ജീവിതത്തെ അതിന്റേതായ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട എഴുത്തുകാരനാണ് വൈശാഖന്‍. തന്റെ റെയില്‍വേ ഉദ്യോഗത്തിനിടയില്‍ എണ്‍പതോളം സ്ഥലം മാറ്റങ്ങള്‍. ജോലി തുടങ്ങുന്നതുമുതല്‍ സ്വയം വിരമിക്കുംവരെ സ്‌റ്റേഷന്‍മാസ്റ്റര്‍ എന്ന ഒറ്റ ഔദ്യോഗികപദവി. പദ്മയോടൊത്തുളള റെയില്‍വേ ജീവിതത്തെക്കുറിച്ച് പറയുകയാണ് വൈശാഖന്‍.
 
എണ്‍പതോളം സ്‌റ്റേഷനുകള്‍. അതിലും കൂടുതല്‍ സ്ഥലങ്ങളിലായുള്ള താമസങ്ങള്‍. റെയില്‍വേജീവിതം നന്നായി ആസ്വദിച്ചിരുന്നോ വൈശാഖന്‍?
 
തൃശിനാപ്പള്ളിയില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ് ആദ്യത്തെ പോസ്റ്റിംഗ് ലഭിക്കുന്നത് വിജയവാഡയിലാണ്. വളരെ വലിയൊരു സ്‌റ്റേഷനാണ്. അവിടെ നിന്നാണ് ഡല്‍ഹിക്കും ഹൗറായ്ക്കുമുള്ള റൂട്ട് തിരിയുന്നത്. അന്ന് എല്ലാം മെക്കാനിക്കലാണ് ഇന്നത്തെപ്പോലെ ഇലക്ട്രിക്കലല്ല. നൂറോളം ലിവറുകള്‍ അടിച്ചുവേണം സിഗ്നല്‍ കൊടുക്കാന്‍. ജോലി കഴിഞ്ഞുവരുമ്പോളേക്കും കരിയില്‍ കുളിച്ചിട്ടുണ്ടാകും.നിടതവോള്‍ എന്ന സ്ഥലത്തുള്ള സ്‌റ്റേഷനില്‍ ജോലിചെയ്യുമ്പോളാണ് യഥാര്‍ഥത്തില്‍ റെയില്‍വേ എന്താണെന്നും എന്റെ ജോലി എന്താണെന്നുമൊക്കെ പഠിക്കുന്നത്. ക്യാബിനിലാണ് ഡ്യൂട്ടി. ജൂനിയേഴ്‌സൊക്കെ ക്യാബിനിലാണ് ആദ്യം ജോലി ചെയ്യുക. 
 
ആ നാട്ടില്‍ വളരെ വിചിത്രമായി എനിക്കുതോന്നിയ ഒരു ആചാരമുണ്ടായിരുന്നു. അവിടുത്തെ ധനികരായ ആളുകള്‍ പാവപ്പെട്ട വീട്ടിലെ സുന്ദരികളായ പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അവരുടെ  മാതാപിതാക്കളില്‍ നിന്ന് വിലയ്ക്ക് വാങ്ങും. ഒരു വര്‍ഷത്തേക്കുള്ള അരിയോ നെല്ലോ മറ്റ് ഭക്ഷ്യസാധനങ്ങളോ വസ്ത്രങ്ങളോ ഒക്കെയാണ് അവരുടെ വില എന്നുപറയുന്നത്. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ അത്തരത്തില്‍ പെണ്‍കുട്ടികളെ വെപ്പാട്ടിമാരാക്കി വെക്കും. വളരെ ദയനീയമായ ഒരവസ്ഥയാണത്. അങ്ങനെ വെപ്പാട്ടിയാക്കി മാറ്റിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ കാണാനിടയായി. അങ്ങനെയാണ് ഞാനിതൊക്കെ അറിയുന്നത്. 
 
ഒരു രാത്രിയില്‍ ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് നടന്നു വരുമ്പോള്‍ കവലയില്‍ ഒരു യുവതി നില്‍ക്കുന്നു. പന്ത്രണ്ട് മണിയായിട്ടുണ്ടാവാം. അന്നത്തെ ചെറുപ്പത്തിന്റെ ഒരു തമാശയ്ക്ക് ഞാന്‍ ഒരു മൂളിപ്പാട്ടുപാടി. എനിക്ക് തെലുങ്കൊന്നും അറിഞ്ഞുകൂടാ. പക്ഷേ കോളേജില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു പാട്ടുപാടുമായിരുന്നു രാമയ്യാ ഒസ്താവയ്യാ... എന്നു തുടങ്ങുന്ന പാട്ട്‌, ഹിന്ദിപ്പാട്ടാണ്. പക്ഷേ ഒസ്താവാ എന്ന വാക്കിനര്‍ഥം 'വരുമോ' എന്നാണ്. ഞാന്‍ ആ പാട്ട് മൂളിക്കൊണ്ട് യുവതിയുടെ മുഖത്തുനോക്കി ഒസ്താവാ എന്നുപറഞ്ഞു. അതിന്റെ പരിണിതഫലമൊന്നും അന്നേരമാലോചിച്ചില്ല. സീനിയര്‍ ഉദ്യോഗസ്ഥനായ ഒരു ചെട്ടിയാരുടെ വീടിന്റെ കോട്ടേഴ്‌സിലാണ് എന്റെ താമസം.
 
അങ്ങനെ ഞാനങ്ങ് നടന്നുപോയി. കുറച്ചുദൂരം കഴിഞ്ഞ് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ യുവതി എന്റെ പിറകേത്തന്നെ വരുന്നുണ്ടായിരുന്നു എന്നുകണ്ടു. അന്ധാളിച്ചുപോയി. എന്തുചെയ്യണമെന്നറിയാന്‍ പാടില്ല. പരിഭ്രമത്തില്‍ ഞാന്‍ പറഞ്ഞു:കോട്ടേഴ്‌സിന്റെ പിറകുവശത്തെ വാതില്‍ തുറക്കാം, അതിലേ വരൂ. അവള്‍ അകത്തുകയറിയ ഉടനെ ഞാന്‍ വാതിലടച്ചു. എനിക്കറിയാവുന്ന തെലുങ്കില്‍ ഞാന്‍ അവളോട് ക്ഷമാപണം നടത്തി. ഞാന്‍ അങ്ങനെയൊന്നും വിചാരിച്ചിട്ടല്ല ഒസ്താവാ എന്നുപറഞ്ഞതെന്നും ഞാന്‍ അങ്ങനെയുള്ള ഒരാളല്ല എന്നൊക്കെ ഒരുവിധം പറഞ്ഞൊപ്പിച്ചു. അപ്പോള്‍ അവളാണ് പറഞ്ഞത്. തന്നെയൊരു ധനികനായ റെഢ്ഡിയ്ക്ക് വീട്ടുകാര്‍ വിറ്റതാണെന്നും അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നുമൊക്കെ. ഇത് എന്റെ മേലുദ്യോഗസ്ഥന്റെ കോട്ടേഴ്‌സാണ്. എനിക്ക് വേറെ ഉദ്ദേശങ്ങളൊന്നുമില്ല എന്നൊക്കെ പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു.
 
ഞാന്‍ ഒരു മുപ്പത് രൂപാ എടുത്ത് അവള്‍ക്ക് കൊടുത്തിട്ട് പോയ്‌ക്കോളൂ എന്നുപറഞ്ഞു. അന്നൊക്കെ മുപ്പത് രൂപാ എന്നു പറഞ്ഞാല്‍ വല്യപൈസയാണ്. പിന്നീട് ഈ കുട്ടി ആ റെഢ്ഡിയുടെ വീട്ടിലേക്ക് പോയെന്നും കുറച്ചുകാലത്തിനുശേഷം തീവണ്ടിയ്ക്കുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായും ഞാനറിഞ്ഞു. ഈ കഥ ഗോദാവരി സ്‌റ്റേഷനെ പശ്ചാത്തലമാക്കി ഞാന്‍ എഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള വെപ്പാട്ടിമാരെ റെഢ്ഡിമാര്‍ക്ക് കുറച്ചുകഴിയുമ്പോള്‍ മടുക്കും. അവര്‍ പിന്നീട് ദേവദാസിമാരായിട്ടോ,ലൈംഗികത്തൊഴിലാളികളായിട്ടോ ഒക്കെ മാറുകയാണ് പതിവ്. വിരലിലെണ്ണാവുന്നവര്‍ക്ക് നല്ല ജീവിതം കിട്ടിയിട്ടുണ്ടാവാം എന്നു നമുക്ക് ആശിക്കാം. 
 
പദ്മയുമായി ഒന്നിച്ചുജീവിതമാരംഭിച്ച സ്‌റ്റേഷന്‍ ഏതാണ്?
 
മദ്രാസ് -ഡെല്‍ഹി റോഡില്‍ ആന്ധ്രയിലെ ആദ്യം കാണുന്ന സ്‌റ്റേഷനാണ് ഗൂഡൂര്‍. ഗൂഡൂരിലേക്കാണ് തിരുപ്പതിയില്‍ നിന്നുള്ള ലൈന്‍ വന്നുചേരുന്നത്. ഒരുപാട് മൈക്ക ലോഡ് ചെയ്ത് അയയ്ക്കുന്ന സ്ഥലമാണ്. വിവാഹം കഴിഞ്ഞ് പദ്മയുമായി ജീവിതമാരംഭിക്കുന്നത് ഗൂഡൂരില്‍ നിന്നാണ്. ഒരു വീടിന്റെ ഒരുഭാഗം വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. അവിടത്തെ വീടുകളൊക്കെ അങ്ങനെയുള്ളതായിരുന്നു. ഒരു ഭാഗം വീട്ടുകാര്‍ വാടകയ്ക്ക് കൊടുക്കും. പദ്മയ്ക്ക് എവിടെപ്പോയാലും ഒട്ടും അപരിചിതത്വമില്ലായിരുന്നു. ഒന്നിനോടും. ഏതു ഭാഷയും പെട്ടെന്ന് പഠിക്കും. ഏതുനാട്ടുകാരുമായും സൗഹൃദത്തിലാവും. ഒരു മാസം കൊണ്ട് നന്നായിട്ട് തെലുങ്ക് പറയാന്‍ പഠിച്ചു. 
 
ഗൂഡൂരില്‍ ഉണ്ടായിരുന്ന വലിയ ഒരു പ്രശ്‌നം എന്നത് ഒരുപാട് ലോഡുകള്‍ കയറ്റി അയയ്ക്കുന്ന സ്‌റ്റേഷനായതുകൊണ്ട്  കൈക്കൂലി ഇടപാടുകള്‍ ധാരാളമുണ്ടായിരുന്നു എന്നതാണ്. കയറ്റി അയയ്ക്കുന്ന ലോഡുകള്‍ സമയത്തിന് എത്തിക്കാനുമൊക്കെയായിട്ട് കൈക്കൂലി ഇടപാടുകള്‍ ഉണ്ടായിരുന്നു. കൈക്കൂലി കൃത്യമായിട്ടാണ് പങ്കുവെക്കുക. അതിന്റെ ഒരു ഭാഗം ക്യാബിനിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കും വരും. അങ്ങനെ ഒരുതവണ വാങ്ങിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അതെന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു. പിന്നെ ആ സ്റ്റേഷന്‍ മാറണമെന്ന് തോന്നി. അപേക്ഷകൊടുത്തു തൊട്ടടുത്ത സ്‌റ്റേഷനായ ഓഡൂരിലെത്തി.
 
പണ്ട് ബ്രിട്ടീഷുകാര്‍ പണിത ഒരു സ്‌റ്റേഷനായിരുന്നു. അടുത്തൊന്നും ജനവാസമില്ല. കറണ്ടില്ല.വലിയൊരു മേശവിളക്ക് വച്ചിട്ടാണ് രാത്രിയൊക്കെ ഡ്യൂട്ടിയെടുക്കുക.വലിയ തേളുകള്‍, ഒരടി നീളമുള്ള പഴുതാരകള്‍, വിഷപ്പാമ്പുകള്‍ തുടങ്ങിയവയൊക്കെ ചുറ്റും ഇഴഞ്ഞുനടക്കുമായിരുന്നു. പനയുടെയത്ര വലുപ്പത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കള്ളിമുള്‍ച്ചെടികളെയും ആ സ്‌റ്റേഷനെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ വരുന്നു. വെള്ളക്ഷാമം വല്ലാതെയുണ്ടായിരുന്നു. പോലിഗാഡു എന്നു പേരായ ഒരു ഗ്രാമീണനായിരുന്നു ഞങ്ങള്‍ക്ക് വെളളം കൊണ്ടിത്തന്നിരുന്നത്. 
 
ഗാഡു എന്നത് അയാളുടെ ജാതിപ്പേരായിരുന്നു. ഈ മനുഷ്യന്‍ മൂന്നുകിലോമീറ്റര്‍ അപ്പുറത്തുനിന്നും കാവടികെട്ടിയാണ് വെള്ളം കൊണ്ടുത്തന്നിരുന്നത്. ഒരുകോലില്‍ രണ്ടത്തും വെള്ളം നിറച്ചപാട്ടകളുമായി നടന്നും ഓടിയും വരും. വെള്ളത്തിന് വലിയ ക്ഷാമമായിരുന്നു. കോട്ടേഴ്‌സില്‍ ആകെയുണ്ടായിരുന്ന സാധനസാമഗ്രമികള്‍ എന്നത് റെയില്‍വേ തന്ന ഒരു ട്രങ്കും പിന്നെ ഞങ്ങളുടെ കോസടിയുമായിരുന്നു. കസേരയൊന്നുമില്ല. പത്രങ്ങള്‍ അടുക്കിവെച്ചാണ് കസേരയിലിരിത്തം. അതിലൊന്നും യാതൊരു അസഹിഷ്ണുതയും കാണിക്കാത്ത ആളായിരുന്നു പദ്മ. എല്ലാം ചിരിച്ചുകൊണ്ടാണ് നേരിടുക. മൂന്നു വര്‍ഷം അവിടെ താമസിച്ചു.അവിടെ വച്ചാണ് പദ്മ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത്.

Vaisakhan

 
പദ്മയുടെ നേരംപോക്കുകളെന്തൊക്കെയായിരുന്നു?
 
നന്നായി കവിതചൊല്ലുമായിരുന്നു പദ്മ. പുസ്തകം ധാരാളം വായിക്കും. പിന്നെ ചിലപ്പോളൊക്കെ അവളെയും കൂട്ടി ടൗണില്‍ പോയി സിനിമ കാണും. ഇവിടെ നിര്‍ത്താന്‍ ചാന്‍സുള്ള ഗുഡ്‌സ് വണ്ടിയില്‍ കയറിപ്പിടിച്ചാണ് പോവുക. നിയമപരമായി അങ്ങനെ പോകാന്‍ പാടില്ല. അങ്ങനെ വരുന്ന വണ്ടികള്‍ ഗൂഡൂരില്‍ എത്തുമ്പോള്‍ ട്രാക്കിലേക്ക് ഞങ്ങള്‍ ഇറങ്ങും. ഗൂഡൂര്‍ വലിയ ടൗണ്‍ ആണ്. സിനിമാ തിയേറ്ററൊക്കെയുണ്ട്. ഓഡൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചെറുനാരങ്ങ കയറ്റി അയയ്ക്കുന്നത്. മൈക്കയുടെ അഗാധഗര്‍ത്തങ്ങളും കാണാം എല്ലായിടത്തും. ഞങ്ങളുടെ ഹണിമൂണ്‍ നടത്തവും കള്ളിമുള്‍ച്ചെടികള്‍ക്കിടയിലൂടെയുള്ള പഞ്ചാരമണലിലൂടെയായിരുന്നു. ഞാന്‍ ഡ്യൂട്ടിയ്ക്കു പോരുമ്പോള്‍ പദ്മ ഞങ്ങളുടെ കോസടിയുമെടുത്ത് എന്റെ കൂടെ വരും. 

Vaisakhan

 
കാലിത്തൊഴുത്തുപോലായിരുന്നു ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ റെയില്‍വേ കോട്ടേഴ്‌സുകള്‍. കോട്ടേഴ്‌സില്‍ നിന്നും സ്‌റ്റേഷനിലേക്ക് അഞ്ചാറടി ദൂരമേയുള്ളൂ. പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്ന അഞ്ചോ ആറോ യാത്രക്കാരേ ഉണ്ടാകൂ ഒരു ദിവസം. ആ സ്‌റ്റേഷന്റെ പ്രധാന ഉദ്ദേശം ഗൂഡൂരിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയക്രമീകരണത്തിനായി പിടിച്ചിടാന്‍ ഒരു സ്‌റ്റേഷന്‍ എന്നത് മാത്രമാണ്. നാലഞ്ച് ലൈന്‍ ഉണ്ട് ആ സ്‌റ്റേഷനില്‍. രാത്രി സ്‌റ്റേഷനിലെ സ്‌റ്റോര്‍ റൂമില്‍ പദ്മ ഉറങ്ങും. ഞങ്ങളും ഒരു പോര്‍ട്ടറും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. നേരമിരുട്ടിയാല്‍ അയാള്‍ പുറത്ത് എവിടെയെങ്കിലും ഉറക്കം പിടിക്കും. 
 
പദ്മ എല്ലാ സ്ത്രീകളോടും പെട്ടെന്ന് സൗഹൃദത്തിലാവുമായിരുന്നു. ആ സ്ത്രീകളൊക്കെ പദ്മയോട് എല്ലാ സങ്കടങ്ങളും പറഞ്ഞ് കരയും. കൂട്ടത്തില്‍ പദ്മയും കരയും. അതുംപോരാഞ്ഞ് എന്റെടുക്കല്‍ വന്ന് അതെല്ലാം പറഞ്ഞ് വീണ്ടും കരയും. സ്ത്രീകളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍, അവര്‍ ഭര്‍ത്താക്കന്മാരുടെ വെപ്പാട്ടികളുമായി ഉണ്ടാക്കുന്ന കലഹങ്ങള്‍, ആണുങ്ങളുടെ മദ്യപാനം തുടങ്ങിയവയൊക്കെയാണ് അവരുടെ സങ്കടങ്ങള്‍. 
 
കേരളത്തിന് പുറത്തുള്ള സ്ത്രീജീവിതങ്ങള്‍ കണ്ടപ്പോള്‍ വൈശാഖന് എന്താണ് തോന്നിയത്?
 
 കേരളത്തിലുള്ള സ്ത്രീകളേക്കാള്‍ സ്വാതന്ത്ര്യം അവര്‍ അനുഭവിച്ചിരുന്നു. അതുപോലെത്തന്നെ ഒരുപാട് ദുരിതങ്ങളും അവരുടെ ജീവിതത്തിലുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങളും മദ്യപാനവുമൊക്കെ അവരെ അസ്വസ്ഥരാക്കിയിരുന്നെങ്കിലും വേണ്ടിവന്നാല്‍ ഭര്‍ത്താവിനെ ചവുട്ടിപ്പുറത്താക്കാനുള്ള തന്റേടവും അവര്‍ക്കുണ്ടായിരുന്നു. 
 
ഓഡൂരില്‍ നിന്നും പിന്നെ ഏത് സ്റ്റേഷനിലേക്കായിരുന്നു മാറ്റം?
 
മദ്രാസില്‍നിന്നും സബര്‍ബന്‍ ട്രെയിനുകള്‍ പോയി അവസാനിച്ച് തിരിച്ചുവരുന്ന സ്റ്റേഷനാണ് ഗുമ്മിടിപ്പുണ്ടി. മദ്രാസ് ലോക്കല്‍ ട്രെയിനുകള്‍ ഗുമ്മിടിപ്പുണ്ടിയിലെത്തിയിട്ടാണ് എന്‍ജിന്‍ കട്ട് ചെയ്ത് മുന്‍വശത്ത് ചേര്‍ത്തിട്ട് വെള്ളം പിടിച്ച് തിരിച്ചുവരും. ഒരു അതിര്‍ത്തി സ്‌റ്റേഷനുള്ള എല്ലാ പ്രശ്‌നങ്ങളും ദൂഷ്യങ്ങളും ഗുമ്മിടിപ്പുണ്ടിക്കുണ്ട്. കള്ളക്കടത്താണ് ഒന്നാമത്തേത്. അരിയ്ക്ക് വില കൂടുമ്പോള്‍ ആന്ധ്രയില്‍ നിന്ന് അരി കടത്തുക, മദ്യം കടത്തുക തുടങ്ങിയ പണികള്‍ ചെയ്യുന്ന ആളുകളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്നു ഗുമ്മുടിപ്പുണ്ടി. ഓഡൂരില്‍ നിന്നും സ്ഥലംമാറ്റം കിട്ടിയത് ഗുമ്മുടിപ്പുണ്ടിയിലേക്കായിരുന്നു. 
 
മദ്യം കടത്താന്‍ വേണ്ടി എന്‍ജിന്‍ ബോഗിയുടെ പിറകിലെ ഒരു ലിവര്‍ വലിച്ച് അവര്‍ തന്നെ വണ്ടി നിര്‍ത്തിക്കും എന്നിട്ട് കാത്തിനില്‍ക്കുന്ന അനുയായികളുടെ അകമ്പടിയോടെ മദ്യക്കുപ്പികള്‍ കടത്തും. ആര്‍ക്കും ഇടപെടാന്‍ പറ്റില്ല. ഗുണ്ടാവിളയാട്ടമായിരുന്നു അവിടെ.പതിവുപോലെ ക്യാബിനിലായിരുന്നു എനിക്ക് ഡ്യൂട്ടി. സ്‌റ്റേഷന് കുറച്ചകലെയായി പഴയ ഒരു മിലിറ്ററി ക്യാംപുണ്ടായിരുന്നു. അവിടെ വച്ചാണ് ഞാന്‍ ആദ്യമായി ശ്രീലങ്കന്‍ അഭയാര്‍ഥികളെ കാണുന്നത്. മനുഷ്യനെന്ന നിലയില്‍ ഞാനേറ്റവും കൂടുതല്‍ വിഷമിച്ച കാലമതായിരുന്നു. 1968ലാണ് അത്.
 
(തുടരും)
Content Highlight: Malayalam Writer Vyshakhan Interview fourth part