ഇന്നലെ വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത് ?
ഇന്ന് ജാഥയുടെ മുന്നില്ക്കയറിനിന്ന് മുഷ്ടിചുരുട്ടുന്നൂ പടുവൃദ്ധര്‍.ചരിത്രം പഠിക്കാന്‍ പോയ കുട്ടികള്‍ ചരിത്രം സൃഷ്ടിക്കാന്‍
തെരുവുകളെ സ്വന്തം ചോരകൊണ്ട് നനയ്ക്കുന്നു.
കഴിഞ്ഞ സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് ചൊല്ലിയ കവിതകളിലൊന്നായിരുന്നു ഇത്. കവിയുടെ പേര് വിഷ്ണു പ്രസാദ്. പുതിയ മലയാള കവിതയുടെ ഏറ്റവും കരുത്തുറ്റ മുഖങ്ങളിലൊന്നാണ് ഈ അധ്യാപകന്. തന്റെ കവിതകള്‍ ബ്ലോഗിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും വായനക്കാരിലെത്തിച്ച് മലയാള കവിതയില്‍ സ്വന്തമായ ഇടം നേടിയ കവി. വിഷ്ണു പ്രസാദ് മാതൃഭൂമി ഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
മരിച്ചിട്ടും മരിക്കാത്ത കവികളുടെ അദൃശ്യ ഭൂഖണ്ഡത്തിലേക്ക് അയാള്‍ നടന്നടുക്കുന്നത് ആര്‍ക്ക് തടുക്കാനാവും എന്ന ചോദ്യത്തോടെയാണ് താങ്കളുടെ കവി പുറത്താക്കപ്പെട്ടവനാണ് എന്ന കവിത അവസാനിക്കുന്നത്. എങ്ങനെയാണ് കവിതകള്‍ എഴുതിത്തുടങ്ങുന്നത്?
വായനയും വയനാടിന്റെ പ്രകൃതിയും അന്തര്മുഖത്വവുമൊക്കെ എഴുത്തിലേക്ക് തിരിച്ചുവിട്ടതാവണം. മലയാളത്തിന്റെ മഹാന്മാരും മഹതികളുമായിട്ടുള്ള എഴുത്തുകാര്‍ വിജയന്, മേതില്‍, മുകുന്ദന്, സക്കറിയ, സേതു, മാധവിക്കുട്ടി തുടങ്ങിയവര്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഞാനൊരു ഒരു മികച്ച കവിത വായനക്കാരനായിരുന്നില്ല. എക്കാലത്തും വിജയന്റെയും മേതിലിന്റെയും ആരാധകനായിരുന്നു.
ആദ്യകാലത്ത് കഥകളും എഴുതിയിരുന്നു. കവിതയെഴുത്തില് അധികം എഴുതേണ്ടതില്ല എന്ന സൗകര്യം എന്നെ ആകര്‍ഷിച്ചു കാണണം. എന്റെ കവിതകളില്‍ നിറയെ കഥകളാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. എങ്കിലും നിലച്ചുപോകേണ്ട ഒരു എഴുത്തുകാരനായിരുന്നു ഞാന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ എന്റെ രചനകള്‍ നിരന്തരം നിരസിച്ചു. ഓണ്‍ലൈന്‍ പബ്ലിഷിങ് സാധ്യതയായ ബ്ലോഗ് ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എഴുത്ത് തുടരാനാവില്ലായിരുന്നു.
അവഗണനകളെയും തിരസ്കാരങ്ങളെയും പ്രതിഭ കൊണ്ടും പ്രയത്നം കൊണ്ടും മറികടന്ന് സ്വയം വഴിവെട്ടിയെടുത്ത കവിയാണ് വിഷ്ണുപ്രസാദ്. എങ്ങനെയാണ് സ്വയംപ്രസാധനം എന്ന ആശയത്തിലേക്ക് എത്തുന്നത്.
തുടക്കത്തില്‍ പല മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കും കഥകളും കവിതകളും അയക്കുമായിരുന്നു. കവിത അയക്കുന്നതിന് താരതമ്യേന ചെലവു കുറവാണ്. കഥ അയയ്ക്കണമെങ്കില്‍ കൂടുതല്‍ സ്റ്റാമ്പു വേണം. തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ അടക്കം ചെയ്യണം. പലപ്പോഴും ഇതിനൊക്കെ പണം കണ്ടെത്തുക പ്രയാസമായിരുന്നു. എന്നിട്ടും വല്ലവിധേനയും ഈ അയപ്പ് തുടര്‍ന്നു. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചയപ്പും തുടര്‍ന്നു. പിന്നെപ്പിന്നെ ചില സമാന്തര മാസികകള്‍ ഏതാനും കവിതകള്‍ പ്രസിദ്ധീകരിച്ചു. അക്കൂട്ടത്തില്‍ കവിതാസംഗമം എടുത്തുപറയാവുന്ന ഒന്നാണ്. ഇടയ്ക്ക് ആ മാസിക നിന്നപ്പോള്‍ എന്റെ പ്രതീക്ഷ നശിച്ചു. എഴുത്ത് കുറഞ്ഞുവന്നു. അയപ്പ് മുഴുവനായും നിര്‍ത്തി.
പിന്നീട് ഞാന്‍ ഒരു വീഡിയോ ക്യാമറ വാങ്ങി. അന്ന് താമസിച്ചിരുന്നത് പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലാണ്. ഒരു മാസം കൊണ്ട് നൂറോളം ചിത്രശലഭങ്ങളുടെ വീഡിയോ ഞാന്‍ എടുത്തു. അവയുടെ മിക്കതിന്റെയും ജീവിതഘട്ടങ്ങളൊക്കെ എനിക്ക് ചിത്രീകരിക്കാര്‍ കഴിഞ്ഞു. ഈ വീഡിയോയും ചിത്രങ്ങളും ഇന്റർനെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചു. ഇംഗ്ലീഷില്‍ ഒരു ബ്ലോഗ് തുടങ്ങി. ഒരിക്കല്‍ എന്റെ പേര് അടിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ മറ്റൊരു വിഷ്ണുവിന്റെ മലയാളം ബ്ലോഗ് കണ്ടു.
പിന്നെ അന്വേഷണങ്ങളായി. ഒടുവില്‍ ഞാന്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങി. പ്രതിഭാഷ എന്നായിരുന്നു പേര്. അതില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. അന്നുണ്ടായിരുന്ന ബ്ലോഗര്‍ സമൂഹത്തില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചു.
അത് പരമാവധി പ്രയോജനപ്പെടുത്തി. കവിതകള്‍ക്ക് മാത്രമായി ഒരു പൊതു ബ്ലോഗ് ഉണ്ടാക്കി. അന്ന് ബ്ലോഗുകളില്‍ എഴുതിക്കൊണ്ടിരുന്ന എല്ലാ കവികളെയും അതില്‍ അംഗങ്ങളാക്കി. പരസ്പരം മനസ്സിലാക്കാനും വിലയിരുത്താനും ഇതെല്ലാം പ്രയോജനപ്പെട്ടു. എഴുത്ത് ക്രമേണ മാറി. നിരന്തരം എഴുതാനും പുതുക്കാനുമുള്ള ശ്രമങ്ങള്‍ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അതുണ്ട്.
വിഷ്ണു പ്രസാദ് എന്ന പേര് മാത്രമാണ് കവിതകളുടെ കൂടെ ഉപയോഗിക്കാറ്. പൊതുവെയുള്ളപോലെ ഇനീഷ്യലോ സ്ഥലപ്പേരോ ഒന്നുമില്ല. ചോദിക്കാന്‍ കാരണം, കേരളത്തില്‍ ഒരുപാട് വിഷ്ണു പ്രസാദുമാരുണ്ട്. കവികളില്‍ പോലും കുറേ വിഷ്ണുപ്രസാദുമാരുണ്ട്?
പേരു തന്നെ ഒരു ഭാരമാണ്. തൂലികാനാമം സ്വീകരിക്കാമായിരുന്നു. ഒളിച്ചിരുപ്പ് പറ്റുമെന്ന് തോന്നിയില്ല. പിന്നെ പേരിനോടൊപ്പം മറ്റു ഭാരങ്ങള്‍ വേണ്ടെന്നു തോന്നി. ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളെ നിഷേധിച്ചാണ് ഞാന്‍ എഴുത്തുകാരനായിട്ടുള്ളത്. അതു കൊണ്ട് അതൊന്നും എന്നോടൊപ്പം നില്‍ക്കില്ല. എന്റെ എഴുത്തിന്റെ ബലത്തില്‍ നില്‍ക്കണമെന്ന് തോന്നിയിരുന്നു. അതു കൊണ്ട് ഇനീഷ്യല്‍ പോലും ഉപയോഗിക്കുന്നില്ല. കാലത്തിനു വേണ്ടതെങ്കില്‍ നിലനില്ക്കട്ടെ. എഴുത്തുകൊണ്ടുണ്ടാവുന്ന ചീത്തപ്പേര് ദേശത്തിനും കുടുംബത്തിനും നല്കേണ്ടതുമില്ലല്ലോ.
ഏറ്റവും കൂടുതൽ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?
പല മറുപടികളുള്ള ഒരു ചോദ്യമാണ്. പലപ്പോഴും പറഞ്ഞതുമാണ്. എഴുത്ത് ഒരു യാത്രയാണ്. അറിയാത്ത ദേശത്തേക്കും അപ്രതീക്ഷിത അനുഭവങ്ങളിലേക്കുള്ള ഒരു യാത്ര. അവനവനെ കണ്ടുപിടിക്കുന്ന/വെളിപ്പെട്ടു കിട്ടുന്ന ഈ യാത്രയാണ് ഓരോ എഴുത്തും. എഴുതാന്‍ മാനസികമായി സന്നദ്ധനായിരിക്കുക മാത്രമാണ് ഒരു എഴുത്തുകാരന് ചെയ്യേണ്ടതുള്ളൂ. പലപ്പോഴും ജീവിതത്തിലെ മറ്റു തിരക്കുകള്‍ കാരണം നമ്മെ തേടി വരുന്ന നമ്മുടെ ഒരു രചനയെ നാം കാണുന്നില്ല. എഴുത്തുകാരന് നല്ല ഒരു റിസപ്ഷനിസ്റ്റ് / റിസീവര്‍ ആയിരിക്കണം. ഞാനതിന് ശ്രമിക്കുന്നു. ഇടയ്ക്ക് തെറ്റിപ്പോകുന്നു. ഒരു ദൃശ്യം, ഒരു വാക്ക്, ഒരു ഓര്‍മ്മ, ഒരു ശബ്ദം ഇതെല്ലാം എഴുത്തിലേക്ക് നയിക്കാം. പ്രതിഭയുള്ള ഒരാള്‍ക്ക് ഇത് ഒരു സാധാരണ പണി മാത്രമായിരിക്കും.
സുഹൃത്തുക്കള്‍ക്ക് കോമാളിയും ബന്ധുക്കള്‍ക്ക് കുപ്പ'യുമായിരിക്കെ, തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് ഭൂമിയിലേക്ക് പറഞ്ഞയക്കപ്പെട്ട കവികളുടെ ഏകാന്ത വഴികളെക്കുറിച്ച് താങ്കള്‍ എഴുതിയിട്ടുണ്ട്. കവി ജീവിതത്തില്‍ തൃപ്തനാണോ മാഷ്?
ഉണ്ടായ സൃഷ്ടികളെ സംബന്ധിച്ചുള്ള നിരന്തരമായ അതൃപ്തിയാണ് പുതിയവയിലേക്ക് നയിക്കുന്നത്. തൃപ്തനായാല്‍ അയാളുടെ സര്‍ഗ്ഗാത്മക ജീവിതം നിന്നു. കവിയാകുവാന്‍ ഒരു കവിത എഴുതിയാല്‍ മതി. പക്ഷേ കവിയായി ജീവിക്കുവാന്‍ വലിയ സമര്‍പ്പണം ആവശ്യമുണ്ട്. അത്തരം കവികളെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല. കവിതയുടെ വിളി കേട്ട് ബന്ധങ്ങളും സുരക്ഷിത സൗകര്യങ്ങളും സമ്പന്നതയും വിട്ട് അവര്‍ തെരുവിലേക്കിറങ്ങുന്നു. ഞാന്‍ അങ്ങനെയൊരു കവിയല്ല. എന്റേത് ഉള്നടപ്പുകളാണ്. ഭ്രമണപഥം തെറ്റിക്കൂടായ്കയില്ല. ഒരു നിമിഷം മതി. അങ്ങനെയൊരു കവി ജീവിതം ഏതു കവിയാണ് കൊതിക്കാത്തത്. ഒരേസമയം കുളിക്കണമെന്ന് വിചാരിക്കുകയും കുളവക്കത്ത് മടിച്ചിരിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് ഞാന്‍. എന്റെ ഭൗതിക ജീവിതത്തിന് ഒരു കുഴപ്പമുമില്ല. എങ്കിലും ഏതു കവിയുടെയും കവിജീവിതം സുഖകരമാവില്ല. കവിത അയാളെ നിന്ദ്യനും കോമാളിയുമൊക്കെയാക്കിത്തീര്ക്കും.
എല്ലാ ബഹളങ്ങള്ക്കുമിടയിലും കൊടും ഏകാന്തതയില്‍ ഉറഞ്ഞുപോയ ഒരാളെന്ന് തോന്നിപ്പിക്കാറുണ്ട് താങ്കളുടെ കവിതകള്‍. അപ്പോഴും ചുറ്റുപാടുകളുടെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കവിതകളില്‍ കാണാം. ശക്തമായ രാഷ്ട്രീയം സംസാരിക്കാറുണ്ട് ആ കവിതകള്‍. ഇങ്ങനെ രാഷ്ട്രീയം സംസാരിക്കുമ്പോള്‍ സമകാലിക രാഷ്ട്രീയ ഇന്ത്യയിലെ സാഹചര്യങ്ങള്‍ താങ്കളെ ഭയപ്പെടുത്താറില്ലേ?
തീര്‍ച്ചയായും. ഭയക്കേണ്ട സാഹചര്യങ്ങളുണ്ട്. എങ്കിലും കെ.ജി.എസ്സിന്റെ ഈ കവിത ഓര്‍ക്കുക:
കൂട്ടുകാരാ,
ഭീരുത്വം മൂലം ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല.
ഇതാ കാലന്! ഇതാ കള്ളന്!
ഇതാ ജാരന്!ഇതാ പോസ്റ്റുമാന്!
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്,
പട്ടി എപ്പോഴും സ്വന്തം ദര്‍ശനം
അപ്പാടെ വിളിച്ചുപറയുന്നു.
ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവന്‍!
കൂട്ടുകാരാ,
പറയേണ്ടതു പറയാതെ,
ഒരു പട്ടിപോലുമല്ലാതെ,
വാലുപോലുമില്ലാതെ,
നരകത്തില്‍പ്പോലും പോകാതെ,
ഈ സൗധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു!
പ്രിയപ്പെട്ട കവിയാരാണ്. പുതുകവിതയെ വിലയിരുത്തുന്നതെങ്ങിനെയാണ്?
എനിക്ക് പ്രിയ കവികളില്ല എന്നതാണ് സത്യം. ഓരോ കാലത്തും ചില കവികളെ ഇഷ്ടമായിരുന്നു. ഇഷ്ടങ്ങള്‍ നിലനിര്‍ത്താനാവുന്നില്ല. ചെറുപ്പത്തില്‍ ഓ.എന്‍.വി, സുഗതകുമാരി തുടങ്ങിയവരായിരുന്നു ഇഷ്ടക്കാര്‍. പിന്നീട് സച്ചിദാനന്ദന്, കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുടെ ഇഷ്ടക്കാരനായി. സ്വാഭാവികമായും ചുള്ളിക്കാടിലും അതിനുശേഷം പുതുകവികളിലും ചെന്നെത്തി. ടി.പി രാജീവന്, പി.പി രാമചന്ദ്രന്, പി.രാമന്, കല്പറ്റ നാരായണന്, കുഴൂര്‍ വില്സന്, ടി.പി അനില്‍ കുമാര്‍, റഫീഖ് തിരുവള്ളൂര്‍, എസ് കലേഷ്, അരുണ്‍ പ്രസാദ്, ലതീഷ് മോഹന്‍, പ്രഭാ സക്കറിയാസ്, ദേവസേന, നസീര്‍ കടിക്കാട്, സിന്ധു മനോഹരന്, എം.ആര് വിഷ്ണുപ്രസാദ് ഇങ്ങനെ എണ്ണമറ്റ കവികളില്‍ വായിച്ച് സ്തംഭിച്ച് നിന്നിട്ടുണ്ട് ഓരോരോ കാലങ്ങളില്‍.
ഇപ്പോള്‍ ഷാജു വി.വി, സുധീര്‍ രാജ്, രാഹുല്‍ ഗോവിന്ദ്, അമ്മു ദീപ, ശ്രീകുമാര്‍ കരിയാട് എന്നിവരെ ആവേശത്തോടെ വായിക്കുന്നു. അത്ഭുതപ്പെടുത്തുന്ന നിരവധി കവികള്‍ ഓണ്‍ലൈനില്‍ എഴുതുന്നു. സിന്ധു കെ.വി, പത്മ ബാബു, രഗില സജി, എം ബഷീര്‍, അക്ബര്‍, ബിനു എം പള്ളിപ്പാട്, സജീവന് പ്രദീപ്, അനീഷ് പാറമ്പുഴ, എസ് കണ്ണന് തുടങ്ങി പേരുകള്‍ എഴുതിയാല്‍ തീരാത്തത്ര കവികള്‍ മലയാള കവിതയെ പുതുക്കിക്കൊണ്ടിരിക്കുന്നു.
അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്. ലോകംമുഴുവന്‍ വ്യാപിക്കുന്ന മഹാവ്യാധിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ജീവിതത്തിലാണ് നാം. എങ്ങനെയായിരിക്കും നമ്മുടെ അതിജീവനം?
ദുരന്തങ്ങള്‍ മാനവസമൂഹത്തെ ആദ്യമായിട്ട് ബാധിക്കുന്ന ഒന്നല്ല. ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കുമെന്ന വിശ്വാസമൊന്നും എനിക്കില്ല. കോവിഡ് ഭേദമായി പുറത്തിറങ്ങുമ്പോഴും ശാസ്ത്രത്തെയോ പരിചരിച്ച ഡോക്ടറെയോ നഴ്സുമാരെയോ നന്ദിപൂര്‍വം ഓര്‍ക്കുന്നതിനു പകരം താന്‍ പ്രാര്‍ഥിച്ച ദൈവത്തിന് ചാനല്‍ മൈക്കുകളില്‍ നന്ദി പറയുന്നത് കണ്ടു. പാത്രം മുട്ടാനും വെളിച്ചം കാട്ടാനുമുള്ള ആഹ്വാനങ്ങളോട് ജനത ഉത്സവം പോലെ പ്രതികരിച്ചതു കണ്ടു. എന്തു പ്രതീക്ഷയാണിങ്ങനെയുള്ള മനുഷ്യരുടെ ലോകത്തില്‍ വെച്ചു പുലര്‍ത്തേണ്ടത്?
എങ്കിലും സര്‍ഗാത്മകമായ മുന്നേറ്റങ്ങള്‍ ഉണ്ടാവും. ലോകരാഷ്ട്രങ്ങള്‍ കുറേക്കൂടി കരുതലെടുക്കും. ആരോഗ്യരംഗത്തെ സ്വകാര്യ മേഖലയ്ക്ക് കൊടുത്ത് കൈയും കെട്ടിയിരിക്കാന്‍ ഭരണകൂടങ്ങള്‍ ഇനി തയ്യാറായേക്കില്ല. ആ ഗോളതലത്തില്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ട്. ശമ്പളവും ചെലവും കുറച്ച് മനുഷ്യര്‍ ജീവിക്കാന്‍ പഠിക്കേണ്ടി വരും. ആഡംബരങ്ങള്‍ കുറയ്ക്കേണ്ടി വരും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുതല്‍ വേണ്ടി വരും. ഇക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി കാണിക്കുന്ന കരുതല്‍ മുഴുവന്‍ മനുഷ്യരും ഈ രോഗകാലത്തിനു ശേഷവും ഏറ്റെടുത്തു തുടരേണ്ടതാണ്. എല്ലാവര്ക്കും അതിനു കഴിയട്ടെ.
ലോക്ക്ഡൗണ്‍ കാലം നിരന്തരം കവിത ചൊല്ലിയാണ് മാഷ് അതിജീവിക്കുന്നത്. അയ്യപ്പപ്പണിക്കരുടെയും കടമ്മനിട്ടയുടെയും കവിതകള്‍. മാഷ് ചൊല്ലി വീഡിയോ രൂപത്തില്‍ ഫെയ്സ്ബുക്കിലിടുന്ന ആ കവിതകള്‍ക്ക് ഏറെ ആസ്വാദകരുമുണ്ട്. എങ്ങനെയാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയത്?
കവി കരീം മലപ്പട്ടത്തിന്റെ ആശയമായിരുന്നു കവിതകള്‍ വീഡിയോ രൂപത്തില്‍ ചൊല്ലിയിടുന്ന ദ ബീറ്റ് ജെനറേഷന് എന്ന ഗ്രൂപ്പ്. ഞാന്‍ അതിനെ പിന്തുണച്ചുവെന്നേയുള്ളൂ. ലോക്ക്ഡൗണ്‍ കാലം ഏറ്റവും സജീവമായത് ഈ ഗ്രൂപ്പാണ്. അതിലെ പല കവികളെയും കവിതകളെയും ഞാനടക്കം പലരും ആദ്യമായി കേട്ടു. ഇത്രയേറെ കവികളോ, ഇത്രയേറെ വൈവിധ്യം നിറഞ്ഞ കവിതകളോ എന്ന് വിസ്മയിച്ചു. മനുഷ്യര്‍ എന്തൊരു ആവേശത്തിലാണ് കവിതയിലേര്പ്പെടുന്നതെന്ന് ആ ഗ്രൂപ്പ് ശ്രദ്ധിച്ചാലറിയാം. കൂട്ടുകാരോടൊപ്പം കൂടുമ്പോള്‍ പഴയ കവിതകള്‍ ചൊല്ലാറുണ്ട്. ആ ഓര്‍മ്മയിലാണ് ഞാനും ചില കവിതകള്‍ ചൊല്ലാന്‍ ശ്രമിച്ചത്. പലരുടെയും അസാധാരണമായ മികവുറ്റ പ്രകടനം കണ്ട് ഞാനിപ്പോള്‍ തരിച്ചിരിക്കുകയാണ്.
അയ്യപ്പപ്പണിക്കര്‍, ടി.പി രാജീവന് മോഹനകൃഷ്ണന് കാലടി, എം.ആര് വിബിന്, എ ശാസ്ത്യ ശര്‍മ്മന്‍ തുടങ്ങിയവരുടെ കവിതകളാണ് ഞാനെന്റെ ടൈംലൈനില്‍ ചൊല്ലിയിട്ടത്. സ്വന്തം കവിതകളല്ലാതെ മറ്റുള്ളവരുടെ കവിതകള്‍ വായിക്കാനാണ് ഭൂരിഭാഗം പേരും ശ്രമിച്ചത് എന്നത് സന്തോഷകരമായി തോന്നി. സുധീഷ് കോട്ടേമ്പ്രത്തിന്റെയും എം ആര് വിഷ്ണു പ്രസാദിന്റെയും കവിതാ പ്രകടനങ്ങള്‍ കാണാനായി. കോവിഡ് വന്നപ്പോള്‍ ഇനി കോവിഡ് കവിതകള്‍ കൊണ്ട് ഓണ്‍ലൈന്‍ നിറയുമെന്ന് ധ്വനിപ്പിച്ചവര്ക്ക് നല്ലൊരു മറുപടിയായിത്തീര്‍ന്നു ഈ കവിത 'ചൊല്ലല്ക്കാലം.
കവിയുടെ കുടുംബം, വ്യക്തിജീവിതം?
ഭാര്യ പാത്തുമ്മക്കുട്ടിയും ഞാനും മൂന്നു കുട്ടികളുമായി വയനാട്ടില്‍ ചുള്ളിയോട് കഴിയുന്നു. മക്കള്‍ പഠിക്കുന്നു. ഞങ്ങള്‍ അധ്യാപകരായി ജോലി ചെയ്യുന്നു.
Content Highlights: Malayalam Poet Vishnu Prasad Interview