ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ഇത്തവണ ലഭിച്ചിരിക്കുന്നത് കെ. രേഖയ്ക്കാണ്. കെ.രേഖയുടെ എഴുത്ത്, തൊഴില്‍, ജീവിതം,മാതൃഭൂമി ആഴ്ചപ്പതിപ്പുമായുള്ള ബന്ധം, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മാതൃഭൂമി ഓണ്‍ലൈനുമായി സംസാരിക്കുന്നു.

കെ. രേഖയുടെ എഴുത്തിടങ്ങളെതിരയുമ്പോള്‍ ആദ്യം ഓര്‍മവരിക മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹമായ മൃതിവൃത്തം എന്ന കഥയാണ്. 
 
ഞാന്‍ എഴുതിത്തുടങ്ങുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലാണ്. കുഞ്ഞുണ്ണി മാഷ് കുട്ടേട്ടനായിരുന്ന കാലത്ത്. പിന്നീട് ഞാന്‍ പത്രപ്രവര്‍ത്തനം പഠിച്ചപ്പോള്‍ എഡിറ്റിംഗ് ഒരു വിഷയമായിത്തന്നെ പഠിച്ചെങ്കിലും എന്റെ എഡിറ്റിംഗിന്റെ ഗുരു യഥാര്‍ഥത്തില്‍ കുഞ്ഞുണ്ണി മാഷാണ്. അന്നൊക്കെ വലിയ കഥകളെഴുതി അയയ്ക്കും. മാഷ് അത് രണ്ട് ഖണ്ഡികയാക്കി വെട്ടിച്ചുരുക്കി തിരിച്ചയച്ചുതരും. വീണ്ടും ഞാന്‍ അയക്കും വീണ്ടും തിരുത്തലോടെ തിരിച്ചുവരും. കഥയെഴുത്തിന്റെയും എന്റെ തൊഴിലിന്റെയും അടിസ്ഥാനപാഠം ഞാന്‍ പഠിച്ചത് അങ്ങനെയാണ്. മാതൃഭൂമിയുടെ ബാലപംക്തിയില്‍ കഥ വരിക അതില്‍ ആനന്ദംകൊള്ളുക എന്നുള്ളതായിരുന്നു എന്റെ ഹൈസ്‌കൂള്‍ കാലം.

അക്കാലത്ത് ബാലപംക്തിയിലെഴുതിയവരെയൊന്നും നേരിട്ട് കണ്ടില്ലെങ്കിലും അവരോടൊക്കെ സ്വന്തം സഹോദരങ്ങളോടെന്നപോലെ സ്‌നേഹം തോന്നുമായിരുന്നു. ശാന്തിപ്രയാഗ, അനില്‍കുമാര്‍ വേങ്ങാട് തുടങ്ങിയവരൊക്കെയായിരുന്നു അക്കാലത്ത് ബാലപംക്തിയിലെഴുതിയവര്‍. അനില്‍കുമാര്‍ വേങ്ങാട് പിന്നീട് ആത്മഹത്യ ചെയ്തു. ശാന്തിപ്രയാഗയെ പിന്നെയെവിടെയും കണ്ടില്ല.
 
 നീണ്ട ഇടവേളയ്ക്കുശേഷം 1994-ലാണ് ആഴ്ചപ്പതിപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സാഹിത്യമത്സരം സംഘടിപ്പിക്കുന്നത്. ഞാനന്ന് ഡിഗ്രി രണ്ടാം വര്‍ഷമാണ്. മൃതിവൃത്തം എന്ന കഥയ്ക്ക് എന്റെ സഹപാഠിയുടെ ആത്മഹത്യ തന്നെയായിരുന്നു പ്രമേയമാക്കിയത്. മൃതിവൃത്തത്തിന് രണ്ടാം സമ്മാനമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ എം എ വിദ്യാര്‍ഥിയായിരുന്ന സുഭാഷ് ചന്ദ്രന്റെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയത്തിനായിരുന്നു ഒന്നാംസമ്മാനം.
 
ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു. അന്ന് എഴുതുമ്പോഴുള്ള അതേ ആശങ്ക ഇന്നും കഥയെഴുതുമ്പോള്‍ എനിക്കുണ്ട്. കഥ പൂര്‍ത്തീകരിക്കുംമുന്നേ ഞാന്‍ മരിച്ചു പോകും എന്നൊക്കെയുള്ള വിചിത്രമായ തോന്നലുകള്‍ ഉണ്ടാവാറുണ്ട്.
 
ടി. വി കൊച്ചുബാവ, ആനന്ദ്, സച്ചിദാനന്ദന്‍, അശോകന്‍ ചെരുവില്‍ തുടങ്ങി ധാരാളം എഴുത്തുകാരുള്ള തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ കാട്ടൂര്‍കടവിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. എഴുത്തുകാരോടുള്ള ആദരവോടുകൂടിയാണ് എഴുത്തിനോടും പുസ്തകങ്ങളോടുമൊക്കെ ഇഷ്ടം തോന്നുന്നത്. ഉണ്ണായി വാര്യര്‍ മുതലിങ്ങോട്ടുള്ളവര്‍ അങ്ങനെയുള്ള ഒരു അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ടായിരുന്നു.
 
വി.കെ.എന്‍ പറഞ്ഞിട്ടില്ലേ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പാണ് അദ്ദേഹത്തിന്റെ കഥ എന്ന്. അതുപോലെ പത്രപ്രവര്‍ത്തനം തൊഴിലാക്കിയാല്‍ ധാരാളം കഥയെഴുത്തിന് സഹായകമാകും എന്നൊരു പ്രതീക്ഷയിലാണ് ഞാന്‍ ആ ജോലിയിലേക്കിറങ്ങിയത്. ജീവിതത്തിന്റെ ഒരു ഓട്ടമുണ്ട്; തൊഴില്‍പരമായ ബുദ്ധിമുട്ടുകളുണ്ട്, കുട്ടികളുടെ ഉത്തരവാദിത്തമുണ്ട്. ഇതിനിടയില്‍ കുറച്ചേ എഴുതിയിട്ടുള്ളൂ.   

 എഴുത്തുകാരി, പത്രപ്രവര്‍ത്തക, അധ്യാപിക. ഏതുമേഖലയാണ് കൂടുതല്‍ ആസ്വാദ്യമായി തോന്നുന്നത്?

എഴുത്തുകാര്‍ക്ക് ജീവിതാനുഭവങ്ങളാണ് വേണ്ടതെന്ന് എപ്പോഴും പറയാറുണ്ട്. നമ്മുടെ കേരളം പോലൊരു നാട്ടില്‍ യുദ്ധമൊന്നുമില്ലാത്തതു കൊണ്ടാണ് എഴുത്തുകാരുടെ അനുഭവത്തിന് തീക്ഷ്ണപോരാത്തത് എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. പത്രപ്രവര്‍ത്തകയായിരുന്നപ്പോള്‍ കൂടുതല്‍ വാര്‍ത്തകളിലൂടെ, കഥകളിലൂടെ ഞാന്‍ ജീവിച്ചു. പതിനെട്ടുകൊല്ലം മനുഷ്യരെക്കുറിച്ചുള്ള അറിവുകള്‍, കാഴ്ചകള്‍, സംഭവങ്ങള്‍ ഇതിലൂടെയെല്ലാം കടന്നുപോയി.

 പക്ഷേ എഴുത്തുകാര്‍ക്ക് ജന്മസിദ്ധമായിട്ടുള്ള ഒരു അലസതയുണ്ട്. എന്റെ പത്രപ്രവര്‍ത്തനകാലം എന്റെ എഴുത്തിനെ  സഹായിച്ചിട്ടുണ്ട്. കാല്പനികതയ്ക്കപ്പുറമുള്ള ടെക്‌നോളജി അറിവുകളും സമയബന്ധിതമായി ജോലി തീര്‍ക്കേണ്ട ഉത്തരവാദിത്തവും എനിക്കുണ്ടായത്‌ ജോലിയില്‍ നിന്നാണ്. എഴുത്തുകാരി എന്ന നിലയിലുള്ള എന്റെ അസ്തിത്വം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഞാന്‍ പത്രപ്രവര്‍ത്തനം തൊഴിലായി തിരഞ്ഞെടുത്തത്.

 പത്രപ്രവര്‍ത്തനം തൊഴിലായതുകൊണ്ടുമാത്രം ഞാനെഴുതിയ ഒന്നുരണ്ടു കഥകളുണ്ട്. നാല്‍ക്കാലി എന്ന കഥ ഞാനെഴുതിയത് ഒരു വാര്‍ത്തയില്‍ നിന്നാണ്. കാലില്ലാത്ത ഒരു തമിഴ് പെണ്‍കുട്ടി ഒരു പ്രശസ്ത തമിഴ്‌നടിയുടെ ഫോട്ടോ അയച്ചുകൊടുത്ത് ഒരു ശ്രീലങ്കക്കാരനെ പറ്റിക്കുകയും അവള്‍ പിടിയിലാവുകയും ചെയ്തതാണ് വാര്‍ത്ത. 

ഡസ്‌കിലിരുന്ന് ആ വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കുതോന്നി ഒരുപക്ഷേ ആ പെണ്‍കുട്ടിയ്ക്ക് അയാളോട് പ്രണയമാണെങ്കിലോ. അയാളഗ്രഹിക്കുന്നതുപോലെയല്ല അവളുടെ രൂപം എന്നു കരുതി അവള്‍ നടിയുടെ ഫോട്ടോ അയച്ചുകൊടുത്തതാണെങ്കിലോ? പത്രത്തെ സംബന്ധിച്ചിടത്തോളം അവള്‍ തട്ടിപ്പുകാരിയാണ് പക്ഷേ എഴുത്തുകാരിയുടെ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോള്‍ അതിന് വേറൊരു വൈകാരികതയാണുള്ളത്. അവിടെയവള്‍ തെറ്റുകാരിയല്ല. എനിക്കേറെ ഇഷ്ടമുള്ള കഥയാണത്.

നമ്മുടെ കാഴ്ചപ്പാട് ഒന്നു മാറ്റിപ്പണിയാനൊക്കെ പത്രപ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. അതേസമയം ആ ജോലിയെ ഒരു ചെറുപ്പത്തിന്റെ കലയായിട്ടാണ് എന്റെയൊരു തോന്നല്‍. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തക എന്ന നിലയില്‍  ആര്‍ജിച്ചിട്ടുള്ള അനുഭവങ്ങള്‍ ഒരു തലമുറയ്ക്ക് കൈമാറാനാണ് എനിക്കിഷ്ടം തോന്നിയത്. അതിന് നല്ലത് അധ്യാപികയുടെ ജോലിയാണ്. പുതിയ തലമുറയുമായുള്ള നേരിട്ടുള്ള ഇടപഴകല്‍ സന്തോഷം തരുന്നു. എന്റെ രണ്ടാം ജന്മമാണ് അധ്യാപിക എന്നത്. എന്നിരുന്നാലും പത്രപ്രവര്‍ത്തനമാണ് എന്റെ ജീവന്‍. അക്കാലത്ത് പത്രപ്രവര്‍ത്തനത്തിന് പെണ്ണുങ്ങളെ എടുക്കില്ലായിരുന്നു. രാത്രികാലത്തെ ജോലിയാണ്, ആണുങ്ങളുടെ പണിയാണ് എന്നൊക്കയായിരുന്നു പറയാറ്. ആ വാശിക്കാണ് ഞാനും കഥാകൃത്ത് എസ്. സിതാരയും, അവളെന്റെ സഹപാഠിയാണ്, പത്രപ്രവര്‍ത്തനം തന്നെ തിരഞ്ഞെടുക്കുന്നത്.  

 ഭര്‍ത്താവിനോട് പിണങ്ങുമ്പോളാണല്ലോ പെണ്ണുങ്ങള്‍ പൂര്‍വകാമുകനെ ഓര്‍ക്കുന്നത് എന്നെഴുതിയിട്ടുണ്ട് രേഖ.

ഭൂമിയില്‍ ഏറ്റവും മനോഹരമായ ഒരു സംഗതി പ്രണയമാണെന്ന് എല്ലാവര്‍ക്കുമറിയാം. ടാറ്റൂ എന്നൊരു കഥയില്‍ പറഞ്ഞിട്ടുണ്ട് പ്രേമം എത്ര മോശപ്പെട്ടതായിക്കൊള്ളട്ടെ, വഞ്ചിക്കപ്പെടുന്നതാവട്ടെ. പക്ഷേ നിങ്ങള്‍ എന്നൊരു വ്യക്തിയെ മാറ്റിപ്പണിയാന്‍ ആ പ്രേമത്തിനുകഴിയും. സ്‌നേഹമില്ലാത്ത മനുഷ്യര്‍ നമ്മളെ ഇരുട്ടുനിറഞ്ഞ വീടുപോലെ പേടിപ്പിക്കും എന്നും ഞാന്‍ എഴുതിയിട്ടുണ്ട്.

K Rekha Book
പുസ്തകം വാങ്ങാം

 പ്രണയമില്ലാത്ത മനുഷ്യരെ അവരുടെ കണ്ണുകളില്‍കൂടി നമുക്ക് തിരിച്ചറിയാന്‍ കഴിയും. കഥയെഴുതാനിരിക്കുമ്പോള്‍ ആദ്യവും അന്ത്യവും നമുക്ക് നിശ്ചയമുണ്ടാകും. പിന്നീടുള്ള യാത്ര കടലിലെ മുക്കുവനെപ്പോലെയാണ്. ഇടയ്ക്കുള്ള സഞ്ചാരം വളരെ വേദനാജനകമാണ്. കാറും കോളും നിറഞ്ഞതായിരിക്കും. ഇങ്ങനെയുള്ള വാക്കുകളെല്ലാം അപ്പോള്‍ വന്നുചേരുന്നതാണ്. അതിനുമേല്‍ നമുക്ക് അധികാരമോ നിയന്ത്രണമോ ഇല്ല.

 രേഖയുടെ പെണ്ണുങ്ങളെപ്പറ്റി? 

എത്ര പീഡിപ്പിക്കപ്പെട്ടാലും കുതറിയോടാന്‍ ശ്രമിക്കുന്ന സ്ത്രീകളാണ് എന്റെ കഥാപാത്രങ്ങള്‍. ഒരു പക്ഷേ നിശബ്ദരായിരിക്കും. ജാരന്‍ എന്ന കഥയിലെ നായിക അവളുടെ നന്മകൊണ്ടാണ് പ്രതിസന്ധികള്‍ മറികടക്കുന്നത്. കന്യകയും പുല്ലിംഗവും എന്ന കഥയില്‍ ധീരതകൊണ്ടാണ് മറികടക്കുന്നത്. തോല്‍ക്കാന്‍ കൂട്ടാക്കാത്ത ഒരു സ്ത്രീ എന്റെ ഉള്ളിലുണ്ട്. തോല്‍ക്കില്ല എന്നു വാശിപിടിക്കുന്ന ഒരു സ്ത്രീ. 

എനിക്കേഴുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയാണ് വളര്‍ത്തിയത്. അമ്മയില്‍ ഞാന്‍ കണ്ടിട്ടുണ്ട് തോല്‍ക്കാത്ത ഒരു സ്ത്രീയെ. എങ്ങനെ വേണമെങ്കിലും ചിതറിപ്പോകാവുന്ന ഒരു കുടുംബത്തെ മുന്നോട്ടുകൊണ്ടുപോവുക എന്നത് ടാസ്‌കുതന്നെയായിരുന്നു. 

ഒരു പ്രൈമറി സ്‌കൂള്‍ ടീച്ചറുടെ സാമ്പത്തികപരാധീനതകള്‍ക്കിടയിലും വളരെ ബുദ്ധിപൂര്‍വം, വാശിയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. അതേസമയം വളരെ ആര്‍ദ്രയും സാധുവുമാണെന്ന് ആളുകള്‍ക്ക് പെട്ടെന്ന് തോന്നുകയും ചെയ്യും. വസുമതി ടീച്ചര്‍ ഒരു പാവമാണെന്ന് ആളുകള്‍ പറഞ്ഞാല്‍ അമ്മ ക്ഷോഭിക്കുമായിരുന്നു. നന്നായി വായിക്കുന്ന, എഴുതിക്കൊണ്ടിരുന്ന, അക്ഷരശ്‌ളോകം ചൊല്ലുന്ന അവര്‍ വിവാഹശേഷം ഈ സര്‍ഗാത്മകലോകം മൊത്തം മറന്നു. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കൂടെ ജീവിച്ചയാളാണ് ഞാന്‍. 

നിസ്സഹായതയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അവിടെ നിന്നും പിടഞ്ഞെണീക്കുന്ന ഒരു സ്ത്രീ എന്റെയുള്ളിലുണ്ടെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്. 

 നോവലെഴുത്തിലേക്ക് പ്രവേശിക്കുന്നില്ല എന്നാണോ? 

മലയാളത്തിലെയും, ലോകത്തിലെയും, എല്ലാ എഴുത്തുകാരികളും ജീവിതത്തില്‍ നിര്‍ബന്ധിതമായ ഒരു മൗനത്തിലേക്കുപോയ കാലമുണ്ട്. എഴുതാതിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു സാഹചര്യം. അത് തൊഴില്‍പരമാകാം, കുടുംബപരമാകാം, രാഷ്ട്രീയമാകാം. ഒരു നോവലെഴുതണമെന്ന് പത്തോപതിനഞ്ചോ വര്‍ഷമായിട്ട് ഞാന്‍ ആഗ്രഹിക്കുകയാണ്. പലതരത്തിലുള്ള സാഹചര്യങ്ങള്‍ അനുകൂലമല്ല.
 
എഴുതാന്‍ വേണ്ടി ഇരിക്കാന്‍ എനിക്കുകിട്ടാത്ത സമയവും അതില്‍പ്പെടുന്നു. കഥപോലെതന്നെ മനസ്സില്‍ അതും പൂര്‍ണമായി എഴുതിവച്ചിട്ടുണ്ട്.അതൊന്നു പകര്‍ത്താന്‍ ക്ഷമയോ സാഹചര്യമോ കിട്ടാത്തതുകൊണ്ട് എഴുതാതിരിക്കുകയാണ്. നോവല്‍ ഞാന്‍ എഴുതും എന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോളൊരു നിര്‍ബന്ധിത മൗനം വന്നുചേര്‍ന്നു എന്നുള്ളതാണ് സത്യം.

 പുരസ്‌കാരത്തിന്റെ കാര്യം ടി. പത്മനാഭനോട് പറഞ്ഞോ?

എന്റെ വലിയ ഒരു ദോഷമെന്നു പറയുന്നത് ബന്ധങ്ങളെ നിലനിര്‍ത്താനുള്ള കഴിവില്ലായ്മയാണ്. എന്നെ സ്‌നേഹിക്കുന്നവരോട് മര്യാദപുലര്‍ത്തുന്നതിലൊക്കെ വീഴ്ചവരുന്ന ഒരാളാണ് ഞാന്‍. അതെന്തുകൊണ്ടാണെന്ന് അറിയില്ല. മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ശേഷിയൊന്നും എനിക്കില്ല. 

ഒരുപാടുകാലത്തെ പിണക്കമൊക്കെ മറന്ന് അദ്ദേഹമെന്റെ വീട്ടില്‍ വന്നു. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ പെരുമാറ്റത്തോട് എന്തുകൊണ്ടോ മര്യാദപൂര്‍വമായി തിരിച്ചു പെരുമാറാന്‍ എന്റെ ഭാഗത്തുനിന്നും വീഴ്ചവരുന്നു. അദ്ദേഹത്തെ സ്‌നേഹിക്കുക എന്നത് വളരെ അധ്വാനമുള്ള ഒരു സംഗതിയാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരാളണദ്ദേഹം. റോസാപ്പൂപോലെയാണ് ആ മനസ്സ്. അതങ്ങനെതന്നെ കൈകാര്യം ചെയ്യുകയും വേണം. റോസാപ്പൂ ഒന്ന് അമര്‍ത്തിപ്പിടിക്കാന്‍ പോലും പറ്റില്ലല്ലോ. എന്തുകൊണ്ടോ എന്റെ പെരുമാറ്റത്തിലെ മര്യാദകേട്‌കൊണ്ട് വീണ്ടും അദ്ദേഹം പിണങ്ങി. 
 
അവാര്‍ഡു വാര്‍ത്തയറിഞ്ഞ് അദ്ദേഹം വിളിച്ചു. ഞാന്‍ ചിരിച്ചു. അപ്പോള്‍ ഗൗരവത്തോടെ ചിരിക്കണ്ട എന്നു മാത്രം പറഞ്ഞു. ഇപ്പോഴും പിണക്കമൊക്കെയുണ്ട്. ശരിയായ രീതിയില്‍ പെരുമാറാന്‍ എനിക്കെന്റെ സുഹൃത്തുക്കളോടും പറ്റാറില്ല. എസ്.സിത്താരയ്ക്ക് അസുഖം വന്നപ്പോള്‍ അവളെ ഞാന്‍ ശ്രദ്ധയോടെയും ശുഷ്‌കാന്തിയോടെയും വിളിച്ചുകൊണ്ടിരുന്നു. പിന്നെ ഞാന്‍ വലിയ ഇടവേളയിലാണ് വിളിച്ചത്. ഇപ്പോള്‍ അവള്‍ക്കെന്റെ ശ്രദ്ധ ആവശ്യമില്ല എന്നൊക്കെയുള്ള തോന്നലുകളാവാം അങ്ങനെയൊക്കെ പെരുമാറുന്നതിന്റെ കാരണം.
 
 ടി. പത്മനാഭന്റെ തൊണ്ണൂറാം പിറന്നാളാണ്. അദ്ദേഹത്തെ ഒന്നു വിളിച്ച് ആശംസകളറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ  ചില ഭയപ്പാടുകളോ, അലസതകളോ എന്തുകൊണ്ടോ അങ്ങനെയൊക്കെ സംഭവിക്കുന്നു. പുകവലിക്കുന്നതുപോലെയോ, മദ്യപിക്കുന്നതുപോലെയോ ചില ദുശ്ശീലങ്ങളില്‍പെട്ടതാണ് ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ജാഗ്രതയില്ലായ്മയും.

കെ.രേഖയുടെ പുസ്തകങ്ങള്‍ വാങ്ങാം

content highlights: malayalmwriter K Rekha interview