1980-കളുടെ ആദ്യവർഷങ്ങളിലൊന്നിൽ, വടക്കൻ ഇംഗ്ലണ്ടിൽ റോമൻ കത്തോലിക്ക സന്ന്യാസിമാർ നടത്തുന്ന സ്കൂളിലേക്ക് ഇപ്പോഴത്തെ ദലൈലാമ കടന്നുചെന്നു. മെറൂൺ വസ്ത്രവും കുറ്റി മുടിനിറഞ്ഞ ശിരസ്സും ഹിമാലയത്തിന്റെ ഭംഗിയുള്ള ചിരിയുമായി വന്ന ടിബറ്റൻ സന്ന്യാസിമുഖ്യനെ എല്ലാവരും കൺനിറയെ കണ്ടുനിന്നു; അദ്ദേഹത്തിന്റെ ഭാഷണം കേട്ടു. പതിനാറുവയസ്സുകാരനായ പാട്രിക് ഫ്രഞ്ച് എന്ന വിദ്യാർഥിയിൽ ലാമയുടെ ഈ സന്ദർശനം ആഴത്തിൽ പതിഞ്ഞു. അന്നാണ് അവൻ ആദ്യമായി ടിബറ്റിനെക്കുറിച്ചും ആ ദേശത്തിന്റെ സംസ്കാരത്തെക്കുറിച്ചും അവരുടെ സഹനങ്ങളെക്കുറിച്ചും പലായനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്.

പിന്നീട് പാട്രിക്കിൽനിന്ന് ഒരിക്കലും ടിബറ്റ് പൊഴിഞ്ഞുപോയില്ല. വായനയിലൂടെ അയാൾ ആ ദേശത്തിന്റെ ഉള്ളടരുകളിലേയ്ക്ക് പ്രവേശിച്ചു: കാലത്തിനും ഭൂമിശാസ്ത്രകല്പനകൾക്കുമെല്ലാമപ്പുറം ഉള്ളകന്ന്, ആധുനിക മനുഷ്യൻ സ്പർശിക്കുക കൂടിച്ചെയ്യാത്ത ഇടം; സ്വപ്നങ്ങളും ധ്യാനവും പൂക്കുന്ന ആകാശം; മനുഷ്യന് അഗമ്യമായ മലമ്പാതകളിൽ  കാറ്റിനൊപ്പം നീലച്ചെമ്മരിയാടുകൾ മേയുന്ന പർവതസാനുക്കൾ; ഷെർലക് ഹോംസ് ഒളിവിൽപ്പാർക്കാൻ പോയ അടഞ്ഞ സ്ഥലം; വെണ്ണയൊഴിച്ച ചെരാതുകൾ എരിയുന്ന വിഹാരങ്ങൾ, നമസ്കരിച്ചുനീങ്ങുന്ന സന്ന്യാസി സംഘങ്ങൾ... അവയിലെല്ലാം അവന്റെ മനസ്സും അലഞ്ഞു, അലിഞ്ഞു. 

19-ാം വസസ്സിൽ അയാൾ ഒടുവിൽ തന്റെ സ്വപ്നത്തിലുള്ള രാജ്യത്ത് കാലുകുത്തി. ലാസ മുതൽ കൈലാസം വരെ അജ്ഞാതനായി സഞ്ചരിച്ചു. ഒരു ദേശത്തിന്റെ സഹനങ്ങൾ അവിടത്തെ സാധാരണക്കാരായ ജനങ്ങളിൽനിന്നുതന്നെ കേട്ടറിഞ്ഞു. തിരിച്ചെത്തിയ പാട്രിക് ഫ്രഞ്ച് തന്റെ പ്രിയപ്പെട്ട ദേശത്തെക്കുറിച്ച് ഒരു പുസ്തകമെഴുതി: Tibet,Tibet-A Personal History of a Lost Land. തന്റെ ജീവിതത്തേയും മഹത്തായ ആ കൃതിയേയും കുറിച്ച് അദ്ദേഹം വാരാന്തപ്പതിപ്പിനോട് സംസാരിക്കുന്നു.

താങ്കൾ ടിബറ്റിനെക്കുറിച്ച് പുസ്തകമെഴുതി. ആ ദേശത്തിലൂടെ പലവട്ടം യാത്രചെയ്തു. ആ നാട്ടുകാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി... എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇത്ര പ്രിയം... ?

എല്ലാവരുടെയുള്ളിലും ഒരു ടിബറ്റ് ഉണ്ട്. വിശുദ്ധവും വിദൂരവും ആയ, ഒളിച്ചോടാൻ സാധിക്കുന്ന ഒരിടം. ഭൂമിശാസ്ത്രപരമായി മാത്രമല്ല ഞാനിത് പറയുന്നത്. ചിലർക്കത് സംഗീതമാവാം, മറ്റുചിലർക്ക് ഉപവാസം, അതുമല്ലെങ്കൽ മയക്കുമരുന്ന്, പ്രാർഥന. എന്തായാലും ഉള്ളിൽ അങ്ങനെ ഒരിടമുണ്ട്. എന്നിലും അതുണ്ടായിരുന്നു. അതിന് പുറമെ ടിബറ്റ് എന്ന നാടിന്റെ ലാളിത്യവും സംസ്കാരവും മതസങ്കല്പങ്ങളും മോഹിപ്പിക്കുന്ന ഭൂപ്രകൃതിയും... അതെല്ലാം എന്നിലെ കാല്പനികനെ അങ്ങോട്ട് ആകർഷിച്ചടുപ്പിച്ചു. 

അന്വേഷകർക്കുമുന്നിൽ  ടിബറ്റ്  ഒരു നിഗൂഢഗ്രന്ഥമാണ് ഇന്നും. വിനോദസഞ്ചാരികൾ ‘കാണാൻ പാടുള്ളവ’ മാത്രം കാണാൻ വിധിക്കപ്പെട്ടവരും. എന്താണ് ആ രാജ്യത്ത് സംഭവിക്കുന്നത്... ?

1949-ൽ ചൈന ആഭ്യന്തരയുദ്ധം വിജയിച്ചു. തങ്ങൾക്ക് അവകാശപ്പെട്ടത് എന്നുതോന്നിയ പ്രദേശങ്ങളെല്ലാം അവർ പിടിച്ചെടുത്തപ്പോൾ  ടിബറ്റും അതിൽപ്പെട്ടു. അന്ന് യുവാവായിരുന്ന ദലൈലാമയ്ക്ക് ടിബറ്റ് കാര്യങ്ങളുടെ അധികാരം ചൈന നൽകി. മാവോയും സംഘവും നന്മയും വികസനവും കൊണ്ടുവരുമെന്ന് അവർ 10 വർഷത്തോളം വിശ്വസിച്ചു. തങ്ങളെ കടന്നാക്രമിച്ചവർക്കൊപ്പം പ്രതീക്ഷയുടെ പത്തുവർഷങ്ങൾ തള്ളി നീക്കേണ്ടിവന്നു. ഈ പത്തുവർഷം ഇപ്പോൾ എഴുതപ്പെടുന്ന ചരിത്രത്തിൽ ഉണ്ടായി എന്നുവരില്ല.

1959 മുതൽ അക്രമം തുടങ്ങുകയാണ്. പുരാതന വിഹാരങ്ങൾ തകർത്തു, സാമൂഹികസംവിധാനങ്ങളും സങ്കല്പങ്ങളും ഉടച്ചെറിഞ്ഞു. കിഴക്കൻ ടിബറ്റിലെ ജനങ്ങൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ഇവ. അവർ പ്രക്ഷോഭം തുടങ്ങി. ദലൈലാമയ്ക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇന്നും ആ സംഘം ഇന്ത്യയിൽ അഭയാർഥികളെപ്പോലെ കഴിയുന്നു. ഇതിനിടെ എത്രയോ തലമുറകൾ പിറന്നു. അവർക്കെല്ലാം മാതൃരാജ്യം ഒരിക്കലും കാണാൻ കഴിയാത്ത വിദൂര സ്വപ്നഭൂമിയാണ്. അന്ന് പലായനം ചെയ്ത് വന്നവരിൽപ്പലരും ഒരിക്കൽക്കൂടി സ്വദേശം കാണാൻ ഭാഗ്യമില്ലാതെ മരിച്ചു. ഇന്നും ടിബറ്റിൽ സ്വതന്ത്രമായ സഞ്ചാരങ്ങൾ സാധ്യമല്ല.


എങ്ങനെയായിരുന്നു താങ്കളുടെ യാത്രകൾ...?

ആദ്യയാത്രയുടെ സമയത്ത് ഞാൻ വിദ്യാർഥിയായിരുന്നു.  രണ്ടാമത്തെ പ്രാവശ്യമാവുമ്പോഴേക്കും ബ്രിട്ടനിലെ ടിബറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ടിബറ്റൻ പോരാട്ടങ്ങളുടെ പങ്കാളിയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അതീവ രഹസ്യമായാണ് രണ്ടാമതു പോയത്. പിടിക്കപ്പെട്ടാൽ പുറംലോകം കാണില്ല എന്നുള്ളതുകൊണ്ട് സ്ഥിരം ബന്ധങ്ങൾ ഒന്നും ഉപയോഗിക്കാതെയാണ് അത്തവണ ഞാൻ ടിബറ്റിലെത്തിയത്. രാഷ്ട്രീയ പിടിമുറുക്കങ്ങൾ താരതമ്യേന കുറഞ്ഞ സിഹുനിൽ തുടങ്ങി 2,500 മൈൽ യാത്ര ചെയ്തു- പർവതങ്ങളും പീഠഭൂമികളും പുൽമേടുകളും കടന്ന് സാധാരണ ബസിലും ട്രക്കിലുമൊക്കെയായി. ദലൈലാമയുടെ ജന്മഗ്രാമമായ ടക്ട്‌സർ വഴി, പഴയ വ്യാപാര പാതകളിലൂടെ കൈലാസം വരെ! തിരിച്ച് നാട്ടിൽ എത്തിയപ്പോഴാണ് തിരിച്ചെത്തി എന്ന് ഞാൻ പോലും വിശ്വസിച്ചുള്ളൂ.

50 വർഷത്തിലധികമായി തുടരുന്ന ദലൈലാമയുടെ പ്രതിരോധം ഫലം കാണുമോ... ?

പ്രായമായിക്കൊണ്ടിരിക്കുന്ന ദലൈലാമ ഭൂമിക്ക് കുറുകെ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, തന്റെ രാജ്യത്തിന് സഹതാപവും ആദരവും ലഭിക്കാൻ. എന്നാൽ ഈ വിഷയത്തിൽ ലോകരാജ്യങ്ങളുടെ രാഷ്ട്രീയ പിന്തുണനേടാൻ അദ്ദേഹത്തിന് സാധിക്കുന്നുമില്ല. തന്റെ ഈ നയതന്ത്രത്തിൽ അതൃപ്തരായ ഒരു യുവജനവിഭാഗം വളർന്നുവരുന്നുണ്ട് എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. പരിഹാരം കാണാൻ എല്ലാവരേയും വിളിച്ച് ധർമശാലയിൽ അവർ ഒത്തുകൂടുകയും ചെയ്തു. എന്നിട്ടും കാര്യമായ ഫലമൊന്നുമുണ്ടായില്ല.

ധർമശാലയും ഇന്നേറെ മാറി. അവിടെയുണ്ടായിരുന്ന എന്റെ പല സുഹൃത്തുക്കളും മരിച്ചു, പലരും ഏതൊക്കെയോ ദേശങ്ങളിലേയ്ക്ക് കുടിയേറി. സന്ന്യാസിമാർ വിഹാരങ്ങൾ ഒഴിഞ്ഞുപോയി. സംഘടനകൾ തകർന്നു. പ്രധാനകാരണം പണമില്ലായ്മയും അന്തഃഛിദ്രവും തന്നെ. പിന്നെ ജീവിതസൗകര്യങ്ങളില്ലായ്മയും മദ്യത്തിലേക്കും മയക്കുമരുന്നുകളിലേക്കുമുള്ള തിരിച്ചുപോക്കും.

ചൈന ധർമശാലയുടെ കാര്യത്തിൽ ഇന്ത്യക്കുമൽ വലിയ സമ്മർദം ചെലുത്തുന്നുണ്ട്. പക്ഷേ, ദലൈലാമയോടുള്ള ഈ രാജ്യത്തിന്റെ ആദരവുകാരണം ഒന്നും നടക്കുന്നില്ല എന്നുമാത്രം.  അദ്ദേഹത്തിന്റെ കാലശേഷം എല്ലാ പ്രതിഷേധങ്ങളും അണയും. വിശുദ്ധിയുടെ ടിബറ്റ് നമുക്ക് നഷ്ടപ്പെടും.


ബ്രിട്ടനിൽനിന്നാണ് താങ്കൾ ടിബറ്റിലേക്കെത്തിയത്. രണ്ടു സമൂഹങ്ങളും തമ്മിൽക്കണ്ട പ്രകടമായ വ്യത്യാസങ്ങൾ... ?

തെക്കൻ ഇംഗ്ലണ്ടിലെ ആധുനികമായ ഒരു ഷോപ്പിങ്‌മാളിൽ നിൽക്കുകയായിരുന്നു ഞാൻ. ഷോപ്പിങ്‌ ചെയ്യുന്നവരുടെ സ്വർഗത്തിൽ. എന്നാൽ ഞാൻ അവിടെക്കണ്ട ആളുകളിലാരുടേയും മുഖങ്ങൾ സംതൃപ്തമല്ലായിരുന്നു. എന്നാൽ ടിബറ്റിൽ ബാർലി വയലുകളുടെ ഓരത്ത്, പ്രഭാതക്കൊയ്ത്തുകഴിഞ്ഞ്, വിശ്രമിച്ച് ചിരിച്ചുല്ലസിക്കുന്ന സ്ത്രീ പുരുഷന്മാർ; അവരുടെ വലിയ വട്ടത്തൊപ്പികൾ; വീണ്ടും വീണ്ടും ഉയരുന്ന അവരുടെ ചിരികൾ... ബ്രിട്ടനിൽ മനുഷ്യർക്ക് ചുറ്റും എല്ലാമുണ്ട്, സംതൃപ്തിയൊഴിച്ച്. ടിബറ്റിലാണെങ്കിൽ നേരെ തിരിച്ചും. 

നൊബേൽ സമ്മാനജേതാവായ വി.എസ്. നയ്പാളിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ കൂടിയാണ് താങ്കൾ. ആളുകളെ അധികം അടുപ്പിക്കാത്ത നയ്പാളിന്റെ ജീവിതമെഴുത്ത് വെല്ലുവിളിയായിരുന്നോ... ?

ഞാനും നയ്പാളിനെപ്പറ്റി അങ്ങനെയാണ് മനസ്സിലാക്കിയിരുന്നത്. പുസ്തകരചനയ്ക്കുവേണ്ടി 20തവണ ഞങ്ങൾ ദീർഘമായ കൂടിക്കാഴ്ചകൾ നടത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇരുന്നാണ് അവ നടത്തിയത്. അപ്പോഴാണ് ഒരു കാര്യം മനസ്സിലാവുന്നത് നയ്പാൾ ഏതെങ്കിലും ചില ദേശക്കാർക്കുമാത്രം പ്രിയപ്പെട്ട എഴുത്തുകാരനല്ല. ലോകം മുഴുവൻ അദ്ദേഹത്തെ അറിയാം. പിന്നെ പെരുമാറ്റത്തിന്റെ കാര്യം: നിങ്ങളുടെ ആവശ്യത്തിനും ആത്മാർഥതയ്ക്കും അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുള്ള ഇടപെടലും. ആരുടെ മുന്നിലായാലും സമയം കളയാൻ ഇരുന്നുകൊടുക്കുന്നയാളല്ല നയ്പാൾ.

ഇന്ത്യയിലൂടെ താങ്കൾ നിരന്തരം സഞ്ചരിച്ചു. ഇന്ത്യയെക്കുറിച്ചും പുസ്തകം എഴുതി. ഞങ്ങളുടെ രാജ്യത്തെ എങ്ങനെ കാണുന്നു... ?

എത്ര തവണ കണ്ടാലും എത്രമാത്രം പഠിച്ചാലും ഇന്ത്യ എന്ന അത്ഭുതം തീരുന്നില്ല. എണ്ണിയാൽത്തീരാത്തത്ര വൈവിധ്യങ്ങൾ ഒറ്റ രാജ്യമായി നിലനിൽക്കുന്നു എന്നതാണ് ഇന്ത്യയെ ഏറ്റവും വലിയ അത്ഭുതമാക്കുന്നത്. ഇതിന് രണ്ട് കാരണങ്ങളാണ്: ഒന്ന് ഈ രാജ്യത്തിന്റെ അത്ഭുതകരമായ ഭരണഘടന. അതെല്ലാവർക്കും തുല്യനീതിയും തുല്യാവസരവും നൽകുന്നു. അതെത്രമാത്രം യാഥാർഥ്യമാവുന്നു എന്ന ചോദ്യമുണ്ട്. 

എങ്കിലും, ഈ ഭരണഘടന അപാരമായ ജനാധിപത്യബോധം ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്നുണ്ട്. രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ കാര്യം ഈ രാജ്യത്തിന്റെ പുരാതന പൈതൃകമാണ്. വിശ്വാസങ്ങൾ, ആരാധനാലയങ്ങൾ, ആചാരങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവയെല്ലാം ഈ രാജ്യത്തെ ചേർത്തുനിർത്തുന്നു. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ത്യക്കാരെ അത് പരസ്പരം ചേർത്തുപിടിക്കുന്നു. 


ഇപ്പോൾ താങ്കൾ എന്താണ് എഴുതുന്നത്.. ?

നോബേൽ സമ്മാനജേതാവായ എഴുത്തുകാരി ഡോറിസ് ലെസ്സിങ്ങിന്റെ ജീവചരിത്രം