മുന്‍കൂട്ടി പ്ലാന്‍ ചെയ്തുള്ള ജീവിതമല്ല തന്റേതെന്ന് നടനും ചലച്ചിത്ര സംവിധായകനുമായ ജോയ് മാത്യു. ജീവിതം മൊത്തം ഡ്രാമാറ്റിക്കാണ്. ചെയ്ത ജോലികളൊക്കെയും ഡ്രാമാറ്റിക്കായിരുന്നു. അങ്ങനെയുള്ള താന്‍ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത് പരമ്പരാഗത രീതിയില്‍ ആവാന്‍ പാടില്ല. നൊസ്റ്റാള്‍ജിയ അല്ല, ചരിത്രമാണ് താന്‍ വില്‍ക്കുന്നത്. അടിയന്തരാവസ്ഥയുക്കു ശേഷം കേരളീയസമൂഹത്തില്‍ ജീവിച്ചുവളര്‍ന്ന ഒരു മനുഷ്യന്റെ കലാപരമായ വളര്‍ച്ചയുടെ ചരിത്രരേഖയാണ് ഈ പുസ്തകം. 

ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ അനുഭവ കുറിപ്പുകളുടെ സമാഹാരമായ പൂനാരങ്ങയുടെ നാടകീയമാവാന്‍ പോവുന്ന പ്രകാശനത്തോടനുബന്ധിച്ച് കെ. മധു(മാതൃഭൂമി ന്യൂസ്)വുമായി സംസാരിക്കുകയായിരുന്നു ജോയ് മാത്യു. 

അക്കാലത്ത് ഞാന്‍ ജനകീയ സാംസ്‌കാരികവേദി പ്രവര്‍ത്തകനാണ്. നാടുഗദ്ദിക നാടകപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിക്കാനായി എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചു. പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയവരില്‍നിന്ന് ഒപ്പു ശേഖരിച്ചു. പട്ടത്തുവിളയുടെ വീടിനു തൊട്ടടുത്താണ് എം.ടിയുടെ വീട്. എംടിയുടെ വീട്ടില്‍പ്പോയി കൂട്ട് അപേക്ഷയില്‍ ഒപ്പിടാമോ എന്നു ചോദിച്ചപ്പോള്‍ നോ എന്നായിരുന്നു മറുപടി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആദ്യമായാണ് ഇക്കാര്യത്തില്‍ ഒരാള്‍ നോ പറയുന്നത്. അപ്പോള്‍ത്തന്നെ മനസ്സില്‍ അദ്ദേഹത്തെ പ്‌രാകി. ഇതൊരു പൊളിറ്റിക്കലായ പ്രശ്‌നമായതു കൊണ്ട് ഒപ്പിടാന്‍ പറ്റില്ലെന്നായി എം.ടി. ഞാനും പ്രേംചന്ദും ഇടവഴിയില്‍നിന്നു കൊണ്ട് എം.ടിയുടെ സാഹിത്യം വളരെ മോശമാണ് അദ്ദേഹം വലിയ എഴുത്തുകാരനൊന്നുമല്ല എന്നൊക്കെ വിളിച്ചുപറഞ്ഞു. പണമില്ലാത്തവന്‍ ബിരിയാണി മോശമാണെന്നു പറയുന്നതുപോലെയായിരുന്നു അത്. നല്ല മനഃസുഖം കിട്ടി.

കാലം കുറെ കഴിഞ്ഞു. എം.ടിയെ വാസ്വേട്ടന്‍ എന്നു വിളിക്കുന്ന തരത്തിലേക്കു ബന്ധം വളര്‍ന്നു. ഞാനൊരു പ്രസാധകനായി. ഒരു പുസ്തകം ചോദിച്ചപ്പോള്‍ രണ്ടു പുസ്തകം തന്നു. ഞാന്‍ ദുബായിയില്‍ ആയിരുന്നപ്പോള്‍ അമ്മമലയാളം എന്ന പരിപാടിക്കു വരുമോ എന്നു ചോദിച്ചു. അപ്പോള്‍ത്തന്നെ വന്നു കഴിഞ്ഞു എന്നായിരുന്നു മറുപടി. 

Poonarangaജീവിതവും കലയും കാലവും ഇഴചേര്‍ന്ന തീക്ഷ്ണമായ അനുഭവക്കുറിപ്പുകള്‍. മാരകമായ രാഷ്ട്രീയവേനല്‍ ഇന്ത്യയെ പൊള്ളിച്ച എഴുപതുകള്‍ക്കു ശേഷമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പശ്ചാത്തലം രൂപപ്പെടുത്തിയ ഒരു വ്യക്തിയെ ഈ കുറിപ്പുകളില്‍ കാണാം. ഓഷോയും പാബ്ലോ നെരൂദയും മാരിയോ ഫ്രാറ്റിയും എം.ടി. വാസുദേവന്‍ നായരും പട്ടത്തുവിളയും ജോണ്‍ എബ്രഹാമും പുനത്തില്‍ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും കെ. ജയചന്ദ്രനും സുരാസുവും മധുമാഷും മറ്റുപലരും ഈ ഓര്‍മകളില്‍ കടന്നുവരുന്നു. 

വില: 150.00
പുസ്തകം വാങ്ങാം

ഓഷോയെ കണ്ട ജോയ്

അക്കാലത്ത് ഞാന്‍ ഓഷോയെ കാണാന്‍ പോയി. ജീവിതത്തില്‍നിന്നു രക്ഷപ്പെടാനുള്ള ഓരോ മാര്‍ഗങ്ങള്‍ നോക്കിപ്പോവുകയാണ്. ഓഷോയെ നേരിട്ടുകണ്ട അപൂര്‍വ്വം വ്യക്തികളിലൊരാണ് ഞാനെന്ന് അഹങ്കാരത്തോടെതന്നെ പറയട്ടെ. ഹൗ ടു സേ നോ എന്ന വിഷയത്തിലായിരുന്നു അന്ന് ഓഷോയുടെ പ്രഭാഷണം. നോ എന്നു പറയാന്‍ കഴിയുന്നതാണ് ഒരാളുടെ വിജയം. യെസ് എന്ന് നിങ്ങള്‍ക്ക് ആരോടും പറയാം. 

പുനത്തിലിന്റെ പറ്റിക്കല്‍

പുനത്തില്‍ കുഞ്ഞബ്ദുള്ള അടിസ്ഥാനപരമായി ഒരു പറ്റിക്കല്‍ പരിപാടിയുടെ അടിമയാണ്. അദ്ദേഹം അതില്‍ അകപ്പെട്ടുപോയി. പറ്റിക്കാന്‍ വേണ്ടിയിട്ടല്ലെങ്കിലും ഒരാള്‍ വാക്ക് മാറുമ്പോള്‍ മറ്റൊരുപാടു പേരുടെ വാക്കുകളും സ്വപ്‌നങ്ങളും ജീവിതവുമാണ് ബാധിക്കുന്നത്. 

ഞാന്‍ ഗുണ്ടയായ കഥ

നാടകപ്രവര്‍ത്തകന്‍ ജയപ്രകാശ് കുളൂരിന്റെ ചേട്ടന്‍ ഗോവയിലാണ്. ചേട്ടന്‍ കൂടി വന്ന് ഒപ്പിട്ടാലേ ഇവിടത്തെ ഒരു ബാങ്കില്‍നിന്ന് വായ്പ കിട്ടൂ. ചേട്ടനാകട്ടെ സന്ന്യാസതുല്യമായ ജീവിതമാണ് അവിടെ നയിക്കുന്നത്. ശരിക്കുള്ള സന്ന്യാസിയൊന്നുമല്ല. കള്ളസന്ന്യാസി. ഇയാളെ ബലമായി പിടിച്ചു കൊണ്ടുവരാന്‍ ഒരാളു വേണം. അന്ന് ഞാന്‍ നല്ല ചോരത്തിളപ്പുള്ള രൂപം. എന്നോട് കുളൂര്‍ പറഞ്ഞു, നീ ഗുണ്ടയായി വരണം. ഒരു നാടകത്തിനുവേണ്ടി തല മൊട്ടയടിച്ച സമയമാണ്. നല്ല ഗുണ്ട ലുക്ക്.  ഒ.കെ. രാമദാസ് എന്ന പേരിലാണ് പോകുന്നത്. അവിടെയെത്തിയപ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞു, ഇയാള്‍ കോഴിക്കോട്ടെ വലിയ ഗുണ്ടയാണ്. കൂടെവന്നില്ലെങ്കില്‍ പിടിച്ചു കൊണ്ടുപോകും. വരാമെന്നായി ചേട്ടന്‍. പക്ഷെ, കൂടെയൊരു പെട്ടിയുണ്ട്. നല്ല കനപ്പെട്ട പെട്ടി. അത് ഞാനെടുത്തു. ഗോവയില്‍നിന്ന് മംഗലാപുരം വഴി കോഴിക്കോട്ടെത്തുംവരെ പെട്ടി ചുമന്നു. പെട്ടിയില്‍ പൊന്നായിരിക്കുമെന്നു ഞാന്‍ ജയപ്രകാശിനോടു പറഞ്ഞു. കോഴിക്കോട്ടെത്തി ഉച്ചയായപ്പോള്‍ ജയപ്രകാശ് വിളിച്ചു വീട്ടിലേക്കു വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ പെട്ടിയിലുള്ളത് കരിങ്കല്ല്. ജയപ്രകാശിന്റെ ചേട്ടന്‍ അപ്പോള്‍ പറഞ്ഞു, ഹും.... എടാ ഗുണ്ടേ, കളി എന്നോടാണോ?