സമകാലിക കേരളത്തിലെ ധൈഷണികമേഖലയില്‍ ഒറ്റയാനെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹികശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫ. എം. കുഞ്ഞാമന്‍. അദ്ദേഹം മുന്നോട്ടുവെക്കുന്ന മൗലികമായ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം, സി.ഡി.എസില്‍നിന്ന് എംഫിലും കൊച്ചി സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി.യും. 1979 മുതല്‍ 2006 വരെ കേരള സര്‍വകലാശാലയില്‍ അധ്യാപകന്‍. തുടര്‍ന്ന് 13 വര്‍ഷം മഹാരാഷ്ട്രയിലെ തുല്‍ജാപുരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍...

ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യംചെയ്യലാണെന്ന് താങ്കള്‍ നേരത്തേ നിരീക്ഷിച്ചിട്ടുണ്ട്. ഈ ചോദ്യംചെയ്യലിന് ഇപ്പോള്‍ അവസരമുണ്ടോ

രാഷ്ട്രീയം നിരന്തരമായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് അതിന്റെ ഒരു ഭാഗംമാത്രമാണ്. അധികാരത്തിലുള്ള പങ്കാളിത്തമല്ല രാഷ്ട്രീയം; അധികാരത്തെ ചോദ്യംചെയ്യലാണത്. ഭരണത്തിലൂടെയല്ല മാറ്റമുണ്ടാവുന്നത്. നിരന്തരമായ രാഷ്ട്രീയത്തിലൂടെയും സമരപ്രക്രിയയിലൂടെയുമാണ് അതുണ്ടാവുന്നത്. നമ്മള്‍ പക്ഷേ, ഭരണത്തിന് അമിതപ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ കീഴാളവിഭാഗങ്ങളെ നോക്കൂ. അവരൊരിക്കലും ഇവിടത്തെ അധികാരഘടനയെ ചോദ്യംചെയ്യുന്നില്ല. അവര്‍ക്ക് അധികാരത്തില്‍ പ്രാതിനിധ്യം കിട്ടണം, പങ്കാളിത്തം കിട്ടണം. അങ്ങനെയായാല്‍ അവര്‍ സംതൃപ്തരാണ്. ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യംചെയ്യലാണ്. പക്ഷേ, അങ്ങനെയൊരു രാഷ്ട്രീയം വളര്‍ന്നുവരേണ്ടതിന്റെ അവശ്യകത ആളുകള്‍ കൃത്യമായി മനസ്സിലാക്കിയിട്ടില്ല.

നെഹ്രു മന്ത്രിസഭയില്‍ അംബേദ്കര്‍ പങ്കാളിയായിരുന്നു. അധികാരവ്യവസ്ഥകളെ ചോദ്യംചെയ്യുന്നതില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന അംബേദ്കറുടെ ഈ നടപടിയെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്

അംേബദ്കറുടെ അടിസ്ഥാനപരമായ അജന്‍ഡ അധികാരത്തെ ചോദ്യംചെയ്യലായിരുന്നു. അതിനെ ശക്തമാക്കാന്‍ കഴിയുന്ന അവസരമായാണ് അംേബദ്കര്‍ മന്ത്രിസ്ഥാനത്തെ കണ്ടത്. അതിന് പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു. ഒരു പദവിയിലൂടെയല്ല മാറ്റംകൊണ്ടുവരുന്നത്. ഒരു ഭരണാധികാരിയല്ല സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അങ്ങനെയാണെങ്കില്‍ ഒരു സര്‍വാധിപതിയെ ഉണ്ടാക്കിയാല്‍ മതിയല്ലോ! ഒരു ഏകാധിപതിയെ തിരഞ്ഞെടുത്താല്‍ പോരെ? ഇവരൊക്കെ വിജയിച്ചവരാണ്. വിജയിച്ചവരല്ല, പരാജിതരാണ് മാറ്റം കൊണ്ടുവരുന്നത്. പരാജയത്തിനും വിജയത്തിനും വ്യത്യാസമുണ്ട്. Victory, you celebrate. From failure we learn. വിജയിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ആഘോഷിക്കുകയാണ്. പരാജയപ്പെട്ടാല്‍ നമ്മള്‍ അതേക്കുറിച്ച് ചിന്തിക്കും. എവിടെയാണ് തെറ്റുപറ്റിയതെന്ന് ആലോചിക്കും. എന്താണ് ചെയ്യേണ്ടതെന്ന് നോക്കും. സമൂഹത്തില്‍ മാറ്റംവരുന്നത് പരാജിതനിലൂടെയാണ്. വിജയിയിലൂടെയല്ല. അതുകൊണ്ടാണ് ഭരണാധികാരികളല്ല മാറ്റംകൊണ്ടുവരുന്നതെന്ന് പറയുന്നത്. ഭരിക്കുന്നവര്‍ ചില താത്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരഞ്ഞെടുപ്പിന് അതിന്റേതായ ഘടനയും സ്വഭാവവുമുണ്ട്. പ്രായോഗികതലത്തിലുള്ള അടവുനയങ്ങളും കൂട്ടുകെട്ടുകളുമാണ് അതിനെ നിര്‍ണയിക്കുന്നത്. കേരളത്തിലെ മുന്നണിസംവിധാനങ്ങളെക്കുറിച്ച് എന്തുപറയുന്നു

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തി കുറഞ്ഞുതുടങ്ങിയപ്പോഴാണ് കേരളത്തില്‍ മുന്നണി സംവിധാനത്തിലേക്ക് പോയത്. മുന്നണികള്‍ക്ക് നിയതമായ രാഷ്ട്രീയമൊന്നുമില്ല. അതൊരു വര്‍ഗനിരപേക്ഷ കൂട്ടുകെട്ടാണ്. പണ്ട് പി.ജെ. ജോസഫ് ഇടതുപക്ഷക്കാരുടെകൂടെയായിരുന്നു. ജോസഫ് പുറത്തുപോയപ്പോള്‍ ജോസ് വന്നു. അവസരവാദപരമായ നീക്കങ്ങള്‍മാത്രമാണിത്. തിരഞ്ഞെടുപ്പ് ജയിക്കുക, അധികാരം നിലനിര്‍ത്തുക, വര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതൊക്കെയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.

ഈ പാര്‍ട്ടികള്‍ ഇതിനെയൊക്കെ പ്രതിരോധിക്കുന്നത് ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗമാണിതെന്നുപറഞ്ഞാണ്. പക്ഷേ, ഇപ്പോള്‍ മാര്‍ഗം ലക്ഷ്യത്തെ വിഴുങ്ങുകയാണെന്ന് പറയേണ്ടിവരില്ലേ

ഇവരുടെ ലക്ഷ്യമെന്താണ്? അധികാരം നിലനിര്‍ത്തണമെന്നല്ലാതെ സമത്വാധിഷ്ഠിതമായ സമൂഹം ഇവരുടെ ലക്ഷ്യമാണോ? ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി കൊടുക്കണമെന്ന നയം ഇപ്പോള്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോ? ഇവരല്ലേ ചേരികളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളപ്പെട്ട അണ്ടര്‍ ക്ലാസിനെ സൃഷ്ടിച്ചത്. സംഘടിത തൊഴിലാളിസമൂഹം ഒരിക്കലും മുതലാളിത്തത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ക്കുവേണ്ടിയാണ് ഇവരുടെ സമരം. കൂടുതല്‍ ബോണസ് കിട്ടുക. എന്താണ് ബോണസ്? ബോണസ് എന്നുപറഞ്ഞാല്‍ ലാഭത്തിലുള്ള വിഹിതമാണ്. മുതലാളിയുടെ ലാഭം കൂടണമെങ്കില്‍ കമ്പനിയുടെ ഓഹരിമൂല്യം കൂടണം. അതായത് മുതലാളിത്തത്തെ ശക്തിപ്പെടുത്തുന്നതിലുള്ള വിഹിതമാണ് ബോണസ്. ഈ ബോണസിനുവേണ്ടിയാണ് സംഘടിത തൊഴിലാളിസമൂഹം എന്ന പ്രിവിലേജ്ഡ് ക്ലാസ് സമരംചെയ്യുന്നത്. ഇവര്‍ തന്നെയാണ് ആദിവാസികളെ അടിമത്തൊഴിലാളികളായി നിലനിര്‍ത്തിയിരുന്നത്. മുന്നണികള്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണെന്ന് പരിശോധിക്കാം. ഭിക്ഷ കൊടുക്കുന്നതിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. ഒരു കൂട്ടര്‍ രണ്ടായിരം രൂപയാണ് വാഗ്ദാനംചെയ്യുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ മൂവായിരം വാഗ്ദാനംചെയ്യുന്നു. ഇത് ഭിക്ഷകൊടുക്കലാണ്.

അങ്ങനെ പറയാമോ? ക്ഷേമപെന്‍ഷന്‍ സാമൂഹികസുരക്ഷയുടെ ഭാഗമല്ലേ? അവശതയനുഭവിക്കുന്നവര്‍ക്ക് സാമൂഹികസുരക്ഷ നല്‍കുന്നത് വികസിതരാജ്യങ്ങള്‍പോലും തുടരുന്ന നയമല്ലേ

സാമൂഹികസുരക്ഷയെ അല്ല ഞാന്‍ വിമര്‍ശിക്കുന്നത്. അവശതയനുഭവിക്കുന്നവര്‍ക്ക് ക്ഷേമപദ്ധതികള്‍ വേണം. പക്ഷേ, സാമ്പത്തികസുരക്ഷ എവിടെയെന്നാണ് ഞാന്‍ ചോദിക്കുന്നത്. പൊതുസമൂഹത്തിന് കൃത്യമായ വരുമാനം കിട്ടുന്നതിനുള്ള സാമ്പത്തികസ്രോതസ്സുകള്‍ വേണം. കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ അതിനുള്ള പദ്ധതികള്‍വേണം. ഇതിനുള്ള നയപരിപാടികള്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോ? കടമെടുത്ത് ഭിക്ഷകൊടുക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. കിഫ്ബിയിലൂടെ തോമസ് ഐസക് ചെയ്യുന്നതുതന്നെയാണ് നിര്‍മലാ സീതാരാമനും ചെയ്യുന്നത്. ഐസക് കടമെടുക്കുന്നു, നിര്‍മല പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റ് പണം കണ്ടെത്തുന്നു. മൗലികമായ ഒരു വ്യത്യാസവും ഇവിടെയില്ല. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ ഒരു ഭാര്യയും ഭര്‍ത്താവും ആത്മഹത്യചെയ്ത സംഭവമുണ്ടായി. ഇവരുടെ രണ്ടുകുട്ടികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യും യൂത്ത്കോണ്‍ഗ്രസും മുന്നോട്ടുവന്നിരുന്നു. ബോബി ചെമ്മണൂരും വന്നു. ഈ കുട്ടികളെ സംരക്ഷിക്കുകയെന്നുപറഞ്ഞാല്‍ അത് ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഒന്നര, രണ്ട് സെന്റുകളില്‍ ശ്വാസംമുട്ടിക്കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നയമാണ് വേണ്ടത്. അതെവിടെയെന്നാണ് നമ്മള്‍ ചോദിക്കേണ്ടത്. ജീവകാരുണ്യപ്രവര്‍ത്തനം ഇത്തരം നയങ്ങള്‍ക്കുള്ള ബദലല്ല.

നമുക്ക് കേരളത്തില്‍ നിലവിലുള്ള മുന്നണിസംവിധാനങ്ങളിലേക്ക് വരാം. ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നിട്ടുള്ള വലിയൊരു വിവാദം ബി.ജെ.പി.യും ഇതരപാര്‍ട്ടികളും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന ധാരണയെച്ചൊല്ലിയാണ്. ബി.ജെ.പി.യുടെ ലക്ഷ്യം തങ്ങളുടെ തകര്‍ച്ചയാണെന്ന് സി.പി.എമ്മും അങ്ങനെയല്ല ബി.ജെ.പി. ലക്ഷ്യമിടുന്നത് തങ്ങളെയാണെന്ന് കോണ്‍ഗ്രസും പറയുന്നു. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്

കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പി.യുടെ മെഗാപ്ലാന്‍ എന്നാണ് അനുമാനിക്കേണ്ടത്. ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ നിലവിലുള്ള ഭരണത്തിന്റെ തുടര്‍ച്ചയാവാം അഭികാമ്യം. ബി.ജെ.പി.ക്കറിയാം അവരിവിടെ ഭരണമൊന്നും പിടിക്കാന്‍പോകുന്നില്ലെന്ന്. അതവരുടെ ഇപ്പോഴത്തെ ലക്ഷ്യവുമല്ല. അവരുടെ ലക്ഷ്യം അവരുടെ അടിത്തറ വിപുലമാക്കുകയാണ്. അതിന് കോണ്‍ഗ്രസ് തകരുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് അവര്‍ക്കറിയാം. സി.പി.എമ്മിനെക്കുറിച്ച് അവര്‍ക്ക് വലിയ വേവലാതിയൊന്നുമുണ്ടാവില്ല. ആ പാര്‍ട്ടി ഇതിനകംതന്നെ തകര്‍ച്ചയിലാണ്. They are a declining force. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസ്, അതുകഴിഞ്ഞ് സി.പി.എം. എന്നായിരിക്കും ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍.

കോണ്‍ഗ്രസും ക്ഷയിച്ചുകൊണ്ടിരിക്കയല്ലേ

അതെ. കോണ്‍ഗ്രസ് ഇന്നലത്തെ പാര്‍ട്ടിയാണ്. 1960-കളില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ ക്ഷയം. 1967-ല്‍ എട്ടുസംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. തമിഴ്നാട്ടില്‍ ഇനിയും അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ബി.ജെ.പി. ഇന്നത്തെ പാര്‍ട്ടിയാണ്. ഇന്ന് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാണ് ഞാന്‍ അര്‍ഥമാക്കുന്നത്. നാളത്തെ പാര്‍ട്ടി ഇനിയും ആവിര്‍ഭവിച്ചിട്ടില്ല. ബി.ജെ.പി.യുടെ ക്ഷയവും അധികം വൈകാതെയുണ്ടാവും. രാമക്ഷേത്രവും സി.എ.എ.യു മൊക്കെയായി ആഞ്ഞുപിടിച്ചിട്ടും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 38 ശതമാനം വോട്ടേ കിട്ടിയുള്ളൂ എന്ന് മറക്കരുത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ 80 ശതമാനമുണ്ടായിട്ടും ബി.ജെ.പി.യുടെ പിന്തുണ 38 ശതമാനമേയുള്ളൂ എന്നത് കാണാതിരിക്കരുത്.

ഇ. ശ്രീധരന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ചുകൊണ്ട്്, മനുഷ്യചരിത്രത്തില്‍ സ്മരിക്കപ്പെടുക ടെക്നോക്രാറ്റുകളല്ല എന്ന് താങ്കള്‍ പറഞ്ഞു. ടെക്നോക്രാറ്റുകളല്ല ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് എന്നാണോ അര്‍ഥമാക്കുന്നത്

അതെ. ഐന്‍?ൈസ്റ്റന്‍ പറഞ്ഞിട്ടുണ്ട്. ഒരു മത്സ്യത്തെ വിലയിരുത്തേണ്ടത് അതിന് മരത്തില്‍ കയറാനുള്ള കഴിവുനോക്കിയിട്ടല്ലെന്ന്. മത്സ്യത്തിന്റെ കാര്യത്തില്‍ നോക്കേണ്ടത് നീന്താനുള്ള കഴിവാണ്. ശ്രീധരന് ഭാരതരത്‌നയോ നൊേബല്‍ സമ്മാനമോ കൊടുക്കൂ. എനിക്ക് വിരോധമില്ല. പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. എന്തെങ്കിലും ഒരു പദവിയിലിരുന്നാലേ തങ്ങള്‍ക്ക് പ്രസക്തി യുണ്ടാവുകയുള്ളൂവെന്ന്. ചില സിനിമാനടന്മാര്‍ക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്. സ്വന്തം മേഖലയില്‍ സംഭാവനകള്‍ നല്‍കാനാവുന്നില്ല എന്നുവരുമ്പോഴാണ്, ഒരുതരം അപകര്‍ഷബോധത്തില്‍നിന്നാണ് ഈ ചിന്തയുണ്ടാവുന്നത്. എന്തെങ്കിലും പദവിവേണം, അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇതു വരുന്നത് അപകര്‍ഷബോധത്തില്‍നിന്നാണ്. ആത്മവിശ്വാസക്കുറവാണ് ഇതിനുപിന്നില്‍.

ജോണ്‍ മത്തായിയെപ്പോലൊരാള്‍ ഇന്ത്യയുടെ ധനമന്ത്രിയായിട്ടുണ്ട്. മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയുമായി. അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ നെഹ്രുവും നരസിംഹറാവുവും സോണിയാ ഗാന്ധിയുമൊക്കെ തയ്യാറായതുകൊണ്ടല്ലേ. അവരെ അധികാരത്തിലിരിക്കുന്നവര്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. ജോണ്‍ മത്തായിയെ നെഹ്രു വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കുകയായിരുന്നു. അവരുടെ കഴിവ് മൊത്തം സമൂഹത്തിനും പ്രയോജനപ്പെടണം എന്ന ചിന്തയായിരുന്നു അതിനുപിന്നില്‍. സമാനമായ വീക്ഷണം ബി.ജെ.പി.ക്കും മുന്നോട്ടുവെക്കാം. ഇ. ശ്രീധരന്റെ കഴിവ് മുഴുവന്‍ സമൂഹത്തിനും പ്രയോജനപ്പെടുത്താനായിരുന്നു ഈ നീക്കമെന്ന് അവര്‍ക്കും പറയാമല്ലോ

അതിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണോ വേണ്ടത്? അവര്‍ രാഷ്ട്രീയത്തിലേക്കുവരട്ടെ. അല്ലാതെ നേരെ ഒറ്റയടിക്ക് തിരഞ്ഞെടുപ്പില്‍ നില്‍ക്കുകയല്ല ചെയ്യേണ്ടത്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും നേരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പലരെയും വിളിച്ചുവരുത്തി അവരുടെ കഴിവ് ഉപയോഗിക്കുന്നുണ്ട്. വിദേശകാര്യമന്ത്രിയാക്കിയിരിക്കുന്നത് മുന്‍ വിദേശകാര്യസെക്രട്ടറി ജയ്ശങ്കറിനെയാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പിലേക്കിറക്കുകയല്ല മോദി ചെയ്തത്. അതൊരു അംഗീകാരമാണ്. പക്ഷേ, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊടുന്നനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തത്പരരാവുന്നതിനെയാണ് ഞാന്‍ ആത്മവിശ്വാസക്കുറവ് എന്നുവിളിക്കുന്നത്. ഒരു അധ്യാപകന്‍ എന്ന നിലയില്‍ എനിക്ക് ഞാന്‍ അത്ര പോരെന്നും അധികാരം കിട്ടിയാലേ പ്രസക്തിയുണ്ടാവുകയുള്ളൂവെന്നും തോന്നുന്നിടത്താണ് പ്രശ്‌നം.