ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍, കേരളരാഷ്ട്രീയത്തില്‍, സ്വര്‍ണലിപികളാല്‍ പതിഞ്ഞ രണ്ടക്ഷരം; വി.എസ്. പോയ ഒരു നൂറ്റാണ്ടില്‍ മലയാളി കടന്നുപോന്ന ഒട്ടുമിക്ക മുന്നേറ്റങ്ങളിലും സമരങ്ങളിലും വിവാദചലനങ്ങളിലുമെല്ലാം വി. എസിന്റെ മുദ്രയുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവുംവലിയ നേതാവായിരിക്കുമ്പോഴും വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ച് മാത്രമായിരുന്നില്ല, ഒരിക്കലും. എല്ലാ കാലത്തേക്കും നിലനില്‍ക്കേണ്ട ഈ ഭൂമിയും അതില്‍ വരാനിരിക്കുന്ന അനന്തം ജീവിതങ്ങളുമായിരുന്നു അദ്ദേഹത്തിന് പ്രധാനം. ഒക്ടോബര്‍ 20-ന് വി.എസിന് 98 വയസ്സ്. രണ്ടുവര്‍ഷം മുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഷെമിന്‍ സെയ്ദ് നടത്തിയ അഭിമുഖം ഈയവസരത്തില്‍ പുനപ്രസിദ്ധീകരിക്കുന്നു. 

രാവിലെ വി.എസ്. സൂര്യനമസ്‌കാരം നടത്തുന്നതും യോഗചെയ്യുന്നതും യുവാക്കള്‍ക്കുപോലും മാതൃകയും ആവേശവും ആയിരുന്നു. ഇപ്പോഴും ആ ദിനക്രമം തുടരുന്നുണ്ടോ?

സൂര്യനമസ്‌കാരവും അതുപോലുള്ള വ്യായാമങ്ങളും ഈയിടെയായി ചെയ്യാറില്ല. യോഗയുടെ കാര്യത്തിലും ചില ഇളവുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍, ദിവസവും കുറച്ചുദൂരം നടക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്.  പണ്ട് യൂണിവേഴ്സിറ്റി കോളേജിന്റെ പരിസരത്തും സെക്രട്ടേറിയറ്റ് പരിസരത്തും നടക്കുമായിരുന്നു. ഇപ്പോള്‍ അതിന് ആരോഗ്യം അനുവദിക്കാറില്ല. വീട്ടില്‍ വൈകുന്നേരങ്ങളില്‍ കുറച്ചുനേരം നടക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

പണ്ട് ഹോട്ടലില്‍ കയറി ഉച്ചയൂണ് കഴിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നെ ജൈവപച്ചക്കറി ഉപയോഗിച്ചുള്ള ക്രമീകൃത ആഹാരത്തിലേക്ക് മാറി. കരിക്കിന്‍വെള്ളവും തിളപ്പിച്ച വെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും മാത്രമാണ് കുടിക്കുന്നത്. അത്തരം ക്രമീകരണം ഇപ്പോഴുമുണ്ടോ?

ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കാറാണ് പതിവ്. വീട്ടില്‍ ആവശ്യത്തിനുള്ള പച്ചക്കറി കൃഷിചെയ്യുന്നത് കുറെക്കാലമായി തുടരുന്ന പതിവാണ്. അതൊരു ആഹാരക്രമത്തിന്റെ ഭാഗമായി തുടരുന്നതല്ല.  കരിക്കിന്‍വെള്ളം ഇപ്പോഴും കുടിക്കാറുണ്ട്. അത് ഡോക്ടറുടെകൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്.  ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്ന പതിവൊന്നും എനിക്കില്ല.  കുറെയൊക്കെ പലരും പറഞ്ഞുണ്ടാക്കുന്നതാണ്. ബി.പി. പ്രശ്‌നം ഉള്ളതുകൊണ്ട് ഉപ്പ് കുറവുള്ള ആഹാരങ്ങളാണ് പതിവ്. അച്ചാര്‍ പോലുള്ളവയൊന്നും പണ്ടുമുതലേ കഴിക്കാറില്ല.

പുന്നപ്രവയലാര്‍ സമരകാലയളവില്‍ പൂഞ്ഞാറില്‍നിന്ന് പിടിച്ചപ്പോള്‍ പോലീസിന്റെ കൊടിയ മര്‍ദനത്തിന് ഇരയായിട്ടുണ്ട്. കാലിനടക്കം മാരകമായി മുറിവേറ്റു. അതിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടോ? 

എനിക്ക് മാത്രമല്ല, അക്കാലത്ത് ഒട്ടേറെ സഖാക്കള്‍ കൊടിയ പീഡനത്തിനിരയായിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിട്ടാണ് കേരളം ഇന്നത്തെ കേരളമായത് എന്നുപറയാം. ലോക്കപ്പില്‍ കിടന്നതും കാലില്‍ ബയണറ്റ് കയറ്റിയതുമെല്ലാം ഏറെ വിശദീകരിക്കപ്പെട്ട വസ്തുതകളാണ്.  കാലിലെ മുറിവിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴില്ല.  എന്നാല്‍, അക്കാലത്തെ മര്‍ദനങ്ങളുടെകൂടി ഫലമായിട്ടാവാം, ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്.  

ഇപ്പോള്‍ വി.എസിന്റെ ഇഷ്ടങ്ങളും കൗതുകങ്ങളും എങ്ങനെയാണ്. പുസ്തകവായന നടക്കുന്നുണ്ടോ. പണ്ടും കഥ-കവിത സാഹിത്യം വായിക്കുമായിരുന്നോ?

ഔപചാരികമായി വലിയ വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത ആളാണ് ഞാന്‍. പക്ഷേ, അത്യാവശ്യം ഭാഷാസ്വാധീനം കൈവരിക്കാനായിട്ടുണ്ട്. അതിനു കാരണം വായനയും പ്രസംഗവുമാണ്.  എന്നാല്‍, പഴയതുപോലെ അതേ അളവില്‍ വായന തുടരാന്‍ കഴിയുന്നില്ല. എന്റെ കണ്ണടയുടെ പവര്‍ അടുത്തിടെയാണ് വര്‍ധിപ്പിക്കേണ്ടിവന്നത്.  

അഭിമന്യുവിനെക്കുറിച്ചുള്ള സിനിമ പോയിക്കണ്ടിരുന്നു. മുമ്പ് 'അച്ഛനുറങ്ങാത്ത വീടും' 'അറബിക്കഥ'യും വി.എസ് കണ്ടത് വലിയ വാര്‍ത്തയായിരുന്നു. സിനിമയോടുള്ള ഇഷ്ടം എങ്ങനെയാണ്? 

ഞാനൊരു സിനിമാ കമ്പക്കാരനല്ല.  സിനിമ കാണില്ല എന്ന വാശിയുമില്ല. വല്ലപ്പോഴും വേണ്ടപ്പെട്ടവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമ കാണാന്‍ പോകുന്നത്. സിനിമ കണ്ടിറങ്ങിയാല്‍, പിന്നെ ഏറെക്കാലം അതേക്കുറിച്ച് ഓര്‍ക്കാറുമില്ല. അതിനാല്‍ത്തന്നെ, സിനിമയെക്കുറിച്ച് ചോദിച്ചാല്‍ കാര്യമായി ഒന്നുംതന്നെ വിവരിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ ചെറുപ്പത്തിലൊക്കെ നാടകമായിരുന്നു, പ്രധാനം എന്നതുകൊണ്ടുകൂടിയാവാം.  

വീട്ടില്‍ വി.എസ് എങ്ങനെയാണ്? അച്ഛന്റെയും അപ്പൂപ്പന്റെയും റോളുകള്‍ എത്ര ഭംഗിയായി നിര്‍വഹിച്ചു എന്നാണ് കരുതുന്നത്.

വസുമതിയും ഞാനും അനുയായികളായിരുന്നു. വിവാഹശേഷവും അതങ്ങനെതന്നെ. വലിയ സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ട്. ഞാന്‍ തിരക്കിലായിരുന്ന കാലത്തെല്ലാം അവര്‍ വീട് നന്നായി നോക്കിനടത്തി. എന്റെ ഒരു കാര്യങ്ങളിലും വീഴ്ചവരുത്തിയിട്ടില്ല. എന്റെ ആരോഗ്യം എന്നും ആ കൈകളില്‍ ഭദ്രം. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരത്ത് പൂജപ്പുര ജയിലിലായിരുന്നു. മകന്‍ അരുണ്‍ ആലപ്പുഴയില്‍നിന്ന് വരും, എന്നെക്കാണാന്‍. അവന്‍ അന്ന് ചെറുതാണ്. പിന്നീട്, പ്രവര്‍ത്തകനായി തിരക്കായപ്പോഴും വീട്ടില്‍ ചെലവഴിക്കുന്ന സമയം കുറവാണ്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും കോഴിക്കോട്ടേക്കും മറ്റുമുള്ള യാത്രയ്ക്കിടെ വീട്ടില്‍ രാത്രി കയറും. വെളുപ്പിനു പോകും. ഞാന്‍ ചെല്ലുന്നതുകാത്ത് മക്കള്‍ അരുണും ആശയും ഇരിക്കും. അപ്പോഴാണല്ലോ അവര്‍ക്ക് കാണാന്‍ കിട്ടുക.  കൊച്ചുമക്കളോട് വലിയ അടുപ്പമാണ്. സ്‌കൂള്‍ വിട്ടുവന്നാല്‍ ഓടിയെത്തുക എന്റെ മടിയിലേക്കാണ്. അവരില്ലാതെയിരിക്കുമ്പോള്‍ എന്തോപോലെയാണ്. അരുണിന് രണ്ട് ആണ്‍ മക്കളാണ്. അര്‍ജുനും അരവിന്ദും. ആശയ്ക്ക് ഒരു മകളും മകനും. ആതിരയും ആനന്ദും.

കേരളത്തില്‍ പരിസ്ഥിതിരാഷ്ട്രീയത്തിന്റെ ഇടതുപക്ഷപ്രയോഗം സാധ്യമാക്കിയത് വി.എസ് ആണ്. നീര്‍ത്തടനിയമം അടക്കം കൊണ്ടുവന്നത് വി.എസാണ്. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയത്തില്‍ അതിന് ഒരു തുടര്‍ച്ചയുണ്ടായില്ല എന്ന് തോന്നുന്നുണ്ടോ? 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ് പരിസ്ഥിതിസംരക്ഷണം. നയം മാത്രം പോരല്ലോ. അതിനൊരു പ്രയോഗവും വേണം. അത്തരം പ്രയോഗങ്ങള്‍ക്കുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍വരാന്‍ ശ്രമിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കാനുള്ള മുന്‍ഗണനകളില്‍ പരിസ്ഥിതി സംരക്ഷണവുമുണ്ട് എന്നര്‍ഥം. നയരൂപവത്കരണ, നിര്‍വഹണ പ്രക്രിയയില്‍ നമുക്ക് ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയസമീപനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. റോഡുകളും തോടുകളും പാലങ്ങളും പാളങ്ങളും വന്‍ നിര്‍മിതികളും ഉള്‍പ്പെടുന്ന, ആസുരമായ ഒരു വികസനസങ്കല്പം ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിന് അനുഗുണമായ നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ജനാധിപത്യസംവിധാനത്തില്‍ സ്വാഭാവികമായും സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കും. അത്തരം വികസനപ്രവര്‍ത്തനങ്ങളുടെ ആഘാതമേല്‍ക്കുന്ന ജനവിഭാഗങ്ങളും ശാസ്ത്രലോകവും അതിനെതിരേ പ്രതികരിക്കുകയും ചെയ്യും. എന്നാല്‍, അവര്‍ കേവലം ന്യൂനപക്ഷം മാത്രമാണ്. വ്യവസായം വരാന്‍ മണ്ണുവേണം. പക്ഷേ, ഏതെല്ലാം മണ്ണിനെ ഏതാവശ്യത്തിനുവേണ്ടി വിനിയോഗിക്കണമെന്ന വ്യക്തമായ നയമാണ് പ്രധാനം. അത്തരമൊരു ഭൂവിനിയോഗനയമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും ചെറുതും വലുതുമായ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടുന്നവരെ വികസനവിരുദ്ധരെന്നും വെട്ടിനിരത്തല്‍കാരെന്നും വിളിച്ച് ആക്ഷേപിച്ചിട്ടുമുണ്ട്.  

ഇനി ജീവിതത്തില്‍ പൂര്‍ത്തീകരിക്കണം എന്നുതോന്നുന്ന ഒരു ദൗത്യം എന്താണ്?

ഇനിയും ഏതെങ്കിലും ദൗത്യം ഏറ്റെടുത്ത് നടപ്പാക്കാനാവുമെങ്കില്‍ അത് ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ചതായിരിക്കും. ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടമാണ് ഇനിയും നടപ്പാക്കാനുള്ളത്.  ഉത്പാദക സഹകരണ സംഘങ്ങള്‍, വിതരണ സഹകരണ സംഘങ്ങള്‍, സേവന സഹകരണ സംഘങ്ങള്‍ എന്നിവയെ വേണ്ടവിധം സംഘടിപ്പിച്ച്, കണ്ണിചേര്‍ക്കണം. ഇത് തൊഴിലാളി-കര്‍ഷക സഖ്യത്തിന്റെ കാലികവും സ്വാഭാവികവുമായ വികാസമായും കാണണം. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിയും അനുബന്ധ വ്യവസായങ്ങളുമെല്ലാമടങ്ങുന്ന സമഗ്രമായ ഒരു പദ്ധതിയിലൂടെ, കര്‍ഷകരും തൊഴിലാളികളും കൃഷിയിടങ്ങളും തൊഴിലിടങ്ങളും തമ്മിലുള്ള പാരസ്പര്യവും വര്‍ഗ ഐക്യവും നിലനില്‍ക്കുമ്പോഴേ, ഇടതുപക്ഷമുള്ളൂ. അങ്ങനെയൊരു ഇടതുപക്ഷമുണ്ടെങ്കിലേ, എന്റെ തോന്നലുകള്‍ക്കും ദൗത്യത്തിനുമെല്ലാം പ്രസക്തിയുമുള്ളൂ.

ലോക്കപ്പിലെ  മര്‍ദനത്തിന് ഒടുവില്‍ വി. എസ് മരിച്ചെന്ന് കരുതി, മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാന്‍ സഹതടവുകാരെ ഏല്‍പ്പിച്ചതാണ്. അന്ന് കള്ളന്‍ കോരന്‍ എന്ന തടവുകാരനാണ് വി.എസിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ എത്തിക്കുന്നത്. ആ കള്ളനോട് ആ തരത്തില്‍ ഒരു കടപ്പാടുണ്ട്. കോരനെ വിഎസ് പിന്നീട് കണ്ടിരുന്നോ?

ഇല്ല. കോരനല്ല, കോരപ്പനാണത്.  ആ സംഭവങ്ങള്‍ പലയിടത്തും ഞാന്‍തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ.

രാജവാഴ്ചയ്ക്ക് എതിരെ വന്‍സമരം സംഘടിപ്പിച്ചാണ് വി.എസ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. പുന്നപ്രവയലാര്‍ സമരകാലയളവില്‍ കളര്‍കോട് ക്യാമ്പിന്റെ ചുമതലക്കാരന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് രാജവാഴ്ചയെ പുകഴ്ത്തുന്ന ഒരുതരം ചരിത്രവിരുദ്ധത സജീവമാണ്. ആ രാജവാഴ്ച എന്തായിരുന്നു എന്ന് വി.എസ് പറയുന്നത്, ഇന്നത്തെ തലമുറയ്ക്ക് ഉപകാരപ്രദം ആയിരിക്കും.

ദിവാന്‍ ഭരണത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ ഞാനുമുണ്ടായിരുന്നു. പക്ഷെ, അതായിരുന്നു എന്റെ രാഷ്ട്രീയ രംഗപ്രവേശം എന്ന് പറയുന്നത് വസ്തുതാപരമാവില്ല. മൂലധനത്തിന്റെ ചൂഷണ നിയമങ്ങള്‍ തിരുവിതാംകൂറിലാണ് താരതമ്യേന നേരത്തെ വരികയും ശക്തിപ്പെടുകയും, അദ്ധ്വാന ശക്തികള്‍ക്കെതിരായ ആക്രമണം നടത്തുകയും ചെയ്തത്. മലബാറില്‍ ഭൂമിക്കു വേണ്ടി സമരം ചെയ്തവ രാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വന്നതെങ്കില്‍ തിരുവിതാംകൂറില്‍ തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവര്‍ ഇന്ത്യന്‍ യൂണിയനും, വോട്ടവകാശത്തിനും ഉത്തരവാദിത്വ ഭരണത്തിനും വേണ്ടി 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യവുമായി കമ്യൂണിസ്റ്റുകാരാവുകയായിരുന്നു. ആ സമരങ്ങള്‍ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.  

തൊഴിലാളിവര്‍ഗത്തിന്റെ ഈ ഡിമാന്റുകള്‍ക്ക് നേരെ വിപരീതദിശയില്‍, അമേരിക്കന്‍ മോഡല്‍ ഭരണം നടപ്പാക്കാന്‍ ശ്രമിച്ച ദിവാനെതിരെ നടന്ന രാഷ്ട്രീയ പണിമുടക്കും അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുമാണ് പുന്നപ്ര-വയലാര്‍ സമരം. അങ്ങനെയൊരു സമരം ഇന്ത്യയില്‍ വേറെ എവിടെയും നടന്നിട്ടില്ല. തൊഴിലാളികള്‍ വെച്ച ഡിമാന്റ് നോട്ടീസില്‍ പറഞ്ഞത് ഉത്തരവാദിത്വ ഭരണം വേണമെന്നും, അമേരിക്കന്‍ മോഡല്‍ ഭരണം പാടില്ലെന്നും പ്രായപൂര്‍ത്തി വോട്ടവകാശം വേണമെന്നുമെല്ലാമായിരുന്നു. ഈ ആവശ്യങ്ങള്‍ തൊഴിലാളികളുടെ ഡിമാന്റല്ല എന്നായിരുന്നുവല്ലോ ദിവാന്റെ നിലപാട്. ഈ ഡിമാന്റുകള്‍ ഒഴിവാക്കി ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശം പക്ഷേ തൊഴിലാളികള്‍ക്ക് സ്വീകാര്യമായില്ല. ഇതിനിടെ, കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.

സാമൂഹ്യ ഉല്‍പ്പാദന പ്രക്രിയയായി കാര്‍ഷികോല്‍പ്പാദനം മാറണം. സാമൂഹ്യ ഉല്‍പ്പാദന വ്യവസ്ഥയെ, രാജ്യത്തിന് വേണ്ടത് എന്ന രീതിയില്‍ കൃഷി മാറിത്തീരേണ്ടതുണ്ട്. അതിനാലാണ്, ക്ലിപ്തമായി ഭൂമിയെ തരംതിരിച്ചിട്ടുള്ളത്. അതൊരു സാമൂഹ്യബോധമാണ്. അതിനാലാണ്, കൃഷിഭൂമി തരം മാറുന്നതിനെതിരെ കര്‍ഷകത്തൊഴിലാളികള്‍ രംഗത്തുവരുന്നത്. കരിവെള്ളൂര്‍ സമരത്തിന്റെ പശ്ചാത്തലം അതായിരുന്നു. സമൂഹത്തിനാവശ്യമുള്ള ഒരു ഉല്‍പ്പാദനോപാധി വികൃതമാക്കപ്പെടുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതിനെ ചെറുക്കുക തന്നെ ചെയ്യും. റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതും ഇതേ വികാരമാണ്.  

അംബേദ്കറിസവും കമ്യൂണിസവും ഗാന്ധിസവും യോജിച്ച് പോകേണ്ട കാലഘട്ടമാണിത് എന്ന വാദമുഖമുണ്ട്. സാമ്രാജിത്വ വിരുദ്ധ കീഴാളപക്ഷ വിശാല രാഷ്ട്രീയത്തിന് സാധ്യതയുണ്ടോ?

ഇല്ല. എന്നാല്‍, ഇപ്പറഞ്ഞ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വര്‍ഗീയ ഫാസിസത്തിനെതിരേ വിശാല ഐക്യത്തില്‍ ഒത്തുവരാനാവും. അത് അടിയന്തിരവും അവശ്യവുമായ വിശാലമായ ഐക്യമാണ്. അങ്ങനെയുള്ള ഒരു ഐക്യനിര ഫിനാന്‍സ് മൂലധന കടന്നുകയറ്റത്തെ ചെറുത്ത് തോല്‍പ്പിക്കാനും അതുപോലെ, ജാതി നശീകരണം ഉള്‍പ്പെടെ ജനാധിപത്യ സമൂഹ നിര്‍മ്മിതിക്കായുള്ള വിവിധ കടമകള്‍ നിര്‍വഹിക്കാനും ശേഷിയുള്ളതായിരിക്കും.  

ഭരണപരിഷ്‌കരണ കമ്മീഷന്‍ നാല് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്ന് പോലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അതില്‍ നിരാശയുണ്ടോ?

ഒരിക്കലുമില്ല. ഇത് നാലാമത്തെ ഭരണപരിഷ്‌കാര കമ്മീഷനാണ്. ഇതിനു മുമ്പുണ്ടായ കമ്മീഷനുകളും ഇതു പോലെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പലതും പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തവണ അങ്ങനെ സംഭവിക്കരുത് എന്ന ശാഠ്യം കമ്മീഷന്‍ സ്വീകരിച്ചു. അല്ലായിരുന്നെങ്കില്‍, കമ്മീഷന്റെ പ്രവര്‍ത്തന കാലാവധി കഴിയുമ്പോള്‍ മുമ്പെല്ലാം ചെയ്തതു പോലെ ഒരു അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമായിരുന്നു. ഓരോ പഠന വിഷയങ്ങളിലും കമ്മീഷന്റെ ശുപാര്‍ശകള്‍ അപ്പപ്പോള്‍ത്തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഏത് രീതിയിലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും, ഏതളവോളം അത് നടപ്പാക്കിയെന്നുമെല്ലാം കണ്ടറിഞ്ഞ്, തുടര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെങ്കില്‍, അതും വിശകലനം ചെയ്യപ്പെടും. നാളെ കേരളത്തിനു മുന്നില്‍ വരുന്നത് കേവലം ശുപാര്‍ശകള്‍ മാത്രമായിരിക്കില്ല. എന്തുകൊണ്ട് സര്‍ക്കാര്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നതുകൂടി ആയിരിക്കും.  

കേരളം തുടര്‍ച്ചയായി രണ്ട് പ്രളയത്തെ അഭിമുഖീകരിച്ചു. ഇത്തവണ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞത് തെറ്റായിപ്പോയി എന്നൊരു വീണ്ടുവിചാരമുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് വി.എസിന് എന്ത് തോന്നുന്നു.

ഇപ്പോള്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില തിരിച്ചറിവുകള്‍ നമുക്കുണ്ടായിട്ടുണ്ട്. ആ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍, അടിയന്തിരമായി വരുത്തേണ്ട തിരുത്തലുകളിലൂടെ വേണം, നവകേരളം കെട്ടിപ്പടുക്കാന്‍. വികസനം വരാന്‍ ഭൂമി മാത്രം പോരെന്നും, നമ്മുടെ കുന്നുകളും നദികളും വയലുകളും കൂടി വേണമെന്നും തീരുമാനിക്കപ്പെടാത്തിടത്താണ് പിഴവുകള്‍ തുടങ്ങിയത്. അപ്പോഴും, പ്രകൃതിയെ സംരക്ഷിക്കാത്ത വികസനം സുസ്ഥിരമാവില്ല എന്ന് ശാസ്ത്രലോകവും സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരുന്നു. അവരെ നാം വികസനവിരുദ്ധരെന്നും കപടപരിസ്ഥിതിവാദികളെന്നും വിളിച്ച് ആക്ഷേപിച്ചു. വയലേലകള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും കപടവികസന മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താനായില്ല. കാലാകാലങ്ങളില്‍, പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഭൂവിനിയോഗത്തിന് പുതിയ മാര്‍ഗരേഖകളുണ്ടായിക്കൊണ്ടിരുന്നു. ഭൂമി ഉല്‍പ്പാദനോപാധിയല്ലെന്നും വെറും ചരക്കാണെന്നും നാം പഠിച്ചെടുത്തു. കുടിവെള്ളത്തെക്കാള്‍ പ്രധാനം വാട്ടര്‍ തീം പാര്‍ക്കുകളാണെന്ന ബോദ്ധ്യത്തിലായിരുന്നു, നാം. എനിക്കുറപ്പുണ്ട്. നാളെ ഒരു തലമുറ ക്വാറികളെക്കുറിച്ച് പറയും. അവര്‍ വികസനത്തെക്കുറിച്ച് പറയും. ദുരിതാശ്വാസത്തെക്കുറിച്ച് പറയും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയും. കുന്നിടിക്കലിനെക്കുറിച്ചും കയ്യേറ്റങ്ങളെക്കുറിച്ചും, മണലൂറ്റിനെക്കുറിച്ചും, ഹൈവേകളെക്കുറിച്ചും, കര്‍ഷകരെക്കുറിച്ചും, ഭൂപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തെക്കുറിച്ചും, മാലിന്യം തള്ളുന്ന വ്യവസായങ്ങളെക്കുറിച്ചും, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളെക്കുറിച്ചുമെല്ലാം പറയും.  

Content Highlights : Republishing Interview with V S Achuthanandan with Shemin Saidu