ന്നോളം താന്‍ എഴുതിയിട്ടുള്ള കവിതകളുടെയും നടത്തിയിട്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മൂല്യമെന്നു പറയുന്നത് ഇപ്പോള്‍ ഇന്ത്യക്കുമേല്‍ കരിനിഴല്‍ പടര്‍ത്തിയിരിക്കുന്ന ഫാസിസത്തിനെതിരേയുള്ള  ശബ്ദമാണെന്ന് പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചതിന്റെ സന്തോഷം മാതൃഭൂമിയുമായി പങ്കിടുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അമ്പതു വര്‍ഷമായി കവിതയില്‍ ഞാന്‍ സജീവമാണ്. ഫാസിസത്തേയും സവര്‍ണമേധാവിത്തത്തേയും മതപരമായി രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനേയും മനുഷ്യാവകാശലംഘനത്തേയും രാഷ്ട്രീയകോയ്മകളേയും പീഡനങ്ങളേയും അടിമുടി എതിര്‍ക്കുന്നതാണെന്റെ കവിതകള്‍- കെ.ജി.എസ്. പറഞ്ഞു.

കെ.ജി.എസിന്റെ വാക്കുകള്‍:

ammamar
പുസ്തകം വാങ്ങാം 

''അനീതിയെ പ്രതിരോധിക്കുകയാണെന്റെ കവിതകളുടെ ദൗത്യം. അധികാര വിമര്‍ശനവും എന്റെ കവിതകളുടെ ധര്‍മമാണ്. അത്തരമൊരു കാവ്യനീതിയുടെ അംഗീകാരമായിട്ടാണ് കേരളസാഹിത്യ അക്കാദമിയുടെ ഈ വിശിഷ്ടാംഗത്വത്തെ ഞാന്‍ കാണുന്നത്. നമ്മള്‍ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത് എവിടെയൊക്കെയോ ഉള്ള മനുഷ്യര്‍ തിരിച്ചറിയുന്നു എന്നതും  ആത്മവിശ്വാസം തരുന്നു.

വാക്കിന് അത് ബലം കൂട്ടുന്നുണ്ട്. അനീതിക്കെതിരായിട്ടുള്ള പ്രതിരോധമാണ് എന്നെ സംബന്ധിച്ചിടത്തോളം കവിത എന്നതുകൊണ്ടുതന്നെ ഇനിയും ഈ രംഗത്ത് ഇതേപോലെത്തന്നെ തുടരും.സര്‍ഗാത്മകമായിട്ടുള്ള എന്തും ഒരു സംസ്‌കാരത്തില്‍ അനീതിക്കെതിരായ പ്രതിരോധമാണ്. സ്‌നേഹം പോലും. ആ നിലയ്ക്ക് പ്രതിരോധം എന്ന വിശാലമായ സാംസ്‌കാരിക-മാനുഷികഗണത്തിലാണ് എന്റെ എഴുത്തിടം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉച്ചത്തിലുള്ള നീതിയുടെ ശബ്ദമാണ് കലാപം എന്ന് വിരോധികള്‍ പേരിട്ടിരിക്കുന്ന പ്രതിരോധം ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. വളരെയധികം അപഹസിക്കപ്പെടുകയും എന്നാല്‍ വ്യാപകമായി പിന്തുണയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു നീതിക്കുവേണ്ടിയുള്ള ഈ കലാപം. ഏകാധിപത്യപ്രവണതയെയും സങ്കുചിതത്വങ്ങളേയും ഫാസിസത്തെയുമൊന്നും ഇന്ത്യന്‍ യുവത വെച്ചുപൊറുപ്പിക്കില്ല. 

ഭാവിയെപ്പറ്റി ചിന്തയുള്ള, മനുഷ്യരേയും പ്രകൃതിയേയും സര്‍വജീവജാലങ്ങളെയും സ്‌നേഹിക്കുന്നവര്‍ ഈ പ്രക്ഷോഭത്തോടൊപ്പം നില്‍ക്കണമെന്നാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളത്. എന്റെ കൂടെ പുരസ്‌കൃതരായവരെല്ലാം തന്നെ അവരുടേതായ രീതിയില്‍ വലിയ ക്രിയേറ്റീവ് എനര്‍ജി പ്രകടിപ്പിച്ചിട്ടുള്ളവരാണ്. സ്തുതിവാക്കില്‍ ആടുന്ന വാലല്ല, എതിര്‍വാക്കില്‍ ആളുന്ന നീതിയാണ് കല എന്ന് 'ഗോര്‍ക്കിയെക്കൊണ്ട് പൊറുതി മുട്ടിയപ്പോള്‍' എന്ന കവിതയില്‍ ഗോര്‍ക്കി ലെനിനോട് സംസാരിക്കുന്നതായിട്ട് ഞാനെഴുതിയിട്ടുണ്ട്. വരി എന്റേതാണെങ്കിലും ഗോര്‍ക്കിയെക്കൊണ്ടാണത് പറയിക്കുന്നത്. എന്റെ സന്ദര്‍ഭത്തില്‍ അത് കവിതയാണ്, എം. മുകുന്ദന്റെ സന്ദര്‍ഭത്തില്‍ അത് നോവലാണ്. സര്‍ഗാത്മകതയെന്നാല്‍ ഈ എതിര്‍വാക്ക് ആളിക്കുന്നതാണ്. 

 

athinal njan branthanaayilla
പുസ്തകം വാങ്ങാം

പ്രശാന്തകാലത്ത് നടക്കുന്ന ഒറ്റയൊറ്റ പ്രക്ഷോഭങ്ങളുണ്ട്. അത് പലതും ഏകപ്രശ്‌നപ്രക്ഷോഭങ്ങളായിരുന്നു. ദളിത് വിമോചനം, സ്ത്രീമോചനം, ജാതിസമരം തുടങ്ങി സിംഗിള്‍ഇഷ്യു മൂവ്‌മെന്റ് ആവുമ്പോഴാണ് പലപ്പോഴും അതിന്റെ മാത്രമായ ഒരു പ്രത്യേക ആശയം അഥവാ ഐഡിയോളജി പ്രവര്‍ത്തനസജ്ജമാവുന്നത്. ഇന്നത്തെപ്പോലെ ഒരു നിരവധി പ്രശ്‌നങ്ങള്‍ ഒന്നിച്ചു നേരിടുമ്പോള്‍ തീര്‍ച്ചയായും ഫാസിസത്തിനെതിരേ പണ്ട് ദിമിത്രോവ് പറഞ്ഞതുപോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഐക്യമുന്നണിയാണ്. 

ഫാസിസത്തിനെതിരേ ഐക്യപ്പെട്ടു കൊണ്ടാണ് ജനത പ്രതിരോധിക്കുന്നത്. അതാണിപ്പോള്‍ ഇന്ത്യയില്‍ നാം കാണുന്നത്. ഇന്നിപ്പോള്‍ ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയാല്‍പ്പോലും നാളെ അതിന്റെ പതിന്മടങ്ങ് ഇരട്ടിയായി ഉയിര്‍ത്തെഴുന്നേറ്റുവരും. ജനതയില്‍ അനന്തമായ വിശ്വാസമുള്ള ഒരു മനുഷ്യനാണ്‌ ഞാന്‍. ജനങ്ങളാണ് യഥാര്‍ഥ ചരിത്രസൃഷ്ടാക്കള്‍. അല്ലാതെ ഒന്നുരണ്ട് നേതാക്കന്മാരല്ലല്ലോ.

ബുദ്ധിജീവികളോ ദാര്‍ശനികരോ നയിക്കാത്ത ഒരു പ്രക്ഷോഭം എന്നതിന്റെ അര്‍ഥം ജനങ്ങളില്‍ സഹജമായിട്ടുള്ള രാഷ്ട്രീയ മൂല്യബോധമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. അതിനുള്ളില്‍ മതേതരമായ ഒരു വലിയ മഹത്തായ വികാരമുണ്ട്. വലിയ ജനാധിപത്യബോധമുണ്ട്. വലിയമനുഷ്യാവകാശബോധമുണ്ട്, സഹജീവികളോട്, അന്യമതത്തിലോ ജാതിയിലോപെട്ടവരോടുള്ള ഇഷ്ടമുണ്ട്. അഗാധമായ മനുഷ്യത്വമാണ് ഈ പ്രക്ഷോഭത്തിലുള്ളത്. 

ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ സംഭവിച്ചു എന്നത് ഇടക്കാലത്തുണ്ടായ എല്ലാ ആശങ്കകളേയും തുരത്തിക്കളയുന്നതാണ്. ഈ പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് രാമചന്ദ്രഗുഹയെപ്പോലൊരാള്‍ തെരുവിലിറങ്ങി എന്നത് ഇന്ത്യയിലെ മൊത്തം ധിഷണാശാലികള്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ്. അദ്ദേഹത്തിനു നേരെ മുഷ്ഠിചുരുട്ടിയ പൊലീസുകാരന്‍ ഇന്ത്യന്‍ മര്‍ദ്ദക സര്‍ക്കാരിന്റെ പ്രതിനിധിയാണ്.''

കെ.ജി.എസിന്റെ പുസ്തകങ്ങള്‍ വാങ്ങാം 

 

Content Highlights: Malayalam poet KG Sankara Pillai Interview