പട്ടാളക്കാരന്റെ ജീവിതം അനുഭവത്തിന്റെ ചൂടോടെ സന്നിവേശിപ്പിക്കപ്പെട്ട കുറെ രചനകള്‍ മലയാളത്തിലുണ്ടായിരുന്നു. നന്തനാര്‍, കോവിലന്‍, പാറപ്പുറത്ത് എന്നിവരുടെ സൃഷ്ടികളായിരുന്നു അവ. മിക്കവയും പട്ടാളബാരക്കുകളിലിരുന്ന് എഴുതിയവയുമായിരുന്നു. ആ രചനകള്‍ക്ക് പട്ടാളബാരക്കുകളിലിരുന്നുതന്നെ പരിഭാഷകളും പിറന്നിരുന്നു. എന്‍. കുഞ്ചു എന്ന മലയാളിയായിരുന്നു ആ പരിഭാഷകള്‍ക്കു പിറകില്‍. ഈ എഴുത്തുകാരിലേക്കുള്ള സൗഹൃദത്തിന്റെ വാതില്‍കൂടിയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന കുഞ്ചു.
1974ലെ പാലക്കാടന്‍ രാത്രികളിലൊന്നില്‍ ലോഡ്ജ് മുറിയുടെ ഏകാന്തതയില്‍, മരണത്തിന് വിഴുങ്ങാന്‍ സ്വയം വിട്ടുകൊടുക്കുന്നതിന് ഒരു വര്‍ഷംമുമ്പ് നന്തനാര്‍ എന്ന പി.സി. ഗോപാലന്‍ ഡല്‍ഹിയിലെ വിലാസത്തില്‍ കുഞ്ചുവിന് എഴുതി: 'പ്രിയ സുഹൃത്തേ, റിട്ടയര്‍മെന്റ് ലീവില്‍ കഴിയുകയാണിപ്പോള്‍ അല്ലേ, അവിടെത്തന്നെ കൂടുവാനാണ് ആശയെന്നറിയുന്നതില്‍ സന്തോഷം. അതാണ് നല്ലത്. പിരിഞ്ഞുവന്ന പട്ടാളക്കാര്‍ക്ക് കേരളത്തില്‍ ഒരു രക്ഷയുമുണ്ടെന്നു തോന്നുന്നില്ല. സാമ്പത്തികശേഷിയുണ്ടെങ്കില്‍ കഴിയാം. അതില്ലേ, വളരെ പ്രയാസമാണ്.'
പണ്ട് വെളുപ്പായിരുന്നെന്ന ഓര്‍മപോലുമില്ലാതെ മഞ്ഞച്ചുപോയ കടലാസില്‍, മങ്ങിപ്പോകാത്ത നീല മഷിയില്‍ നന്തനാരുടെ ഭംഗിയില്ലാത്ത കൈപ്പട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുനിന്ന് 1973 മാര്‍ച്ച് 14-നാണ് കുഞ്ചുവിനെത്തേടി പുറപ്പെട്ടത്. പലവട്ടം ഇരുവരും കൈമാറിയ എഴുത്തുകുത്തുകള്‍ക്കിടയില്‍ ഒരെണ്ണമാണ് മുകളില്‍ സംസാരിച്ചത്. പട്ടാളത്തില്‍നിന്ന് വിരമിച്ചശേഷം ഫാക്ടിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന് നന്തനാര്‍. പ്രതിരോധമന്ത്രാലയത്തിന്റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിന്റെ ചുമതലയുള്ള സുബേദാര്‍ മേജറായിരുന്നു തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശി കുഞ്ചു. പട്ടാളക്കാരന്റെ ആരുമറിയാത്ത ജീവിതവും അടക്കിപ്പിടിച്ച വേദനയും പ്രമേയമാക്കിയ മലയാള കഥകളും നോവലുകളും എന്‍. കുഞ്ചു എന്ന പട്ടാളക്കാരന്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരംചെയ്ത് സൈനിക് സമാചാറില്‍ പ്രസിദ്ധീകരിക്കുന്ന കാലം. നന്തനാരുടെ 'ആത്മാവുകളുടെ നോവുകളും' പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകളും' കോവിലന്റെ 'ഏ മൈനസ് ബി'യും ഏകലവ്യന്റെ 'എന്ത് നേടി'യും പട്ടാളബാരക്കുകളില്‍ മലയാളികളല്ലാത്ത പട്ടാളക്കാര്‍ക്കും പഥ്യമായ സമയം.
എഴുത്തുകാരനും പരിഭാഷകനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളായിരുന്നില്ല ആ കത്തിടപാടുകള്‍. പട്ടാളക്കാരനും പട്ടാളക്കാരനും തമ്മിലുള്ള ഹൃദയകൈമാറ്റമായിരുന്നു അതെന്ന്, തൊണ്ണൂറു വയസ്സിന്റെ ആദ്യചുവടുകളില്‍ മാര്‍ച്ചുചെയ്യുന്ന കുഞ്ചു നമ്പ്രത്ത് എന്ന എന്‍. കുഞ്ചു ഇപ്പോള്‍ ഓര്‍മിക്കുന്നു. മലയാളത്തിലെ എണ്ണംപറഞ്ഞ പട്ടാളക്കഥകള്‍ ഇംഗ്ലീഷിലേക്ക് പറിച്ചുനട്ട ഒരാള്‍ ഓര്‍മകളിലേക്ക് ഫ്‌ളാഗ് മാര്‍ച്ച് നടത്തി ഡല്‍ഹി മയൂര്‍വിഹാറിലെ വസതിയില്‍ ഇപ്പോഴും എഴുത്തിന്റെയും വായനയുടെയും ലോകത്ത് കര്‍മനിരതനാണെന്ന് പുറംലോകം ഏറെ അറിയുന്നില്ലെങ്കിലും. ഓര്‍മകള്‍ തുന്നിക്കൂട്ടാന്‍ എടത്തട്ട നാരായണന്റെ പേട്രിയറ്റ് ദിനപത്രത്തില്‍ മാനേജരായിരുന്ന ഭാര്യ ജാനുവും ഒപ്പമുണ്ട്.
സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം പത്രപ്രവര്‍ത്തനം മേഖലയാക്കിയ കുഞ്ചു 1973 മുതല്‍ വിവിധ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ തലപ്പത്തുണ്ട്. '73 മുതല്‍ പഴയ 'കാരവന്‍', 'എലൈവ്', 'വിമന്‍സ് ഇറ' എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ എഴുതുന്നത് കുഞ്ചുവേട്ടന്‍ എന്ന് പില്‍ക്കാല പത്രപ്രവര്‍ത്തക തലമുറ വിളിക്കുന്ന കുഞ്ചു നമ്പ്രത്താണ്. 2019 ഏപ്രില്‍വരെ എലൈവ് മാസികയുടെ എഡിറ്റോറിയല്‍ എഴുതി. ഒരുപക്ഷേ, ദീര്‍ഘകാലം എഡിറ്റോറിയല്‍ എഴുതിയതിന് റെക്കോഡുണ്ടെങ്കില്‍ കുഞ്ചുവിന് സ്വന്തം. ഇപ്പോള്‍ ഇന്‍ഫോമെയില്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്റെ ചുമതലകളില്‍ സജീവം.
1973-ല്‍ സൈന്യത്തില്‍നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷം സൈനിക് സമാചാര്‍ എന്ന സര്‍ക്കാര്‍ മാസികയുടെ പ്രസിദ്ധീകരണച്ചുമതല എന്‍. കുഞ്ചു വഹിച്ചിരുന്നു. ഇക്കാലയളവിലാണ് മലയാളത്തിലെ പട്ടാളക്കഥകള്‍ ഇംഗ്ലീഷിലേക്ക് മാര്‍ച്ച് പാസ്റ്റ് നടത്തിയത്. ''പട്ടാളക്കാരായ എഴുത്തുകാരുടെ കഥകളാണ് പരിഭാഷപ്പെടുത്തിയത്. അത് ഒരു പട്ടാളക്കാരന്‍തന്നെ തര്‍ജമചെയ്തു എന്നതാണ് പ്രത്യേകത'' -കുഞ്ചുവേട്ടന്‍ പറയുന്നു.
ഭാഷയും പരിഭാഷയും
ആദ്യം ഇംഗ്ലീഷ് മഷിപുരണ്ടത് പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു; 1970-ല്‍, Bloodstained Footprints എന്ന പേരില്‍. തുടര്‍ന്ന് 1974-ല്‍ നന്തനാരുടെ 'ആത്മാവിന്റെ നോവുകളു'ടെ പരിഭാഷയായ Sigh of the Dawn പുറത്തുവന്നു. 1979-ല്‍ കോവിലന്റെ 'ഏ മൈനസ് ബി' അതേപേരില്‍ ഇംഗ്ലീഷ് പുരണ്ടു. 2001-ല്‍ ഏകലവ്യന്റെ 'എന്ത് നേടി' എന്ന നോവല്‍ The Regiment എന്ന പേരില്‍ ഭാഷാന്തരപ്പെട്ടു. മലയാളത്തില്‍ പൊതുവായനക്കാരുടെ പ്രിയം നേരത്തേതന്നെ സ്വന്തമാക്കിയ ഈ പുസ്തകങ്ങള്‍ സൈനിക സമാചാറിലും അന്നത്തെ കാരവന്‍ മാസികയിലും ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചശേഷമാണ് പുസ്തകങ്ങളായത്. ഈ പരിഭാഷകളിലൂടെ മറുഭാഷക്കാരായ വായനക്കാരുടെ മേശപ്പുറങ്ങളിലും രചനകള്‍ എത്തി. പട്ടാളക്കാരുടെ ജീവിതവും ത്യാഗവും കരുത്തും സങ്കടങ്ങളും നേട്ടങ്ങളും കഥാരൂപത്തില്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യയിലെ പട്ടാളകുടുംബങ്ങളിലും മലയാള എഴുത്തുകാര്‍ പ്രിയപ്പെട്ടവരായി. നോവലുകളെ പ്രകീര്‍ത്തിച്ച് ഒട്ടേറെ കത്തുകള്‍ സൈനിക സമാചാറിലേക്ക് പ്രവഹിച്ചതിനെക്കുറിച്ചുള്ള ഓര്‍മകള്‍ പരിഭാഷകന്റെ മനസ്സില്‍ ഇപ്പോഴും പരേഡ് ചെയ്യുന്നു.
അന്ന് ഈ എഴുത്തുകാരുമായി നിരന്തരം കത്തിടപാടുകളുണ്ടായിരുന്നെന്ന് കുഞ്ചുവേട്ടന്‍ നീട്ടിയ നൂറോളം കത്തുകളുടെ ശേഖരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരില്‍ കോവിലനെയും ഏകലവ്യനെയും മാത്രമേ കുഞ്ചു നേരിട്ട് കണ്ടിട്ടുള്ളൂ. അതും ഏറെക്കാലം കഴിഞ്ഞ്. അജ്ഞാതരായി അകലങ്ങളിലിരുന്ന് എഴുത്തുകള്‍ സൗഹൃദം പങ്കുവെച്ചു.

നൈനിത്താളില്‍ പി.എന്‍.ആര്‍. റെക്കോഡ്സില്‍ സൈനികോദ്യോഗസ്ഥനായിരുന്ന പാറപ്പുറത്തെന്ന കെ.ഇ. മത്തായി 1962 ഫെബ്രുവരി രണ്ടിന് എഴുതി:
'നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഇംഗ്ലീഷിലാക്കാന്‍ തോന്നിയ താങ്കളുടെ സന്‍മനോഭാവത്തിന് നന്ദി. അക്കാര്യം ഭംഗിയായിത്തന്നെ താങ്കള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എന്റെ അനുവാദം എന്നത് പ്രായേണ നിസ്സാരമായ കാര്യമാണ്. ഈ സംരംഭത്തിലുള്ള പ്രായോഗിക വൈഷമ്യങ്ങളാണ് പ്രധാനം. താങ്കള്‍ക്കോ സഹൃദയരായ എന്റെ സര്‍വീസ് സ്‌നേഹിതന്‍മാര്‍ക്കാര്‍ക്കെങ്കിലുമോ കാണിക്കാന്‍ വയ്യാത്ത അദ്ഭുതമെന്തെങ്കിലും ഈ നോവലിലൂടെ കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇബ്സന്‍ പറഞ്ഞതുപോലെ, ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ക്ക് ജീവനും കലാപരമായ പരിവേഷവും നല്‍കാന്‍ അവിദഗ്ധമായി ശ്രമിക്കുകയുണ്ടായെന്നു മാത്രം.'
സൈന്യത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും പിന്നീട് അങ്ങാടിപ്പുറത്ത് താമസിക്കുമ്പോഴും നന്തനാര്‍ എന്ന പി.സി. ഗോപാലന്‍ നിരന്തരം കുഞ്ചുവിന് കത്തെഴുതുമായിരുന്നു. 1971 മേയ് 28-ന് ഡല്‍ഹി തേടിയെത്തിയ നന്തനാരുടെ ഒരു കത്ത് പറയുന്നു: 'ആത്മാവിന്റെ നോവുകള്‍ കാരവന്‍ മാസിക സീരിയലൈസ് ചെയ്യാമെന്നേറ്റെന്നറിയുന്നതില്‍ സന്തോഷം. എനിക്കുള്ള പ്രതിഫലം താങ്കള്‍ നിശ്ചയിക്കുന്നത് എന്താണെന്നുവെച്ചാല്‍ അത് വാങ്ങാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഭംഗിവാക്ക് പറയുകയല്ല. എം.ഒ. ആയി അയച്ചുതരിക.'
'എ മൈനസ് ബി' വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പും പിന്നീടും കോവിലന്‍, വി.വി. അയ്യപ്പനായി കുഞ്ചുവിന് എഴുതിയ കത്തുകളുടെ എണ്ണമേറെ. നോവല്‍ ഭാഷാന്തരം നടക്കുമ്പോള്‍ മധ്യപ്രദേശിലെ മൗവിലുള്ള സ്‌കൂള്‍ ഓഫ് സിഗ്നല്‍സിലായിരുന്നു കോവിലന്റെ ജോലി. വിവര്‍ത്തനംചെയ്ത രചന സൈനിക് സമാചാറില്‍ പ്രസിദ്ധീകരണം തുടങ്ങുന്ന കാലത്ത് 1963 ജൂണ്‍ 23-ന് കുഞ്ചുവിന് എഴുതി: 'ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഞാനൊരു നോവലെഴുതാന്‍ തുടങ്ങി. അന്ന് അഹമ്മദ് നഗറിലായിരുന്നു. അറുപത്തൊന്ന് ജനുവരിയില്‍ സിഗ്നല്‍ സെക്ഷനിലേക്ക് പോസ്റ്റിങ്ങായി. പിന്നീട് സാഹിത്യപരിശ്രമം തുടരാനൊത്തില്ല. സെക്കന്‍ഡ് ഗ്രേഡിന് പഠിച്ച കാലത്താണ് 'എ മൈനസ് ബി' എന്ന ആശയം എനിക്കുണ്ടായത്. അന്നാണ് ആള്‍ജിബ്ര പഠിച്ചതുതന്നെ. മനുഷ്യന്‍ അപൂര്‍ണനാണെന്നും ഗണിതശാസ്ത്രത്തിലെ സൂത്രങ്ങള്‍പോലെ, കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും ധാരാളമുള്ള മനുഷ്യരുടെ ഈ സമൂഹം ഒരു കണക്കുപുസ്തകമാണെന്നും അന്നെനിക്ക് തോന്നി. ഇന്ന് താങ്കളാ പുസ്തകം തര്‍ജമചെയ്യുന്നു, ഇംഗ്ലീഷിലേക്ക്!'
സ്വന്തം മാത്യൂസ് എന്ന് തുടക്കത്തില്‍ത്തന്നെ കുറിക്കുന്ന ഏകലവ്യന്റെ കത്തുകളില്‍ പലപ്പോഴും സങ്കടങ്ങളുടെയും ആവലാതികളുടെയും കണ്ണീര്‍പ്പാടുകളായിരുന്നു. ഔറംഗബാദില്‍നിന്ന് 1974 സെപ്റ്റംബര്‍ 23-ന് എഴുതിയ കത്തില്‍ ഈ സങ്കടപ്പാടുകള്‍ കാണാം.
'എന്റെ പ്രിയപ്പെട്ട സാറിന്, സ്വന്തം മാത്യൂസ്. താങ്കളുടെ കത്തുകള്‍ കിട്ടിയിരുന്നു. മറുപടി ഒന്നുപോലും എഴുതിയില്ല. എനിക്ക് മാപ്പുതരിക. ഞാന്‍ എളിമയോടെ അഭ്യര്‍ഥിക്കുന്നു. എനിക്ക് മാപ്പുതരിക. ഈ കത്തെഴുതുന്നത് ചിതല്‍തിന്ന കടലാസിലാണ്. എന്റെ ജീവിതം സാഹിത്യ ജീവിതം ഏകദേശം അപ്രകാരമായിരിക്കുന്നു.'
നന്തനാരുടെ മരണം
ഈ കത്തുകള്‍ നിറയെ അമൂല്യമായ അനുഭവങ്ങളാണ്. ഇടയ്ക്ക് ഒന്നു ചോദിക്കട്ടെ, നന്തനാര്‍ എന്തിനാണ് ആത്മഹത്യചെയ്തത്? ഇതേക്കുറിച്ച് താങ്കള്‍ അന്വേഷിച്ചിട്ടുണ്ടോ
അന്വേഷിച്ചിട്ടുണ്ട്. കാരണം അറിയാനായിട്ടില്ല. ഞാന്‍ മറ്റ് എഴുത്തുകാരോടും എഴുതിച്ചോദിച്ചു. ആര്‍ക്കും അറിവില്ല. പാലക്കാട്ട് ഒരു ലോഡ്ജ് മുറിയില്‍ മരിച്ചുകിടന്നു എന്നേ അറിയൂ. മരണത്തിന് കുറച്ചുനാള്‍ മുമ്പും എനിക്ക് നന്തനാര്‍ കത്തയച്ചിരുന്നു. പോസ്റ്റ് കാര്‍ഡിലാണ് നന്തനാര്‍ കത്തെഴുതുക പതിവ്. അപൂര്‍വമായി കവറുകളും ഇന്‍ലന്‍ഡുകളും ഉപയോഗിച്ചിട്ടുണ്ട്.
കുഞ്ചുവിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടിയായി കോവിലനും പാറപ്പുറത്തും നന്തനാരുടെ അകാലമരണത്തെക്കുറിച്ച് കത്തുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
കോവിലന്‍: 'നന്തനാര്‍! അങ്ങനെ സ്‌നേഹമുള്ള ഒരു നല്ല മനുഷ്യന്‍ ഉണ്ടായിരുന്നത് പോയി. വാര്‍ത്ത പത്രത്തില്‍ കണ്ടയുടനെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി. ദുരന്തവും ശവദാഹവും പാലക്കാട്ടായിരുന്നല്ലോ. പാലക്കാട്ടേക്ക് ഞാന്‍ പോയില്ല. അദ്ദേഹം എഴുതിത്തീര്‍ത്തിട്ടുള്ള നോവല്‍ എവിടെയാണെന്നും അറിഞ്ഞിട്ടില്ല. ആ നോവല്‍ എഴുതിയാല്‍, താന്‍ ആത്മഹത്യ ചെയ്യുമെന്നോ മറ്റോ നന്തനാര്‍ തന്റെ ഒരു കഥയില്‍ സൂചിപ്പിച്ചിട്ടുണ്ട് എന്ന് ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി. അദ്ദേഹത്തിന് ധാരാളം മനഃപ്രയാസങ്ങളുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അസ്വാസ്ഥ്യങ്ങള്‍ മറക്കാന്‍വേണ്ടിയാണത്രെ, കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം എന്നെക്കാണാന്‍ വരാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് അസ്വസ്ഥത എന്ന് എന്നോട് പറഞ്ഞിട്ടില്ല.'
പാറപ്പുറത്ത്: 'നന്തനാരുടെ ആത്മഹത്യ മറ്റാരെയുംകാള്‍ അധികം എന്നെ വേദനിപ്പിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി ഞാന്‍ കേരള കൗമുദി പത്രത്തിലെഴുതിയിരുന്നത് വായിച്ചിരിക്കുമല്ലോ? അദ്ദേഹത്തിന്റെ ഒരു കഥ താങ്കള്‍ സൂചിപ്പിച്ചമാതിരി ഒരു കുറിപ്പോടുകൂടി സൈനിക് സമാചാറില്‍ വരുന്നത് ഏതുനിലയ്ക്കും നന്നായിരിക്കും.'
എഴുത്തിന്റെ പട്ടാളച്ചിട്ട
സൈന്യത്തിന്റെ വരണ്ട ബാരക്കുകളില്‍നിന്ന് എങ്ങനെയാണ് എഴുത്തിന്റെ പച്ചപ്പിലേക്ക് താങ്കള്‍ തിരിഞ്ഞത്
തൃശ്ശൂര്‍ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസ കാലത്തുതന്നെ ഞാന്‍ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും പ്രാദേശിക ഗ്രന്ഥശാലകളില്‍നിന്നും പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കും. തകഴി, ബഷീര്‍, പൊറ്റെക്കാട്ട്, കാരൂര്‍, കേശവദേവ് എന്നിങ്ങനെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍. വായന പതുക്കെ എഴുത്തില്‍ താത്പര്യം ജനിപ്പിച്ചു. പതിനേഴാം വയസ്സില്‍ ഞാന്‍ ഒരു കഥാസമാഹാരം പുറത്തിറക്കി. 'നമ്മുടെ പാവങ്ങള്‍' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. എന്റെ അധ്യാപകന്‍ കെ.കെ. രാജയാണ് പുസ്തകത്തിന് ആമുഖം എഴുതിയത്. പുസ്തകത്തിന് എനിക്ക് 15 രൂപ പ്രതിഫലവും കിട്ടി. പ്യൂണായി ജോലിചെയ്തിരുന്ന എന്റെ അച്ഛന് കിട്ടിയ ശമ്പളത്തിന് തുല്യമായിരുന്നു ആ തുക അന്ന്! 1947-ല്‍ ഞാന്‍ സൈന്യത്തില്‍ച്ചേര്‍ന്നു. വീട്ടിലെ കുടുംബപ്രാരബ്ധങ്ങള്‍മൂലം എനിക്ക് ജോലി അത്യാവശ്യമായിരുന്നു. ഓര്‍ഡിനന്‍സ് കോര്‍സില്‍ സ്റ്റോര്‍ കീപ്പര്‍ എന്ന താഴ്ന്ന തസ്തികയിലായിരുന്നു നിയമനം. സ്റ്റോറിലെ ജോലിക്കിടയില്‍ ഒഴിവുസമയം കിട്ടിയതോടെ പഴയ എഴുത്തും വായനയും തിരിച്ചുവന്നു. നാട്ടില്‍പ്പോകുമ്പോള്‍ ഏറ്റവും പുതിയ പുസ്തകങ്ങള്‍ വാങ്ങിയായിരിക്കും മടക്കം. അത് മുഴുവന്‍ വായിച്ചുതീര്‍ക്കും. അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍' എന്ന നോവല്‍ എനിക്ക് വായിക്കാന്‍ തന്നത്. പട്ടാളജീവിതമായിരുന്നു പ്രമേയം. നോവല്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത് മലയാളികളല്ലാത്ത പട്ടാളക്കാരും വായിക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചത്. 1968-ല്‍ സൈനിക് സമാചാറിന്റെ ചുമതല ലഭിച്ചതോടെ വായിച്ചവയോരാന്നായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നീടാണ് പുസ്തകങ്ങളാക്കിയത്.
ഈ നോവലുകളോട് പട്ടാളക്കാരുടെ പൊതുസമീപനം എന്തായിരുന്നു
അവര്‍ക്കെല്ലാം വലിയ സന്തോഷമായിരുന്നു. സ്വന്തം ജീവിതം മഷിപുരണ്ടതുപോലെ. പരിഭാഷകള്‍ വ്യാപകമായി വായിക്കപ്പെട്ടു. സൈനികമേധാവികളും ശ്രദ്ധിച്ചു. നേരത്തേതന്നെ സ്വന്തം നിലയില്‍ എഴുത്തില്‍ സജീവമായിരുന്ന എനിക്ക് പരിഭാഷകള്‍ കൂടുതല്‍ അംഗീകാരം നേടിത്തന്നു.
സൈന്യത്തിലെ ജോലിത്തിരക്കിനിടയില്‍ എത്രകാലംകൊണ്ടാണ് പരിഭാഷകള്‍ പൂര്‍ത്തിയാക്കിയത്
ജോലിക്കിടയില്‍ വീണുകിട്ടുന്ന എല്ലാ സമയവും ഞാന്‍ ഉപയോഗിക്കും. എഴുത്തുകാരോട് അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതും. അവര്‍ അനുവാദം തന്നാല്‍ പ്രസിദ്ധീകരണത്തിലേക്ക് കടക്കും. ഡല്‍ഹിയിലെ സ്വകാര്യ പ്രസിദ്ധീകരണശാലകളും കേരള സാഹിത്യ അക്കാദമിയും പുസ്തകങ്ങളുടെ പ്രസാധകരായിരുന്നു. എന്നാല്‍, ഈ പരിഭാഷകള്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കാന്‍ പ്രസാധകര്‍ കാര്യമായ താത്പര്യം കാട്ടിയില്ല.
ബഷീറിന്റെ ഭാഷ
പട്ടാളക്കഥകള്‍ മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്റെ 'മാന്ത്രികപ്പൂച്ച' എന്ന രചന 1978-ല്‍ Magic Cat എന്നപേരില്‍ കുഞ്ചു പരിഭാഷപ്പെടുത്തി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു. മാന്ത്രികപ്പൂച്ചയുടെ പരിഭാഷയുമായി ബന്ധപ്പെട്ട് ബഷീറുമായി നടത്തിയ കത്തിടപാടുകള്‍ നിധിയായി കുഞ്ചു സൂക്ഷിക്കുന്നു. കുഞ്ചുവിനെ കുഞ്ഞു എന്ന് സംബോധന ചെയ്തായിരുന്നു കത്തുകള്‍. 'പ്രിയപ്പെട്ട കുഞ്ഞു, ഈ പുതുവത്സരത്തില്‍ എല്ലാം ശോഭനമായിത്തീരട്ടെ. തങ്കമോതിരം, മാന്ത്രികപ്പൂച്ച. ഇംഗ്ലീഷ് പരിഭാഷ മൊത്തത്തില്‍ കൊള്ളാം. ഹ്യൂമര്‍ ചോര്‍ന്നുപോകാതെ താങ്കള്‍ കാര്യം ഒപ്പിച്ചിട്ടുണ്ട്.'
'മേലില്‍ എന്റെ കഥകളുടെ തര്‍ജമകള്‍ കാശുതരുന്ന പത്രക്കാര്‍ക്ക് കൊടുത്താല്‍ മതിയെന്ന' ഉപദേശം മറ്റൊരു കത്തില്‍ ബഷീര്‍ കുഞ്ചുവിന് നല്‍കുന്നുണ്ട്! കത്തിടപാടുകള്‍ക്കും പരിഭാഷകള്‍ക്കുമിടയില്‍ ബഷീറിനെ ഒരിക്കല്‍ ബേപ്പൂരിലെ വീട്ടില്‍ സന്ദര്‍ശിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ: ''ബഷീറിന്റെ മകനാണ് വഴികാട്ടിയത്. ചെല്ലുമ്പോള്‍ മരച്ചുവട്ടിലുണ്ടായിരുന്നു. നിറയെ വര്‍ത്തമാനം പറഞ്ഞു. ഭക്ഷണവും സുലൈമാനിയും തന്നു.''
പരിഭാഷപ്പെടുത്താന്‍ ഏറ്റവും പ്രയാസമുണ്ടാക്കിയ രചന ആരുടേതാണ്? ബഷീറിന്റെയും കോവിലന്റെയും കൃതികള്‍ പൊതുവേ പരിഭാഷയ്ക്ക് വഴങ്ങാറില്ലെന്ന് പറയാറുണ്ട്
ഒരു കൃതിയും എനിക്ക് പ്രയാസകരമായിരുന്നില്ല. പട്ടാളക്കഥകളുടെ അന്തരീക്ഷം, പദാവലി, സാങ്കേതികത ഇതൊക്കെ എനിക്കും അറിയാവുന്നതാണല്ലോ. അതിനാല്‍ എളുപ്പമായിരുന്നു. പ്രാദേശികഭാഷാഭേദങ്ങള്‍ അധികമില്ലാത്ത ബഷീറിന്റെ രചനകളാണ് ഞാന്‍ പരിഭാഷപ്പെടുത്തിയത്.
ഇംഗ്‌ളീഷാണ് എന്‍. കുഞ്ചുവിന്റെ എഴുത്തുഭാഷ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്ന് ഉറച്ച ഇംഗ്ലീഷിന്റെ ബലത്തിലാണ് സൈന്യത്തില്‍ ജോലിലഭിച്ചതും. വീട്ടിലെ പട്ടിണിയില്‍നിന്ന് മോചനത്തിനായി ജോലിതേടി മദ്രാസില്‍ എത്തിയപ്പോഴായിരുന്നു സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്ന വിവരം അറിഞ്ഞത്. പട്ടാളത്തില്‍ ജോലികിട്ടാനുള്ള ശാരീരികബലം ഉണ്ടായിരുന്നില്ല. എന്നാല്‍, മെട്രിക്കുലേഷന്‍ പാസായതാണെന്നറിഞ്ഞപ്പോള്‍, സൈന്യത്തിലെ താഴെ തസ്തികയില്‍ ജോലിലഭിച്ചു. മലയാളത്തില്‍നിന്ന് പട്ടാളരചനകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോള്‍ മെട്രിക്കുലേഷന്‍ മാത്രമായിരുന്നു കുഞ്ചുവിന്റെ വിദ്യാഭ്യാസയോഗ്യത. പിന്നീട് സൈനിക് സമാചാറില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് കറസ്പോണ്ടന്‍സായി ബിരുദം നേടിയത്. ഭാരതീയ വിദ്യാഭവനിലെ സായാഹ്നക്ലാസുകളില്‍നിന്ന്് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി.
സൈന്യത്തിലെ ജോലിക്കിടയില്‍ പഞ്ചാബ്, കശ്മീര്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കുഞ്ചു ജോലിചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാട്ടില്‍ അവധിയില്‍നില്‍ക്കുന്ന കാലത്തായിരുന്നു 1962-ലെ യുദ്ധം. ഉടന്‍ തിരിച്ചുമടങ്ങാന്‍ നിര്‍ദേശം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1973 വരെ പട്ടാളജീവിതം. വിരമിച്ചശേഷം എഴുത്തിന്റെയും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിന്റെയും ബലത്തില്‍ കാരവന്‍ ദ്വൈവാരികയുടെ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്നു. കാരവനിലും നോവല്‍ പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് മലയാള കഥയുടെ പടവുകള്‍ കയറിയ സക്കറിയയെ കുഞ്ചു പരിചയപ്പെടുന്നത് കാരവന്‍ കാലത്താണ്. ''സക്കറിയ അന്ന് ഡല്‍ഹിയിലുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അന്ന് യുവാക്കളായിരുന്നു'' -കുഞ്ചു ഓര്‍മകള്‍ കുടഞ്ഞ് ചിരിക്കുന്നു.
കാരവനുശേഷം 1986 വരെ 'എലൈവ്' ഇംഗ്ലീഷ് മാസികയില്‍ സീനിയര്‍ എഡിറ്ററായി കുഞ്ചു പ്രവര്‍ത്തിച്ചു. വിരമിച്ചശേഷവും എലൈവിന്റെ എഡിറ്റോറിയല്‍ എഴുത്ത് തുടര്‍ന്നു. പ്രതിദിന പത്രപ്രവര്‍ത്തനത്തിന് താത്കാലിക തിരശ്ശീലയിട്ടെങ്കിലും ആര്‍മി ലൈഫ്, ഫ്രീ ഇന്ത്യാസ് ആര്‍മി പ്രോബ്ലംസ് ആന്‍ഡ് ഫിഫ്റ്റി, സെലക്ടഡ് ആര്‍മി റൈറ്റിങ്സ്, സെക്യുലറൈസിങ് ഡൗട്ട്സ്, ഇന്ത്യന്‍ ആര്‍മി: എ ഗ്രാസ് റൂട്ട് റിവ്യൂ എന്നിങ്ങനെ മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് കുഞ്ചു. 1970 ഒക്ടോബര്‍ 29-ന് കോവിലന്‍ കുഞ്ചുവിന് എഴുതി: 'താങ്കളൊന്നറിയണം. എ മൈനസ് ബി തര്‍ജമചെയ്തു എന്നല്ല താങ്കളെ ഞാന്‍ ധരിക്കുന്നത്. എസ്.എസ്.എല്‍.സി.ക്കാരന്‍ ഒരു ചെറുക്കന്‍ പട്ടാളത്തില്‍വെച്ച് എത്ര വളരുമെന്ന് അദ്ഭുതാദരങ്ങളോടെ ഞാന്‍ നോക്കുകയാണ്. ഈ തര്‍ജമ കാണിച്ച ഓമനക്കുട്ടനോടും എം.ടി.യോടും ഇതാണ് ഞാന്‍ പറഞ്ഞതും. മനുഷ്യന്റെ അദമ്യമായ ഇച്ഛാശക്തിയാണ് എന്റെ ആരാധനാമൂര്‍ത്തിതന്നെ.'
കോവിലന്റെ ഈ വാക്കുകളില്‍ എന്‍. കുഞ്ചുവിന്റെ ആത്മകഥയുണ്ട്.
Content Highlights: N Kunju Military stories translator and Journalist Interview