ലയാളത്തിലെ എക്കാലത്തേയും മികച്ച എഴുത്തുകാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ പുതൂരിന്റെ ഏഴാം ഓർമദിനം. എഴുത്തിൽ ജീവിതത്തിന്റെ പല പല അടരുകൾ കോർത്തുകെട്ടിയ എഴുത്തുകാരനായിരുന്നു പുതൂർ. ജീവിതത്തെ സത്യസന്ധമായി ആവിഷ്കരിക്കുക, മറ്റൊന്നുമില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന് എഴുത്ത്. മലയാളത്തിലെ മറ്റൊരെഴുത്തുകാരനും എഴുതാത്തത്രയും കഥകൾ, നോവലുകൾ, ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ എന്നിങ്ങനെ പുതൂരിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. പുതൂർ എന്ന എഴുത്തുകാരനേയും അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും പുനരാലോചനകൾക്ക് വിധേയമാക്കുന്നു കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ...

വേറിട്ട നോവലുകളായിരുന്നു പുതൂരിന്റേത്. ഭാഷാപരമായും പ്രമേയപരമായും അവ മികച്ചുനിന്നു. നോവൽസാഹിത്യചരിത്രത്തിൽ അദ്ദേഹത്തിന്റെ നോവലുകൾ തീർച്ചയാും വേറിട്ടുനിൽക്കുന്നവതന്നയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെടുന്നു :

സമഗ്രജീവിതദർശനം ഉണ്ടായിരുന്ന എഴുത്തുകാരനാണ് ഉണ്ണികൃഷ്ണൻ പുതൂർ. അദ്ദേഹത്തിന്റെ ആനപ്പക പോലുള്ള നോവലുകൾ മലയാള നോവൽസാഹിത്യചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. നോവലിലെ ആനക്കാരൻ അമ്മുണ്ണിനായരെപ്പോലുള്ള കഥാപാത്രങ്ങൾ, ജീവിതത്തിൽ വെറുപ്പും വിദ്വേഷവും ഒപ്പംതന്നെ അഗാധമായ സ്നേഹവും കാത്തുസൂക്ഷിക്കുന്ന ഇത്തരം കഥാപാത്രങ്ങൾ മലയാളത്തിൽ വേറെയില്ലെന്നുതന്നെ പറയാം. ഗുരുവായൂരിലെ ആനപ്പാപ്പാന്മാരുടെ ജീവിതം, ഓരോ കൽപ്പുരയിലും പണിയെടുത്തിരുന്ന പാവപ്പെട്ട സ്ത്രീകളുടെ ജീവിതം അങ്ങനെ മലയാളത്തിലെ മറ്റെഴുത്തുകാർ ശ്രദ്ധിക്കാത്ത ജീവിതങ്ങളെയാണ് പുതൂർ പലപ്പോഴും ആവിഷ്കരിച്ചത്. ബലിക്കല്ല് പോലുള്ള നോവലുകളെടുത്താൽ, ഏതൊരു സാധാരണക്കാരനും മനസിലാകുന്ന അത്തെളിഞ്ഞ ഭാഷയിൽ, അത്യന്തം പരായണക്ഷമമായി എഴുതി. അതും വലിയ നോവലുകൾ. ആനപ്പക, ബലിക്കല്ല് പോലുള്ള നോവലുകൾ മാതൃകകളില്ലാത്തവിധം വേറിട്ടുനിൽക്കുന്നു. കുറിയേടത്ത് താത്രിയുടെ ജീവിതകഥയെ മറ്റൊരു രീതിയിൽ ആവിഷ്കരിച്ച നോവലാണ് അമൃതമഥനം. കുറിയേടത്ത് താത്രിയുടെ ജീവിതത്തെ ഒരു പശ്ചാത്തലമാക്കിക്കൊണ്ട് ആ കാലഘട്ടത്തിലെ ലൈംഗിക വൈകൃതങ്ങളെയും സവർണാധിപത്യത്തെയും പല ജീർണ്ണതകളെയും വളരെ ആഴത്തിൽ ആവിഷ്കരിച്ച നോവലാണിത്. ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിച്ച് അത് വിൽക്കാൻ നാടായ നാടെല്ലാം നടന്ന ചരിത്രംകൂടിയുണ്ട് അദ്ദേഹത്തിന്.

മികച്ച നോവൽ ധർമ്മചക്രം

ഉണ്ണികൃഷ്ണൻ പുതൂരിന്റെ ഏറ്റവും മികച്ച നോവലായിട്ട് ഞാൻ വിചാരിക്കുന്നത് ധർമചക്രം എന്ന നോവലാണ്. ജൈന ഇതിഹാസ പശ്ചാത്തലത്തിലാണ് ആ നോവൽ. ജൈന തീർഥങ്കരന്മാരുടെ, ഋഷഭദേവന്മാരെപ്പോലുള്ള തീർത്ഥങ്കരന്മാരുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാളത്തിലെ ഒരേയൊരു നോവലാണ്. ഇന്ത്യൻ ഭാഷകളിൽത്തന്നെ ജൈന മിത്തോളജിയും ജൈന തീർത്ഥങ്കരന്മാരും പശ്ചാത്തലമായി വരുന്ന മറ്റൊരു നോവൽ ഉണ്ടായിട്ടില്ല. ഇന്ത്യയിലെ പരമോന്നത പുരസ്കാരത്തിന് അർഹമാകേണ്ട നോവലായിരുന്നു അത്. കിട്ടേണ്ട അംഗീകാരങ്ങളൊന്നും പുതൂരിന് കിട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം എഴുതിയത്രയും കഥകൾ മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും എഴുതിയിട്ടില്ല. ആ കഥകളെല്ലാം ലളിതമായ ആവിഷ്കാരങ്ങളാണ്. പച്ചയായ ജീവിതമാണ് അദ്ദേഹം കഥകളിൽ അവതരിപ്പിച്ചത്. പുതൂരും അത്തരത്തിൽ ഒരു പച്ചമനുഷ്യനായിരുന്നു. അതുപോലൊരു മനുഷ്യനെ, എഴുത്തുകാരനെ ഞാൻ വേറെ കണ്ടിട്ടില്ല. ഇഷ്ടാനിഷ്ടങ്ങൾ മറയില്ലാതെ തുറന്നുപറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും അങ്ങനെ മുഖംനോക്കാതെ അഭിപ്രായങ്ങൾ പറഞ്ഞതുകൊണ്ട് പല പ്രശ്നങ്ങളും അനുഭവിച്ച ആളുകൂടിയാണ്. ഒരുപാട് അപ്രിയസത്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ ഒട്ടേറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന എഴുത്തുകാരനാണ്.

പുതൂരുമായി ഉണ്ടായിരുന്ന വ്യക്തിപരമായ ബന്ധം

ദീർഘകാലത്തെ ബന്ധം എനിക്ക് അദ്ദേഹവുമായിട്ടുണ്ടായിരുന്നു. എഴുത്തുതുടങ്ങിയ കാലത്ത്, എനിക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോൾ ഗുരുവായൂരിലെ കവിസദസ്സുകളിൽ പോകുമ്പോൾ അദ്ദേഹത്തെ കാണുകയും ചൊല്ലിയ കവിതകൾക്ക് അഹങ്കാരമില്ലാതെ നല്ല അഭിപ്രായങ്ങൾ നൽകുകയും ചെയ്തിരുന്നു അദ്ദേഹം. ഗുരുവായൂരിൽ ചെന്നാൽ തന്നെ വന്ന് കാണണമെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമായിരുന്നു. ചെന്നില്ലെങ്കിൽ പരിഭവം പറച്ചിലാകും. 'ഇപ്പോൾ അവൻ വലിയ ആളായില്ലേ, നമ്മളെപ്പോലുള്ളവരെയൊന്നും കാണണമെന്നില്ല' എന്നൊക്കെയാണ് പരിഭവം പറച്ചിൽ. അതിനേക്കാൾ അദ്ദേഹത്തിന്റെ ഉള്ളിൽ മുഴച്ചുനിന്നത് മുഴുവൻ സ്നേഹമായിരുന്നു.

പുതൂരിലെ രാഷ്ട്രീയക്കാരൻ

ഒരു രാഷ്ട്രീയനേതാവിന്റെ മുഖം കൂടിയുണ്ട് പുതൂരിന്. ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാർക്കുവേണ്ടി വലിയ പോരാട്ടങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതിന്റെ പേരിൽ വലിയ എതിർപ്പുകളും നേരിട്ടിട്ടുണ്ട്. കേരളത്തിലെ തലമുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു പുതൂർ. ആ പ്രസ്ഥാനത്തിന്റെ ആരംഭകാലം മുതൽ ദേശീയതലത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ ബന്ധമായിരുന്നു എം.പി. വീരേന്ദ്രകുമാറുമായി അടുക്കാൻ കാരണമായതും. വളരെ വർഷങ്ങളോളം സഹോദരന്മാരെപ്പോലെ അവരിരുവരും പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചു. എഴുത്തുകാർക്കുവേണ്ടിയും അദ്ദേഹം നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

ആരുടേയും മുമ്പിൽ നട്ടെല്ലു വളയ്ക്കാതെ, അപ്രിയസത്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞ്, പച്ചയായ ജീവിതങ്ങൾ രചനകളിൽ ആവിഷ്കരിച്ച്, ജീവിതത്തിന്റെ കടലിൽ മഷി മുക്കി എഴുതിയ മലയാളത്തിലെ വലിയ ഒരു എഴുത്തുകാരൻ തന്നെയാണ് പുതൂർ ഉണ്ണികൃഷ്ണൻ. മലയാളസാഹിത്യത്തിലെ സമാനതകളില്ലാത്ത പുതൂർ യുഗം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി അങ്ങനൊയൊരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടാവുകയില്ല.

Content highlights :malayalam writer unnikrishnan puthur death anniversary remembering alankode leelakrishnan