ത്തവണത്തെ ക്രോസ്‌വേഡ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് എന്‍ പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ഡയറി ഓഫ് എ മലയാളി മാഡ്മാന്‍ എന്ന കൃതിയ്ക്കാണ്. സാഹിത്യം, സംസ്‌കാരം, വായന, ധൈഷണികസംവാദം തുടങ്ങിയവയെ കുറിച്ച് മാതൃഭൂമിഡോട്ട്‌കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്.

എന്‍. പ്രഭാകരന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മായാമനുഷ്യര്‍ ഓടക്കുഴല്‍ അവാര്‍ഡുനേടിയിട്ട് വിരലിലെണ്ണാവുന്ന ദിവസമേ ആയിട്ടുള്ളൂ. ഇന്ത്യന്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഉന്നതപുരസ്‌കാരങ്ങളിലൊന്നായ ക്രോസ്‌വേഡ് ബുക്‌സ് അവാര്‍ഡ് താങ്കളുടെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പ് എന്ന നോവലിന് ലഭിച്ചിരിക്കുന്നു.

വളരെ സന്തോഷമുണ്ട്. സാഹിത്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു അവാര്‍ഡായി എല്ലാവരും കരുതുന്ന പുരസ്‌കാരമാണ് ക്രോസ്‌വേഡ് അവാര്‍ഡ്. തികച്ചും അപ്രതീക്ഷിതമായാണ് ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ എഴുതാനിടയായത്. അമേരിക്കയില്‍ താമസമാക്കിയ ജയശ്രീ കളത്തില്‍ ആണ് അത് വിവര്‍ത്തനം ചെയ്തത്. അവര്‍ ലണ്ടനിലാണ് ഇപ്പോളുള്ളത്. മലപ്പുറത്തുകാരിയാണ്. 

bookഅവരുടെ അച്ഛന്റെ മരണം കാരണം നാട്ടില്‍ കുറച്ചുനാള്‍ തങ്ങി. അച്ഛന്റെ വിയോഗം തന്ന ദു:ഖത്തില്‍ നിന്നും കരകയറാനായി വായനയിലേക്ക് ശ്രദ്ധതിരിച്ചതാണ് ഈ നോവല്‍ വിവര്‍ത്തനമായി പരിണമിച്ചത്. മനോരോഗചികിത്സതേടുന്നവരുടെ ഇടയില്‍ സന്നദ്ധസാമൂഹികപ്രവര്‍ത്തനം നടത്തുന്ന ആളാണ് ജയശ്രീ കളത്തില്‍. അതുകൊണ്ടാണ് ഈ നോവല്‍ വിവര്‍ത്തനം ചെയ്യാന്‍ അവര്‍ ആവേശം കാണിച്ചത്. എന്റെ കൃതികളില്‍ മനഃശാസ്ത്രസംബന്ധിയായ മറ്റു പുസ്തകങ്ങള്‍ കൂടി അന്വേഷിച്ചു. കാട്ടാട്, പിഗ്മാന്‍, അദൃശ്യവനങ്ങള്‍, ഇളനീര്‍ തുടങ്ങിയ കൃതികള്‍ കൂടി അവര്‍ കണ്ടെത്തി, ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ക്കൊപ്പം തന്നെ വിവര്‍ത്തനം ചെയ്തു. അവരുടെ ഉത്സാഹംകൊണ്ട് വിവര്‍ത്തനം ചെയ്തകൃതികള്‍ ഡയറി ഓഫ് എ മലയാളി മാഡ് മാന്‍ എന്ന പേരില്‍ ഹാപ്പര്‍കോളിന്‍സ് ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവല്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചപ്പോള്‍ ഭാഗ്യനാഥാണ് ചിത്രം വരച്ചത്. ആ ചിത്രങ്ങള്‍ മാതൃഭൂമി ബുക്‌സും ഹാപ്പര്‍കോളിന്‍സും അതേപടി പുസ്തകത്തിലും അച്ചടിച്ചു. 

മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ 1971ലെ ഒന്നാംസമ്മാനം നേടിയ കഥയാണ് ഒറ്റയാന്റെ പാപ്പാന്‍. കഥകള്‍, കവിതകള്‍, നിരൂപണങ്ങള്‍, നോവലുകള്‍, നാടകങ്ങള്‍, തിരക്കഥകള്‍, കോളമെഴുത്തുകള്‍... എന്‍. പ്രഭാകരന്റെ സാഹിത്യമണ്ഡലം വളരെ വലുതാണ്.

എന്‍. പ്രഭാകരന്‍ എന്ന പേര് ഉപയോഗിച്ചുകൊണ്ട് ആദ്യമായി എഴുതിയ കഥയാണ് ഒറ്റയാന്റെ പാപ്പാന്‍. അതിനുമുമ്പും ഞാന്‍ മറ്റുപേരുകളിലൊക്കെ എഴുതിയിരുന്നു. മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ കോളേജുതലത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത് വലിയൊരു അംഗീകാരമായിരുന്നു. മാതൃഭൂമി പോലെയുള്ള ഒരു സ്ഥാപനം തന്ന പ്രചോദനം വളരെ ഉത്കണ്ഠ കൂടി ഉണ്ടാക്കി. അന്നൊക്കെ ആളുകള്‍ വലിയ പ്രാധാന്യം കല്പിച്ചിരുന്നു മാതൃഭൂമിയുടെ അംഗീകാരത്തിന്. ഞാന്‍ വളരെ ഉത്തരവാദിത്തപൂര്‍ണമായി എഴുതാന്‍ ബാധ്യസ്ഥനായി. ഇനിയങ്ങോട്ട് മികച്ച രചനകള്‍ എഴുതാന്‍ പറ്റുമോ എന്ന ആശങ്കയ്ക്കും ആ അവാര്‍ഡ് ഒരു കാരണമായി.

തുടര്‍ന്നുള്ള കുറച്ചുവര്‍ഷങ്ങള്‍ എന്റെ എഴുത്തിന് വേണ്ടത്ര ആത്മധൈര്യം കിട്ടാത്ത കാലമായിരുന്നു. അത്രയ്ക്കു വലുതായിരുന്നു ആ പുരസ്‌കാരഭാരം. അതിനുശേഷം എന്റെ ചിന്തകള്‍ ആവിഷ്‌കരിക്കാന്‍ പറ്റുന്ന സാഹിത്യരൂപം ഏതാണെന്ന് അപ്പപ്പോള്‍ ചിന്തിച്ച് തീരുമാനിക്കുകയാണ് ഞാന്‍ ചെയ്തുവന്നിട്ടുള്ളത്. ഒരു സാഹിത്യരൂപം മറ്റൊന്നില്‍നിന്ന് ശ്രേഷ്ഠമാണെന്ന് പറയാന്‍ ധാരാളം കാരണങ്ങളുണ്ട്. എന്നിരുന്നാലും എല്ലാ സാഹിത്യരൂപങ്ങളെയും ഞാന്‍ ഒരുപോലെ മാനിക്കുന്നു. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സാഹിത്യരൂപം നോവലാണ്. അതിന്റെ സഞ്ചാരസ്വാതന്ത്ര്യവും ജിവിതത്തിന്റെ എല്ലാ സങ്കീര്‍ണതകളേയും അതിന്റെ വിശദാംശങ്ങളോടുകൂടി വ്യാഖ്യാനിക്കാന്‍ നോവലിന് കഴിയുന്നു. ആ മാധ്യമത്തോട് എനിക്ക് ഒരു പ്രത്യേക മമതയുണ്ട്. കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി ആ രൂപത്തെ സമീപിക്കാനാണ് എന്റെ ആഗ്രഹം.

"ഗോപാലേട്ടന്‍ പറയുന്നത് അങ്ങനെതന്നെ സ്വീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഗോപു പാലക്കാടന്‍ പറഞ്ഞു, കാരൂരിനും ഉറൂബിനും ശേഷം എന്തൊക്കെ സംഭവിച്ചു മലയാളകഥാസാഹിത്യത്തില്‍. പുതിയ കഥാകൃത്തുക്കളില്‍ പലരും എഴുതുന്നത് എനിക്കും വായിക്കാന്‍ പറ്റാറില്ല. പക്ഷേ അത് എന്റെ കുഴപ്പം കൊണ്ടാണെന്നേ ഞാന്‍ വിചാരിക്കാറുള്ളൂ..." മായാമനുഷ്യര്‍ എന്ന നോവലില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ളസംഭാഷണമാണിത്. എന്‍. പ്രഭാകരന്‍ എന്ന എഴുത്തുകാരന്റെ, സാമൂഹ്യചിന്തകന്റെ, വിദ്യാഭ്യാസപ്രവര്‍ത്തകന്റെ നിലപാടുകള്‍ മേല്‍പ്പറഞ്ഞവയാണെന്ന് കരുതാമോ?

കഥാപാത്രത്തിന്റെ വാക്കുകളാണത്. കഥാപാത്രം പറയുന്നത് എല്ലാ സന്ദര്‍ഭങ്ങളിലും എഴുത്തുകാരന്റെ അഭിപ്രായങ്ങളാണ് എന്ന് കരുതുന്നതില്‍ അര്‍ഥമില്ല. പക്ഷേ, ഇവിടെ പറഞ്ഞിരിക്കുന്നതില്‍ വലിയൊരളവോളം എന്റെകൂടി അഭിപ്രായങ്ങളാണ്. ഒരു പ്രത്യേകരീതിയിലാണ് ഞാന്‍ എഴുത്തിനേയും വായനയേയുമൊക്കെ കാണുന്നത്. അതിന്റെ അതിരുകള്‍ മാറിക്കൊണ്ടിരിക്കും. പുതിയ പുതിയ എഴുത്തുരൂപങ്ങള്‍ വരും. ആവിഷ്‌കാരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ആളുകളുടെ താല്പര്യങ്ങളിലും വ്യത്യാസമുണ്ടാകും. ഇതൊക്കെ തുറന്നമനസ്സോടുകൂടി സമീപിക്കുന്ന വായനക്കാരനും വേണം എഴുത്തുകാരനും വേണം. ഏതെങ്കിലും തരത്തിലുള്ള അംഗീകാരങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ മാത്രം അത് തിരഞ്ഞുപിടിച്ചുവായിക്കുന്ന പ്രവണതയാണ് നമ്മുടെ വായനക്കാര്‍ക്കുള്ളത്.

n prabhakaran
പുസ്തകം വാങ്ങാം

ആ സൃഷ്ടിയുടെ മുന്നില്‍ നമ്മള്‍ വായനക്കാര്‍ വിനീതവിധേയരായി നില്‍ക്കും. അതുമാറി വായന കൂടുതല്‍ സംവാദപരമായിത്തീരണം. എന്നാലേ വായന യാഥാര്‍ഥ്യമാകുന്നുള്ളൂ. അങ്ങനെ വായിക്കുന്ന വായനക്കാര്‍ വളരെ കുറവാണ് മലയാളത്തില്‍. അനുകരണാത്മക വായനക്കാര്‍ എന്നൊക്കെ പറയാവുന്നവരാണ് ഭൂരിഭാഗവും. കഥപാത്രത്തെപ്പോലെ ജീവിക്കാനാഗ്രഹിക്കുന്നവര്‍, എഴുത്തുകാരനോടുള്ള വിധേയത്വം കൊണ്ട് വായിക്കുന്നവര്‍... അങ്ങനെയുള്ളവര്‍ക്ക് വായനയെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. വായന അര്‍ഥപൂര്‍ണമാകണമെങ്കില്‍ അത് സംവാദാത്മകമായിരിക്കണം. ഒരു കൃതി എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കണം. കൃതിയില്‍ നിന്ന് മാറിനിന്ന് കൃതിയെക്കുറിച്ച് പുനരാലോചിക്കാനുളള ശേഷി വായനക്കാര്‍ക്കുണ്ടാവണം. 

അപ്പോള്‍ പറഞ്ഞുവരുന്നത് വായനക്കാരുടെ സംവാദശേഷി ശുഷ്‌കിച്ചുവരുന്നുണ്ട് എന്നാണോ?

പെട്ടെന്ന് നഷ്ടപ്പെട്ടതൊന്നുമല്ല. വായനക്കാരുടെ സംവാദശേഷി കുറേക്കാലമായി അങ്ങനെതന്നെയാണ്. അതിന്റെ അളവില്‍ അല്പം കൂടി. നമ്മുടെ മൊത്തത്തിലുള്ള സമീപനത്തില്‍ നിരുത്തരവാദിത്തപരമായ ഒരു അന്തരീക്ഷം ഒന്നു രണ്ടുദശകങ്ങളായി നിലവിലുണ്ട്. വിദ്യാഭ്യാസ മേഖലയിലൊക്കെ സാഹിത്യം രണ്ടാം സ്ഥാനത്തേക്കു മാറി. കോളേജുതലങ്ങളില്‍ മാനവികവിഷയങ്ങളില്‍ സാഹിത്യത്തെ രണ്ടാംകിടയായിട്ടു കാണാന്‍ തുടങ്ങി. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനാണ് ഇവിടെ മുന്‍തൂക്കം. സാഹിത്യാസ്വാദനം വളരെ വിലപ്പെട്ടതാണെന്നും അത് മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുമായി ബന്ധപ്പെട്ടതാണെന്നും ആദ്യം ബോധ്യപ്പെടുത്തേണ്ടത് വിദ്യാര്‍ഥികളായ വായനക്കാരെയാണ്.

മതദൈവികവ്യവസ്ഥകളോട് ഒട്ടും താല്‍പര്യമില്ലാത്ത എഴുത്തുകാരന്റെ സൃഷ്ടിയാണ് മായാമനുഷ്യരിലെ ആചൂസ്വാമി അഥവാ ആത്മീയ ചൂതാട്ടസ്വാമി എന്ന കഥാപാത്രം.

കേരളീയ ജീവിതത്തിന്റെ വളരെ നൈതികമായ ഒരു പ്രശ്‌നം ഞാന്‍ ഒരു മലയാളി ഭ്രാന്തന്റെ ഡയറിപ്പുറിപ്പുകളില്‍ പറഞ്ഞുവച്ചപ്പോള്‍ മായാമനുഷ്യരില്‍ ആത്മീയത, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, സാഹിത്യം തുടങ്ങിയവയൊക്കെ മായാമനുഷ്യരില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കിയിട്ടണ്ട്. രണ്ടു നോവലുകളിലും ഈ ചര്‍ച്ചകള്‍ കാണാമെങ്കിലും കുറച്ചുകൂടി വിശദമായി ചര്‍ച്ചചെയ്തത് മായാമനുഷ്യരിലാണ്. ആത്മീയത ഏറ്റവും കൂടുതല്‍ വിപണനം നടക്കുന്ന ഒരു സംഗതി കൂടിയാണ്. ധാരാളം സ്വാമിമാരും ആള്‍ദൈവങ്ങളും നമുക്കുചുറ്റുമുണ്ട്. മറ്റുപലതിനേയും പോലെതന്നെ വിപണിയുടെ ആധിപത്യം ഏറ്റവും കൂടുതല്‍ കയ്യേറിയിരിക്കുന്ന മണ്ഡലം കൂടിയാണ് ആത്മീയത. മനുഷ്യന്റെ ആത്മീയാന്വേഷണങ്ങള്‍ക്ക് ഏറ്റവുമധികം വിലമതിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ആത്മീയതയെ ഒരിക്കലും ഞാന്‍ തള്ളിപ്പറയുകയില്ല. പ്രകൃതിയെന്താണ്, ജീവിതമെന്താണ്, ഇതിന്റെ അര്‍ഥമെന്താണ് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ മനുഷ്യനെ എല്ലാകാലത്തും അലട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. ആ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനെ കേന്ദ്രീകരിച്ചുള്ള എല്ലാ അന്വേഷണങ്ങളും വിലപ്പെട്ടതാണ്. വലിയ ഒരു വൈകാരികലോകമാണത്. അതിനെ പൂര്‍ണമായിട്ടും ആവിഷ്‌കരിക്കാന്‍ എനിക്കു പറ്റിയിട്ടില്ല. പൂര്‍ണമായും ആവിഷ്‌കരിക്കുക എന്നത് എന്റെ ആഗ്രഹമാണ്. 

ഇത്രയും വേഗത്തില്‍ ഇത്രയും അനായാസമായി എഴുതിത്തീര്‍ത്ത മറ്റൊന്നും ഓര്‍ക്കുന്നില്ല എന്നാണ് ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് എഴുത്തുകാരന്‍ പറഞ്ഞത്.

ആ പുസ്തകവുമായി ബന്ധപ്പെട്ട എല്ലാകാര്യവും വളരെ അവിചാരിതമായി സംഭവിച്ചതാണ്. ആ കഥയുണ്ടാവുന്നത് എന്റെ പൂര്‍വവിദ്യാര്‍ഥിയായിരുന്ന, പിന്നീട് ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രാജേഷ് എന്ന ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞ ഒരു കഥയില്‍ നിന്നാണ്. അദ്ദേഹം അസുഖം വന്ന് 
മരിച്ചുപോയി. രാജേഷ് ഏതുചെറിയ അനുഭവവും വളരെ നന്നായി അവതരിപ്പിക്കാന്‍  കഴിവുള്ളയാളായിരുന്നു. 

പോക്കറ്റടിക്കേസില്‍ ഒരു കുരങ്ങുകളിക്കാരനെ റിമാന്‍ഡുചെയ്തപ്പോള്‍ അയാളുടെ കുരങ്ങുംകൂടി കൂടെപോന്നു. തലശ്ശേരിയിലെ ജയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഒരു കഥയാണ്. ജയില്‍ ജീവനക്കാര്‍ കുരങ്ങനെ ജയില്‍വളപ്പില്‍ കെട്ടിയിട്ടു. അതിന് ഭക്ഷണം കൊടുത്തു. ഇടയ്ക്ക് അവര്‍ ഒന്നുരണ്ട് പെഗ്ഗടിച്ചപ്പോള്‍ ഇത്തിരി കുരങ്ങനും കൊടുത്തു. വളരെ ആവേശത്തില്‍ കുരങ്ങ് തുള്ളിച്ചാടി ആനന്ദിക്കാന്‍ തുടങ്ങി. കുരങ്ങിന്റെ വെള്ളമടി തുടര്‍ന്നു. രണ്ടുമാസത്തിനുശേഷം പോക്കറ്റടിക്കാരനെ വിട്ടയച്ചു. അയാള്‍ പോകാനൊരുങ്ങിയപ്പോള്‍ കുരങ്ങ് കൂടെപോകാന്‍ തയ്യാറായില്ല. ജയിലുകാര്‍ അവനെ നിര്‍ബന്ധിച്ചയച്ചു. ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഒരു ജയിലുദ്യോഗസ്ഥനെ കോടതിവളപ്പില്‍ വച്ച് എവിടെ നിന്നോ വന്ന കുരങ്ങ് വട്ടമിട്ട് ചാടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാന്‍ തുടങ്ങി. കുരങ്ങ് അവരെ മറന്നിട്ടില്ലായിരുന്നു. ഈ സംഭവത്തില്‍ നിന്നാണ് സത്യത്തില്‍ ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ എഴുതാനുള്ള പ്രചോദനം ലഭിക്കുന്നത്. അങ്ങനെ അവിചാരിതമായിട്ട് സംഭവിച്ചതാണ് ഈ നോവല്‍. അതിന്റെ വിവര്‍ത്തനവും അതുപോലെത്തന്നെ അവിചാരിതമായി സംഭവിച്ചു.

N Prabhakaran

നായകന്‍ തത്വചിന്താപരമായ ഒരു കൃതിയുടെ പണിപ്പുരയിലാണ്. അതിനാല്‍തന്നെ ഇവിടെ നടക്കുന്ന ബഹളങ്ങളൊന്നും അദ്ദേഹം അറിയാനിടയില്ല. അതെല്ലാം വൈകാതെ നിങ്ങളെ അറിയിക്കാം എന്നാണ് മലയാളി ഭ്രാന്തനെക്കുറിച്ച് എഴുത്തുകാരന്‍ പറഞ്ഞത്. തത്വചിന്താപരമായ പണിപ്പുരയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

ആ തത്വചിന്താപരമായ പണിപ്പുരയിലുള്ള നായകന്‍ ആഗിയുടെ ജീവിതം വേറെയൊരു നോവലായിട്ടുതന്നെ എഴുതേണ്ടതാണ്. ആഗിയുടെ ആത്മീയജീവിതം വേറെത്തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. ആ പ്രതീക്ഷയിലാണ് ഞാനങ്ങനെ പറഞ്ഞത്. അത് വേറൊരു നോവലായിട്ട് വരും, താമസിയാതെ തന്നെ.

കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ബാലസംഘം സെക്രട്ടറിയ്ക്ക്, ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐ നേതാവിന്, ഇടതുപക്ഷമനോഭാവമുള്ള എന്‍. പ്രഭാകരന് ആഗിയുടെ തത്വചിന്താപരമായ പണിപ്പുര എന്നത് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് തത്വചിന്തകളിലധിഷ്ഠിതമായിരിക്കില്ലേ?

പൂര്‍ണമായും മാര്‍ക്‌സിയന്‍ ചിന്താഗതിക്കനുസൃതമായ, മാര്‍ക്‌സിയന്‍ മതതത്വചിന്തകള്‍ക്കധിഷ്ഠിതമായ ഒരു നായകനെ ഞാന്‍ ഇന്നേവരെ സൃഷ്ടിച്ചിട്ടില്ല. മാര്‍ക്‌സിസത്തിനു വന്നുസംഭവിച്ച വ്യതിയാനങ്ങളും അപചയങ്ങളും ചര്‍ച്ച ചെയ്യുന്നവരാണ്, അതില്‍ വേദനയനുഭവിക്കുന്നവരാണ് എന്റെ കഥാപാത്രങ്ങള്‍.

അതുകൊണ്ടാണോ സെപ്തംബര്‍ ഒന്നാം തിയ്യതിയിലെ ഡയറിക്കുറിപ്പില്‍ ആഗി 'ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ അധികവും കുലാക്കുകളാണെന്ന് ഞാന്‍ പറഞ്ഞു' എന്ന് എഴുതിയത്.

കുലാക്ക്, ബോള്‍ഷെവിക്ക് എന്നിവയൊക്കെ റഷ്യന്‍ കമ്യൂണിസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രചരിച്ച വാക്കുകളാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പലസന്ദര്‍ഭങ്ങളിലും വിദേശകമ്യൂണിസ്റ്റ് രാജ്യങ്ങളിലെ അനുഭവങ്ങളും പ്രയോഗങ്ങളും വാക്കുകളും നേരിട്ട് പ്രയോഗിക്കാറുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതൊക്കെ എത്രത്തോളം പ്രസക്തമാണ്, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്‌സിസത്തിന് എന്തൊക്കെ നവീകരണങ്ങള്‍ ആവശ്യമുണ്ട് എന്നൊന്നും ആലോചിക്കാതെയാണ് ഇതൊക്കെ പ്രയോഗിക്കുന്നത്. കുലാക്കുകള്‍ എന്നാല്‍ ജന്മിമാര്‍ എന്നാണ് അര്‍ഥം. അതിനെ മൊത്തത്തില്‍ പരിഹസിക്കുന്നതാണ് ആഗിയുടെ ഈ പരാമര്‍ശം.

ഉത്തരകേരളത്തിലെ ഭാഷാസ്വാധീനം എന്‍. പ്രഭാകരന്റെ കൃതികളില്‍ പ്രകടമാണ്. ഭാഷാധ്യാപകനായ താങ്കള്‍ എന്തുകൊണ്ടാണ് ഈ ഭാഷാസ്വാധീനത്തെ അങ്ങനെ തന്നെ കൃതികളില്‍ നിലനിര്‍ത്തിയത്?

ഉത്തരകേരളത്തിലെ ഭാഷയും സംസ്‌കാരവും എന്റെ കൃതികളില്‍ വളരെ സ്വാഭാവികമായി കടന്നുവന്നിട്ടുണ്ട്. ആ സംസാരഭാഷ അതേപടി നിലനിര്‍ത്തണമെന്നും അത് എല്ലാകൃതികളിലും വരണമെന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. നോവല്‍ ഉള്ളടക്കത്തിന് അനുയോജ്യമായ ഭാഷാസംസ്‌കാരമാണ് ഞാന്‍ ഉപയോഗിക്കാറ്. അത് നോവലിന് എത്രത്തോളം ഗുണകരമാണ് എന്ന് പരിശോധിച്ചാണ് ഉപയോഗിക്കാറ്. ഉത്തര കേരളത്തിലെ നാട്ടുജീവിതവുമായി ബന്ധപ്പെട്ടതാണ് എന്റെ മിക്ക കൃതികളും. അതുകൊണ്ടുതന്നെ അതില്‍ ഭാഷാസ്വാധീനവുമുണ്ടാകുന്നത് സ്വാഭാവികമാണ്. വിഷയമാണ് ഭാഷയെ ആവശ്യപ്പെടുന്നത്. എല്ലാം മാറിക്കൊണ്ടിരിക്കുന്നതുപോലെ ഭാഷയും മാറുന്നുണ്ട്. ഉത്തര കേരളത്തിലെ ഭാഷയും ഗോത്രഭാഷയും മാറിക്കൊണ്ടിരിക്കുന്നു. 

വീണ്ടും ആഗിയുടെ ഡയറിക്കുറിപ്പിലേക്ക് പോകാം. 'ഇന്ന് ഞാന്‍ പുറത്തിറങ്ങിയതേയില്ല. രാവിലെ ചിന്താവിഷ്ടയായ സീത വായിച്ചു. പലഭാഗങ്ങളോടും വിയോജിപ്പുതോന്നി. വൈകുന്നേരം മുപ്പത് ദിവസത്തിനുള്ളില്‍ എങ്ങനെ പണക്കാരനാകാം എന്ന പുസ്തകം വായിച്ചു. ഒരു വിയോജിപ്പും തോന്നിയില്ല.'വല്ലാത്ത ഒരു സാഹിത്യ-സാമ്പത്തികാന്തരമാണ് ആഗി നിസ്സാരമായി കുറിച്ചുവച്ചിരിക്കുന്നത്.

നമ്മുടെ ഏറ്റവും പുതിയ തലമുറയിലെ വായനയില്‍ ഒരു വിവേചനശേഷിയുടെ കുറവുണ്ട്. എന്തുവായിക്കണം, വായിക്കാന്‍ തിരഞ്ഞെടുത്ത കൃതി ഏതു കാറ്റഗറിയില്‍ പെടുന്നതാണ്, തുടര്‍ന്ന് എന്തുവായിക്കണം എന്നതിനെപ്പറ്റിയൊക്കെ ഒരു നല്ല വായനക്കാരന് ബോധ്യമുണ്ടാകും. ആ ബോധമില്ലാത്തയാള്‍ ചിന്താവിഷ്ടയായ സീത വായിച്ച അതേ മനോഭാവത്തോടുകൂടി ബിസിനസ് സംബന്ധമായ പുസ്തകങ്ങളും വായിക്കും. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടിന്റെയും വായന ഫലപ്രദമല്ല എന്നര്‍ഥം. രണ്ടാമത്തേതിനോട് പുതിയതലമുറ യോജിക്കുന്നത് അത് പണസംബന്ധമായതിനാലാണ്. മാനസികമായിട്ട് അതിനോട് ഐക്യപ്പെടാന്‍ അവര്‍ക്കു പറ്റുന്നുണ്ട്.
 
കുമാരനാശാന്റെ ചിന്താലോകത്തോട് ആ കാവ്യാനുഭൂതിയോട് പൊരുത്തപ്പെടാന്‍ അവര്‍ക്കു പറ്റുന്നുണ്ടാവില്ല. അതു മനസ്സിലാക്കാന്‍ ഒരു അടിസ്ഥാനസാഹിത്യസാക്ഷരത വേണം. അതിന്റെ അഭാവംകൊണ്ടാണ് ആഗി ഇങ്ങനെ പറഞ്ഞത്. മുതിര്‍ന്ന വായനക്കാരുടെ കാര്യത്തില്‍ എന്താണ് വായിക്കുന്നത്, ഏതാണ് വായിക്കുന്നത്. എന്താണ് അതില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എന്നൊക്കെ മനസ്സിലാക്കാതെ വായിക്കുമ്പോളാണ് ചിന്താവിഷ്ടയായ സീതയോട് വിയോജിപ്പ് ഉണ്ടെന്ന് പറയാന്‍ തോന്നുന്നത്. 
യഥാര്‍ഥത്തിലുള്ള വായന സാധ്യമായിട്ടില്ല എന്നു ബോധ്യമാകുന്ന പ്രസ്താവനയാണത്. വായന ഒരു സംസ്‌കാരവും ഒരു ജീവിതബോധവും ആവശ്യപ്പെടുന്ന പ്രക്രിയയാണ്. അത് നിസ്സാരമായ ഒന്നല്ല.

book
പുസ്തകം വാങ്ങാം

വായനയെ മറ്റൊരുതലത്തില്‍ എത്തിച്ച് ഏറെ കോലാഹലമുണ്ടാക്കിയ ഒരു രചനയാണ് കളിയെഴുത്ത് എന്ന കഥ. തികച്ചും അപ്രതീക്ഷിതമായ തരത്തിലാണ് അത് വായിക്കപ്പെട്ടത്. കളിയെഴുത്ത് വളരെ തെറ്റായരീതിയില്‍ വായിക്കപ്പെട്ട ഒരു കഥയാണ്. ഒരു കഥാവായനയില്‍ ശരിയായ രീതി തെറ്റായ രീതി എന്നൊന്നില്ല, എല്ലാ വായനയുംതെറ്റായവായനയാണ് എന്നൊക്കെ വാദിക്കുന്നവരുണ്ട്. ഞാന്‍ അതിനോട് യോജിക്കുന്ന ആളല്ല. വായനയില്‍ ഒരു കൃതി ആവശ്യപ്പെടുന്ന വായനാരീതിയുണ്ട്. ആ വായനാരീതിയാണ് അതിന്റെ ശരിയായ രീതി. അതിനര്‍ഥം കൃതിയോട് വിധേയത്വം കാണിക്കുക എന്നതല്ല കൃതിയുടെ ഉള്ളടക്കത്തെ മനസ്സിലാക്കാനുള്ള ഒരു ധൈഷണിക-വൈകാരിക ഉണര്‍വ് കാണിക്കുക എന്നുള്ളതാണ്. ആ ശരിയായ വായന കളിയെഴുത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല. കളിയെഴുത്ത് പറയാനുദ്ദേശിച്ചത് വിദ്യാഭ്യാസത്തെ ഒരു കളിയാക്കിമാറ്റുന്ന ബോധനരീതികളെക്കുറിച്ചും മെത്തഡോളജിയെപ്പറ്റിയുമായിരുന്നു.

കേരളത്തിലെ വായനാസമൂഹത്തിലെ ഒരു വിഭാഗത്തിന്; സാഹിത്യസിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നവരായിരുന്നു കളിയെഴുത്തിനെ വിമര്‍ശിച്ചത്. അവര്‍ക്ക് ഇത്രയും ലളിതമായ ഒരു കഥ മനസ്സിലായില്ല എന്നു പറഞ്ഞാല്‍ അതിനര്‍ഥം കഥാവായനയ്ക്ക് കേവലം പാണ്ഡിത്യം മാത്രം പോര. അതിന് വേണ്ടത് ഒരു മാനസികസംസ്‌കാരം വേണം. കൃതിയെ സമീപിക്കുന്നതിന് ഒരു തുറന്ന മനസ്സുള്ളവര്‍ വളരെ കുറവാണ് എന്നാണ് ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്.

Content Highlights: Malayalam writer N Prabhakaran Interview