ഴുത്തുകാരന്‍ എപ്പോഴും ഭരണാധികാരികളോട് അകലം പാലിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ രഘുവീര്‍ ചൗധരി. കണ്ണുമടച്ച് വിമര്‍ശിക്കാനും ആഗ്രഹിക്കുന്നത് എഴുതാനും കഴിയണം. അതിന് ആരെയും ഭയക്കേണ്ടതില്ല. അങ്ങനെ ഭയക്കുന്നവന്‍ എഴുത്തുകാരനല്ല. ഭരണാധികാരിയെ വിമര്‍ശിച്ചാല്‍ ചിലപ്പോള്‍ അവാര്‍ഡുകളും പ്രശസ്തമായ കമ്മിറ്റികളിലെ അംഗത്വവുമെല്ലാം നഷ്ടമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ പ്രമുഖ നോവലിസ്റ്റും കവിയും വിമര്‍ശകനുമെല്ലാമായ രഘുവീര്‍ ചൗധരി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായാണ് കൊച്ചിയിലെത്തിയത്. അദ്ദേഹം 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്:

ആക്രമിക്കപ്പെടേണ്ടവരല്ല

ആക്രമിക്കപ്പെടേണ്ടവരാണ് എഴുത്തുകാരെന്ന മട്ടിലാണ് ഇപ്പോള്‍ നടക്കുന്ന പല കാര്യങ്ങളും. ഇന്ത്യയില്‍ ഇത് സംഭവിക്കാന്‍ പാടില്ല. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. കലബുര്‍ഗിയുടെയും പന്‍സാരെയുടെയും ഗൗരി ലങ്കേഷിന്റെയുമെല്ലാം കൊലപാതകങ്ങള്‍ മനസ്സിനെ പിടിച്ചുലച്ചു. ആശയ സ്വാതന്ത്ര്യമൊന്നും ആര്‍ക്കും പണയം വയ്ക്കാന്‍ എഴുത്തുകാര്‍ക്കാകില്ല.

എല്ലാം വലുതാക്കി കാണിക്കുന്നു

അസഹിഷ്ണുത പുതിയ കാലത്തെ പ്രതിഭാസമല്ല. പണ്ടും ഇതെല്ലാമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ചെറിയ സംഭവങ്ങള്‍ക്കു വരെ വന്‍ മാധ്യമ ശ്രദ്ധ കിട്ടുന്നു. നെഗറ്റീവ് ആയ കാര്യങ്ങളോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യം. ഒരു രാഷ്ട്രീയ നേതാവിനെ പുകഴ്ത്തി പറഞ്ഞാല്‍ അത് വാര്‍ത്തയാകില്ല. അയാളെ വിമര്‍ശിച്ചാല്‍ അത് വലിയ വാര്‍ത്തയാണ്. എല്ലാവര്‍ക്കും നെഗറ്റീവ് വാര്‍ത്തകളോടാണ് താത്പര്യം.

ഗുജറാത്ത് മോഡല്‍ മാധ്യമ സൃഷ്ടി

ഗുജറാത്ത് മോഡല്‍ എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഗുജറാത്തില്‍ വികസനം വര്‍ഷങ്ങളായി നടക്കുന്ന ഒന്നാണ്. ഗാന്ധിജി തുടങ്ങിവച്ചതാണത്. ഇന്നിപ്പോള്‍ ആരും ഗാന്ധിജിയെ ഓര്‍ക്കുന്നില്ല. പിന്നീടുവന്ന ഭരണാധികാരികള്‍ അദ്ദേഹം തുടങ്ങിവച്ചത് പിന്തുടര്‍ന്നുവെന്നു മാത്രം. ഗുജറാത്തികള്‍ കഠിനാധ്വാനികളാണ്. പണം സൂക്ഷിച്ചു ചെലവാക്കുന്നവരാണ്. ഗുജറാത്തിന്റെ വളര്‍ച്ചയ്ക്ക് കടപ്പാട് ജനങ്ങള്‍ക്കാണ്.

മതം രാഷ്ട്രീയമാകരുത്

ഞാന്‍ വിശ്വാസിയാണ്. എന്നാല്‍ മതവും വിശ്വാസവും രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് അംഗീകരിക്കാനാകില്ല. രാഷ്ട്രീയക്കാരാണ് മതങ്ങളെ നശിപ്പിക്കുന്നത്. കൊല്ലിനും കൊലയ്ക്കും അതിനെ ആയുധമാക്കുന്നു. മതങ്ങള്‍ ഒന്ന് മറ്റൊന്നിന് എതിര് എന്ന നിലയിലാണ് ഇന്ന് കാര്യങ്ങള്‍.

കേരളത്തിലുള്ളവരുടെ പേരു കേട്ടാല്‍ അവര്‍ ഏത് മതത്തില്‍നിന്നുള്ളവരാണെന്ന് മനസ്സിലാകില്ല. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്്. ഇന്നിപ്പോള്‍ അശുഭവാര്‍ത്തകള്‍ ഇവിടെ നിന്നും കേട്ടു തുടങ്ങിയിരിക്കുന്നു. ശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയ മണ്ണ് പാവനമായിത്തന്നെ തുടരണം.

നാടിന്റെ നാവാകണം

എഴുത്തുകാരന്‍ എപ്പോഴും നാടിന്റെ നാവായി തുടരണം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എഴുത്തിലൂടെ സമൂഹത്തിനു മുന്നിലെത്തിക്കാനാകണം. വേരുകള്‍ പിഴുതെറിഞ്ഞ് ആര്‍ക്കും നിലനില്‍ക്കാനാകില്ല. എന്റെ ആദ്യ പ്രതിപത്തി ഗ്രാമത്തോടാണ്. പിന്നെ ഗുജറാത്തിനോട്. ഇന്ത്യയും ലോകവുമെല്ലാം അതിനു പിന്നാലെ കടന്നുവരുന്നു. എഴുത്തില്‍ ഇത് വളരെ പ്രധാനമാണ്.

വായിക്കപ്പെടുന്നത് ചേതന്‍ ഭഗത്

യുവതലമുറ വായിക്കുന്നത് ചേതന്‍ ഭഗത്തിനെയാണ്. എന്നെപ്പോലെയുള്ളവരെ അല്ല. ക്ലാസിക് സാഹിത്യ കൃതികളോടൊന്നും അവര്‍ക്ക് താത്പര്യമില്ല. ചേതന്‍ ഭഗത്തിന്റേതു പോലുള്ള പോപ്പുലര്‍ സാഹിത്യത്തിന് പിറകേയാണ് അവര്‍. യുവതലമുറയില്‍ വായന കുറയുന്നുവെന്ന് പറയാനാകില്ല. അവര്‍ക്കാവശ്യമുള്ളത് അവര്‍ വായിക്കുന്നുണ്ട്.

തനിമയുള്ള ഭാഷ

വളരെ ശക്തമായ ഭാഷയാണ് മലയാളം. നാടിന്റെ തനിമകളെല്ലാം ആവാഹിച്ച ഭാഷയാണതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആശയങ്ങളിലും രചനാ രീതിയിലും നിങ്ങള്‍ക്ക് വ്യത്യസ്തത അവകാശപ്പെടാം. കഥകളും കവിതകളും വായിച്ചിട്ടുണ്ട്. സിനിമകള്‍ കണ്ടിട്ടുണ്ട്. തകഴിയുടെയും ബഷീറിന്റെയും രചനകള്‍ പലതും വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതാണ്. പക്ഷേ, ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

Content Highlights: Raghuveer Chaudhari, Jnanpith Award, Gujarati Writer, gujarat model