ലയാള സാഹിത്യത്തിനും സിനിമാലോകത്തിനും  ചിരപരിചിതമായ മുഖമാണ് ബിപിന്‍ ചന്ദ്രന്‍. 1983യും പാവാടയും ബെസ്റ്റ് ആക്ടറും പോലുള്ള മികച്ച സിനിമകളുടെ തിരക്കഥാകൃത്തായ ബിപിന്‍ ചന്ദ്രന്‍, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കപ്പിത്താന്റെ ഭാര്യ എന്ന മനോഹരമായ നോവലുമായി സാഹിത്യലോകത്തേക്കും ചുവട് വച്ചിരിക്കുകയാണ്. പുതുതലമുറയിലെ എല്ലാ കലാകാരന്മാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ബിപിന്‍ ചന്ദ്രന്‍ എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുന്നു.

കപ്പിത്താന്റെ ഭാര്യ മനോഹരമായ ഒരു ആഖ്യായിക കൂടിയാണ്. ഒരു ദേശ കഥയായി അതിനെ ഇനിയും വിപുലപ്പെടുത്താമായിരുന്നെങ്കിലും കൃത്യം കഥയില്‍ അതിനെ സ്ഥാപിച്ചത് എന്തുകൊണ്ടാണ്? ഇനിയും എത്ര വായിച്ചാലും ആ കഥ മുഷിയില്ല എന്നതാണ് വാസ്തവം

bipin
പുസ്തകം വാങ്ങാം

കപ്പിത്താന്റെ ഭാര്യ അങ്ങനെ കൃത്യമായ ഒരു പദ്ധതിയുടെ അടിസ്ഥാനത്തില്‍ എഴുതിയ ഒന്നല്ല. നോവലില്‍ പ്രതിപാദിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം ഞാന്‍ കണ്ടുപരിചയിച്ച സ്ഥലങ്ങളാണ്. ബാല്യത്തിന്റെ ഭാഗമായിരുന്ന സ്ഥലങ്ങളെന്നുതന്നെ പറയാം. അതുകൊണ്ടു തന്നെ ആ ഇടങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ അതിനെ ഇത്ര വലിപ്പത്തിലേക്ക് പരിമിതപ്പെടുത്താമെന്നോ വിപുലീകരിക്കാമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. സത്യത്തില്‍ പേന ഉപയോഗിച്ച് എഴുതുന്ന ഒരാളാണ് ഞാനിപ്പോഴും. അങ്ങനെ എഴുതാനാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഈ നോവല്‍ എഴുതുന്ന സമയത്ത് ആരോഗ്യപരമായ പ്രശ്ങ്ങളാല്‍ ഇരുന്നെഴുതാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ വോയിസ് റെക്കോര്‍ഡ് ചെയ്ത്, അത് ഒരാളെക്കൊണ്ട് ഡി.ടി.പി ചെയ്ത് പ്രൂഫ് നോക്കിയാണ് മുഴുവനാക്കിയത്. ഒരുപക്ഷെ അത്തരമൊരു സ്‌ട്രെയിനില്‍ഇരുന്നുള്ള എഴുത്തായിരുന്നതിനാല്‍കൂടിയാകാം നോവല്‍ ചുരുക്കി എഴുതിയത്. എങ്കിലും ഇപ്പോള്‍ മാറിയിരുന്ന് നോവലിനെ നോക്കുമ്പോള്‍ ഒരുപക്ഷെ സംഭവിച്ചത് അങ്ങനെയുമാകാം എന്നേ കരുതാനാവൂ. എഴുത്തെന്ന് പറയുന്നത് മനസ്സിലുള്ളൊരു കഥയെ പുറത്തേക്ക് വിടാനുള്ള ഒരു ത്വരയാണല്ലോ, വായനയാണെങ്കില്‍ നേരെ തിരിച്ചും. വായിക്കുമ്പോള്‍ കൂടുതല്‍ തലങ്ങളിലേക്ക് അത് കടക്കുന്നു. എഴുത്തെന്നത് പറയാനുള്ളത് പറഞ്ഞുതീര്‍ക്കുക എന്നതല്ലേ. 

എഴുത്തില്‍ കൂടുതല്‍ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരീക്ഷണങ്ങള്‍  പാശ്ചാത്യസാഹിത്യത്തിലും തുടര്‍ന്ന് മലയാളത്തിലും പ്രബലമാവുകയുണ്ടായി. ആശയത്തെക്കാള്‍ ക്രാഫ്റ്റിങ്ങിലെ സങ്കേതങ്ങള്‍ എത്രത്തോളം ഒരു സാഹിത്യസൃഷ്ടിയെ പ്രോജ്വലമാക്കും എന്നാണ് കരുതുന്നത്? ആശയം എന്നത് അവതരണരീതിയിലും ക്രാഫ്റ്റിങ്ങിലും ഭാഷയിലും ഘടനയിലും കൃത്യമായി മേളിക്കുമ്പോഴാണ് രൂപഭദ്രതയുള്ള മികച്ച സൃഷ്ടികള്‍ ഉണ്ടാകുന്നതെന്ന വാദത്തെ എങ്ങനെ നോക്കിക്കാണുന്നു

രൂപഭദ്രതയും ആശയവും എന്നൊക്കെ പറഞ്ഞുള്ള ചര്‍ച്ചകള്‍ കാലങ്ങളായി നിരൂപകരും എഴുത്തുകാരും വായനക്കാരുമെല്ലാം ചേര്‍ന്ന് നടക്കുന്ന ഒന്നാണ്. എന്റെ അഭിപ്രായത്തില്‍ ആശയവും രൂപഭദ്രതയും  പരസ്പരപൂരകമാണ്. ഫോമും കണ്ടന്റും നല്ല സൃഷ്ടികളിലൊക്കെ വേര്‍തിരിക്കാനാവാത്ത വിധം ഒന്നു ചേര്‍ന്നിരിക്കുന്നത് കാണാം. ആശയം തന്നെയാണ് അവതരണത്തെ നിര്‍ണയിക്കുക എന്നൊരു അഭിപ്രായമുണ്ടല്ലോ. ഒരു സാഹിത്യകൃതിയുടെ മൂല്യത്തെ ഇതില്‍ ഏതിനെയെങ്കിലും മാറ്റിനിര്‍ത്തിക്കൊണ്ട് പരിശോധിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഭാഷയും രചനാതന്ത്രവും ശൈലിയും ആശയവും എല്ലാം നൗഷാദ് ഇക്കയുടെ മട്ടണ്‍ ബിരിയാണിയിലെ ചോറും മട്ടണും മസാലയും പോലെയാണെന്ന് പറയാം. അതെല്ലാം  കൃത്യം അളവിലും അനുപാതത്തിലും ചേര്‍ന്നാലല്ലേ ബിരിയാണി എന്ന് അതിനെ  വിളിക്കാന്‍ പറ്റൂ. അല്ലാതെ ചിക്കന്‍ വേറെ ചോറ് വേറെ ചാറു വേറെ എന്ന പരുവത്തില്‍ ഒറ്റക്ക് ഒറ്റക്ക്  ഡാന്‍സ് കളിച്ചാല്‍ അതെങ്ങനെ നല്ല ബിരിയാണിയാകും?  സാഹിത്യമെന്നത് ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഒരു നനുത്ത കര്‍ട്ടന്‍കൊണ്ട് മാത്രം വേര്‍തിരിച്ച പൊതുയിടമാണ്, എല്ലാത്തിനും ഒരുപോലെ പ്രധാന്യം കിട്ടേണ്ട ഇടം. കാറ്റത്ത് കര്‍ട്ടന്‍ പറക്കുമ്പോള്‍ വേര്‍തിരിച്ച അഴകളവുകളെല്ലാം പരസ്പരം കലരുന്ന, ഇഴ ചേരുന്ന, ഇണ ചേരുന്ന ഒരു പൊതുയിടം. അല്ലാതെ കന്മതില്‍കൊണ്ട് മറച്ച, പരസ്പരബന്ധമില്ലാത്ത, വിഭിന്ന ഇടങ്ങളല്ല ഇതൊന്നും. ആശയം ശക്തമാകുന്നത് അവതരണം ഗംഭീരമാകുമ്പോഴാണ്. അവതരണം ഗംഭീരമാക്കാന്‍ മികച്ച ഭാഷയും അവസരോചിതമായ ശൈലിയുമെല്ലാം ആവശ്യമാണ്. ചുരുക്കത്തില്‍ കലയില്‍ രൂപവും ആശയവും ഒരുപോലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന, പരസ്പരംതിളക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്. ഡിസൈന്‍ എന്ന  വിശാലമായ പരികല്പനയാകും ഇതിനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും നല്ലത്.

ബിപിന്‍ ചന്ദ്രനെന്ന എഴുത്തുകാരനോടൊപ്പം തിരക്കഥാകൃത്തായും അതിലും ഉപരി പുസ്തകങ്ങളില്‍ ജീവിക്കുന്ന വ്യക്തിയായുമൊക്കെ ഏവരും അത്രയും ഇഷ്ടപ്പെടുന്നു.  വായനയിലേക്ക് തിരിയാനുള്ള അന്തരീക്ഷം എങ്ങനെയായിരുന്നു     

ചില മനുഷ്യര്‍ വൈദികരാകുന്നു, ചിലര്‍ വേശ്യകളാകുന്നു, ചിലര്‍ ഡോക്ടര്‍മാകുന്നു, ചിലര്‍ എന്‍ജിനീയര്‍മാരാകുന്നു, ചിലര്‍ നടന്മാരാകുന്നു. അതുപോലെ ചിലര്‍ വായനക്കാരും എഴുത്തുകാരുമായൊക്കെയായി മാറുകയല്ലേ ചെയ്യുന്നത്. വായനക്ക്  അങ്ങനെയൊരു പാരമ്പര്യമൊന്നും ഇല്ലായിരുന്നു. പൊന്‍കുന്നം പോലുള്ള ഒരു നാട്ടിന്‍പുറത്ത് ജീവിച്ചുവന്ന ഏതൊരു സാധാരണ കുട്ടിയുടെയും സാധ്യതകളേ എനിക്കുമുണ്ടായിരുന്നുള്ളൂ. അതല്ലാതെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയില്‍ ജീവിച്ച കുട്ടിയുടേതുപോലുള്ള സംഭവബഹുലജീവിതമൊന്നുമായിരുന്നില്ല എന്റേത്. ഇന്ന കാരണംകൊണ്ടാണ് ഞാനൊരു വായനക്കാരനായത് എന്ന മട്ടില്‍ എടുത്തുപറയത്തക്കതായി ഒന്നുമില്ല. പഠിപ്പിച്ച ചില അധ്യാപകരും  ബന്ധുക്കളും  സുഹൃത്തുക്കളും ഒക്കെയാകാം വായനയുടെ താല്പര്യത്തിലേക്ക് മനസ്സിനെ തള്ളിവിട്ടത്. പില്‍ക്കാലത്ത് പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ കിട്ടുന്ന ആനന്ദത്തെ ആസ്വദിക്കാന്‍ ആരംഭിച്ചപ്പോള്‍ അതൊരു ജീവിതചര്യയായി മാറി എന്നേയുള്ളൂ. 

പുസ്തകകളക്ഷനിലേക്ക് ശ്രദ്ധ തിരിഞ്ഞത് കോളജില്‍ പഠിക്കുന്ന കാലത്താണ്. അതിന് മുന്‍പ് മറ്റേത് വീട്ടിലെയുമെന്നതുപോലെ ഏതാനും പുസ്തകങ്ങളുള്ള ഒരു വീടായിരുന്നു എന്റേത്. കോളജില്‍  എത്തിയപ്പോഴാണ് കൂടുതല്‍ പുസ്തകങ്ങളിലേക്ക് തിരിഞ്ഞത്.. അപ്പോള്‍മുതല്‍ ഉറുമ്പ് അരിമണി കൂട്ടുമ്പോലെ പുസ്തകങ്ങള്‍ ശേഖരിച്ചു. ഞാന്‍ വളരുന്ന കൂട്ടത്തില്‍ എന്റെ പുസ്തകങ്ങളുടെ എണ്ണവും വളര്‍ന്നു. ജോലിയൊക്കെ കിട്ടിയപ്പോഴും, ഇപ്പോഴും സമ്പാദ്യത്തിലെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് പുസ്തകങ്ങള്‍ക്ക് വേണ്ടിത്തന്നെയാണ്. കാര്‍ന്നോര് ഉണ്ടാക്കിയതില്‍ കൂടുതലൊന്നും അതുകൊണ്ടുതന്നെ ഞാന്‍ ഉണ്ടാക്കിയിട്ടുമില്ല.  അതില്‍ യാതൊരു കുറ്റബോധവുമില്ല എന്നതാണ് സത്യം. പുസ്തകങ്ങളെ ഭംഗിയായി അടുക്കിവെക്കുമ്പോഴും പിന്നെയും മറിച്ചുനോക്കുമ്പോഴും കിട്ടുന്ന ആനന്ദംതന്നെയാണ് അതിന്റെ ബോണസ്. കൂടാതെ പലര്‍ക്കും ഇതൊരു ഉപയോഗപ്രദമായ ഇടംകൂടിയാണ്. ആര്‍ക്കും ഉപകരിക്കാത്ത ലൈബ്രറി പിശുക്കന്റെ നാണയം പോലെയാണല്ലോ. നിരന്തരമായ വായനകളും ചര്‍ച്ചകളും സംഭവിക്കുമ്പോഴാണ് ലൈബ്രറി എന്ന ഇടം ജീവസ്സുറ്റതാകുന്നത്. എങ്കിലും പുസ്തകങ്ങള്‍ക്ക് ഒരു വീടുണ്ടാക്കുക എന്നത് പ്രധാനമാണല്ലോ. നമുക്കൊരു വീട് പോലെയാണ് അവര്‍ക്കും ഒരു വീട്. പൊടി പിടിക്കാതെ, ചിതല്‍ തിന്നാതെ, പൊടിഞ്ഞുപോകാതെ അതിനെ സൂക്ഷിക്കുക വലിയ ശ്രദ്ധയും അധ്വാനവും വേണ്ട കാര്യമാണ്.  

വായനയുടെ ബാഹുല്യം സ്വന്തം രാഷ്ട്രീയനിലപാടിനെ സ്വാധീനിച്ചിട്ടുണ്ടോ? അതോ, വായനക്കപ്പുറം രാഷ്ട്രീയം സൂക്ഷിക്കുന്ന/ അല്ലെങ്കില്‍ അരാഷ്ട്രീയത പിന്തുടരുന്ന ഒരാളാണോ

രാഷ്ട്രീയബോധം ഉടലെടുക്കുന്നത് നമ്മുടെ വായനയിലൂടെയും നമ്മള്‍ ഇടപെടുന്ന സമൂഹത്തിലൂടെയും മനുഷ്യരിലൂടെയും കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളിലൂടെയും ഒക്കെയാണല്ലോ. മതം പോലെയാണ് പലപ്പോഴും രാഷ്ട്രീയവും. ജനിക്കുമ്പോള്‍ ഒരു കുട്ടിക്കും മതമില്ലല്ലോ, പില്‍ക്കാലത്ത് മാതാപിതാക്കളുടെ മതത്തിലേക്ക് അവര്‍ സ്വാധീനിക്കപ്പെടുകയാണ് ചെയ്യുന്നത്. പലപ്പോഴും രാഷ്ട്രീയവും അങ്ങനെയാവാറുണ്ട്. അതൊരു കണ്ടീഷനിംഗ് ആണ്. എന്നാല്‍ അത്തരം സ്വാധീനങ്ങളില്‍നിന്നും കുതറി മാറി സ്വന്തം നിലപാടിലേക്ക് എത്തുന്നതിലും ചിന്തയുടെ ഒരു പ്രക്രിയയില്‍ ഭാഗഭാക്കാകുന്നതിലും സ്വന്തം ബുദ്ധിക്ക് അനുസൃതമായി രാഷ്ട്രീയബോധവും മതബോധവും എല്ലാം ഉരുത്തിരിച്ചെടുക്കാന്‍ ഒരാളെ പ്രാപ്തനാക്കുന്നതിലുമൊക്കെ വായനക്ക് വലിയ പങ്കുണ്ട്. ഏകതാനമായ ഒരൊറ്റ നിലപാടെന്നത് അപക്വമാണ്. ഒരു പാര്‍ട്ടി പറയുന്നത് എല്ലാം ശരിയും മറ്റെല്ലാം തെറ്റുമെന്ന ഏകപക്ഷീയബോധം ഇക്കാലത്ത് ഒട്ടും ഭൂഷണമല്ലല്ലോ. പലതരത്തിലുള്ള ആശയധാരകളും ചിന്തകളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണ് നമ്മുടെ സമൂഹം. അതില്‍ ഏതെങ്കിലും ഒരു ആശയം മാത്രമാണ് ശരിയെന്ന് പറയാന്‍ സാധിക്കില്ല. അതുപോലെ തെറ്റാണെന്നും  പറയാന്‍ സാധിക്കില്ല. 

ഒരു ജനാധിപത്യസംവിധാനത്തില്‍ വികേന്ദ്രീകൃതമായ ആശയധാരകളാണ് വേണ്ടത്. അധികാരകേന്ദ്രീകൃതമായ, ഏകതാനമായ ചിന്തകള്‍ക്ക് ജനാധിപത്യരീതിയില്‍ സ്ഥാനവുമില്ല. അതുകൊണ്ടാണ് മറ്റേത് രീതിയെക്കാളും ജനാധിപത്യം കൂടുതല്‍ സ്വാതന്ത്ര്യമുള്ള, സ്വസ്ഥമായ ജീവിതം സാധ്യമാക്കുന്ന ഒരു സംവിധാനമായി എനിക്ക് തോന്നിയിട്ടുള്ളത്. ഇതിലെല്ലാം വായനക്ക് പരമപ്രധാനമായ സ്വാധീനമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ വായിക്കാതെതന്നെ മികച്ച ആശയധാരങ്ങളെ പിന്‍പറ്റുന്നവരും ഉണ്ടാകാം. എന്നിരുന്നാലും വായന തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയബോധ്യങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണെന്നേ പറയാനുള്ളൂ. വായന ഇല്ലാതെയും ഇതെല്ലാം ഒരുപക്ഷെ സാധ്യമാകാമെങ്കിലും സാഹിത്യവും കലയും ഉള്ള ഒരു സമൂഹത്തിന് കുറേക്കൂടി സൗന്ദര്യമുണ്ടെന്ന് പറയേണ്ടിവരും. അവനവന്റെ ആനന്ദം മറ്റൊരാളെ ദ്രോഹിക്കാതെ കണ്ടെത്താനുള്ള വഴികളുടെ വിഭിന്നസാധ്യതകളുള്ള  ഒരു സമൂഹം മനോഹരമായിരിക്കും. ഒരു ജനാധിപത്യസംവിധാനത്തിലല്ലാതെ മറ്റെവിടെയും അത് സാധ്യമാവുകയുമില്ല. വ്യക്തിജീവിതത്തിലെ സന്തോഷസൂചിക ഉയര്‍ന്ന രാജ്യങ്ങളിലെല്ലാം നോക്കിയാല്‍ കാണാവുന്ന ഒരു കാര്യം, ഏകതാനമായ രാഷ്ട്രീയ മത വര്‍ഗ ചിന്തകള്‍ അവിടെ ഇല്ല എന്നതാണ്. 

തന്റെ  വായനക്കാരനെ മുന്നില്‍കണ്ടുകൊണ്ട്, അവര്‍ക്ക് മാത്രമായ മട്ടില്‍ എഴുതുന്ന എഴുത്തുശൈലിയെ എങ്ങനെ നോക്കിക്കാണുന്നു?

എഴുത്തിന് പൊതുവെ നിയമങ്ങളില്ല എന്നതാണ് എന്റെ പക്ഷം. മുന്‍പ് കോട്ടയം വാരികകളില്‍ സ്ഥിരമായി എഴുതിയിരുന്ന എഴുത്തുകാരുടെ രീതി ഒന്ന് നോക്കുന്നത് രസകരമായിരിക്കും. അവര്‍ കൃത്യമായും തങ്ങളുടെ വായനക്കാരെ മുന്നില്‍ക്കണ്ട് അവരെ ടാര്‍ഗറ്റ് ചെയ്താണ് എഴുതിയത്. തീര്‍ച്ചയായും അതില്‍ കച്ചവടപരമായ താല്പര്യങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ നമ്മളൊരു സീരിയലിനോ സിനിമയ്‌ക്കോ തിരക്കഥ എഴുതുന്ന പോലെ കൃത്യമായ വ്യാവസായിക താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അത്തരം എഴുത്തുകള്‍ സംഭവിക്കുന്നത്. ഇതെല്ലാം ഒരാവശ്യത്തിന് വേണ്ടി എഴുതുന്നതാണ്.   

എന്നാല്‍ നേരെമറിച്ച്, തനിക്ക് കുറച്ച് ആശയങ്ങളുണ്ട്, അത് തനിക്ക് പറയേണ്ടതുണ്ട് എന്നൊരു എഴുത്തുകാരന്‍ തീരുമാനിക്കുന്നു. ആരെയും ടാര്‍ഗറ്റ് ചെയ്യാതെ, ആര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും തനിക്ക് പറയാനുള്ളത് പറയും എന്ന ചിന്താഗതിയില്‍ അയാള് എഴുതുന്നു. അത്തരം എഴുത്തുകള്‍ അയാളുടെ മാത്രം മാനസികാവശ്യത്തിനു വേണ്ടി ഉള്ളതാകാം. അത് മറ്റുള്ളവര്‍ ഒരുപാട് ആസ്വദിച്ചു എന്നും വരാം. അപ്പോള്‍ പറഞ്ഞുവരുന്നത് നമ്മള്‍ ഈ രണ്ടുകൂട്ടരേയും പിടിച്ചുനിര്‍ത്തി ആവശ്യത്തിന് വേണ്ടി എഴുതരുത് എന്നോ എഴുതണം എന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. നമുക്ക് രണ്ടും ആവശ്യമാണ്. രണ്ടിനും അതിന്റെതായ നിലനില്പുണ്ട്. ആത്യന്തികമായി എല്ലാ എഴുത്തുകാരും എഴുതുന്നത് വായിക്കപ്പെടാന്‍തന്നെയാണ്. തന്റെ എഴുത്തുകള്‍ വായിക്കപ്പെടുകയും അതുവഴി ഒരു ആനന്ദാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് എഴുത്തുകാര്‍ക്ക് ബോധ്യമാകുന്ന നിമിഷമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷം. ചിലപ്പോള്‍ ഒരേ ആള്‍ തന്നെ ഈ രണ്ട് രീതിയിലും എഴുതാറുണ്ട്. അപ്പോള്‍ ഇതിനൊന്നും കൃത്യമായ ഒരു അളവുകോല്‍ ഇല്ലെന്നതാണ് വസ്തുത. എഴുത്തുശൈലികളെ അളക്കുന്നത് എളുപ്പമുള്ള കാര്യവുമല്ല. വളരെ ലളിതമാണെന്ന  തോന്നല്‍ ചില സമയങ്ങളില്‍ ഉളവാക്കുമെങ്കിലും സത്യത്തില്‍ വായന വളരെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. ഓരോരുത്തര്‍ക്കും അത് വിഭിന്നമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. 

സിനിമയുടെ ദൃശ്യപരതയ്ക്കപ്പുറം വിശാലമാണ് എഴുത്തിന്റെ ഭാവനാലോകം. എങ്കിലും താങ്കളെ കൂടുതല്‍ ആനന്ദിപ്പിക്കുന്നത് ക്രിയേറ്റിവ് ആയി സിനിമയില്‍ ഇടപെടുന്നതാണോ അതോ അത്രേ ക്രിയേറ്റിവിറ്റിയുടെ തലങ്ങളില്‍ ഒരു സാഹിത്യസൃഷ്ടിയില്‍ ഏര്‍പ്പെടുന്നതാണോ

ദോശയാണോ അപ്പമാണോ ഇഷ്ടമെന്ന് ചോദിക്കുന്നപോലെ രസകരമാണത്. രണ്ടും രണ്ടവസ്ഥകളില്‍ ഞാന്‍ ആസ്വദിക്കുന്ന വിഭവങ്ങളാണ്. എഴുത്തിന്റെ രുചിയും അതുപോലെയാണ്. ഈ രണ്ടു കാര്യങ്ങളിലും ഞാന്‍ സന്തോഷം കണ്ടെത്തുന്നു എന്നതിലാണ് കാര്യം. സിനിമ എഴുതുമ്പോള്‍ കൂടുതല്‍ പണം കിട്ടുന്നു എന്നതൊരു വസ്തുതയാണ്. നമ്മുടെ ഭൗതികസാഹചര്യങ്ങളെ മെച്ചപ്പെടുത്തി കൂടുതല്‍ സുഖകരമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സിനിമ സഹായിക്കുന്നുണ്ട്. ഒരു ഹിമാലയന്‍ യോഗി ഒന്നുമല്ലാത്തതുകൊണ്ട് അത്യാവശ്യം ലൗകികസുഖങ്ങളില്‍ മുഴുകി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനെയും പോലുള്ള ഒരാളാണ് ഞാനും. അതിന് സിനിമയെഴുത്ത് എന്നെ സഹായിക്കുന്നുമുണ്ട്. മാത്രവുമല്ല, ഒരു കഥ എഴുതുമ്പോള്‍ രണ്ടായിരം പേരിലേക്ക് എത്തുമ്പോള്‍ അതേ കഥ ഒരു സിനിമയാകുമ്പോള്‍ ഇരുപത് ലക്ഷം ആളുകളിലേക്ക് എത്തിയേക്കും. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ സൃഷ്ടികള്‍ കൂടുതല്‍ ആളുകളില്‍ എത്തുക എന്നതാണല്ലോ ഏതൊരു കലാകാരന്റെയും ആഗ്രഹവും ലക്ഷ്യവും. അങ്ങനെയല്ലാത്ത ചുരുക്കം ചിലര്‍ ഉണ്ടാകും കേട്ടോ. 

വാക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും എനിക്ക് ഇഷ്ടമാണ്. അതിപ്പോള്‍ സിനിമയിലായാലും സാഹിത്യത്തിലായാലും. അധ്യാപകന്‍ ആകണമെന്ന് കരുതിയിരുന്ന ഒരാളല്ല ഞാന്‍. അതിലേക്ക് വന്നുപെടുകയായിരുന്നു. പക്ഷെ അധ്യാപനവും വാക്കുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ജോലി ആയതിനാല്‍ ഞാനത് അങ്ങേയറ്റം ആസ്വദിച്ചാണ് ചെയ്തത്. അതേ സമയം അതൊരു ക്ലറിക്കല്‍ ജോലി ആയിരുന്നെങ്കില്‍ എന്നേ ഞാന്‍ രാജിവെച്ചുപോയേനെ. വാക്കുമായി, എഴുത്തുമായി ക്രിയേറ്റിവ് ആയി ഇടപെടുന്ന ഏതൊരു ജോലിയും പ്രവര്‍ത്തനവും  സന്തോഷം നല്‍കുന്ന കാര്യമായതുകൊണ്ട് അവയെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. 

ചെറുപ്പത്തില്‍ വീടിനടുത്തുള്ള ആലയില്‍ ചെന്ന് ഇരുമ്പ് ഉരുക്കി കത്തിയും കോടാലിയുമൊക്കെ ഉണ്ടാക്കുന്നത് സ്ഥിരമായി കണ്ടിരുന്നിട്ടുണ്ട്. എഴുത്തും അതുപോലെയാണ്... ആലയില്‍ ഉരുക്കി കൃത്യമായ അടുക്കുകളില്‍ ഒരുക്കിവെക്കുമ്പോഴാണ് വാക്കുകള്‍ക്ക് ശക്തിയുണ്ടാകുന്നത്. ആ ശക്തിയാണ് എഴുത്തിന്റെ ഭംഗി. ആ അടുക്കിപ്പെറുക്കല്‍ ആസ്വദിക്കുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ. എന്റെ എഴുത്തുകള്‍ ഒരാളെ ആനന്ദിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഇരട്ടി സന്തോഷം. 

എഡിറ്ററുടെ ജോലി എന്നത് എത്രത്തോളം പ്രധാനമാണ് ഒരു സാഹിത്യസൃഷ്ടിക്ക്?

എഡിറ്റിങ് വലിയൊരു സങ്കേതമാണ്. നമുക്ക് എന്തിനെയും എഡിറ്റ് ചെയ്യാമല്ലോ. ഒരു കൊച്ചുകുട്ടി ഒരു പാട്ട് പാടിവരുമ്പോള്‍ നമുക്ക് അതിലെ തെറ്റുകളെ തിരുത്താം. പക്ഷെ അങ്ങനെ തിരുത്തുന്നതോടെ ചിലപ്പോള്‍ അവന്‍ തനതായി പാടുന്നതിലെ നിഷ്‌കളങ്കതയുടെ ഭംഗി നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല ആ തിരുത്തല്‍ അവനെ ആനന്ദിപ്പിക്കണമെന്നുമില്ല. അപ്പോള്‍ ഈ രണ്ടുകാര്യങ്ങളെയും തരണംചെയ്തുകൊണ്ടുള്ള എഡിറ്റിങ് ആണ് വേണ്ടത്. എഴുത്തില്‍ വാക്കുകളെ മെരുക്കുന്നത് ഒരു കുതിരയെ മെരുക്കുന്നതുപോലെയാണ്. സാധാരണ ആവശ്യങ്ങള്‍ക്ക് മെരുക്കുന്ന രീതിയിലല്ല യുദ്ധത്തില്‍ പങ്കെടുക്കുന്ന ഒരു കുതിരയെ മെരുക്കേണ്ടത്. എന്നുപറഞ്ഞതുപോലെ എഴുത്തില്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും കുറേക്കൂടി ഭംഗിയായ മെരുക്കല്‍ ആവശ്യമാണ്. ഈ മെരുക്കലാണ് ഒരര്‍ത്ഥത്തില്‍ എഡിറ്റിങ് എന്നത്. അത് എത്രത്തോളം ആവശ്യത്തോടും ആശയത്തോടും ചേര്‍ന്ന് നില്‍ക്കുന്നുവോ അത്രയും നന്നാകും. 

സിനിമ, വെബ്‌സീരീസ് മാധ്യമങ്ങളുടെ സ്വാധീനത്തിനപ്പുറം ഇന്ന് ഒരെഴുത്തുകാരന്‍ നേരിടുന്ന മറ്റ് വെല്ലുവിളികള്‍ എന്തൊക്കെയാണ്

ജനകീയത എന്നതിനെ പൂര്‍ണ്ണമായും ഒഴിവാക്കി ഇന്നത്തെക്കാലത്ത് ഒരു കലാസൃഷ്ടിക്കും നിലനില്പില്ല എന്നാണ് എനിക്ക് തോന്നുന്നത്. അക്കാദമിക് വായനക്ക് ഉതകുംമട്ടിലും അതേസമയം സാധാരണക്കാര്‍ക്ക് വേണ്ടിയും ഒക്കെ ഇവിടെ എഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. മുന്‍കാലങ്ങളില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ ഇത്രയധികം ഉണ്ടായിരുന്നില്ല. ഒരുകാലത്ത് തീരെ കുറവായിരുന്നു. അക്കാലങ്ങളില്‍ വായനയായിരുന്നു പ്രധാന വിനോദോപാധി. എന്നാല്‍ സിനിമയും ടി.വി.യും ഒക്കെ  കടന്നുവന്നപ്പോള്‍ വിനോദോപാധികളുടെ സ്വഭാവത്തില്‍ മാറ്റം സംഭവിച്ചു.  ഒരു വലിയ വിരുന്നിലെ വിഭവങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് രുചികളുടെ നടുവിലേക്ക് ഒരു കുഞ്ഞുരുചിയുമായി ചെല്ലുന്നതുപോലെയാണ് ഇന്ന് ഒരെഴുത്തുകാരന്‍ തന്റെ സൃഷ്ടിയുമായി ജനങ്ങളിലേക്ക് ചെല്ലുന്നത്. അവര്‍ എന്തിന് അത്രയധികം രുചികളില്‍നിന്ന്  ആ കുഞ്ഞുരുചി തിരഞ്ഞെടുക്കണം എന്നതാണ് ചോദ്യം. അങ്ങനെ തിരഞ്ഞെടുക്കണമെങ്കില്‍ അതില്‍ അവരെ ആനന്ദിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് തോന്നണം, എങ്കില്‍ മാത്രമേ എഴുത്തുകാരന്റെ വിഭവം അവിടെ നിലനില്‍ക്കുകയുള്ളൂ.. 

എന്നാല്‍ അത്രയധികം രുചികളില്‍ ഏതെങ്കിലും ജനങ്ങള്‍ വിട്ടുപോയതുണ്ടെങ്കില്‍ അത് മോശമാകണം എന്നുമില്ല. അത് അവരിലേക്ക് എത്തിയില്ല എന്നേയുള്ളൂ. ഒരുപാട് മുന്‍ഗണനകളും മുന്‍ധാരണകളും പ്രിവിലേജുകളും എല്ലാം ചാടിക്കടന്നാണ് ഓരോ വിഭവവും ജനങ്ങളില്‍ എത്തിപ്പെടുന്നത്. എത്തുന്നതെല്ലാം മികച്ചത് എന്നോ എത്താതെ പോയത് മോശമെന്നോ അര്‍ത്ഥമില്ല. ചിലപ്പോള്‍ നേരെ തിരിച്ചും സംഭവിക്കാം. പൊതുവില്‍ ഇതൊക്കെ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറിയും മറിഞ്ഞും വരാം. പ്രിവിലേജുകള്‍ കൂടുതലുള്ള ഒരാളുടെ സൃഷ്ടി പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിയെന്നിരിക്കാം. അത്തരം പ്രഭാവങ്ങളെ മറികടന്ന്  സ്വയം സ്ഥാപിക്കുക എന്നതാണ്  പ്രിവിലേജുകള്‍ ഇല്ലാത്ത ഒരാളുടെ വലിയ വെല്ലുവിളി. ഇത്തരം പ്രതിസന്ധികള്‍ കടന്നാണ് എഴുത്തുകാര്‍ മുന്നോട്ട് വരുന്നത്. സുലോചന നാലപ്പാട്ടിന്റെ പുസ്തകത്തിന്റെ ' പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍' എന്ന പേരുപോലെ തന്നെയാണ് എഴുത്തുകാരുടെ വെല്ലുവിളികള്‍. അവരത് തുഴഞ്ഞുതന്നെ മറുകര കാണണം. പ്രതിസന്ധികളെ നേരിട്ട്, എങ്ങും തളര്‍ന്നുപോകാതെ സ്വന്തം ലക്ഷ്യത്തില്‍ അടിയുറച്ച് മുന്നോട്ട് പോവുക എന്നതേ എഴുത്തുകാര്‍ക്ക്  ചെയ്യാനുള്ളൂ. 

ആരോഗ്യപരമായ വിമര്‍ശനത്തെപ്പോലും വൈകാരികമായി സമീപിക്കുകയും അത്തരം അഭിപ്രായങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത എഴുത്തുകാരില്‍ അധികമായി കണ്ടുവരുന്നുവെന്ന ഒരു ആക്ഷേപമുണ്ട്. അതില്‍ എത്രത്തോളം വാസ്തവമുണ്ട്? 

സാഹിത്യത്തിലെ ചേരി തിരിഞ്ഞുള്ള ചെളിവാരിയേറും വ്യക്തിപരമായ കടന്നാക്രമണങ്ങളും എല്ലാം പണ്ടും ഇന്നും ഒരുപോലെ നടക്കുന്ന കാര്യമാണ്. സാഹിത്യത്തില്‍ എന്നല്ല എല്ലാ മേഖലയിലും അത്തരം അനാരോഗ്യകരമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. വിമര്‍ശകനെ കൊല്ലാന്‍ സര്‍ഗസാഹിത്യകാരനും സാഹിത്യകാരനെ കൊല്ലാന്‍ വിമര്‍ശകനും എന്ന മട്ടൊക്കെ  ഇവിടെ എല്ലായ്‌പ്പോഴും ഉണ്ടാകുന്നുണ്ട്. പക്ഷെ വിമര്‍ശനം എന്നത് ഒരു സര്‍ഗാത്മകപ്രവര്‍ത്തനം തന്നെയാണ്. ഒരു കൃതിയെ വായിച്ചെടുക്കുക എന്നത് ക്രിയേറ്റിവ് ആയ പ്രയത്‌നം ആവശ്യപ്പെടുന്ന വലിയൊരു പ്രക്രിയയാണ്. അതിലൊരു വലിയ സര്‍ഗ്ഗകാന്തി കിടപ്പുണ്ട് എന്നുകരുതുന്ന ആളാണ് ഞാന്‍. പക്ഷേ, ഇന്ന് നമ്മള്‍ ഈ ഫേസ്ബുക്കിലും മറ്റും കാണുന്ന തരത്തിലുള്ള കുറ്റം പറച്ചിലുകളോ നമ്മുടെതന്നെ പെട്ടെന്നുണ്ടാകുന്ന ചില തോന്നലുകളോ ഒക്കെ പൊതുവെ വിമര്‍ശനമെന്ന മട്ടില്‍ എഴുതിവിടുകയാണ് ചെയ്യുന്നത്. പക്ഷെ അതിനെയൊക്കെ വിമര്‍ശനമെന്ന ഗണത്തില്‍ നമുക്ക് ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് സംശയമാണ്. വിമര്‍ശനം അതിസങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതിന് അഗാധമായ ചരിത്രബോധവും സൗന്ദര്യാത്മകമായ വിശകലന പാടവവും ഒക്കെ ആവശ്യമാണ്. അങ്ങനെ കൃതികളുടെ ആഴത്തിലുള്ള വായനയിലൂടെ അതിന്റെ സൗന്ദര്യത്തെ ഘനനം ചെയ്‌തെടുക്കുന്ന ഒരുപാടുപേര്‍  നമുക്ക് ചുറ്റും ഉണ്ട്. മാരാരെ പോലെയോ മുണ്ടശ്ശേരിയെ പോലെയോ  സ്റ്റാര്‍ വാല്യൂ കിട്ടിയിട്ടില്ല എന്ന് കരുതി വിമര്‍ശകരുടെ വര്‍ഗ്ഗം കുറ്റിയറ്റു പോയി എന്നൊന്നും കരുതാന്‍ കഴിയില്ല. സ്‌കറിയ സക്കറിയ, സുനില്‍.പി. ഇളയിടം, ഇ. പി. രാജഗോപാലന്‍, സജയ്. കെ.വി, എന്‍. ശശിധരന്‍, എന്‍. പ്രഭാകരന്‍, കെ. എസ്. രവികുമാര്‍, പി. എസ് രാധാകൃഷ്ണന്‍, അജു കെ.നാരായണന്‍, കെ. സി. നാരായണന്‍, എസ്.ശാരദക്കുട്ടി, വി. രാജകൃഷ്ണന്‍, വി.സി. ശ്രീജന്‍, സച്ചിദാനന്ദന്‍, എം. ബി. മനോജ്, ബാലചന്ദ്രന്‍ വടക്കേടത്ത്, അജയകുമാര്‍, പി.പവിത്രന്‍, ഗീത..... എത്രയോ പേരുകള്‍ ഒറ്റയടിക്ക് മനസ്സില്‍ തെളിയുന്നുണ്ട്. വി.സി. ഹാരിസും പ്രദീപന്‍ പാമ്പിരിക്കുന്നും കടന്നുപോയിട്ട് അധികം കാലവുമായില്ല.

ഒരു സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ കാണിയായ ഒരാള്‍ അതിനെക്കുറിച്ച് റിവ്യൂ എഴുതുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതൊരു തരം വിധിയെഴുത്തുകളാണ്. എല്ലാ മനുഷ്യരിലും ഉള്ളതാണ് അങ്ങനെ വിധി പറയാനുള്ള ഒരു ത്വര. പക്ഷെ അതിനെ വിമര്‍ശനം എന്ന് പറയാനാവില്ല. അത് അഭിപ്രായമെന്നേ പറയാനാവൂ. നമ്മള്‍ നമ്മുടെ ജ്ഞാനപരിസരത്തു വെച്ചുകൊണ്ടാണ് ഏതൊരു സൃഷ്ടിയെയും അളക്കുന്നത്. നമ്മുടെ വായനയുടെയും അറിവിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് അത് സംഭവിക്കുന്നത്. അത് എത്രത്തോളം സര്‍ഗാത്മകമാണ് എന്നതിലാണ് കാര്യം. ആഴത്തിലുള്ള വായനയിലൂടെയും പഠനത്തിലൂടെയും കൈവരുന്ന വിമര്‍ശനസിദ്ധി ഒരു കലയാണ്. സൗന്ദര്യ പക്ഷപാതങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അത് വസ്തുനിഷ്ഠമായിരിക്കണം. കൃത്യമായ കാര്യകാരണങ്ങള്‍ നിരത്തിക്കൊണ്ടായിരിക്കണം. അത്തരം കാര്യകാരണങ്ങള്‍ പറയാതെ കാടടച്ച് മുന്‍വിധികളോടെ കുറ്റം പറയുന്നതാണ് അനോരോഗ്യകരമായ വിമര്‍ശനം. ആത്മനിഷ്ഠമായിരിക്കുമ്പോള്‍ തന്നെ മികച്ച വിമര്‍ശനം കൃത്യമായി, കാര്യകാരണങ്ങള്‍ ബോധിപ്പിക്കുന്ന ഒന്നായിരിക്കും. പിന്നെ വായനയുടെ ആഴം കൂടുംതോറും നമ്മുടെ വീക്ഷണങ്ങളൂം മാറിവരും. കാക്കേ കാക്കേ കൂടെവിടെ എന്ന കവിത കുട്ടിയായിരുന്നപ്പോള്‍ വായിച്ച മാനസികനിലയല്ലല്ലോ മുതിര്‍ന്നപ്പോള്‍ ആ കവിത വായിക്കുന്നത്. രണ്ടു സമയത്തെ വായനയിലും അതില്‍ നിന്ന് ലഭിച്ച ആനന്ദത്തിലും വ്യത്യാസമുണ്ടാകും. ഇത്തരം വീക്ഷണമാറ്റങ്ങളും വിമര്‍ശനകലയെ സ്വാധീനിക്കുന്നുണ്ട്. കേവലം കുറ്റം പറച്ചിലെന്ന രീതിയില്‍നിന്ന് മാറി വേണം വിമര്‍ശനത്തെ വീക്ഷിക്കാനും വിലയിരുത്താനും. സര്‍ഗാത്മകമായ വിമര്‍ശനമെന്നത് ഒരു കലാസൃഷ്ടി തന്നെയാണ്. 

വരാനിരിക്കുന്നതോ വന്നതോ ആയ സ്വന്തം സിനിമയെക്കുറിച്ച് ഏറ്റവും മനോഹരമായ ആഗ്രഹം/സങ്കല്‍പം എന്താണ്?

പലതരത്തിലുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ മട്ടിലുള്ള തരം സിനിമകളിലൂടെയും തികച്ചും ഡൈവേഴ്സ് ആയിട്ടുള്ള എഴുത്തനുഭവങ്ങളിലൂടെയുമൊക്കെ കടന്നുപോകണം എന്നാണ് ആഗ്രഹം. അതിമോഹമെന്ന് പറയാമെങ്കിലും എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയെന്നൊക്കെ അതിനെ വിളിക്കാം. നൂറുശതമാനം ആസ്വാദകതൃപ്തി നേടുക എന്നത് ഒരു ഉട്ടോപ്യന്‍ സങ്കല്‍പമായതുകൊണ്ട് നമ്മള്‍ എത്രത്തോളം ആ സൃഷ്ടിയില്‍ തൃപ്തരാണ് എന്നതിലാണ് കാര്യം. എഴുതുമ്പോള്‍ എത്രത്തോളം സന്തോഷം നമുക്ക് കിട്ടിയിട്ടുണ്ട് എന്നുനോക്കിയാല്‍ മതി. പാവാട എഴുതിയപ്പോഴും ബെസ്റ്റ് ആക്ടര്‍ എഴുതിയപ്പോഴും 1983 എഴുതിയപ്പോഴുമൊക്കെ അതെല്ലാം അത്രയും ആസ്വദിച്ചാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ആ തൃപ്തിയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. വളരെ മോശമെന്ന് ഞാന്‍ കരുതിയത് കണ്ടിട്ട് വളരെ മികച്ചതെന്ന് അഭിപ്രായം പറഞ്ഞ മനുഷ്യരുണ്ട്. അത്തരം ചെറുനിമിഷങ്ങളിലെ വലിയ സ്‌നേഹങ്ങളാണ് നമ്മുടെ സംതൃപ്തി. ഏതൊരു പാചകക്കാരന്റെയും ഏറ്റവും വലിയ സന്തോഷം അയാളുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എല്ലാവരും ആസ്വദിച്ചുകഴിക്കുന്നു എന്നതായിരിക്കും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലല്ലോ. കാരണം രുചികള്‍ വ്യത്യസ്തമാണ്. എല്ലാവരെയും എല്ലാത്തിലും ഒരുപോലെ തൃപ്തിപ്പെടുത്തുക അസാധ്യമാണ്. അപ്പോള്‍ നമ്മുടെ സംതൃപ്തി എന്നതിലാണ് കാര്യം. മരിക്കുംവരെ ഇതില്‍നിന്നെല്ലാം ആനന്ദം കിട്ടണമെന്നും ആ ആനന്ദം പരമാവധി ആള്‍ക്കാര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പറ്റണമെന്നുമാണ് എന്റെ ആഗ്രഹം.

ബിപിന്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Novelist, screenplay writer Bipin Chandran interview