സംഘര്‍ഷഭരിതമായ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് വൈശാഖന്‍ എന്ന എഴുത്തുകാരന്‍. റെയില്‍വേയിലെ ജീവിതത്തെക്കുറിച്ചും പദ്മ എന്ന ജീവിതപങ്കാളി പകര്‍ന്നുതന്ന കരുത്ത് ഇന്നും കൈവെടിയാതെ കാത്തുസൂക്ഷിക്കുന്നതിന്റെ പൊരുളിനെക്കുറിച്ചും പറയുകയാണ് വൈശാഖനുമായുള്ള ദീര്‍ഘസംഭാഷണത്തിന്റെ രണ്ടാംഭാഗത്തില്‍. 

എം.കെ. ഗോപിനാഥന്‍ നായര്‍ വൈശാഖനായത് എപ്പോള്‍ മുതലാണ്?

തോല്‍വിയും ജയവും, ചെകുത്താന്‍ ഉറങ്ങുന്നില്ല എന്നീ രണ്ടു കഥകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സമയത്താണ് റെയില്‍വേയില്‍ ജോലി കിട്ടുന്നത്. ഒരേ സമയം വന്നു കയറിയ  വലിയ സന്തോഷങ്ങള്‍. കാരണം വീട്ടില്‍ നിന്നും പോകാമല്ലോ. അമ്മയുമായിട്ട് അത്രവൈകാരിക അടുപ്പമൊന്നുമില്ലായിരുന്നു. പക്ഷേ പോകാന്‍ നേരത്ത് അമ്മയുടെ കണ്ണുനിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കൊരു വിഷമവുമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം കഴിയുന്നതും അകലെയുള്ള സ്ഥലത്തേക്ക് പോകണം. അപേക്ഷാഫോറത്തിലുള്ള പല ഡിവിഷനുകളുടെയും പേരുകളുടെ കൂട്ടത്തില്‍ ഏറ്റവും അകലെയുളള ഡിവിഷനാണ് വിജയവാഡ. ഞാന്‍ അതാണ് ടിക് ചെയ്തത്. പോകുന്ന സമയത്ത് അമ്മ ചെറുതായിട്ട് ഒന്നു കരഞ്ഞു. പക്ഷേ എനിക്കൊന്നും തോന്നിയില്ല. അമ്മ മരിച്ചുകഴിഞ്ഞാണ് സത്യത്തില്‍ ഞാന്‍ അമ്മയെ സ്‌നേഹിച്ചു തുടങ്ങിയത്. 

റെയില്‍വേയില്‍ വളരെ അധ്വാനം നിറഞ്ഞ ജോലിയായിരുന്നു. ഒരു വര്‍ഷം തൃശിനാപ്പള്ളിയില്‍ ട്രെയിനിംഗ്. പട്ടാളപരിശീലനങ്ങളൊക്കെയുണ്ട് അന്ന്. ആര്‍മി പരേഡ് മുതല്‍ ഫയറിംഗ് വരെയുണ്ട്. ദിവസവും രാവിലെ അഞ്ചുമണിമുതല്‍ ആറുമണിവരെ ഫിസിക്കല്‍ ട്രെയിനിംഗ് ഉണ്ട്. ആദ്യത്തെ അപ്പോയന്റ്‌മെന്റ്‌ സ്‌റ്റേഷന്‍ മാസ്റ്ററായിട്ടായിരുന്നു. റിട്ടയര്‍ ചെയ്തതും സ്‌റ്റേഷന്‍ മാസ്റ്ററായിട്ടാണ്. ഒരേ ഗ്രാഫിലായിരുന്നു എന്റെ ഔദ്യോഗികജീവിതം. നാട്ടിലെത്താന്‍ വേണ്ടി ജൂനിയറായി ജൂനിയറായി പോവുകയാണുണ്ടായത്. മാറ്റം വാങ്ങിക്കുമ്പോളും ഡിവിഷന്‍ മാറുമ്പോളും ജൂനിയറാവും. 

ഗുമ്മടിപുണ്ടി എന്ന സ്ഥലത്ത് സ്റ്റേഷന്‍ മാസ്റ്ററായിരിക്കുന്ന കാലത്ത്, ഞാന്‍ ജൂനിയറായതുകൊണ്ട് കാബിന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഡ്യൂട്ടിയാണ്. അന്ന് ലിവറുകള്‍ അടിച്ചാണ് വണ്ടി പുറപ്പെടാനുള്ള സിഗ്നല്‍ കൊടുക്കുക. ഇന്നത്തെപോലെ പവര്‍ സിഗ്നലുകളല്ല. ലിവര്‍ അടിക്കാന്‍ ലിവര്‍മാന്‍ എന്നൊരു പോസ്റ്റു തന്നെയുണ്ട്. ഒരു വണ്ടിപോകാന്‍ ചിലപ്പോള്‍ എട്ടു ലിവറൊക്കെ വേണ്ടിവരും. ലിവര്‍മാനെ ഏല്‍പിച്ചാല്‍ വണ്ടി സമയത്തിനുപോകില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ തന്നെയാണ് ലിവര്‍ അടിക്കാന്‍ പോവാറ്. നല്ല അധ്വാനമുള്ള പണിയാണ്. പൊടിയും ചൂടുംകാറ്റും അധ്വാനവും കൊണ്ട് എനിക്ക് ആസ്തമ പിടിപെട്ടു. ഞാന്‍ വിശ്രമത്തിലായി. ആസ്തമ അല്പം കുറഞ്ഞകാലത്ത് നിഴല്‍യുദ്ധം എന്നൊരു കഥയെഴുതി. റെയില്‍വേ പശ്ചാത്തലത്തില്‍ എഴുതിയ ആദ്യത്തെ കഥ. ഈ കഥ മാതൃഭൂമിയ്ക്ക് അയക്കുന്നതിനുമുമ്പ് റെയില്‍വേ സുഹൃത്തുക്കളൊക്കെ പറഞ്ഞു, വളരെ കര്‍ശനമാണ് റെയില്‍വേ. സ്വന്തം പേരിലെഴുതിയാല്‍ ദോഷമായി ബാധിക്കാനിടയുണ്ട്. 

അങ്ങനെ പേരുമാറ്റുന്നതിനെക്കുറിച്ചായി ആലോചന. പദ്മയോട് മാത്രമേ ആലോചിച്ചുള്ളൂ. ഒരു പേര് നിര്‍ദേശിക്കാന്‍ അവള്‍ക്ക് പറ്റുന്നില്ല. മാതൃഭൂമി കലണ്ടര്‍ ബംഗാള്‍ ഉള്‍ക്കടലിലെ കാറ്റേറ്റ് മുറിയില്‍ നിന്നങ്ങനെ ആടുന്നുണ്ട്. ആസ്തമ കുറഞ്ഞിരിക്കുന്ന മാസം. കലണ്ടറിലേക്കു തന്നെ നോക്കിയപ്പോള്‍ വൈശാഖം എന്ന പേരു കണ്ടു. നിഴല്‍യുദ്ധം ആസ്തമക്കാരനായ ഒരു സ്‌റ്റേഷന്‍മാസ്റ്ററുടെ കഥയാണ്. അപ്പോള്‍ കോവിലന്‍, നന്തനാര്‍ തുടങ്ങിയ പേരുകളൊക്കെ മനസ്സില്‍ വരാന്‍ തുടങ്ങി. അങ്ങനെ എനിക്ക് ശാരീരികമായും മാനസികമായും ആശ്വാസം തന്ന മാസത്തെ ഞാന്‍ പേരായി തിരഞ്ഞെടുത്ത് വൈശാഖന്‍ എന്നാക്കി. പദ്മ പറഞ്ഞു നല്ലപേര് എന്ന്. അന്നൊക്കെ കാര്‍ബണ്‍ പേപ്പര്‍ വച്ചാണ് പകര്‍പ്പുണ്ടാക്കുക. നിഴല്‍യുദ്ധം എന്ന തലക്കെട്ടിനു താഴെ വൈശാഖന്‍ എന്നെഴുതിച്ചേര്‍ത്തു. എം.ടി അത് പെട്ടെന്നു തന്നെ പ്രസിദ്ധീകരിച്ചു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ റെയില്‍വേ കഥയുണ്ടായി 1969-ല്‍. അതിന്റെ അമ്പതാം വര്‍ഷം തികയുന്ന നാള്‍ എനക്ക് തൂങ്കമുടിയാത് എന്ന റെയില്‍വേകഥ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചു.

പദ്മയ്ക്ക് വൈശാഖനില്‍ അസാമാന്യമായൊരു സ്വാധീനമുണ്ടായിരുന്നു.

ഞാന്‍ റെയില്‍വേയില്‍ പോയി. വീട്ടുകാരുമായിട്ടൊന്നും വല്യ അടുപ്പംവെക്കുന്നില്ല, ബന്ധമില്ല. അപ്പോള്‍ വീട്ടുകാര്‍ക്കൊരു ഭയം. വല്ല അന്യനാട്ടുകാരിയെയെങ്ങാനും കെട്ടിക്കൊണ്ടുപോന്നാലോ? അപ്പോള്‍പിന്നെ വീട്ടില്‍നിന്നും അമ്മയുടെ കത്തുവരാന്‍ തുടങ്ങി. ആവശ്യം കല്യാണമായിരുന്നു. 
സത്യത്തില്‍ കുടുംബജീവിതത്തോട് എനിക്ക് യാതൊരു ആഭിമുഖ്യവുമുണ്ടായിരുന്നില്ല. എന്നും കണ്ടത് ശിഥിലമായൊരു കുടുംബത്തെയാണല്ലോ. എനിക്ക് വിവാഹത്തില്‍ വിശ്വാസവുമില്ലായിരുന്നു. ആ പ്രായത്തില്‍ത്തന്നെ കല്യാണം വേണ്ടെന്നും ഇനി അഥവാ വിവാഹം കഴിച്ചാല്‍ തന്നെ കുട്ടികള്‍ ഒരിക്കലും പാടില്ലെന്നുമുള്ള നിലപാടായിരുന്നു എനിക്ക്. എന്റെ വകയായിട്ട് ഈ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് വല്യ തെറ്റാണെന്ന വിശ്വാസക്കാരനായിരുന്നു ഞാന്‍. 

ആന്ധ്രയില്‍ ജോലിചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകന്‍ അവിടത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി വിവാഹം ചെയ്തു. പിന്നെ ഞാന്‍ ഒറ്റക്കായി. അവരുടെ ജീവിതം കാണുമ്പോള്‍ വിവാഹം കഴിച്ചാല്‍ തരക്കേടില്ല എന്നു തോന്നാന്‍തുടങ്ങി. നാടിനോട് സ്‌നേഹം വരാന്‍തുടങ്ങി. ഭാഷകൂട്ടിനില്ല, ഒന്നുമിണ്ടാനും പറയാനുമാരുമില്ല, ഒന്നുരണ്ടു കഥകളൊക്കെ പ്രസിദ്ധീകരിച്ച കാലവുമാണല്ലോ. വീട്ടുകാരുടെ ആവശ്യത്തോട് ഞാന്‍ പതുക്കെ അയയാന്‍ തുടങ്ങി. 

അങ്ങനെ പെണ്ണുകാണാന്‍ പോയി. ഒരു മാഷിന്റെ മകള്‍, പദ്മ. പത്താം ക്ലാസ്‌ രണ്ടാമത്തെ ശ്രമത്തില്‍ പാസായിട്ടുണ്ട്. നിറം മങ്ങിയ സാരിയാണ് ഉടുത്തത്. അരണ്ട വെളിച്ചത്തില്‍ അത്രയേ കണ്ടുളളൂ. സൗന്ദര്യവല്ക്കരണശ്രമങ്ങളൊന്നും നടത്താത്ത പെണ്‍കുട്ടി. ഞാന്‍ വിവരങ്ങളൊക്കെ തിരക്കി. ഞാന്‍ പഠിപ്പിച്ച പാരലല്‍ കോളേജിന്റെ എതിര്‍ കോളേജിലാണ് അവള്‍ പഠിച്ചത്. പദ്മയോട് ഇഷ്ടങ്ങള്‍ തിരക്കി. സിനിമ, യാത്ര , പാട്ട്, ആഭരണങ്ങള്‍, ഭക്ഷണം, പുസ്തകം... അങ്ങനെ പുസ്തകമെത്തിയപ്പോള്‍ അവള്‍ അതെ എന്നു പറഞ്ഞു. അതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഞാന്‍ വായിച്ചതിലും കൂടുതല്‍ വായിച്ചിട്ടുണ്ട്. ഇംഗ്ലീഷ്‌ ഉള്‍പ്പെടെ.

Read More: അമ്മയുടെ രണ്ടാമത്തെ മകനും അച്ഛന്റെ പന്ത്രണ്ടാമത്തെ മകനുമായിരുന്നു ഞാന്‍- വൈശാഖന്‍ (അഭിമുഖത്തിന്റെ ആദ്യഭാഗം)

സംസാരമവസാനിപ്പിച്ച് പുറത്തുവന്നപ്പോള്‍ പദ്മയുടെ അച്ഛന്‍ അഭിപ്രായമാരാഞ്ഞു. എനിക്കിഷ്ടമാണെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. തിരിച്ചു കാറില്‍ കയറിയപ്പോള്‍ വീട്ടുകാരുടെ ആക്രമണം തുടങ്ങി. അവരോട് അഭിപ്രായം ചോദിക്കാതെയാണ് ഞാന്‍ ഉറപ്പിച്ചത്. അവര്‍ക്ക് സമ്മതമാണോ, ഇഷ്ടമായോ എന്നൊന്നും ചോദിച്ചില്ല. അച്ഛനും അമ്മയും ചേച്ചിയും ഞാനും കൂടിയാണ് പോയത് പെണ്ണു കാണാന്‍. എന്നിട്ട് ഞാന്‍ സ്വന്തം തീരുമാനിച്ചു എന്നൊക്കയായി. ഞാന്‍ പറഞ്ഞു. നിങ്ങളാരുമല്ലല്ലോ കല്യാണം കഴിക്കുന്നത്? നിങ്ങളുടെ കൂടെ നിര്‍ത്താനും പോകുന്നില്ല. ഞാന്‍ ആന്ധ്രയിലേക്കു കൊണ്ടുപോകും. പെണ്ണുകാണാന്‍ വരുമ്പോള്‍ തീരുമാനിച്ചതാണ് ആരായാലും വേണ്ടില്ല കല്യാണം കഴിക്കുമെന്ന്. എനിക്കിങ്ങനെ പെണ്ണുതേടി അലയാന്‍ കഴിയില്ല. ഞാനിത് ഉറപ്പിച്ചു. ആരും എതിര്‍ത്തൊന്നും പറഞ്ഞില്ല.

പദ്മ എന്റെ ജീവിതത്തിലേക്കു വന്നു എന്നത് വെറും ഒരു വാചകമല്ല. എന്റെ ജീവിതത്തെ മാറ്റിമറിച്ചു. മനുഷ്യനോട് വിശ്വാസമില്ലാത്ത, അസ്തിത്വവാദിയായ എന്നെയവള്‍ മനുഷ്യനാക്കി. ജീവിതത്തെ ഇഷ്ടപ്പെടുന്നയാളാക്കി മാറ്റി. ഏറ്റവും ദുരിതപൂര്‍ണമായ പട്ടിക്കാടുപോലുള്ള റെയില്‍വേസ്‌റ്റേഷനിലേക്ക് പോകുമ്പോളും അതൃപ്തി എന്നൊന്ന് ആ മുഖത്ത് കണ്ടിട്ടില്ല. ചിരിച്ചല്ലാതെ കാണാന്‍ കഴിയാത്ത മുഖം. സാമ്പത്തികമായി തകര്‍ന്നടിഞ്ഞപ്പോളും പദ്മയ്ക്ക് വലിയ അസുഖങ്ങള്‍ വന്നപ്പോളും ഒരു അസ്വസ്ഥതയോ പരിഭവമോ നിരാശയോ കാണിച്ചില്ല.  ഇപ്പോള്‍ ഞാനിങ്ങനെ ഇരിക്കുന്നതിനു കാരണം പദ്മ തന്ന ഊര്‍ജമാണ്.

വൈശാഖന്‍ പദ്മയോട് നീതി പുലര്‍ത്തിയിരുന്നോ?

Vyshakhanനീതി പുലര്‍ത്തി. അസുഖം വന്നപ്പോള്‍ കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സിച്ചു. മൂക്കറ്റം കടമായി. പലിശക്കടം. കൂട്ടുകാര് കൈ നിറയെ സഹായിച്ചു. പക്ഷേ മതിയാവുമായിരുന്നില്ല. സെപ്ടിസീമിയ എന്ന അസുഖമായിരുന്നു അവള്‍ക്ക്. രക്തത്തില്‍ അതിഗുരുതരമായ അണുബാധ. ഒരു അബോര്‍ഷന്‍ നടത്തിയതാണ് പ്രശ്‌നമായത്. അന്ന് ഇക്കാലത്തേതുപോലെ സ്‌കാനിംഗ് ഒന്നുമില്ലല്ലോ. ഇരട്ടയായിരുന്നു എന്നറിഞ്ഞില്ല. ഡി.എന്‍.സി ചെയ്തപ്പോള്‍ ഒരു ഭ്രൂണം മാത്രമേ പോയുള്ളൂ. മറ്റേത് ഡെഡ് ഫീറ്റസായി ഗര്‍ഭപാത്രത്തില്‍ കിടന്നു. പിന്നെ അണുബാധ കയറി. കണ്ടുപിടിക്കാന്‍ വൈകി. മൂന്നുമാസം വെല്ലൂരില്‍ കിടന്നു. രണ്ടു തവണ ഡോക്ടര്‍മാര്‍ വന്ന് ഡെത്ത് ഡിക്ലയര്‍ ചെയ്യാന്‍ പോവുകയാണെന്ന് വന്നുപറഞ്ഞു. പദ്മയ്ക്ക് അപ്പോള്‍ ഇരുപത്തിയെട്ട് വയസ്സ്. എനിക്ക് മുപ്പത്തിനാലും. മൂന്നു കുഞ്ഞുങ്ങളുമുണ്ട്. മക്കളെ എന്റെ സുഹൃത്തിന്റെ ഭാര്യയാണ് മൂന്ന് മാസം നോക്കിയത്. പദ്മ അതിജീവിച്ചു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ ചെയ്യുമ്പോള്‍ മുപ്പത്തഞ്ചു കിലോയാണ് ഭാരം. മുടിയൊട്ടാകെ കൊഴിഞ്ഞുപോയിരുന്നു. ആറുമാസം കൊണ്ട് പരിപൂര്‍ണമായും പഴയപടിയായി. 

എന്റെ ഓര്‍മകളില്‍ മഹാന്മാരെക്കുറിച്ചു പറയാനില്ല; ചരിത്രസംഭവങ്ങളുമില്ല. ജീവിതമേയുള്ളൂ. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ യുക്തിയുണ്ടെങ്കില്‍ മാത്രമേ പദ്മ അംഗീകരിക്കുമായിരുന്നുള്ളൂ. തര്‍ക്കിക്കുമായിരുന്നു എന്റെ പല ശരികളോടും. മൂത്ത മക്കളായ പ്രവീണും പ്രദീപും തമിഴ്‌നാട്ടിലെ കേംബ്രിഡ്ജ് സ്റ്റാന്‍ഡേഡ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന  കാലത്താണ് പദ്മയ്ക്ക് അസുഖം വരുന്നത്. ഇളയമകള്‍ പൂര്‍ണിമയെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. പദ്മയുടെ അസുഖം മൂര്‍ഛിച്ചപ്പോള്‍ മുമ്പോട്ടുപോകാനായില്ല. മക്കളുടെ പഠിത്തം നിര്‍ത്തിയേ മതിയാകൂ എന്നായി. പദ്മയുടെ മരുന്ന്, വീട്ടുവാടക, പലിശ, മക്കളുടെ ഫീസ് എല്ലാം ഒരു നടയ്ക്ക് പോകില്ലെന്നായി.

അപ്പോള്‍ ആദ്യം പരിഗണനയില്‍ വന്നത് മക്കളുടെ പഠിത്തം നിര്‍ത്തുക എന്നതാണ്. ബാക്കിയെല്ലാമാണ് മുന്‍ഗണനയിലുള്ളത്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച തീരുമാനം ഒരുരാത്രി ഞങ്ങള്‍ പരസ്പരം കരഞ്ഞും ആശ്വസിപ്പിച്ചും എടുത്തു. മക്കള്‍ യൂണിഫോമൊക്കെയിട്ട് ടൈയൊക്കെ കെട്ടിപ്പോവുന്നത്‌ സന്തോഷത്തോടെ നോക്കിനിന്നവരാണ് ഞങ്ങള്‍. നാളെ പോകണ്ട മക്കളേ എന്നവരോട് പറഞ്ഞു. എന്നിട്ട് നാട്ടിലെ എന്റെ സുഹൃത്ത് ജോണിന്  ദീര്‍ഘമായൊരു കത്തെഴുതി. ജോണ്‍ ഡി. ഇ. ഒ ആയിട്ട് മൂവാറ്റുപുഴയിലുണ്ട്. കത്തില്‍ എന്റെ അവസ്ഥകളൊക്കെ വിവരിച്ചു. കുഞ്ഞുങ്ങളെ എന്തുചെയ്യുമെന്നായിരുന്നു എന്റെ ആശങ്ക. ജോണ്‍ ആശ്വാസവാക്കുകള്‍ കൊണ്ടുള്ള ഒരു മറുപടി എഴുതി. 'ഗോപി ഇങ്ങോട്ടു വരൂ. അവരെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്യാം. ചെറിയൊരു ടെസ്റ്റ് എഴുതിച്ചാല്‍ മതി. ഒരു  ചലാനും അടയ്ക്കാനുണ്ടാകും. അത് ഞാന്‍ നോക്കിക്കോളാം.'

ഞാനും പദ്മയും കൂടി വാരപ്പെട്ടിയില്‍ പോയി ജോണ്‍ പറഞ്ഞതുപ്രകാരം സ്‌കൂളില്‍ ചേര്‍ത്തു. മോളെ ഞങ്ങള്‍ കൂടെനിര്‍ത്തി. മൂന്നു കുട്ടികളെയും പിരിഞ്ഞിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ലായിരുന്നു. വാരപ്പട്ടിയിലാണ് പദ്മയുടെ വീട്. മക്കളെ പദ്മയുടെ അമ്മയുടെ അനിയത്തിയും ആങ്ങളയും സ്‌കൂളില്‍ പറഞ്ഞയച്ചു. പൂര്‍ണിമയെ ഞങ്ങള്‍ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഞാനന്ന് റിലീവിംഗ് സ്റ്റേഷന്‍ മാസ്റ്ററാണ്. രണ്ടുമാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഇവിടെ വന്നിട്ട് ഒന്നാം ക്ലാസിലെ പുസ്തകങ്ങള്‍ വാങ്ങിച്ചുകൊണ്ടുപോകും. പദ്മ അവളെ വീട്ടിലിരുത്തി പഠിപ്പിക്കും. പിന്നെ രണ്ടാം കഌസിലെ പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോകും. അതും പദ്മ പഠിപ്പിച്ചു കൊടുക്കും. പിന്നെ നാട്ടിലേക്ക് സ്ഥലമാറ്റം വാങ്ങിക്കാനുള്ള ശ്രമം തുടങ്ങി. നാട്ടില്‍ വന്നതിനുശേഷമാണ് പൂര്‍ണിമയെ ഒലവക്കോട് സ്‌കൂളില്‍ മൂന്നാംകഌസില്‍ ചേര്‍ക്കുന്നത്. 

സ്ഥലമാറ്റം അത്ര എളുപ്പമായിരുന്നോ?

അത്ര എളുപ്പമായിരുന്നില്ല. ഞാന്‍ ഒരിക്കലും മേലധികാരികളെ കാണാന്‍ പോകാറില്ല ഇത്തരം കാര്യങ്ങള്‍ക്ക്. ഏതുനരകത്തിലേക്ക് ട്രാന്‍സ്ഫര്‍കിട്ടിയാലും ഞാനുംപദ്മയും ഞങ്ങളുടെ പെട്ടിയുമായിട്ട് പോകാറാണ് പതിവ്. സ്റ്റേഷനില്‍ ഞാന്‍ ജോലി ചെയ്യുമ്പോള്‍ പദ്മ സ്റ്റോര്‍റൂമില്‍ കിടക്കും. ഇങ്ങനെയൊക്കെയായിരുന്നു ഞങ്ങളുടെ ജീവിതം. ഇപ്പോള്‍ നിവൃത്തിയില്ല. മാറ്റം കിട്ടിയേ പറ്റൂ. അങ്ങനെയാണ് ഞാനൊരു അപേക്ഷ അയയ്ക്കുന്നത്. മാറ്റം കിട്ടിയില്ല. അപ്പോള്‍ ഞാന്‍ ഡിവിഷണല്‍ മാനേജരെ കാണാന്‍ ശ്രമിച്ചു. അതിനിടയില്‍ ഞാന്‍ പദ്മയോട് ഒരു തീരുമാനം പറഞ്ഞിരുന്നു. മാറ്റം കിട്ടിയില്ലെങ്കില്‍ ജോലി വേണ്ടെന്നു വയ്ക്കാം. നാട്ടില്‍ പോയാല്‍ ചിലപ്പോള്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കാന്‍ പറ്റുമായിരിക്കും. അല്ലെങ്കില്‍ ഒരു പെട്ടിക്കട നടത്താം. 

അങ്ങനെ ആദ്യമായി, നിവൃത്തിയില്ലാതെ സ്ഥലം മാറ്റക്കാര്യം സംസാരിക്കാനായി ഡിവിഷണല്‍ മാനേജരെ കാണാന്‍ പോയി. പുറത്തുകാത്തിരിക്കുമ്പോള്‍ റെയില്‍വേ പബ്ലിസിറ്റി ഇന്‍സ്ട്രക്ടറായ പരമേശ്വരനെ കണ്ടു. ഞാന്‍ എഴുത്തുകാരനാണെന്നറിയാം. എന്നെ കണ്ടതും എന്താ ഇവിടിരിക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു സ്ഥലംമാറ്റത്തിന്റെ കാര്യം പറയാന്‍ ഡിവിഷണല്‍ മാനേജര്‍ ഒന്നു കാണണം. ശരി ഇരിക്ക് എന്നുപറഞ്ഞ് അയാള്‍ അകത്തേക്കുപോയി പിന്നെ തിരിച്ചുവന്നിട്ട് പറഞ്ഞു. അദ്ദേഹം വിളിക്കും ഒരു കാരണവശാലും നിങ്ങള്‍ അദ്ദേഹത്തെ കാണാതെ പോകരുത്. ഇനി അഞ്ചുമണി കഴിഞ്ഞാലും നിങ്ങള്‍ പോകരുത്. 

കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു. ബി.ആര്‍ നായര്‍ എന്നാണ് നെയിംബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത്. കലിക എഴുതിയ മോഹനചന്ദ്രന്റെ ചേട്ടനാണത്. അദ്ദേഹം പറയുകയാണ്. ''ഞാന്‍ നിങ്ങളെ കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഈയിടെ നിങ്ങളെക്കുറിച്ച് അന്വേഷിച്ചതേയുള്ളൂ. നിങ്ങള്‍ എവിടെയാണ് ഉള്ളത് എന്ന് ആരും പറഞ്ഞു തന്നില്ല. കാരണം വൈശാഖന്‍ എഴുതിയ ജ്ഞാനവടിവേലു എന്ന കഥയാണ് ഞാനിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഇത് വായിച്ചപ്പോള്‍ എനിക്കുറപ്പായി റെയില്‍വേയില്‍ ജോലിചെയ്യാത്ത ഒരാള്‍ക്കിത് എഴുതാന്‍ പറ്റില്ല. ഇത് ഞാന്‍ വായിക്കാന്‍ കാരണം യയാതി എന്ന നോവലാണ്. പേജ് മറിച്ചിടുമ്പോള്‍ ജ്ഞാനവടിവേലു ശ്രദ്ധയില്‍പെട്ടു. വളരെ ഇഷ്ടമായി ആ കഥ.'' 

പിന്നെ അദ്ദേഹം ചായ വരുത്തുന്നു, വട വരുത്തുന്നു. സത്കാരമായി. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെ സംസാരിച്ചു. കുറേകഴിഞ്ഞപ്പോളാണ് ഞാനെന്തിനാണ് വന്നത് എന്ന കാര്യം ഓര്‍മ വന്നത്. അപ്പോള്‍ അദ്ദേഹത്തോടു പറഞ്ഞു. കൃഷ്ണനെക്കാണാന്‍ കുചേലന്‍ പോയതുപോലെയായി എന്റെ കാര്യം. അതെന്താ നിങ്ങള്‍ അങ്ങനെ പറഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ ഞാന്‍ എന്റെ സ്ഥിതി മുഴുവന്‍ ചുരുക്കിപ്പറഞ്ഞു. ഈ മാറ്റം കിട്ടിയില്ലെങ്കില്‍ റെയില്‍വേയിലെ ജോലി നിര്‍ത്തേണ്ടി വരുമെന്നും പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ഫയല്‍ വരുത്തി. അതില്‍ നോക്കിയശേഷം ഒരു ചിരിചിരിച്ചു. നിങ്ങളെ സ്ഥലംമാറ്റം തടഞ്ഞുവച്ചിരിക്കുന്നത് ഞാനാണ്. മതിയായ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ ഇല്ലാത്തതിനാല്‍ വണ്‍സൈഡ് ട്രാന്‍സ്ഫറുകള്‍ തടഞ്ഞുവെക്കാന്‍ ഉത്തരവിട്ടത് ഞാനാണ്. ഈ റെയില്‍വേയില്‍ ഇരുന്നുകൊണ്ട് നിങ്ങള്‍ ഇത്രയും കഥകളെഴുതിയില്ലേ. ആ ഒരൊറ്റകാരണത്താല്‍ മൂന്നുദിവസത്തിനകം നിങ്ങള്‍ക്ക് ഒലവക്കോടേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയിരിക്കും.

ഞാന്‍ കരഞ്ഞുപോയി. ജീവിതത്തില്‍ മറക്കില്ലെന്നും പറഞ്ഞ് ഞാന്‍ തിരിച്ചു പോന്നു. കൃത്യം മൂന്നാംദിവസം ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കയ്യില്‍കിട്ടി. റിലീഫ് ഇല്ലാതെ റിലീവ് ചെയ്യാനുള്ള ഓര്‍ഡറാണ് കിട്ടിയത്. ഞങ്ങള്‍ പൂര്‍ണിമയേയും കൂട്ടി ഒവലക്കോടേക്കു പോന്നു. പ്രവീണിനേയും പ്രദീപിനേയും ഒലവക്കോട് റെയില്‍വേ സ്‌കൂളിലേക്ക് മാറ്റി. പൂര്‍ണിമയേയും അവിടെത്തന്നെ ചേര്‍ത്തു. പിന്നെ ഇരുപത് വര്‍ഷം അവിടെയായിരുന്നു. പദ്മ ഏറെ ആഗ്രഹിച്ച സ്വന്തമായൊരു വീട് അവിടെ വച്ചു. 

സാമ്പത്തികബാധ്യതകള്‍ എങ്ങനെ മറികടന്നു?

പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്റെ സാമ്പത്തികബാധ്യത ഏറ്റെടുത്തത് വളരെയടുത്ത ആറേഴ് സുഹൃത്തുക്കളാണ്. ശ്രീകുമാര്‍ വര്‍മ, ഫറോക്കിലുള്ള അബ്ദുള്ള, എറണാകുളത്തെ പ്രഭാശങ്കര്‍, തമിഴ്‌നാട്ടിലെ ഷണ്‍മുഖം...ഇവരൊക്കെ പണം കൊണ്ടുവരുന്നു. ഷണ്‍മുഖം സ്വന്തം സ്ഥലം വിറ്റ്‌പൈസയുമായി വന്നു. കുറേയൊക്കെ തിരിച്ചുകൊടുത്തു.  ഒരുഘട്ടത്തില്‍ ഒരുവഴിയും മുന്നില്‍കാണാതെ കൂട്ടആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിച്ചതാണ്. എന്റെയുള്ളില്‍ പദ്മ കൊളുത്തിവച്ച വിളക്കാണ് എന്നെ മുന്നോട്ടുകൊണ്ടുപോയത്. ഏറെ മുന്നോട്ടുപോയി. ഞങ്ങളൊന്നിച്ചുതന്നെ. ഇങ്ങനെ ജീവിതം തിരിച്ചുകിട്ടുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല. പൂര്‍ണിമയുടെ കുഞ്ഞിനെ എടുത്തുകൊണ്ടുനടക്കുന്ന സമയത്താണ് പദ്മ പോയത്. അമ്പത്തിമൂന്നാമത്തെ വയസ്സില്‍. 

(തുടരും)

Content Highlight: Malayalam writer Vyshakhan Interview second part