ആഹാരം പോലെ പ്രധാനമാണ് ലൈംഗികത.ഇടതുപക്ഷത്തിന് അനുരാഗം എന്ന വൈകാരികതയോട് ഒരു ഭയമുണ്ട്.സംഗീതംപോലും ഹറാമായി കാണുന്ന വിഭാഗം മുസ്‌ലിംകളിലുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നടന്മാരല്ല, താരങ്ങളാണ്; ഷോക്കേയ്‌സില്‍ വെക്കേണ്ട സാധനങ്ങളാണ്. ലാമിനേഷന്‍ചെയ്ത ശരീരമാണ് ഇപ്പോള്‍ ചെറുപ്പക്കാരില്‍ കാണുന്നത്. ഞാന്‍ ഒരു സ്ത്രീയാണെങ്കില്‍... പ്രേമിക്കാന്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലുമുണ്ട്. 

Punathil
Image : Mathrubhumi Archive
''മലമുകളിലുള്ള അബ്ദുള്ള' എന്ന കഥയില്‍ മീന്‍കാരന്‍ മൊയ്തീന്റെ മകള്‍ ബീബിക്ക് ഭര്‍ത്താവായി കിട്ടുന്നത് യാതൊരു ലൈംഗിക ചോദനയുമില്ലാത്ത ഒരാളെയാണ്. 'പുഴു തിന്ന കറുത്ത പല്ലുകള്‍ ഉള്ള, ദുര്‍ബലനായ ആ മനുഷ്യനില്‍' ആനന്ദം കണ്ടെത്താനാവാത്ത ബീബി കുട്ടിക്കാലത്ത്, തന്നെ ബലാത്സംഗം ചെയ്ത അബ്ദുള്ളയെത്തേടി ഒരു രാത്രിയില്‍ മലമുകളിലേക്ക് പോകുന്ന ആ അനുഭവത്തില്‍ നിന്ന് ഇത്രയും കാലത്തിനുശേഷം എന്താണ് വായിച്ചെടുക്കാന്‍ കഴിയുന്നത്? താങ്കള്‍ എഴുതിയ പല കഥകളിലും സ്ത്രീകളുടെ അസംതൃപ്ത ലൈംഗികത എന്നത് ഒരു മുഖ്യ പ്രമേയമായി വരുന്നത് കാണാം.

 

കേരളീയ സമൂഹത്തില്‍ പൊതുവായി കണ്ടു വരുന്ന ഒരു വൈകാരികതലമാണ് ഈ ലൈംഗിക അസംതൃപ്തി. ഇത് വളരെ പ്രകടമായി കാണുന്നുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇതെനിക്കറിയാം. ഡോക്ടറോടും വക്കീലിനോടും ഒന്നും മറച്ചുവെക്കരുത് എന്നൊരു ചൊല്ലുണ്ടല്ലോ. മൗലികമായ ഈ സത്യം സ്ത്രീകളുടെ മനസ്സിലുണ്ട്. അവരത് തുറന്നുപറയുകയും ചെയ്യും. മൗലികമായ ഒരു സത്യവും സ്ത്രീകള്‍ മറച്ചുവെക്കില്ല. ലൈംഗികമായ സാഫല്യം ഭര്‍ത്താവില്‍ നിന്നും കിട്ടുന്നില്ലെങ്കില്‍ വലിയ നിരാശയാണ് ഫലം.

ലൈംഗികമായ അസംതൃപ്തിയുടെ പ്രശ്‌നം മാത്രമല്ല അത്. പ്രണയത്തിന്റെ കുറവുമുണ്ട്. പ്രണയത്തിന്റെ മൂര്‍ച്ഛയില്‍ നിന്നാണ് രതിയുണ്ടാവുന്നത്. പ്രണയം മനസ്സിലാണുണ്ടാവുന്നത്; രതി ശരീരത്തിലും. പ്രണയമില്ലാതെയുള്ള ലൈംഗികത ഒരു വഴിപാട് മാത്രമാണ്. പ്രണയത്തോടെയുള്ള ലൈംഗികത കേരളീയ സമൂഹത്തില്‍ വളരെ കുറവാണ്. ഇവിടെ പുരുഷന്മാര്‍ സ്ത്രീകളെ സമീപിക്കുന്നത് ഒരു വഴിപാടുപോലെയാണ്. 'ഇതെങ്ങനെയെങ്കിലും ഒന്ന് തീര്‍ക്കണം' എന്ന ചിന്ത. യഥാര്‍ഥത്തില്‍ അങ്ങനെയല്ല വേണ്ടത്. രജനീഷ് പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ ലൈംഗികതയിലേര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛയില്‍ പെട്ടെന്ന് എത്തരുത്. രതിമൂര്‍ച്ഛയില്‍ എത്താതിരിക്കുന്നതുവരെയുള്ള പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ. നിങ്ങളത് ഒരിക്കലും അവസാനിപ്പിക്കരുത്... ഈ പ്രസ്താവനയോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

1960-70 കാലഘട്ടത്തിലാണ് അനുരാഗവും ലൈംഗികതയും മുഖ്യ പ്രമേയങ്ങളായി വരുന്ന പല കഥകളും താങ്കള്‍ എഴുതിയത്. ആ കാലഘട്ടത്തിലെ മലയാളി സ്ത്രീകളുടെ ലൈംഗിക മനോഭാവം എങ്ങനെയുള്ളതായിരുന്നു ?

അന്ന് ടെക്‌നോളജി വര്‍ധിച്ചിട്ടില്ല. മെഡിക്കല്‍ ടെക്‌നോളജിയില്‍ത്തന്നെ വമ്പിച്ച ഒരു മാറ്റം ഇപ്പോള്‍ കാണാം. വളരെ പ്രാകൃതമായ ആ കാലഘട്ടത്തിലാണ് യാഥാര്‍ഥ പ്രണയത്തിന്റെ ഒരു തലം കേരളത്തിലുണ്ടായത് എന്ന് തോന്നുന്നു. ഇന്ന് ഒരുപാട് എന്റര്‍ടെയ്ന്‍മെന്‍സിലൂടെ കടന്നുപോകാനുള്ള സാഹചര്യം എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. അന്ന് കാര്യമായ വിനോദങ്ങളൊന്നുമുണ്ടായിരുന്നില്ല.

സിനിമ, ലഹരിയുടെ ഉപയോഗം- ഇതായിരുന്നു 60-70 കാലത്തെ പുരുഷന്മാര്‍ക്ക് മുന്നിലുണ്ടായിരുന്ന വിനോദങ്ങള്‍. ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ അത് വളരെ ആത്മാര്‍ഥമായ പ്രണയംതന്നെയായിരുന്നു അക്കാലത്ത്. ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മറ്റു ക്ലബ്ബുകള്‍ തുടങ്ങി ഇന്ന് സ്ത്രീകള്‍ക്കും പുരുഷനും മുന്നില്‍ മനസ്സ് വ്യാപരിക്കുന്ന പല കാര്യങ്ങളുണ്ട്.

വടകര, തലശ്ശേരി, കണ്ണൂര്‍- ഇതൊക്കെ ഇടതുപക്ഷ കേന്ദ്രങ്ങളാണല്ലോ. ഇടതുശക്തി കേന്ദ്രങ്ങളില്‍ ഒരുതരം അടഞ്ഞ ലൈംഗിക വിനിമയങ്ങള്‍ക്കല്ലേ സാധ്യത കൂടുതല്‍?

പ്രണയത്തിനൊക്കെ ഈ സ്ഥലങ്ങളില്‍ ഒരു വിലക്കുണ്ടായിരുന്നില്ല. ഇന്നത്തത്രയും സാര്‍വത്രികമായിരുന്നില്ല അത്. സമൂഹത്തിന് ഇന്ന് മനസ്സിലാവുന്ന രീതിയിലുള്ള പെരുമാറ്റ രീതികള്‍ അന്ന് സ്ത്രീകളും പുരുഷന്മാരും തമ്മിലില്ലായിരുന്നു. ഗൗരിയമ്മയും ടി.വി. തോമസും തമ്മിലുള്ള പ്രണയത്തിനും വിവാഹത്തിനും ആ കാലത്തെ രാഷ്ട്രീയം തടസ്സങ്ങളുണ്ടാക്കിയിട്ടുണ്ട്. ഗൗരിയമ്മയും ടി.വി. തോമസും തമ്മിലുള്ള വിവാഹം ഒരു അപൂര്‍വതയായിരുന്നു. അത് തിരിച്ചറിയുന്നതിലും അംഗീകരിക്കുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടു. പൊതുവെ ഇടതുപക്ഷത്തിന് അനുരാഗം എന്ന വൈകാരികതയോട് ഒരു ഭയമുണ്ട്.

ഒരു ഡോക്ടര്‍ എന്ന നിലയില്‍ 'ഇടതുകുടുംബ'ത്തിലെ സ്ത്രീകള്‍ പരിശോധനക്ക് വന്നിട്ടുണ്ടാവുമല്ലോ, ധാരാളം.

സത്യത്തില്‍ ഇന്നത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്നത്ര ധൈര്യം അക്കാലത്തെ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. പൊതുവെ ഒരു ഭയത്തിന്റെ നിഴലിലായിരുന്നു അവര്‍. ഒരു മുരടന്‍ ലൈംഗിക മനോഭാവമാണ് പൊതുവെ ഇടതുപക്ഷ പുരുഷന്മാര്‍ പ്രകടിപ്പിക്കാറുള്ളത് എന്ന് മനസ്സിലായിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം മനസ്സിലുള്ളവര്‍ക്ക് വൈകാരികമായ മൃദുലവികാരങ്ങള്‍ കുറവാണ്. അല്ലെങ്കില്‍ അവരത് അടക്കിവെക്കുന്നുണ്ട്. സെന്റിമെന്റലല്ല അവര്‍. സ്ത്രീകള്‍ക്ക് കമ്യൂണിസ്റ്റുകാരെ ഭയമായിരുന്നു.

മുസ്‌ലിം സ്ത്രീകളുടെ പ്രണയവും ലൈംഗികതയും ഒരുതരം മൂടിപ്പുതച്ച അവസ്ഥയിലല്ലേ?

അനുരാഗത്തില്‍ മുസ്‌ലിം സ്ത്രീകള്‍ പൊതുവെ വിമുഖരായിരുന്നു. ഇക്കാലത്തും അതിനൊരു മാറ്റം വന്നിട്ടുണ്ട് എന്നു തോന്നുന്നില്ല. കല്യാണം കഴിച്ചുവിടുന്ന ഒരു സമ്പ്രദായമല്ലാതെ മറ്റൊന്നുമില്ല. എഴുപതുകള്‍ക്കുശേഷം ഗള്‍ഫ് കുടിയേറ്റം വ്യാപകമായിട്ടുണ്ട്. അതിന്റെ ഇരകള്‍ മുസ്‌ലിം സ്ത്രീകളായിരുന്നു. വേര്‍പാട്, വിരഹം ഇത് ഏറ്റവും തീവ്രമായി അനുഭവിച്ചവര്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളാണ്.

സാമ്പത്തികമായ ഒരു സുരക്ഷിതത്വമുണ്ടായെങ്കിലും വൈകാരികമായ നിരാശ അവരെ ആഴത്തില്‍ ബാധിച്ചു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് നാമിപ്പോള്‍ പറയുന്നുണ്ട്. സാമ്പത്തികമാന്ദ്യംഒരു സാമൂഹിക പ്രശ്‌നമാണെങ്കില്‍ ലൈംഗികമാന്ദ്യം പ്രവാസികളെ ബാധിച്ച വ്യക്തിപരമായ പ്രശ്‌നമായിരുന്നു. അതും നമ്മള്‍ തിരിച്ചറിഞ്ഞില്ല. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം- ഇതുപോലെയൊക്കെ പ്രധാനമാണ് ലൈംഗികത. സാമ്പത്തികമായ സുരക്ഷിതത്വത്തിനുവേണ്ടി ആത്മീയമായ ആനന്ദം അവര്‍ വേണ്ടെന്നുവെച്ചു.

പ്രണയവിരുദ്ധമാണോ ഇസ്‌ലാം?

അങ്ങനെ തോന്നുന്നില്ല. മൗലവിമാര്‍ അങ്ങനെയാക്കിത്തീര്‍ത്തു. ആയിരത്തൊന്നു രാവുകളില്‍ എത്ര മനോഹരമായ പ്രണയകഥകളുണ്ട്. പ്രണയം, സംഗീതം ഇതൊക്കെ ഏറ്റവും ഒവ്വവാ്്യ ചെയ്തത് അറബ് രാജ്യങ്ങളില്‍ നിന്നാണ്. കിഴക്കന്‍ ദേശത്തേക്ക് മതം വന്നതോടെ സുകുമാര കലകള്‍ മതത്തില്‍ നിന്ന് അപ്രത്യക്ഷമായി. സംഗീതംപോലും ഹറാമായി കാണുന്ന വിഭാഗം മുസ്‌ലിംകളിലുണ്ട്. ഖാദിയാനികള്‍ എന്നുപറയുന്ന വിഭാഗത്തിന് സംഗീതം കേട്ടുകൂടാ, പാട്ട് പാടിക്കൂടാ. ഒരു അടഞ്ഞ സമൂഹമാണവര്‍. ഇത്രയും യാഥാസ്ഥിതികമായ ഒരു വിഭാഗം ലോകത്ത് വേറെയുണ്ടോ എന്നുപോലും സംശയം. ഇസ്‌ലാമിന്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത്.

''മലമുകളിലെ അബ്ദുള്ള'യില്‍ ബീബിയുടെ ഭര്‍ത്താവിനെ വരയ്ക്കുമ്പോള്‍, ആദ്യമേ പറഞ്ഞതുപോലെ കറുത്ത് പുഴുവരിച്ച പല്ലുകളുള്ള, ഒട്ടിയ കവിളുകളുള്ള, മാംസപേശികള്‍ക്ക് കരുത്തില്ലാത്ത, കറുത്ത രോമങ്ങള്‍ ഇല്ലാത്ത ആള്‍- എന്നൊക്കെയാണ് വിവരിക്കുന്നത്. സത്യത്തില്‍ സ്ത്രീമനസ്സിനെ ആകര്‍ഷിക്കുന്നത് എങ്ങനെയുള്ള പുരുഷ സൗന്ദര്യമാണ്? അക്കാര്യത്തില്‍ മസില്‍ പവറിന്റെ ആവശ്യമുണ്ടോ?

പുരുഷന്റെ സൗന്ദര്യത്തേക്കാള്‍, കരുത്താണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത്. കരുത്ത്, ആത്മവിശ്വാസം- ഇവ രണ്ടും കഴിഞ്ഞിട്ടേ സൗന്ദര്യം വരുന്നുള്ളൂ. കരുത്തും ആത്മവിശ്വാസവുമില്ലാത്ത ഒരുവന്‍ സുന്ദരനാണ് എന്നതുകൊണ്ടു മാത്രം സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടയായി ഒരുവള്‍ ഒരുവനെ പ്രേമിച്ചാല്‍, കരുത്തില്ല എന്നറിഞ്ഞാല്‍ ആ ബന്ധം bore ആയിപ്പോകും.

പുരുഷ സൗന്ദര്യവും കരുത്തുമുള്ള ആള്‍ എന്ന നിലയില്‍, നാനാപടേക്കറെപ്പോലെ, ചിലരെ മലയാളത്തില്‍ നിന്ന് എടുത്തു കാട്ടാനുണ്ടോ?

നടന്‍ മുരളിയുണ്ടായിരുന്നു. പിന്നെയുള്ളത് മധ്യവയസ്‌കനാണെങ്കിലും തിലകനാണ്.

മമ്മൂട്ടിയും മോഹന്‍ലാലും?

അവര് ഷോക്കേയ്‌സില്‍ വെക്കേണ്ട സാധനങ്ങളാണ്. അവരൊന്നും നടന്മാരല്ല, താരങ്ങളാണ്.

കേരളത്തിലെ സ്ത്രീകള്‍ക്ക് അനുരാഗം തോന്നുന്ന ഘടകങ്ങള്‍ അവരിലുണ്ടെന്നാണ് തോന്നുന്നത്. അത് നിഷേധിച്ചിട്ടു കാര്യമില്ല.

കേരളത്തില്‍ ഇപ്പോഴുള്ള വളരെ പ്രശസ്തയായ ഒരു മറുനാടന്‍ ചിത്രകാരി എന്നോട് പറഞ്ഞത്, മുരളിയെ അവര്‍ക്കിഷ്ടമാണ് എന്നാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അവര്‍ക്കിഷ്ടമല്ല എന്നുകൂടി അവര്‍ പറഞ്ഞു.

ലോക സിനിമകളില്‍ ഇവ്വിധം ആണത്തമുള്ള ഒരു സൗന്ദര്യം ആരിലൊക്കെയാണ് കാണുന്നത് ?

അത്... അലക് ഗിന്നസ്സ്, ആന്‍ണി ക്വീന്‍, യൂള്‍ ബ്രിന്നര്‍ പുതിയ നടന്മാരെ എനിക്കറിയില്ല.

സ്ത്രീത്വമുള്ള നടികള്‍?

മര്‍ലിന്‍ മണ്‍റോ, ഷെര്‍ളി മെക്ലീന്‍.

ചെറുപ്പക്കാര്‍ ക്ലീന്‍ ഷെയ്‌വ് ചെയ്യുന്ന രൂപസൗന്ദര്യ ബോധത്തിലേക്ക് വരുന്നത് സ്ത്രീയുടെ അനുരാഗവും നോട്ടവും കാംക്ഷിച്ചുകൊണ്ടാണോ? നീട്ടി വളര്‍ത്തിയ താടി, തന്നേക്കാള്‍ കവിഞ്ഞ ഷര്‍ട്ടുകള്‍, അലക്ഷ്യമായ മുടി... ഇതൊക്കെയാണ് സമാന്തര സിനിമാ, നക്‌സല്‍ സൗന്ദര്യ മാതൃകകള്‍.

എന്റെ അറിവ് ശരിയാണെങ്കില്‍ ക്ലീന്‍ ഷെയ്‌വ് പ്രസ്ഥാനം വരുന്നത് ഈജിപ്തില്‍ നിന്നാണ്. താടി വടിച്ചു കൊണ്ടാണ് അവിടെ തുടങ്ങിയത്. താടി നീട്ടി വളര്‍ത്തിക്കൊണ്ട് ഒരു തിരിച്ചുപോക്ക് ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. ഓര്‍ത്തഡോക്‌സാണ് ആ തിരിച്ചുപോക്ക്.

മറിച്ചാകുമോ? അതായത് ഹിന്ദി സിനിമകളുടെ സ്വാധീനം? സൈ്ത്രണത നിറഞ്ഞ പുരുഷഭാവം എത്രമാത്രം സ്ത്രീകളെ ആകര്‍ഷിക്കും?

തീര്‍ച്ചയായും ആ ഭാവം സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. രോമമുള്ള പുരുഷന്മാരാണ് അവരെ കൂടുതല്‍ വശീകരിക്കുക. വളരെ പ്രശസ്തയായ ഒരെഴുത്തുകാരി ഒരിക്കല്‍ എന്നോട് പറഞ്ഞത്, അരവിന്ദന്റെ താടികൊണ്ട് തന്റെ മാറിടം തഴുകുക എന്നത് അവരുടെ വലിയ സ്വപ്നമായിരുന്നത്രെ. ഒരിക്കലും നടക്കാതിരുന്നിട്ടും അവരാ സ്വപ്നം കണ്ടുകൊണ്ടിരുന്നു. ഞാനിത് അരവിന്ദനോട് പറഞ്ഞപ്പോള്‍ അരവിന്ദന്‍ മുനിയെപ്പോലെ ചിരിച്ചു. എത്ര മനോഹരമാണ് ആ സ്വപ്നം.

കഥയിലേക്കുതന്നെ വരാം. 'ഭ്രാന്തന്‍ പൂക്കള്‍' എന്ന കഥയില്‍ കൃഷ്ണനും രാമനുമാണ് കഥാപാത്രങ്ങള്‍. ഇതില്‍ കൃഷ്ണന്‍ അനുരാഗിയാണ്, ഒപ്പം ദൃഢമായ മാംസപേശികളും ഒട്ടിനില്‍ക്കുന്ന ചെമ്പിച്ച നീണ്ട മുടിയും ഓടി നടക്കുന്ന കൃഷ്ണമണികളുമുള്ള ഒരാള്‍. വലിയ പ്രത്യേകത അയാള്‍ക്ക് ഓള്‍ഡ്‌സൈ്പസിന്റെ മണമാണ്. അതിലെ സൗമിനിക്ക് ലോകത്തിലെ പുരുഷന്മാരുടെ മുഴുവന്‍ സൗന്ദര്യവും ആരോഗ്യവും കൃഷ്ണനുണ്ടെന്ന് തോന്നുന്നുണ്ട്. രാമന്‍ നേരെ മറിച്ചും. കൃഷ്ണന്‍ ഊര്‍ജ്ജസ്വലനാണെങ്കില്‍ രാമന്‍ നിസ്സംഗനാണ്.

ഇത് പുരാണത്തിലെ ശ്രീകൃഷ്ണ-രാമ സങ്കല്‍പങ്ങളെ ആധുനീകരിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായുണ്ടായ കഥയാണ്. ശ്രീകൃഷ്ണന്‍ ഏതുകാലത്തും ആധുനികനാണ്. അല്ലെങ്കില്‍ ഒരു അമേരിക്കന്‍ ദൈവം എന്നു പറയാം. ലോകത്തിനു മുഴുവന്‍ മാതൃകയാക്കാന്‍ പറ്റിയ ഒരു റൊമാന്റിക് പുരുഷനാണ് ശ്രീകൃഷ്ണന്‍. ശ്രീരാമന്‍ കടുത്ത ആദര്‍ശങ്ങള്‍ക്ക് വിധേയനായ ഒരു ദൈവമാണ്. രാമന് സെന്റിമെന്റലിസമൊന്നുമില്ല. നിസ്സംഗനായ ഒരു ദൈവം. ഓരോ വ്യക്തിയിലും ഏറിയോ കുറഞ്ഞോ ഈ രണ്ടു ഭാവങ്ങളുണ്ട്.

ഉദാഹരണത്തിന് നമ്മുടെ സുകുമാര്‍ അഴീക്കോടിനെ എടുക്കാം. അഴീക്കോട് മാഷില്‍ രാമനുമുണ്ട്, കൃഷ്ണനുമുണ്ട്. മുന്തി നില്‍ക്കുന്ന ഭാവം രാമന്‍േറതാണ് എന്നുമാത്രം. അദ്ദേഹത്തില്‍ കൃഷ്ണന്റെ ഭാവം കൂടിവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. അഴീക്കോട് നല്ല സ്നേഹിക്കാന്‍ പറ്റിയ ആളാണ്. റൊമാന്റിക് മനസ്സുള്ള ആളാണ്. പാണ്ഡിത്യം ഉള്ള ആളാണ്. ഈ പാണ്ഡിത്യം കാരണമാണെന്ന് തോന്നുന്നു ശ്രീരാമഭാവം കൂടാന്‍ കാരണം. സുകുമാര്‍ അഴീക്കോട് മാധവിക്കുട്ടിയെ പ്രേമിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. മാധവിക്കുട്ടി പ്രേമിച്ചിരുന്നെങ്കില്‍ അഴീക്കോട് മാഷ് മറ്റൊരാളാകുമായിരുന്നു.

ന്യൂ ജനറേഷന്‍ ഒരുതരം 'ഇസ്തിരിയിട്ട ജീവികളായി' മാറുന്നുണ്ടോ?

ലാമിനേഷന്‍ചെയ്ത ശരീരമാണ് ഇപ്പോള്‍ ചെറുപ്പക്കാരില്‍ കാണുന്നത്. എഴുപതുകളിലെ യൗവനം ലാമിനേറ്റഡ് ബോഡിക്കെതിരായിരുന്നു. ഇപ്പോഴുള്ള ഈ മാറ്റത്തിന് അനുരാഗവുമായി ബന്ധമില്ല.

ബീഡി, കഞ്ചാവ്, മദ്യം ഇതൊക്കെ അനുരാഗവിരുദ്ധ ഘടകങ്ങളല്ലേ? 'ഭ്രാന്തന്‍പൂക്കളില്‍' ബീഡി വലിക്കുന്ന രാമനെ സൗമിനി പുച്ഛിക്കുന്നുണ്ട്.

മദ്യപിക്കുന്ന പുരുഷന്മാരെ എസ്. ശാരദക്കുട്ടിക്ക് ഇഷ്ടമല്ല. പൊതുവെ സ്ത്രീകള്‍ അങ്ങനെ ചിന്തിക്കുന്നവരാണ്. മദ്യപിച്ച ഒരാളില്‍നിന്ന് സ്ത്രീക്ക് കിട്ടുന്ന വാത്സല്യം വളരെ വലുതായിരിക്കും. പക്ഷേ,മിതമായി മദ്യപിക്കണമെന്നു മാത്രം. അമിതമായി മദ്യപിച്ചാല്‍ സ്നേഹത്തിന്റെ അംശം കുറയും. കരുത്തിന്റെ അംശവും കുറയും. പ്രശസ്ത ഹിന്ദിനടന്‍ അശോക്കുമാര്‍ എന്നോടു പറഞ്ഞ ഒരു സംഭവമുണ്ട്. അശോക്കുമാറിന്റെ ഭാര്യയ്ക്ക് മദ്യം തീരെ ഇഷ്ടമായിരുന്നില്ല.

അശോക്കുമാര്‍ സര്‍ബത്തില്‍ മദ്യം ചേര്‍ത്ത് ആദ്യമൊക്കെ അവര്‍ക്കു നല്കി. അതിനോടുള്ള അവജ്ഞ അങ്ങനെ മാറി. പിന്നെ ജ്യൂസില്‍ ചേര്‍ത്ത്‌നല്കി. അവസാനം സാധാരണപോലെ അവര്‍ മദ്യപിക്കാന്‍തുടങ്ങി. പതുക്കെ മദ്യത്തിന്റെ അഡിക്റ്റായി. ആദ്യമൊക്കെ ഭാര്യയും അദ്ദേഹവും കടുത്ത അനുരാഗത്തിലായിരുന്നു. വാര്‍ധക്യമായപ്പോള്‍ അവര്‍ക്കൊന്നും സംസാരിക്കാനില്ലാതായി. രാത്രി പറഞ്ഞ രണ്ടുകാര്യങ്ങള്‍ ഇതു മാത്രമാണ്; ചപ്പാത്തി ഉണ്ടാക്കിവെച്ചിട്ടുണ്ട്. പിന്നെയൊരു ചോദ്യവും. ടി.വി.യില്‍ വല്ല പ്രോഗ്രാമുമുണ്ടോ? അത്രമാത്രം. ജീവിതം വഴിപാടുപോലെയായി. മദ്യം അമിതമായപ്പോള്‍ അനുരാഗം അവസാനിച്ചു.

ജീവിതം വഴിപാടുപോലെയാവുമ്പോഴാണ് എല്ലാം ബോറാവുന്നത് അല്ലേ?

ഓരോ ദിവസവും ഓരോ ഉത്സവകാലംപോലെയായിരിക്കണം. പ്രഭാതം തുടങ്ങുന്നത് അടുത്ത പ്രഭാതംവരെ ആഘോഷിക്കാന്‍വേണ്ടിയാവണം.

സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത മനുഷ്യര്‍ എങ്ങനെയാണ് ജീവിതം ആഘോഷിക്കുക?

ഉള്ളതുകൊണ്ട് ഓണംപോലെയാക്കുക.

ഒരു പുരുഷന് സ്ത്രീയില്‍നിന്ന് അനുരാഗം കിട്ടാന്‍ എന്താണ് വേണ്ടത്?

പുരുഷന്‍ മനസ്സ് തുറക്കുക. പൂര്‍ണമായി മനസ്സ് തുറന്നുവെച്ചാല്‍ പൂര്‍ണമായ അനുരാഗം കിട്ടും.

പ്രണയമാണോ രതിയാണോ കൂടുതല്‍ പ്രചോദനം?

പ്രണയം. ദീര്‍ഘകാലം പ്രേമിച്ചതിനുശേഷം വിവാഹംചെയ്യുന്ന എത്രയോപേരുണ്ട്. യാതൊരു ശാരീരികവേഴ്ചയുമില്ലാതെ ദീര്‍ഘകാലം പ്രേമിച്ചവര്‍. അത്തരത്തിലുള്ള ആളുകളെ എനിക്കറിയാം.

താങ്കളുടെ പല കഥകളിലും കന്യകാത്വം അപഹരിക്കപ്പെടുന്ന സ്ത്രീകളുണ്ട്. ഇക്കാലത്തും കന്യകാത്വം പ്രസക്തമാണോ?
അത് പവിത്രമായ ഒരു ആശയം മാത്രമാണ്. ആ പവിത്രതയ്ക്കുവേണ്ടി അവര്‍ ീുശശവി ചെയ്യണം.

കേരളത്തില്‍ പ്രത്യേകിച്ചും.

കേരളത്തില്‍തന്നെ എറണാകുളത്തൊക്കെ യൂറോപ്യന്‍ ക്ലബ്ബുകള്‍ പോലെയുള്ള സിസ്റ്റം ഇപ്പോള്‍ വരുന്നുണ്ട്. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കുശേഷംതന്നെ ലൈംഗിക പ്രവര്‍ത്തനത്തിലേക്കു കടക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ആണ്‍നോട്ടം അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടം കൂടിവരുന്നതിന്റെ കാരണമെന്താണ്?

അത് മിക്കവാറും പുരുഷന്മാര്‍ അവര്‍ ഇച്ഛിക്കുന്നതുപോലെയുള്ള ലൈംഗികസുഖം ഭാര്യമാരില്‍നിന്നു കിട്ടുന്നില്ല. നിയമപരമായ അനുവദിക്കപ്പെട്ടിട്ടുള്ള ലൈംഗികത മാത്രമാണ് കിട്ടുന്നത്. ഈ മടുപ്പാണ് പരസ്ത്രീകളിലേക്ക് പുരുഷന്മാരെ ആകര്‍ഷിക്കുന്നത്. ആകര്‍ഷിക്കപ്പെടുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍പറ്റുന്നില്ല. ഇടപെടലുകളില്‍ ഉടല്‍പെടുമോ എന്ന പേടി. ഈ കഴിവില്ലായ്മയില്‍നിന്നാണ് ഒളിഞ്ഞുനോട്ടം വരുന്നത്. പരസ്ത്രീകളില്‍ ലൈംഗികസുഖം അനുഭവിക്കുന്ന പുരുഷന്മാരോടുള്ള അസൂയയും ഇത്തരം ഒളിഞ്ഞുനോട്ടത്തിനു പിന്നിലുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുക എന്നുള്ളത് കേരളത്തില്‍ ധാരാളം കൂടിയിട്ടുണ്ട്. അനുരാഗത്തിന്റെയും ലൈംഗികതയുടെയും അനിശ്ചിതാവസ്ഥകൊണ്ടാണ് ഇത് സംഭവിക്കുന്നത്.

അനുരാഗവും നിറവും തമ്മില്‍ ബന്ധമുണ്ടോ? വെളുത്ത പെണ്‍കുട്ടികളെയാണല്ലോ ചെറുപ്പക്കാര്‍ പൊതുവെ ഇഷ്ടപ്പെടുന്നത്?

നമ്മള്‍ കറുത്തവരാണല്ലോ. അപ്പോള്‍ വെളുപ്പിനോടുള്ള ഒരു ആഭിമുഖ്യം പുരുഷന്മാര്‍ക്കുണ്ട്. പെണ്ണുകാണലിനു പോയി തിരിച്ചുവരുന്ന സ്ത്രീകള്‍ 'നല്ല വെളുത്തു തടിച്ച പെണ്ണ്' എന്നാണ് പറയാറ്. ശരിക്കുംപറഞ്ഞാല്‍ അഴക് കറുപ്പിനാണ്.

ഏറ്റവും നന്നായി ലൈംഗികത ഷെയര്‍ചെയ്യുന്നവര്‍ കറുത്ത സ്ത്രീയാണോ വെളുത്ത സ്ത്രീയാണോ?

അത് സമീപിക്കുന്നതുപോലെയായിരിക്കും. ഒരു ജോലി എന്ന നിലയ്ക്ക് ഞാന്‍ ഒരുപാട് ശരീരങ്ങള്‍ തൊട്ടതല്ലേ. ഏറ്റവും മസൃണമായ ദേഹം കറുത്തവരുടെതാണ്. പരുക്കനാണെങ്കിലും അതിനൊരു മൃദുത്വമുണ്ട്. വെളുത്ത സ്ത്രീകളെക്കാള്‍ ഉത്തേജകമായ മാറിടം കറുത്ത സ്ത്രീകളുടെതായിരിക്കും. പക്ഷേ, പുരുഷന്മാര്‍ വെളുപ്പിനെ ഇഷ്ടപ്പെടുന്നവരാണ് എന്ന ബോധമുള്ളതുകൊണ്ട് വെളുത്ത സ്ത്രീകള്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിരിക്കും.

മെലിഞ്ഞ ശരീരത്തില്‍ അനുരാഗവും രതിയും എത്രത്തോളം ആവേശത്തോടെ പ്രവര്‍ത്തിക്കും?
മെലിഞ്ഞ ശരീരമാണ് ആരോഗ്യമുള്ള ശരീരം.

നമ്മള്‍ കാണുന്ന അശ്ലീലചിത്രങ്ങളിലെല്ലാം പക്ഷേ, മെലിഞ്ഞ സ്ത്രീകളെക്കാള്‍ തടിച്ച സ്ത്രീകളാണല്ലോ നഗ്‌നരായി വരുന്നത്?
അത് മലയാളം സിനിമകളില്‍ മാത്രമല്ലേ. ഇംഗ്ലീഷ് സിനിമകളില്‍ നേരെ മറിച്ചാണ്. ഫിംഗര്‍ ടച്ച് വളരെ പ്രധാനമാണ്. തടിച്ച സ്ത്രീകളില്‍ മാംസളത കൂടും. മാംസളത ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. ലൈംഗികത ആസ്വദിക്കുന്ന രീതി മലയാളിക്ക് പൂര്‍ണമായും അറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞില്ലേ, ഒരു വഴിപാടുപോലെയാണ് എല്ലാം ചെയ്യുന്നത്.

അനുരാഗം ഹൃദ്യമായ രതിയാക്കി മാറ്റാനുള്ള പോംവഴികള്‍ എന്താണ്?
നന്നായി കുളിക്കുക, അലക്കിയ വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക. അതിനുവേണ്ടി തയ്യാറെടുക്കണം. പതുക്കെ തുടങ്ങുക. തിടുക്കം കാര്യങ്ങള്‍ അലങ്കോലപ്പെടുത്തും. മലയാളിയുടെ രാഷ്ട്രീയബോധം കാരണം ഇതൊന്നും സാവകാശം സംഭവിക്കാറില്ല. ഒരുതരം മുരടത്തരം മലയാളികളുടെ പ്രത്യേകതയാണ്. കേരളത്തിലെ രാഷ്ട്രീയം നമ്മുടെ സംസ്‌കാരത്തെ അങ്ങേയറ്റം അധഃപതിപ്പിച്ചിട്ടുണ്ട്. ആ അധഃപതനം നമ്മുടെ അനുരാഗത്തിലും സെക്‌സിലും കാണാം.

എസ്.കെ. പൊറ്റെക്കാടിന്റെ 'നാടന്‍ പ്രേമം' ഒക്കെ വായിച്ച അക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
വളരെ സോഫ്റ്റായിരുന്നു ആ കാലം.

''വിളിച്ചാല്‍ വരുന്ന വസ്തുക്കള്‍' എന്ന കഥയില്‍ കാമുകന്‍ കാമുകിയോടു പറയുന്നുണ്ട്: ''കവിള്‍ നിഷ്‌കളങ്കമായ സ്നേഹത്തിന്റെ ഇരിപ്പിടമാണ്. പക്ഷേ, ചുണ്ടുകള്‍ സൂക്ഷിക്കണം'' എന്ന്. ലൈംഗികവിനിമയങ്ങളില്‍ ചില അവയവങ്ങളിലേക്കു മാത്രമാണല്ലോ പൊതുവെ പുരുഷന്മാര്‍ ഫോക്കസ് ചെയ്യാറ്.
ഏറ്റവും കൂടുതല്‍ attraction കിട്ടുന്ന അവയവങ്ങള്‍ ചുണ്ടും കവിളുമാണ്. മറ്റുള്ളവ നമ്മുടെ വികാരത്തെ വയലന്റാക്കുന്ന അവയവങ്ങളാണ്.

നീലച്ചിത്രങ്ങള്‍ കാണുന്നത് നമ്മുടെ ലൈംഗികവികാരത്തെ മലിനപ്പെടുത്തില്ലേ?
തീര്‍ച്ചയായും. അത് സെക്‌സിന്റെ വൈരൂപ്യത്തെയാണല്ലോ ചിത്രീകരിക്കുന്നത്. ലേഡീ ചാറ്റര്‍ലീസ് ലവര്‍ എന്ന സിനിമയില്‍ ഏഴു ഭോഗങ്ങള്‍ കാണിക്കുന്നുണ്ട്. ആദ്യത്തെ ഭോഗം വയലന്റായിരുന്നു. പ്രഭുകുമാരിക്ക് വിറകുവെട്ടുകാരനില്‍ അഭിനിവേശം തോന്നിയിട്ട് ഉണ്ടാകുന്ന ഭോഗത്തെ ആ സിനിമയില്‍ വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരുദിവസം ഈ വിറകുവെട്ടുകാരന്‍ കുളിക്കുമ്പോള്‍, ഓരോ മാംസപേശിയിലും വെള്ളം വാര്‍ന്നുവീഴുന്നത് ജനാലയ്ക്കപ്പുറം നില്ക്കുന്ന പ്രഭുകുമാരിയില്‍ ഉത്തേജനം ഉണ്ടാക്കുന്നു. അവളുടെ കൈയിലുള്ള വിറകുകൊള്ളി അവള്‍ അറിയാതെ പൊട്ടിക്കുന്നു. ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ വിറകുവെട്ടുകാരന്‍ കാണുന്നത് ഓടുന്ന പ്രഭുകുമാരിയെയാണ്. ഒരു സീനില്‍ പ്രഭുകുമാരിയുടെ ശരീരത്തില്‍ ഓരോ മുല്ലപ്പൂവ് വെച്ചുവെച്ച്, അതായത് നെറ്റിയില്‍, കണ്ണില്‍, കവിളില്‍, മാറിടത്തിനു ചുറ്റും, നാഭിയില്‍, അരയില്‍ .......

മലയാള സിനിമകളില്‍ ഇങ്ങനെയൊന്നും സംഭവിച്ചുകാണാറില്ല.
ഒരു കാലഘട്ടത്തില്‍ നമ്മുടെ സിനിമകളില്‍ മരംചുറ്റിപ്രേമമായിരുന്നു. ഇപ്പോഴാണെങ്കില്‍ അടിപൊളി നൃത്തവും. രണ്ടും അയഥാര്‍ഥമാണ്. വളരെ ബോറ് (മലയാള സിനിമയെക്കുറിച്ച് ഇനിയൊന്നും ചോദിക്കരുത് എന്ന മട്ടില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു).

''വിളിച്ചാല്‍ വരുന്ന വസ്തുക്കളില്‍' യഥാര്‍ഥത്തില്‍ എന്താണുദ്ദേശിച്ചത്?
വടകരയിലെ ഡോ. ഉഷ പറഞ്ഞ ഒരു സംഭവത്തില്‍നിന്നാണ് ആ കഥ ഉണ്ടാവുന്നത്. പരാശ്രയം കൂടാതെ ഒരു പുരുഷന് ഈ ലോകത്ത് ജീവിക്കാന്‍കഴിയുമോ എന്നതായിരുന്നു അതിലെ കാമുകന്‍ നേരിടുന്ന ചോദ്യം. പരാശ്രയം കൂടാതെ അയാള്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നു. പക്ഷേ, അവസാനം കാമുകി അയാളെ വിട്ടുപോയി. അപ്പോഴാണ് അയാള്‍ അസ്വസ്ഥനാവുന്നത്.

നമ്മുടെ നിരൂപകര്‍ പൊതുവെ വിരസന്മാരാണല്ലോ? ഒരു റൊമാന്റിക് മൂഡ് ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയാത്തതുകൊണ്ടാകുമോ അവരുടെ എഴുത്ത് ഇത്രയും വിരസമായിത്തീര്‍ന്നത്?
അങ്ങനെ പറഞ്ഞുകൂടാ. വി. രാജകൃഷ്ണനില്‍ ആ മൂഡുണ്ട്. പുതിയ നിരൂപകരില്‍ എന്‍. ശശിധരനില്‍ റൊമാന്റിക് എലമെന്റ്‌സ് വളരെ അധികമാണ്.

കെ.പി. അപ്പനില്‍?
അദ്ദേഹം നല്ലൊരു പുസ്തകവായനക്കാരന്‍ മാത്രമായിരുന്നല്ലോ.

താങ്കള്‍ക്ക് ആദ്യം അനുരാഗം തോന്നിയത് ആരോടാണ്?
എന്റെ വീട്ടിലെ പശുവിന് പുല്ലുകൊടുക്കാന്‍ വരുന്ന ചിന്നു എന്ന പെണ്‍കുട്ടിയോട്. എന്റെ ആറാംവയസ്സില്‍.

ജീവിതത്തില്‍ അവിസ്മരണീയമായ ഒരു ഓര്‍മ?
കൗസു എന്നൊരു പെണ്‍കുട്ടി കുട്ടിക്കാലത്ത് എനിക്ക് കൂട്ടുകാരിയായി ഉണ്ടായിരുന്നു. കാരക്കാട് മാച്ചനാരിക്കുന്നു കയറി, കണങ്കാല്‍ കാണിച്ച്, പാവാട ചുഴറ്റി കൗസു പോകുന്ന ഒരു ദൃശ്യം ഇത്ര വര്‍ഷങ്ങള്‍ക്കുശേഷവും എനിക്ക് മറക്കാന്‍ കഴിയുന്നില്ല.

പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്ത്രീയായിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് ആരെയായിരിക്കും പ്രേമിക്കുക?
ഞാന്‍ ഒരു സ്ത്രീയാണെങ്കില്‍... ആ മറുപടി തരാന്‍ അല്പം സമയം വേണം. അങ്ങനെ ഇതുവരെ ആലോചിച്ചിട്ടില്ലല്ലോ. ആലോചിച്ചു പറയാം... (ദീര്‍ഘനേരം ആലോചിക്കുന്നു. ചില പേരുകള്‍ പറഞ്ഞ് അപ്പോള്‍തന്നെ ഡിലീറ്റ് ചെയ്യുന്നു. ഒടുവില്‍-) ഒരാളുടെ പേരു മാത്രമായി പറയാനാവില്ല. ചുരുങ്ങിയത് മൂന്നുപേരെങ്കിലുമുണ്ട്. രാഷ്ട്രീയത്തില്‍നിന്നാണെങ്കില്‍ എം.കെ. മുനീര്‍. ആ ഗ്ലാമര്‍ പുനത്തില്‍ എന്ന സ്ത്രീയെ വശീകരിക്കുന്നു. സാഹിത്യത്തിലാണെങ്കില്‍ സക്കറിയ, സക്കറിയ മാത്രം. സുന്ദരനായ സക്കറിയ. മലയാളസിനിമയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന സ്ത്രീയുടെ ഹൃദയം കവരുന്ന ഒരു നടനുമില്ല. കമല്‍ഹാസനെ ആയിരിക്കും അവള്‍ ഇഷ്ടപ്പെടുക.

ജീവിതത്തില്‍ വായിച്ച ഏറ്റവും മനോഹരമായ പ്രണയകഥ?
അലക്‌സേയ് ടോള്‍സ്റ്റോയി എഴുതിയ റഷ്യന്‍ സ്വഭാവം എന്ന കഥ. യുദ്ധത്തില്‍ മുഖം നഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരനെക്കുറിച്ചുള്ള കഥയാണ്. മഹത്തായ കഥ.'
(പ്രണയകഥകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)


മുമ്പ് പ്രസിദ്ധീകരിച്ചത്.