• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Books
More
Hero Hero
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

മോര്‍ച്ചറിയെക്കാള്‍ മഹത്തായ ഒരു പുസ്തകം ലോകത്തിലാരും ഇതുവരെ എഴുതിയിട്ടില്ല

Feb 6, 2021, 12:17 PM IST
A A A

എല്ലാവരും ഉറങ്ങുമ്പോള്‍ വീട്ടില്‍ കള്ളന്‍ കയറിയിട്ടുണ്ടെന്ന് വിളിച്ചറിയിക്കുന്ന പ്രതിബദ്ധതയുടെ നായ്ക്കുരയാണ് എന്റെ കൃതികളിലെ രാഷ്ട്രീയം.

# വി. എച്ച്. നിഷാദ്
Santhosh Echikkanam
X

സന്തോഷ് ഏച്ചിക്കാനം| ഫോട്ടോ: അരുണ്‍കുമാര്‍ അരവിന്ദ്‌

മലയാള ചെറുകഥയുടെ സമകാലികതയെയും രാഷ്ട്രീയ താപത്തെയും മനസ്സിലാക്കാനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്ന് സന്തോഷ് ഏച്ചിക്കാനത്തെ വായിക്കുക എന്നതാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി ചെറുകഥ എന്ന മാധ്യമത്തില്‍ ഈ എഴുത്തുകാരന്‍ നിരന്തരമായി നടത്തുന്ന ഇടപെടലുകള്‍ മലയാള കഥയെ പുതിയൊരു ദിശാബോധത്തിലേക്കും യാത്രാപഥത്തിലേക്കും നയിച്ചു. പുതിയ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സന്തോഷ് ഏച്ചിക്കാനം യുവകഥാകൃത്ത് വി. എച്ച്. നിഷാദുമായി എഴുത്തിനെക്കുറിച്ചും കഥകളുടെ  പിന്നാമ്പുറവിശേഷങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

മൂന്നു പതിറ്റാണ്ടു കാലമായി ചെറുകഥ എന്ന സാഹിത്യരൂപത്തില്‍ ഗൗരവമായി ഇടപെടുന്ന എഴുത്തുകാരനാണ് താങ്കള്‍. ഇതിനിടയില്‍ കഥയും കാലവും  ഏറെ മുന്നോട്ടു പോയി. കഥയുടെ നിര്‍വചനവും ഇവിടെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ?

കാലത്തിന്റെ സ്വഭാവമനുസരിച്ചു മാത്രമേ കഥയെ നിര്‍വചിക്കാന്‍ പറ്റൂ. ആധുനികതയിലെ വ്യാജോക്തികളെ അംഗീകരിക്കുമ്പോള്‍ ത്തന്നെ അന്നത്തെ ജീവിതത്തിന്റെ ചെറുചലനങ്ങള്‍ അക്കാലത്തെ കൃതികളില്‍ ഉണ്ടായിരുന്നില്ലെന്നു പറയാന്‍ സാധിക്കില്ല. പിന്നീട് ആ സ്ഥാനത്ത് ആധുനികാനന്തരം കേറിവന്നെങ്കിലും സൈദ്ധാന്തികമായ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റിക്കൊണ്ടാണ് എന്നും സാഹിത്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ നിര്‍വചനങ്ങളുടെ ജയില്‍ ചാടുന്ന സാഹിത്യം എഴുത്തുകാരന്റെ മുറിയെ കൂടുതല്‍ സ്വതന്ത്രവും ആഘോഷഭരിതവുമാക്കിത്തീര്‍ക്കുന്നു.

ഏറ്റവും പുതിയ കഥകളിലൊന്നാണ് 'കുന്നുംകര തോമ മകന്‍ റൊണാള്‍ഡ് (റപ്പായി), ജനനം 29.8.2018 - മരണം 29.8.2018'.  മൂന്നോ നാലോ കഥയാക്കാവുന്ന വിഷയങ്ങള്‍ ഇവിടെ ഒരു കഥയില്‍ത്തന്നെ പല അടരുകളായി കടന്നുവരികയാണ്. പുതുമയേറിയതാണ് ഈ രചനയുടെ ക്രാഫ്റ്റ്. ചെറുകഥ എന്ന മാധ്യമത്തില്‍ സന്തോഷ് ഏച്ചിക്കാനം നടത്തുന്ന പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ കഥാവായന അനുഭവപ്പെട്ടത്. സത്യത്തില്‍ മലയാള ചെറുകഥയും അതിന്റെ വായനക്കാരും പരീക്ഷണ രചനകള്‍ക്കു പാകമായിട്ടുണ്ടോ?

ഈ പരീക്ഷണം ഞാന്‍ തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായെന്ന് എന്റെ ആദ്യകാലകഥകള്‍ വായിച്ചവര്‍ ചിലരെങ്കിലും ശ്രദ്ധിച്ചുകാണും. 'ദിനോസറിന്റെ മുട്ട', 'ഉഭയജീവിതം' തുടങ്ങിയ കഥകളിലൊക്കെ ഒരുതുള്ളി പാലിനകത്ത് ഒരാകാശം ഒളിച്ചുവെക്കുംപോലുള്ള ഇത്തരം ആഖ്യാനരീതി ഞാന്‍ കൈക്കൊണ്ടിട്ടുണ്ട്. അതായത് ഒരു കഥയ്ക്കകത്ത് ഒരു നോവലോ നോവലെറ്റോ കുത്തിനിറച്ചിട്ടുണ്ടെന്നര്‍ഥം. അതു ശരിയാണോ തെറ്റാണോ എന്നൊന്നും ഞാന്‍ നോക്കിയിട്ടില്ല. എനിക്കു തോന്നുംപോലെ ഞാനെഴുതി. ഞാനെന്ന ഒരു എഴുത്തുകാരനെ നാലുപേര്‍ വായിക്കുന്നുണ്ട് എന്നതുതന്നെ ഈ പരീക്ഷണം വായനക്കാര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണല്ലോ? 'കൊമാല' വായിച്ചിട്ട് അതൊരു ചെറുകഥയല്ലെന്ന് ആരും പറഞ്ഞിട്ടില്ല. മിലാന്‍ കുന്ദേര, റോള്‍ ദാല്‍, മുറകാമി, ഹിന്ദി എഴുത്തുകാരനായ ഉദയപ്രകാശ്, അഖിലേഷ്  എന്നിവരുടെ ചെറുകഥകള്‍ നോക്കുക. എത്ര സുദീര്‍ഘമാണവ. ഉദയപ്രകാശിന്റെ 'മോഹന്‍ദാസ്' എന്ന ഒറ്റ ചെറുകഥയെയാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നല്കി ആദരിച്ചിരിക്കുന്നത്. നമ്മളിവിടെ കാരൂര്‍, മാധവിക്കുട്ടി, എം. മുകുന്ദന്‍ എന്നിവരുടെയൊക്കെ കഥകള്‍ വായിച്ചിട്ടാണ് ചെറുകഥ ചെറുതായിരിക്കണമെന്ന രൂപരേഖ തയ്യാറാക്കി വെച്ചിരിക്കുന്നത്. അത് എക്കാലത്തും ശരിയായി നിലനില്ക്കണമെന്നു ശാഠ്യംപിടിക്കാതെതന്നെ പുതിയ പരീക്ഷണങ്ങളെ അംഗീകരിക്കുകയാണു വേണ്ടത്.

താങ്കളിലെ തിരക്കഥാകൃത്ത് കഥാരചനയെ സഹായിക്കാറുണ്ടോ? ഉണ്ടെങ്കില്‍ എത്രത്തോളം?

ഒരു വിഷയത്തെ ഏറ്റവും ചുരുക്കി, എന്നാല്‍ അതിലെ സത്ത ചോര്‍ന്നുപോകാതെ സമയബന്ധിതമായി പറഞ്ഞു ഫലിപ്പിക്കുമ്പോഴാണ് ഒരു നല്ല സിനിമ ഉണ്ടാകുന്നത്. ഇതു തന്നെയാണ് കഥയെഴുത്തിന്റെ വഴിയും. അഞ്ചെട്ടു വര്‍ഷം മെഗാ സീരിയല്‍സ് എഴുതിയ ഒരാളാണ് ഞാന്‍. ഡയലോഗടിയുടെ തൂണുകളാണല്ലോ  മെഗാ സീരിയലുകളെ താങ്ങിനിര്‍ത്തുന്നത്. മിക്ക എഴുത്തുകാരുടെയും കഥയോ നോവലോ എടുത്ത് സൂക്ഷ്മവിശകലനം ചെയ്താല്‍ അതിലെ കഥാപാത്രങ്ങള്‍ പലരും അച്ചടിഭാഷ ഉപയോഗിക്കുന്നതായി കാണാന്‍ സാധിക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് സ്വാഭാവികമായ ഒഴുക്കും സൗന്ദര്യവും നഷ്ടപ്പെടുന്നതായും കാണാം. ഈ പരിമിതി ഒഴിവാക്കി കഥയില്‍ അയത്നലളിതമായ സംഭാഷണങ്ങള്‍ എഴുതാന്‍ എന്നെ പ്രാപ്തനാക്കിയതിനു പിന്നില്‍ സീരിയലും പിന്നീട് സിനിമയും വളരെ സഹായകരമായിട്ടുണ്ട്.

രത്നമ്മ-ദിവാകരന്‍ നമ്പ്യാര്‍ ദാമ്പത്യമാണ് '9 pm' എന്ന കഥ ഉറ്റു നോക്കുന്നത്. പഴയ ബാസ്‌കറ്റ് ബോള്‍ പ്ലെയറായ രത്നമ്മയുടെ പുതിയകാല-പഴയകാല ഓര്‍മകളാണ് കഥയെ നയിക്കുന്നത്. ഇക്കഥയില്‍ പലയിടത്തും ഭാഷ കൈപ്പന്തുകളിയുടെ ഉദ്വേഗം കൈവരിക്കുന്നതു കാണുന്നു. ചടുലമാണ് വാചകനീക്കങ്ങള്‍. സാധാരണയായി കഥയുടെ ഭാഷയില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ എന്തൊക്കെയാണ്?

ഒരിടത്ത് ഒരു വീട് വെക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ അതാതു സ്ഥലത്തുനിന്നുതന്നെ കണ്ടെത്തണമെന്ന ഒരാശയം പ്രശസ്ത വാസ്തുശില്പിയായ ലാറി ബേക്കര്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ചെങ്കല്ല് ധാരാളമുള്ള സ്ഥലമാണെങ്കില്‍ ചെങ്കല്ലും കരിങ്കല്ലാണെങ്കില്‍ അതും ഭിത്തികളില്‍ ഉപയോഗപ്പെടുത്തണം. ഇതുപോലെ കഥ നടക്കുന്ന പരിസരങ്ങളില്‍നിന്നു കിട്ടുന്ന അസംസ്‌കൃതവസ്തുക്കള്‍ക്കിടയില്‍ ഇമേജുകള്‍ക്കുവേണ്ടി ഒരു ആക്രിക്കാരനെപ്പോലെ തിരഞ്ഞുനടക്കുന്ന ഒരാളാണ് ഞാന്‍. 'ആദ്യരാത്രിയില്‍ നീ അങ്ങേരെയെടുത്ത് സ്പൂണ്‍ ചെയ്തേക്കല്ലേ മോളേ' എന്ന ഒരു പ്രയോഗം '9 PM' എന്ന ഈ കഥയിലുണ്ട്. ബാസ്‌കറ്റ്ബോള്‍ കളിയിലെ ഒരു സാങ്കേതികപദമാണത്. രത്നമ്മയും ദിവാകരന്‍ നമ്പ്യാരും തമ്മിലുള്ള ശാരീരികവേഴ്ചയെ, ബാസ്‌കറ്റിലേക്കു പന്തെറിഞ്ഞ് സ്‌കോര്‍ ബോഡില്‍ മുന്നിലെത്താന്‍വേണ്ടി രണ്ടു ടീമുകള്‍ നടത്തുന്ന വാശിയേറിയ മത്സരത്തോട് കൂട്ടിക്കെട്ടുമ്പോള്‍ ഗാലറിയിലിരുന്ന് ഗെയിം കാണുന്ന കാണികള്‍ക്കു കിട്ടുന്ന ഒരാവേശവും ആസ്വാദ്യതയും ദൃശ്യഭംഗിയും കഥ വായിക്കുന്ന അനുവാചകനും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.

'സുഖവിരേചനം' രാഷ്ട്രീയവിമര്‍ശനമാണ്. പുതിയ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം വാഗ്ദാനങ്ങളില്‍ മാത്രമാണ് വിശ്വസിക്കുന്നത് എന്ന് ഈ കഥ ശബ്ദമുയര്‍ത്തിപ്പറയുന്നു. ഈ കഥയെഴുതാനുണ്ടായ സാഹചര്യം പങ്കുവെക്കാമോ?

പണവും അധികാരവുമാണ് പ്രായോഗികരാഷ്ട്രീയത്തിന്റെ മുദ്രാവാക്യം. പണമുണ്ടാക്കാന്‍ അഴിമതിയും അധികാരമുറപ്പിക്കാന്‍ ദാരിദ്ര്യവും രാഷ്ടീയക്കാര്‍ക്കു വേണം. പാവപ്പെട്ടവന്റെ വേദനയും നിലവിളിയും തിന്ന് അവരുടെ കണ്ണീരുകുടിച്ച് ജീവിക്കുന്ന ഒരിനം മാരകമായ വൈറസുകളാണിവര്‍. അല്ലാതെയും ചുരുക്കം ചിലരുണ്ടെന്ന കാര്യം മറക്കുന്നില്ല. നിവേദനങ്ങളും പരാതികളും കൊണ്ട് ദിനംപ്രതി വീട്ടുമുറ്റത്ത് ഒരാള്‍ക്കൂട്ടം എത്തുമ്പോള്‍ സുഖവിരേചനംപോലെ അനിര്‍വചനീയമായ ഒരു സുഖാനുഭൂതി അവര്‍ അനുഭവിക്കുന്നുണ്ട്. പരാതികള്‍ പരിഹരിച്ചാല്‍ ഈയൊരു സന്ദര്‍ശകവൃന്ദം അവരെ തേടി വരില്ല. ഇതവര്‍ക്കറിയാം. അതുകൊണ്ടുതന്നെ പരാതികള്‍ ഒരിക്കലും ഇക്കൂട്ടര്‍ പരിഹരിക്കില്ല. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിയും നിരക്ഷരതയും ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം വിചാരിച്ചാല്‍ നിഷ്പ്രയാസം പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷേ, അതവര്‍ ചെയ്യില്ല. 

നാളെയെങ്കിലും തങ്ങളുടെ വയറു നിറയും എന്ന ഒരു നടക്കാത്ത സ്വപ്നം ഭരണകൂടം ആ ജനതയുടെ കീറിയ വായയ്ക്കു നേരേ അപ്പക്കഷണംപോലെ എപ്പോഴും നീട്ടിക്കൊണ്ടേയിരിക്കും. ഒരിക്കലും കൊടുക്കില്ല. അന്നം കിട്ടിയാല്‍പ്പിന്നെ അന്നദാതാവിനെ ഓര്‍മിക്കേണ്ട കാര്യമില്ലല്ലോ? എറണാകുളത്ത് വൈറ്റില ജനതാ റോഡില്‍ താമസിക്കുമ്പോള്‍  ഒരു വാഹനത്തിനു മാത്രം പോകാന്‍ പാകത്തില്‍ അവിടെ ഒരിടവഴിയുണ്ടായിരുന്നു. രാത്രിയില്‍ അവിടെ വെച്ച് പലരുടെയും മാലയും പേഴ്സുമൊക്കെ മോഷ്ടാക്കള്‍ പിടിച്ചുപറിക്കുകയും പരാതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ആ ഭാഗത്തെ റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെ പാതവിളക്കുകളും ക്യാമറയും സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതു വന്നു. അതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഒരുമാസം കഴിഞ്ഞപ്പോള്‍ ക്യാമറ ആരോ മോഷ്ടിക്കുകയും പാതവിളക്ക് എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. മോഷണം പതിവുപോലെ ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വാര്‍ഡു മെമ്പറുടെയും റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറിയുടെയും മുന്നില്‍ പരാതിക്കാര്‍ വീണ്ടും വന്നുതുടങ്ങി. ഈ അനുഭവമാണ് എന്നെ 'സുഖവിരേചനം' എന്ന കഥയിലെത്തിച്ചത്.

ഇതിനോട് ചേര്‍ത്തുവായിക്കാമെന്നു തോന്നുന്നു 'ടോയ്ലറ്റേ' എന്ന ചെറുകഥയെ.  പെര്‍ഫ്യൂമും ടോയ്ലറ്റുമെല്ലാം ഇവിടെ ജീവിത സുഗന്ധ-ദുര്‍ഗന്ധങ്ങളുടെ പ്രതീകങ്ങളായി മാറുന്നു. വിപണി ഒരു വിഷയമായി പല കഥകളിലും കടന്നുവരുന്നുണ്ടല്ലോ, ആദ്യകാല രചനകളിലൊന്നായ 'ഉടലുകള്‍ വിഭവസമൃദ്ധിയില്‍.' മുതല്‍?

'കുടിക്കുന്ന കഞ്ഞിയില്‍ മണ്ണു വാരിയിടുക' എന്ന പ്രയോഗം 'കുടിക്കുന്ന വെള്ളത്തില്‍ മണ്ണു വാരിയിടുക' എന്ന തലത്തിലേക്ക് കോര്‍പ്പറേറ്റുകളാല്‍ തിരുത്തിയെഴുതപ്പെടുന്ന, നടുക്കുന്ന യാഥാര്‍ഥ്യത്തിലേക്കാണ് നമ്മള്‍ ഇപ്പോള്‍ പോയ്ക്കൊണ്ടിരിക്കുന്നത്. വെള്ളത്തിന്റെ അവകാശം കോര്‍പ്പറേറ്റുകമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള കടലാസുപണികള്‍ അമേരിക്കയില്‍ ആരംഭിച്ചുകഴിഞ്ഞു. ശുദ്ധജലം കിട്ടാതെ പലതരം രോഗങ്ങള്‍ കാരണം ലക്ഷങ്ങളാണ് ലോകത്ത് ഒരുവര്‍ഷം മരിച്ചുവീണുകൊണ്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം വെള്ളത്തിന്റെ പേരിലായിരിക്കുമെന്ന പ്രവചനംപോലും വന്നുകഴിഞ്ഞു. അടുത്ത പത്തിരുപതു വര്‍ഷത്തിനുള്ളില്‍ ബാംഗ്ലൂര്‍നഗരത്തില്‍ വെള്ളമുണ്ടാകില്ലെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടാന്‍പോകുന്ന ജില്ല കണ്ണൂരാണെന്നുമൊക്കെയുള്ള വാര്‍ത്ത വന്നുതുടങ്ങിയിട്ട് അധികം കാലമായില്ല. ഇതിനിടയിലാണ് കര്‍ഷകസമരം. തിന്നാനും കുടിക്കാനുമുള്ള മനുഷ്യന്റെ അവകാശം പോലും റദ്ദു ചെയ്തുകൊണ്ടു വളരുന്ന അന്താരാഷ്ട്ര വിപണിക്കു നേരേ കഥകള്‍ക്ക് കൈയുംകെട്ടി വെറുതേയിരിക്കാനാവില്ല. സ്വന്തം ശരീരംപോലും പരസ്യബോര്‍ഡാക്കി ജീവിക്കേണ്ടിവരുന്ന മനുഷ്യരെക്കുറിച്ചുള്ള വേവലാതികളാണ് 'ഉടലുകള്‍ വിഭവസമൃദ്ധിയില്‍' എന്ന കഥയിലൂടെ ഞാന്‍ പറഞ്ഞത്. ആ യാഥാര്‍ഥ്യം അതിന്റെ പാരമ്യതയിലെത്തുന്ന കാഴ്ച 'ടോയ്ലറ്റേ'യിലും കാണാം.

എന്തും വില്പനച്ചരക്കും ബിസിനസ്സുമാകുന്ന കാലഘട്ടത്തിന്റെ കണ്ണാടിക്കാഴ്ചയാണല്ലോ 'സിങ്കപ്പൂരി'ല്‍. ഇതിലെ നായക കഥാപാത്രത്തിനെ എവിടെനിന്നു കിട്ടി?

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനര്‍നിര്‍മിക്കുകയും അതിനെ വിറ്റ് കാശാക്കുകയും ചെയ്യുന്ന നവവിപണനലോകത്തെ നിയന്ത്രിക്കുന്ന അസംഖ്യം  കഥാപാത്രങ്ങളില്‍ ഒരാളാണ് 'സിങ്കപ്പൂരി'ലെ രവീന്ദ്ര പൂജാരി കാപ്പു. ദൈവങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളുമെല്ലാംതന്നെ ഇന്ന് ഉപഭോഗവത്കരിക്കപ്പെട്ടിരിക്കുന്നു. ആരാധനാലയങ്ങളെ വ്യക്തികള്‍ മാത്രമല്ല സര്‍ക്കാരുകള്‍പോലും പട്ടാപ്പകല്‍ വില്പനയ്ക്കുവെച്ചിരിക്കുകയാണ്. ഇത്തരം കേന്ദ്രീകൃതസ്ഥാപനങ്ങള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റാണെങ്കില്‍ രവീന്ദ്ര പൂജാരി കാപ്പു ഒരു പെട്ടിക്കട മാത്രം. കര്‍ണാടകയിലെ പുത്തൂര്‍ എഡിഷനില്‍ ഇതുപോലെ കാക്കയെ വളര്‍ത്തി ബലികര്‍മത്തിന് വാടകയ്ക്കു കൊടുത്ത് ജീവിക്കുന്ന ഒരാളെക്കുറിച്ച് വന്ന പത്രവാര്‍ത്തയില്‍നിന്നാണ് 'സിങ്കപ്പൂരി'ന്റെ ജനനം. എന്റെ സുഹൃത്ത് രാധാകൃഷ്ണനാണ് എനിക്കീ ന്യൂസ് അയച്ചുതന്നത്. കഥയില്‍ പറയുന്നതുപോലെ ബലികര്‍മത്തിന് ഇയാളും 3000 രൂപ ഈടാക്കുന്നുണ്ട്. GST വേറെ. ഇതിനോടൊപ്പംതന്നെ കാലാവസ്ഥാവ്യതിയാനങ്ങള്‍ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, അതു ജീവജാലങ്ങളുടെ നിലനില്പിന് എങ്ങനെ ഭീഷണി ഉയര്‍ത്തുന്നു എന്ന കാര്യവും ഈ കഥയില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വൈലോപ്പിള്ളിയുടെ 'കാക്ക' എന്ന പ്രശസ്തമായ കവിത പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഗാധമായ ബന്ധത്തിലൂടെ രൂപംകൊള്ളുന്ന പ്രപഞ്ചസ്നേഹത്തെപ്പറ്റിയാണ് പറയുന്നത്. 'ചേലുകള്‍ നോക്കുവോളല്ലേ നാനാ വേലകള്‍ ചെയ്യുവോളീ കിടാത്തി' എന്നും 'കാക്ക, നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍' എന്നുമൊക്കെ കാക്ക എന്ന ഇരുട്ടിനെ വെളിച്ചത്തിലേക്കു വിന്യസിപ്പിച്ചെടുത്ത് ലോകത്തിനു കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ് വൈലോപ്പിള്ളി നടത്തിയത്. കാക്കകളോടു വര്‍ത്തമാനം പറയുന്ന മുത്തശ്ശിമാരെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഇന്നു നഗരവത്കരണത്തിനകത്തു രൂപപ്പെട്ട പുതിയ ജീവിതരീതികള്‍ പ്രകൃതിയോട് മുഖംതിരിക്കുമ്പോള്‍ അവിടെ കാക്കകള്‍ക്ക് ഇടം നഷ്ടപ്പെടുന്നു. കാക്കകളില്ലാതാവുമ്പോള്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യമാണ് നഷ്ടമാകുന്നത്.

'മോര്‍ച്ചറിയെക്കാള്‍ മഹത്തായ ഒരു പുസ്തകം ലോകത്തിലാരും ഇതുവരെ എഴുതിയിട്ടില്ല...' എന്ന് 'ജംഗിള്‍ബുക്ക്' എന്ന കഥയില്‍ ഒരു നിരീക്ഷണമുണ്ട്. വായനയെക്കാള്‍ അനുഭവങ്ങളാണ് സന്തോഷ് ഏച്ചിക്കാനം എന്ന കഥാകൃത്തിനെ സൃഷ്ടിച്ചത് എന്നു കൂടി ഇവിടെ വായിക്കാനാകുന്നു.

ഞാനധികം വായിക്കുന്ന ഒരാളല്ല. എനിക്ക് വലിയ വിവരമോ ബുദ്ധിയോ ഇല്ല. വിശാലമായ ലൈബ്രറി എന്റെ വീട്ടിലില്ല. ഏറി വന്നാല്‍ മൂവായിരം പുസ്തകങ്ങളില്‍ക്കൂടുതല്‍ എന്റെ ഷെല്‍ഫുകളിലില്ല. പക്ഷേ, അനുഭവങ്ങളുടെ ഒരു സ്വകാര്യഗ്രന്ഥശാല എനിക്കുണ്ട്. അതിലെ ഏറ്റവും ബൃഹത്തായ പുസ്തകം എന്റെ ജീവിതംതന്നെയാണ്. കഥാപാത്രങ്ങളായി എന്റെ കുടുംബവും മറ്റ് ബന്ധുക്കളും പരിചയക്കാരും ഈ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയവരുമൊക്കെ പെടും. ചിലര്‍ എന്നെ നിന്ദിച്ചിട്ടുണ്ട്, പരിഹസിച്ചിട്ടുണ്ട്, ദ്രോഹിച്ചിട്ടുണ്ട്. നിരുപദ്രവകാരിയായ ഒരു മൃഗത്തെ എന്നപോലെ കേവലം വിനോദങ്ങള്‍ക്കായി വേട്ടയാടിയിട്ടുണ്ട്. തിന്നാനായിരുന്നുവെങ്കില്‍ ചിലപ്പോള്‍ അവരുടെ ക്രൂരതകളെ ഞാന്‍ അംഗീകരിച്ചുകൊടുത്തേനേ. ചിലര്‍ എന്നെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടുണ്ട്. കണ്ണീരൊപ്പാന്‍ അവരുടെ കൈലേസുകള്‍ തന്നിട്ടുണ്ട്. എത്ര വായിച്ചിട്ടും മനസ്സിലാകാത്ത ഒരു കഥാപാത്രമാണ് എന്റെ അച്ഛന്‍. സഹനങ്ങളില്‍ എങ്ങനെ ചിരിക്കാമെന്ന് പഠിപ്പിച്ചുതന്ന എന്റെ അമ്മ. എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. കാരണം, ഈ ലൈബ്രറിയില്ലായിരുന്നുവെങ്കില്‍ ഞാനൊരെഴുത്തുകാരനാകുമായിരുന്നോ? സ്നേഹിച്ചവരെക്കാള്‍ ദ്രോഹിച്ചവരോടാണ് എനിക്ക് കൂടുതല്‍ കടപ്പാട്. സമ്പന്നതയില്‍നിന്നു പെട്ടെന്ന് പട്ടിണിയുടെ വക്കിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ ഒരുപൊതി നെല്ലുമായി അച്ഛന്റെ കൂടെ കാട്ടിലേക്കിറങ്ങിയവനാണ് ഞാന്‍. കാടു വെട്ടി തീയിട്ടു കരിച്ച് ആ നെല്ലു വിതച്ചു മെതിച്ചിട്ട് ഉണ്ടവനാണ്. വിത്തുകള്‍ നാളെയുടെ പ്രതീക്ഷകളാണ്. എഴുത്തിലും അതു വേണമെന്ന് ആഗ്രഹിക്കുന്നു. വായിക്കുന്നവനെ പുസ്തകങ്ങള്‍ അതിജീവിക്കുവാന്‍ പ്രാപ്തരാക്കണം. ഇത് എന്റെ മാത്രം അഭിപ്രായമാണ്. കുട്ടിക്കാലത്ത് കാട്ടില്‍നിന്നു തറച്ച മുള്ളുകള്‍ ഞാനിന്നും എന്റെ ഉള്ളങ്കാലില്‍നിന്ന് ഊരിയെടുത്തിട്ടില്ല. ഏകാന്തമായ രാത്രികളില്‍ അതു തരുന്ന വേദനയാണ് എനിക്കു വാക്ക്. അന്നെന്റെ കൂടെ ദാമു എന്ന പട്ടിയുമുണ്ടായിരുന്നു. ആ മൃഗം ഞാനെന്ന മനുഷ്യജീവിയോടു കാണിച്ച നന്ദിയും സ്നേഹവും ഉത്തരവാദിത്വവും കരുതലും ആത്മാര്‍ഥതയും എഴുത്തിലൂടെ ഇന്നു ഞാന്‍ എന്റെ സമൂഹത്തിനു നല്കാന്‍ ശ്രമിക്കുന്നു. 'എഴുത്തുകാരന്‍ പട്ടിയാണ്' എന്ന എം.എന്‍. വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍മിക്കുകയാണ്. എല്ലാവരും ഉറങ്ങുമ്പോള്‍ വീട്ടില്‍ കള്ളന്‍ കയറിയിട്ടുണ്ടെന്നു വിളിച്ചറിയിക്കുന്നവനാണവന്‍. പ്രതിബദ്ധതയുടെ ഈ കുരയാണ് എന്റെ കൃതികളിലെ രാഷ്ട്രീയം. കുട്ടിക്കാലത്ത് അനുഭവിച്ച ഒറ്റപ്പെടലും ഭീതിയും ആത്മനിന്ദയുമൊക്കെ മരണത്തിന്റെ നിതാന്ത സാന്നിധ്യമായി എന്റെ രചനകളില്‍ കടന്നുവന്നിട്ടുണ്ട്. ഇതു ഞാന്‍ പറഞ്ഞതല്ല, സമകാലികരായ എഴുത്തുകാരും നിരൂപകരും എന്റെ കൃതികളിലൂടെ കടന്നുപോകുമ്പോള്‍ കണ്ടെത്തിയതാണ്. അതുകൊണ്ടാവാം മോര്‍ച്ചറിയെക്കാള്‍ മഹത്തായ ഒരു പുസ്തകം ലോകത്തിലാരും ഇതുവരെ എഴുതിയിട്ടില്ലെന്ന് എനിക്കു 'ജംഗിള്‍ ബുക്കി'ല്‍ പറയേണ്ടിവരുന്നത്. ബാഹ്യമായ കിടമത്സരങ്ങള്‍ക്കൊന്നും ഒരര്‍ഥവുമില്ലെന്നും മരണത്തിലേക്കുള്ള മാരത്തോണ്‍ മാത്രമാണ് മനുഷ്യന്റെ ജീവിതമെന്നും പത്തൊന്‍പതാമത്തെ വയസ്സില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ബോധിവൃക്ഷത്തിന്റെ തണലില്‍വെച്ചല്ല, കാഞ്ഞങ്ങാട്ടെ നവരംഗ് ബാറിലിരുന്ന് ഓള്‍ഡ് മങ്ക് റം അടിച്ചുകൊണ്ടിരുന്നപ്പോള്‍. കൂടെ എന്റെ സുഹൃത്ത് രാധാകൃഷ്ണനുമുണ്ടായിരുന്നു. അതു പറഞ്ഞപ്പോള്‍ അവന്‍ മന്ത്രിച്ചു: നിനക്ക് ആത്മജ്ഞാനം കിട്ടിക്കഴിഞ്ഞു...  (ചിരിക്കുന്നു) ചുരുക്കിപ്പറഞ്ഞാല്‍ അനുഭവിച്ചതിന്റെ നാലിലൊന്നുപോലും എനിക്കിപ്പോഴും എഴുതാന്‍ കഴിഞ്ഞിട്ടില്ല.

 

Kavana
പുസ്തകം വാങ്ങാം

'കവണ' എന്ന ചെറുകഥ എന്‍. എസ്. മാധവന്റെ 'തിരുത്ത്' എന്ന കഥയുടെ എക്സ്റ്റന്‍ഷനാണ്. പത്രാധിപരായ ചുല്യാറ്റ് ഇതിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്. വര്‍ഗീയതയെ തോല്പിക്കാന്‍, കഥയില്‍ പറയുംപോലെ, എഴുത്തുകാരനു തന്റെ എഴുത്തിലൂടെ സാധിക്കുമോ?

കഥയ്ക്ക് വര്‍ഗീയതയെ തോല്പിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വര്‍ഗീയതയ്ക്ക് കഥയെ തോല്പിക്കാന്‍ പറ്റുമോ എന്ന ചോദ്യമാണ്. ഇന്ത്യയില്‍നിന്നു ജാതിയെയും മതത്തെയും തുടച്ചുമാറ്റാതെ എങ്ങനെ വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ പറ്റും? പൗരത്വബില്ലൊക്കെ പ്രവര്‍ത്തികമാകുന്നതോടെ മതവിഭാഗീയത കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടേയിരിക്കും. കൊടുങ്കാറ്റിന് ഒരു മഹാവൃക്ഷത്തെ പിഴുതെടുക്കാന്‍ പറ്റും. പക്ഷേ, ഒരു പുല്‍ക്കൊടിയുടെ മുന്നില്‍ അത് പരാജയപ്പെടുകതന്നെ ചെയ്യും. ഈയൊരു പ്രകൃതിനിയമം കഥയുടെ കാര്യത്തിലും പ്രസക്തമാണ്. വിജയമോ പരാജയമോ അല്ല, ചെറുത്തുനില്ക്കാനുള്ള ആര്‍ജവവും ധീരതയുമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. 1926-ല്‍ മുസോളിനി പാര്‍ട്ടി നിരോധിച്ച് ഗ്രാംഷിയെ 20 വര്‍ഷം തടവിനു ശിക്ഷിച്ചപ്പോള്‍ ഫാസിസത്തിന്റെ കുഴലൂത്തുകാരനായ ജഡ്ജി പറഞ്ഞത് 25 വര്‍ഷത്തേക്ക് ഗ്രാംഷി എന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ തലച്ചോറിനെ പ്രവര്‍ത്തനരഹിതമാക്കണമെന്നാണ്. എന്നിട്ടെന്തുണ്ടായി?  ജയിലില്‍ക്കിടന്ന് ഗ്രാംഷി പ്രിസണ്‍ നോട്ട്ബുക്ക് എഴുതിയില്ലേ? അതുകൊണ്ട് ഇന്ത്യയില്‍ ഇന്നു വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എഴുത്തിനെ തത്കാലം തടവിലിടാമെന്നല്ലാതെ തോല്പിക്കാന്‍ സാധിക്കുകയില്ല. അയോധ്യയില്‍ ചെന്നപ്പോള്‍  എന്റെ കണ്ണുകൊണ്ടു കണ്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ 'കവണ'യില്‍ എഴുതിവെച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കേണ്ടിവരുമ്പോള്‍പ്പോലും ജനാധിപത്യവിശ്വാസികളായ ഓരോ ഇന്ത്യക്കാരനും അവന്റേതു മാത്രമായതും സ്വന്തം ആത്മാവില്‍നിന്നുരുവംകൊള്ളുന്നതുമായ മറ്റൊരു വിധിയുണ്ട്. ആ വിധിപ്രഖ്യാപനമാണ് കഥയില്‍ ചിത്രാ രാമകൃഷ്ണന്‍ നടത്തുന്നത്.

ഇവയിലൊന്നും പെടാത്ത ഒരു സ്വകാര്യം ചോദിച്ച് അവസാനിപ്പിക്കട്ടെ, ഓരോ പുതിയ പുസ്തകം വരുമ്പോഴും തോന്നുന്ന വികാരമെന്താണ്?

അടുത്ത പുസ്തകം ഇതിലും മെച്ചപ്പെടുത്തേണ്ടിവരുമല്ലോ എന്ന മാനസികസമ്മര്‍ദം.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Malayalam writer Santhosh Echikkanam interview VH Nishad

PRINT
EMAIL
COMMENT
Next Story

മരണത്തെ സ്വീകരിക്കാന്‍ പരിശ്രമിക്കുകയാണ് ഞാന്‍

ഇന്ത്യകണ്ട മൂര്‍ച്ചേറിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അരുണ്‍ .. 

Read More
 

Related Articles

വി എച്ച് നിഷാദ് എഴുതിയ കുറുങ്കഥ- ആ വായനക്കാരി
Books |
Books |
'ഒരക്ഷരം മിണ്ടില്ലാന്ന്... തിരുവനന്തപുരം മുതല്‍ കല്‍പ്പറ്റ വരെ വായനതന്നെ വായന'
Books |
ഏകാന്തതയെക്കുറിച്ച് ഒരു കുറിപ്പ് കൂടി...
Books |
അരി കടഞ്ഞതിനൊപ്പം മാധവിയേട്ടി തന്നതാണ് എനിക്ക് കഥകള്‍- സന്തോഷ് ഏച്ചിക്കാനം
 
  • Tags :
    • Santhosh Echikkanam
    • VH Nishad
More from this section
arun shourie
മരണത്തെ സ്വീകരിക്കാന്‍ പരിശ്രമിക്കുകയാണ് ഞാന്‍
ചന്ദ്രശേഖര കമ്പാര്‍
എന്റെ നിലപാടുകള്‍ എന്നും പ്രശ്നാധിഷ്ഠിതമായിരുന്നു-ചന്ദ്രശേഖര കമ്പാര്‍
Kuttiadi Venu
'കഥകളിനടന് മെയ് വഴങ്ങണം, ജാലവിദ്യക്കാരന് കൈ വഴങ്ങണം'
kambar
എന്റെ ഗ്രാമത്തിലേക്ക് വരൂ, കവിതയില്‍ സംസാരിക്കുന്നത് കേള്‍പ്പിച്ചുതരാം
Barbara Demick
''ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം ടിബറ്റ് കലാപഭൂമിയാവും''
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.