പാതയുടെ അവസാനം കണ്ടെത്താനാണ് അയാള്‍ യാത്രയാരംഭിച്ചത്.
പകുതി ദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക് സംശയം.
പാതയുടെ ആരംഭമെവിടെയായിരുന്നു.
അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി
-പി.കെ പാറക്കടവ്
കണ്ണിന്റെ കാഴ്ചകളില്‍ നിന്നും പ്രകാശവര്‍ഷങ്ങളോളം പോന്ന ദൂരത്തേക്കാണ് പി.കെ പാറക്കടവിന്റെ കുഞ്ഞുകഥകള്‍ ഊളിയിട്ട് വരുന്നതെന്ന് എഴുതിയത് പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്. കമ്പ്യൂട്ടറിന്റെ ഫ്ളോപ്പി ഡിസ്കില്‍ വന്‍ വ്യവസായശാലയുടെ ദശാബ്ദങ്ങളായുള്ള കണക്കുകള്‍ മുഴുവന്‍ ഫീഡുചെയ്ത് വെച്ചപോലെ എന്നായിരുന്നു പുനത്തില്‍ ആ കഥകളെ വിശേഷിപ്പിച്ചത്. ജീവിതത്തെയും പ്രണയത്തെയും പ്രകൃതിയയെയുമെല്ലാം പിഴിഞ്ഞെടുത്ത് ഏതാനും വരികളില്‍ കുഞ്ഞുകഥകളെഴുതുന്ന പാറക്കടവ് മലയാളത്തിലെ പകരക്കാരനില്ലാത്ത എഴുത്തുകാരനാണ്. മിനിക്കഥകള്‍ എന്നല്ല മിന്നല്‍കഥകള്‍ എന്നാണ് പാറക്കടവ് ഇവയെ വിളിക്കുന്നത്. ആ കുഞ്ഞുകഥകളിലൂടെ അദ്ദേഹം വായനയുടെ, അനുഭവങ്ങളുടെ വന്‍കരകള്‍ തീര്‍ക്കുന്നു. ഈ ലോക്ക്ഡൗണ്‍ കാലം ഓരോ ദിവസവും ഓരോ കഥകളെഴുതിയാണ് പാറക്കടവ് അതിജീവിച്ചത്. എഴുത്തിനെ കുറിച്ചും ജീവിതത്തെക്കുറിച്ചും പാറക്കടവ് മാതൃഭൂമിയോട് സംസാരിക്കുന്നു.
പാറക്കടവില്‍ പാറയും കടവുമില്ലെന്നാണ് പുനത്തില്‍ പറഞ്ഞത്. അഹമ്മദ് എന്ന പേരിന് പകരം പി.കെ പാറക്കടവ് എന്ന പേരില്‍ എഴുതാനുണ്ടായ കാരണമെന്താണ്?
കുഞ്ഞിക്ക എന്റെ നാട്ടുകാരനാണ്. ഞങ്ങളൊക്കെ വടകര താലൂക്കുകാര്‍. കുഞ്ഞിക്കയുമായി വളരെ മുമ്പേ ബന്ധമുണ്ട്. ഞാന്‍ അന്തര്‍മുഖനായ ഒരു കുട്ടിയായിരുന്നു. പൊന്നങ്കോട്ടെ തറവാട്ടിലെ വിശാലമായ തൊടിയിലെ മരങ്ങളോടും ചെടികളോടും മഴയോടുമൊക്കെ സംസാരിക്കുന്ന ഒരു കുട്ടി. ആദ്യം സ്വന്തം പേര് ഒളിപ്പിച്ചു വെക്കാനുള്ള ഒരു ത്വര. അങ്ങനെ പി.കെ.പാറക്കടവ് എന്ന പേരായി. ഒരു നാട്ടിന്റെ വേരുള്ള പേര്.
ഗദ്യത്തിലെ കുഞ്ഞെഴുത്ത്. പക്ഷെ ഓരോ വരികളിലും മനുഷ്യത്വത്തിന്റെയും തത്വചിന്തയുടെയും ഓരോ യുഗങ്ങള്‍. എന്താണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്?
ആദ്യകഥ തന്നെ ഒരു 12 വരികഥയായിരുന്നു. 'വിസ'. ഞാനന്ന് വിദ്യാര്‍ത്ഥിയായിരുന്നു. ഗള്‍ഫും ആ നാടിനോടുള്ള നമ്മുടെ അടങ്ങാത്ത മുഹബ്ബത്തും കേന്ദ്രീകരിച്ചായിരുന്നു കഥ. മയ്യത്തിനു ചുറ്റും സാധാരണ നടക്കാറുള്ള ബഹളങ്ങള്‍ക്കിടയില്‍ ആ വീട്ടിലേക്ക് പോസ്റ്റ്മാന് കടന്നുവരുന്നു. ഉടനെ തന്നെ മയ്യിത്ത് എഴുന്നേറ്റ് എന്റെ വിസ വന്നോ എന്നു ചോദിക്കുന്നു. ഇതായിരുന്നു കഥ. ഈ കഥ എന്റെ നാട്ടില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.
അന്ന് തന്നെ എന്റെ അബോധ മനസ്സില്‍ ആരോ കുറിച്ചിട്ടു. ചെറിയ കഥയാണ് വലിയ കഥ എന്ന്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുതില്‍ ചെറുതായ കഥകള്‍ എഴുതിയത് ഞാനാണ്. മിന്നല്‍ക്കഥകള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം വന്നത് എന്റെ കഥകളാണ്. കവിതയുടെയും കഥയുടെയും ഇടയ്ക്ക് നില്ക്കുന്ന ഈ സാഹിത്യരൂപം നമ്മുടെ ഉള്ളിലേക്കാണ് നോക്കുന്നത്. മിന്നല്‍ക്കഥ ഒരു ബോണ്‍സായി ചെടിയല്ല.
ഒറ്റ ശ്വാസത്തില്‍ തീരുന്നതാണ് എല്ലാ വലിയ ജീവിതവും. അതുപോലെ ഒറ്റവരിയില്‍ തീരുന്നതാണ് എല്ലാ വലിയ കഥയും. ചെറിയ കഥയാണ് വലിയ കഥ.
അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസിന് ഫ്ളാഷ് ഫിക്ഷന്‍ മാന്‍ ബുക്കര്‍ പുരസ്കാരം തന്നെ ലഭിച്ചിട്ടുണ്ട്. വിദേശ ഭാഷകളില്‍ ഏറെ ജനപ്രിയമായ സാഹിത്യരൂപമാണ് ഫ്ളാഷ് ഫിക്ഷന്‍. നാല് പതിറ്റാണ്ടായി ഈ ശൈലിയില്‍ കഥയെഴുതുന്ന പി.കെ മലയാളിയുടെ വായനകളില്‍ സംതൃപ്തനാണോ?
മലയാളിയെ സംബന്ധിച്ചേടത്തോളം വലിയ വീട്, വലിയ കാറ്, വലിയ പുസ്തകം എന്നിങ്ങനെ ചിന്തിക്കുന്നവരാണ്. ചെറുതിന്റെ ചേതോഹാരിത അറിഞ്ഞവരുമുണ്ട്.
എന്റെ മിന്നല്ക്കഥകള്ക്ക് വായനക്കാരുണ്ട്. പണ്ട് ഞാന്‍ മാതൃഭൂമി വാരാന്ത പതിപ്പില്‍ 'സദ്യ' എന്ന കൊച്ചു കഥ എഴുതിയപ്പോള്‍ 'എന്തിന് മഹാഭാരതം? ഇതാണ് കഥ' എന്ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ് കത്തയച്ചു. നിന്റെ കഥകള്‍ മിനിക്കഥകളല്ല പ്രതികഥകളാണെന്ന് മുമ്പേ മേതില്‍ പറയുമായിരുന്നു. ഇക്കഴിഞ്ഞ മാതൃഭൂമി ലിറ്റററി ഫെസ്റ്റിവലില്‍ എന്റെ കഥകളെക്കുറിച്ച് വാചാലമായി ശ്രീകുമാരന്‍ തമ്പി പറയുന്നുണ്ട് (ഞാന്‍ ആ പരിപാടിയില്‍ ഉണ്ടായിരുന്നില്ല.) ഇന്ന് വരുന്ന കവിതകളക്കാള് മികച്ചതാണ് പാറക്കടവിന്റെ കഥകളെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
എന്റെ മിന്നല്‍കഥകള്‍ അറബിയിലേക്കും ഇംഗ്ലീഷിലേക്കും നിരന്തരമായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. കഥകള്‍ വായിച്ചു നിത്യചൈതന്യയതി മുതല്‍ സാധാരണ വായനക്കാര്‍ വരെ അയച്ച കത്തുകളുടെ വലിയ ഫയലുകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എന്റെ മിന്നല്‍ക്കഥകള്‍ സ്കൂളുകളിലും കോളേജുകളിലും പഠിക്കാനുണ്ട്. ഗവേഷണം നടത്തുന്നവരുണ്ട്. പുതിയ തലമുറ ഏറ്റവും കൂടുതല്‍ വായിക്കുന്നത് മിന്നല്ക്കഥകളാണ്.
എന്റെ കഥകള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ തൂങ്ങിക്കിടക്കുമ്പോള്‍, പ്രൊഫൈലുകളായി വരുമ്പോള്‍, കാമ്പസുകളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ സംതൃപ്തന്‍ തന്നെയാണ്.
അസമയത്ത് എന്നെത്തേടി
നീയെത്തുമ്പോള്‍
ഒരു കിണ്ണം നിറയെ
നിലാവും ഒരു പിഞ്ഞാണം നിറയെ
മഴവില്ലിന്റെ കഷ്ണങ്ങളും
ഞാന്‍ നിനക്കായി കരുതി വയ്ക്കും
അടുപ്പത്ത് ബാക്കിയായ
ചോറുമാത്രം നീ ചോദിക്കരുത്.
അക്ഷരം ചോരപോലെ ആണെന്നും കുറുകുന്തോറും അതിന് ശക്തികൂടുമെന്നും മലയാളത്തെയും മലയാളികളെയും പഠിപ്പിച്ചത് കുഞ്ഞുണ്ണിമാഷാണ്. പിന്നീട് പി.കെയും അത് തെളിയിച്ചു. പുതിയ തലമുറയിലെ മലയാളി എഴുത്തുകാരില്‍ അതിന് തുടര്ച്ചക്കാരില്ലാതെപോയെന്ന് തോന്നുന്നുണ്ടോ?
വലിയവരും ചെറിയ വരും അടക്കം ഇന്ന് മിന്നല്‍ക്കഥകള്‍ എഴുതുന്നുണ്ട്. പക്ഷേ ഈ സാഹിത്യ രൂപത്തില്‍ അടയിരിക്കുന്നവരും ധ്യാനിക്കുന്നവരും ഇതിനെക്കുറിച്ച് പഠിക്കുന്നവരും കൈവിരലില്‍ എണ്ണാവുന്നവര്‍ പോലും ഉണ്ടാകില്ല. പക്ഷേ പുതിയ തലമുറയിലെ അപൂര്‍വം ചിലര്‍ മികച്ച രചനകള്‍ നടത്തുന്നുമുണ്ട്.
നമ്മുടെ വലിയ എഴുത്തുകാര്‍ക്ക് ഇത് രചനകള്ക്കിടയിലുള്ള നേരമ്പോക്കാവാം. പക്ഷേ, വളരെക്കാലം മുമ്പ് കൊരുന്നേടത്ത് കോമുട്ടി എന്ന കഥ എഴുതിയ ടി.ആര്. ഒരു മിന്നല്‍ക്കഥ എഴുതിയിട്ടുണ്ട്.
'ഞാന്‍ നിനക്ക് നല്‍കിയത് പുരുഷത്വം.
നീ എനിക്ക് നല്‍കിയത് സ്ത്രീത്വം.
നാം നമ്മുടെ കുട്ടികള്‍ക്ക് നല്കിയതോ
നപുംസകത്വം'' എന്നിങ്ങനെ.
പച്ചമനുഷ്യരല്ല, സാമാന്യ പ്രതീകങ്ങളാണ് പി.കെയുടെ കഥാപാത്രങ്ങള്‍. പലപ്പോഴും അവര്‍ക്ക് പേരുകള്‍ പോലുമില്ല. ഒറ്റവരികളില്‍ ചിലപ്പോള്‍ ഒരു വാക്കില്‍ അവരുടെ ജീവിതം വായിച്ചോളണം. എന്നിട്ടും എങ്ങനെയാണ് ഈ പൂര്‍ണത അവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നത്.
പണ്ടു ഞാന്‍ പറയാറുണ്ടായിരുന്നു. അവനും അവളും മാത്രമാണ് എന്റെ കഥാപാത്രങ്ങള്‍. അവനും അവളും രണ്ടു പേര് ചേര്‍ന്നാല്‍ ഈ ലോകമായി എന്ന്. ഇന്നത് തിരുത്തി പറയണം. ട്രാന്‍സ് ജന്‍ഡര്‍ കൂടിയുണ്ട്. മരവും കിളിയും ഉറുമ്പും പൂമ്പാറ്റയുമൊക്കെ എന്റെ മിന്നല്‍ക്കഥകളില്‍ നിറയെയുണ്ട്.
പ്രണയകഥകളും അധിനിവേശവിരുദ്ധ കഥകളും പരിസ്ഥിതിക്കഥകളുമൊക്കെയായി ഈ കഥകളെ വേണമെങ്കില്‍ വേര്‍തിരിക്കാം. മനുഷ്യരെപ്പോലെ ദൈവവും പല കഥകളിലും കടന്നുവരുന്നുണ്ട്. വാക്കുകള്‍ ചുരുക്കുമ്പോഴാണ് പലപ്പോഴും പൂര്‍ണതയുണ്ടാകുന്നത്. വേണ്ടാത്ത വാക്കുകള്‍ ചേറിക്കളയുന്നു. നമ്മള് സീത എന്നെഴുതുമ്പോള്‍ അതൊരു സഹനത്തിന്റെ പേരു കൂടിയാകുന്നു. ചിലപ്പോള്‍ കഥയിലെ ഒരു വാക്കിലൂടെ ചരിത്രം കടന്നുവരും.
നിശ്ശബ്ദതയാണ് ദൈവത്തിന്റെ ഭാഷ എന്നു തോന്നാറുണ്ട്. മൗനം കൊണ്ട് നമുക്ക് സംസാരത്തേക്കാള്‍ ഏറെ പറയാനാകും. എന്റെ ഒരു സമാഹാരത്തിന്റെ പേര് മൗനത്തിന്റെ നിലവിളിയെന്നാണ്.
'മനസ്സിനുള്ളില്‍ കടലിരമ്പുന്നു.
വ്യഥയുടെ ഈ കൊടുംവേനലില്‍
ഒരു വാക്ക് പോലും വിരിയുന്നീല.
ആറ്റിപ്പെറുക്കിക്കൂട്ടിയ അക്ഷരങ്ങള്‍
അകം നൊന്ത വേവില്‍ ആവിയായി മാറി
മുകളിലെവിടെയോ കുമിഞ്ഞുകൂടുന്നുണ്ടാകാം.
ഒടുവില്‍ ഞാന്‍ തന്നെ ഒരു കഥയായി മാറി
മൗനത്തിന്റെ വത്മീകത്തിനുള്ളില് തപസ്സിരിക്കുന്നു.
മൗനത്തിന്റെ നിലവിളി ഇപ്പോള്‍ കേള്‍ക്കുന്നുവോ?'.
അടുക്കളയില്‍ ചെന്നപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ പറഞ്ഞു:
അമ്മായി അമ്മ അടുത്ത വീട്ടിലോ അങ്ങാടിയിലോ ഒന്നു പോയിവരിക.
അപ്പോഴേക്കും എനിക്കൊന്നു പൊട്ടിത്തെറിക്കണം.
എനിക്കു വയ്യ.
എന്നെ നോക്കാന്‍ മരുമകളെ ഇങ്ങോട്ടയയ്ക്കുക!
എത്ര ജീവിതങ്ങളാണ് ഈ രണ്ടുവരി കഥയിലുള്ളത്. ആദ്യവായനയില്‍ നര്മ്മമുണ്ടെങ്കിലും വായിച്ചുകഴിയുമ്പോള്‍ കരയിപ്പിക്കുന്നവ. കഥാകാരനും കരയാരുണ്ടോ എഴുതുമ്പോള്‍?
കരയുന്നത് ആരും കാണാതിരിക്കാനാണ് കലാകാരന് മഴയത്തു നടക്കുന്നത്. പല നര്മ്മത്തിന്റെയുള്ളിലും കരച്ചിലിന്റെ വിത്തുകളുണ്ട്. ചില ചെറു ചിരികളില്‍ പോലും കണ്ണീരിന്റെ മുത്തുകള്‍ നമുക്ക് കാണാം.' മോണാലിസയുടെ കരയും പുഞ്ചിരി മാത്രം തേടി 'എന്ന സച്ചിദാനന്ദന്റെ വരി ഓര്‍മ്മയില്‍.
ഈ കെട്ട കാലത്ത്, അധികാരം പൗരാവകാശങ്ങളെ ഇല്ലാതാക്കുമ്പോള്‍, അധികാരത്തിനെതിരെ വിരല്‍ ചൂണ്ടിയതിന് ഗര്ഭിണിയെപ്പോഴും ഏകാന്ത തടവിലിടുമ്പോള്‍, ഹ്യൂമനിസം ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ഉള്ളില്‍ വരുന്ന രോഷത്തിന്റെ കരച്ചില് ഏത് കലാകാരനാണില്ലാതിരിക്കുക? വര്‍ത്തമാനകാലത്ത് ജീവിക്കുന്ന ഒരെഴുത്തുകാരന് സ്വാസ്ഥ്യത്തിന്റെ ഇരിപ്പിടത്തില്‍ വിശ്രമിക്കാനാവില്ല.
മിന്നല്കഥകള്ക്കിടയിലും മീസാന്‍ കല്ലുകളുടെ കാവലും, ഇടിമിന്നലുകളുടെ പ്രണയവും പോലുളള നോവലുകള്‍ സംഭവിച്ചതെങ്ങനെയാണ്.
എന്റെ കഥകള്‍ വ്യത്യസ്തമാണ്. ആ രണ്ട് ചെറിയ നോവലുകളും. രണ്ടിലെയും ഓരോ അദ്ധ്യായവും ഓരോ കഥയായും വായിക്കാം. മീസാന്‍ കല്ലുകളുടെ കാവലില്‍ ഞാനും എന്റെ കോളേജ് കാലവും പാറക്കടവും എന്റെ തറവാടും ഒക്കെയുണ്ട്. ഇടിമിന്നലുകളുടെ പ്രണയം ഫലസ്തീന്റെ പ്രണയവും പോരാട്ടവും പ്രമേയമാക്കി എഴുതിയ ചെറിയ നോവലാണ്. ഒരു രാഷ്ടീയ നോവല്‍ എങ്ങനെയാണ് എഴുതേണ്ടത് എന്നതിന്റെ ഉദാഹരണമാണീ കൃതിയെന്ന് സച്ചിദാനന്ദന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍ അറബി അല്‍ ജദീദിലടക്കം ഇതിനെ ക്കുറിച്ച് വന്നിട്ടുണ്ട്. രണ്ട് നോവലുകളും വായനക്കാര്‍ ഹൃദയപൂര്‍വം സ്വീകരിച്ചിട്ടുണ്ട്.
"അനുയായികളാല്‍ ചുറ്റപ്പെട്ട രാഷ്ട്രീയ നേതാവ് വൃക്ഷത്തൈ നടാന്‍ നില്ക്കുന്നതും മണ്ണ് കൈകൊണ്ട് തൊടാതിരിക്കാന്‍ പാടുപെടുന്നതും കഥാകൃത്ത് വരച്ചുകാട്ടുന്നു. ഈ സമയത്താണ് മജീഷ്യന്‍ മുതുകാട് പ്രത്യക്ഷപ്പെട്ട് നേതാവിന്റെ കീശയില്‍ നിന്ന് ഭൂമി എടുത്ത് യഥാസ്ഥാനത്ത് വയ്ക്കുന്നത്. അതുകൊണ്ട് ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ഭംഗിയായി നടത്താനായി.."
പരിസ്ഥിതി പ്രശ്നങ്ങള്‍ കഥകളില്‍ നിറയെ കാണാം. കുറച്ചൂടെ മനുഷ്യപക്ഷത്ത് നില്ക്കുന്ന പരിസ്ഥിതി സ്നേഹമാണ് അതെന്ന് തോന്നിയിട്ടുണ്ട്.
ഭൂമിയുടെ അവകാശി മനുഷ്യന് മാത്രമല്ലെന്ന തിരിച്ചറിവ് ഇന്ന് എല്ലാവര്‍ക്കുമുണ്ട്. പുഴയെ കൊല്ലരുതെന്നും കുന്ന് ഇടിച്ചു നിരത്തരുതെന്നും പ്രകൃതിയോടൊത്ത് ജീവിക്കണമെന്നും പറയുന്നത് മനുഷ്യന് വേണ്ടിത്തന്നെയാണ്. ആവശ്യമല്ല ആര്‍ത്തിയാണ് പ്രശ്നം. പ്രകൃതിയുടെ സന്തുലിതത്വം നിലനിര്‍ത്തിയാലേ മനുഷ്യര്‍ക്കും നിലനില്പുള്ളൂ.
കുറച്ച് മുമ്പ് ഞാന്‍ കേരളീയം എന്ന കഥയെഴുതിയിരുന്നു. മുമ്പ് ആറാം ക്ലാസിലെ കുട്ടികള്‍ക്ക് അത് പഠിക്കാനുണ്ടായിരുന്നു. മലയാളി പെണ്ണുങ്ങളുടെ തലയില്‍ ചൂടാനുള്ള മുല്ലപ്പൂ പോലും തമിഴ്നാട്ടില്‍ നിന്ന് എത്താന്‍ കാത്തിരിക്കുന്ന അവസ്ഥ. ഇന്ന് നമുക്ക് വേണ്ടത് നാം തന്നെ വീട്ടുമുറ്റത്ത് കൃഷി ചെയ്തുണ്ടാക്കണം എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ലോകം പൂട്ടിയ താക്കോലുമായി ഒരു വിഷാണു നടന്നു നീങ്ങിയപ്പോഴാണ് നമ്മള് ചില പാഠങ്ങള്‍ പഠിച്ചത്. നാം വിവാദങ്ങള്‍ മാത്രം ഉല്പാദിപ്പിച്ചാല് മതി എന്നായിരുന്നു നമ്മുടെ ധാരണ
കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെയും സര്‍ക്കാരിന്റെയും മൗനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ആളാണ് താങ്കള്‍. സമകാലിക സാഹചര്യങ്ങള്‍ ഭയപ്പെടുത്താറില്ലേ
അന്ന് ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനം രാജിവെച്ചു. അതിനേക്കാള്‍ ഭീകരമായ അവസ്ഥയാണിന്ന്. കേന്ദ്ര സര്‍ക്കാരിന്റെ ചെയ്തികളെ ജനാധിപത്യ പരമായി വിമര്‍ശിക്കുന്നത് പോലും രാജ്യദ്രോഹക്കുറ്റമാകുന്ന കാലമാണിത്. ഗുജറാത്തിലും യു.പി.യിലും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ കാരണമൊന്നും വേണ്ട. രാമചന്ദ്രഗുഹയെപ്പോലെ അപൂര്‍വ്വം പേരൊഴിച്ച് ഇതിനെക്കുറിച്ചൊന്നും ആരും എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ തമസ്ക്കരിക്കുന്നു.
ഗാന്ധിജിയെ തിരസ്ക്കരിച്ച് ഗോഡ്സെയുടെ പ്രത്യയശാസ്ത്രം ആധിപത്യം നേടുമ്പോള്‍ നമ്മുടെ ' ഗാന്ധിയന്മാര്' പോലും മിണ്ടുന്നില്ല. കോവിഡ് കാലത്ത് പോലും നീതികരിക്കാനാവാത്ത അറസ്റ്റുകള്‍ നടക്കുന്നു. ഒരെഴുത്തുകാരന് ഇതിനെതിരെ കണ്ണടക്കാനാവില്ല.
ഒ.വി വിജയനുമായും, വൈക്കം മുഹമ്മദ് ബഷീറുമായൊക്കെ അടുത്ത ബന്ധമുണ്ടായിരുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്.
ബഷീറിനെ പലവട്ടം പോയി കണ്ടിട്ടുണ്ട്. മലയാള നാട്ടില്‍ എന്‍.പി.മുഹമ്മദിന്റെ കഥകളെക്കുറിച്ച് ഞാന്‍ എഴുതിയപ്പോള്‍ (മലയാള നാട്ടിന്റെ കവര്‍ സ്റ്റോറിയായിട്ടാണ് അത് വന്നത്) നീ വി.കെ.എന്നിനെക്കുറിച്ചും എഴുതണമെന്ന് പറഞ്ഞിട്ടുണ്ട് ബഷീര്‍. ബഷീറുമായി ബന്ധപ്പെട്ട് ഓര്‍ക്കാന്‍ വേറെയും സംഭവങ്ങളുണ്ട്.
വിജയനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. വിജയന് ജീവിച്ചിരുന്ന കാലത്ത് തന്നെ വിജയന് എന്ന പ്രവാചകന് എന്ന പുസ്തകം എഡിറ്റ് ചെയ്തു മള്‍ബറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജയന് സെക്കന്തരാബാദില്‍ താമസിച്ചപ്പോഴും പാലക്കാട്ട് വന്നപ്പോഴുമൊക്കെ ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ട്. തലമുറകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ അതിലെ ചില അദ്ധ്യായങ്ങള്‍ വായിച്ചിട്ടുണ്ട്, സെക്കന്തരാബാദില്‍ വെച്ച്. അദ്ദേഹം അയച്ച ഒരു പാട് കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കെ.എ കൊടുങ്ങല്ലൂരിന്റെ മകളാണ് താങ്കളുടെ ജീവിത സഖി. എഴുത്തില്‍ സൈബുന്നിസയുടെ സ്വാധീനം എത്രത്തോളമുണ്ടാവാറുണ്ട്?
സാധാരണ ഞാന്‍ എന്റെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ ആരെയും കാണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാറില്ല. പക്ഷേ എന്റെ രചനകള്‍ പ്രസിദ്ധീകരിക്കന്നതിന് മുമ്പ് സെബുന്നിസ വായിക്കാറുണ്ട്. രചനകളുടെ ആദ്യ വായനക്കാരി. നല്ലൊരു വായനക്കാരിയായ അവളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്റെ ഇടിമിന്നലുകളുടെ പ്രണയം അവള്‍ക്കാണ് സമര്‍പ്പിച്ചത്. മടിയുടെ മടയില്‍ ഒളിച്ചിരിക്കാനിഷ്ടപ്പെടുന്ന എന്നെ അവള് എഴുതാന്‍ പ്രേരിപ്പിക്കാറുണ്ട്.
പി.കെ പാറക്കടവിന്റെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Malayalam writer PK Parakkadavu Interview