ത്തുമാസം പിന്നിട്ട കര്‍ഷകപ്രക്ഷോഭത്തിന്റെ സംഘാടനത്തില്‍ ആദ്യവസാനം പങ്കെടുത്തുകൊണ്ടിരിക്കുകയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയായ പി. കൃഷ്ണപ്രസാദ്. കഴിഞ്ഞ ഒരു ദശകമായി ഡല്‍ഹി കേന്ദ്രീകരിച്ച് രാജ്യത്തെ കര്‍ഷകപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സമരങ്ങളുടെ സംഘാടനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് കേരള നിയമസഭയിലെ മുന്‍ അംഗം കൂടിയായ ഈ ഇടതുപക്ഷനേതാവ്. ഒന്നര പതിറ്റാണ്ടു മുന്‍പ് വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കൃഷ്ണപ്രസാദിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ അധ്യക്ഷനായി വിടവാങ്ങിയശേഷം കര്‍ഷകപ്രശ്‌നങ്ങള്‍ പഠിക്കാനും കര്‍ഷകപ്രസ്ഥാനത്തിന്റെ ഭാഗമാകാനുമാണ് ഇദ്ദേഹം മുഴുവന്‍ സമയവും വിനിയോഗിച്ചത്.  പത്ത് മാസമായി തുടരുന്ന കര്‍ഷകസമരം ലെഖിംപൂരിലെ കൂട്ടക്കൊലപാതകത്തോടെ സംഘര്‍ഷഭരിതമായിരിക്കുകയാണ്. പ്രതിഷേധിക്കുന്നവര്‍ ഒന്നടങ്കം അറസ്റ്റുചെയ്യപ്പെടുന്നു. തുടക്കം മുതല്‍ സമരത്തോടൊപ്പം മുന്‍നിരയിലുണ്ട്  പി.കൃഷ്ണപ്രസാദ്. കര്‍ഷകസമരത്തിന്റെ നാള്‍ വഴികളെക്കുറിച്ചും സമരസമിതിയുടെ തീരുമാനങ്ങളെക്കുറിച്ചും കൃഷ്ണപ്രസാദ് മാതൃഭൂമി ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.

നിതീഷ് നാരായണന്‍: പത്തുമാസം പിന്നിട്ടൊരു സമരം. മാധ്യമങ്ങള്‍ക്കതൊരു നിത്യവാര്‍ത്തയല്ലാതായിരിക്കുന്നു. ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ഭരണകൂടത്തിനുമുന്നില്‍ പരാജയപ്പെട്ട മറ്റൊരു സമരം മാത്രമായി കര്‍ഷകപ്രക്ഷോഭം ഒതുങ്ങുന്നുവെന്നും വ്യാപകപ്രചാരണം. നിരാശയുടെ ഒരു കാര്‍മേഘം വന്ന് മൂടുന്നുവെന്നു തോന്നുന്നുണ്ടോ?

പി.കൃഷ്ണപ്രസാദ്: പ്രക്ഷോഭത്തിന് പല ഘട്ടത്തില്‍ വലിയതരത്തിലുള്ള മാധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ മാധ്യമങ്ങള്‍ പലപ്പോഴും അവഗണന കാണിച്ചിട്ടുമുണ്ട്.  ഭരണകൂടത്തിനു മുന്‍പില്‍ പരാജയപ്പെട്ട സമരം എന്ന അഭിപ്രായം വലിയരൂപത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ലക്ഷ്യങ്ങള്‍ നേടാത്ത സമരമാണെന്നും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍നിന്നൊന്നും ഒരു നിരാശയും ഉണ്ടായിട്ടില്ല. കാരണം, ഒരു സമരത്തെ ബോധപൂര്‍വം അവഗണിക്കുന്നതുതന്നെ അതിന് ശക്തിയുണ്ടെന്ന തിരിച്ചറിവുകൊണ്ടാണ്. ലക്ഷ്യം നേടിയില്ലെന്നും പരാജയമാണെന്നും പ്രചരിപ്പിക്കുന്നതുതന്നെ ആ സമരം ഇത്തരം വാദങ്ങളുന്നയിക്കുന്നവര്‍ക്ക് വലിയ പ്രശ്‌നവും പ്രയാസവും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്നതിന്റെ തെളിവാണ്.

പങ്കാളികളായിട്ടുള്ള കര്‍ഷകരുടെ എണ്ണത്തില്‍ സ്വാഭാവികമായ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. പക്ഷേ, ആ പ്രക്ഷോഭത്തിനെ അത് ബാധിച്ചിട്ടില്ല. കാരണം, ഇതൊരു പ്രതീകാത്മകമായ സമരംകൂടിയാണ്. ഈ സമരത്തിന്റെ ഭാഗമാകുന്നത് സമരത്തില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ മാത്രമല്ല.  വന്‍കിട മുതലാളിത്തശക്തികളും വന്‍കിട ഭൂപ്രഭുക്കളും ഒഴികെ സമ്പദ്ഘടനയുടെ ഭാഗമായി ഉത്പാദനപ്രക്രിയയില്‍ പങ്കെടുക്കുന്ന എല്ലാവരും ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ എത്ര കാലം ഈ പ്രക്ഷോഭം നീളുന്നുവോ അത്രയും കാലം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, അധികമായി ഒരു ജില്ലയിലേക്ക്, ഒരു താലൂക്കിലേക്കോ ഒരു ഗ്രാമത്തിലേക്കോ നഗരത്തിലേക്കോകൂടി ഈ പ്രക്ഷോഭത്തിന്റെ സന്ദേശം എത്തുകയാണ് ചെയ്യുക. ആ അര്‍ഥത്തില്‍ ഈ പ്രക്ഷോഭത്തിനുള്ള ഒരു സവിശേഷത ഇത് കേവലം ഏതെങ്കിലും ഒരു സാമ്പത്തികമായ ആവശ്യം ഉന്നയിച്ചുകൊണ്ട് അതിനുമുകളില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നടത്തുന്ന ഒരു സമരമല്ല എന്നതാണ്. ഇതൊരു രാഷ്ട്രീയമായ സമരമാണ്. അതായത് നയങ്ങള്‍ക്കെതിരായ സമരമാണ്. അതുകൊണ്ടുതന്നെ ആ നയങ്ങള്‍ക്കെതിരായ സമരം നടക്കുന്നു എന്നതുതന്നെയാണ് അതിന്റെ ലക്ഷ്യം.  ആ സമരം തുടരുന്നുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ വിജയം. കേവലം ഏതെങ്കിലും പിടിവാശികള്‍ക്കപ്പുറത്ത്, തെറ്റായ നയങ്ങള്‍ക്കെതിരായി ഒരു സമരം ഉയര്‍ത്തിക്കൊണ്ടുവരാനും, ആ നയങ്ങള്‍ തിരുത്തുന്നതുവരെയുള്ള പ്രക്ഷോഭമായി അതിനെ നിലനിര്‍ത്താനും, അത് അങ്ങനെയാണെന്ന നിലപാടിലേക്ക് കൂടുതല്‍ കൂടുതലാളുകളെ എത്തിക്കാനും സാധിക്കുന്ന സമരമായിരിക്കും ഈ പ്രക്ഷോഭം എന്നതാണ് ഇതിന്റെ സവിശേഷത. 

farmers strike
കർഷകസമരത്തിൽ നിന്ന് ഫോട്ടോ: സാബു സ്കറിയ

'പ്രക്ഷോഭരംഗത്തുള്ളവരില്‍ കര്‍ഷകര്‍ ഇല്ലെന്നും അല്ലെങ്കില്‍ ഇടത്തരം കര്‍ഷകര്‍ മാത്രമാണ് ഉള്ളതെന്നുമുള്ള പ്രചാരണമുണ്ട്. യഥാര്‍ഥ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ത്തന്നെയാണെന്നും അവര്‍ക്ക് ഇത്രയും ദീര്‍ഘകാലം സമരരംഗത്ത് തുടരാന്‍ സാധിക്കില്ലെന്നുമാണ് വാദം. ഈ സമരത്തിന്റെ വര്‍ഗസ്വഭാവമെന്താണ്?

ഈ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്നത് ദരിദ്രകര്‍ഷകരും ചെറുകിട കൃഷിക്കാരുമാണ്. എന്നാല്‍ അവര്‍ക്കൊപ്പം വലിയരൂപത്തില്‍ത്തന്നെ ഇടത്തരം കര്‍ഷകരും ധനികകര്‍ഷകരുമുണ്ട്. മുതലാളിത്തകര്‍ഷകവിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണയും ഈ സമരത്തിനുണ്ട്. ബി.ജെ.പി.യുടെ മുന്നണിയില്‍നിന്ന് പുറത്തുവരാനും സമരത്തിന് പൂര്‍ണമായും പിന്തുണ പ്രഖ്യാപിക്കാനുമുള്ള പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് ഉയര്‍ന്നുവന്നിട്ടുള്ളത് ഈ കഴിഞ്ഞ സമരാനുഭവത്തിന്റെ ഭാഗമായി വിലയിരുത്താവുന്നതാണ്. യഥാര്‍ഥ കൃഷിക്കാര്‍ കൃഷിയിടങ്ങളില്‍ത്തന്നെയാണെന്നും അവര്‍ക്ക് ഇത്രയും കാലം സമരരംഗത്ത് തുടരാന്‍ സാധിക്കില്ലെന്നുമുള്ള വാദം കൃഷിയെക്കുറിച്ച് ധാരണയില്ലാതെയുള്ള ഒരു കാഴ്ചപ്പാടാണ്. കര്‍ഷകര്‍ കൃഷി നടത്തിക്കൊണ്ടുതന്നെയാണ് സമരംചെയ്യുക. മാത്രവുമല്ല, കൃഷിയെന്നത് ദൈനംദിനം ഇടപെടേണ്ട ഒന്നല്ല, പല ഘട്ടത്തിലും. അത് സീസണലായിട്ടുള്ള ഒന്നാണ്. സമയത്ത് അത് ചെയ്യുകയും അത് ചെയ്തുകൊണ്ടുതന്നെ ദൈനംദിനസമരങ്ങളുടെ ഭാഗമാവുകയും ചെയ്യുകയെന്നത് ഓരോ കര്‍ഷകകുടുംബത്തിനും സാധിക്കുന്ന ഒന്നാണ്.

'മോദി അധികാരത്തിലെത്തിയതിനുശേഷം അനവധിയായ സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും ഷാഹിന്‍ബാഗിലെ സ്ത്രീകളും ദളിതരും തൊഴിലാളികളുമെല്ലാം വിവിധ ഘട്ടത്തില്‍ സമരങ്ങളിലായിരുന്നു. വിപുലമായ ഒരു ഐക്യത്തിന്റെ കാഴ്ചയും കാണാം. ലോങ് മാര്‍ച്ച് ഉള്‍പ്പെടെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വലിയ സമരങ്ങളും മുന്‍പ് നടന്നിട്ടുണ്ട്. അവയോടു ചേര്‍ന്നുനില്‍ക്കുന്നതും അവയില്‍നിന്ന് വ്യത്യസ്തമാക്കുന്നതുമായ ഘടകങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്ന കര്‍ഷകപ്രക്ഷോഭത്തില്‍ കണ്ടിട്ടുണ്ടോ?

ഇതുവരെ നടന്ന എല്ലാ സമരങ്ങളുടെയും തുടര്‍ച്ചയാണ് ഈ സമരം. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന ആദ്യസമരം ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരായ സമരമാണ്. ഭൂമി അധികാര്‍ ആന്തോളന്റെ നേതൃത്വത്തില്‍ വിപുലമായ സമരങ്ങള്‍ ഉയര്‍ന്നുവരികയും അതിനെത്തുടര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനുള്ള നീക്കത്തില്‍നിന്ന് മോദിസര്‍ക്കാരിന് പിന്നോട്ടുപോകേണ്ടിവരികയും ചെയ്തു.
പിന്നീട് നടന്ന സമരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച്. അന്‍പതിനായിരത്തിലധികം ആളുകള്‍ ഈ സമരത്തില്‍ പങ്കെടുത്ത് 176 കിലോമീറ്റര്‍ തുടര്‍ച്ചയായി നടന്ന് മുംബൈ നഗരത്തില്‍ എത്തുകയായിരുന്നു. നമ്മള്‍ കാണേണ്ട മറ്റൊരു സമരമാണ് രാജസ്ഥാനിലെ സിക്കറില്‍ 2018-ല്‍ നടന്ന കര്‍ഷക പഠാവ് സമരം. പഠാവ് എന്നാല്‍ രാവും പകലും ഇരിപ്പാണ്. ആ രാപകല്‍ സമരം 15 ദിവസം നീണ്ടുനിന്നു. പത്തുമൂവായിരത്തോളം സ്ത്രീകളുള്‍പ്പടെ പതിനെട്ടായിരത്തിലധികം പേര്‍ ആ സമരത്തില്‍ പങ്കെടുത്തു. ആ സമരം അന്നത്തെ ബി.ജെ.പി. സര്‍ക്കാരിനെ ഒരു ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് നിര്‍ബന്ധിതമാക്കിയാണ് അവസാനിച്ചത്. ഈ രണ്ട് സമരങ്ങളുടെയും വലിയ സ്വാധീനം ഇപ്പോള്‍ നടക്കുന്ന ഈ സമരത്തില്‍ നമുക്ക് കാണാന്‍ കഴിയും. 2020 നവംബര്‍ 26, 27 തീയതികളിലായി ഈ സമരത്തില്‍ മാര്‍ച്ചുചെയ്താണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്കു വന്നത്. അതുപോലെ അവര്‍ വന്ന് ഒരു പഠാവ് പോലെ അവിടെ ഇരിക്കുകയാണുചെയ്തത്. ഈ സമരത്തിന്റെ മറ്റൊരു സവിശേഷത തൊഴിലാളി വര്‍ഗത്തിന്റെ വലിയ പിന്തുണ ഇതിനുണ്ടെന്നുള്ളതാണ്. തൊഴിലാളി-കര്‍ഷക ഐക്യം എന്ന ശരിയായ വീക്ഷണമാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ നേട്ടം.

'കര്‍ഷകസമരകേന്ദ്രങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നൊരു ചിത്രം ഭഗത് സിങ്ങിന്റെതാണ്. ഒരു കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഉള്ളടക്കത്തെക്കൂടി സമരത്തിന്റെ ഇന്ധനമാക്കിമാറ്റുന്നുണ്ടെന്നുതന്നെയല്ലേ മനസ്സിലാക്കേണ്ടത്?

ഈ സമരത്തിന്റെ യഥാര്‍ഥസ്വഭാവം സാമ്രാജ്യത്വവിരുദ്ധതയാണ്. സാമ്രാജ്യത്വത്തിന്, അല്ലെങ്കില്‍ അന്താരാഷ്ട്ര ധനമൂലധനത്തിന് എതിരായ പോരാട്ടം എന്ന നിലയ്ക്കുതന്നെയാണ് ഈ സമരത്തിന്റെ ഉള്ളടക്കം. ഭഗത് സിങ് എപ്പോഴും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമാണ്. അതുകൊണ്ടുതന്നെ ഭഗത് സിങ് ഈ പ്രക്ഷോഭത്തിന്റെ പ്രതീകമാണ്.  ആ സാമ്രാജ്യത്വത്തിന്റെതായ ചൂഷണമാണ് ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കും കാരണം. 

'സമരത്തിന്റെ തയ്യാറെടുപ്പുകള്‍ മുതല്‍ ഇപ്പോള്‍വരെ അതിന്റെ സംഘാടനത്തിന്റെ ഭാഗമായുള്ള ഒരാളാണ് താങ്കള്‍. ഇത്തരത്തില്‍ ദീര്‍ഘമായൊരു സമരത്തെ മുന്‍കൂട്ടി കണ്ടിരുന്നോ? ഒരുപക്ഷേ ലക്ഷക്കണക്കിനാളുകള്‍ ഒരുവര്‍ഷത്തോളം തെരുവില്‍ സമരംചെയ്തുവെന്നൊക്കെ പറഞ്ഞാല്‍ അത് നേരിട്ടുകാണാത്തവര്‍ വിശ്വസിക്കണമെന്നുപോലുമില്ല. ഈ പ്രക്ഷോഭം കടന്നുവന്ന ആ വഴികളെക്കുറിച്ച് പറയാമോ?

ഈ സമരത്തെ രൂപപ്പെടുത്തിയെടുത്തതില്‍ അഖിലേന്ത്യാ കിസാന്‍ സഭയ്ക്കും വലിയപങ്കുണ്ട്.  ഈ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്, ഇത് മുന്‍കാലങ്ങളിലെപ്പോഴെങ്കിലും ഇന്ത്യയില്‍ നടന്നിട്ടുള്ളതുപോലെ ശരദ് ജോഷിയുടെ, അല്ലെങ്കില്‍ മഹേന്ദ്ര സിങ് ടിക്കായത്തിന്റെ, നഞ്ചുണ്ടസ്വാമിയുടെ പോലെയുള്ളവരുടെ വ്യക്തികേന്ദ്രീകൃതവും അല്ലെങ്കില്‍ ധനികകര്‍ഷകവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ളതുമായ ഒന്നല്ല എന്നതാണ്. മറിച്ച്, ഈ സമരം ഒരു പ്രശ്‌നാധിഷ്ഠിതസമരമാണ്.

1936-ല്‍ ഇന്ത്യയില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ് അഖിലേന്ത്യാ കിസാന്‍ സഭ. അതിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടൊരാളാണ്  ഇ.എം.എസ്. അതുപോലെ പി. സുന്ദരയ്യ, ജയപ്രകാശ് നാരായണ്‍ ഒക്കെയുണ്ടായിരുന്നു. അന്നത്തെ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് സ്വാമി സഹജാനന്ദസരസ്വതിയാണ്. അങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ നിന്നുകൊണ്ടാണ് അഖിലേന്ത്യാ കിസാന്‍ സഭ രൂപപ്പെട്ടുവരുന്നത്. അതുവരെ നടന്ന എല്ലാ സ്വാതന്ത്ര്യസമരത്തിന്റെയും ഉള്ളടക്കമെന്നുപറയുന്നത് കാര്‍ഷികമേഖലയിലെ ജന്മിത്വത്തിനെതിരായ പോരാട്ടംകൂടിയാണ്. അതിന്റെ മുദ്രാവാക്യം കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമാണ്. ആ മുദ്രാവാക്യമാണ് കര്‍ഷകരെയാകെ ഒരുമിപ്പിക്കുന്നത്. അതാണ് ഞാന്‍ പ്രശ്‌നാധിഷ്ഠിതസമരമെന്നു സൂചിപ്പിച്ചത്. 

 മൂര്‍ത്തമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അതുയര്‍ത്തി പ്രശ്‌നാധിഷ്ഠിതസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയെന്നത് കിസാന്‍ സഭചര്‍ച്ചചെയ്ത വിഷയമായിരുന്നു. അപ്പോഴാണ് അവയുടെ ബദലിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവരുന്നത്. ഈഘട്ടത്തിലെ മറ്റൊരു സവിശേഷത കാര്‍ഷികമേഖലയില്‍ത്തന്നെയുണ്ടായ ഐക്യമാണ്. ഏതെങ്കിലുമൊരു സംഘടന ഒരുവിഷയം ഉയര്‍ത്തിപ്പിടിച്ച് സമരംചെയ്യുകയെന്ന നിലയിലല്ല ഈ മുന്നേറ്റം വിഭാവനംചെയ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വന്നപ്പോള്‍ എല്ലാ കര്‍ഷകസംഘടനകളെയും കൂട്ടിയോജിപ്പിച്ചു. അങ്ങനെയാണ് ഭൂമി അധികാര്‍ ആന്ദോളന്‍ രൂപപ്പെടുന്നത്. ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ ഇതില്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. മധ്യപ്രദേശിലെ മംദ്സോറില്‍ 2017 ജൂണ്‍ മാസത്തില്‍ നടന്ന വെടിവെപ്പില്‍ ആറു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ആ കര്‍ഷകകൂട്ടക്കൊലയ്‌ക്കെതിരേ ഉയര്‍ന്നുവന്നതാണ് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ സമിതി. ഇത്  ഇന്നും ഇന്ത്യയിലെ കര്‍ഷകരുടെ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ്. ഈ പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ നവംബര്‍ 26-ന് പാര്‍ലമെന്റ് മാര്‍ച്ചും ഗ്രാമീണബന്ദും പ്രഖ്യാപിക്കുന്നത്. അതിന് ഞങ്ങളെ സഹായിച്ചത് കേന്ദ്ര തൊഴിലാളിസംഘടനകളുടെ സംയുക്തവേദിയാണ്. ആ പ്ലാറ്റ്ഫോമിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതില്‍ എകഗടന്തന്ത മുന്‍കൈയെടുത്തു. അന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) രൂപപ്പെട്ടുവന്നിട്ടില്ല. എകഗടന്തന്തയില്‍ ഈ സമരം ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍, എങ്ങനെയായിരിക്കണം ഈ സമരം നടത്തേണ്ടത് എന്നതുസംബന്ധിച്ച് വലിയ ആലോചനകള്‍ നടക്കുന്നുണ്ട്.എ, ബി, സി എന്നീ മൂന്ന് പ്ലാനുകളിലേക്കാണ് അത് എത്തിച്ചേര്‍ന്നത്.

അതില്‍ എ പ്ലാന്‍ എന്നത് രാംലീല മൈതാനത്തേക്ക് റാലിനടത്താനുള്ള അനുവാദത്തിനായി ഗവണ്മെന്റിലേക്ക് എഴുതുകയെന്നതാണ്. എന്നിട്ട് രാംലീല മൈതാനത്ത് ഒത്തുചേര്‍ന്ന് അവിടെനിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചുചെയ്യാമെന്നായിരുന്നു തീരുമാനം. രണ്ടാമത്തെ സമരരൂപമാണ് ബി പ്ലാന്‍. അതായത് ഡല്‍ഹിക്കകത്തേക്ക് പ്രവേശിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന സാഹചര്യം വരികയാണെങ്കില്‍ ഡല്‍ഹിയുടെ നാലുഭാഗത്തൂടെ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുക. അങ്ങനെ അതിര്‍ത്തിയിലെത്തിയശേഷം അതിര്‍ത്തിയില്‍നിന്ന് കാല്‍നടയായി രാംലീല മൈതാനത്തേക്ക് മാര്‍ച്ചുചെയ്യുക. ആ ബി പ്ലാന്‍ ആണ് ഇപ്പോള്‍ നടക്കുന്ന സമരം. അത് ഡല്‍ഹിയുടെ അതിര്‍ത്തിയായ സിംഘു, ടിക്രി, ഷാജഹാന്‍പുര്‍, പല്‍വാല്‍ ബോര്‍ഡറുകളിലെല്ലാം കര്‍ഷകര്‍ എത്തിച്ചേരുകയും അവിടെനിന്ന് തങ്ങളെ തടയുകയാണെങ്കില്‍ തടയുന്ന സ്ഥലത്ത് ഇരിക്കുകയും ചെയ്യുകയെന്നതായിരുന്നു. ആ രൂപത്തില്‍ സമാധാനപരമായി ഇരുന്നുകൊണ്ടുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സമരം പത്തുമാസം കഴിഞ്ഞിട്ടും അങ്ങനെതന്നെ തുടരുന്നുവെന്നത് സമരത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെ മികവാണ്.

ഇതിനുപുറമേ മറ്റൊരു പ്ലാന്‍കൂടിയുണ്ടായിരുന്നു. സി പ്ലാന്‍. അഥവാ ഡല്‍ഹി അതിര്‍ത്തിയിലേക്ക് വരാന്‍ പോലും അനുവദിക്കാതെ അതത് ജില്ലകളിലോ അതത് ഗ്രാമങ്ങളിലോതന്നെ കര്‍ഷകരെ തടയുകയാണെങ്കില്‍ എന്തുചെയ്യും എന്നൊരു ചോദ്യമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമങ്ങള്‍ വിട്ടോ ജില്ലകള്‍ വിട്ടോ കര്‍ഷകര്‍ക്ക് പുറത്തുവരാനാകാത്ത സാഹചര്യമുണ്ടാകും. അങ്ങനെവരികയാണെങ്കില്‍ ഈ സമരം എങ്ങനെ നടത്തുമെന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടു. അറസ്റ്റുചെയ്യാന്‍ സാധിക്കാത്തവിധം ഒരു 10,000 പേരെങ്കിലും ഡല്‍ഹിയില്‍ നേരിട്ടെത്തുകയെന്നതായിരുന്നു സി പ്ലാന്‍. 26, 27 തീയതികളില്‍ നടക്കേണ്ട പാര്‍ലമെന്റ് മാര്‍ച്ചിനായി ഇരുപത്തിമൂന്നിനോ ഇരുപത്തിനാലിനോതന്നെ പലതരത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന് പലയിടങ്ങളില്‍ താമസിക്കുക. തുടര്‍ന്ന് ഇരുപത്തിയാറാംതീയതി അവര്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്കെത്തി അവിടെ സമരം ആരംഭിക്കുക. അങ്ങനെവരുമ്പോള്‍ ചുരുങ്ങിയത് 10,000 ആളുകളെങ്കിലുമുണ്ടെങ്കില്‍ അറസ്റ്റുചെയ്യാനും പ്രയാസമായിരിക്കും. അങ്ങനെ സമരം ആരംഭിക്കാനായാല്‍ നമുക്ക് പിന്നീട് ആ സമരത്തിലേക്ക് ലക്ഷക്കണക്കിനാളുകളെ പങ്കാളികളാക്കാനും കഴിയുമെന്നതായിരുന്നു അന്നുണ്ടായിരുന്ന കാഴ്ചപ്പാട്. പക്ഷേ, ആ സി പ്ലാന്‍ നടപ്പാക്കേണ്ടിവന്നില്ല.

ഈ പറഞ്ഞ സമരത്തിനുവേണ്ടി നടത്തിയ തയ്യാറെടുപ്പില്‍ ഏറ്റവും വലിയൊരു പങ്കുവഹിച്ചത് പഞ്ചാബിലെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയിലെ അംഗങ്ങളായിട്ടുള്ള സംഘടനകളാണ്. അവര്‍ മുന്‍കൂട്ടിത്തന്നെ ഇതിനുവേണ്ടി വലിയ പ്രചാരണം നടത്തുകയും ഈ സമരം നീണ്ടുനില്‍ക്കുന്ന സമരമാണെന്ന് നേരത്തേതന്നെ മനസ്സിലാക്കി ആറുമാസം ഇരിക്കേണ്ടിവന്നാലും നമുക്ക് സമരം തുടരണമെന്ന നിലപാടെടുത്ത് അതിനാവശ്യമായ ട്രാക്ടര്‍ ട്രോളികള്‍ ഉണ്ടാക്കി അവയില്‍ ഗ്യാസ് കുറ്റിയും ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യാനുള്ള മറ്റ് ഉപകരണങ്ങളുമൊക്കെ സജ്ജീകരിക്കുകയും ചെയ്തിരുന്നു. വലിയ തണുപ്പുള്ള സമയമായിരുന്നു. അതിനെ മറികടക്കാനാവശ്യമായ കമ്പിളികളുമൊക്കെയുള്‍പ്പടെ സര്‍വസജ്ജമായാണ് അവര്‍ വന്നത്. പഞ്ചാബില്‍ ഈ സമരത്തിന്റെ ഭാഗമാകാത്ത ഒരു ഗ്രാമം പോലുമില്ലെന്ന് പറയാന്‍ സാധിക്കും. ഹരിയാണയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശും ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ഇതേ രൂപത്തില്‍ത്തന്നെ തയ്യാറെടുപ്പുകള്‍ നടന്നു.

കർഷകസമരം

മാര്‍ച്ചുചെയ്യുന്ന കര്‍ഷകരെ തടയാന്‍ ട്രക്ക് വീണാല്‍ പോലും കാണാന്‍ സാധിക്കാത്തവിധം വലിയ കുഴികളാണ് ദേശീയപാതകളില്‍ ഉണ്ടാക്കിയത്. കര്‍ഷകമാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയപ്പോഴും പോലീസുമായി ഒരുവിധ ഏറ്റുമുട്ടലോ രക്തച്ചൊരിച്ചിലോ അക്രമമോ ഒന്നുമുണ്ടാകാതെ, വളരെ സമാധാനപരമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണമെന്ന തീരുമാനമെടുത്തിരുന്നു. അതുകൊണ്ടാണ് ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞാല്‍ അവിടെ ഇരിക്കും എന്ന നിലപാടെടുത്തത്. 

' സമരം കര്‍ഷകവിരുദ്ധമായ നിയമങ്ങളെ എതിര്‍ക്കുക മാത്രമല്ലല്ലോ ചെയ്യുന്നത്, ഒരു ബദല്‍ മുന്നോട്ടുവെയ്ക്കുന്നില്ലേ? അതിനെ എങ്ങനെയാണ് വിശദീകരിക്കുക?

നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്നും ഭേദഗതിയാകാമെന്നുമാണ് സമരത്തിനുമുന്നില്‍ കുലുങ്ങിയ സര്‍ക്കാര്‍ ഒരുഘട്ടത്തില്‍ പറഞ്ഞത്. ഈ മൂന്നു നിയമങ്ങളുടെയും പൊതു അടിത്തറ കര്‍ഷകവിരുദ്ധമാണ്. ഒന്ന്, അത് കൃഷിയുടെ കോര്‍പ്പറേറ്റ് വത്കരണത്തിനായുള്ളതാണ്. രണ്ട്, ഇങ്ങനെയൊരു നിയമം ഉണ്ടാക്കുന്നതിനുമുന്‍പ് കര്‍ഷകരോട് ചര്‍ച്ചചെയ്യാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ത്തന്നെ ഈ നിയമങ്ങള്‍ പിന്‍വലിക്കുക. തീര്‍ച്ചയായും കാര്‍ഷികമേഖലയില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമുണ്ട്. അതിനുവേണ്ടിയാണ് നമ്മള്‍ സമരവുംചെയ്യുന്നത്. പുതിയ നിയമങ്ങള്‍ ആവശ്യമാണ്. എന്നാല്‍, അങ്ങനെചെയ്യുമ്പോള്‍ പരസ്പരകൂടിയാലോചനകള്‍ പ്രധാനമാണ്. മൂന്ന്, അങ്ങേയറ്റം ഏകാധിപത്യപ്രവണതയാണ് മോദിഗവണ്മെന്റ് കാണിച്ചത്.  പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടാവശ്യപ്പെട്ടപ്പോള്‍ അത് നിരാകരിച്ച്, ശബ്ദവോട്ടോടുകൂടി ഇത് പാസാക്കുകയാണു ചെയ്തത്. നിയമങ്ങള്‍ പിന്‍വലിക്കുംവരെ സമരം എന്ന നിലപാടുതന്നെയാണ് ഇതിന്റെ ശക്തി.

'ഇടനിലക്കാരില്ലാതാകുന്നതോടുകൂടി കര്‍ഷകര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ ഉയര്‍ന്ന വില ലഭിക്കുമെന്നതാണ് നിയമങ്ങളെ പിന്തുണയ്ക്കുന്നവരുടെ ഒരു വാദം. എങ്ങനെയാണ് ഈ 'മിഡില്‍ മെന്‍' സൃഷ്ടിക്കപ്പെട്ടത്? ഈ നിയമങ്ങള്‍ അവരെ ഇല്ലാതാക്കി കര്‍ഷകര്‍ക്ക് നേരിട്ട് കച്ചവടം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുമോ? എന്താണ് വിവിധ സംസ്ഥാനങ്ങളിലെ അനുഭവം?

കാര്‍ഷികമേഖലയിലെ ഇടനിലക്കാര്‍ എന്നുപറയുന്നത് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്ന വന്‍കിട കാര്‍ഷികവ്യവസായികളുടെ സംഭരണത്തില്‍ സഹായമായി പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ വിലകൊടുത്ത് വാങ്ങുകയും കാര്‍ഷികവ്യാപാരികള്‍ക്ക് വന്‍തോതില്‍ അവ സംഭരിക്കാനാവശ്യമായ നടപടികള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്ന, വന്‍കിട കാര്‍ഷികവ്യാപാരികളുടെ ഇടനിലക്കാരാണ്. അവരെ ഒഴിവാക്കിക്കൊണ്ട് കര്‍ഷകരില്‍നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ കഴിയുക എന്നതിനാണ് ഈ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ഓര്‍ഗനൈസേഷന്‍ പോലുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്നത്. അത് കാര്‍ഷിക വ്യാവസായിക മേഖലയിലെ കുത്തക കമ്പനികള്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനുള്ള സാഹചര്യമാണുണ്ടാക്കുക. അതോടൊപ്പം ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഇപ്പോള്‍ നിലവിലുള്ളതിനെക്കാളും മെച്ചപ്പെട്ടൊരു വില കര്‍ഷകര്‍ക്ക് തുടക്കത്തില്‍ ലഭ്യമാക്കിക്കൊടുക്കാനും സാധിക്കും. എന്നാല്‍ ഇടനിലക്കാരില്ലാതാവുകയും വിപണി ഈ പറഞ്ഞ വന്‍കിട കാര്‍ഷികവ്യവസായികളെ മാത്രം ആശ്രയിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യം വരുമ്പോള്‍ ഈ വിലയില്‍ ഒരുവിധ നിയമപരമായ ഉറപ്പും കര്‍ഷകര്‍ക്ക് വ്യവസ്ഥചെയ്യുന്നില്ലെന്നുമാത്രമല്ല നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ വില കര്‍ഷകര്‍ക്ക് ലഭിക്കുന്ന അനുഭവമാണ് മറ്റുള്ള എല്ലാ രാജ്യങ്ങളില്‍നിന്നും വിവിധ സംസ്ഥാനങ്ങളില്‍നിന്നും നമുക്കുണ്ടായിട്ടുള്ളത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കപ്പെട്ടിരിക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ ആത്യന്തികമായി ചെറുകിട കൃഷിയെ ഒഴിവാക്കിക്കൊണ്ട് വന്‍കിട കൃഷിയിലേക്ക് കാര്‍ഷികവ്യവസ്ഥയെ മാറ്റുകയും കൃഷിയുടെ കമ്പനിവത്കരണം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്. അങ്ങനെ ചെറുകിട കാര്‍ഷിക ഉത്പാദകരെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് അവര്‍ ഭൂമിയും കന്നുകാലികളുമെല്ലാം നഷ്ടപ്പെട്ട് പ്രവാസി തൊഴിലാളികളാകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കയുള്‍പ്പടെയുള്ള ഏത് മുതലാളിത്തരാജ്യങ്ങളെടുത്ത് പരിശോധിച്ചാലും അവിടങ്ങളിലെല്ലാം ഈ മാറ്റം കാണാന്‍ കഴിയും. കാര്‍ഷികമേഖലയില്‍ വളരെ ചുരുങ്ങിയ ഉത്പാദകര്‍ മാത്രം അവശേഷിക്കുകയും കൃഷി വന്‍കിട ബിസിനസാക്കിമാറ്റി അതിന്റെ പൂര്‍ണമായ നിയന്ത്രണം വന്‍കിട കാര്‍ഷിക കമ്പനികളുടെ കൈയിലേക്ക് ഒതുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇതിന്റെ ഭാഗമായി ഉണ്ടാകാന്‍ പോകുന്നത്.

'ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലതും ജാതിഗ്രാമങ്ങളാണ്. കാര്‍ഷികബന്ധങ്ങളിലും ജാതി ഒരു പ്രത്യേക ഘടകമായി നിലനില്‍ക്കുന്നില്ലേ? ഖാപ് പഞ്ചായത്തുകളുടെയും പുരുഷാധിപത്യപരമായ സാമൂഹികജീവിതത്തിന്റെയുമൊക്കെ സാമൂഹികമൂലധനം ജാതിയിലാണല്ലോ. ഈ സവിശേഷ പശ്ചാത്തലത്തില്‍ കര്‍ഷകസമരത്തിലെ ഗ്രാമങ്ങളുടെ പങ്കാളിത്തത്തെ എങ്ങനെയാണ് കാണാനാവുക?

ജാതി അടിസ്ഥാനമായുള്ള കൂട്ടമായ വാസസ്ഥലങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്. ഒരു പ്രത്യേക ജാതിയില്‍പ്പെട്ട ആളുകള്‍ കൂട്ടമായി താമസിക്കുകയും ആ ജാതിയുടെതായിട്ടുള്ള ഒരു ഖാപ് പഞ്ചായത്ത് നിലനില്‍ക്കുകയും ചെയ്യുന്നവിധമാണ് അതിന്റെ ഘടന. ഇത് ജാതിവോട്ടുബാങ്കുകള്‍ ഉണ്ടാക്കുന്നതിനും ജാതിയുടെ സ്വാധീനം സാമൂഹികജീവിതത്തിലും സാമ്പത്തികജീവിതത്തിലുമെല്ലാം തുടരുന്നതിനും പൊതുവെ കാരണമായി നിലനില്‍ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുകയാണെന്ന് കരുതേണ്ടതില്ല. ഈ ജാതി അടിസ്ഥാനത്തിലുള്ള ഖാപ് പഞ്ചായത്തുകള്‍ പോലും ഇന്നിപ്പോള്‍ ഈ കര്‍ഷകസമരത്തിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നുണ്ട്. അതുപോലെ വിവിധ പഞ്ചായത്തുകള്‍ ചേര്‍ന്ന് കര്‍ഷകമഹാപഞ്ചായത്തായി മാറുകയും അങ്ങനെയുള്ള വലിയ ഒത്തുചേരല്‍ നടക്കുമ്പോള്‍ ഒരു പഞ്ചായത്തില്‍നിന്നു മാറി മറ്റു ജാതിയിലുള്ള പഞ്ചായത്തിലെ ആളുകളെക്കൂടി ക്ഷണിക്കുകയും അങ്ങനെ എല്ലാ ജാതിയിലുംപെട്ടവര്‍ ഒരുമിച്ചുവരികയും ചെയ്യുന്ന ഒരു പ്രവണത ഈ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. മാത്രവുമല്ല, സ്ത്രീകളെ സംബന്ധിച്ചിടത്തോളം നമുക്കൊരിക്കലും ആലോചിക്കാന്‍ സാധിക്കാതിരുന്ന വിധത്തില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തവും നേതൃത്വപരമായ ഇടപെടലും ഈ കര്‍ഷകമഹാപഞ്ചായത്തുകളില്‍ കാണാന്‍ കഴിയുന്നുണ്ട്. പല യോഗങ്ങളും നടത്തുന്നതുതന്നെ സ്ത്രീകളാണ്. പല പഞ്ചായത്തുകളിലും പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാകുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയൊക്കെ സൂചിപ്പിക്കുന്നത്, നേരത്തേ പറഞ്ഞ കാര്‍ഷികപ്രതിസന്ധി ജാതികള്‍ക്കും മതത്തിനും അതീതമായി കാര്‍ഷികമേഖലയിലെ ജനവിഭാഗങ്ങളുടെ ജീവിതത്തെ വന്‍തോതില്‍ ഞെരുക്കുന്നുണ്ടെന്നാണ്. അവര്‍ കടക്കെണിയിലകപ്പെടുകയും പാപ്പരീകരിക്കപ്പെടുകയും കുടിയേറ്റത്തൊഴിലാളികളായിമാറാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 85 ശതമാനത്തിലേറെ വരുന്ന ഗ്രാമീണകുടുംബങ്ങളും കടക്കെണിയിലാണെന്നു പറയുമ്പോള്‍ അതില്‍ ഉയര്‍ന്ന ജാതിയിലുള്ള കുടുംബങ്ങളും പെടുന്നുണ്ടെന്ന് വ്യക്തമാണ്. കാര്‍ഷികമേഖലയിലെ കുത്തകമേധാവിത്വം എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജാതിയുടെതായ സവിശേഷപ്രാധാന്യത്തിനപ്പുറത്ത് കൂലിയും വിലയും തൊഴില്‍സംരക്ഷണവുമുള്‍പ്പെടെയുള്ള വര്‍ഗപരമായ മുദ്രാവാക്യങ്ങള്‍ക്കുചുറ്റും ജാതിപഞ്ചായത്തുകള്‍ പോലും അണിനിരക്കുന്നതായി കാണാന്‍ സാധിക്കും. 

'സമരംചെയ്യുന്ന കര്‍ഷകരെ വാഹനം കയറ്റി കൊല്ലുന്നതും കേന്ദ്രമന്ത്രിതന്നെ കൊലവിളിനടത്തുന്നതും സമരകേന്ദ്രങ്ങളിലേക്ക് സംഘര്‍ഷം സൃഷ്ടിക്കാന്‍ നിരന്തരം ഗുണ്ടകളെ അയക്കുന്നതും പ്രതിഷേധിച്ച താങ്കളുള്‍പ്പെടെയുള്ളവരെ പോലീസ് മര്‍ദിക്കുന്നതുമെല്ലാം കാണുകയാണ്. അതിന്റെയെല്ലാം നടുവില്‍നിന്നാണ് നിങ്ങളുള്‍പ്പെടെയുള്ളവര്‍ സമരം തുടരുന്നതെന്നറിയാം. രാഷ്ട്രീയജീവിതത്തില്‍ കഴിഞ്ഞൊരാണ്ടിന്റെ സമരാനുഭവ പാഠങ്ങളെ എങ്ങനെയാണ് അടയാളപ്പെടുത്തുക?

പോലീസിനെയും സ്റ്റേറ്റ് പവറിനെയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് ഭരണകൂടം തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് പോലീസിലെയും ഉദ്യോഗസ്ഥരിലെയും ഒരുവിഭാഗം മാറുന്നതും നമുക്ക് കാണാന്‍ സാധിച്ചിരുന്നു. അതിന്റെ പ്രകടമായ ഒരുദാഹരണമാണ് കോടതിയിലുണ്ടായിട്ടുള്ള മാറ്റം. ഗവണ്മെന്റിന്റെ നടപടികളെയാകെ അപ്പാടെ അംഗീകരിച്ചുകൊടുക്കുന്നതില്‍നിന്ന് ചില മാറ്റങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകയായ ദിശാ രവിയെന്ന ചെറുപ്പക്കാരിയെ ഡല്‍ഹി പോലീസ് കര്‍ണാടകത്തില്‍ ചെന്ന് അറസ്റ്റുചെയ്ത് ഡല്‍ഹിയിലേക്കു കൊണ്ടുവന്ന് ജയിലിലടച്ച സംഭവത്തില്‍ പോലീസിനെതിരേ ഡല്‍ഹി ഹൈക്കോടതി ശക്തമായി രംഗത്തുവന്നിരുന്നു. നവദീപ് കൗര്‍ എന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയെ ഹരിയാണയില്‍ അറസ്റ്റുചെയ്തപ്പോള്‍ സമാനമായ സമീപനം അവിടത്തെ ഹൈക്കോടതിയില്‍നിന്നും ഉണ്ടായി. ഈ സമീപനത്തിന്റെ പിന്നില്‍ സമരങ്ങളുടെ സ്വാധീനംകൂടിയുണ്ടെന്ന് കാണാന്‍ കഴിയും.

ഇത്തരമൊരു സാഹചര്യത്തിലാണ് സ്റ്റേറ്റ് പവറിനുപകരം പാര്‍ട്ടി പവര്‍ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാനുള്ള നീക്കത്തിലേക്ക് ബി.ജെ.പി. മെല്ലെ മെല്ലെ മാറുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനകത്ത് വിവിധ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഹരിയാണയില്‍ പോലീസ് അതിക്രമത്തിനിരയായ സുഷീല്‍ കാജോള്‍ എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടു. അതിനുശേഷം അസമിലെ ദരാങ്ങ് എന്ന പ്രദേശത്ത് രണ്ടു കര്‍ഷകരെ വെടിവെച്ചുകൊന്നു. അവിടത്തെ മുഖ്യമന്ത്രിയുടെ അനുജന്‍ പോലീസ് സൂപ്രണ്ടായിരിക്കുന്നിടത്ത്, അയാളുടെ നേതൃത്വത്തിലാണ് ഈ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട കര്‍ഷകന്റെ ശരീരത്തിലേക്ക് എടുത്തുചാടി നൃത്തംചവിട്ടുന്ന അങ്ങേയറ്റം ബീഭത്സമായ, അന്ധമായ വിദ്വേഷപ്രകടനവും അവിടെ നമ്മള്‍ കണ്ടു. ലെഖിംപുര്‍ പ്രദേശത്ത് എത്തുമ്പോഴാകട്ടെ ബി.ജെ.പി.യുടെ പ്രവര്‍ത്തകര്‍ നേരിട്ട്, പ്രത്യേകിച്ചും മന്ത്രിയും മന്ത്രിപുത്രനുമുള്‍പ്പെടെയുള്ളവര്‍, വാഹനം കയറ്റി കര്‍ഷകരെ കൊലപ്പെടുത്തുന്നു. ബി.ജെ.പി.യുടെ ഹരിയാണയിലെ മുഖ്യമന്ത്രി പ്രവര്‍ത്തകരോടു പറഞ്ഞത് ഓരോ ജില്ലയിലും 500-600 വോളന്റിയര്‍മാരെ സംഘടിപ്പിച്ച്, സമരംചെയ്യുന്ന കര്‍ഷകരെ ആക്രമിക്കണമെന്നും അങ്ങനെചെയ്ത് ജയിലില്‍ പോയാല്‍ നിങ്ങള്‍ക്ക് വീരോചിതമായ സ്വീകരണം ലഭിക്കുമെന്നുമായിരുന്നു. ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരേ ഒരക്ഷരം പ്രതികരിക്കാന്‍ അവിടത്തെ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ തയ്യാറായിട്ടില്ല. അങ്ങേയറ്റം സമാധാനപരമായിട്ടാണ് കര്‍ഷകര്‍ സമരംചെയ്യുന്നത്. സമാധാനമാണ് വഴിയെന്നും അതിന്റെ അന്തിമവിജയം കര്‍ഷകര്‍ക്കൊപ്പംതന്നെയായിരിക്കുമെന്നുമുള്ള ശരിയായ നിലപാട് തുടക്കംമുതല്‍തന്നെ സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കുണ്ട്. 
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം, 1947-ലെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വിപുലമായ സമരങ്ങള്‍ എന്നിവയ്ക്കുശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ മൂന്നാം സാതന്ത്ര്യസമരമാണ് ഇപ്പോള്‍ കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭം. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.'  

Content Highlights : nitheesh narayanan interviews formar MLA and peasant activist P Krishnaprasad