ന്ത്യയിലെ ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ മുന്‍നിരയിലുള്ള മനു ജോസഫ് സംസാരിക്കുന്നു. ജന്മംകൊണ്ട് കേരളീയനായ അദ്ദേഹം താന്‍ പിന്നിട്ട ജീവിതത്തെയും എഴുത്തിനെയും കുറിച്ച്...

താങ്കളുടെ 'സീരിയസ് മെന്‍' എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത് ഇരുണ്ട ഹാസ്യമാണ്. ഗൗരവമുള്ള വിഷയങ്ങള്‍ ഒരു ദോഷൈകദൃക്കിന്റെ മട്ടില്‍ കാണുന്നു എന്നു പറഞ്ഞാല്‍...?

ഞാനൊരു ദോൈഷകദൃക്കൊന്നുമല്ല. വാസ്തവത്തില്‍ അനവസരത്തിലുള്ള അകാരണമായ ആഹ്‌ളാദം എന്ന രോഗമാണ് എനിക്കെന്ന് എന്റെ ഒരു അടുപ്പക്കാരി പറയും. പത്രപ്രവര്‍ത്തനവും കൗമാരത്തില്‍ ആത്മീയത തേടി ഞാന്‍ നടത്തിയ പരാജയപ്പെട്ട യാത്രകളും ജീവിതത്തെ വികാരരഹിതമായി  നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. 

സഹാനുഭൂതി എന്നത് നിങ്ങള്‍ക്ക് സ്വയംതോന്നേണ്ടുന്ന ഒന്നാണ്. എന്നാല്‍, ഇക്കാലത്തു 'മഹാമനസ്‌കത' എന്നത്  മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു പ്രകടനമായി മാറിയിരിക്കുന്നു. അതുകൊണ്ട് തര്‍ക്കമില്ലാത്ത വസ്തുതകളെക്കുറിച്ചുള്ള എന്റെ  നിരീക്ഷണങ്ങള്‍ പോലും കുറ്റംപറച്ചിലായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. സത്യമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ മാത്രമേ ഹാസ്യം ഫലപ്രദമാകുകയുള്ളൂ.

പൊതുജനാഭിപ്രായത്തിന് വിപരീതമായ നിലപാടാണ് താങ്കള്‍ പലപ്പോഴും എടുക്കുന്നത്. ഇതുകാരണം ആളുകള്‍ താങ്കളെ അധികാരിവര്‍ഗത്തിന്റെ അനുകൂലിയായി ചിത്രീകരിക്കുന്നതിനെക്കുറിച്ചെന്തു പറയുന്നു?
 
മനസ്സ് വായിക്കാനും സ്പൂണ്‍ വളയ്ക്കാനുമൊക്കെ തനിക്കു കഴിവുണ്ടെന്ന് ഭാവിച്ചിരുന്ന ഒരുതട്ടിപ്പു മാന്ത്രികനോട് ഞാനൊരിക്കല്‍ ചോദിച്ചു: ''മനുഷ്യരെപ്പറ്റി നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?'' അയാള്‍ ഉടന്‍ പറഞ്ഞു: ''അവര്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു!''മനുഷ്യര്‍ നിരന്തരമായ വിശ്വാസത്തിലാണ്  ജീവിക്കുന്നത്. 

ഒരു കാഴ്ചപ്പാട് ഭൂരിപക്ഷത്തിന്റേതായതു കൊണ്ട് അത് സത്യമാകണമെന്നില്ല. വാസ്തവത്തില്‍, ബുദ്ധിസ്ഥിരത ഭൂരിപക്ഷത്തിന്റെ അവസ്ഥയല്ല. അതൊരു ന്യൂനപക്ഷാവസ്ഥയാണ് എന്നതാണ് എന്റെ പ്രമാണം. വലിയൊരു വിഭാഗം ജനങ്ങള്‍ പലപ്പോഴും സമനിലയില്ലാതെ പെരുമാറുന്നുണ്ട്. എന്റെ മനോനില തെറ്റാതെ സൂക്ഷിക്കുകയെന്നതാണ് എന്റെ കര്‍മം. 

അതിനാല്‍ ഒരു പൊതുവിശ്വാസത്തിനെതിരായ വീക്ഷണം അസാധാരണമാണെന്ന് തോന്നാമെങ്കിലും അതങ്ങനെയല്ല. ഞാനൊരു നല്ല മനുഷ്യനാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതില്‍ എനിക്ക് താത്പര്യമില്ല. സന്ദിഗ്ധതയുള്ള വിഷയങ്ങളാണ് എന്നെ ആകര്‍ഷിക്കുന്നത്.  

ഈ അഭിമുഖത്തിന് താങ്കളില്‍നിന്ന് ആദ്യം ലഭിച്ച പ്രതികരണം 'എന്റെ അമ്മയ്ക്ക് സന്തോഷമാകും' എന്നായിരുന്നു. താങ്കളുടെ കേരളത്തിലെ കുടുംബവും ഈ നാടുമായുള്ള ബന്ധത്തെക്കുറിച്ച് പറായാമോ...?

എന്റെ അമ്മയാണ് സരളമായ ഗുണപാഠകഥകളിലൂടെ എനിക്ക് ജീവിതത്തിലേക്കുള്ള വഴിതെളിച്ചത്. എന്റെ ജനനത്തിനുശേഷമാണ് മാതാപിതാക്കള്‍ കേരളത്തില്‍നിന്ന് അന്നത്തെ മദിരാശിയിലേക്ക് താമസം മാറ്റിയത്. സാമ്പത്തികമായി വലിയ പരാധീനതകളുണ്ടായിരുന്ന കാലം. പക്ഷേ ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കുറേ നല്ല പുസ്തകങ്ങളും മനസ്സുകളുമായിരുന്നു എനിക്ക് കൂട്ട്.

മലയാളം അറിയാമോ...? 

കേട്ടാല്‍ അത്യാവശ്യം മനസ്സിലാകും. കവിതകളും സിനിമാഗാനങ്ങളുമൊന്നും പക്ഷേ മനസ്സിലാവില്ല. എന്റെ ഭാഷയ്ക്ക് ഒരു തമിഴ് ചുവയാണുള്ളത്. 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് അച്ഛന്റെ കാലില്‍ അണുബാധ കലശലായ കാലം. അച്ഛന്‍ കേരളത്തിലും ഞാന്‍ അന്ന് മുംബൈയിലുമാണ്. കാല് ചികിത്സിച്ച് ഭേദമാക്കാനായി ഞാന്‍ പണവും മറ്റും ഒരുക്കാനുള്ള തത്രപ്പാടിലായിരുന്നു. അപ്പോഴാണ് കേരളത്തില്‍നിന്ന് ഒരാള്‍ എന്നെ വിളിച്ച് അച്ഛന്റെ കാല് മുറിക്കാതെ വേറെ വഴിയില്ലെന്നു കുറച്ച് സന്തോഷത്തോടെ പറയുന്നത്. 

മരണവാര്‍ത്തപോലും കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്ന മലയാളികളില്ലേ? വീണ്ടും ആ മലയാളി സുഹൃത്ത് എന്നെ വിളിച്ചപ്പോള്‍ ക്ഷുഭിതനായി, അച്ഛനില്‍നിന്ന് ഞാന്‍ പഠിച്ച മലയാളം അങ്ങോട്ടുപ്രയോഗിച്ചു. അധികം വൈകാതെ തന്നെ എന്റെ അച്ഛന്‍ എന്നെ വിളിച്ച് അന്വേഷിച്ചു: ''അയാളോട് നീ എന്താണ് പറഞ്ഞത്?'' ഞാന്‍ കാര്യം തിരക്കി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു- എനിക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ല എന്ന് മുന്‍പ് അയാളോട് അച്ഛന്‍ പറഞ്ഞിരുന്നു! എന്റെ വിളി കഴിഞ്ഞ് ആ സുഹൃത്ത് അച്ഛനോട് അല്പം വിഷമത്തോടെ പറഞ്ഞുവത്രേ ''മകന് നന്നായി മലയാളം അറിയാം.''എന്ന്.

മതവിശ്വാസിയാണോ... ?

അല്ല. നിങ്ങള്‍ എന്നെ 17 വയസ്സില്‍ കണ്ടിരുന്നുവെങ്കില്‍ ഞാന്‍ ആത്മീയചിന്തയുള്ളവനാണെന്ന് പറഞ്ഞേനെ. എന്നാല്‍ ആത്മീയതയും മതചിന്തകളെപ്പോലെ മിഥ്യാബോധത്തിന്റെ ഫലമാണെന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു.

'സീരിയസ് മെന്‍' എന്ന പുസ്തകം മികച്ച പുസ്തകങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഒട്ടേറെ അവാര്‍ഡുകള്‍ നേടി. ഈ വിജയം ആദ്യമല്ലേ... ?

എനിക്ക് സംഭവിക്കുന്ന നല്ല കാര്യങ്ങളില്‍ ഞാന്‍ ആശ്ചര്യപ്പെടാറില്ല. 'ഫിക്ഷന്‍ വിഭാഗത്തില്‍ ഭാരതത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും സ്‌റ്റൈലിഷും സത്യസന്ധവുമായ കൃതി' എന്നാണ്  പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് പറയുന്നത്. 

ഇതിനകം ചര്‍ച്ചചെയ്യപ്പെട്ട 'മിസ് ലൈല' എന്ന കൃതിയെക്കുറിച്ചോ... ?

നരേന്ദ്രമോദിയെ ഒരു ഫിക്ഷന്‍ കഥാപാത്രമായി അവതരിപ്പിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു നോവല്‍ തുടങ്ങിയെങ്കിലും അത് വഴിമാറി. ഒരു കുസൃതിക്കാരിയായ കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള പ്രചോദനം വന്നപ്പോള്‍ പിന്നെ അതിന്റെ ശക്തിയില്‍ ഞാന്‍ സമ്മോഹിതനായി. 'ലൈല'യ്ക്ക് സംഭവിച്ചത്  ഇതാണ്. 

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം കണ്ട ഹിന്ദു ദേശീയവാദികളും അവരുടെ നേതാവും. മുംബൈയില്‍ ഒരു കെട്ടിടം തകര്‍ന്ന് വീഴുന്നു. ഒരു ബീമിന്റെ അടിയില്‍ ജീവനുവേണ്ടി തുടിക്കുന്ന ഒരു വ്യക്തിയെ കാണുന്ന രക്ഷാപ്രവര്‍ത്തകര്‍, അവനെ രക്ഷിക്കാനായി അവിടെ എത്തിച്ചേരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയും സോഷ്യല്‍ മീഡിയയില്‍ വിളയാടുന്ന, കുപ്രസിദ്ധയായ, അഖില അയ്യരും. 

വിഷമങ്ങള്‍ അതിജീവിച്ച് വേദനസംഹാരികള്‍ കൊടുക്കുമ്പോള്‍ അവന്‍ അവളോട് പാതിമയക്കത്തില്‍ വെളിപ്പെടുത്തുന്ന സത്യം. രണ്ടു പേര്‍ ഭീകരാക്രമണത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നു. മറുവശം, ബുദ്ധിശാലിയും സമര്‍ഥനുമായ മുകുന്ദ്, രണ്ട് ഭീകരവാദികളുടെ പിറകെ... അതില്‍ ഒന്ന് കുസൃതിക്കാരിയും തെരുവിന്റെ പൊന്നോമനയുമായ ലൈല. 

നേരിട്ട് അനുഭവമില്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചിന്താശക്തി മാത്രം മതിയോ... അതോ വ്യക്തിപരമായ അനുഭവങ്ങളാണോ കഥയ്ക്ക് സഹായകമാകുന്നത്... ?

ഭാവനചെയ്യാനുള്ള ശക്തിയാണ്  എഴുത്തുകാരന്റെ കാതല്‍ എന്ന് ഞാന്‍ കരുതുന്നു. വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടാകും, പക്ഷേ, എഴുതുമ്പോള്‍ അതിനെ പൂര്‍ണമായും ആശ്രയിക്കാനാവില്ല. സത്യസന്ധമായ എഴുത്ത് പലരെയും സ്വാധീനിക്കുകയും അതിന്റെ പ്രത്യാഘാതവും ഉണ്ടായേക്കാം. 

താങ്കളുടെ എഴുത്തില്‍ മോദിയെ പരിഹസിച്ചിട്ടുണ്ട്.  ഉയരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഒരു എഴുത്തുകാരന്റെ പരിമിതികള്‍ എന്തൊക്കെയാണ്...?

എന്റെ എഴുത്തിന്റെ സ്വാതന്ത്ര്യത്തിനെ കൂടുതല്‍ എതിര്‍ത്തത് വലതിനെക്കാള്‍ ഇടതുപക്ഷക്കാരാണ്. അതിന് കാരണം എന്റെ വ്യക്തിജീവിതം ഇതില്‍ നിന്നും വിഭിന്നമായ ഒരു സ്വതന്ത്രമേഖലയിലായതുകൊണ്ടാവാം. നമ്മുടെ നാടിന്റെ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ച് പറയുകയാണെങ്കില്‍ അത് എപ്പോഴും ഇങ്ങനെതന്നെ ആയിരുന്നില്ലേ. 

ഇന്ന് അതിന് ഒരു നാമം നല്‍കി എന്നുമാത്രം. എന്റെ അഭിപ്രായത്തില്‍ എഴുത്തുകാര്‍ വിഡ്ഢിത്തരത്തിന് മുതിരാതെ കൂടുതല്‍ കരുതലോടെ സമര്‍ഥമായി എഴുതിക്കൊണ്ടുതന്നെയിരിക്കണം. അതിന് എഴുത്തുകാരന് നല്ല ഉള്‍ക്കരുത്ത് വേണം.

Content highlights: Manu Joseph, Serious Men, The Illicit Happiness of Other People, Miss Laila,