തന്റെ തിരക്കഥകള്‍ പത്മരാജന്‍ അദ്യം വായിച്ചുകേള്‍പ്പിക്കുക രാധാലക്ഷ്മിയെയായിരുന്നു. ആ വായനക്കാരിയുടെ പ്രതികരണത്തിന് പത്മരാജന്‍ വലിയ വില നല്കിയിരുന്നു. തിരക്കഥ കേട്ട് അവര്‍ പരസ്പരം തര്‍ക്കിക്കും, യോജിക്കും, വിയോജിക്കും. അഭ്രപാളിയിലേക്ക് അടര്‍ത്തിമാറ്റേണ്ട കഥാപാത്രങ്ങളെ കെട്ടുറപ്പുള്ളതാക്കാന്‍ സഹധര്‍മിണിയുടെ അഭിപ്രായം പത്മരാജന്‍ എന്നും ആഗ്രഹിച്ചിരുന്നു. പത്മരാജന്റെ അഞ്ചു കഥാപാത്രങ്ങളെക്കുറിച്ച് രാധാലക്ഷ്മി പത്മരാജനുമായി നടത്തിയ സംഭാഷണം വായിക്കാം.

jayabharathi

മൂന്നാം പക്കം

മൂന്നാം പക്കം എന്ന സിനിമയില്‍ ഒരമ്മയാണ് കൂട്ടുകാരോട് ചോദിക്കുന്നത്. മകന്‍ തന്നെപ്പറ്റി പറയാറുണ്ടായിരുന്നോ എന്ന്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അന്തരമാണ് പത്മരാജന്‍ ആ ഒരൊറ്റ സീനിലൂടെ പറഞ്ഞു വെക്കുന്നത്. അസാധ്യമായ നിരീക്ഷണപാടവം കാണാം അദ്ദേഹത്തിന്റെ രചനകളില്‍. രാധാലഷ്മിയുടെ അഭിപ്രായമെന്താണ്?

radhalakshmi padmarajanമക്കള്‍ മരിച്ചുപോകുന്ന അമ്മമാരുടെ മാനസികാവസ്ഥയെക്കുറിച്ച് വിശകലനം ചെയ്യാന്‍ അത്ര എളുപ്പമല്ല. ഭ്രാന്തിന്റെ അതിര്‍വരമ്പില്‍ എത്തിനില്ക്കുന്ന ആ അമ്മയ്ക്ക് താന്‍ നല്കേണ്ടിയിരുന്ന സ്നേഹം മുഴുവന്‍ കൊടുത്തിട്ടുണ്ടോ എന്ന സംശയം, കൊടുത്തതൊന്നു പോരാ എന്ന വേദന ഇതൊക്കെയാവാം പത്മരാജന്‍ അമ്മയുടെ ആ ചോദ്യത്തില്‍ ഒളിച്ചുവച്ചത്.

മൂന്നാംപക്കം എന്ന സിനിമയ്ക്കാധാരമായത് ഇവിടുത്തെ ഒരു സംഭവമാണ്. എന്റെ തൊട്ടടുത്ത് താമസിക്കുന്ന, കോളേജില്‍ പഠിക്കുന്ന ഒരു കുട്ടി കടലില്‍ പോയി. കോവളത്താണോ ശംഖുമുഖത്താണോ എന്നെനിക്ക് കൃത്യമായ ഓര്‍മ വരുന്നില്ല. അദ്ദേഹം പെരുവഴിയമ്പലത്തിന്റെ ഷൂട്ടിങ്ങിലാണെന്നാണ് എന്റെ ഓര്‍മ. വീട്ടില്‍ വന്ന സമയത്ത് ചുറ്റും ആള്‍ക്കാരും ബഹളവുമൊക്കെ കണ്ടപ്പോള്‍ അദ്ദേഹം പേടിച്ചുപോയി. ആ കുട്ടിയുടെ വീട്ടില്‍ അന്ന് ഫോണ്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിലേക്കാണ് വിവരങ്ങളന്വേഷിച്ചുകൊണ്ടുള്ള കോളുകളൊക്കെ വന്നിരുന്നത്. എന്തുപറ്റി എന്നുള്ള ഭയത്തോടെയാണ് അദ്ദേഹം വന്നത്. മൂന്നാം പക്കത്തിലെ പ്രമേയം ഞങ്ങള്‍ കണ്ടനുഭവിച്ചതാണ്.

ഇതേ അനുഭവം അദ്ദേഹം കോവളത്ത് തിരക്കഥയെഴുതാന്‍ പോയപ്പോളും ഉണ്ടായിട്ടുണ്ട്. കടല്‍ത്തീരത്തുകൂടെ നടക്കുമ്പോള്‍ രണ്ട് കുട്ടികള്‍ തീരത്ത് വല്ലാതെ വിഷമിച്ചിരിക്കുന്നു. എന്താണ്  കാര്യമെന്നന്വേഷിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി, വീട്ടുകാരെ അറിയിക്കാന്‍ പോയിട്ടുണ്ട് എന്നു പറഞ്ഞു. എഴുതാനാവാതെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നു.

sari

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

രണ്ടാനഛന്‍ മാനഭംഗപ്പെടുത്തിയ സോഫിയയോട് അമ്മ ഇങ്ങനെ പറയുന്നു: ''ഒരു ഭ്രാന്തിളകിയ മൃഗം മോളെ ഉപദ്രവിക്കാന്‍ വന്നു. അത്രയേ ഉള്ളൂ. അപ്പോള്‍ സോഫിയ അതേറ്റ് പറയുന്നു, അത്രയേ ഉള്ളൂ അമ്മച്ചീ. പക്ഷേ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നെനിക്ക് ഓര്‍ക്കാന്‍ വയ്യ. അമ്മച്ചിയെനിക്കിപ്പോ അമ്മച്ചിയല്ലാതായി, എലിസബത്ത് എനിക്കിപ്പോ അനുജത്തിയല്ലാതായി''. പത്മരാജന്‍ എന്ന വൈകാരിക വ്യക്തിയുടെ അമ്മത്തമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അദ്ദേഹം രാധാലക്ഷ്മിയോട് ഇത്തരത്തിലുള്ള വിഷയങ്ങള്‍ പങ്കുവെക്കുമായിരുന്നോ?

radhalakshmi padmarajanരണ്ടാനച്ഛന്‍ എന്നല്ല, ഒരുപാട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുന്നുണ്ട്. നിര്‍ഭയ മരിച്ചുപോയതുകൊണ്ടുമാത്രമാണ് കുറ്റവാളികള്‍ക്ക് ശിക്ഷകിട്ടിയതെന്ന് ഞാന്‍ കരുതുന്നു. സോഫിയയെപ്പോലെയുള്ള ധാരാളം പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ തുറന്നുപറയാന്‍ മടിക്കുന്നു. അവരുടെ ജീവിതം പിന്നെ ദുരിതപൂര്‍ണമായിരിക്കും എന്നതുകൊണ്ടുമാത്രമാണത്.

വികാരങ്ങള്‍ എന്നത് പലര്‍ക്കും പലപ്പോഴും നിയന്ത്രിക്കാന്‍ പറ്റാതെവരും. വളരുന്ന ചുറ്റുപാടും അതിന് അനുകൂലമാകും. എനിക്കു തോന്നുന്നത് ലോകമുള്ളിടത്തോളം കാലം ഇത് തുടരുമെന്നാണ്. പത്മരാജനിലെ വൈകാരികമായ അമ്മത്തം അവിടെ കാണാന്‍ കഴിയും. കാരണം അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. അച്ഛന്‍ അമ്മ എന്ന വ്യത്യാസമവര്‍ക്കില്ല. അവരോടുമില്ല. അച്ഛനും മക്കളും തമ്മില്‍ അത്രയ്ക്കടുപ്പമായിരുന്നു. ഇത് സംഭവിക്കുന്ന ഓരോ മകള്‍ക്കും വേണ്ടിയാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ അദ്ദേഹം എഴുതിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൈവിടാതെ ജീവിതത്തിലേക്കു നയിക്കൂ എന്നാണ് ഓരോ യുവാക്കള്‍ക്കുമുള്ള സന്ദേശം.

പത്മരാജനും ഞാനും പരസ്പരം പറയാത്തതായ ഒരു കാര്യവുമില്ല. എല്ലാ വിഷയങ്ങളെക്കുറിച്ചും അന്നന്ന് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും, വായിച്ച പുസ്തകങ്ങളെക്കുറിച്ചും, പുറത്തുപോയാല്‍ അവിടത്തെ കാര്യങ്ങള്‍ ഫോണ്‍ വിളിച്ച് പറയും. ഞങ്ങള്‍ക്കിടയില്‍ മറവുകളോ വിലക്കുകളോ ഉണ്ടായിരുന്നില്ല. സോഫിയ എന്ന കഥാപാത്രത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.

shobana

ഇന്നലെ

''ഈ കുട്ടി എന്റെ ഭാര്യയാണെങ്കില്‍ അവളെന്നെ കണ്ടാല്‍ തിരിച്ചറിയും എന്ത് അംനേഷ്യയാണെന്ന് പറഞ്ഞാലും.''അനുകല്പനങ്ങളുടെ രാജാവാണ് പത്മരാജന്‍. ഇന്നലെ എന്ന സിനിമയെ രാധാലക്ഷ്മി എങ്ങനെ വിലയിരുത്തുന്നു?

ഇന്നലെയില്‍ നരേന്ദ്രന്‍ എന്ന കഥാപാത്രം പറയുന്നതാണിത്. നരേന്ദ്രന് ആ പെണ്‍കുട്ടിയോടുള്ള സ്നേഹം അത്രയ്ക്ക് ആഴത്തിലുള്ളതാണ്. ബിരുദത്തിന് മ്യൂസിക് മുഖ്യവിഷയമായിട്ടും അബ്നോര്‍മല്‍ സൈക്കോളജി സബ്സിഡയറിയുമായി പഠിച്ചതാണ് ഞാന്‍. എ.എസ് നാരായണന്‍ സാറിനെ ഓര്‍ക്കുകയാണ് ഞാന്‍ ഈ അവസരത്തില്‍. ഒരു ആക്സിഡന്റില്‍ ഓര്‍മ മുഴുവന്‍ നശിച്ചുപോവുകയാണ്. എപ്പോള്‍ വേണമെ്കിലും ആ ഓര്‍മ തിരിച്ചുവരാം. പക്ഷേ എപ്പോള്‍ എന്നു പറയാന്‍ പറ്റില്ല. ഓര്‍മ തിരിച്ചുകിട്ടിയാല്‍ നരേന്ദ്രന്‍ പറഞ്ഞതാണ് സംഭവിക്കുക. മനസ്സിന്റെ ഒരു കളിയാണ് ഇത്.

ഫൈനല്‍ ഇയറിനു പഠിക്കുമ്പോള്‍ നാരായണന്‍ സാര്‍ തൃശൂരിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ഞങ്ങളെ കൊണ്ടുപോയത് ഓര്‍ക്കുന്നു. മനസ് നമ്മുടെ കൈവിട്ടുപോയാലുള്ള ഒരവസ്ഥ അന്നുകണ്ടത് ഇന്നും മനസ്സിലുണ്ട്.

ഞാന്‍ ആസ്വദിച്ച പടമാണ് അത്. വാസന്തിയുടെ പുനര്‍ജന്മം എന്ന നോവലാണ് തിരക്കഥയ്ക്കാധാരം. ഇന്നലെ റിലീസ് ചെയ്ത സമയത്ത് ഞാന്‍ മദ്രാസിലായിരുന്നു. അദ്ദേഹം ഫോണ്‍ വിളിച്ച് പ്രതികരണങ്ങള്‍ അറിയിച്ചുകൊണ്ടേയിരുന്നു. ആളുകള്‍ക്ക് വളരെ ഇഷ്ടമായി എന്നുപറഞ്ഞു. കണ്ടപ്പോള്‍ എനിക്കും. നരേന്ദ്രന്റെ ഭാവപ്രകടനങ്ങള്‍ സുരേഷ്ഗോപി നന്നായി ചെയ്തു.

sumalatha

തൂവാനത്തുമ്പികള്‍

ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് തൂവാനത്തുമ്പികള്‍. മണ്ണാറത്തൊടി ജയകൃഷ്ണന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകളെ-ക്ലാര, രാധ-രാധാലക്ഷ്മി എങ്ങനെ വീക്ഷിക്കുന്നു?

radhalakshmi padmarajanകോളേജ് പ്രായത്തില്‍ നമ്മുടെയൊക്കെ മനസ്സിലൂടെ ഒരുപാട് ചെറുപ്പക്കാര്‍ കടന്നുപോകാറുണ്ട്. ഇല്ല എന്നു പറഞ്ഞാല്‍ സമ്മതിക്കാന്‍ പറ്റില്ല. ചിലരെ നമ്മള്‍ പ്രണയിക്കും. ഒരാളെ മാത്രമേ പ്രണയിക്കാന്‍ പാടുള്ളൂ എന്ന നിയമമൊന്നുമില്ലല്ലോ. സ്നേഹം മനസ്സിലുണ്ടാവുന്ന വികാരമാണ്. അത് തുറന്നുപറയുമ്പോള്‍ അവള്‍ തെറ്റുകാരിയായി മാറുന്ന കാലമുണ്ടായിരുന്നു.

അനുഭവങ്ങള്‍ അധികമില്ലാത്ത ശുദ്ധയായ പെണ്‍കുട്ടിയാണ് രാധ. അതേസമയം ഒരുപാട് അനുഭവങ്ങളിലൂടെ ജീവിതത്തിന്റെ, സ്നേഹത്തിന്റെ അര്‍ഥമില്ലായ്മ മനസ്സിലാക്കിയ പെണ്‍കുട്ടിയാണ് ക്ലാര. അവളുടെ ബോള്‍ഡ്നസാണ് പ്രേക്ഷകരെ കൂടുതലും ക്ലാരയോട് അടുപ്പിക്കുന്നത്. ഒരുപാട് ക്ലാരമാര്‍ നമ്മുടെ നാട്ടിലുണ്ട്. ഒരുപാട് പേര്‍ അവളെ പ്രണയിക്കുന്നുമുണ്ട്. സ്നേഹത്തിനെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. പക്ഷേ സ്നേഹമായിരിക്കണം അത്. യഥാര്‍ഥമായിരിക്കണം അത്.

desadanakili karayarilla

ദേശാടനക്കിളി കരയാറില്ല

ദേശാടനക്കിളി കരയാറില്ല, മറ്റൊരു ക്ലാസിക്. ഇന്ന് സമൂഹം അംഗീകരിച്ച ലെസ്ബിയന്‍ സൗന്ദര്യം നിരൂപകര്‍ ഉന്നയിച്ച സിനിമ. വീടുവിട്ടിറങ്ങിപ്പോകുന്ന കുട്ടികളുടെ എണ്ണം കൂടിയിരിക്കുന്ന ഈ കാലത്തിരുന്ന് കാണുമ്പോള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച സംവിധായകന്‍ ദീര്‍ഘദര്‍ശിയാവുന്നു. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയെക്കുറിച്ച്?

 radhalakshmi padmarajanരണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയ്ക്കുശേഷം ലെസ്ബിയന്‍ടച്ചുള്ള പടമാണ് ദേശാടനക്കിളി കരയാറില്ല. ഇത്തരം പടങ്ങള്‍ തിയ്യറ്റര്‍ വിജയം കൈവരിക്കുമോ എന്ന് നിര്‍മാതാക്കള്‍ക്ക് ശങ്കയുണ്ടാവുന്നത് അക്കാലത്ത് സ്വാഭാവികമാണ്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ വളരെയടുത്ത ആത്മബന്ധം ഇത്തരത്തില്‍ ഉണ്ടാവാറുണ്ട്.  അത്തരം സൗഹൃദങ്ങള്‍ക്ക് അതിന്റെതായ വിലയേ അതിനൊക്കെ കൊടുക്കേണ്ടുള്ളൂ. അതത്ര വലിയ കാര്യമൊന്നുമില്ല.


 
ദേശാടനക്കിളി കരയാറില്ല വേറിട്ട ഒരു ട്രീറ്റ്‌മെന്റ് തന്നെയായിരുന്നു. സാലി, നിമ്മി എന്നീ രണ്ടുപെണ്‍കുട്ടികളുടെ കഥ. വീടുവിട്ടിറങ്ങിപ്പോകുന്ന, സ്‌കൂളിലെ സംഭവങ്ങളോട് വൈകാരികമായി പ്രതികരിക്കുന്ന പ്രായമാണ് അവര്‍ക്ക്. അധ്യാപകരെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കുന്ന പ്രായം. അത് തരണം ചെയ്യുക എന്നതാണ് ചാലഞ്ച്.

Content Highlights: Radhalakshmi Padmarajan Movies Namukku Paarkan Munthirithopukal Thoovanathumbikal Clara