നാല് വര്‍ഷത്തിലേറെയായി ജപ്പാനിലെ ടോക്യോയില്‍ ജീവിക്കുന്ന അമല്‍ എന്ന യുവ എഴുത്തുകാരനെ നേരില്‍ കാണുന്നത് ഏകദേശം ഏഴ് മാസങ്ങള്‍ക്കു മുമ്പാണ്. തന്റെ രചനകളിലും മുഖാമുഖങ്ങളിലും ജപ്പാന്‍ ജീവിതത്തിന്റെ ഏകാന്തതയും കേരളത്തില്‍ നിന്നുള്ളവരെ കാണാന്‍ സാധിക്കാത്തതില്‍ ഉള്ള സങ്കടങ്ങളും പങ്കുവെച്ചിട്ടുണ്ട് അമല്‍. മാതൃഭൂമി ബുക്‌സ് ഈയിടെ പുറത്തിറക്കിയ കെനിയാസാന്‍ ഉള്‍പ്പടെയുള്ള പുസ്തകങ്ങളെ കുറിച്ച് അമലുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.

കെനിയാസാനിലെ കഥകള്‍ എല്ലാം ജപ്പാനില്‍ നടക്കുന്നവയാണ്. ജപ്പാന്‍ ജനത പൊതുവെ വിദേശീയരെ എങ്ങനെ നോക്കി കാണുന്നു എന്നാണ് അമല്‍ മനസ്സിലാക്കിയിട്ടുള്ളത്.

കുഴപ്പം പിടിച്ച ചോദ്യമാണ്. കൃത്യമായ ഉത്തരം പറയാനാവില്ല. കാരണം തൊഴിലിടം, പൗരത്വം ഒക്കെ അനുസരിച്ച് വിദേശികളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരും. വലിയ സോഫ്റ്റ് വെയര്‍ കമ്പനിയിലെ വിദേശ സഹപ്രവര്‍ത്തകനോടു പെരുമാറും പോലെയല്ല ഏതെങ്കിലും സ്‌പെയര്‍ പാര്‍ട്ട്‌സ് ഫാക്ടറിത്തൊഴിലാളിയായ വിദേശിയോട് പെരുമാറുക. ആ ഫാക്ടറിയില്‍ തന്നെ അമേരിക്കനും കെനിയനും ഉണ്ടെങ്കിലും ഒരേ പെരുമാറ്റം പ്രതീക്ഷിക്കാനാവില്ല. കെനിയനും വിയറ്റ്‌നാംകാരനും ഉണ്ടെങ്കില്‍ വിയറ്റ്‌നാംകാരനോട് കുറച്ച് കൂടുതല്‍ അടുപ്പം കാട്ടിയെന്ന് വരും.  പിന്നെ ഒന്‍പത് പേര്‍ നന്നായി പെരുമാറുകയും ഒരാള്‍ മോശമായി പെരുമാറുകയും ചെയ്താല്‍ അത് വച്ച് ആ രാജ്യത്തിന്റെ പൊതുസ്വഭാവം വിധിക്കുന്നതും ശരിയല്ല. നോര്‍ത്ത് ഇന്ത്യയിലൊരിടത്ത് വന്നിട്ട് ഇന്ത്യക്കാരുടെ എല്ലാം സ്വഭാവം അതാണെന്ന് പറയും പോലെ തെറ്റാണ് അതും.

ഒരാഴ്ചയോ മറ്റോ സഞ്ചാരിയായി വന്ന് മടങ്ങിയെങ്കില്‍ ഞാന്‍ ഇവര്‍ വിദേശികളോട് അങ്ങേയറ്റം സ്വീകാര്യതയും ബഹുമാനവും ആദരവും ശ്രദ്ധയും കാട്ടുന്നവരാണ് എന്ന് പറഞ്ഞേനെ. പൊതുവേ നല്ല പെരുമാറ്റമാണ് എല്ലാവരോടും എന്ന് പറയാം. നമ്മള്‍ അതിഥി തൊഴിലാളികളോട് പെരുമാറുന്നത് പോലെയോ, ജാതിയും നിറവും നോക്കി പെരുമാറുന്നത് പോലെയോ ഒന്നും ഒരിക്കലുമിവര്‍ ചെയ്യില്ല. പിന്നെ വിദേശിയായാലും സ്വദേശിയായാലും ഇവര്‍ അന്യന്റെ കാര്യത്തില്‍ ഒട്ടും തലയിറാടുമില്ല. ചിലപ്പോ പേര് പോലും ചോദിക്കില്ല. കൂടെ ജോലി ചെയ്ത പലരും മാസങ്ങള്‍ കഴിഞ്ഞും എന്നോട് ഏത് രാജ്യത്ത് നിന്നാണ് വരുന്നത് എന്ന് ചോദിക്കാതിരുന്നിട്ടുണ്ട്. ആത്യന്തികമായി എല്ലാവര്‍ക്കും അവനവന്‍ തന്നെയാണ് മറ്റെന്തിനെക്കാളും പ്രധാനം. അല്ലെങ്കില്‍ എല്ലാവരും യേശുക്രിസ്തുവും ഗാന്ധിയുമൊക്കെ ആയേനെ. The Other/ അപരന്‍ എന്ന ബോധം നമ്മുടെ മനസിന്റെ ഭാഗമാണ്. കുടുംബവും വര്‍ഗ്ഗവും ജാതിയും മതവും പ്രദേശവും ജില്ലയും സംസ്ഥാനവും ഭാഷയും വേഷവും സംസ്‌കാരവും വാട്‌സപ്പ് ഗ്രൂപ്പുകളും രാജ്യവുമൊക്കെ അപരവത്കരണത്തിന്റെ സൂക്ഷ്മവും വിപുലവുമായ രൂപങ്ങളാണ്.

ഇവര്‍ എന്നെ എങ്ങനെയും കണ്ടോട്ടെ, മറുവശത്ത് ഞാന്‍ ഇവരെ എങ്ങനെ കാണുന്നു എന്നതും പ്രധാനമാണ്. ഇവരാരും മനുഷ്യരല്ല, ഞാന്‍ പരിചരിച്ചു വന്ന മനുഷ്യ രൂപഭാവങ്ങളെക്കാള്‍ ഉയര്‍ന്നതും താഴ്ന്നതുമായ നിലകളിലുള്ള മറ്റെന്തോ ആണ് എന്നാണ് എനിക്കെപ്പോഴും തോന്നുക. എനിക്ക് ഇഴുകിച്ചേരാന്‍ കഴിയാത്തത് വച്ച് നോക്കുമ്പോള്‍ ഇവര്‍ക്കും എന്നോട് ഇഴുകിച്ചേരാനാവില്ല എന്ന് വിശ്വസിക്കുന്നു. മനുഷ്യരല്ലേ എന്ന മട്ടില്‍ അമ്പരപ്പോടും കൗതുകത്തോടും ഞാന്‍ ഇവരെ വീക്ഷിക്കാറുണ്ട്. അങ്ങേയറ്റം വിനയവും ഔപചാരികതയും ശാന്തതയും പ്രകടിപ്പിക്കുമ്പോഴും അടിത്തട്ടില്‍ വ്യാളിയെപ്പോലെ മറ്റെന്തോ മറഞ്ഞിരിക്കുന്നതായി തോന്നാറുണ്ട്. (ഇതെഴുതുമ്പോള്‍ ജപ്പാനീസ് ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന ബില്‍ കൊണ്ടുവരുന്നതിനെതിരേ പ്രതിഷേധങ്ങള്‍ നടന്നതായി വാര്‍ത്ത വന്നു കഴിഞ്ഞു. 2020ല്‍ 3936 പേര്‍ അഭയാര്‍ത്ഥി പദവിക്കായി അപേക്ഷ നല്‍കിയതില്‍ 47 എണ്ണം മാത്രമാണ് സ്വീകരിക്കപ്പെട്ടത്.)

പതിമൂന്ന് വര്‍ഷങ്ങള്‍ ആയി ഞാനിവിടെ പ്രവാസജീവിതം തുടങ്ങിയിട്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അമല്‍ കണ്ട, അനുഭവിച്ച ജപ്പാന്റെ പത്തിലൊന്ന് അറിയാന്‍ എനിക്കായിട്ടില്ല. അമലിന്റെ കാഴ്ചകളും ഉള്‍ക്കാഴ്ചകളും തികച്ചും വ്യത്യസ്തമാണ്. തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും എങ്ങനെ ഈ എഴുത്ത് സാധിക്കുന്നു?

ആ പതിമൂന്ന് വര്‍ഷത്തെ അനുഭവങ്ങള്‍ അത്യമൂല്യങ്ങളായി ജയപ്രകാശ് സാന്റെയും അത് പോലെ അതിലും  ദീര്‍ഘകാലമായി ജപ്പാനില്‍ താമസിക്കുന്നവരുടെയും ജീവിതങ്ങളെ വിളക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. രേഖപ്പെടുത്തി വയ്ക്കാതെ എല്ലാവരും തൊഴിലിടങ്ങളില്‍ മുഴുവന്‍ ശ്രദ്ധയും മനസും ജീവിതവും നല്‍കുന്നു. എല്ലാവര്‍ക്കും ധാരാളം ഓര്‍മ്മകള്‍ ഉണ്ടാവും. വീഡിയോ ബ്ലോഗും എഴുത്തുമൊക്കെ ഉള്ളവരും ഇവിടുണ്ട്. നമ്മള്‍ അനുഭവിച്ചത് അവരുടെ രചനകളില്‍ കാണുമ്പോള്‍ ഇത് നമ്മള്‍ അനുഭവിച്ചതായത് കൊണ്ടാണ് ആ രചനകളോടൊരു ഇഷ്ടം തോന്നുന്നതും നമ്മളെക്കാള്‍ അവര്‍ കാണുകയും അനുഭവിക്കുകയും ചെയ്തല്ലോ എന്ന് തോന്നുകയും ചെയ്യുന്നത്. പിന്നെ എഴുതുന്നവര്‍ അവരുടെ അനുഭവങ്ങളും അവതരണ രീതികളുമെല്ലാം ഉപയോഗിച്ച് അനുഭവങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുന്നുവെന്ന് മാത്രം. എഴുതുന്നവര്‍ക്ക് അനുഭവങ്ങളും കാഴ്ചകളും ആണല്ലോ മൂലധനം. ഞാന്‍ നാട്ടിലായാലും എവിടെയായാലും എല്ലാം എഴുത്തിലേക്ക് എങ്ങനെ കൊണ്ട് വരാം എന്നാണ് ചിന്തിക്കുന്നത്. എഴുതാന്‍ അനുഭവങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്ന രീതിയുമുണ്ട്. അത് കൊണ്ട് തന്നെ ജപ്പാനില്‍ സാധാരണ മലയാളികള്‍ ചെല്ലാത്ത ചില തൊഴില്‍ മേഖലകളില്‍ പോകാനും ജോലി ചെയ്യാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പം പണിയെടുത്തതൊക്കെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്. പിന്നെ എഴുതിയില്ലെങ്കിലും കഥാവായന മുടക്കാറില്ല. തിരക്ക് പിടിച്ച നഗര ജീവിതമെനിക്ക് ഒട്ടും ഇഷ്ടമല്ല. ഇവിടത്തെ തിരക്ക് ശ്വാസം മുട്ടിച്ചു കൊല്ലുന്നതാണ്. എഴുതാന്‍ വിടാതെ അത് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളാണ് അനുകൂല സാഹചര്യങ്ങള്‍ എന്നും പറയാം. പരിമിതികള്‍ വരുമ്പോഴാണല്ലോ അതിനുള്ളില്‍ നിന്നുകൊണ്ട് എന്ത് ചെയ്യാം എന്ന് ആലോചിക്കുന്നത്.

വ്യക്ത്യാധിഷ്ഠിതമായ അനുഭവങ്ങളെ ഭ്രമാത്മകതയുമായി ഇഴ പിരിച്ചുണ്ടാക്കിയതാണ് പല കഥകളും എന്ന് അമല്‍ തന്നെ പറയുന്നുണ്ട്. എത്രത്തോളമുണ്ട് ഈ കഥകളില്‍ അമല്‍?

നാട്ടില്‍ അതിപ്രാദേശികതയിലൂന്നിയാണ് എഴുതിയിരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കഥകള്‍ പൊതുവേ അങ്ങനെയാണ് രൂപപ്പെട്ടു വന്നത്. കഥാരംഗത്ത് അത് മാറി കൃത്രിമമായ പ്രദേശ-ഗ്രാമ -കുറ്റകൃത്യ - വന-വന്യജീവി അനുഭവനിര്‍മ്മാണങ്ങള്‍  മറ്റൊരു വശത്ത് നടക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു നാട്ടിലെ കഥകള്‍ തീരെ ഇല്ലാതായതായി തോന്നിയിട്ടുണ്ട്. അമിത പ്രാദേശികതയില്‍ അഭിരമിച്ച് മറ്റിന്ത്യന്‍ സംസ്ഥാന ജീവിതങ്ങളും കഥയില്‍ ഇടയ്ക്കിടെ മാത്രം തെളിയുന്ന മണ്ണെണ്ണ വിളക്കുകളായി മാറി. വ്യക്തിപരമായി മറ്റൊരു രാജ്യത്ത് നിന്ന് ഉള്ള ജീവിതം എഴുതുന്ന രചനകള്‍ ഇതിനിടയില്‍ ചേരില്ല എന്ന് തോന്നിയിരുന്നു. ഗള്‍ഫ്-അമേരിക്കന്‍-ആഫ്രിക്കന്‍ പശ്ചാത്തലത്തിലുള്ള രചനകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല. അമിതപ്രാദേശികതയില്‍ നിന്ന് പെട്ടെന്ന് ഞാനിങ്ങോട്ട് വന്നതും ഇവിടത്തെ ഡിജിറ്റല്‍ കോസ്‌മോപൊളിറ്റന്‍ മാജിക്കല്‍ സംസ്‌കാരവുമായി ഉണ്ടാകുന്ന ഒരു കള്‍ച്ചര്‍ ഷോക്ക് പ്രശ്‌നവും ഒക്കെക്കൂടി കഥ എഴുത്ത് കുറഞ്ഞു. അതൊക്കെ ഇപ്പോഴും ഉണ്ട്. അഞ്ച് വര്‍ഷങ്ങള്‍ പലതരം ജോലികള്‍ ചെയ്ത് എഴുതാനുള്ള അനുഭവങ്ങള്‍ സംഭരിച്ചിട്ടുണ്ട് എന്നല്ലാതെ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഈനു ആണ് ആദ്യമായി ജപ്പാന്‍ പശ്ചാത്തലമായി എഴുതി നോക്കിയ കഥ. അത് തന്നെ ശ്രീ സുഭാഷ് ചന്ദ്രന്‍ കാരണം സംഭവിച്ച കഥയാണ്.

അനുഭവങ്ങളെ ഉപയോഗിക്കുമ്പോഴും  ഒരിക്കലും അതേപടി എഴുതാറില്ല. ഭാവനയില്‍ നിന്നുള്ള കഥാപാത്രങ്ങളോ സംഭവങ്ങളോ ഒക്കെ ഇടകലര്‍ന്ന് എഴുതുന്ന വേളയില്‍ കഥ സ്വയം വളര്‍ന്നു മാറുന്നതില്‍ ഒരാനന്ദം ലഭിക്കാറുണ്ട്. ഈനുവിന്റെ അവസാനഭാഗം വരെ നേരനുഭവങ്ങളും മറ്റുമാണ്. ജാപ്പനീസ് കഥകളില്‍ പലപ്പോഴും ഒരു വിഭ്രാത്മക മാജിക്ക് ഉള്ളതായി തോന്നിയിട്ടുണ്ട്. അങ്ങനെയൊന്ന് ആഗ്രഹിച്ചിരുന്നു. തീവ്രമായി പ്രതീക്ഷിച്ചിരുന്നു. പെട്ടന്ന് കഥ തന്നെ കഥയില്‍ ഇടപെട്ട് എഴുതിയത് പോലെ, എഴുതിയയാളെത്തന്നെ അമ്പരപ്പിച്ചതാണ് ഈനു കഥയിലെ അവസാന ഭാഗങ്ങള്‍. ഈനുവിന് കിട്ടിയ പ്രതികരണങ്ങളാണ് സത്യത്തില്‍ കെനിയാ സാന്‍ എഴുതാന്‍ കാരണം. കെനിയാസാന്‍ രണ്ട് വര്‍ഷം ഞാന്‍ ജപ്പാനീസ് ഭാഷ പഠിക്കാന്‍ പോയ സ്‌കൂളില്‍ നിന്ന് ലഭിച്ച അനുഭവങ്ങള്‍ വച്ച് എഴുതിയ കഥയാണ്. ഹെന്റി എന്നായിരുന്നു ആ പയ്യന്റെ ശരിക്കും പേര്. മറ്റൊരു മനുഷ്യ സമൂഹത്തില്‍ ഞാന്‍ അനുഭവിച്ച വിമ്മിഷ്ടം എനിക്കുള്ളതിനേക്കാള്‍ അവനിലും കണ്ടത് കൊണ്ടാണ് അവനെ കൂടുതല്‍ ശ്രദ്ധിച്ചത്. പെട്ടന്ന് തന്നെ അവന്‍ സ്‌കൂള്‍ മതിയാക്കിപ്പോയി. ഗര്‍ഭിണിയായ ഒരു ജപ്പാനീസ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നാണ് കൂട്ടുകാരില്‍ നിന്ന് അറിഞ്ഞത്. ആത്മഹത്യ, അപകടം, പ്രേരണാകൊലപാതകം ഇതിലേതാണ് കെനിയാ സാന്റെ മരണം എന്ന് തീരുമാനിക്കാനാകാതെ വരുന്ന ഒരവസ്ഥ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.

'സക്കാന' എന്ന കഥയില്‍ തോട്ടുമീനിനെ പോലെ വാ പിളര്‍ന്ന് ചെകിളകള്‍ പുറത്തേക്കിട്ട് ഉത്തരം കിട്ടാതെ നീന്തിപ്പിടഞ്ഞു എന്ന് വായിച്ചു. കേരളത്തിന്  പുറത്ത് കടക്കുന്നവര്‍ പൊതുവെ അനുഭവിക്കുന്നതാണ് ഈ പിടച്ചില്‍. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ മഹാസമുദ്രത്തിന്റെ ഭാഗമായി എന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഒരിക്കലും ഭാഗമാകാന്‍ പറ്റുമെന്നും തോന്നുന്നില്ല. ഞാനൊരു പക്കാ ലോക്കല്‍ സ്‌പേസില്‍ നിന്ന് വന്നതാണ്. സമുദ്രത്തിലേക്ക് വഴി തെറ്റി വന്ന പരല്‍ മീന്‍. ഈ നിമിഷം... പറ്റിയാല്‍ ഈ നിമിഷം നാട് പിടിക്കണം എന്നാണ്. പഴയ കഥകളിലും പുരാണങ്ങളിലും ഉള്ള, നാരദനും മറ്റും ഇവിടെ അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന വിദ്യയില്ലേ - അതെപ്പറ്റി ഗൗരവമായി ധാരാളം ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഇവിടെ വന്ന കാലം മുതല്‍. ശാസ്ത്രം ആ ടെക്‌നിക്ക് പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ഥിച്ചു പോകുന്നു. പക്ഷേ മേല്‍ച്ചോദ്യത്തില്‍പ്പറഞ്ഞ വരി പോലെ ആയി അവസ്ഥ. ചിലത് നേടാന്‍ പലതും നഷ്ടപ്പെടുത്താതെ പറ്റില്ല. കക്ഷത്തിലുള്ളത് പോവാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കുകയും വേണം എന്ന് വച്ചാല്‍ നടക്കുമോ. വന്നത് വന്നു. ഇനി എന്താകും ഏതാകും എന്നൊന്നും യാതൊരൈഡിയയും ഇല്ലാതെ മുന്നോട്ട് പോകുന്നു, അത്ര മാത്രം.

കറുത്തവന്റെ ആകുലതകള്‍ പങ്ക് വെക്കുന്നുണ്ട് കെനിയാ സാന്‍ എന്ന കഥയില്‍. തൊലി നിറത്തിന്റെ പേരില്‍ അല്ലെങ്കില്‍ മൂന്നാം ലോകത്തെ പ്രതിനിധി എന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ?

ഞാന്‍ നേരിട്ടതല്ല, എന്റെ  മറ്റുള്ളവരെപ്പറ്റിയുള്ള ആകുലതകളാണ് മറ്റുള്ളവരെ നോക്കി നടക്കുന്നയാളെന്ന നിലയില്‍ കെനിയാസാനില്‍ എഴുതിയത്. ഇത്തരം നിറത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. കൂടെ പഠിച്ച ഹെന്റി എന്ന പയ്യന്റ വിഷമതകള്‍ നിരീക്ഷിച്ചാണ് എഴുതിയത്. അവന് ചുറ്റുമുള്ള വെളുത്ത മനുഷ്യരുടെയിടയില്‍ വല്ലാത്ത വീര്‍പ്പുമുട്ടലുണ്ടായിരുന്നു. ഇരുപത് വയസിന്റെയൊക്കെ ഒരവസ്ഥയായി വേണമെങ്കിലതിനെ കാണാം. അതിനെ ഞാനങ്ങനെയൊക്കെയാണ് മനസിലാക്കിയത്. വായിച്ചത്. അതില്‍ ശരിയുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. അപ്പോഴും എല്ലാം എന്റെ മാത്രം അഭിപ്രായമാണ്. അത് ശരിയാകണമെന്നില്ലല്ലോ.

മറ്റുള്ളവര്‍ നമ്മളെപ്പറ്റി എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് പലതും ചെയ്യാതിരിക്കുകയും, തെറ്റുകള്‍ വന്നാലോ മോശമല്ലേ എന്ന് വച്ച് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒക്കെ വിമുഖത കാട്ടുകയും ചെയ്യുന്ന ആള്‍ക്കാരുണ്ട്. ആ ഒരു സ്റ്റേജൊക്കെ എടുത്ത് ദൂരെക്കളഞ്ഞ് എവിടെയും ആരുടെ മുന്നിലും നേര്‍ക്ക് നേരേ കട്ടക്ക് നില്‍ക്കുന്ന ആളാണ് ഇന്ന് ഞാനെന്ന നിലയില്‍ തൊലി നിറത്തിന്റെ പേരില്‍ അല്ലെങ്കില്‍ മൂന്നാം ലോകത്തെ പ്രതിനിധി എന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടതായി തോന്നിയിട്ടേയില്ല എന്ന് പറയാം. അങ്ങനെ ശ്രമിക്കുന്നവര്‍ ശ്രമിച്ചാല്‍ അവര് തകരുകയേ ഉള്ളു. ശ്രമിക്കുന്നവരുടെ വിവരമില്ലായ്മയും, അന്തസ്സാരശൂന്യതയും പുറത്തു വരുന്നതായേ തോന്നുകയുള്ളു. ഞാനിങ്ങനെ ഗൗരവത്തില്‍ കട്ടയ്ക്ക് നോക്കുമ്പോള്‍ അതിവിനയാന്വികളായ ഇന്നാട്ടുകാര്‍ പതറി മാറുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു കൂട്ടം ജപ്പാന്‍കാര്‍ തീവണ്ടിയിറങ്ങി വരുമ്പോള്‍ കൃത്യം നമ്മളെ മാത്രം വിളിച്ച് ഇവിടത്തെ പോലീസ് ഐഡി കാര്‍ഡും രേഖകളുമൊക്കെ ഇടക്ക് പരിശോധിക്കാറുള്ളതൊഴിച്ചാല്‍ അങ്ങനെ അനുഭവമില്ല. രൂപം കൊണ്ടാണല്ലോ കൃത്യം നമ്മളെ പോലീസ് വിളിക്കുന്നത്. അത് നമ്മുടെ ഗുണമായി ഞാന്‍ കാണും. പിന്നെ ഫാക്ടറി , റെസ്റ്ററന്റ് ജോലി സ്ഥലത്ത് മുട്ടാളന്‍  ബോസ് കളിക്കുന്നവരുണ്ട്. അങ്ങനെ അധികാരം കാട്ടാന്‍ ശ്രമിക്കുന്നവരോട് അകല്‍ച്ചയും നിസ്സഹരണവും അങ്ങോട്ട് കാട്ടാറുണ്ട്. അത് കൊണ്ടിപ്പോ ഹോസ്പിറ്റലിലെ ജോലിയില്‍ നിന്ന് എന്നെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതെന്റെ വ്യക്തിപരമായ കാര്യങ്ങളാണ്.

amal
അമലിനോടൊപ്പം ജയപ്രകാശ്‌

ജപ്പാന്‍ യാത്രാ വിവരണം പോലെ എന്നാല്‍ മടുപ്പില്ലാതെ കഥകളുമായി ഇഴുകിച്ചേര്‍ന്ന ഒരു ആത്മകഥ കൂടിയാണ് കെനിയാസാന്‍. എന്താണ് ഈ  ഒരു അവലംബന രീതി സ്വീകരിച്ചത്?

ഓരോ വിഷയത്തിനും യോജിക്കുന്ന ഭാഷയും ആഖ്യാനവും സ്വാഭാവികമായി വന്നുഭവിക്കുന്നതാണ്. അക്കാര്യത്തില്‍ യാതൊരു മുന്‍പദ്ധതികളോ അവലംബനരീതികളോ ഇല്ല.

ഈ തിരക്കുള്ള ജീവിതത്തിനിടയിലും നാട്ടിലെ എഴുത്തുകാരുമായും സാഹിത്യപ്രേമികളുമായി ബന്ധം വിടാതെ സൂക്ഷി ക്കുന്നണ്ടല്ലോ, ഇതെങ്ങനെ സാധിക്കുന്നു?

അത് ഫെയിസ് ബുക്കും വാട്‌സപ്പുമുള്ളത് കൊണ്ട് തോന്നുന്നതാണ്. കമന്റും ലൈക്കുമൊന്നുമല്ല വാസ്തവം. സത്യത്തിന്റെ മുഖം ഭീകരമാണ്.
സത്യം പറഞ്ഞാല്‍ ഫ്രീയായി വിളിക്കാമെന്നിരിക്കേ ചുരുക്കം പേരൊഴിച്ച് ഒറ്റയാളും വിളിക്കാറോ മെസേജയക്കാറോ ഒന്നുമില്ല. പ്രത്യേകിച്ച് സഹകഥാകൃത്തുക്കള്‍.

amal
പുസ്തകം വാങ്ങാം

മലയാളികളെ കണ്ടുമുട്ടാന്‍ സാധിക്കാത്തതിലുള്ള വിഷമം പല അഭിമുഖങ്ങളിലും പങ്ക് വെച്ചിട്ടുണ്ട്. ആ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? ടോക്കിയോയില്‍ മലയാളി സുഹൃത്തുക്കളെ കണ്ടു മുട്ടിയോ?

ആ വാര്‍ത്ത വന്ന ശേഷം ഒറ്റപ്പെട്ട ചുരുക്കം ചില സംഗതികള്‍ ഉണ്ടായി. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന എഴുത്തുകാരി കൂടിയായ നസീ മേലതില്‍, ജിഷാദ് എന്നിവര്‍ വീട്ടിലേക്ക് ക്ഷണിച്ചത് നല്ല  അനുഭവമായിരുന്നു. വാര്‍ത്ത വായിച്ച് കാണാന്‍ താത്പര്യം പ്രകടിപ്പിച്ച ലെനിന്‍ എന്ന സുഹൃത്തിനെ പുള്ളി വര്‍ക്കു ചെയ്യുന്ന കറി ലീഫ് റസ്റ്ററന്റില്‍ പോയി കണ്ടു. ടോക്യോക്ക് പുറത്ത് കൃഷി ചെയ്ത് ജീവിക്കുന്ന പ്രഭാത് ഭാസ്‌കര്‍ സാനെ അല്ലാതെ തന്നെ പല വട്ടം കണ്ടു. അതേപ്പറ്റി വിശദമായി എഴുതാന്‍ പദ്ധതിയുണ്ട്. പിന്നെയാണ് ഇവിടത്തെ മലയാളി സംഘടനയായ നിഹോണ്‍ കൈരളിയില്‍ നിന്ന് അജയ് സാന്‍ ബന്ധപ്പെടുന്നത്. നി ഹോണ്‍ കൈരളിയുടെ പല വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്തപ്പോഴാണ് ഇത്രയധികം മലയാളികള്‍ ചുറ്റും തിരക്കില്‍പ്പെട്ട് ജീവിക്കുന്നുണ്ടെന്ന് മനസിലായത്. കഴിഞ്ഞ വര്‍ഷം ഒരു റസ്റ്ററന്റില്‍ വച്ച് അജയ് സാനെയും ഒരു സംഘം മലയാളി സുഹൃത്തുക്കളെയും കണ്ടു. എല്ലാവരും വളരെ നല്ലവരും സഹൃദയരുമായിരുന്നു. ജയപ്രകാശ് സാനെയും ആദ്യമായവിടെ വച്ചാണ് കാണുന്നത്. അജയ് സാന്‍ പിന്നീടൊരു സൗഹൃദ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും ധാരാളം മലയാളികളെ കാണുകയും ചെയ്തു.  സനല്‍ സാന്‍ ഒരിക്കല്‍ വന്ന് താത്പര്യപൂര്‍വ്വം പുസ്തകങ്ങള്‍ മലയാളി കമ്മ്യൂണിറ്റിയുടെ വായനശാലയിലേക്കായി വാങ്ങുകയുണ്ടായി.  ജോലിത്തിരക്കില്‍ നിന്ന് വന്നത് കൊണ്ടാവാം എല്ലാവരും സൗഹൃദം അങ്ങേയറ്റം ആഘോഷമാക്കുന്നതായി തോന്നി. അജയ് സാനും ജയപ്രകാശ് സാനും നാട്ടില്‍ നിന്ന് കെനിയാ സാനും ബംഗാളി കലാപവും വ്യസന സമുച്ചയവും വരുത്തി മലയാളികള്‍ക്കിടയില്‍ കൈമാറി വായന നടത്തുന്നതറിഞ്ഞത് വല്ലാതെ സന്തോഷിപ്പിച്ച സംഗതിയാണ്. അവരെല്ലാം ചേര്‍ന്ന് മെയ് 16 ഞായറാഴ്ച കെനിയാ സാന്‍ കഥാ സമാഹാരം ഒരു ചര്‍ച്ചാ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

ഇടമുറിയാതെ കണ്ടുമുട്ടാറുള്ളതും സംസാരിക്കാറുള്ളതും ജയപ്രകാശ് സാനോടാണ്. എനിക്ക് സോഫിയ യൂണിവേഴ്‌സിറ്റിയിലെ മലയാളിയായ പ്രൊഫസര്‍ സാലിച്ചനെ പരിചയപ്പെടുത്തിത്തന്നതും മറ്റൊരനുഭവമാണ്.

അമലിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Malayalam writer Amal interview