വേഗത്തിന്റെ മാന്ത്രികകലയായ 'ചെപ്പും പന്തി'ലെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് കുറ്റ്യാടി നാണു. വാഴകുന്നം നമ്പൂതിരിയുടെ കീഴിലുള്ള കഠിനമായ പരിശീലനത്തിന്റെ ഫലമായാണ് നാണു കൈയടക്കത്തിന്റെ ആചാര്യനായത്. ഫെബ്രുവരി ഒമ്പതിന് വാഴകുന്നത്തിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ഓര്‍മയില്‍ നാണു സംസാരിക്കുന്നു.
കോഴിക്കോട്-വയനാട് റൂട്ടിലുള്ള കുറ്റ്യാടിക്ക് ഇന്നും കാര്‍ഷികകേരളത്തിന്റെ മുഖമാണ്. തനി നാട്ടിന്‍പുറമായ ദേവര്‍കോവിലിലെ വീട്ടിലെത്തുമ്പോള്‍ അല്പം ആലസ്യത്തിലായിരുന്നു നാണുമാഷ്. പ്രായം എഴുപതിന്റെ പടികടന്നുകഴിഞ്ഞിരിക്കുന്നു. പൂമുഖത്ത് സ്വീകരിച്ചിരുത്തുന്നതിനിടയില്‍, നിഗൂഢമായ അനേകം വിസ്മയപ്പൊരുളുകള്‍ ഒളിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ മാന്ത്രികവിരലുകള്‍ ചലിച്ചു. നാണുമാഷ് വായുവില്‍ ഒന്നു കൈവീശി. ഒരു നിമിഷം! വിരല്‍ത്തുമ്പില്‍ പനിനീരുകുടഞ്ഞ ഒരു തുടുത്ത റോസാപ്പൂവ്!
''ഇന്നുകാലത്ത് ഈ മുറ്റത്ത് വിരിഞ്ഞതാണ്. നിങ്ങള്‍ക്കുതരാനായിട്ട് വേറൊന്നും കരുതിയിട്ടില്ല'' -ആലസ്യം വിട്ട് നാണുമാഷിന്റെയുള്ളിലെ മാന്ത്രികന്‍ സംസാരിച്ചുതുടങ്ങി.
അഞ്ചുപതിറ്റാണ്ടുപിന്നിട്ട ആ ഇന്ദ്രജാലജീവിതത്തിന്റെ ചെപ്പു തുറന്നു.
കൈയടക്കവിദ്യയിലെ ആചാര്യനായ വാഴകുന്നം നീലകണ്ഠന്‍ നമ്പൂതിരിയെ കണ്ടുമുട്ടിയതാണല്ലോ വഴിത്തിരിവായത്. അതല്ലായിരുന്നുവെങ്കില്‍ കുറ്റ്യാടി നാണുവിന്റെ ലോകം മറ്റൊന്നാവുമായിരുന്നില്ലേ
അഭിനിവേശം അഥവാ പാഷന്‍, അതിനെ തടയാനാവില്ല. നിങ്ങള്‍ ഏകലവ്യന്റെ കഥ കേട്ടിട്ടില്ലേ? ഗുരുമുഖത്തുനിന്ന് വിദ്യ പഠിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുരുവിന്റെ രൂപം മണ്ണുകൊണ്ടുണ്ടാക്കിവെച്ച് ആ സങ്കല്പഗുരുവിന്റെ മുന്നില്‍നിന്ന് അയാള്‍ അസ്ത്രവിദ്യകള്‍ സ്വയം പഠിച്ചു. ഒടുവില്‍ ഗുരുവിനെ വെല്ലുന്ന വില്ലാളിയായി. എനിക്കാദ്യം വാഴകുന്നത്തെപ്പറ്റി കേട്ടുകേള്‍വിയേയുണ്ടായിരുന്നുള്ളൂ. വായുവില്‍നിന്ന് ലഡുവും ഭസ്മവും രുദ്രാക്ഷമാലയുമൊക്കെ പ്രത്യക്ഷപ്പെടുത്തുമെന്നും തീവണ്ടി പിടിച്ചുനിര്‍ത്തുമെന്നും മറ്റുമുള്ള ധാരാളം മായികകഥകള്‍ കേട്ടിരുന്നു. 1967-ലാണ് അദ്ദേഹത്തെ നേരില്‍ക്കാണുന്നത്. അതിനുമുമ്പ് കൈയടക്കത്തിലെ വളരെ പ്രയാസമേറിയ ഒരുവിദ്യ ഞാന്‍ സ്വയം അഭ്യസിച്ചുപഠിച്ചിരുന്നു. പിന്‍ബോള്‍ എന്നുപറയുന്ന പന്ത് ഇരട്ടിക്കുന്ന ആ വിദ്യ എന്റെ കൗമാരത്തില്‍ വെച്ചിങ്ങകൊണ്ടാണ് അഭ്യസിച്ചുപഠിച്ചത്. ഒടുവില്‍ ഗുരുവിനെ കണ്ടെത്തിയപ്പോള്‍ ലക്ഷ്യത്തിലെത്തിയെന്ന തോന്നലുണ്ടായി.
കൈയടക്കമാണ് ചെപ്പും പന്തും വിദ്യയുടെ പൊരുള്‍. അധികമാരും അതില്‍ ശോഭിച്ചിട്ടില്ല. കൈയടക്കവിദ്യയുടെ നിഗൂഢതയും സങ്കീര്‍ണതയുമാണോ ഇതിനുകാരണം
വിരല്‍ ദക്ഷിണചോദിക്കുന്ന ആചാര്യനായിരുന്നില്ല ഒരിക്കലും വാഴകുന്നം. പഠിക്കാന്‍ വരുന്നവര്‍ക്ക് ജാലവിദ്യയില്‍ വാസനയുണ്ടോ എന്നുമാത്രമേ അദ്ദേഹത്തിന് അറിയേണ്ടിയിരുന്നുള്ളൂ. ഒരു പൈസപോലും ഗുരുദക്ഷിണ വാങ്ങാതെയാണ് ചെപ്പടിവിദ്യയിലെ അറുപത്തിനാലുമുറകളും എനിക്ക് പഠിപ്പിച്ചുതന്നത്. സ്വന്തം മക്കളുള്‍പ്പെടെ അദ്ദേഹത്തിന് നൂറ്റമ്പതോളം ശിഷ്യരുണ്ടായിരുന്നു. പക്ഷേ, ചെപ്പും പന്തും വിദ്യ സ്വായത്തമാക്കുക അത്ര എളുപ്പമായിരുന്നില്ല. ജാലവിദ്യയുടെ രഹസ്യമറിഞ്ഞതുകൊണ്ടായില്ല. കൈവിരലുകളുടെ വഴക്കം പ്രധാനമാണ്. സിത്താര്‍ വായിക്കുന്നതെങ്ങനെയാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. എന്നാല്‍, അതില്‍ സംഗീതം വരുത്തണമെങ്കില്‍ വിരലുകള്‍ ആത്മാവിന്റെ ഉപകരണമായിമാറണം. അതുപോലെയാണ് ഈ കൈയടക്കവിദ്യയിലും സംഭവിക്കുന്നത്. വര്‍ഷങ്ങളുടെ സാധനകൊണ്ടേ ഇതിനുവേണ്ട കൈവഴക്കം സിദ്ധിക്കൂ. ഒപ്പം ആ കലയെ ആവാഹിക്കാന്‍ ജന്മസിദ്ധമായ വൈഭവവും വേണം.
ഒരുകാലത്ത് വടക്കന്‍ കേരളത്തിലാകെ വാഴകുന്നം ഒരു മിത്തായിരുന്നു. യാഥാര്‍ഥ്യങ്ങളെക്കാളേറെ കെട്ടുകഥകളാണ് പ്രചരിച്ചത്. വാഴകുന്നവുമൊത്തുള്ള മാന്ത്രികജീവിതത്തിലെ ഓര്‍മകളില്‍ ആദ്യം തെളിയുന്ന ചിത്രം ഏതായിരിക്കും
ഞങ്ങളുടെ വീടുപണിക്കായി പാലക്കാട്ടുനിന്നുവന്ന ആശാരിമാരില്‍നിന്നാണ് വാഴകുന്നത്തെപ്പറ്റി ആദ്യം കേള്‍ക്കുന്നത്. പുരയുടെ ഉത്തരംകൂട്ടുന്നതിനിടയില്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് എന്തൊക്കെയോ അദ്ഭുതങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകളായിരുന്നു. 'വാഴകുന്നം' എന്ന പേര് ഇടയ്ക്കിടെ കടന്നുവരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇല്ലത്തെ മരാമത്തുപണി ചെയ്യുകയായിരുന്ന ഒരു ആശാരിയെ വാഴകുന്നം ഓലപ്പാമ്പിനെ കാട്ടി പേടിപ്പിച്ചെന്നും പാവം ആശാരി തന്റെ നേരെ വരുന്ന 'മൂര്‍ഖന്‍പാമ്പിനെ' കണ്ട് പേടിച്ച് നിലവിളിച്ച് ബോധംകെട്ടുവീണുവെന്നും വീഴ്ചയില്‍ നടുവൊടിഞ്ഞ അയാള്‍ പിന്നീടെഴുന്നേറ്റിട്ടില്ലെന്നുമൊക്കെയുള്ള കഥകള്‍. ഇതൊക്കെ കേട്ടപ്പോള്‍ എനിക്ക് ആകാംക്ഷയായി. ആരാണ് ഈ വാഴകുന്നം? സാത്താനോ മന്ത്രവാദിയോ കുട്ടിച്ചാത്തനോ അതോ ഒടിയനോ... അങ്ങനെ പലതും ഓര്‍ത്തിട്ട് ഉറക്കംവരാതെയായി. ആശാരിമാരോട് അതേപ്പറ്റി ചോദിച്ചുനോക്കിയെങ്കിലും അവര്‍ കൂടുതലൊന്നും പറഞ്ഞില്ല. കൗമാരക്കാരനായ ഒരു പയ്യന്റെ അന്വേഷണത്തെ അവരത്ര ഗൗനിച്ചില്ല.
പിന്നീട് കുറ്റ്യാടി ചന്തയില്‍ ഒരു മായാജാലപരിപാടി നടക്കുന്നതിന്റെ നോട്ടീസ് കിട്ടി. എനിക്കപ്പോള്‍ ഇരുപതുവയസ്സാണ്. ചില നാടകങ്ങളിലൊക്കെ പയറ്റിത്തുടങ്ങിയിരുന്നു. നോട്ടീസ് വായിച്ചതും വാഴകുന്നം മനസ്സില്‍ത്തെളിഞ്ഞു. ആകാംക്ഷയോടെ കാത്തിരുന്ന് പരിപാടി കണ്ടു. അതൊരു സ്റ്റേജ് മാജിക്കായിരുന്നു. വടകരക്കാരന്‍ കെ.ജി. കുറുപ്പാണ് മജീഷ്യന്‍. ഞാനടക്കം കുറ്റ്യാടിക്കാര്‍ ആദ്യമായിട്ടാണ് ഒരു ജാലവിദ്യപരിപാടി കാണുന്നത്. വല്ലാത്തൊരു മായികപ്രപഞ്ചത്തിലായതുപോലെ തോന്നി. എന്നാല്‍, മായാജാലം ഒരു കലാപരിപാടിയാണെന്ന് മനസ്സിലാക്കാന്‍ അന്നെനിക്കുകഴിഞ്ഞു. അന്നുമുതല്‍ മാജിക്വിദ്യകള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടായി. ചില ഐറ്റങ്ങള്‍ മനസ്സില്‍ പതിഞ്ഞുകിടന്നു. ചിലതിന്റെ സൂത്രങ്ങളും ആലോചിച്ച് കണ്ടുപിടിച്ചു. ആരും കാണാതെ ചില വിദ്യകള്‍ സ്വന്തമായി രൂപപ്പെടുത്തി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അറിയാതെ അതിന്റെ രസംപിടിച്ചു.
കുറെക്കാലം കഴിഞ്ഞ് 1967-ല്‍, മാതൃഭൂമി പത്രത്തില്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ വാഴകുന്നത്തിന്റെ ഇന്ദ്രജാലപരിപാടി നടക്കുന്നുവെന്ന വാര്‍ത്ത വന്നു. അപ്പോഴാണ് വാഴകുന്നം ജീവിച്ചിരിക്കുന്ന മാന്ത്രികനാണെന്നു മനസ്സിലായത്. കാത്തിരുന്ന കനകം കൈയെത്തുംദൂരത്തായി. പരിപാടിദിവസം കോഴിക്കോട്ടേക്കു തിരിച്ചു. ആവേശത്തോടെ എല്ലാ വിദ്യകളും കണ്ടു. അതിലേറെ വാഴകുന്നം എന്ന മാനസഗുരുവിനെ നേരില്‍ക്കണ്ടതിലുള്ള ആനന്ദമായിരുന്നു.
പരിപാടി കഴിഞ്ഞ് അണിയറയില്‍നിന്ന് പുറത്തുവരുന്ന വാഴകുന്നത്തെ കാണാനായി അവിടെ കാത്തുനിന്നു. കൂടിക്കാഴ്ചയ്ക്കിടയില്‍ മാജിക് പഠിക്കണമെന്ന ആഗ്രഹം ഞാനദ്ദേഹത്തോടു തുറന്നുപറഞ്ഞു. ''പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തിരുവേഗപ്പുറയില്‍ വരൂ. പ്രാക്ടീസ് കഠിനമായിരിക്കും. കുറച്ചുകാലംകൊണ്ടേ പഠിക്കാന്‍ കഴിയൂ. സമ്മതാണ്ച്ചാ, വന്നോളൂ. ഇല്ലത്ത് താമസിച്ച് പഠിക്കാനുള്ള സൗകര്യം ചെയ്തുതരാം'' -ആചാര്യന്‍ ക്ഷണിച്ചു. മുഖത്തും മനസ്സിലും ചായംതേക്കാത്ത കലാകാരന്‍. ഗുരുവിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന ചിത്രം ഇതാണ്.
അഭ്യാസത്തിന്റെ രീതി
ഗുരുകുലരീതിയിലായിരുന്നു അഭ്യാസം. കൈയടക്കവിദ്യയായ ചെപ്പും പന്തും അദ്ദേഹം ആദ്യമൊന്നും പുറത്തെടുത്തില്ല. ആദ്യം പഠിപ്പിച്ചത് നാട മുറിച്ച് കൂട്ടിച്ചേര്‍ക്കുന്ന വിദ്യയായിരുന്നു. മൂന്നുകൊല്ലത്തോളം ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനും മാജിക്സംഘത്തിന്റെ സഹായിയുമായി കഴിഞ്ഞു. ഒരുദിവസം ഏറ്റവും സങ്കീര്‍ണമായിട്ടുള്ള പന്ത് ഇരട്ടിക്കുന്ന വിദ്യ എന്നെ അവതരിപ്പിച്ചുകാണിച്ചു. ഞാന്‍ ഉടന്‍തന്നെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. അദ്ദേഹം ചെയ്തതുപോലെ ആ വിദ്യ അവതരിപ്പിച്ചതുകണ്ട്, സാക്ഷാല്‍ വാഴകുന്നം നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അന്തംവിട്ടുപോയ രംഗം ഇന്നും മുന്നിലുണ്ട്.
കെ.ജി. കുറുപ്പിന്റെ വിദ്യകള്‍കണ്ട് സ്വയം പരിശീലിച്ചെടുത്ത പന്തുവിദ്യ എനിക്കറിയാമെന്ന കാര്യം ഗുരുവിന്റെ മുന്നില്‍ ഞാന്‍ മറച്ചുവെച്ചിരുന്നു. എന്റെ അവതരണം കണ്ടിട്ട് അദ്ദേഹം പറഞ്ഞത് ഇതാണ്: ''നാണുവിന്റെ പിന്‍ബോളിന് എതിരില്ല.'' അന്നുമുതല്‍ അദ്ദേഹം തന്റെ ശരീരത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടന്നിരുന്ന ചെപ്പും പന്തും വിദ്യയിലെ മുറകളോരോന്നായി എനിക്കു പറഞ്ഞുതരാന്‍ തുടങ്ങി.
വെസ്റ്റേണ്‍ കപ്സ് ആന്‍ഡ് ബോള്‍ എന്നപേരില്‍ അറിയപ്പെടുന്ന വിദ്യ ചെപ്പും പന്തും വിദ്യയുടെ മോഡേണ്‍ രൂപമാണോ
രണ്ടും ഒന്നുതന്നെയാണ്. കേരളത്തിന്റെ തനതുജാലവിദ്യയായ ചെപ്പും പന്തും വിദ്യയുടെ മെക്കനൈസ്ഡ് രൂപമാണ് കപ്സ് ആന്‍ഡ് േബാള്‍. ചിരട്ടകള്‍ക്കുപകരം വിദേശനിര്‍മിത പ്ലാസ്റ്റിക് കപ്പുകളാണിതിന് ഉപയോഗിക്കുന്നത്. കാന്തംപോലുള്ള സൂത്രപ്പണികളുള്ള കപ്പുകള്‍വരെ മാജിക്മാര്‍ക്കറ്റില്‍ കിട്ടും. ഇതിനുപിന്നില്‍ ഒരു കഥയുണ്ട്. ബ്രിട്ടീഷ് കാലത്ത് വാഴകുന്നത്തില്‍നിന്ന് ചെപ്പടിവിദ്യ പഠിക്കാന്‍ വന്ന സായിപ്പിന് എത്ര ശ്രമിച്ചിട്ടും അത് വഴങ്ങിയില്ല. അദ്ദേഹം ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയശേഷം അത് യന്ത്രത്തില്‍ വാര്‍ത്തെടുത്തു. അതാണ് വെസ്റ്റേണ്‍ കപ്സ് ആന്‍ഡ് േബാള്‍. ആര്‍ക്കും പെട്ടെന്ന് ചെയ്യാവുന്നതരം സൂത്രപ്പണികളുള്ള ആ വിദ്യ ചെയ്യാന്‍ കൈവഴക്കമൊന്നും ആവശ്യമില്ല.
'ആനയെവേണമെങ്കിലും കൈയടക്കാം' എന്നുപറയുന്നതിലെ യുക്തിയെന്താണ്?
യഥാര്‍ഥത്തില്‍ ആനയെ കൈയടക്കംചെയ്യാന്‍ സാധിക്കുമോ? ഒരിക്കലുമില്ല. കൈയടക്കവിദ്യയെന്നാല്‍ കൈയില്‍ ഒളിപ്പിച്ചുവെക്കാവുന്ന വസ്തുക്കള്‍കൊണ്ട് ചെയ്യുന്ന അദ്ഭുതവിദ്യകളെന്നേ അര്‍ഥമുള്ളൂ. ആനയെ അപ്രത്യക്ഷമാക്കുന്ന ജാലവിദ്യകളുണ്ട്. അതുചെയ്യുന്നത് കലയിലെ കൈയടക്കംകൊണ്ടാണ്. കഥകളിക്കാരന് മെയ്വഴക്കമെന്നതുപോലെയാണ് ഈ കൈവഴക്കം സ്വായത്തമാക്കേണ്ടത്. തുണിപ്പന്തുകള്‍കൊണ്ട് തുടങ്ങുന്ന അഭ്യാസമുറയിലൂടെ നാണയം, നെല്ലിക്ക, നാരങ്ങ, കോഴിമുട്ട, ജീവനുള്ള കോഴിക്കുഞ്ഞ്, തേള്‍ എന്നിങ്ങനെ പലവസ്തുക്കളും കൈപ്പത്തിക്കുള്ളില്‍ ഒളിപ്പിച്ചുവെക്കാനുള്ള പ്രാവീണ്യം ക്രമേണ നേടുകയാണ് ചെയ്യുന്നത്. അങ്ങേയറ്റത്തെ ക്ഷമയും കൈവേഗവും ഓര്‍മശക്തിയും ഇതിന് അത്യാവശ്യമാണ്. കൈയടക്കവിദ്യയില്‍ കുറുക്കുവഴികളില്ല. കാക്കാലിമുറ, രാജമുറ എന്നിങ്ങനെ രണ്ടുരീതിയില്‍ ചെപ്പടിവിദ്യ അവതരിപ്പിക്കും. വാഴകുന്നം രാജമുറയാണ് സ്വീകരിച്ചത്.
ചെപ്പും പന്തും വിദ്യ വേണ്ടത്ര ജനകീയമായില്ലെന്ന് തോന്നുന്നില്ലേ?
ശരിയാണ്. ഈ കലയ്ക്ക് ഒരുപാട് പരിമിതികളുണ്ട്. ചെപ്പും പന്തും സ്റ്റേജില്‍ചെയ്യുന്ന ജാലവിദ്യയല്ല. തറയില്‍ ചമ്രംപടിഞ്ഞിരുന്നാണ് ഇതവതരിപ്പിക്കുന്നത്. ഒരു പ്രത്യേകതരം വായ്ത്താരിയോടെയാണ് ചെയ്യുക. 'ഇന്ത ചെപ്പ് കാലി, വലംകൈ കാലി, ഇടംകൈ കാലി, പന്ത് ഇങ്ക വാ...' ഇങ്ങനെയാണ് വായ്ത്താരി തുടങ്ങുന്നത്. വാഴകുന്നത്തിന്റെ കാലത്ത് കുടുംബസദസ്സുകളായിരുന്നു കൂടുതലും. ആ സാധ്യത കണ്ടുകൊണ്ടാവാം അന്ന് ഇത്തരം വിദ്യകള്‍ രൂപപ്പെടുത്തിയത്. കൈയടക്കവും കൈയൊതുക്കവും ഒരുപോലെ അറിയാമായിരുന്നതുകൊണ്ട്. വാഴകുന്നത്തിന് തന്റെ വിദ്യകള്‍ പൊതുമണ്ഡലത്തിലെത്തിക്കാനായി. കൈയിലൊതുക്കാന്‍ പറ്റാത്ത വസ്തുക്കളെ കാണികള്‍ കാണാതെ കളിക്കളത്തിലെത്തിക്കുന്നതാണ് കൈയൊതുക്കം. അദ്ദേഹം മുയലിനെ വരെ പ്രത്യക്ഷപ്പെടുത്തിക്കാണിച്ചു. മുയല്‍ ചെപ്പിനുള്ളില്‍നിന്ന് വരുന്നതാണെന്നേ ജനം കരുതൂ. ഇതാണ് കൈയൊതുക്കം. ബസിലും തീവണ്ടിയിലും കല്യാണപ്പന്തലിലും അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അദ്ദേഹം ജാലവിദ്യയെ ഒപ്പംകൂട്ടി. ജീവിച്ചിരിക്കെത്തന്നെ വാഴകുന്നം ജനകഥയായത് അങ്ങനെയാണ്.
എനിക്ക് മത്സരിക്കേണ്ടിയിരുന്നത് മോഡേണ്‍ മാജിക്കുകളോടായിരുന്നു. എന്നാല്‍, അതിനുവേണ്ടി തനതുകലയെ പുതുക്കിപ്പണിയാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് സ്റ്റേജ്മാജിക്കിലെ കുറെ ക്ലാസിക് വിദ്യകളും സമാന്തരമായി അവതരിപ്പിച്ചുപോന്നു. ജീവിതോപാധിക്കായി ആ രീതി തിരഞ്ഞെടുത്തു. അപൂര്‍വമായിമാത്രമേ ചെപ്പും പന്തും ചെയ്യാന്‍ വേദികള്‍ കിട്ടിയിരുന്നുള്ളൂ. പക്ഷേ, ഡിജിറ്റല്‍യുഗം പുതിയ സാധ്യതകള്‍ തുറന്നിടുകയാണ്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ഉപയോഗിച്ച് വിവാഹച്ചടങ്ങിലെ താലികെട്ടുവരെ വലിയ സദസ്സുകളിലെത്തിക്കുന്നതുപോലെ ചെപ്പും പന്തും വിദ്യയും ജനമധ്യത്തിലെത്തിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഇടയ്ക്കിടെ ഗള്‍ഫ് പ്രോഗ്രാം കിട്ടുന്നത്. ഒട്ടേറെ തവണ ഗള്‍ഫില്‍ പരിപാടി നടത്തിയിട്ടുണ്ട്.
ചെപ്പും പന്തും വിദ്യയുടെ ഭാവി എന്തായിരിക്കും?
കേരളത്തിലെ ചില ഒറ്റമൂലികള്‍ക്കുസംഭവിച്ചതുപോലെ രാജമുറയിലെ പകുതിയിലേറെ മുറകളും മാഞ്ഞുപോകും. പല പ്രശസ്തമാന്ത്രികരും പഠിക്കാന്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷേ, സമയമെടുത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ആരും മെനക്കെടുന്നില്ല. ആര്‍ക്കും ക്ഷമയില്ല. പെട്ടെന്ന് പേരെടുക്കാനുള്ള വഴികളാണ് അവര്‍ അന്വേഷിക്കുന്നത്. സ്വിച്ചിടുമ്പോള്‍ കുട നിവരുംപോലുള്ള ധാരാളം ഉപകരണങ്ങളുണ്ട് ഇന്ന് മാജിക്കിന്റെ മാര്‍ക്കറ്റില്‍. അത് വളരെ എളുപ്പമാണ്. പണമുണ്ടെങ്കില്‍ ആര്‍ക്കും അവ വാങ്ങി അദ്ഭുതം കാണിക്കാം. ചെപ്പും പന്തും വിദ്യയിലെ മുപ്പതുമുറകളാണ് ഞാന്‍ സ്ഥിരം ചെയ്യുന്നത്. ഉഡുപ്പിയിലെ യുവമാന്ത്രികന്‍ ജൂനിയര്‍ ശങ്കര്‍ ഒരുവിധം നന്നായി അവതരിപ്പിക്കുന്നുണ്ട്. ഇല്യൂഷനും ക്ലോസപ്പും ഒരുപോലെ വഴങ്ങുന്ന ജൂനിയര്‍ ശങ്കര്‍ ഇന്ത്യന്‍ മാജിക്കിലെ ഭാവിവാഗ്ദാനമാണ്. കേരളത്തില്‍ വൈദ്യര്‍ ഷാ, രാജമൂര്‍ത്തി എന്നിവര്‍ കുറെയൊക്കെ മുറകള്‍ തനതുരീതിയില്‍ത്തന്നെ വശമാക്കിയിട്ടുണ്ട്.
Content Highlights: Magician Kuttiadi Venu Interview Vazhakunnam Namboothiri