ബാലേട്ടനും രാജമാണിക്യവും പച്ചക്കുതിരയും മാമ്പഴക്കാലവും അലിഭായിയും താന്തോന്നിയുമെല്ലാം പറഞ്ഞുപറഞ്ഞ് ആസ്വാദകമനസ്സിൽ പതിപ്പിച്ചെടുത്ത പേരാണ് ടി. എ ഷാഹിദ്. തിരക്കഥാകൃത്തും സംവിധായകനുമായ ടി.എ റസാഖിന്റെ അനുജൻ, അത്യുന്നതങ്ങളിൽ നിന്ന് വളരെ നേരത്തെ തന്നെ തിരിച്ചു വിളിക്കപ്പെട്ട കഥാകാരൻ, ഷീജയുടെ സഹപാഠി, സുഹൃത്ത്, പിന്നെ ഭർത്താവ്, മക്കളുടെ അച്ഛൻ...ടി. എ ഷാഹിദ് വിടപറഞ്ഞിട്ട് ഇന്നേക്ക് എട്ടുവർഷം തികയുമ്പോൾ ഭാര്യ ഷീജ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു.

സെപ്തംബർ ഇരുപത്തിയെട്ടിന് അവധിയെടുത്ത് വീട്ടിലിരിക്കുക പതിവാക്കിയിട്ട് ഏഴ് വർഷം കഴിഞ്ഞു. എട്ടാമത്തെ വർഷം കൊറോണത്തിരക്കുകൾ അതിന് സമ്മതിച്ചില്ല. ഷാഹിദ് എന്ന സഹപാഠി എനിക്ക് 'സ്നേഹം' എന്ന രണ്ടക്ഷരമാണ്. പ്രീഡിഗ്രിയ്ക്ക് മലപ്പുറം ഗവ.കോളേജിൽ ഒന്നിച്ചു പഠിച്ചതാണ് ഞങ്ങൾ. സൗഹൃദം എന്നുവെച്ചാൽ ഗാഢസൗഹൃദം. പ്രീഡിഗ്രി കഴിഞ്ഞ് ജനറൽ നഴ്സിങ്ങിനായി കോഴിക്കോട് ഗവ. സ്കൂൾ ഓഫ് നഴ്സിങ്ങിന് ചേർന്നപ്പോളും വിശേഷങ്ങൾ കൂട്ടിവെച്ച് മനസ്സ് കവിയാനാവുമ്പോൾ ഷാഹിദ് ഓടി വരും. പിന്നെ തുരുതുരാ പറഞ്ഞുകൊണ്ടേയിരിക്കും. ഞങ്ങളുടെ പഠനകാലത്തെ സുഹൃത്തുക്കളുടെ കാര്യം മുതൽ ആ നിമിഷം വരെയുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. കഥപറച്ചിലാണ് ഇഷ്ടപ്പെട്ടതും പ്രധാനപ്പെട്ടതുമായ സംഗതി. ഒരു ദിവസം എന്നോട് ചോദിച്ചു; 'നമ്മളങ്ങ് കല്യാണം കഴിച്ചാലോ' എന്ന്. 'അതിനിപ്പെന്താ കഴിക്കാലോ' എന്ന് ഞാനും പറഞ്ഞു. പിന്നെ ഷാഹിദ് നേരെ വീട്ടിൽ വന്നു എന്നെ കല്യണം കഴിക്കുന്ന വിഷയം അവതരിപ്പിച്ചു. എന്റെ സുഹൃത്ത് ഷാഹിദിനെ എല്ലാവർക്കും പരിചയമാണ്. അപ്പോഴേക്കും ഞങ്ങളുടെ സൗഹൃദം ഏഴുവർഷത്തെ മൂപ്പെത്തിയിരുന്നു.

എന്റെ വീട്ടിൽ എതിർപ്പില്ല, പക്ഷേ മുറുമുറുപ്പുണ്ട്, മതത്തെച്ചൊല്ലി. ഷാഹിദിന്റെ ഉമ്മ സ്നേഹമുള്ള ഉമ്മയായിരുന്നു. മതം അവിടെ എങ്ങനെ ബാധിച്ചു എന്നന്വേഷിച്ചിട്ടില്ല. സ്നേഹത്തിന്റെ പേരിൽ മതത്തെ ഞങ്ങൾ അങ്ങ് തഴഞ്ഞു. തിരക്കഥയെഴുതാൻ ഒരു പോക്കാണ്. ആ പോക്കിൽ എനിക്ക് പിടിത്തം തരാത്ത പലസ്വഭാവങ്ങളും കൂടെകൂട്ടി. ജീവിതശൈലിയുടെ ഭാഗമായി ലിവർ സീറോസിസ് വന്നുപെട്ടപ്പോഴും കഥമെനയുന്നതിന്റെ തിരക്കിലായിരുന്നു ഷാഹിദ്. ആ സ്നേഹം ഓർമയായിട്ട് ഇന്നേക്ക് എട്ടുവർഷം തികയുന്നു. ഷാഹിദിന്റെ സ്വപ്നമായിരുന്ന വീട്ടിലിരുന്ന് അവസാനനാളുകളിലും കഥകൾ പറയാൻ ശ്രമിച്ചു. എട്ടുവർഷം എങ്ങനെ ഞാൻ കഴിഞ്ഞു എന്ന് ചോദിച്ചാൽ എനിക്കൊരു ജോലിയുണ്ടായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം. പിന്നെ മക്കൾ കൂടെയുണ്ടല്ലോ. പപ്പയുടെ ഓർമകൾ ഇല്ലാത്ത ദിവസം അവർക്കുണ്ടാവില്ല. ഷാഹിദ് നഷ്ടപ്പെട്ടു എന്നൊരിക്കലും തോന്നിയിട്ടില്ല, രണ്ടാമത്തെ മകൾ ഷാഹിദിന്റെ തനി കോപ്പിയാണ്. അവളെ നോക്കിയിരിക്കുമ്പോൾ ഷാഹിദ് ഇല്ല എന്ന തോന്നൽ ഉണ്ടാവാറില്ല.

TA Shahid And Family
ടി.എ.ഷാഹിദും കുടുംബവും

മക്കളെല്ലാം വലുതായി. മൂത്തമകൾ അഖില ഷാഹിദ് ആർക്കിടെക്ട് അഞ്ചാം വർഷം എത്തി. രണ്ടാമത്തെ മകൾ ആദില ഷാഹിദ് പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയ്ക്ക് ചേരാനിരിക്കുന്നു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനുഷ്യൻ, പതിനേഴാം വയസ്സിൽ എന്നോടൊപ്പം കൂടിയ ഷാഹിദ്, സൗഹൃദത്തിന്റെ ഏഴ് കൊല്ലം കടന്നുകഴിഞ്ഞപ്പോൾ പിന്നെ ജീവിതത്തിലും പങ്കുചേരാൻ ക്ഷണിച്ച എന്റെ ഷാഹിദ്...പ്രണയം മാത്രമായിരുന്നെങ്കിൽ എന്നേ മടുത്തുപോവുമെന്ന് പറഞ്ഞ് സൗഹൃദത്തെ കൈവിടാതെ ജീവിതത്തെ പ്രണയിക്കാൻ പഠിപ്പിച്ച ഷാഹിദ്. ആ സ്നേഹം ഞങ്ങളുടെ മക്കളായി എന്നും കൂടെയുണ്ട്, ഷാഹിദിന്റെ മുഖമായും മണമായും ചിരിയായും കളിതമാശകളായും. എങ്കിലും നഷ്ടമെന്ന യാഥാർഥ്യത്തിന്റെ എട്ടാമത്തെ വർഷം മുന്നിലൂടെ കടന്നുപോവുകയാണ്.

Content Highlights: Malayalam Script writer TA Shahid, TA Shahid's wife Sheeja Shahid