വെളിച്ചത്തെ തിരിച്ചറിയാന്‍ പാങ്ങുള്ള മലയാളിക്ക് എം.കെ സാനു എന്നാല്‍ സാനുമാഷാണ്. സാനുമാഷിന്റെ കര്‍മഗതിക്ക് മുന്നില്‍ മലയാളി അര്‍പ്പിച്ച അഭിവാദ്യമാണ്  പേരിനൊപ്പം അടര്‍ത്താനാവാത്തവിധം പതിഞ്ഞ മാസ്റ്റര്‍ എന്ന വിളി. തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ സാനുമാഷെ ആദരിക്കുന്ന വേളയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി ജോണ്‍പോള്‍ സാനുമാഷുമായി നടത്തിയ സംഭാഷണം വായിക്കാം.

ണ്‍പത്തിനാലാം വയസ്സിന്റെ പടിവാതില്‍ക്കല്‍, ശതാഭിഷേകത്തലേന്നാണ് സാനുമാസ്റ്റര്‍ തന്റെ ആത്മകഥയായ 'കര്‍മഗതി' എഴുതുന്നത്. ആത്മകഥ അദ്ദേഹം എഴുതിനിര്‍ത്തിയത് ഇപ്രകാരമാണ്:
''നീതിയുക്തമായ മാനവലോകം സ്വപ്നം കാണാനും സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി ആദര്‍ശബോധത്തോടെ പ്രയത്‌നിക്കാനും സന്നദ്ധരായി ലോകരംഗം പിടിച്ചടക്കാനൊരുങ്ങുന്ന യുവതലമുറയുടെ ചോരതുടിക്കും കൈകളില്‍ ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്. എന്റെ ജീവിതകാലത്ത് ആ തലമുറയുടെ ആവിര്‍ഭാവമുണ്ടാകയില്ലെന്ന് എനിക്കറിയാം. ആ അറിവ് എന്നെ ശോകാധീനനാക്കുന്നില്ല. കാരണം, എന്റെ കാലശേഷമെങ്കിലും അവര്‍ ഉയര്‍ന്നുവരുമെന്ന് എനിക്കുറപ്പുണ്ട്. ഇല്ലെങ്കില്‍ ലോകം നിലനില്‍ക്കുകയില്ലല്ലോ...''
മാസ്റ്റര്‍ ഇതെഴുതിയിട്ട് പതിനൊന്നു വര്‍ഷം കടന്നുപോയിരിക്കുന്നു. അനുഭവങ്ങളിലെ കയ്പ് ഏറിയിട്ടേയുള്ളൂ. മനുഷ്യസമൂഹത്തിന്റെ ഇടര്‍ച്ചകള്‍ ഒന്നിനൊന്ന് വര്‍ധിക്കുന്നു. സമൂഹത്തിന്റെ പ്രകൃതം കൂടുതല്‍ വഷളാകുന്നു. അമ്പരപ്പിക്കുംവിധമാണ് മൂല്യഭ്രംശങ്ങള്‍ എമ്പാടും.
''മാഷിന് ഇപ്പോഴും അങ്ങനെയൊരു പ്രതീക്ഷ പുലര്‍ത്താന്‍ കഴിയുന്നുണ്ടോ?''

''സംശയമെന്ത്? ഞാനൊരിക്കലും നിരാശാവാദിയായിരുന്നിട്ടില്ല. എനിക്കു പ്രതീക്ഷയുണ്ട്. എനിക്ക് കൂടുതല്‍ വിശ്വാസദാര്‍ഢ്യത്തോടെ പ്രതീക്ഷയര്‍പ്പിക്കാതിരിക്കാന്‍ കഴിയില്ല. ഈ ലോകം നിലനില്‍ക്കും, നിലനില്‍ക്കണം. അതു നശിക്കാന്‍ കാലമനുവദിക്കില്ല. 'ഈ വര്‍ഷകാളിമ തീരും; വെളിച്ചങ്ങള്‍ പൂവിടും' എന്നത് കേവലമൊരു കവിവാക്യമല്ല. വരാനിരിക്കുന്ന പുനരുണര്‍വിന്റെ ഉദയത്തിനായി പ്രത്യാശയോടെ കാത്തിരിക്കാന്‍ മനുഷ്യനിലുള്ള, മനുഷ്യകുലത്തോടുള്ള എന്റെ അചഞ്ചലമായ പ്രതിബദ്ധത, സ്‌നേഹം എന്നെ നിരന്തരം പ്രേരിപ്പിക്കുന്നു...''
തിന്മകള്‍ ഉണ്ട്; അവ വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു. പക്ഷേ, തമസ്സ് എന്നന്നേക്കുമായുള്ളതല്ല.
''പാപവാസന എന്നതൊരു സത്യമാണ്. അതുംകൂടി ചേര്‍ന്നതാണ് മനുഷ്യപ്രകൃതം. അതു സാക്ഷ്യപ്പെടുത്താന്‍ വേണ്ടിയല്ലേ ഷേക്സ്പിയര്‍ ഇയാഗോയെക്കൂടി സൃഷ്ടിച്ചത്. പാപവാസനയെ അടക്കാനും അവസാനിപ്പിക്കാനുമുള്ള കഴിവും മനുഷ്യനിലുണ്ട്. അതുണര്‍ത്തിയെടുക്കണം. അതിനാവണം മേല്‍ക്കൈ. സാംസ്‌കാരികപരിവര്‍ത്തനത്തിനുവേണ്ടിയുള്ള കുതിപ്പുകള്‍, ഇരുട്ടിന്റെ മേധാവിത്വം അതിരുകവിഞ്ഞ ആധിപത്യം സ്ഥാപിച്ചപ്പോഴൊക്കെ, ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. അതതു കാലത്ത് സജീവമായ തരംഗങ്ങള്‍ ആ കുതിപ്പുകളുടെ അനുരണനങ്ങളാണ്...'' 

കര്‍മഗതിയുടെ അവസാനവാചകത്തിനനുബന്ധമായി സാനുമാസ്റ്റര്‍ ഇതുകൂടി കുറിച്ചിരുന്നു: 
''ഭൂമിയില്‍ സ്വര്‍ഗം (വീണ്ടും) സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായി നീങ്ങുന്ന തലമുറക്കാര്‍ക്ക് ഇടത്താവളമാകാന്‍ എന്റെ അന്ത്യവിശ്രമസ്ഥാനം ഉപകരിക്കുമാറാകട്ടെയെന്നാണ് എന്റെ പ്രാര്‍ഥന.''
ഇതിനെക്കാള്‍ കൃത്യതയോടെ സാര്‍ഥകമായ ഒരു ജന്മത്തിന്റെ ഓര്‍മഫലകത്തില്‍ കാലത്തിനു കൊത്തിവെക്കാന്‍ മറ്റു വരികളെന്തിരിക്കുന്നു!
സാനുമാസ്റ്റര്‍ നാലുവര്‍ഷത്തിനടുത്ത കാലയളവ് കേരളനിയമസഭയില്‍ എറണാകുളത്തെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എ. ആയിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരാന്‍ തുടങ്ങിയപ്പോള്‍, മത്സരിക്കുന്നില്ലേ എന്നാരാഞ്ഞവരോട് അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമായി: ''ആരെങ്കിലും രണ്ടുപ്രാവശ്യം ആത്മഹത്യചെയ്യുമോ?''
സര്‍ഗാത്മകവ്യാപാരങ്ങള്‍ക്കു സാവകാശം ലഭിക്കാതെ നഷ്ടപ്പെട്ടുപോയ ദിനങ്ങളായാണ് മാസ്റ്റര്‍ എം.എല്‍.എ. നാളുകളെ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ, എന്നിട്ടും ആത്മകഥയിലൊരിടത്തും ആ വ്യര്‍ഥനാളുകളെക്കുറിച്ചു വിശദമായി അദ്ദേഹം പരാമര്‍ശിച്ചില്ല. ബോധപൂര്‍വം എന്നുതന്നെ പറയാവുന്നവിധം ആ പര്‍വം ഒഴിവാക്കി!

''സത്യമാണ്. ആഹ്ലാദകരമായതോ വായിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശകമായേക്കാവുന്നതോ ആയി ഒന്നുംതന്നെ അതെക്കുറിച്ചു പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ നാളുകളെക്കുറിച്ചു പരാമര്‍ശിച്ചില്ല.
''ഒരു പ്രത്യേക സാഹചര്യത്തിലാണ് മത്സരിക്കാന്‍ ഞാന്‍ സമ്മതം മൂളിയത്. അതല്ലാതെ ഒരു ജീവിതധാരയായി ആ പാത തിരഞ്ഞെടുക്കുകയായിരുന്നില്ല. ആ സാഹചര്യങ്ങള്‍ കര്‍മഗതിയിലും അല്ലാതെയും ഞാന്‍ എഴുതിയിട്ടുമുണ്ട്.''

പിന്നിട്ട 95 വര്‍ഷങ്ങളില്‍ 75 വര്‍ഷത്തോളം സാനുമാസ്റ്റര്‍ അധ്യാപകനായിരുന്നു. അത്രതന്നെ ദൈര്‍ഘ്യമുണ്ട് അദ്ദേഹത്തിന്റെ പ്രഭാഷകവൃത്തിക്കും. അദ്ദേഹം ഗ്രന്ഥകാരനാണ്, സാഹിത്യവിമര്‍ശകനാണ്, സാമൂഹികവിചാരകനാണ്. ഈ വ്യാപനങ്ങളില്‍ ഹൃദയത്തോട് ഏറ്റവുമടുത്തത് അധ്യാപകവൃത്തിയാണെന്ന് അദ്ദേഹം പറയുന്നു. അതുകഴിഞ്ഞാലോ, പ്രഭാഷകന്‍; പിന്നെ എഴുത്തുകാരന്‍; എല്ലാറ്റിലുമുപരി ഒരു മനുഷ്യസ്‌നേഹി. ഒടുവില്‍ പറഞ്ഞതിന്റെ പ്രസരണവഴിയുടെ ഉപധാരകളാണ്, ഫലത്തില്‍, അദ്ദേഹത്തിനു മറ്റെല്ലാ വൃത്തിമേഖലകളും. നാളെയ്ക്കവകാശപ്പെട്ട നിര്‍മമതയോടെ ഇന്നലെകളെ വിചാരണചെയ്യുന്ന സാനുമാസ്റ്റര്‍ സൗമ്യതവിടാത്ത മൃദുസ്ഥായിയിലൂടെ ഇന്നിന്റെ അലരുകളെ സമീപിക്കുന്നു. ഖണ്ഡനവിമര്‍ശനമോ അപഗ്രഥനാനന്തര കൂരമ്പുകളോ അദ്ദേഹത്തിന്റെ എഴുത്തുവഴിയില്‍ കണ്ടെത്താനാവില്ല. ഒരു നിരൂപകന്‍ എന്ന നിലയില്‍ അതദ്ദേഹത്തിന്റെ സമചിത്തതയെയാണോ ബലഹീനതയെയാണോ വെളിപ്പെടുത്തിയതെന്നു ചോദിച്ചാല്‍, താനതിന് ഓരോട്ടമത്സരത്തിലല്ലല്ലോ എന്നായിരിക്കും ഉത്തരം. നിന്ദിക്കുന്നതിലും ഭഞ്ജിക്കുന്നതിലുമായിരുന്നില്ല എം.കെ. സാനുമാസ്റ്ററുടെ വിമര്‍ശനം സാഫല്യം നേടിയത്. പരാമര്‍ശിക്കപ്പെടുന്ന കൃതിയിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്ന പുതിയ പൊരുളുകള്‍ പങ്കിടുന്നതിലും കൂടുതല്‍ ആഴങ്ങളിലേക്കൂളിയിറങ്ങി ഇനിയും പുതിയ വ്യാഖ്യാനതലങ്ങള്‍ കണ്ടെത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതിലുമായിരുന്നു ചാരിതാര്‍ഥ്യം.

മലയാളത്തിലെ നോവലൈസ്ഡ് ബയോഗ്രഫിക്ക് ചൂണ്ടിക്കാട്ടാവുന്ന ഏറ്റവും നല്ല മാതൃക സാനുമാസ്റ്ററുടെ ജീവചരിത്രരചനകളാണെന്നാണ് ഡോ. എം. ലീലാവതിയുടെ നിരീക്ഷണം. ആരുടെ ജീവിതമെഴുതുമ്പോഴും അതുപ്രകാരം എഴുതാനുള്ള അര്‍ഹത ആ ജീവിതത്തിലെന്തുണ്ടെന്നാണ് മാസ്റ്റര്‍ ആദ്യം അന്വേഷിക്കുന്നത്. സ്വാഭാവികമായും ജീവചരിത്രത്തിന്റെ ഫോക്കസ് പരാമര്‍ശിത വ്യക്തിത്വത്തിന്റെ പോസിറ്റീവ് വശങ്ങളിലാകുന്നു. എന്നാലോ അതൊട്ട് ഹെഗിയോഗ്രാഫിയുടെ തലത്തില്‍ ചെന്നുപെടുന്നുമില്ല. ഗുണൈകദൃക്കെന്ന് ഒരല്പം കുസൃതിയോടെ വിശേഷിപ്പിച്ചാല്‍ കാപട്യമില്ലാത്ത ചെറുചിരിയോടെ മാസ്റ്റര്‍ പറയും: ''ഗുണങ്ങളുള്ളതുകൊണ്ടല്ലേ എനിക്കങ്ങനെയൊരു വ്യക്തിയെക്കുറിച്ചെഴുതാനാകുന്നത്. അങ്ങനെ ഒരു വശത്തിന് പ്രാധാന്യം നല്‍കുമ്പോഴും ആ വ്യക്തിയുടെ മനസ്സും മാനുഷികമായ ജീവിതതലങ്ങളും ഞാനതില്‍ വരഞ്ഞുവയ്ക്കാറുണ്ട്.'' ദോഷൈകദൃക്കാവാതിരിക്കുന്ന അവസ്ഥയ്ക്ക് ഗുണൈകദൃക്കെന്നാണ് ആരെങ്കിലും നിഘണ്ടുവില്‍ അര്‍ഥം കാണുന്നതെങ്കില്‍ അതവരുടെ നിരീക്ഷണം, സ്വാതന്ത്ര്യം.
മറ്റൊരു ന്യായംകൂടിയുണ്ട്, അതിന് പ്രേരകമായെന്ന് മാസ്റ്റര്‍ പറയുന്നു. ലോകത്തില്‍ ഏറ്റവും സത്യനീതിന്യായധര്‍മനിഷ്ഠമായ വിധിപ്രസ്താവം യേശുക്രിസ്തുവിന്റെതാണെന്ന് മാസ്റ്റര്‍ വിശ്വസിക്കുന്നു. പാപം ചെയ്യാത്തവര്‍ക്കുമാത്രമാണ് കല്ലെറിയാനവകാശം, അര്‍ഹത.

K.L Mohanavarma, M.K Sanu, John Paul
കെ.എല്‍ മോഹന വർമ, എം.കെ സാനു, ജോൺപോൾ

''കുറ്റങ്ങളും കുറവുകളും വേണ്ടുവോളമുള്ള മനുഷ്യനാണ് ഞാന്‍. മറ്റൊരാളുടെ ബലഹീനതകളെ പെരുപ്പിച്ച് കാണാനും കാണിക്കാനും എനിക്കെന്ത് യോഗ്യത? ഖണ്ഡനവിമര്‍ശനത്തിനായി കല്ലുകള്‍ ശേഖരിക്കാന്‍ ഞാന്‍ മുതിരാത്തത് ആ വിധിപ്രസ്താവത്തിലെ നീതി ഞാന്‍ അംഗീകരിക്കുന്നതുകൊണ്ടാണ്. മനുഷ്യനെ മനുഷ്യന്‍ സ്‌നേഹിക്കുന്നത്, സ്‌നേഹിക്കേണ്ടത് അയാളുടെ എല്ലാ ദൗര്‍ബല്യങ്ങളോടും സച്ഛീലങ്ങളോടുംകൂടിയാണ് എന്ന പാഠം എന്റെ മനസ്സില്‍ കൃത്യതയോടെ തെളിച്ചുതന്നത് ശ്രീനാരായണഗുരുദേവ സൂക്തങ്ങളാണ്. ഒരാളുടെ ജീവിതം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നതിലാവണം ശ്രദ്ധയെന്ന് ഗുരുമുഖങ്ങള്‍ ഓതിത്തരുന്നു. പറയേണ്ട കാര്യങ്ങള്‍ പറയാതെ പോകുന്നില്ല... അവയേതെന്നതിന് എനിക്കൊരു മാനദണ്ഡമുണ്ട്. ആ വശങ്ങള്‍കൂടി ചേര്‍ന്നാലേ അയാളുടെ വ്യക്തിസത്തയ്ക്ക് കൃത്യത വരൂ എങ്കില്‍ നിശ്ചയമായും ഞാനതുള്‍പ്പെടുത്താറുണ്ട്. ആത്മശുദ്ധിപ്രദമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിഞ്ഞ ജീവിതങ്ങളെക്കുറിച്ചുമാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ...''

സംഘടിത മതങ്ങള്‍ക്ക് സംഭവിക്കുന്ന വ്യതിഭ്രംശങ്ങളെക്കുറിച്ച് 'കര്‍മഗതി'യില്‍ മാസ്റ്റര്‍ എഴുതി: ''(വിശ്വാസം) ഇന്ന് മനുഷ്യരെ സ്‌നേഹിക്കാനും ഒരുമിക്കാനുമല്ല പ്രചോദിപ്പിക്കുന്നത്. സ്വന്തം ആചാരാനുഷ്ഠാനങ്ങളുടെ യാന്ത്രികമായ പരിധികള്‍ക്കുള്ളിലൊതുങ്ങാന്‍ അനുയായികളെ അനുസരിപ്പിക്കുന്ന ശക്തിയായി അത് മാറി.''

സംഘടിത മതങ്ങളെക്കുറിച്ച് മാസ്റ്റര്‍ നടത്തിയ ഈ നിരീക്ഷണം സംഘടിത രാഷ്ട്രീയ പക്ഷങ്ങള്‍ക്കും ബാധകമല്ലോ. മാസ്റ്റര്‍ രണ്ടിനെയും പക്ഷേ, രണ്ടായി കാണുന്നു:

''വ്യവസ്ഥവത്കരിക്കപ്പെടുമ്പോള്‍, ഒരു എസ്റ്റാബ്ലിഷ്മെന്റായി മാറുമ്പോള്‍, ഏതുധാരയിലും പണത്തിനും അധികാരത്തിനും പ്രാമുഖ്യം ഏറും. അനഭിലഷണീയമായ ഈ പ്രവണത ഒരേപോലെ ബാധിക്കുന്നു എന്നതൊഴികെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. മതം വിശ്വാസത്തിലധിഷ്ഠിതമാണ്. രാഷ്ട്രീയം ആധാരമാക്കുന്നത് യുക്തിബോധത്തെയാണ്. അരിസ്റ്റോട്ടിലടക്കമുള്ളവര്‍ എന്നേ അത് കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയാദര്‍ശങ്ങള്‍ നടപ്പിലാക്കുകയാണിവിടെ ലക്ഷ്യം. വ്യക്തികള്‍ തമ്മിലുള്ള സമത്വം, സാഹോദര്യം ഇതൊക്കെയാണ് ആദര്‍ശത്തെ അര്‍ഥപൂര്‍ണമാക്കുന്നത്.''

അപ്പോഴും സാനുമാസ്റ്റര്‍ ഇത്ര പ്രകടമായി രാഷ്ട്രീയത്തില്‍ സന്നിഹിതനാകേണ്ടതുണ്ടോ, അഭിപ്രായപക്ഷം പറയേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.

''എനിക്ക് മൗനമവലംബിക്കാനാവില്ല. അതിലൊരു ആത്മവഞ്ചനയുണ്ട്. അതെ നിക്കിഷ്ടമല്ല. മനുഷ്യരാശിയുടെ ഉത്തമ താത്പര്യത്തിന് ഉതകുന്നതെന്ന് മനസ്സ് മന്ത്രിക്കുന്ന ഏതവസ്ഥയോടും ചേര്‍ന്നുനില്‍ക്കുകയാണ് എന്റെ നിയോഗം എന്ന് ഞാന്‍ കരുതുന്നു.''

എഴുത്തില്‍ വാസന വലിയ പ്രേരകമാണെന്ന് ഏറ്റുപറയുമ്പോഴും അതുകൊണ്ട് എഴുത്തുകാരനാകുന്നില്ലെന്നാണ് സാനുമാസ്റ്ററുടെ ബോധ്യം. എഴുതിയതിനെ ബോധപൂര്‍വം പലകുറി ഫില്‍ട്ടര്‍ ചെയ്തുചെയ്ത് മിനുക്കി ഫലപ്രാപ്തി ഉറപ്പുവരുത്തണം. അപ്പോഴേ കേവലം ആസ്വാദനത്തിനപ്പുറം അത് അനുഭവമായി തെളിയൂ; ഓരോ വായനയും പുതിയ കണ്ടെത്തലുകള്‍ക്കുള്ള സാധ്യതകള്‍ തുറന്നുതരൂ. നമ്മളിന്ന് ആരാധനയോടെ കൈയിലെടുക്കുന്ന ക്രൈം ആന്‍ഡ് പണിഷ്മെന്റ്' ദസ്തയേവ്സ്‌കി എത്രകുറി മാറ്റി മിനുക്കിയെഴുതിയാണ് പൂര്‍ണതയോടടുപ്പിച്ചതെന്നോര്‍ക്കണം.
ഞാന്‍ സാനുമാസ്റ്ററുടെ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ പരമാവധി പിന്‍തുടര്‍ന്നുപോരുന്ന ശ്രോതാവുമാണ്. രണ്ടും രണ്ടായിരിക്കെത്തന്നെ തമ്മില്‍ ഏറെ സാമ്യമുള്ളതായാണനുഭവം.
പഠിപ്പിക്കുമ്പോഴും പ്രസംഗവേദിയിലും മുഖത്തും ശരീരചലനങ്ങളിലും ഭാവചേഷ്ടകളോ ആംഗ്യപ്രത്യക്ഷങ്ങളോ ഇല്ല. സ്വരത്തില്‍ സ്ഥായീഭേദവ്യായാമങ്ങളും പതിവില്ല.
ക്ലാസ്മുറിയിലാകുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരകള്‍ക്കിടയിലൂടെ നടന്നുകൊണ്ടാണ് പലപ്പോഴും ക്ലാസെടുക്കുക. വലതുകൈ താഴേക്കിട്ട് ഇടതുകൈ പിന്നിലൂടെ ചുറ്റി വലതുകൈയുടെ പിന്‍മുട്ടില്‍ എത്തിച്ചുപിടിച്ചുകൊണ്ടാണ് നടത്ത. അല്ലാത്തപ്പോള്‍ മേശമേല്‍ ചാരിനിന്നുകൊണ്ടാവും പാഠഭാഗങ്ങള്‍ വിസ്തരിക്കുക.

സിലബസിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ ക്ലാസുകള്‍. മാസ്റ്റര്‍ക്ക് അധ്യാപനം വെറുമൊരു തൊഴിലായിരുന്നിട്ടില്ല; അനുഷ്ഠാനം തന്നെയായിരുന്നു. ഉദ്യോഗമായിരുന്നു; അതില്‍നിന്നുള്ള വേതനമായിരുന്നു ഉപജീവനത്തിനാശ്രയവും. പക്ഷേ, അറിഞ്ഞതിനപ്പുറം അറിയാനും ആ അറിവുതേടിയുള്ള അന്വേഷണയാത്രയില്‍ വിദ്യാര്‍ഥികളെ കൂടെച്ചേര്‍ക്കാനും വെമ്പുന്ന അധ്യാപനരീതിയായിരുന്നു അദ്ദേഹത്തിന്റെത്. അനുഭവങ്ങളിലൂടെയും പുത്തന്‍ പുത്തന്‍ ആശയങ്ങളിലൂടെയും ലോകത്തിലൂടെയുമാണ് യാത്രയും അനുയാത്രയും. അന്വേഷണലഹരിയാല്‍ ഉത്തേജിതനായിട്ടാണ് അദ്ദേഹം എന്നും ക്ലാസെടുത്തിട്ടുള്ളത്. അതിലൊരു ധ്യാനനോവിന്റെ പിടച്ചിലുണ്ട്. സസൂക്ഷ്മം, സശ്രദ്ധം പിന്തുടര്‍ന്നാല്‍ അതേ എരിവില്‍ മനസ്സില്‍ നീറിപ്പടരുന്നതനുഭവിക്കാന്‍ കഴിയും. സമര്‍പ്പണത്തിന്റെ വിശുദ്ധി പേറുന്ന ഒരു നിയോഗമായിരുന്നു എന്നും അദ്ദേഹത്തിന് അധ്യാപനം.
പ്രഭാഷണവേദിയിലുമതേ, ശ്രോതാക്കളെ വാങ്മയവൈഭവത്തിന്റെ ആലങ്കാരിക തൊങ്ങലുകള്‍ കനംതൂങ്ങാത്ത ഉള്‍സ്ഥൈര്യംകൊണ്ട് അനുസരണയുള്ള വിദ്യാര്‍ഥികള്‍ക്ക് സമമാക്കി അവരുടെ മനസ്സിലേക്ക് പൊരുളുകളെ അനായാസമായി അദ്ദേഹം നിവേശിപ്പിക്കുന്നു. അധ്യാപകനും പ്രഭാഷകനുമായ സാനുമാസ്റ്ററില്‍ കാണുന്ന നിയോഗസമാനതകള്‍ അദ്ദേഹത്തിന്റെ എഴുത്തുവഴിയിലും സാമൂഹികവിചാരണകളിലും അതേ പനിച്ചൂടോടെ കാണാനാകുന്നു. എല്ലാറ്റിന്റെയും പ്രഭവസ്രോതസ്സ് മാനവികതയിലുള്ള മായമില്ലാത്ത വിശ്വാസവും അതില്‍നിന്നുയിര്‍ക്കുന്ന മനുഷ്യസ്‌നേഹവുംതന്നെ.

സാനുമാസ്റ്റര്‍ ഇപ്പോഴും പഠിക്കുകയാണ്. ജീവിതത്തില്‍നിന്ന്, പുസ്തകങ്ങളില്‍നിന്ന്, ചിന്തയിലൂടെ, മനനത്തിലൂടെ, വിചാരണയിലൂടെ, നിതാന്തമായി അദ്ദേഹം പഠിച്ചുകൊണ്ടേയിരിക്കുന്നു. പഠിക്കുന്ന പാഠങ്ങള്‍ ശിഷ്യശ്രോതൃമനസ്സുകളിലേക്ക് പകുത്ത് പറഞ്ഞുതരുമ്പോഴുള്ള ആഹ്ലാദം മാസ്റ്റര്‍ അനുഭവിക്കുന്നു. 
ആദ്യം വിസ്മയമായും അതേ അളവിലുള്ള ആഹ്ലാദമായും പിന്നുള്ളവര്‍ക്ക് അതനുഭവവേദ്യമാകുന്നു. 
പഠിച്ചതല്ല, പഠിക്കാനിരിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന ഒരുള്‍ത്തെളിവ് മനസ്സില്‍ നാമ്പെടുത്താല്‍ മാസ്റ്ററെ പിന്തുടര്‍ന്ന് അന്വേഷണപാതയിലേക്ക് തേടിയലയാനിറങ്ങാതെവയ്യ പിന്നെ.
തന്റെ ഗുരുനാഥനായ എന്‍. കൃഷ്ണപിള്ളസാറിനോടൊപ്പം മഹാകവി ഉള്ളൂരിനെ കാണാന്‍ പോയ കഥ സാനുമാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.
വാര്‍ധക്യത്തിന്റെ അവശപീഡകള്‍ അലട്ടുമ്പോഴും നീരുവന്ന് വീര്‍ത്ത കാലുകള്‍ രണ്ടു മുക്കാലിയിലുയര്‍ത്തിവെച്ച് ക്ലേശപ്പെട്ട് സാഹിത്യചരിത്രത്തിന്റെ ശേഷം ഭാഗം എഴുതിത്തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഉള്ളൂര്‍. അദ്ഭുതാദരങ്ങളോടെ നോക്കിനിന്ന എന്‍. കൃഷ്ണപിള്ളസാറിനോടും സാനുമാസ്റ്ററോടുമായി അദ്ദേഹം പറഞ്ഞു: ''ഞാനല്ലാതാരാണ് പിന്നെ...''

1965-69 കാലഘട്ടത്തിലാണ് ഞാന്‍ സാനുമാസ്റ്ററുടെ ക്ലാസില്‍ പഠിച്ചത്. 52 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും ഏതു സന്ദേഹത്തിനും ഉത്തരംതേടിച്ചെല്ലാവുന്ന ഗുരുസാന്നിധ്യമാണ് സാനുമാസ്റ്റര്‍. ഉത്തരം പറഞ്ഞുതരികയല്ല, സാര്‍ഥകമായി ഉത്തരത്തിനു പുറകെ സ്വയം അലയാനുള്ള വഴിതെളിച്ചുതരികയാണ് മാസ്റ്റര്‍ എന്നും. ഇടപഴകുമ്പോഴൊക്കെ വിദ്യാര്‍ഥിയും അധ്യാപകനും ഒന്നിച്ച് ഒരാളില്‍ സഹവര്‍ത്തിക്കുന്നതിലെ ദ്വിത്വസ്ഥിതത്തിന്റെ പ്രഭവം പ്രചോദനവും പ്രകോപനവുമായി ഉള്ളില്‍ തെളിച്ചുതരുന്ന മാസ്റ്ററെ നോക്കി മഹാകവിയുടെ ശൈലി കടമെടുത്ത് പറഞ്ഞുപോകുന്നു: ''മാഷേ, മാഷല്ലാതെ വേറെയാര്!'''

Content Highlights: Prof MK Sanu 95 Birthday Talk with John Paul Mathrubhumi Weekly