട്ടീഷ് ആര്‍കൈവ്സുമാണ്.

തീന്‍മൂര്‍ത്തി ലൈബ്രറിയെക്കുറിച്ച് കുറച്ചുനാളുകള്‍ക്കുമുമ്പ് താങ്കള്‍ചെയ്ത ഒരു ട്വീറ്റ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അടുത്തകാലത്ത് അവിടത്തെ പുതിയ പുസ്തകങ്ങളുടെ ഷെല്‍ഫിന്റെ ഒരു ഫോട്ടോ കൊടുത്തിട്ട് താങ്കള്‍ എഴുതി 'ഇരുപതുകൊല്ലങ്ങള്‍ കഴിയുമ്പോള്‍ തീന്‍മൂര്‍ത്തി ലൈബ്രറി കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല' എന്ന്.

ഗവേഷണ ലൈബ്രറിയിലെ പുതിയ പുസ്തകങ്ങളുടെ ഷെല്‍ഫില്‍ നരേന്ദ്ര മോദിയുടെ പുതുതായിറങ്ങിയ ഒരു ജീവചരിത്രം വലിയ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ട്വീറ്റ് ചെയ്തതാണ്. ലൈബ്രറിയുടെ പിന്നില്‍ ഇന്ത്യയിലെ പ്രധാനമന്ത്രിമാരുടെ ഒരു മ്യൂസിയവും വരുന്നുണ്ട്. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ആ കെട്ടിടം പണിയിലാണ്. ഏറെ പ്രധാനപ്പെട്ട ലൈബ്രറിയിലെ രേഖകളുടെ സംരക്ഷണം പിന്നിലേക്ക് പോയിരിക്കുന്നു. പ്രധാനപ്പെട്ട പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതില്‍ അവര്‍ക്ക് ഇപ്പോള്‍ ഒരു താത്പര്യവുമില്ല. വാങ്ങിയ പുസ്തകങ്ങള്‍ തരം തിരിച്ചിട്ടുപോലുമില്ല. ഇത്തരം പൊതുവിടങ്ങളുടെ നശീകരണം ക്രമമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു സര്‍ക്കാരും ഭേദമല്ല. ലൈബ്രറികളും ആര്‍കൈവുകളും സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഒട്ടും ഭേദമല്ലായിരുന്നു. ആദ്യകാലങ്ങളില്‍ തീന്‍മൂര്‍ത്തിയില്‍ കൊള്ളാവുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത് ആ സ്ഥാപനത്തിന്റെ ഭാഗ്യമെന്നേ പറയാനുള്ളൂ. ബി.ആര്‍. നന്ദയെപ്പോലെയും രവീന്ദര്‍ കുമാറിനെപ്പോലെയും ഉള്ള ഡയറക്ടര്‍മാരാണ് ലൈബ്രറിയെ മികച്ചതാക്കിയത്. ഹരി ദേവ് ശര്‍മ, ഡോ. ബാലകൃഷ്ണന്‍ തുടങ്ങിയ ഡെപ്യൂട്ടി ഡയറക്ടര്‍മാരും വലിയപങ്കാണ് വഹിച്ചത്. 1981-ല്‍ ആ ലൈബ്രറിയില്‍ ഞാന്‍ ചെല്ലുമ്പോള്‍ അത് ഒരു ഒന്നാംക്ലാസ് സ്ഥാപനമായിരുന്നു. 2005വരെ അത് തുടര്‍ന്നു. തീന്‍മൂര്‍ത്തിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് എനിക്കുണ്ട്.

ഞാന്‍ നേരത്തേ പറഞ്ഞല്ലോ താങ്കളുടെ എഴുത്തിന്റെ വേഗം വിസ്മയിപ്പിക്കാറുണ്ട് എന്ന്. കവിയായ റോബര്‍ട്ട് ഫ്രോസ്റ്റ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഓടുന്ന തീവണ്ടിയില്‍ ഇരിക്കുമ്പോള്‍ ചെരിപ്പിന്റെ അടിയില്‍പ്പോലും തനിക്കെഴുതാമെന്ന്...

 (ചിരിക്കുന്നു): ഇല്ലേയില്ല... എനിക്കങ്ങനെ എഴുതാന്‍ കഴിയില്ല . എന്റെ സ്മാര്‍ട്ട്ഫോണില്‍ പോലും എനിക്കെഴുതാന്‍ കഴിയില്ല. തീവണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ എഴുതാനുള്ളതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചുകൊണ്ടേയിരിക്കും. പക്ഷേ, എഴുതാന്‍ കഴിയില്ല. സ്മാര്‍ട്ട് ഫോണില്‍ എഡിറ്റോറിയലുകള്‍ എഴുതുന്ന സീനിയര്‍ പത്രാധിപന്മാരെ എനിക്കറിയാം. എന്നെക്കൊണ്ടതാകില്ല.

ഒരു പ്രസാധകന്‍ ഞാന്‍ ഇനിപ്പറയുന്ന ഒരു നിര്‍ദേശം വെച്ചു എന്നിരിക്കട്ടെ 'ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു ദ്വീപില്‍ ഒരു മന്ദിരം താങ്കള്‍ക്ക് തരുന്നു. ഒരു പുസ്തകം എഴുതണം. ഇഷ്ടമുള്ള പണം തരും. ഇഷ്ടമുള്ളയത്ര സമയമെടുക്കാം. ഇടതുവശത്ത് കടലാസും പേനയും. വലതുവശത്ത് ലാപ്‌ടോപ്...' എങ്ങനെ സ്വീകരിക്കും? ഏതു തിരഞ്ഞെടുക്കും എഴുതാന്‍?

 ആദ്യംതന്നെ പറയട്ടെ, അങ്ങനെയൊരു നിര്‍ദേശം ഞാന്‍ നിരസിക്കും. കാരണം എനിക്ക് ഏകാന്തത ഇഷ്ടമല്ല. എനിക്ക് വൈകീട്ട് കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കണം, എന്റെ നായയെ കാണണം. എന്റെ കൂട്ടുകാരെ കാണണം. എഴുത്തിന്റെ സമയം കഴിഞ്ഞാല്‍ എനിക്ക് സംസാരിക്കണം. പിന്നെ, കടലാസും ലാപ്ടോപ്പും. ഞാന്‍ ലാപ്ടോപ് തിരഞ്ഞെടുക്കും. അതിപ്പോള്‍ ശീലമായി.

 താങ്കളുടെ പുസ്തകത്തിന് എഡിറ്റര്‍മാരുണ്ടോ? ക്രിയാത്മകമായി നിര്‍ദേശങ്ങള്‍ തരുന്ന എഡിറ്റര്‍മാര്‍ നല്ലതല്ലേ?

 എന്റെ എഴുത്തിന്റെ ആദ്യകാലങ്ങളില്‍ എനിക്ക് വളരെ നല്ല ഒരു എഡിറ്റര്‍ ഉണ്ടായിരുന്നു. രുകുണ്‍ അദ്വാനി. Oxford University Press ലായിരുന്നു. ഇപ്പോള്‍ Permanent Black-ലാണ് . ഇന്ത്യയിലെ ഏറ്റവും നല്ല അക്കാദമിക് എഡിറ്റര്‍ മാത്രമല്ല ലോകത്തിലെ തന്നെ നല്ല എഡിറ്റര്‍മാരില്‍ ഒരാളാണ്. അതിനാല്‍ എന്റെ എഴുത്തുജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അദ്ദേഹം വലിയ ഒരു സഹായമായി മാറിയിരുന്നു. പക്ഷേ, നീണ്ടകാലത്തെ പരിശീലനംകൊണ്ട് ഇപ്പോള്‍ ഒരു എഡിറ്ററുടെ ആവശ്യം എനിക്ക് തോന്നാറില്ല. പക്ഷേ, അവര്‍ക്ക് നല്ല പ്രതികരണങ്ങള്‍ തരാനാകും. എങ്ങനെയാണ് ഒരു പുസ്തകത്തിന്റെ ഘടന ഉണ്ടാക്കേണ്ടതെന്ന് രുകുണ്‍ അദ്വാനി എന്നെ പഠിപ്പിച്ചു. ഒരു വാദഗതി എങ്ങനെ രൂപംകൊള്ളുന്നു എന്ന് പഠിപ്പിച്ചു. ജീവചരിത്രങ്ങളുടെ അടിസ്ഥാനങ്ങള്‍ എങ്ങനെയെന്ന് പഠിപ്പിച്ചു. വാര്‍ത്താദിനപത്രങ്ങള്‍ക്ക് എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടി. അങ്ങനെ നോക്കിയാല്‍ രുകുണ്‍ അദ്വാനിക്ക് വലിയ ഒരു പങ്കുണ്ടായിരുന്നു എന്റെ ആദ്യകാല എഴുത്തുജീവിതത്തില്‍ .

ഇപ്പോള്‍ ഞാന്‍ എഡിറ്റര്‍മാരെ സമീപിക്കാറില്ല. അവര്‍ ചിന്തയില്‍ ഇടപെടും. അതേസമയം ഒന്നുപറയട്ടെ, എന്റെ അടുത്ത സുഹൃത്തുക്കളായ അക്കാദമിക്കുകളും ചരിത്രകാരന്മാരും എന്റെ പുസ്തകങ്ങള്‍ അച്ചടിക്കും മുന്‍പുതന്നെ വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ പറയാറുണ്ട്. വീട്ടില്‍ ഭാര്യയും കുട്ടികളും വളരെ പ്രധാനപ്പെട്ട അഭിപ്രായങ്ങള്‍ പറയാറുണ്ട്. അപ്പോള്‍ നമുക്ക് ആവശ്യമുള്ളത് നമ്മുടെ നിഗമനങ്ങളെ വിലയിരുത്താനുള്ള ആളുകളെയാണ്, സമീപനങ്ങളെ വിലയിരുത്തുന്നവരെയല്ല. കഴിവുകുറഞ്ഞ എഡിറ്റര്‍മാര്‍ എന്റെ സമീപനങ്ങളില്‍ ഇടപെട്ട് കുഴച്ചുമറിക്കുന്നതില്‍ എനിക്ക് താത്പര്യമില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം. എന്നാല്‍, അടുത്ത സുഹൃത്തുക്കള്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്വാഗതാര്‍ഹമാണ്.

താങ്കളുടെ രചനകള്‍ മൂന്നുവിഭാഗങ്ങളില്‍പ്പെടുന്നു. അതിലെ പ്രധാനപ്പെട്ടതും എഴുത്തുജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ വന്നതുമായവ പരിസ്ഥിതിനയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളാണ്. താങ്കളുടെ നന്നേ ചെറുപ്പത്തിലുള്ള ഇടപെടലുകളായിരുന്നു അവ. 1989-ല്‍ പുറത്തുവന്ന 'The Unquiet Woods: Ecological Change and Peasant Resistance in the Himalaya', 1992-ല്‍ മാധവ് ഗാഡ്ഗിലുമായി ചേര്‍ന്നെഴുതിയ 'This Fissured Land: An Ecological History of India' എന്നീ പുസ്തകങ്ങള്‍. പരിസ്ഥിതി വിഷയത്തിലേക്ക് ശ്രദ്ധാപൂര്‍വം നോക്കാനുണ്ടായ പ്രേരണകള്‍ എന്തൊക്കെയായിരുന്നു? ദെഹ്റാദൂണിലെ പച്ചപ്പും വനസാമീപ്യവും ഒരു കാരണമായോ.

വളരെ ആകസ്മികമായി സംഭവിച്ചതാണ് അത്. എന്നാല്‍, എന്റെ ദെഹ്റാദൂണ്‍ ജീവിതം ഒരു കാരണമായി ഭവിക്കുകയും ചെയ്തു. ഞാന്‍ പഠിക്കുന്ന കാലത്ത് പിഎച്ച്.ഡി. ചെയ്യാന്‍ കാലമായപ്പോള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു പ്രൊഫസര്‍ അപ്പോള്‍ നഗരത്തിലുണ്ടായിരുന്ന പ്രൊഫസര്‍ ജയന്ത ബന്ദോപാധ്യായയെ വിളിച്ച് അഭിപ്രായം ചോദിച്ചു. അദ്ദേഹം എന്നോടു നിര്‍ദേശിച്ചു ദെഹ്റാദൂണില്‍ ജീവിച്ചതല്ലേ, രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിച്ച ചിപ്‌കോ പ്രസ്ഥാനത്തില്‍ ഗവേഷണം നടത്താന്‍.

എനിക്കന്ന് ഇരുപത്തിമൂന്ന് വയസ്സ്. അങ്ങനെയാണ് തുടങ്ങിയത്. അക്കാലത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഉണ്ടായിരുന്ന പ്രൊഫസര്‍ മാധവ് ഗാഡ്ഗിലിനെ പരിചയപ്പെട്ടു. അദ്ദേഹം അവിടെ പരിസ്ഥിതി ശാസ്ത്രത്തില്‍ പ്രൊഫസറായിരുന്നു. പശ്ചിമഘട്ടനിരകളെക്കുറിച്ചുള്ള പഠനത്താല്‍ അദ്ദേഹം കേരളത്തില്‍ എന്നെക്കാള്‍ അറിയപ്പെടുന്ന ആളാണ്. അദ്ദേഹം എന്നെ വലുതായി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ലോകത്തിലെത്തന്നെ ഏറ്റവും മഹാന്മാരായ പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളാണ്. മറ്റ് പരിസ്ഥിതിശാസ്ത്രജ്ഞരെ അപേക്ഷിച്ച് അദ്ദേഹം പരീക്ഷണശാലയില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങിയ ആളാണ്. ഞാന്‍ ഓര്‍ക്കുകയാണ് 1992-ല്‍ ബ്രസീലിലെ റിയോ ഡി ജൈനറോയില്‍ ലോക ഭൗമ ഉച്ചകോടി നടക്കുമ്പോള്‍ എങ്ങനെയെങ്കിലും ഒരു വിമാന ടിക്കറ്റ് സംഘടിപ്പിക്കാന്‍ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പരക്കം പായുമ്പോള്‍ മാധവ് ഗാഡ്ഗില്‍ എന്നെക്കൂട്ടി പശ്ചിമഘട്ടം കയറാന്‍ പോയി. ഗിരിനിരകളില്‍ ജോഗ് വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് താഴേക്കു നോക്കിയിട്ട് എങ്ങനെയാണ് മനുഷ്യന്‍ പ്രകൃതിയില്‍ പലതരത്തില്‍ ഇടപെടുന്നതെന്ന് മലമടക്കുകള്‍ ഉദാഹരണമായെടുത്ത് കാണിച്ചുതന്നു. എന്റെ പരിസ്ഥിതിജ്ഞാനത്തിന് ഞാന്‍ അദ്ദേഹത്തോട് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നു.

 കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അദ്ദേഹത്തോട് ഒരുതരം അനിഷ്ടമുണ്ടെന്നത് താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ ?

കാരണം അവര്‍ക്ക് കോണ്‍ട്രാക്ടര്‍മാരുടെ പണം വേണം. പാറമടക്കാരുടെ പണം വേണം. പക്ഷേ, കേരളത്തിലെ ജനകീയ പൗരാവകാശ പ്രവര്‍ത്തകരുടെ ഇടയിലും പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടയിലും അദ്ദേഹം വളരെ പ്രിയപ്പെട്ടവനാണ്.

അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം