(2019 ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ 'നീറേങ്കല്‍ ചെപ്പേടുകള്‍' എന്ന നോവലിനെക്കുറിച്ചു ഗ്രന്ഥകര്‍ത്താവ് എം നന്ദകുമാറുമായി നടത്തിയ ചര്‍ച്ചയുടെ അനുബന്ധമാണ് ഈ അഭിമുഖം.)
ചെമ്പുതകിടുകളില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ള ചരിത്രരേഖകളാണ് ചെപ്പേടുകള്‍. കേരളചരിത്ര പഠനങ്ങളില്‍ തരിസാപ്പള്ളി ചെപ്പേടുകള്‍ തുടങ്ങിയ പഴയ രേഖകളുടെ പ്രാധാന്യവും ഓര്‍ക്കുന്നു. പക്ഷേ, നമ്മുടെ ചരിത്രം നമ്മള്‍ കൊണ്ടുനടക്കുകയും നിര്‍മ്മിച്ചെടുക്കുകയും ചെയ്യേണ്ടതാണ് എന്ന് അമേരിക്കന്‍ എഴുത്തുകാരനും കറുത്ത വംശജരുടെ പ്രക്ഷോഭങ്ങളില്‍ പങ്കാളിയുമായിരുന്ന ജെയിംസ് ബാള്‍ഡ് വിന്‍ സൂചിപ്പിക്കുന്നുണ്ട്. ചരിത്രമെന്നത് പുസ്തകങ്ങളില്‍നിന്ന് വായിച്ചെടുക്കേണ്ടതല്ല, അത് ഭൂതകാലത്തില്‍ ഉള്ളത് പോലുമല്ല എന്ന അര്‍ത്ഥത്തില്‍. ബാള്‍ഡ് വിന്‍ പറഞ്ഞതില്‍നിന്നും ഒരു പടികൂടി കടന്ന്, വര്‍ത്തമാന ഇന്ത്യയുടെ ഭാവി 'ചരിത്ര'ത്തിനെക്കുറിച്ചുള്ള ആശങ്കകളാണ് ഈ ചെപ്പേടുകളില്‍ ഞാന്‍ വായിക്കുന്നത്. നീറേങ്കല്‍ ചെപ്പേടുകള്‍ എന്ന് പേരിടാനുള്ള കാരണം എന്താണ്?
സാഹിത്യഭാവനയിലെ ആശങ്കകളും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. നേര്‍രേഖയിലുള്ള യുക്തികളെ അട്ടിമറിക്കുന്ന പ്രതിഭാസം കൂടിയാണല്ലോ ചരിത്രം. ജയിംസ് ജോയ്സിന്റെ ഒരു കഥാപാത്രത്തിന്റെ ആഗ്രഹം നോവലിലെ ചരിത്രരചയിതാവായ ഇട്ടിനാന്‍ പ്രകടിപ്പിക്കുന്നുണ്ട്. 'ഞാന്‍ ഏതില്‍ നിന്നാണോ ഉണരാന്‍ ശ്രമിക്കുന്നത് ആ പേടിസ്വപ്നമാണ് ചരിത്രം'. ചില സമകാലിക സംഭവങ്ങളെ ദുസ്വപ്നങ്ങളായി അനുഭവിക്കുകയും അവയിലെ അസംബന്ധങ്ങളെ ചിരികൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് നീറേങ്കല്‍ നിവാസികള്‍. ആ ശ്രമം എത്രമാത്രം ഫലവത്താകും എന്നത് വേറെ കാര്യം.
ആള്‍ക്കൂട്ട കലാപങ്ങളും ജാതിവെറിയുടെ ബലാത്സംഗങ്ങളും പ്രൈം ടൈം ന്യൂസില്‍ ഓടിച്ചു വായിച്ചശേഷം ഉടനെ കാണിക്കുന്ന കോമഡി ഷോ പോലെയല്ല നീറേങ്കലിന്റെ ഹാസ്യം. ജനപ്രിയസിനിമകളിലെ സീനുകളുമായി സാമൂഹ്യപ്രശ്‌നങ്ങളെ വെട്ടിയൊട്ടിച്ചു അവയുടെ അന്തസ്സത്തയെ ഊറ്റിക്കളയുന്ന കോമാളിത്തങ്ങള്‍ അവരെ അങ്ങിനെ രസിപ്പിക്കാറുമില്ല. ലോകത്തെയും സ്വന്തം ജീവിതസാഹചര്യങ്ങളെയും തീവ്രവലതുപക്ഷ ആശയങ്ങളും പോപ്പുലിസ്റ്റ് നേതാക്കന്മാരും പണാധിപത്യവും കീഴടക്കുമ്പോള്‍ അവര്‍ ആകുലരാകുന്നു. അംശം അധികാരികളോട് ഒട്ടും ബഹുമാനമില്ലാത്ത പരിഹാസത്തിന്റെ പ്രതിഷേധസാധ്യതകളാണ് ഇട്ടിനാന്‍, ചെറോണ, ചാമി, കുറുമ്പ, ലൂയി തുടങ്ങിയ നാട്ടിന്‍പുറത്തുകാര്‍ അന്വേഷിക്കുന്നത്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു മാത്രം എഴുതിവയ്ക്കുന്നതില്‍ ഇട്ടിനാന് താത്പര്യമില്ല. ചരിത്രമെന്നത് അയാള്‍ക്ക് വെറും ആഖ്യാനം മാത്രമല്ല; പലതരം വ്യാഖ്യാനങ്ങള്‍ കൂടിയാണ്. ചരിത്രവസ്തുതകളെ പുരാണകഥകളുമായി കൂട്ടിക്കുഴച്ചു ശവപ്പറമ്പുകളില്‍ വേതാളത്തെപ്പോലെ കിഴുക്കാംതൂക്കായി നിര്‍ത്താനും സാധിക്കും. അമ്മട്ടിലുള്ള വംശജാതിമത മഹിമകളുടെ ധാരാളം കെട്ടുകഥകള്‍ നീറേങ്കലുകാര്‍ നിത്യവും കേള്‍ക്കുന്നുണ്ട്. അവര്‍ നിര്‍ബന്ധമായും കീഴ്പ്പെടേണ്ട സത്യം ഇതൊക്കെയാണെന്ന കൊട്ടിഘോഷിക്കലുകളോടെ. അപ്പോഴാണ് വര്‍ത്തമാനകാലത്തെ ചെപ്പേടുകള്‍ ദുരന്തബോധമുള്ള ചിരികളായി ഇട്ടിനാന്‍ കൊത്തുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തെ എങ്ങനെ അഭിസംബോധന ചെയ്യാനാകും എന്നതാണ് അയാളുടെ ചരിത്രപ്രശ്‌നം.
'ഇട്ടിയാരെന്ന് ചോദിച്ചു
ഇട്ടിനാനെന്ന് ചൊല്ലിനാന്‍
ഇട്ടി കേട്ടഥ കോപിച്ചു
ഇട്ടിനാനെ പൊറുക്കണേ.'
കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ക്ക് പാരഡി ചൊല്ലി നോവലില്‍ ഇട്ടിനാന്‍ തുള്ളുന്നു. ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താങ്കളെഴുതിയ 'സര്‍ഗാത്മക രോഗസിദ്ധാന്തം' എന്ന കഥയിലൂടെ രംഗപ്രവേശം ചെയ്ത ഇട്ടിനാന്‍ 'നൂല്' എന്ന മറ്റൊരു കഥയിലും കേന്ദ്രകഥാപാത്രമാണ്. ഇപ്പോള്‍ നീറേങ്കല്‍ ചരിത്രകാരനായി പ്രത്യക്ഷപ്പെടുന്ന ഇട്ടിനാന്‍ ഉടലെടുത്തത് എപ്രകാരമാണ്?
നാട്ടിന്‍പുറങ്ങളില്‍ നമുക്കെല്ലാം പരിചയമുള്ള ചങ്ങാതിയാണ് ഇട്ടിനാന്‍. രാഷ്ട്രീയസാക്ഷരതയും നര്‍മ്മബോധവും കൈവിടാത്ത ഒരു ചെറുപ്പക്കാരന്‍. ഇടക്കിടക്ക് അല്ലറചില്ലറ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിക്കളയും. അയാള്‍ പുസ്തകപ്പുഴുവാണ്; പ്രണയവിവശനാണ്. ഉള്ളില്‍ ഒട്ടനവധി സംഘര്‍ഷങ്ങള്‍ തിളച്ചു മറിയുന്നുണ്ടെങ്കിലും അതൊന്നും പുറമേക്ക് പ്രകടിപ്പിക്കാറില്ല. ആത്മസുഹൃത്തായ ചിന്തകന്‍ ലൂയിയോട് ഒഴികെ.

നീറേങ്കലിലെ നാല്‍ക്കവലകളില്‍ തിമിര്‍ത്താടുന്ന കല-സാഹിത്യ-സാംസ്‌ക്കാരിക-ശാസ്ത്ര-സാങ്കേതിക-തത്വശാസ്ത്ര-മനഃശാസ്ത്ര-നവമാധ്യമ ചര്‍ച്ചകളിലൂടെ സകലമാന സംഗതികളെയും ആക്ഷേപഹാസ്യത്തിന്റെ രാസവിദ്യയിലൂടെ കടത്തിവിട്ട് സംസ്‌ക്കരിച്ചെടുക്കുന്ന പ്രതീതിയാണ് ചെപ്പേടുകള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്. വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയുന്ന ഒരാള്‍ മലയാളത്തിലെ മികച്ച ഹാസ്യസാഹിത്യകൃതികളോടൊപ്പം ഈ നോവലും ചേര്‍ത്തുവയ്ക്കും. മുന്‍ കൃതികളില്‍നിന്നും വ്യത്യസ്തമായി ആക്ഷേപഹാസ്യത്തിന്റെതായ ഒരു ആഖ്യാനശൈലി സ്വീകരിക്കാനുള്ള കാരണമെന്താണ്?
മറ്റേതൊരു ഭാഷയിലുമെന്നപോലെ മലയാളത്തിനും വളരെ സമ്പന്നമായ ഹാസ്യസാഹിത്യ പാരമ്പര്യമുണ്ട്. കൂത്തും തുള്ളലും പൊറാട്ട്‌നാടകവുമടക്കം. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ അന്നത്തെ ദേശത്തിന്റെ സസ്യപ്രകൃതി, ജീവജാലങ്ങള്‍, ജലപാതകള്‍, നാടന്‍ തത്വചിന്തകള്‍, ഭക്ഷണവിഭവങ്ങള്‍, കലാരൂപങ്ങളും കളികളും, സൈന്യസന്നാഹങ്ങള്‍, കൃഷിരീതികള്‍, വാണിഭങ്ങളും കൊള്ളക്കൊടുക്കലുകളും, ആളുകളുടെ ദൈന്യതകളും മനോവ്യാപാരങ്ങളും, സാമൂഹ്യശ്രേണിയിലെ ബന്ധങ്ങള്‍, ജാതിവ്യവസ്ഥയും ആചാരങ്ങളും ജീവിതാവസ്ഥകളും. എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ കാവ്യാത്മകമായ ഹാസ്യത്തില്‍ കണ്‍മുന്നില്‍ ഉയര്‍ന്നു വരും. രാജാവ് വേട്ടക്ക് ആളുകളെ വിളിച്ചുകൂട്ടുമ്പോള്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു കൂട്ടത്തില്‍ ചേരുന്ന ഒരു പടയാളിയെ നമ്പ്യാര്‍ ചിത്രീകരിക്കുന്നുണ്ട്. പുലി നേര്‍ക്ക് ചാടാന്‍ ലാക്ക് വെക്കുമ്പോഴാണ് ആ വീരഭടന്‍ തോക്ക് പണയം വെച്ചു കള്ള് കുടിക്കേണ്ടായിരുന്നു എന്ന് പശ്ചാത്തപിക്കുന്നത് .
ബ്രിട്ടീഷ് മേധാവിത്വം, ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും വംശവെറികള്‍ എന്നിവ തൊട്ടു കോഴിക്കോട്ടെ നഗരഭരണസമിതി വരെ സഞ്ജയന്‍ നിശിതഹാസ്യത്തിനു വിധേയമാക്കി. ഇന്ത്യക്കു ബ്രിട്ടീഷ് സാമ്രാജ്യത്തിനോടുണ്ടായിരുന്ന സാമ്പത്തിക ബാധ്യതയുടെ കണക്ക് അക്കാലത്തു പരസ്യപ്പെടുത്തുകയുണ്ടായി. ഏകദേശം 150 കോടി രൂപ. ഈ സംഖ്യയെ അന്നത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാല്‍ ആളൊന്നുക്ക് അഞ്ചു രൂപയും ഏതാനും അണ പൈയും കടമുണ്ട്. ആ സംഖ്യ മലബാര്‍ ട്രഷറിയില്‍ അടച്ചശേഷം 'നിഷ്‌കടത്വം കൊണ്ടുമാത്രം ഉണ്ടാകാവുന്ന മുഖപ്രസാദത്തോടും കണ്‍തെളിവോടും ഉള്‍ബലത്തോടും കൂടി കോഴിക്കോട്ടെ പുതിയ കോണ്‍ക്രീറ്റ് നിരത്തില്‍ക്കൂടി ഒരാള്‍, യാതൊരാവശ്യവുമില്ലാതെ, അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു നിങ്ങള്‍ കാണും' എന്ന് സഞ്ജയന്‍ എഴുതുന്നു. അപ്രകാരം ഉലാത്തുന്ന സഞ്ജയന്റെ രൂപം ഇക്കാലത്തെ സാമ്പത്തികമാന്ദ്യ വാര്‍ത്തകളും ബജറ്റ് ചര്‍ച്ചകളും വായിക്കുമ്പോള്‍ ഓര്‍മ്മ വരും.
വി.കെ. എന്‍ രചിച്ച പിതാമഹന്‍, ആരോഹണം, അധികാരം തുടങ്ങിയ കൃതികള്‍ ലോകസാഹിത്യത്തിലെ ഏതൊരു പൊളിറ്റിക്കല്‍ സറ്റയറുകളോടും കിടപിടിക്കും. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗവൈചിത്ര്യങ്ങള്‍ വിവര്‍ത്തനത്തിനു വഴങ്ങാന്‍ പാടാണെങ്കിലും.
നീറേങ്കലുകാരുടെ ചിരിയുടെ പ്രത്യേകതകള്‍ എന്താണ്?
ഫലിതം, നാക്കുപിഴ എന്നിവയെ സാമൂഹികനിയന്ത്രണങ്ങളാല്‍ വ്യക്തിയുടെ അബോധത്തില്‍ അമര്‍ച്ച ചെയ്ത ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളായാണ് ഫ്രോയ്ഡ് കണ്ടത്. നീറേങ്കലുകാരുടെ ചിരിയുടെ പുറകില്‍ നേരത്തെ പറഞ്ഞതുപോലെ ദുരന്തഹാസ്യത്തിന്റെ ഇരുണ്ട തലവുമുണ്ട്. കാര്യങ്ങളുടെ മറുപുറത്തെ കാരണങ്ങള്‍ ഹാസ്യത്തിലൂടെ കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിത്യജീവിതനാടകത്തിലെ ഭയാനക അസംബന്ധങ്ങളെ നോക്കി വേണമെങ്കില്‍ നിങ്ങള്‍ക്കു ചിരിക്കാം. അത്തരം പൊട്ടിച്ചിരികളും നാക്കുപിഴകളും ചെപ്പേടുകളില്‍ പകര്‍ത്താനുള്ള ശ്രമമാണ് ഇട്ടിനാന്‍ നടത്തുന്നത്. അതെത്രമാത്രം വിജയിച്ചു എന്നത് വായനക്കാര്‍ വിലയിരുത്തേണ്ട കാര്യമാണ്. മറ്റുള്ള അവകാശവാദങ്ങള്‍ വേറൊരു ഫലിതമായി തീരും.
നീറേങ്കല്‍ ചെപ്പേടുകളുടെ ഭാഷ, ആഖ്യാനഘടന എന്നിവ കണ്ടെത്തിയത് എങ്ങിനെയാണ്?
നിലവിലുള്ള സാഹിത്യരൂപങ്ങള്‍, അതിന്റെ ഘടനകള്‍, ആഖ്യാനമാതൃകകള്‍, ഭാഷകള്‍ ഇതെല്ലാം അമ്പേ പരാജയപ്പെടുന്ന ചില ഘട്ടങ്ങള്‍ നീറേങ്കലുകാര്‍ അഭിമുഖീകരിക്കാറുണ്ട്. എപ്രകാരം പുതിയ വാക്ക് കണ്ടെത്തണം, രീതിഭേദത്തോടെ കഥ പറയണം എന്നതൊക്കെ സര്‍വാധിപത്യ വ്യവസ്ഥകളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളാണ്. അധികാരം നിത്യേന കര്‍ക്കശമാകുമ്പോള്‍ പുതിയ എഴുത്ത് രൂപങ്ങള്‍ കണ്ടെത്താതെ ചെപ്പേടുകാരനു മുന്നോട്ടു പോകാന്‍ സാധിക്കില്ല.

നീറേങ്കല്‍ ചെപ്പേടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്തതാണ് കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണിയുടെ വരകള്‍. നീറേങ്കലിന്റെ കഥയും കഥാപാത്രങ്ങളും കഥാപരിസരങ്ങളുമായി ഇത്രയേറെ ഇഴുകിച്ചേര്‍ന്നുള്ള വരകള്‍ സാധ്യമായത് എങ്ങനെയാണ്?
നോവലിനുവേണ്ട വരകളുടെ ഭാഗമായി ഞങ്ങള്‍ എന്റെ നാട്ടിലെ വായനശാല, വിദ്യാലയങ്ങള്‍, പുഴയോരങ്ങള്‍, കടത്തുകള്‍, ഉത്സവങ്ങള്‍ അരങ്ങേറുന്ന കാവുകള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ ചുറ്റിനടന്നു. അദ്ദേഹത്തെ സ്പര്‍ശിച്ച കാഴ്ചകളെയും ജീവിതചലനങ്ങളെയും ഉണ്ണി അതാത് നേരങ്ങളില്‍ പെന്‍സില്‍ രേഖകളാക്കി. നിലനില്‍ക്കുന്ന സ്ഥലം എന്നതിനപ്പുറം ഈ നോവല്‍ എനിക്ക് ഒരു ഭാവനാദേശത്തിന്റെ ഭൂപടനിര്‍മ്മാണം കൂടിയാണ്. അതിനു അനുഗുണമായ ചിത്രങ്ങള്‍ അദ്ദേഹം അനായാസം വരച്ചു നല്‍കി. കൃതിയുടെ സൂക്ഷ്മവായനകൊണ്ടു കൂടിയാകാം അത് സാധ്യമായത്.
ചെപ്പേടുകളുടെ അവതാരികയില്‍ ടി. ടി ശ്രീകുമാര്‍ സിസേക്കിന്റെ വാക്കുകള്‍ പരാമര്‍ശിക്കുന്നുണ്ട്. 'നമുക്ക് അര്‍ത്ഥരഹിതമെന്നോ യുക്തിരഹിതമെന്നോ ഒക്കെ തോന്നുന്ന അവസ്ഥകളും positing അഥവാ സ്ഥാനപ്പെടല്‍ തന്നെയാണ്' എന്ന്. നമ്മുടെ കാലത്തില്‍ posit ചെയ്യപ്പെടുന്ന ഈ കൃതി എങ്ങനെയെല്ലാം വായിക്കപ്പെടണമെന്നാണ് താങ്കളാഗ്രഹിക്കുന്നത്?
രചയിതാവിന്റെ ആഗ്രഹമനുസരിച്ചു പുസ്തകം വായിക്കപ്പെടണമെന്ന ശാഠ്യത്തില്‍ വലിയ കാര്യമില്ല. പാഠത്തില്‍നിന്നും വ്യത്യസ്തമായൊ സമാനമായോ ഓരോ വായനക്കാരനും വായനക്കാരിയും വച്ചുപുലര്‍ത്തുന്ന സംവേദനശീലങ്ങള്‍, വിശ്വാസങ്ങള്‍, രാഷ്ട്രീയചായ്വുകള്‍ എന്നിവ അവരുടെ വായനയെ സ്വാധീനിക്കും. വ്യാകരണ നിയമങ്ങളില്‍പോലും രാഷ്ട്രീയം അന്തര്‍ലീനമാണെന്നു നമുക്കറിയാം. അതിനാല്‍ വിവിധതരം വായനകളും എതിര്‍വായനകളും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
'പാസ്സ്‌പോര്‍ട്ടുകള്‍ വേണ്ടാത്ത, അതിരുകളില്‍ മുള്ളുവേലികളില്ലാത്തതും മതിലുകള്‍ കെട്ടാത്തതും അഭയാര്‍ത്ഥികളെ സൃഷ്ടിക്കാത്തതുമായ അതിര്‍ത്തിരഹിത കിനാശ്ശേരി' എന്ന വാചകത്തിലൂടെ അലന്‍ ബാദ്യൂവിന്റെ ഏകലോക തീവ്രസ്വപ്നമാണോ നീറേങ്കല്‍ ചെപ്പേടുകളിലൂടെ താങ്കള്‍ പങ്കുവെക്കാന്‍ ശ്രമിക്കുന്നത്?
സ്വപ്നത്തിലെ ഉള്ളടക്കത്തിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന നീതിന്യായമാണ് നോവലിലെ ക്ണാശ്ശീരിയില്‍. വിലക്കുകള്‍ കൂടുംതോറും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുള്ള ഇച്ഛയും കൂടുന്നതാണ് എക്കാലത്തും എവിടെയും അധികാരത്തിന്റെ ഒരു തലവേദന. കക്ഷിരാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയം എന്ന പരികല്പനയില്‍ സംഭവിക്കാനിരിക്കുന്ന മനുഷ്യവിമോചന സത്യങ്ങളെക്കുറിച്ചാണ് അലന്‍ ബാദ്യൂവിന്റെ ചില ചിന്തകള്‍. നീറേങ്കലിന്റെ തലസ്ഥാനമായ ക്ണാശ്ശീരിയില്‍ പരമാധികാരപ്രവണതകള്‍ ശക്തമാകുമ്പോള്‍ ഇട്ടിനാനും ലൂയിയും അങ്ങിനെയൊരു സ്വപ്നത്തില്‍ പെട്ടുപോയതാകാം.
ചെപ്പേടുകളിലെ അവസാന ചെമ്പോലയില്‍ ആദ്യവാക്യം ഇപ്രകാരമാണ്: 'ഇന്നലെ രാത്രി മേലേപ്പറമ്പിലെ കാരമുള്‍ക്കാട്ടില്‍നിന്ന് രാമുവിന്റെ ജഢം കണ്ടെത്തി.' സാധാരണമെന്ന് തോന്നിക്കുന്ന ഈ വാക്യത്തിലെ ഓരോ വാക്കിനും അടിക്കുറിപ്പ് കൊടുത്തുകൊണ്ട് നമുക്കിടയില്‍ ഹിംസയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നതിന്റെ അസ്വസ്ഥബിംബങ്ങള്‍ ഉയര്‍ന്നുവരുന്നു. ചെപ്പേടുകളില്‍ താങ്കള്‍ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ രത്‌നചുരുക്കമാണ് രാമുവിന്റെ മരണം എന്ന് കരുതാമോ?

നോവല്‍ ആ ചെമ്പോലയില്‍ അവസാനിക്കുന്നില്ല. പറയാന്‍ കരുതിയ പല സംഗതികളും വിട്ടുപോകുന്നതും കൂടിയാണ് എഴുത്ത്. കഥയുടെ പടര്‍ച്ചകളും തുടര്‍ച്ചകളും ഇട്ടിനാന്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചകളില്‍ ചെമ്പോലക്കു വേണ്ട ചെമ്പ് വാങ്ങാനുള്ള ചെമ്പില്ലെങ്കിലും. ഒരു കൊലപാതകത്തെ സംബന്ധിച്ച അസ്വസ്ഥകരമായ അടിക്കുറിപ്പുകളില്‍ ചരിത്രം അവസാനിപ്പിക്കുന്നത് ഇട്ടിനാന് അത്ര ഇഷ്ടമുള്ള കാര്യവുമല്ല. സ്വതസിദ്ധമായ മടി വിട്ടുനില്‍ക്കുന്ന ഇടവേളകളില്‍ എഴുതിവെച്ച ഓലകള്‍ തുന്നിക്കെട്ടി അയാള്‍ അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Content Highlights: Malayalam writer M Nandakumar Interview