സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് തകഴി ട്രസ്റ്റ് നല്‍കിവരുന്ന തകഴി പുരസ്കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് ശ്രീകുമാരന്‍ തമ്പിക്കാണ്. സാഹിത്യത്തെക്കുറിച്ചും സിനിമയ്ക്കുറിച്ചും എഴുത്തിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
2020-ലെ ആദ്യപുരസ്കാരം തേടിവന്നത് ശ്രീകുമാരന്‍ തമ്പിയെയാണ്. തകഴിപുരസ്കാരം ലഭിച്ചിരിക്കുന്നു.
ഞങ്ങളൊക്കെ ആദ്യം അറിയുന്ന എഴുത്തുകാരന് തകഴിയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള അവാര്‍ഡു ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തകഴിയും ഹരിപ്പാടും അടുത്തടുത്താണ്. എന്റെയൊക്കെ മനസ്സിലുള്ള വലിയ സാഹിത്യകാരന്മാരില് ഒരാള്‍ തകഴിയാണ്. തകഴിയും കേശവദേവുമാണ് കുട്ടിക്കാലത്തെ മഹാന്മാരായ എഴുത്തുകാര്‍. ഹരിപ്പാട്ടെ ഏതെങ്കിലുമൊരു സമ്മേളനത്തില്‍ തകഴിയുടെ സാന്നിധ്യമുണ്ടാവാറുണ്ട് അക്കാലത്തൊക്കെ. ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയര്‍ എന്ന നോവലിലെ ഒരു ഭാഗമെടുത്ത് ജയരാജ് സിനിമയാക്കിയപ്പോള്‍ പാട്ടെഴുതാനുള്ള ക്ഷണം ലഭിച്ചു. തകഴിയുടെ സബ്ജക്ട് ആയതുകൊണ്ടാണ് എനിക്കാ പാട്ടുകള്‍ എഴുതാന്‍ താത്പര്യമായത്.
കാക്കത്തമ്പുരാട്ടി, കുട്ടനാട് എന്നീ നോവലുകളാണ് യഥാക്രമം ശ്രീകുമാരന്‍ തമ്പിയുടെ സര്ഗാത്മകജീവിതത്തിന് തുടക്കമിട്ടത്.
കാക്കത്തമ്പുരാട്ടി ഞാനെഴുതിയത് എന്റെ പതിനെട്ടാമത്തെ വയസ്സിലാണ്. കുട്ടനാട് എഴുതിയത് ഇരുപതാമത്തെ വയസ്സിലാണ്. കുട്ടനാട് ജനയുഗത്തില്‍ ഖണ്ഡശ്ശ: വന്നുകൊണ്ടിരിക്കുന്ന കാലത്ത് തകഴിയെ കണ്ടപ്പോള്‍ നോവല്‍ വായിക്കുന്നുണ്ട് നന്നാവുന്നുണ്ട് എന്നു പറഞ്ഞതോര്‍ക്കുന്നു. ജോസഫ് മുണ്ടശ്ശേരിയാണ് കുട്ടനാടിന്റെ ഒന്നാം പതിപ്പിന് അവതാരിക എഴുതിയത്. അന്നെല്ലാവരും പറഞ്ഞത് ശ്രീകുമാരന്‍ തമ്പി വലിയ നോവലിസ്റ്റായിത്തീരുമെന്നൊക്കെയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ആത്മകഥ ജീവിതം ഒരു പെന്‍ഡുലം ആത്മകഥാപരമായ ഒരു നോവലാണെന്ന് വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധിച്ചിരുന്നോ?

അതെന്റെ മാത്രം കഥയല്ല. എന്റെ വംശത്തിന്റെ കഥയാണ്. കണ്ണൂര്‍ ചിറക്കലില്‍ നിന്നും ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് തിരുവിതാംകൂറിലെത്തിയതിന്റെ ചരിത്രം കൂടിയാണത്. എന്റെ അമ്മയുടെ കഥയിലൂടെയാണ് അത് വികസിക്കുന്നത്. എന്റെ കുടുംബചരിത്രമെഴുതുമ്പോള് കുടുംബത്തിലുള്ളവര്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെട്ടു എന്നു വരില്ല. ഞാന്‍ സത്യമേ എഴുതൂ. കള്ളം കൂട്ടിച്ചേര്‍ക്കില്ല. സത്യം പറയുമ്പോള്‍ ചിലര്‍ക്ക് നോവും. അതങ്ങനെയാണല്ലോ. ബന്ധുക്കളും സുഹൃത്തുക്കളും ആത്മകഥ വായിച്ച് വിളിക്കാറുണ്ട്.
മുവ്വായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചുകഴിഞ്ഞു. നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. ഹൃദയഗാനങ്ങളുടെ കവി എന്ന് വിശേഷിക്കപ്പെടുന്നു. സത്യത്തില്‍ മലയാള ചലച്ചിത്രഗാനശാഖയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മലയാള കാവ്യഭാവുകത്വത്തിന് മതിയായ പരിഗണന കൊടുക്കാതിരിക്കുകയും ചെയ്തില്ലേ?
ഞാന്‍ മലയാളകവിതയില്‍ നിന്നും മാറിനിന്നിട്ടില്ല.അമ്പതു വര്ഷംമുന്നേ എഴുതിയ ഒരു കവിതയെക്കുറിച്ച് ഇന്നാരു പറയുന്നു? പക്ഷേ അമ്പതു വര്‍ഷം മുന്നേ എഴുതിയ ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഇന്നും ജനഹൃദയങ്ങളിലുണ്ട്. അത് പാട്ടിന്റെ മേന്മയാണ്. സംഗീതത്തിന്റെ കൂടി മേന്മയാണ്. കവിത ഒരു ന്യൂനപക്ഷത്തിന്റെ കലയാണ്. ഭൂരിപക്ഷത്തിന്റെ കലയാവാന്‍ ഒരിക്കലും ഒരുകാലത്തും കവിതയ്ക്കു പറ്റില്ല. എഴുത്തച്ഛന്റെ കാലത്തുപോലും കവിത ന്യൂനപക്ഷത്തിന്റേതായതുകൊണ്ടാണ് അദ്ദേഹം പാട്ടെഴുതിയത്. അധ്യാത്മരാമായണം കിളിപ്പാട്ട് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചെറുശ്ശേരി എഴുതിയിരിക്കുന്നത് കൃഷ്ണഗാഥയാണ്. ഗാഥ എന്നാല്‍ പാട്ടാണ്. പത്തു കവിതാസമാഹാരങ്ങള്‍ എന്റേതായിട്ടുണ്ട്. ഒരു കവിയും കുറേ മാലാഖമാരുമാണ് എന്റെ ആദ്യകവിതാസമാഹാരം. മലയാള കവിതയ്ക്ക് ഞാന്‍ സംഭാവനകളെല്ലാം നല്‍കിയിട്ടുണ്ട്. തിരിച്ചെന്നെ പരിഗണിച്ചിട്ടുണ്ടോ എന്നതാണ് എന്റെ ചോദ്യം.
പരിഗണിക്കുന്നില്ല എന്നു തോന്നിയതെന്തുകൊണ്ടാണ്?
വിവിധ മേഖലകളില്‍ ഒരേസമയം പ്രവര്‍ത്തിക്കുകയും അവിടെയൊക്കെ മികവ് തെളിയിക്കുകയും ചെയ്തവരോട് ആളുകള്‍ക്ക് അസൂയകാണും. പതിനൊന്നാം വയസ്സുമുതല്‍ അസൂയ എന്റെ ശത്രുവാണ്. മനുഷ്യരല്ല മറിച്ച് അസൂയ എന്ന വികാരമാണ് എന്റെ ശത്രു. എന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഞാനൊരു കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിച്ചു. എഡിറ്ററും എഴുത്തുകാരനും ഒക്കെ ഞാന്‍തന്നെ. അതിന്റെ മുഖചിത്രം ഞാന്‍തന്നെ വരച്ചു. കഥയും എന്റെതു തന്നെ. പൂക്കുല എന്നൊരു കയ്യെഴുത്തു മാസിക ക്ലാസിൽ കൊണ്ടുവന്നപ്പോള്‍ തന്നെ വൈകാരികപ്രശ്നമായി. എതിരാളികളുണ്ടായി. അത് ഈ എഴുപത്തൊമ്പതാം വയസ്സിലും ഞാന്‍ നേരിടുന്നുണ്ട്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല.
ഞാനൊരിടത്തും യാചിച്ചു നിന്നവനല്ല. ആക്രമിച്ചു നിന്നവനാണ്. മലയാളസിനിമാചരിത്രത്തില്‍ ഞാന്‍ നേരിട്ട ആക്രമണത്തോളം ആരും നേരിട്ടിട്ടില്ല. ദേവരാജന്‍ മാഷ് ഒരു ഘട്ടത്തില്‍ എന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കില്ലെന്ന് പറഞ്ഞു. വെളുത്ത കത്രീന എന്ന ചിത്രത്തിന്റെ സമയത്താണ് അദ്ദേഹത്തോട് ആരൊക്കെയോ വിളിച്ചു പറയുന്നത് എന്നോട് സഹകരിക്കരുതെന്ന്. അന്നത്തെ പുരോഗമനവാദികളായ കലാകാരന്മാര് പറഞ്ഞു ശ്രീകുമാരന്‍ തമ്പി കമ്യൂണിസ്റ്റല്ല, അയാളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന്. ഇനി സഹകരിക്കില്ലെന്ന് ദേവരാജന്‍ മാഷും പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ള വലിയ മ്യൂസിക് ഡയറക്ടര്‍ പയ്യനായ എന്നോടൊപ്പം ജോലിചെയ്യേണ്ട ആവശ്യമില്ലെന്ന് ആരൊക്കെയോ പറഞ്ഞത്രേ. കൂട്ടുകാര്ക്കിഷ്ടമില്ലാത്തതുകൊണ്ട് ഇനി സഹകരിക്കില്ലെന്ന് ദേവരാജന്‍ മാഷ് പറഞ്ഞു. ഞാനും ദേവരാജന്‍മാഷും ചേര്ന്നപാട്ടുകളെല്ലാം ഹിറ്റായിരുന്നു. അതായിരുന്നു എനിക്കെതിരേയുള്ള ആക്രമണത്തിനു കാരണം. ഞാനതു ചെറുത്തുനിന്നു. അഞ്ചുകൊല്ലം എന്നോട് സഹകരിച്ചില്ല. പിന്നെ അദ്ദേഹം തന്നെ ഇങ്ങോട്ടുവന്നു. രണ്ടാമത് ഞങ്ങളൊന്നിച്ച ചിത്രത്തിന് ഞാനിട്ട പേര് കാലചക്രമെന്നാണ്.
മുപ്പത് സിനിമകള്‍, എണ്‍പത്തഞ്ച് തിരക്കഥകള്‍, നാല് നോവലുകള്‍, പത്ത് കവിതാസമാഹാരങ്ങള്‍, ഇരുപത്തിയഞ്ച് സിനിമകളുടെ നിര്‍മാണം, ആറ് ടെലിസീരിയലുകള്‍. എഞ്ചിനീയറുകാരനായ, കോഴിക്കോട് അസിസ്റ്റന്റ് ടൗണ്‍ പഌനറായിരുന്ന ശ്രീകുമാരന്‍ തമ്പിയുടേത് റെക്കോഡ് നേട്ടങ്ങളാണ്.
കോഴിക്കോട് അസിസ്റ്റന്റ് ടൗണ്പ്ലാനറായിരിക്കുമ്പോള് ഞാന്‍ രണ്ടു തിരക്കഥകളാണ് എഴുതിയിരുന്നത്. അപ്പോള്‍ എനിക്ക് ഡിപ്പാര്‍ട്ടുമെന്റ് മേലുദ്യോഗസ്ഥന്മാരില് നിന്നും ഭീഷണിയുണ്ടായി. സിനിമവേണോ തൊഴിലുവേണോ എന്ന സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഞാന്‍ സിനിമ തിരഞ്ഞെടുത്തു. ജോലി രാജിവെച്ചു. ഒ.എന്‍.വിയ്ക്കും അത്തരമൊരു സമ്മര്‍ദമുണ്ടായതായി തോന്നുന്നു. ബാലമുരളി എന്ന പേരിലാണ് അദ്ദേഹം പാട്ടുകളെഴുതിയിരുന്നത്.
സാഹിത്യവും സിനിമയും പരസ്പരമാശ്രയിച്ചിരുന്ന കാലത്താണ് ശ്രീകുമാരന്‍ തമ്പിയും സജീവമായിരുന്നത്. മിക്ക എഴുത്തുകാരുടെയും ചെറുകഥകള്‍ക്ക് സിനിമാഭാഷ്യം കൈവന്ന കാലം, സ്വന്തം കൃതികളെയല്ലാതെ ശ്രീകുമാരന്‍ തമ്പിയും മറ്റുകഥകളെ അനുകല്പനവിധേയമാക്കിയിട്ടുണ്ട്. എം.ടി, ടി.പത്മനാഭന്, പത്മരാജന് തുടങ്ങിയവരുടെയൊന്നും കഥകള്‍ അന്ന് ശ്രീകുമാരന്‍ തമ്പിയെ സ്വാധീനിച്ചിട്ടില്ലായിരുന്നോ?
തീര്‍ച്ചയായും സ്വാധീനിച്ചിരുന്നു. പക്ഷേ ഞാനെപ്പോഴും സ്വന്തമെഴുതി സംവിധാനം ചെയ്യുന്ന ആളാണ്. വിളിച്ചു വിളികേട്ടു എന്ന തോപ്പില്‍ഭാസിയുടെ തിരക്കഥയും കെ. സുരേന്ദ്രന്റെ ഭിക്ഷാംദേഹി എന്ന നോവലുമാണ് ഞാന്‍ പുറത്തുനിന്നെടുത്തത്. കെ. സുരേന്ദ്രന്റെ എഴുത്തുകളോട് എനിക്ക് പ്രത്യേകം താല്പര്യമുണ്ട്. മനസ്സ് ആണ് അദ്ദേഹത്തിന്റെ പ്രധാനവിഷയം. സ്ത്രീപക്ഷ വിഷയമായിരുന്നു ഭിക്ഷാംദേഹി. ഏതോ ഒരു സ്വപ്നം എന്ന പേരില്‍ ആണ് അത് സിനിമയാക്കിയത്. തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ചത് ഒരു മാറ്റമാഗ്രഹിച്ചതുകൊണ്ടാണ്.
എം.ടിയുടെ കുട്ട്യേടത്തി എന്ന സിനിമയ്ക്കുവേണ്ടി ഞാനാണ് പാട്ടെഴുതിയത്. അക്കാലത്തെ പ്രധാനപ്പെട്ട സംവിധായകരാരും തന്നെ എന്നെക്കൊണ്ടുപാട്ടെഴുതിച്ചിരുന്നില്ല. കാരണം ഞാന്‍ സംവിധാനം ചെയ്യുന്നത് അവര്ക്കിഷ്ടമില്ലായിരുന്നു. ഭരതനെന്നെക്കൊണ്ട് പാട്ടെഴുതിച്ചിട്ടില്ല. കെ.ജി ജോര്‍ജ് എഴുതിച്ചിട്ടില്ല. സേതുമാധവന് രണ്ടുപടത്തില് നിര്‍മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതിക്കേണ്ടിവന്നു. വിന്‍സെന്റ് മാസ്റ്റര്‍ എനിക്കു പാട്ടു തന്നിട്ടില്ല. പാട്ടഴുത്തുകാരനായ പി.ഭാസ്കരന് മാഷാണ് എനിക്ക് അദ്ദേഹത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന് പാട്ട് തന്നത്. ശ്രീകുമാരന്‍ തമ്പി ഒന്നുമല്ല എന്നു പറഞ്ഞുനടന്നിരുന്ന ഒരു സംഘമുണ്ടായിരുന്നു.
പത്മരാജനും ഞാനും ബന്ധുക്കളായിരുന്നു. എന്നാലും സിനിമയില്‍ പരസ്പരസഹകരണം ആവശ്യമില്ലായിരുന്നു രണ്ടുപേര്‍ക്കും. പിന്നീട് ഒ.എന്‍.വിയുമായി പിണങ്ങിയപ്പോളാണ് എന്നെ തൂവാനത്തുമ്പികളിലേക്ക് വിളിക്കുന്നത്. മലയാള സിനിമയിലെ സോകാള്‍ഡ് ബുദ്ധിജീവികള്‍ക്ക് ശ്രീകുമാരന്‍ തമ്പി അഗണ്യനായിരുന്നു. ജനങ്ങളാണ് എന്റെ കലയെ അംഗീകരിച്ചത്. ഒരു കോക്കസല്ല. എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. ഞാന്‍ ഏകാകിയാണ്. മദ്യപിക്കാതെയും പുകവലിക്കാതെയും വ്യഭിചരിക്കാതെയും കിട്ടിയ അവസരങ്ങളേ എനിക്ക് മലയാളസിനിമയിലുള്ളൂ.
മോഹിനിയാട്ടം മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമയാണ്
എന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ് മോഹിനിയാട്ടം പറഞ്ഞത്. പീഡനത്തിനിരയായവരുടെ ധീരമായ അതിജീവനം എഴുപത്തിയാറില്‍ മലയാളസിനിമയ്ക്ക്് വിഷയമാക്കി. പ്രണയത്തില്‍, തൊഴിലിടത്തില്‍ , ദാരിദ്ര്യത്തില്‍ ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ കഥയാണ് മോഹിനിയാട്ടം ചര്‍ച്ചചെയ്തിരുന്നത്. എന്റെ എണ്പത്തഞ്ചുതിരക്കഥകളും എണ്പത്തഞ്ചുനോവലുകളാണ്. കാക്കത്തമ്പുരാട്ടി എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ നിര്‍മാതാവ് കുറച്ചുമാറ്റങ്ങള്‍ നിര്‍ദേശിച്ചു. പ്രണയവും വിശ്വാസവുമായിരുന്നു അതില്‍ ഞാന്‍ പറയാനാഗ്രഹിച്ചത്. പ്രണയിച്ച് വിവാഹം ചെയ്ത ഭര്‍ത്താവ് സംശയക്കാരനായി മാറുന്നു. അയാളെ ഉപേക്ഷിച്ച് തന്നെ വിശ്വസിക്കുന്ന റൗഡിയുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുന്ന നായികയോട് നിര്‍മാതാവിന് അനുകൂലിക്കാനാവുമായിരുന്നില്ല. എനിക്ക് പക്ഷേ മാറ്റിചിന്തിക്കാന്‍ പറ്റില്ലായിരുന്നു. അതേപോലെത്തന്നെയാണ് 1975-ല്‍ ചിത്രീകരിച്ച തിരുവോണം എന്ന ചിത്രത്തില്‍ മയക്കുമരുന്നിനടിപ്പെട്ട യുവാവിന്റെ കഥ പറഞ്ഞതും.
നേരത്തേ ചിട്ടപ്പെടുത്തിയ ട്യൂണിനനുസൃതമായുള്ള പാട്ടെഴുത്തിനെ വിമര്‍ശിച്ചിട്ടുണ്ട് ശ്രീകുമാരന്‍ തമ്പി.
എന്റെ അമ്പതുശതമാനം പാട്ടുകളും നേരത്തെ നിശ്ചയിച്ച ട്യൂണിനനുസരിച്ച് എഴുതിയതാണ്. എനിക്ക് സംഗീതമറിയാം. മലയാളികളായ സംഗീതസംവിധായകര്‍ ആദ്യം ട്യൂണ്‍ കൊണ്ടുവരുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്. കവിത്വമുള്ള പാട്ടുകള്‍ മലയാളത്തില്‍ കുറയുന്നത് ഇതുകൊണ്ടാണ്. ഇപ്പോഴത്തെ ഗാനരചയിതാക്കളില്‍ കവി എന്നു പറയാവുന്നത് റഫീക്ക് അഹമ്മദിനെയാണ്. പക്ഷേ അദ്ദേഹമല്ലല്ലോ കൂടുതല്‍ പാട്ടുകളെഴുതുന്നത്. എന്തുകൊണ്ട്?. ഇപ്പോളത്തെ ഗാനങ്ങള്‍ക്ക്് കവിത വേണ്ട. വാക്കുകള്‍ മതി.
ഒരു നോവല്‍ അല്ലെങ്കില്‍ ചെറുകഥ വായിക്കുമ്പോള്‍ ഇത് സിനിമയാക്കാമായിരുന്നു എന്നുതോന്നിയിട്ടുണ്ടോ?
ചന്തുമേനോന്‍ മുതല്‍ സി. രാധാകൃഷ്ണന്വരെയുള്ളവരുടെ ഓരോ രചനകളും സിനിമയാക്കാന്‍ പറ്റിയതാണ്. കാരണം ദൃശ്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു. ആനന്ദിന്റെ നോവല്‍ സിനിമയായാല്‍ ആസ്വാദനതലം വേറെയാകും. അത് ജനകീയമാവില്ല. ആനന്ദ് പുതിയഭാവുകത്വം കൊണ്ടുവന്ന എഴുത്തുകാരനാണ്. സിനിമ അതല്ല. സിനിമ സാഹിത്യമല്ല; എന്നാല്‍ സാഹിത്യകൃതികള്‍ സിനിമയാക്കാം. എം.ടിയുടെ ഏതു രചനയെടുത്താലും അപാരമായ ദൃശ്യഭാഷ കാണാം. ഒന്നാന്തരം നോവലുകള്‍ ഒന്നാന്തരം സിനിമയാവുന്നുണ്ട്. പക്ഷേ എല്ലാ ഒന്നാന്തരം നോവലിലും അത് സാധ്യമല്ല. ഉത്തരാധുനികം എന്നൊക്കെ പറഞ്ഞുവരുന്ന രചനകള്‍ സാഹിത്യത്തിനു നല്ലതാണ് പക്ഷേ സിനിമയ്ക്കു നന്നായിക്കൊള്ളണമെന്നില്ല.അതുകൊണ്ടാണ് സാഹിത്യകാരന്മാര് സിനിമയ്ക്കു പുറത്താവുന്നത്. പണ്ട് സംവിധായകന്റെ കലയായിരുന്നു സിനിമയെങ്കില്‍ ഇന്ന് അത് നായകന്റെ കലയാണ്. നായകനാണ് തീരുമാനിക്കുന്നത് ആര് സംവിധാനം ചെയ്യണമെന്ന്. പണ്ട് തിരിച്ചായിരുന്നു. സിനിമാനിര്‍മാണത്തിന്റെ അധികാരശ്രേണി മാറി. മലയാള സിനിമ ശീര്ഷാസനത്തിലിരിക്കുകയാണ്.
ഇനിയൊരു സിനിമാസംവിധാനത്തെക്കുറിച്ച് ആലോചനയുണ്ടോ?
എന്റെയുള്ളിലൊരു കഥയുണ്ട്. സാമ്പത്തികമാണ് ഇല്ലാത്തത്. കഴിഞ്ഞ പടം സാമ്പത്തികമായി പരാജയപ്പെട്ടു. അമ്മയ്ക്കൊരു താരാട്ട് എന്ന പടം വാര്‍ധക്യത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ളതായിരുന്നു. പക്ഷേ സാമ്പത്തികമായി വിജയിച്ചില്ല. സാറ്റലൈറ്റ് റൈറ്റ് ഇല്ലാതെ തിയ്യറ്ററുകളെ മാത്രം ആശ്രയിച്ചുകൊണ്ട് സിനിമയെടുക്കാന്‍ പറ്റില്ല. സാറ്റലൈറ്റുകാര്‍ ഓരോ താരത്തിനും മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഞാന്‍ ചട്ടമ്പിക്കല്യാണി എടുക്കുമ്പോള്‍ കേരളത്തില്‍ ആയിരം സ്റ്റേഷനുകളുണ്ടായിരുന്നു. ഓരോ സ്റ്റേഷനും കീഴില്‍ ഒന്നില്‍ കൂടുതല്‍ തിയ്യറ്ററുകളുമുണ്ടാവും. ആയിരം സ്റ്റേഷനുകളിലും ചട്ടമ്പിക്കല്യാണി വിജയകരമായി ഓടി. ആ സ്ഥാനത്ത് ഇന്ന് ഇരുനൂറ് സ്റ്റേഷനുകളേയുള്ളൂ. അഞ്ചിലൊന്നായിട്ട് സ്റ്റേഷനുകളുടെ എണ്ണം കുറഞ്ഞു. അപ്പോള്‍ എങ്ങനെ സിനിമയില്‍നിന്ന് ലാഭമുണ്ടാകും?
ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ ജീവിതം ഒരു പെന്‍ഡുലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം
Content Highlights: Malayalam poet,lyricist, Director, Script Writer Sreekumaran Thampi Interview