'വ്യവസ്ഥയെ ചോദ്യം ചെയ്തതിന് ആന്‍ഡമാനിലേക്ക് നാടുകടത്തിയ സ്ത്രീകളുള്ള നാട്ടിലാ നീ ജനിച്ചതെന്ന് നിനക്കറിയോ? ആ നീയാണ് ഒരു ചരിത്രബോധവുമില്ലാതെ, സ്വന്തം വേരുകളെ കുറിച്ചറിയാതെ പൊങ്ങുതടിപോലെ ഇരിക്കുന്നത്'
(അന്നിരുപത്തൊന്നില്‍)

ഴുത്തിന് ചില സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ട് എന്ന് വിളിച്ചുപറയുന്നവയാണ് ഷാഹിന കെ റഫീഖിന്റെ കഥകള്‍. പുതിയ കഥാസമാഹാരമായ ഏക് പാല്‍ തു ജാന്‍വര്‍ അതില്‍ നിന്നും വ്യത്യസ്തമല്ല. എഴുത്ത്, രാഷ്ട്രീയം, സിനിമ... ഷാഹിന റഫീഖ് സംസാരിക്കുന്നു.

3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കഥാസമാഹാരം ഏക് പാല്‍തു ജാന്‍വര്‍ പുറത്തിറങ്ങിയിരിക്കയാണ്. എങ്ങനെയാണ് വായനക്കാരുടെ പ്രതികരണം?

ആദ്യ കഥാസമാഹാരമായ ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി ഇറങ്ങി മൂന്ന് വര്‍ഷത്തോളം കഴിഞ്ഞാണ് ഏക് പാല്‍തു ജാന്‍വര്‍ വരുന്നത്. ലോക്ഡൗണ്‍ കാരണം പ്രകാശനം വീണ്ടും വൈകി. പക്ഷെ ഈ സമയത്തും ആളുകള്‍ പുസ്തകം വാങ്ങി വായിക്കുന്നു എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഒരു പരിചയവും ഇല്ലാത്ത ആളുകള്‍പോലും പുസ്തകം വാങ്ങി വായിച്ച് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം മെസേജ് അയക്കുന്നുണ്ട്. അങ്ങനെ കുഴപ്പമില്ലാതെ വായിക്കപ്പെടുന്നു എന്നാണ് തോന്നുന്നത്.

ഇരുപതാം നൂറ്റാണ്ടിനെ ഈ പുസ്തകത്തിന്റെ താളുകളില്‍ കണ്ടെത്താം എന്നാണ് ഏക് പാല്‍തു ജാന്‍വര്‍ പ്രകാശനം ചെയ്തുകൊണ്ട് എന്‍.എസ് മാധവന്‍ പറഞ്ഞത്. മലയാള ചെറുകഥയുടെ വേറിട്ട ദിശയിലേക്കുള്ള കൈചൂണ്ടി പലകളെന്നും അദ്ദേഹം പുസ്തകത്തെ വിലയിരുത്തി. എന്താണപ്പോള്‍ തോന്നിയത്?

 നമ്മുടെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരിലൊരാളാണ് എന്‍.എസ് മാധവന്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. നമ്മള്‍ അത്രയും ബഹുമാനിക്കുന്ന എഴുത്തുകാരന്‍ നമ്മുടെ പുസ്തകം വായിച്ചു എന്ന് പറയുന്നത് തന്നെ വലിയ ബഹുമതിയാണ്. ഇത്രയും നല്ല വാക്കുകള്‍ സ്വപ്നതുല്യം എന്ന് തന്നെ പറയാം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വാക്കുകളാണ് അത്. ഒരു സുഹൃത്ത് പറഞ്ഞതുപോലെ ഇതിലും വലിയ അവാര്‍ഡൊന്നും ഇനി കിട്ടാനില്ല. അത്രത്തോളം ആ പുസ്തകം അര്‍ഹിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. എനിക്ക് തോന്നുന്നു, എഴുത്തിനോട് കാണിക്കേണ്ട പ്രതിബദ്ധതയൊക്കെ വച്ചു നോക്കുമ്പോള്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് ആ വാക്കുകള്‍. കാരണം ഇനിയൊരു കഥയെഴുതുമ്പോള്‍ ഞാന്‍ മുന്‍പ് എടുത്തതിനേക്കാള്‍ എഫര്‍ട്ട് അതിന് എടുക്കേണ്ടി വരും. അത്തരത്തില്‍ എഴുത്തുകാരി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുണ്ട് ആ വാക്കുകള്‍.

ആശ്ചര്യകരമാം വിധം ധീരമായ കഥകള്‍ എന്ന് അനീസ് സലീം അവതാരികയില്‍ എഴുതി. സത്യത്തില്‍ ഏക് പാല്‍തു ജാന്‍വര്‍ പോലൊരു കഥയെഴുതുമ്പോള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഭയപ്പെടുത്തുന്നില്ലേ?

ഒരു കെട്ടകാലത്ത് തന്നെയാണ് നാം ജീവിക്കുന്നത് എന്ന് തോന്നുന്നു. പ്രകൃതി ദുരന്തങ്ങള്‍ മാത്രമല്ല, അല്ലാത്ത രീതിയിലും. മതം വല്ലാതെ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയിരിക്കുന്നു. മതവും രാഷ്ട്രീയവും രണ്ട് കള്ളികളിലാണ് നില്‍ക്കേണ്ടത്. പക്ഷെ അതിപ്പോള്‍ വളരെ പ്രത്യക്ഷമായിത്തന്നെ രാഷ്ട്രീയത്തില്‍ കലര്‍ന്നിരിക്കുന്നു. എല്ലാ എതിര്‍ശബ്ദങ്ങളേയും നിശബ്ദമാക്കുന്ന കാലമാണിത്. സമീപകാലത്ത് നടന്ന അറസ്റ്റുകളും മറ്റും നോക്കിയാല്‍ നമുക്കത് കാണാന്‍ കഴിയും. എന്തെങ്കിലും രീതിയില്‍ പ്രതിഷേധങ്ങളുടെ ഭാഗമായവരൊക്കെ പലതരത്തില്‍ നിശബ്ദരാക്കുന്നു. അറസ്റ്റുകള്‍, യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ എല്ലാം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് നമ്മള്‍ കണ്ടതാണ്. Voices of Dissent എന്ന ആശയത്തെ പൂര്‍ണമായും നിരാകരിക്കുന്ന രീതിയിലുള്ളവയാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍. ശരിക്കും പേടിപ്പെടുത്തുന്നുണ്ട് ഈ കാലം. നമ്മുടെ പേരോ ഐഡന്റിറ്റിയോ ഒക്കെ പ്രതികൂലമായി വന്നേക്കാം എന്ന അവസ്ഥയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എഴുതുന്നതിന് ചിലപ്പോള്‍ പേടിക്കേണ്ടി വരും.

ചില കഥകളൊക്കെ വായിച്ചാല്‍ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ പറയാറുണ്ട് ഇങ്ങനെയൊന്നും എഴുതരുത് എന്നൊക്കെ. ഇത്തരത്തിലുള്ള ഓര്‍മപ്പെടുത്തലുകള്‍ പലഭാഗത്ത് നിന്നും ഉണ്ടാവാറുണ്ട്. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയും കാലമുള്ള ജീവിതമൊക്കെ സുഖമായി ജീവിച്ചിട്ടുണ്ട്. നാളേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ എന്ത് ചെയ്തു എന്നൊരു ചോദ്യമുണ്ടാവില്ലേ. ഫെയ്‌സ്ബുക്ക് ആക്ടിവിസത്തിനൊക്കെ അപ്പുറത്തേക്ക് ഇന്നത്തെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഷേധമൊന്നും നമ്മളാരും നടത്തുന്നില്ല എന്നാണ് തോന്നുന്നത്. പലപ്പോഴും നമ്മള്‍ നിസഹായരായി പോവുന്നുണ്ട് എന്നതാണ് സത്യം.

എഴുത്ത് എന്ന എന്റെ മാധ്യമത്തിലൂടെ ചെറിയ കാര്യങ്ങളെങ്കിലും ചെയ്യണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ നമുക്ക് സാധിക്കണമെന്നില്ല. പക്ഷെ എല്ലാവരെയും സുഖിപ്പിക്കുന്ന ആരെയും മുറിപ്പെടുത്താത്ത ആരുടെയും വികാരം വ്രണപ്പെടുത്താത്ത സാരോപദേശ കഥകള്‍ എഴുതുന്നതിലും നല്ലത് എഴുതാതിരിക്കലാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാതെ നമ്മുടെ ഏറ്റവും കംഫാര്‍ട്ടബിള്‍ ആയ സാഹചര്യങ്ങളില്‍ ഒതുങ്ങി ജീവിക്കുന്നത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ന്‌ നമ്മളെ ഇതൊന്നും നേരിട്ട് ബാധിക്കുന്നില്ലായിരിക്കാം. പക്ഷെ അങ്ങനെ ഒരു ജീവിതം എന്തിനാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എന്റെ ചുറ്റുപാടില്‍ നിന്നാണ് ഞാന്‍ കഥകളുണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെ എഴുതാന്‍ ശ്രമിക്കുന്നതും.

ഷാഹിനയുടെ എല്ലാ കഥകളിലും രാഷ്ട്രീയമുണ്ട്. കഥകളില്‍ രാഷ്ട്രീയം പറയേണ്ട ആവശ്യമൊന്നും ഇല്ല എന്ന് പറയുന്നവരും നമുക്ക് ചുറ്റും ധാരാളമുണ്ട്. ആ സാഹചര്യത്തില്‍ അതെങ്ങനെ വായിക്കപ്പെടും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എഴുത്താണ് എന്റെ രാഷ്ട്രീയം. എഴുത്തില്‍ രാഷ്ട്രീയം വേണോ വേണ്ടയോ എന്നുള്ളത് ഓരോ എഴുത്തുകാരന്റെയും തീരുമാനമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മാറി എന്റെ മുറിയുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന് എഴുതുന്നതിനോട് എനിക്ക് താല്‍പര്യമില്ല. ഈ സമാഹാരത്തില്‍ ആദ്യത്തേത് 'അന്നിരുപത്തൊന്നില്‍' എന്ന കഥയാണ്. സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായ മലബാര്‍ കലാപവുമായി ബന്ധപ്പെട്ടാണ് അത് കൈകാര്യം ചെയ്യുന്നത്. ഈ വിവാദങ്ങള്‍ക്കെല്ലാം മുന്‍പാണ് കഥ എഴുതുന്നത്. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം എന്ന സ്ഥലത്താണ് ജനിച്ച് വളര്‍ന്നത്. എന്റെ നാടിന് സ്വാതന്ത്ര്യ സമരത്തിന്റെയും മറ്റും വലിയൊരു ചരിത്രമുണ്ട്. അതിലെ ഒരു എലമെന്റ് എടുത്താണ് ആ കഥ എഴുതിയിരിക്കുന്നത്. 'ഏക് പാല്‍തു ജാന്‍വര്‍' പ്രത്യക്ഷമായി തന്നെ രാഷ്ട്രീയം പറയുന്ന കഥയാണ്. പശു എന്ന ബിംബം നമ്മുടെ രാഷ്ട്രീയത്തില്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് നമുക്കറിയാം. മനുഷ്യരെ വിഘടിപ്പിക്കാന്‍ അതിനെ അതിനെ ചിലര്‍ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നും നമുക്കറിയാം. അതിന്റെയൊക്കെ പ്രതിഫലനമാണ് ആ കഥ.

താരതമ്യേന നല്ല രീതിയില്‍ ജീവിച്ച സമൂഹമാണ് കേരളം. എന്നാല്‍ മതരാഷ്ട്രീയങ്ങളുടെ സ്വാധീനം നമ്മുടെ സമൂഹത്തെയും അത്തരത്തില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മളെത്രയോ കാലം നല്ല രീതിയില്‍ ജീവിച്ച നാടാണിത്. പക്ഷെ കുറച്ചു വര്‍ഷങ്ങളായിട്ട് നമ്മുടെ സുഹൃത്തുക്കള്‍ക്കിടയിലൊക്കെ ഇരിക്കുമ്പോള്‍ അറിയാതെ അവരില്‍ നിന്നൊക്കെ 'നിങ്ങടാള്‍ക്കാര്‍' എന്ന പ്രയോഗം വരുന്നു. എന്നെ ഏറെ അസ്വസ്തമാക്കിയ കാര്യമാണത്. ഞാന്‍ ജാതിയോ മതമോ അടിസ്ഥാനമാക്കി ജീവിക്കുന്ന വ്യക്തി പോലും അല്ല. എന്നിട്ട് പോലും നമ്മുടെ പേരിലെ മതവുമായി അടയാളപ്പെടുത്തി ചില കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങടാള്‍ക്കാര്‍ എന്ന് വളരെ നിസാരമായി പറഞ്ഞുപോകുന്നത് കേട്ടിട്ടുണ്ട്. എത്ര നിസാരമായാണ് ഞങ്ങളും നിങ്ങളും ആയിപ്പോകുന്നത് എന്നുള്ളൊരു ആന്തലില്‍ നിന്നാണ് 'നിങ്ങടാള്‍ക്കാര്‍' എന്ന കഥയെഴുതുന്നത്.

സമീപകാലത്തെ സംഭവങ്ങള്‍ നോക്കിയാല്‍ നമുക്കത് കാണാം. പാലക്കാട് ഒരു ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു ജില്ലയെ തന്നെ ആക്രമിച്ച സംഭവം നമ്മള്‍ കണ്ടു. ഇത് ആദ്യമായൊന്നുമല്ല മലപ്പുറം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്. മതം വലിയ രീതിയിലാണ് നമ്മുടെ ജീവിതത്തിലിടപെടുന്നത്. എല്ലാ മതങ്ങളിലും അത് കാണാം. ഞാനൊന്നും പഠിക്കുന്ന കാലത്ത് പര്‍ദ ഇട്ടവരെ കാണാറേ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. ഇത്തരത്തില്‍ മതങ്ങളുടെ ഇടപെടലുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണെന്നും കാണാം. കുലസ്ത്രീകളാവേണ്ടതും പര്‍ദ ധരിക്കേണ്ടതും സാമൂഹികമാധ്യമങ്ങളിലെ ആങ്ങളമാരുടെ ചോദ്യം ചെയ്യല്‍ കേള്‍ക്കേണ്ടതും സ്ത്രീകളാണ്. ഈ സാഹചര്യമാണ് 'മുക്രിന്തു' എന്ന കഥ ചര്‍ച്ചചെയ്യുന്നത്. കിതാബിലെ മുത്തലാഖും ജീവിതത്തിലെ മുത്തലാഖും തമ്മിലുള്ള വൈരുധ്യമാണ് കിത്താബ് എന്ന കഥയുടെ പശ്ചാത്തലം. ഇത്തരത്തില്‍ എന്റെ രാഷ്ട്രീയ വായനകള്‍ തന്നെയാണ് എന്റെ കഥകള്‍.

ഷാഹിനയുടെ സ്ത്രീകഥാപാത്രങ്ങള്‍ ചുറ്റുപാടുകളുടെ പരിമിതമായ സാഹചര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ളവരാണെന്ന് തോന്നി. വിമോചനത്തിനെ കുറിച്ച് സ്വപ്നം കാണുന്നതിന് പകരം ജീവിച്ച് പ്രതികാരം തീര്‍ക്കുന്നവര്‍

Shahina K Rafeeq
പുസ്തകം വാങ്ങാം

പലകാര്യങ്ങളില്‍ മുന്നോട്ട് പോകുമ്പോഴും മറ്റൊരുപാട് കാര്യങ്ങളില്‍ നാം പുറകോട്ട് നടക്കുകയാണ്. എത്രയോ കാലം പൊരുതി നാം നേടിയ നേട്ടങ്ങളാണ് ഇങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുന്നത്. എല്ലാ ദുരാചാരങ്ങളും തിരിച്ചുവരികയാണ്. സമീപകാലത്ത് കണ്ട ഒരു ചിത്രത്തില്‍ സതിയെ വല്ലാതെ മഹത്തരമായി ചിത്രീകരിച്ചത് കണ്ടിരുന്നു. ഭാവിയില്‍ സതി നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍ പോലും അത്ഭുതപ്പെടേണ്ടി വരില്ല. നേരത്തെ പര്‍ദയുടെ കാര്യം സൂചിപ്പിച്ചു. പല സ്ത്രീകളോടും നമുക്ക് സ്വന്തമായൊരു ഇടം, വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞ പോലെ റൂം ഓഫ് വണ്‍സ് ഓണ്‍ എന്ന ഇടം നമ്മുടെയൊക്കെ വീട്ടിലുണ്ടോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ അത്തരമൊരു കാര്യത്തെ കുറിച്ച് അവരൊന്നും ചിന്തിച്ചിട്ട് പോലും ഇല്ല. ഒന്ന് ഒറ്റക്കിരിക്കാന്‍, നമുക്ക് പ്രിയപ്പെട്ട കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചെയ്യാനൊക്കെ സ്വന്തം വീട്ടില്‍ ഒരു ഇടം ഉണ്ടാവേണ്ടതിനെക്കുറിച്ച് പോലും ഈ 2020 ല്‍ എത്തി നില്‍ക്കുമ്പോഴും അവര്‍ ചിന്തിച്ചിട്ടില്ല.

എല്ലാ കാര്യങ്ങളിലും അഭിപ്രായമുള്ള, രാഷ്ട്രീയമുള്ള വ്യക്തിത്വമുള്ള സ്ത്രീകളാണ് എന്റെ കഥാപാത്രങ്ങള്‍. അങ്ങനത്തെ പെണ്ണുങ്ങളാണ് എന്റെ പെണ്ണുങ്ങള്‍. ഒരുപാട് പരിമിതികളുള്ളപ്പോഴും അതിനുള്ളില്‍ നിന്ന് ജീവിച്ച് കാണിക്കുന്ന പെണ്ണുങ്ങളെയാണ് എനിക്ക് കൂടെക്കൂട്ടാനുമിഷ്ടം.

കഥാപാത്രങ്ങളില്‍ ചിലരെങ്കിലും നല്ല ഫ്രീക്ക് വാട്സ്ആപ്പ്  ഭാഷയാണ് സംസാരിക്കുന്നത്. വവ്വാല്‍ എന്ന കഥ രണ്ട് പേര്‍ തമ്മിലുള്ള ചാറ്റാണ്. ഹ്യൂമറസായിട്ടുള്ള എഴുത്ത്, ഇംഗ്ലീഷ്- സോഷ്യല്‍ മീഡിയ വാക്കുകളുടെ ഉപയോഗം ഇതിനോടൊക്കെയുള്ള പ്രതികരണങ്ങള്‍ എങ്ങനെയാണ്?

ശരിയാണ്, വവ്വാല്‍ എന്ന കഥ ഒരു ഫ്രീക്ക് വാട്‌സ്ആപ്പ് രൂപത്തിലുള്ള കഥയാണ്. രണ്ടുപേര്‍ തമ്മിലുള്ള ചാറ്റിലൂടെയാണ് ആ കഥ പുരോഗമിക്കുന്നത്. ഇന്നത്തെ മനുഷ്യരുടെ ജീവിതത്തെ കുറിച്ചുള്ള കഥയാണത്. കുറച്ചു കഴിയുമ്പോള്‍ അത് എങ്ങനെ വായിക്കപ്പെടും എന്നറിയില്ല. നമ്മുടെ ജീവിതവും ബന്ധങ്ങളും എല്ലാം ഇപ്പോള്‍ ഫോണിനെ ചുറ്റിപ്പറ്റിയാണ് ഒരു പരിധിവരെ. ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ സംസാരങ്ങളെല്ലാം ഈ ഭാഷയിലാണ് നടക്കുക. ചാറ്റില്‍ മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ പ്രയോഗങ്ങള്‍ എല്ലാം ഉണ്ട്. അത്തരത്തില്‍ രണ്ടുപേര്‍ സംസാരിക്കുന്ന കഥയാണത്. അവരുടെ ജീവിതവും രാഷ്ട്രീയവും എല്ലാം ആ സംസാരത്തിലുണ്ട്. നമ്മുടെ തലമുറയില്‍ ഉള്ള ആളുകള്‍ മാത്രമായിരിക്കും അത് ആസ്വദിക്കുക എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ആ കഥ പ്രസിദ്ധീകരിച്ചതിന് ശേഷം എന്നെ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞവരിലൊരാള്‍ യു.എ ഖാദറാണ്. പിന്നീട് ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ എന്നെ കാണാനായി അദ്ദേഹം വന്നു. അന്ന് അദ്ദേഹം സ്റ്റേജില്‍ സംസാരിച്ചത് മുഴുവന്‍ ഈ കഥയെ കുറിച്ചാണ്. ജീവിതത്തില്‍ തന്നെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ആ തലമുറയിലുള്ള ഒരു എഴുത്തുകാരന്‍ ആ കഥയെ അത്രത്തോളം ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്തു എന്നറിഞ്ഞപ്പോള്‍ അത് തന്ന അത്ഭുതവും സന്തോഷവും വേറെ തന്നെയാണ്.

അസ്തിത്വ ദുഃഖത്തിന് സ്‌കോപ്പൊന്നും ഇല്ലെങ്കിലും ഭാവിയില്‍ കഥയെഴുതാന്‍ വേണ്ടി വിഷാദിച്ചിരിക്കുന്ന ബാല്യകാലത്തെ കുറിച്ച് ആമുഖത്തില്‍ വായിച്ചിരുന്നു. എങ്ങനെയാണ് എഴുത്തിലേക്ക് എത്തിയത്?

എങ്ങനെയാണ് എഴുത്തിലേക്ക് എത്തപ്പെട്ടതെന്ന് സത്യത്തില്‍ എനിക്കും അറിയില്ല. എന്റെ കുടുംബത്തിലൊന്നും അത്തരത്തില്‍ എഴുതുന്ന ആരും ഇല്ല. പക്ഷെ വാപ്പ നന്നായി വായിക്കുമായിരുന്നു. എന്റെ ആദ്യത്തെ ലൈബ്രറി എന്ന് പറയുന്നത് വാപ്പായുടെ പുസ്തകങ്ങളുടെ കളക്ഷനാണ്. ശരിക്കും അസ്തിത്വ ദു:ഖത്തിന് ഒരു സ്‌കോപ്പുമില്ലാത്ത സാഹചര്യമായിരുന്നു. പത്ത് വയസ്സുവരെ ഞാന്‍ വീട്ടിലെ ഒറ്റക്കുട്ടിയാണ്. അനിയന്‍ പിന്നെയാണ് ജനിക്കുന്നത്. ഉമ്മയുടെ വീട്ടിലും ഉപ്പയുടെ വീട്ടിലുമെല്ലാം കൊഞ്ചിച്ച് വഷളാക്കാന്‍ ഒരുപാട് ആളുകളുണ്ട്. എന്ത് ആഗ്രഹങ്ങളും അപ്പപ്പോള്‍ സാധിച്ച് കിട്ടുന്ന കുട്ടിയായിരുന്നു ഞാന്‍.

എന്തുകൊണ്ടോ കുറച്ച് ഇന്‍ട്രോവെര്‍ട്ട് ആയിരുന്നു. ഒറ്റക്കിരുന്ന് വായിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം. പിന്നീട് നോട്ട് പുസ്തകത്തിലൊക്കെ കുറിച്ചുവെക്കാന്‍ തുടങ്ങി. തുടക്കത്തില്‍ സാഹസം കവിതയിലായിരുന്നു. കവിത എന്നൊക്കെ അതിനെ വിളിക്കാമോ എന്നൊന്നും അറിയില്ല. അന്ന് മാതൃഭൂമിയിലെ ബാലപംക്തിയില്‍ അച്ചടിച്ച് വരുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എഴുതുന്നതൊക്കെ അയച്ചിരുന്നെങ്കിലും ഒന്നുപോലും വന്നില്ല. മാതൃഭൂമിയില്‍ എങ്ങനെയെങ്കിലും പേര് വരുത്തണേ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുറച്ച് കത്തുകള്‍ എഴുതി നോക്കി. അതും വന്നില്ല. ഒരിക്കല്‍ സ്‌കൂള്‍ മാഗസിനില്‍ ഒരു കഥ വന്നപ്പോള്‍ ടീച്ചര്‍ വിളിപ്പിച്ച് നീ തന്നെ എഴുതിയതാണോ എന്ന് ചോദിച്ചപ്പോള്‍ പേടിച്ചുപോയത് ഓര്‍മയുണ്ട്. നന്നായത് കൊണ്ടാണ് ടീച്ചര്‍ അങ്ങനെ പറഞ്ഞത് എന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല.

സ്‌കൂള്‍ കാലത്തിന് ശേഷം കുറേക്കാലം കഴിഞ്ഞാണ് വീണ്ടും എഴുതി തുടങ്ങുന്നത്. പിന്നീട് മാധ്യമപ്രവര്‍ത്തനം പഠിച്ചതിന് ശേഷം അത്തരത്തിലുള്ള കുറേ ആര്‍ട്ടിക്കിളുകള്‍ ഒക്കെ അച്ചടിച്ച് വന്നു. അത് വലിയ ആത്മവിശ്വാസം തന്നു. പിന്നീട് ചില കുഞ്ഞു കഥകളൊക്കെയെഴുതി. അതൊക്കെ പ്രസിദ്ധീകരിച്ചു വന്നു. ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ നോട്ട്ബുക്ക് എന്ന കഥ സെലക്ട് ചെയ്യപ്പെട്ടു. അവര്‍ അത് പുസ്തകമാക്കിയപ്പോള്‍ ആ കഥയും ഉള്‍പ്പെടുത്തി. അത് വലിയ ടേണിങ് പോയന്റ് ആയിരുന്നു. പിന്നീട് ആ കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്റെ നോട്ട്ബുക്ക് എന്ന പേരില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച് വന്നു. അത് വായിച്ച് ഒരുപാട് പേര്‍ നല്ല അഭിപ്രായമൊക്കെ പറഞ്ഞു. അങ്ങനെയാണ് എഴുതാന്‍ കഴിയും എന്ന ബോധ്യം വന്നതും എഴുതി തുടങ്ങുന്നതും. ആദ്യത്തെ കഥാസമാഹാരത്തില്‍ നിന്ന് രണ്ടാമത്തേതിലെത്തുമ്പോള്‍ എഴുത്ത് കുറേയൊക്കെ സീരിയസ് ആയി എന്ന് തോന്നുന്നു.

എഴുത്ത് പോലെ തന്നെ സിനിമയും പ്രിയപ്പെട്ട ലോകമാണ്. എന്തൊക്കെയാണ് സിനിമാ വിശേഷങ്ങള്‍..

എഴുത്ത് പോലെ തന്നെ പ്രിയപ്പെട്ടതാണ് സിനിമയും. ചെറുപ്പകാലത്ത് പരപ്പനങ്ങാടിയിലെ ഉമ്മവീടിന് തൊട്ടടുത്ത് തന്നെ ജയകേരള എന്ന തിയേറ്റര്‍ ഉണ്ടായിരുന്നു. ഉമ്മയുടെ വലിയവീട്ടിലെ എല്ലാവരും സിനിമാപ്രാന്തന്‍മാരായിരുന്നു. ഉമ്മുമ്മയടക്കം. ഉമ്മുമ്മ വലിയ കാര്യത്തില്‍ സിനിമ കാണുന്നതും അതിനെക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം ഓര്‍മയുണ്ട്. അവധിക്കാലത്ത് കസിന്‍സ് എല്ലാവരും ചേര്‍ന്ന് തിയേറ്ററില്‍ വരുന്ന എല്ലാ സിനിമകളും കാണുമായിരുന്നു. ഇപ്പോഴും ആ സിനിമാപ്രാന്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതും തിയേറ്റര്‍ സിനിമകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ സിനിമ കുറച്ചുകൂടെ സീരിയസ് ആയി കാണാന്‍ തുടങ്ങി. ഞാന്‍ പി.എച്ച്.ഡി ചെയ്യുന്നത് സിനിമയിലാണ്. സിനിമയെ കുറിച്ച് ഒരുപാട് പഠിച്ചു. സിനിമയെക്കിറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു. കുറച്ചുകാലം മാതൃഭൂമി ഓണ്‍ലൈനില്‍ സിനിമ നിരൂപണം ചെയ്തു. പിന്നീട് മലയാളത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംവിധായകനായ കെ.ജി ജോര്‍ജ് സാറിനെ കുറിച്ച് ഞാനും എന്റെ സുഹൃത്ത് ലിജിന്‍ ജോസും കൂടെ ഒരു ഡോക്യുമെന്റെറി ചെയ്തു. ഒരുപാട് സമയം എടുത്ത് ചെയ്ത വര്‍ക്കായിരുന്നു. അതിന് 2017 ഗോവ ഫിലിം ഫെസ്റ്റിവലില്‍ പനോരമ സെലക്ഷനൊക്കെ കിട്ടി. ജീവിതത്തില്‍ ഒരുപാട് സന്തോഷം തന്ന വര്‍ക്കാണ് അത്.

അന്നിരുപത്തൊന്നില്‍ എന്ന കഥയില്‍ ജിന്ന് പറയുന്ന ആ നോവല്‍ എന്നാണ് വായിക്കാന്‍ പറ്റുക?

സത്യത്തില്‍ അതൊരു നോവലിനൊക്കെ സ്‌കോപ്പുള്ള കാര്യമാണ്. പക്ഷെ അങ്ങനെയൊരു നോവല്‍ ഞാനെഴുതുമോ എന്നറിയില്ല. ജിന്ന് അന്നിറങ്ങി പോയതാണല്ലോ. നോവല്‍ എഴുതണം എന്നാഗ്രഹമുണ്ട്. പക്ഷെ എന്റെ മടിയൊക്കെ വെച്ചിട്ട് അത്ര വലിയൊരു വര്‍ക്ക് ചെയ്യാനുള്ള ക്ഷമയുണ്ടാകുമോ എന്നറിയില്ല. നോവല്‍ വലിയ അധ്വാനമുള്ള ജോലിയാണ്. കഥകള്‍ തന്നെ വളരെ സമയമെടുത്ത് എഴുതുന്ന ആളാണ് ഞാന്‍. നോവല്‍ എന്നെങ്കിലും എഴുതുമായിരിക്കും. നിലവില്‍ എന്തായാലും എഴുതി തുടങ്ങിയിട്ടൊന്നുമില്ല.

ഏക് പാല്‍തു ജാന്‍വര്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayalam Writer Shahina K Rafeeq Interview