കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവർത്തകൻ, പകരം വെക്കാനില്ലാത്ത സംഘാടകൻ, കേരളത്തിലെ നാടകാചാര്യൻ...ഒ.മാധവൻ അരങ്ങൊഴിഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ട് തികയുന്നു. അദ്ദേഹം തന്റെ ജീവിതത്തിൽ ഇടപെട്ട സന്ദർഭത്തെക്കുറിച്ച് സംസാരിക്കുകയാണ് മകൻ മുകേഷ്.

ച്ഛന്റെ വിയോഗത്തിന് ഒന്നരപ്പതിറ്റാണ്ട് തികയുമ്പോൾ മകനെന്ന നിലയിൽ ഒരുപാട് ഓർമകൾ പങ്കുവെക്കാനുണ്ടെനിക്ക്. എങ്കിലും എന്റെ ജീവിതത്തിൽ അദ്ദേഹം ഇടപെട്ട ഒരേയൊരു സന്ദർഭമാണ് എന്നെന്നും എന്റെയുള്ളിൽ നിറഞ്ഞു നിൽക്കാറ്. കാരണം ആ ഇടപെടലായിരുന്നു എന്റെ ജീവിതം നിർണയിച്ചത്.

എന്റെ സ്കൂൾ വിദ്യാഭ്യാസം ഇൻഫാന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ ഇംഗ്ളീഷ് മീഡിയം സ്കൂളിലായിരുന്നു. പഠനമാധ്യമം ഇംഗ്ളീഷ്, രണ്ടാം ഭാഷ ഹിന്ദി, മൂന്നാം ഭാഷ മലയാളം എന്നിങ്ങനെയായിരുന്നു പഠിച്ചത്. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രിയ്ക്കു ചേർന്നപ്പോൾ സെക്കന്റ് ലാംഗ്വേജിന്റെ പ്രശ്നമുദിച്ചു. മലയാളമെടുത്താലും ജയിക്കില്ല, ഹിന്ദിയെടുത്താലും ജയിക്കില്ല. ഇൻഫാന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂളിൽ നിന്ന് വന്നവരൊക്കെ ഫ്രഞ്ച് ആണ് സെക്കന്റ് ലാംഗ്വേജായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ചെടുത്തുകഴിഞ്ഞാലുള്ള ഗുണം തോൽക്കില്ല എന്നതാണ്. കൊല്ലത്ത് ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു ടീച്ചറുണ്ട്. എല്ലാവരും അവിടെ ട്യൂഷന് പോകും. മാത്രമല്ല മലയാളം ക്ളാസുകളിൽ കയറണ്ട. ആ സമയം ഫ്രീയായി നടക്കാം. വൈകുന്നേരം നാലരമുതൽ അഞ്ചരവരെ ടീച്ചറുടെയടുത്തുപോയി പഠിക്കാവുന്നതേയുള്ളൂ. അങ്ങനെ ഞാൻ ഫ്രഞ്ച് എടുത്തു.

പിറ്റെ ദിവസം ഒരു കാര്യവുമില്ലാതെ അച്ഛൻ ചോദിച്ചു; നീ സെക്കന്റ് ലാംഗ്വേജ് ഏതാ എടുത്തിരിക്കുന്നത്?അതുവരെ എന്റെ പഠനതാല്പര്യങ്ങളിലൊന്നും ഇടപെടാതിരുന്ന ആളാണ്. ഞാൻ ഫ്രഞ്ച് എന്ന് മറുപടി പറഞ്ഞതും ഉടനടി മറുചോദ്യം വന്നു. ഫ്രഞ്ചെടുത്തിട്ട് എന്തുണ്ടാക്കാനാണ്. നീ ഫ്രാൻസിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? മലയാളമെടുത്താൽ മതി. അപ്പോൾ ഞാൻ പറഞ്ഞു, മലയാളമെടുത്താൽ ഞാൻ തോറ്റുപോകും. അതിനു പരിഹാരമെന്നോണം പറയുകയാണ് ജയിക്കുംവരെയല്ലേ തോൽക്കുകയുള്ളൂ, കൂടുതൽ തവണ പഠിച്ചാൽ കൂടുതൽ നല്ലതാണ്.

മറുത്ത് പറയാനൊന്നും ഇടതരാതെ പിറ്റേന്നു തന്നെ മലയാളത്തിലേക്ക് മാറിയേക്ക് എന്ന നിർദ്ദേശവും തന്നു. എനിക്കാകെ അരിശം വന്നു. ഈ തലമുറയൊക്കെ എന്താണ് ഇങ്ങനെ എന്നൊക്കെ തോന്നിപ്പോയി. ഒന്നും അങ്ങോട്ടു പറഞ്ഞാൽ മനസ്സിലാവില്ല. ഞാൻ പക്ഷേ ഫ്രഞ്ചിൽ നിന്ന് മാറാനൊന്നും പോയില്ല. മൂന്നാലുദിവസം കഴിഞ്ഞിട്ട് ഭാഷമാറാൻ അപേക്ഷകൊടുക്കേണ്ട ഡേറ്റ് കഴിഞ്ഞുപോയി, ഇനി ഫ്രഞ്ച് തന്നെ പഠിച്ചാൽ മതി എന്ന് അവിടുന്ന് പറഞ്ഞു എന്നൊക്കെ കള്ളം പറയാമെന്ന് മനസ്സിൽ കരുതി വച്ചു.

പിറ്റേന്ന് ക്ളാസിലിരിക്കുമ്പോൾ പ്യൂൺ വന്ന് പറഞ്ഞു പ്രിൻസിപ്പലിന്റെ മുറിയിൽ അച്ഛനിരിക്കുന്നുണ്ട്, കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു എന്ന്. ഫ്രഞ്ചിന്റെ കാര്യമൊക്കെ ഞാൻ മറന്നുപോയിരുന്നു. കാര്യം പിടികിട്ടാതെ ഞാൻ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെന്നപ്പോൾ അച്ഛൻ നേരെയൊരു ചോദ്യമാണ് -നീയത് എഴുതിക്കൊടുത്തോ? എന്ത് എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ അച്ഛൻ പറഞ്ഞു,മലയാളത്തിലോട്ട് മാറുന്ന കാര്യം എഴുതിക്കോടുത്തോ എന്ന്. ഇല്ല എന്ന് സമ്മതിക്കേണ്ടി വന്നു. അപ്പോൾ തന്നെ പ്രിൻസിപ്പാളിനോട് കാര്യം പറഞ്ഞ് ഓഫീസിൽ പോയി എന്നെക്കൊണ്ട് അപേക്ഷയെഴുതിച്ചു. ഫ്രഞ്ചിൽ നിന്നും മലയാളത്തിലേക്ക് മാറി. എനിക്കപ്പോളുണ്ടായ ദു;ഖവും ദേഷ്യവും നിരാശയും പറഞ്ഞറിയിക്കാൻ വയ്യ. മലയാളമെടുത്തിട്ട് ഞാനെന്താക്കും!

ഇന്നത്തെ എന്റെ ജീവിതം വച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ മലയാളം പഠിച്ചില്ലായിരുന്നെങ്കിൽ ആർക്കും വേണ്ടാത്ത ഒരു അന്യഗ്രഹജീവിയായി മാറിയേനെ ഞാൻ. അതായിരുന്നു അച്ഛന്റെ ദീർഘവീക്ഷണവും. ഇന്നെനിക്ക് ഒരു ഡയലോഗ് കൊണ്ടുവന്നാൽ നല്ലതാണോ ചീത്തയാണോ എന്നറിയാം. അത് എവിടെ എങ്ങനെ പറയണമെന്നറിയാം. എത്രയും വലിയ ഡയറക്ടറുടെ മുമ്പിലും അഭിപ്രായങ്ങൾ പറയാൻ കഴിയുന്നതും ആ മലയാള പഠനം തന്ന ആത്മവിശ്വാസമാണ്. ഡയലോഗുകളിൽ അഭിപ്രായം പറയാനും തിരുത്തലുകൾ വേണമെങ്കിൽ പറയാനും കഴിയുന്നത് ആ മലയാളപഠനം കൊണ്ടാണ്. അദ്ദേഹത്തിനറിയാം എനിക്ക് ദേഷ്യം വരും, ഞാൻ ഒരുപാട് പ്രാകിക്കാണുമെന്നൊക്കെ. അതൊന്നും അദ്ദേഹം കാര്യമാക്കിയതേയില്ല. അതായിരുന്നു അച്ഛൻ. അന്ന് അച്ഛൻ അവിടെ ഇടപെട്ടില്ലായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിലായിപ്പോയേനെ.

കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഇനി രണ്ടു നാടക ട്രൂപ്പ് ഉണ്ടാകും എന്നാണ് ഒ.എൻ.വിയും അച്ഛനും പരവൂർ ദേവരാജനും കാളിദാസ കലാകേന്ദ്ര രൂപീകരിക്കുമ്പോൾ പറഞ്ഞത്. കെ.പി.എ.സിയിൽ നിന്നും തെറ്റിപ്പിരിഞ്ഞല്ല മറിച്ച് ആദർശങ്ങളുടെ വിപുലീകരണം എന്നാണ് അതിനെ നിർവചിച്ചത്. കാളിദാസ കലാകേന്ദ്രം ആദ്യത്തെ നാടകം കളിക്കുന്ന ദിവസം അച്ഛനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. അച്ഛനും ഒ.എൻ.വിയും ദേവരാജൻ മാഷും പിന്നെ ഇരുപത് കുടുംബങ്ങളും ഇനി നിൽക്കണോ പോണോ എന്ന് തീരുമാനിക്കുന്നത് ആദ്യത്തെ നാടകമായ ഡോക്ടർ ആണ്. എല്ലാവരും ആകാംക്ഷയുടെ മുൾമുനയിലാണ്. കാളിദാസ കലാകേന്ദ്രം ജീവിക്കണോ മരിക്കണോ എന്ന് ഇനിയുള്ള മണിക്കൂറുകൾ തീരുമാനിക്കും. സദസ്സ് തിങ്ങിനിറഞ്ഞിരിക്കുന്നു. എല്ലാവരും ഉറ്റുനോക്കുകയാണ്.

നിയന്ത്രിക്കാനാവാത്ത മാനസികസമ്മർദ്ദം വന്നപ്പോൾ അച്ഛൻ പുറത്തിറങ്ങി. ഇരുട്ടിലൂടെ ഒരു പെട്ടിയുമെടുത്ത് പരിചയമുള്ളൊരാൾ റോഡിലേക്ക് പോകുന്നു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല. അപ്പോൾ വന്നു നിന്ന ബസ്സിന്റെ ലൈറ്റിൽ അച്ഛൻ ആളെകണ്ടു വിറച്ചുപോയി. നാടകത്തിലെ നായകവേഷം ചെയ്യേണ്ട ടി.കെ ജോണാണ് രാത്രിയിൽ ആരോടും പറയാതെ പെട്ടിയുമെടുത്ത് ബസ്സിൽ കയറുന്നത്! മുഖത്തെ പകുതി മേക്കപ്പുമായി അച്ഛൻ പിറകേയോടി അയാളുടെ കയ്യിൽ പിടിച്ചു. ജോണെന്താ പോകുന്നത്? നാടകം തുടങ്ങാനായില്ലേ? അപ്പോൾ അയാൾ പറയുകയാണ് സ്റ്റേജിൽ കയറാൻ ഭയമുണ്ടെന്ന്. നാടകത്തിലെ അതികായരാണ് മറ്റെല്ലാവരും. ഇദ്ദേഹം മാത്രമാണ് പുതിയ മുഖം. അപ്പോൾ ജോണിന്റെ പ്രകടനം മോശമായാൽ നാടകം പൊളിയുമോ എന്നു ഭയന്നാണ് ആരോടും പറയാതെ പോകുന്നത്. അയാൾക്കും കടുത്ത മാനസിക സമ്മർദ്ദമുണ്ട്. അപ്പോൾ അച്ഛൻ പറഞ്ഞു ജോൺ സ്റ്റേജിൽ കയറണ്ട, ഒരു നടന് അസുഖമില്ലാത്തതുകാരണം നാടകം മാറ്റി വെക്കുന്നു എന്ന് അനൗൺസ് ചെയ്യാം. നമ്മൾ ഒരുമിച്ചല്ലേ വന്നത്. ഒരുമിച്ച് പോകാം. അങ്ങനെ മയത്തിൽ പലതും പറഞ്ഞ് അയാളെ ബസ്സിൽ നിന്നിറക്കി മേക്കപ്പ് റൂമിലെത്തിച്ചു. ആ നാടകത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായ യങ്ഡോക്ടറിന്റെ റോളാണ് ജോൺ ചെയ്യേണ്ടത്, ഓൾഡ് ഡോക്ടറായി അച്ഛനും.

ഈ നാടകം നടന്നില്ലെങ്കിൽ ഇരുപത് കുടുംബങ്ങൾ ഇനിയെന്തുതൊഴിൽ ചെയ്തു ജീവിക്കും എന്നും ജോണിന്റെ പ്രകടനം മോശമായിരുന്നെങ്കിൽ റിഹേഴിസലിന്റെ സമയത്ത് തന്നെ പറഞ്ഞു വിടില്ലേ, കൂടെ നിർത്തിയത് ജോണിന് കഴിവുള്ളതുകൊണ്ടല്ലേ എന്നൊക്കെ പറഞ്ഞു ജോണിനെ ബ്രെയിൻ വാഷ് ചെയ്തു അദ്ദേഹത്ത സ്റ്റേജിലെത്തിച്ചു. കലാകേന്ദ്രയുടെ ആദ്യത്തെ നാടകം ഗംഭീര കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. നാടകം തീർന്നിട്ടും ഹാങ്ങോവറിൽ ആളുകൾ കുറേനേരമിരുന്നു. ജോൺ അസാധ്യപ്രകടനമായിരുന്നു കാഴ്ചവെച്ചത്. പിന്നീട് കലാകേന്ദ്രയുടെ സർവ്വസ്വവുമായി മാറിയ ജോൺ സ്വന്തമായി കാദംബരി എന്ന ട്രൂപ്പ് തുടങ്ങി, പിന്നെ കാദംബരി ടു എന്ന പേരിൽ രണ്ടാമതൊന്നുകൂടി തുടങ്ങി. അങ്ങനെ നാടകം കൊണ്ട് വിജയം കൈവരിച്ചയാളായി മാറി. അതായിരുന്നു അച്ഛന്റെ നേതൃപാടവം.

Content Highlights: Malayalam Actor Mukesh Remembers his Father Veteran Dramatist O Madhavan