മുതിര്‍ന്ന എഴുത്തുകാരനും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖനുമായുള്ള ദീര്‍ഘസംഭാഷണം തുടരുന്നു.

പദ്മയില്ലാത്ത ജീവിതത്തെക്കുറിച്ചോര്‍ത്ത് അസ്വസ്ഥതയുണ്ടാവാറുണ്ടോ?

ജീവിതത്തെക്കുറിച്ച് എനിക്ക് യാതൊരു പരാതിയുമില്ല. ഇന്ന് ഈ നിമിഷം മരിച്ചുപോയാല്‍ എനിക്ക് യാതൊരു അതൃപ്തിയുമില്ല. നിരാശ എന്നൊന്ന് എന്റെ ജീവിതത്തില്‍ ഇനിയില്ല. ശാരീരികമായ അസ്വസ്ഥതകളുണ്ട്, നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതിലൊന്നും എനിക്കൊരു പരിഭവവുമില്ല.

റെയില്‍വേയില്‍ നിന്നും സ്വയം വിരമിച്ചതാണല്ലോ. ധൃതിപിടിച്ചുള്ള വിരമിക്കലായിരുന്നോ?

ആസ്തമ തുടങ്ങിയകാലത്ത് തീരുമാനിച്ചതാണ് വിരമിക്കലിനെക്കുറിച്ച്. റെയില്‍വേയില്‍ ഇരിക്കും തോറും ഇതു കൂടുകയേ ഉള്ളൂ എന്നെനിക്കു തോന്നി. ജോലി ഉപേക്ഷിക്കാതെ നാട്ടിലേക്ക് മാറാനുള്ള ശ്രമങ്ങളായി. അതിനുവേണ്ടി ആന്ധ്രയില്‍ നിന്ന് മദ്രാസിലേക്ക് മാറി. ജൂനിയര്‍ പോസ്റ്റായി റിലീവിങ്ങായി. അധ്വാനം കൂടി. മദ്രാസ് ഡിവിഷനില്‍ നിന്ന് വീണ്ടും ട്രാന്‍സ്ഫര്‍ വാങ്ങി വീണ്ടും ജൂനിയറായി കാബിന്‍ സ്റ്റേഷന്‍ മാസ്റ്ററായി. അങ്ങനെ ട്രാന്‍സ്ഫറായി. ട്രാന്‍സ്ഫറായി ഇരുപത് വര്‍ഷം കഴിയുന്ന ദിവസം ഞാന്‍ സ്വയം വിരമിച്ചു. ചെറിയ പെന്‍ഷന്‍ കിട്ടുമല്ലോ. 

നാട്ടില്‍ വന്ന് എന്തുചെയ്തു അതിനുശേഷം?

പഴയപണിയായ പാരലല്‍ കോളേജിലേക്ക് തിരിഞ്ഞു. പത്തു വര്‍ഷം പാരലല്‍ കോളേജ് നടത്തി. അതിന്റെ ബിസിനസ്‌ സൈഡ് നോക്കാന്‍ ഞാന്‍ സമൃദ്ധനല്ലായിരുന്നു. അതുകൊണ്ടുതന്നെ കോളേജ് മുന്നോട്ടു പോയില്ല. മൂത്ത രണ്ട് മക്കള്‍ക്കും അപ്പോഴേക്കും ജോലിയായി. എന്റെ ചെറിയ പെന്‍ഷനുമുണ്ടല്ലോ. പിന്നെ സാഹിത്യഅക്കാദമിയുടെ എക്‌സിക്യുട്ടീവ് അംഗമായി.

പുരോഗമനകലാസാഹിത്യസംഘത്തില്‍ സജീവമായ കാലമായിരുന്നോ അത്?

ഞാന്‍ പാലക്കാട് ഡിവിഷനില്‍ ജോയിന്‍ ചെയ്തകാലത്തുതന്നെ പു.ക.സ.യുടെ പാലക്കാട് ജില്ലാപ്രസിഡണ്ടായി. തൃശ്ശൂരിലേയ്ക്ക്‌ ട്രാന്‍സ്ഫറായി വന്നപ്പോള്‍ തൃശൂര്‍ പു.ക.സ.യുടെ ജില്ലാപ്രസിഡണ്ടായി. അതിനുശേഷം സംസ്ഥാന പ്രസിഡണ്ടായി. ഒരുപാട് ഓടിനടന്നൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. എംടി അക്കാദമി പ്രസിഡണ്ടായിരിക്കുമ്പോളാണ് ഞാന്‍ എക്‌സിക്യൂട്ടീവ് അംഗമാകുന്നത്. രണ്ടുതവണ എംടി പ്രസിഡണ്ടായപ്പോളും എക്‌സിക്യുട്ടീവില്‍ ഞാന്‍ ഉണ്ടായിരുന്നു. ഒരുതവണ മാധവിക്കുട്ടിയായിരുന്നു വൈസ്പ്രസിഡണ്ട്. ഒരുതവണ സി.വി ശ്രീരാമനും. അങ്ങനെ നല്ല സൗഹൃദങ്ങളുണ്ടായി.

അശോകന്‍ ചരുവില്‍, അഷ്ടമൂര്‍ത്തി... അങ്ങനെ തൃശൂര്‍ എനിക്കിഷ്ടപ്പെട്ടു. വീണ്ടും എഴുത്ത് തുടര്‍ന്നു. റെയില്‍വേ കഥകളും അല്ലാത്തകഥകളും എഴുതി. എഴുത്തും വായനയുമായി മൂത്തമകന്റെ കൂടെ തൃശൂരില്‍ തുടര്‍ന്നു. പദ്മ മരിക്കുന്നത് പാലക്കാട്ടുവച്ചാണ്‌ വച്ചാണ്, 1998-ല്‍. പദ്മയ്ക്കുവേണ്ടി പണിത ഒരു വീടുണ്ടായിരുന്നു അവിടെ. അവള്‍ പോയപ്പോള്‍ അത് വിറ്റു, പാലക്കാടിനോട് വിടപറഞ്ഞു. പാലക്കാട് എനിക്ക് ഒരുപാട് സൗഹൃദങ്ങളുണ്ട്. അവര്‍ പറയും ഞാന്‍ പാലക്കാട്ടുകാരനാണെന്ന്. അങ്ങനെ ഞാന്‍ പാലക്കാടുകാരനായ തൃശൂരുകാരനായ മൂവാറ്റുപുഴക്കാരനായി.

യമകം, ജ്ഞാനവടിവേലു, ചെകുത്താന്‍ ഉറങ്ങുന്നില്ല, അപ്പീല്‍ അന്യായഭാഗം, സൈലന്‍സര്‍,എനക്കു തൂങ്ക മുടിയാത് തുടങ്ങി അപ്പീലുള്ള കഥാടൈറ്റിലുകള്‍ വൈശാഖന്റെ സവിശേഷതയാണെന്ന് തോന്നിയിട്ടുണ്ട്.

ഞാന്‍ ഒരുപാട് ആലോചിച്ചിട്ടാണ് തലക്കെട്ടുകള്‍ ഇടുന്നത്. വളരെ വിഷമം പിടിച്ച പണിയാണത്.  വി ആര്‍ സുധീഷ് അതില്‍ സമര്‍ഥനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും. വ്യത്യസ്തമായിരിക്കണം തലക്കെട്ടുകള്‍ എന്നേ നോക്കാറുള്ളൂ. ചില തലക്കെട്ടുകള്‍ കഥയുടെ ഉള്ളടക്കവുമായി നേരിട്ട് സംവദിക്കും ചിലത് പരോക്ഷമായും. മുഴുവന്‍ വായിച്ചശേഷം മാത്രം തലക്കെട്ടുമായി പൊരുത്തപ്പെടുന്ന കഥകളുമുണ്ട്. വ്യത്യസ്തമായിരിക്കണം ടൈറ്റിലുകള്‍ എന്ന നിര്‍ബന്ധമുണ്ട് എനിക്ക്. 

വൈശാഖന്റെ കഥകളില്‍ വേറിട്ടുനില്‍ക്കുന്ന രണ്ട് കഥകളുണ്ട് വണ്ടിവേഷവും സെലന്‍സറും. മലയാള സാഹിത്യനിരൂപകര്‍ വൈശാഖനെ അടയാളപ്പെടുത്തുമ്പോള്‍ ആദ്യം പറയുന്നത് ഈ രണ്ട് കഥകളാണ്. 

Vyshakhanപാലക്കാടിന്റെ വേഷവും ആചാരവും സംസാരവും ഒത്തുചേര്‍ന്ന കഥയാണ് വണ്ടിവേഷം. ഒരു ഒറിജിനല്‍ പാലക്കാട്ടുകാരനുമാത്രമേ എഴുതാന്‍ പറ്റൂ എന്ന് പാലക്കാട്ടുകാര്‍ വിശ്വസിക്കുന്ന കഥകൂടിയാണ് വണ്ടിവേഷം. അതുപോലെതന്നെ സൈലന്‍സറിനെക്കുറിച്ച് പറയുന്നത് ഒരു തൃശൂരുകാരന് മാത്രം എഴുതാന്‍ പറ്റുന്ന കഥയാണെന്നാണ്. അതിലെ കേന്ദ്രകഥാപാത്രമായ ഈനാശു തൃശൂരിന്റെ മാത്രം സ്വത്വമാണ്.  വ്യാജവ്യക്തിത്വത്തിലേക്ക് ഒരാള്‍ കയറിപ്പോയാലുണ്ടാവുന്ന  വലിയ അപകടമാണ് വണ്ടിവേഷത്തിലെ  കണ്ണന്‍കുട്ടിയിലൂടെ പറയുന്നത്. മുരുകവേഷംകെട്ടുന്ന കണ്ണന്‍കുട്ടി പിന്നെ സ്വയം ദൈവമായിട്ട് മാറുകയാണ്. 

സൈലന്‍സറില്‍ പറയുന്നത് വ്യക്തിത്വമരണത്തെക്കുറിച്ചാണ്. മൂല്യങ്ങളുടെ നഷ്ടം സഹിച്ചുകൊണ്ടിരിക്കുന്ന കടുത്ത വാര്‍ധക്യത്തില്‍ അനുഭവിക്കുന്ന ഏകാന്തതയാണ് സൈലന്‍സറിന്റെ പ്രമേയം. സ്വന്തം വണ്ടിയുടെ സൈലന്‍സര്‍ അഴിച്ചുവച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തിലൂടെ തന്റെ സാന്നിധ്യമറിയിക്കുകയാണ് ഈനാശു. അത് അയാളുടെ പ്രതിഷേധമാണ്, പ്രതിരോധമാണ്. സംവിധായകന്‍ പ്രിയനന്ദനന്‍ അതിന് ചലച്ചിത്രഭാഷ്യം കൊടുത്തു. 

കേരളസാഹിത്യ അക്കാദമി വെറുമൊരു അക്കാദമിയല്ല കേരളത്തെ സംബന്ധിച്ചിടത്തോളം. അക്കാദമിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ അക്കാദമി പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍?

ആ കസേരയില്‍ എനിക്ക് മുമ്പ് ഇരുന്നവരെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല. അതുകൊണ്ടുതന്നെ എനിക്ക് യാതൊരു അലട്ടലുമില്ല. അവരോടൊക്കെ എനിക്ക് വലിയ ആദരവുണ്ട്. ഞാന്‍ വെറും ഞാന്‍ മാത്രമാണ്, ഒരു ലേമാന്‍  ഫ്രം ദ സ്ട്രീറ്റ്‌സ് എന്ന തരത്തിലുള്ള രീതിയാണ് എന്റേത്. വ്യത്യസ്തമായിട്ടുള്ള എന്തെങ്കിലും നടപ്പിലാക്കുക എന്നുള്ളതാണ് എന്റെ രീതി. മുമ്പ് നടത്തിപ്പോന്നതൊക്കെ തുടരുകയും വേണം. അക്കാദമിയോടുള്ള എന്റെ സമീപനം അക്കാദമിയെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ്. ക്യാമ്പുകള്‍ നടത്തുക, മറ്റാരും പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, അവാര്‍ഡുകൊടുക്കുക തുടങ്ങിയവയൊക്കെ അക്കാദമിയുടെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതാണ്.

സാഹിത്യ അക്കാദമിയെ സാധാരണക്കാരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി അക്കാദമിയുടെ ചരിത്രത്തിലാദ്യമായി മത്സ്യബന്ധന തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സാഹിത്യക്യാമ്പ് നീലേശ്വരത്തുവച്ചുനടത്തി. അവരില്‍ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. കുടുംബശ്രീയ്ക്കുവേണ്ടി നാലുദിവസത്തെ സാഹിത്യക്യാമ്പ് കോഴിക്കോട് വച്ച് നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ച് അതിന്റെ സാഹിത്യവിഭാഗം അക്കാദമി ഏറ്റെടുത്തു. എഴുത്തുകാരികളുടെ ഒരു ക്യാമ്പ് കമലാ സുരയ്യ സ്മാരകത്തില്‍ വച്ച് നടത്തി. ഇതുകൂടാതെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സാഹിത്യഅക്കാദമി ഹാളില്‍ അവര്‍ക്കായി ഒരു ക്യാമ്പ് ഒരുക്കി. 

അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അക്കാദമിയെ ചുറ്റിപ്പറ്റി ധാരാളം വാര്‍ത്തകള്‍വരാറുണ്ട്. ആരോപണങ്ങളും.

അവാര്‍ഡ്‌കൊടുക്കാന്‍ വേണ്ടി മാത്രമുള്ള സ്ഥാപനമൊന്നുമല്ല അക്കാദമി. പക്ഷേ അത് നിര്‍ത്താന്‍ പറ്റില്ല. എംടി പറയുന്നതുപോലെ ഒരു പാഥേയമാണത്. അവാര്‍ഡുദാനം നമ്മുടെ പാരമ്യത്തെ കാണിക്കുന്ന ഒന്നൊന്നുമല്ലല്ലോ. സാഹിത്യ അക്കാദമി അവാര്‍ഡ് ഏറ്റവും നീതിപൂര്‍ണമായിട്ടും ഏറ്റവും നിഷ്പക്ഷമായിട്ടും കൊടുക്കുന്ന ഒന്നാണ്. അവാര്‍ഡുപരിഗണനയ്ക്കായി ലഭിക്കുന്ന കൃതികള്‍ പ്രഗത്ഭരായ എഴുത്തുകാരെക്കൊണ്ട് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യിക്കുകയാണ് ആദ്യം ചെയ്യുന്നത്. ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഉണ്ടാവുക. അവാര്‍ഡ് നിര്‍ണയിക്കാന്‍ എടുക്കുന്നത് അഞ്ചോ ആറോ മാസമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട കൃതികള്‍ അന്തിമവിധിയ്ക്കായി വിദഗ്ധരായ മൂന്ന് വിധികര്‍ത്താക്കള്‍ക്ക് കൊടുക്കുന്നു, അവാര്‍ഡ് നിര്‍ണയത്തിനായി.

എന്‍ഡോവുമെന്റുകള്‍ ഉള്‍പ്പെടെ പതിനെട്ട് അവാര്‍ഡുകള്‍. ഓരോന്നിനും മൂന്ന് വിധികര്‍ത്താക്കള്‍. ഇവരെ കണ്ടുപിടിക്കുക എന്നുള്ളതാണ് ഏറ്റവും ഭീമവും ശ്രമകരവുമായ ജോലി. പക്ഷപാതമുണ്ടാവാന്‍ പാടില്ല, പുസ്തകത്തോട് നീതി പുലര്‍ത്തുന്നവരായിരിക്കണം. ഇത് പ്രസിഡണ്ടിന്റെ ചുമതലയാണ്. ഇതാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന ചുമതലയും. പൂര്‍ണമായും നിഷ്പക്ഷരായ ആളുകള്‍ ഇവിടെയുണ്ടോ എന്ന് എനിക്ക് അറിയില്ല. കൃതിയെ മാനിക്കും എന്ന് എനിക്ക് ഉറപ്പുള്ള ആളുകളെയാണ് തീരുമാനിക്കുന്നത്. സെക്രട്ടറിയാണ് എന്നെ ഇതിനെല്ലാം സഹായിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെയും അവാര്‍ഡുജേതാക്കളെ  അങ്ങനെ തിരഞ്ഞെടുത്തതാണ്.

ഭരണപക്ഷചായ്‌വ് ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കിയല്ല കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കൊടുത്തത്. വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും രാഷ്ട്രീയമായ പക്ഷപാതമുണ്ടോ അവര്‍ക്ക് എന്ന് ഞാന്‍ നോക്കിയിട്ടില്ല. ചിലവിധികര്‍ത്താക്കള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത മാര്‍ക്കുകള്‍ ഒക്കെ അയയ്ക്കും. അക്കാദമി എക്‌സിക്യുട്ടീവിന് മുന്നില്‍വച്ചാണ് പൊട്ടിക്കുക. അധ്യക്ഷനെന്ന നിലയില്‍ അവരുടെ മൂല്യനിര്‍ണയത്തിലും ഞാന്‍ ഇടപെടാറില്ല. ഒരു ദിവസം എല്ലാ കവറുകളും പൊട്ടിക്കുന്നു. അന്നുതന്നെ എല്ലാം ടാബുലേറ്റ് ചെയ്യുന്നു. അന്ന് ഉച്ചയ്ക്ക് ജനറല്‍ കൗണ്‍സിലില്‍ പ്രഖ്യാപി്കക്കുന്നു, മൂന്നുമണിക്ക് പത്രസമ്മേളനം വിളിക്കുന്നു.

അക്കാദമിയുടെ ഗവേഷണവിഭാഗം ഇപ്പോള്‍ നിശബ്ദമാണ്. മഹത്തായ സാംസ്‌കാരികപ്രാധാന്യം കൊടുക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, അനേകമനേകം ധിഷണാശാലികളുള്ള സംസ്ഥാനത്തിലെ സാംസ്‌കാരികപൈതൃകത്തിന്റെ ആസ്ഥാനമായ കേരളസാഹിത്യ അക്കാദമി അതിന്റെ ഗവേഷണവിഭാഗത്തെ നിര്‍ജീവമാക്കിയത് എന്തുകൊണ്ടാണ്? 

നിലവില്‍ അഞ്ച്‌ യൂണിവേഴ്‌സിറ്റികളിലെ ഗവേഷണകേന്ദ്രമാണ് അക്കാദമി. അത് അക്കാദമിയ്ക്ക് കിട്ടിയ അംഗീകാരമാണ്. അത് കൂടാതെ അണ്‍അക്കാദമിക്കായിട്ടുള്ള ഗവേഷണങ്ങളും അക്കാദമിയില്‍ നടന്നിരുന്നു. ആ ഗവേഷണത്തിന് ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാം. സെലക്ഷന്‍ കമ്മറ്റിയ്ക്കു മുമ്പാകെ അവര്‍ വിഷയം അവതരിപ്പിക്കുന്നു. പുതുമയുള്ള അതുവരേ ആരും റിസര്‍ച്ച് ചെയ്യാത്ത വിഷയങ്ങളാണെങ്കില്‍ അത് പരിഗണനയ്ക്കായി വക്കാറുണ്ട്. എട്ടുവര്‍ഷം എക്‌സിക്യുട്ടീവിലും നാലു വര്‍ഷം അധ്യക്ഷപദവിലും ഇരുന്നുള്ള പരിചയം കൊണ്ടുപറയുകയാണ് നിരാശാജനകമാണ് ഈ ഗവേഷണപദ്ധതി ഞാന്‍ കണ്ടിടത്തോളം.

ഭൂരിഭാഗം പേരും നിലവാരം കുറഞ്ഞ, സമയബന്ധിതമായി സമര്‍പ്പിക്കാത്ത ഗവേഷകരാണ്. എന്നാല്‍ വിരലിലെണ്ണാവുന്ന നല്ല പ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ആത്മാര്‍ഥമായി ഗവേഷണം ചെയ്തവരുടെ പ്രബന്ധങ്ങള്‍ അക്കാദമി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം കിട്ടാത്ത വിഷയവുമുണ്ട്. എന്റെ ആഗ്രഹം അക്കാദമിയുടെ ഗവേഷണവിഭാഗം പുന: സ്ഥാപിക്കണമെന്നുതന്നെയാണ്.  

2018 ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ പാര്‍വതി പവനനുമായുള്ള ഒരു സംഭാഷണത്തില്‍ ഇന്നത്തെ നിലയില്‍ സാഹിത്യ അക്കാദമി ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കു മറുപടിയില്ല എന്നാണ് പറഞ്ഞത്.

പവനന്റെ സേവനങ്ങളെ അക്കാദമി ബഹുമാനിക്കുന്നു. സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം നടത്തിയിരുന്നത്. പക്ഷേ അന്നത്തെ അക്കാദമിയേ അല്ല ഇന്ന്. അക്കാദമിയുടെ ഭ്രൂണാവസ്ഥയിലാണ് പവനന്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഇന്നത്തെപോലെ അതിശക്തമായ എക്‌സിക്യുട്ടീവ് കമ്മറ്റിയോ ഭരണഘടനയോ അക്കാദമിക്ക്് അന്ന് ഇല്ലായിരുന്നു. അതുകൊണ്ടാണ് എട്ടൊന്‍പത് വര്‍ഷം പവനന്‍ തന്നെ സെക്രട്ടറിയായി ഇരുന്നത്. പിന്നീടാണ് കൂടുതല്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകള്‍ വരുന്നത്. വ്യത്യാസങ്ങള്‍ ഉണ്ടായി. പാര്‍വതി പവനന്റെ ആ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ആ സംഭാഷണം ഞാന്‍ വായിച്ചിരുന്നു. പവനന്‍ ഒരു ചട്ടക്കൂട് ഉണ്ടാക്കി എന്നത് ശരിയാണ്. അക്കാദമി ലൈബ്രറിയൊക്കെ പവനന്‍ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയതാണ്. 

കേരളസാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്ന നിലയില്‍ സംതൃപ്തനാണോ?

പൂര്‍ണസംതൃപ്തി തരുന്ന ഒരു പദവിയല്ലല്ലോ സാഹിത്യഅക്കാദമിയുടെ അധ്യക്ഷപദവി. അക്കാദമിയുടെ സ്റ്റാഫിന്റെ കണക്കെടുത്താല്‍ കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷമായി അക്കാദമിയിലുണ്ടായിരുന്ന അതേ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഉള്ളത്. എന്നാല്‍ അക്കാദമിയുടെ പ്രവര്‍ത്തി ഇരുപത്തിയഞ്ച് മടങ്ങ് വര്‍ധിച്ചു. സര്‍ക്കാര്‍ ഒരുതരത്തിലും അക്കാദമിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. തികച്ചും ഓട്ടോണമസായിത്തന്നെ പ്രവര്‍ത്തിച്ചുവരികയാണ് അക്കാദമി.

ഇതരസംസ്ഥാന അക്കാദമികളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാഹിത്യ അക്കാദമിയുടെ നിലവാരം എന്താണ്?

ഇന്ത്യയില്‍തന്നെ വളരെ ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയാണ് കേരളസാഹിത്യ അക്കാദമി. എന്റെ അഭിപ്രായത്തില്‍ കേന്ദ്രസാഹിത്യ അക്കാദമിയേക്കാള്‍ നന്നായിട്ട് പ്രവര്‍ത്തിക്കുന്നു. ഇരുപത്തിരണ്ടുഭാഷകളാണ് കേന്ദ്രസാഹിത്യ അക്കാദമി കൈകാര്യം ചെയ്യുന്നത്. ഞാനതിന്റെ ഉപദേശകസമിതിയിലുണ്ടായിരുന്ന നാലുവര്‍ഷത്തോളം. അവിടെ പരിപാടികളില്‍ പത്തും പന്ത്രണ്ടും പേരൊക്കെയേ പങ്കെടുക്കൂ. ഒരു നല്ല കാര്യമെന്നത് അത് പൂര്‍ണസ്വതന്ത്രമാണെന്നതാണ്. കാരണം സച്ചിദാനന്ദന്‍ എതിര്‍ത്തിരുന്ന ഒരു കക്ഷിഭരണത്തിലിരിക്കുമ്പോളും കേന്ദ്രസാഹിത്യഅക്കാദമി സെക്രട്ടറിയായിരുന്നു സച്ചിദാനന്ദന്‍. നിസ്സാരകാര്യമല്ല അത്. 

മലയാളേതര ഭാഷകളെ പ്രോത്സാഹിപ്പിക്കാന്‍, അതായത് ഗോത്രഭാഷകള്‍, അയല്‍ഭാഷകള്‍ തുടങ്ങിയവ, അക്കാദമി മുന്‍കയ്യെടുക്കാറുണ്ടോ?

തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലെ എഴുത്തുകാരെ നമ്മള്‍ ക്ഷണിക്കാറുണ്ട്. സെമിനാറുകള്‍ക്കും സാഹിത്യചര്‍ച്ചകള്‍ക്കും വിവര്‍ത്തനങ്ങള്‍ക്കും മറ്റുമായി. അവരുടെ കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാറുമുണ്ട്. ഇത് കൂടാതെ ഇത്തവണ അക്കാദമി നടത്തിയ ഒരു ശ്രമം പത്തുമുപ്പത് എഴുത്തുകാരികളുടെ; മലയാളത്തിലേയും തമിഴിലേയും ഒരു സംഗമം തിരുമണ്ണാമലയില്‍ വച്ച് നടത്തുകയുണ്ടായി. അതുപോലൊരു ബഹുഭാഷാസാഹിത്യസംഗമം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.എംടി അധ്യക്ഷനായിരിക്കുമ്പോള്‍ അഖിലേന്ത്യാഭാഷാസംഗമം നടത്തിയിരുന്നു. മഹാശ്വേതാദേവിയും ഇന്ദിരാ ഗോസ്വാമിയുമൊക്കെ നമ്മുടെ അക്കാദമി മുറ്റത്ത് വന്നിരുന്നിട്ടുണ്ട്. അത് മോഡറേറ്റ് ചെയ്തത് ഞാനായിരുന്നു.
പിന്നെ ഗോത്രഭാഷകളെക്കുറിച്ച്, ഇത്തവണത്തെ അക്കാദമി അവാര്‍ഡുകളില്‍ ഒന്ന് സവിശേഷമായ ഭാഷയിലെഴുതിയ അശോകന്‍ മറയൂരിനാണ്. 

എണ്‍പതോളം നാടുകളില്‍ ജീവിച്ച വൈശാഖന്‍, അന്യഭാഷാ-ഭക്ഷണ-വേഷഭൂഷാദികളോട് സമരസപ്പെട്ട എഴുത്തുകാരന്‍ എന്നതിലൊക്കയുപരി ഇന്ത്യയിലെ ഒരു മുതിര്‍ന്നപൗരന്‍ എന്ന നിലയില്‍ ഇന്നത്തെ ഇന്ത്യയെക്കുറിച്ച് എന്തുപറയുന്നു?

ഒരു ജനാധിപത്യമതേതരസ്വതന്ത്രരാഷ്ട്രം എന്ന നിലയില്‍ ലോകം ബഹുമാനിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ലോകം സംശയദൃഷ്ടിയോടെയാണ് നമ്മളെ നോക്കുന്നത്. മാത്രമല്ല, ഇവിടെ നടക്കുന്നത് ശരിയല്ല എന്നുവരെ പ്രഖ്യാപിക്കുന്നു. കഴിഞ്ഞകുറച്ചു കാലമായിട്ട് ഇന്ത്യയെ ഒരുമതരാഷ്ട്രമാക്കാനുള്ള ബോധപൂര്‍വമായശ്രമം നടക്കുന്നു. ഒരു പൗരനെന്ന നിലയില്‍ എനിക്ക് അപേക്ഷിക്കാനുള്ളത് ലോകത്തിലെ ഏതെങ്കിലും മതരാഷ്ട്രത്തില്‍ മനുഷ്യന്‍ സമാധാനപരമായി ജീവിക്കുന്നുണ്ടോ എന്ന് മാത്രം പാഠമാക്കുക. ചരിത്രം നോക്കുക, അത്തരം മതരാഷ്ട്രങ്ങളുടെ വര്‍ത്തമാനകാല അവസ്ഥകളിലേക്ക് കണ്ണ്തുറന്ന് നോക്കുക. ചോരചിന്താത്ത ഒരുദിവസം അവര്‍ക്കുണ്ടോ? ഞാനൊരു ഹിന്ദുവാണ് എന്നാണ് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചുവച്ചിരിക്കുന്നത്. ഹിന്ദു എന്നത് ഒരുസംസ്‌കാരമായിക്കണ്ട് അതിനോട് അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ ഉപനിഷത്തുക്കളിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഹിന്ദു എന്ന വാക്കില്ല. ഹിന്ദു എന്ന വാക്കുപോലും പേര്‍ഷ്യക്കാര് തന്നതാണ്.

അപ്പോള്‍ ഒരു ഇതിഹാസ കഥാപാത്രം ജനിച്ച പഞ്ചായത്തുപോലും അന്വേഷിച്ചുനടക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. അങ്ങനെയാണ് ഒരു മസ്ജിദ് പൊളിക്കപ്പെടുന്നത്. നമ്മുടെ ബഹുസ്വരതയായിരുന്നു ഏറ്റവും വലിയ മഹിമ. ഭാഷ, വേഷം, ഭക്ഷണം.. ഇതൊന്നും മനുഷ്യനെ വേര്‍തിരിക്കാന്‍ പ്രാപ്തമായ ഒന്നുമല്ലായിരുന്നു നമ്മള്‍ക്ക്. ആ ഇന്ത്യയില്‍ ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഭിന്നിപ്പ് ആണ് ലോകം നമ്മളെ പുച്ഛത്തോടെ നോക്കാന്‍ കാരണം. അതുകൊണ്ടാണ് ഇന്ത്യന്‍ യുവത തെരുവിലേക്കിറങ്ങിയിരിക്കുന്നത്; ഇന്ത്യയെ രക്ഷിക്കാന്‍. വിവേചനപരമാണ് CAA. ഇന്ത്യയില്‍ താമസിക്കുന്ന മുസ്‌ലിങ്ങളോട് നിങ്ങള്‍ പേടിക്കേണ്ട എന്ന ഭരണാധികാരികള്‍ പറയുന്നു. ആര് ആരോടാണ് പേടിക്കേണ്ട എന്നു പറയുന്നത്? ആ വാചകം തന്നെ തെറ്റാണ്. പേടിക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണത്. ബീബല്‍സിയന്‍ യുഗമാണ് നമുക്കിപ്പോള്‍. 

Content Highlight: Malayalam Writer Vyshakhan interview